- (ദേശാഭിമാനി അക്ഷരമുറ്റത്തില്‍ വന്ന ഒരു ലേഖനം ചൂണ്ടുവിരല്‍ പുനപ്രസിദ്ധീകരിക്കുകയാണ്. നാം നടന്ന വഴികള്‍ നല്‍കുന്ന പാഠങ്ങള്‍ ..മുന്നേറാനുള്ള സാധ്യതകള്‍ ..അന്വേഷണത്തിനുള്ള ഉത്സാഹം ഇവ അധ്യാപകര്‍ നെഞ്ചില്‍ കൊണ്ട് നടക്കണം.)
- പുതുമകള്‍ പൂക്കുന്ന ക്ലാസ് മുറികള്പ്രമോദ് അടുത്തില- അക്ഷരമുറ്റം
- ശിശുസൗഹൃദ ക്ലാസ് മുറികള്‍ , ആസ്വദിച്ച് പഠിക്കുന്ന കുട്ടികള്‍ ... നമ്മുടെ വിദ്യാലയ അന്തരീക്ഷം അടിമുടി മാറുകയാണ്. കുട്ടികളോട് സംവദിക്കാന്‍ വിദ്യാലയ ചുമരുകളില്‍ , തൂണുകളില്‍ , മതിലുകളില്‍ ... എല്ലാം വര്‍ണമനോഹര ചിത്രങ്ങള്‍ നിരന്നുകഴിഞ്ഞു. കുട്ടികള്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷം പകരുന്ന ആകര്‍ഷകമായൊരു അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഒരുങ്ങുകയാണ്. നിരന്തരമായ ചിന്ത, അന്വേഷണം, ഭാവന തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിയുടെ മനസ് സുഗന്ധപൂരിതമാവുന്നു. വരകളും വര്‍ണങ്ങളും രൂപങ്ങളും ചലനങ്ങളും ഗാനങ്ങളും താളങ്ങളും നിറഞ്ഞ ചുറ്റുപാടുകളിലെ സൗന്ദര്യാംശങ്ങളെ ആസ്വദിക്കാന്‍ കുട്ടിക്കാവുന്നു. വിദ്യാലയങ്ങളില്‍ നടപ്പിലാക്കാവുന്ന ചില പഠനപ്രവര്‍ത്തനങ്ങള്‍ നമുക്ക് പരിചയപ്പെടാം.
ഏണിയും പാമ്പും കളിക്കാം
കുട്ടികള്‍ക്ക് കയറി നില്‍ക്കാന്‍ പാകത്തില്‍ തറയില്‍ വരച്ച ചതുരക്കളങ്ങളില്‍ സംഖ്യകള്‍ എഴുതി ഏണിയും പാമ്പും വരച്ചുചേര്‍ത്ത് കൂട്ടാനും കുറയ്ക്കാനും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന കളിയാണിത്. സംഖ്യാചക്രത്തിന്റെ സഹായത്തോടെ ഒറ്റക്കും കൂട്ടായും കളിയില്‍ ഏര്‍പ്പെടാം. ഫ്ളക്സ് പ്രിന്റിലും കളം തീര്‍ത്ത് നിലത്ത് വിരിക്കാം. സംഖ്യാചക്രം സണ്‍പാക്ക് ഷീറ്റിലും നിര്‍മ്മിക്കാം.
ക്ലാസിലൊരു പിറന്നാള്‍ മരം
ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ രേഖപ്പെടുത്തിയ 12 ഇലകളോടു കൂടിയതാണ് പിറന്നാള്‍ മരം. ഇതില്‍ കുട്ടികള്‍ തങ്ങളുടെ ജനന തീയതി പ്രസ്തുത മാസങ്ങളില്‍ ചേര്‍ത്തുവെക്കും. കലണ്ടര്‍ ബോധത്തോടൊപ്പം ഇലകളില്‍ എഴുതിയ അക്കങ്ങള്‍ സംഖ്യാബോധവുമുണ്ടാക്കുന്നു. കറുത്ത ചാര്‍ട്ട് പേപ്പര്‍ , ഹീറ്റ്ലോണ്‍ , പെയിന്റ്, പശ എന്നിവ ഉപയോഗിക്കുന്നു.
മണല്‍ത്തടത്തില്‍ പ്രകൃതിഭംഗി
രണ്ടടി വശങ്ങളും ആറിഞ്ച് കനവുമുള്ള സമചതുരപ്പെട്ടിയില്‍ മണല്‍ നിറച്ച് പഠന സന്ദര്‍ഭത്തിനനുസരിച്ച് പ്രകൃതിദൃശ്യങ്ങള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണിത്. ആവശ്യമായ കട്ടൗട്ടുകളും രൂപങ്ങളും കരുതണമെന്നു മാത്രം. വിവിധ പ്രകൃതി ദൃശ്യങ്ങളില്‍ കുട്ടികള്‍ നേടിയ നിരീക്ഷണ പാടവം വിലയിരുത്താനും സാധിക്കും. പ്ലൈവുഡ് ഉപയോഗിച്ച് നിര്‍മ്മിക്കാം.
അറിയിപ്പിന് പ്രദര്‍ശന ബോര്‍ഡ്
ജീവികളുടെ ആകൃതിയിലുള്ള പ്രദര്‍ശന ബോര്‍ഡ് കുട്ടികളുടെ ശ്രദ്ധയെ ആകര്‍ഷിക്കും. അവരുടെ പഠന സൃഷ്ടികളും മറ്റുചില അറിയിപ്പുകളും ഇതിലൂടെ പ്രദര്‍ശിപ്പിക്കാം. ഹീറ്റ്ലോണും ക്ലോത്തും പെയിന്റും പശയും ഉപയോഗിച്ച് നിര്‍മിക്കാം.
വായന വളര്‍ത്താന്‍ പാവകളി
വായിച്ച ആശയങ്ങള്‍ പ്രകടിപ്പിക്കാനും പാഠസന്ദര്‍ഭങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനുമാണ് പാവനാടകവേദി. ഒപ്പം പാവ നാടകത്തിനുള്ള പാവകളുടെ നിര്‍മാണവും പരിശീലിക്കണം. (എളുപ്പത്തില്‍ സാധിക്കുന്ന വിരല്‍പ്പാവ, കോല്‍പ്പാവ തുടങ്ങിയവ) സണ്‍പാക്ക് ഷീറ്റില്‍ വലിയ ടെലിവിഷന്‍ മാതൃകയിലാണ് ഇതു നിര്‍മിക്കുന്നത്. പാവനാടകാവതരണം കൂടാതെ വാര്‍ത്ത വായന, കഥ, കവിത എന്നിവയും അവതരിപ്പിക്കാം. സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുന്ന ഭാഗംകൂടിയാണിത്.
അബാക്കസ് ജനല്‍
സംഖ്യാബോധം വളര്‍ത്തുന്നതിന് മുത്തുകള്‍ കൊണ്ടുള്ള അബാക്കസ് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ക്ലാസ് മുറിയിലെ ജനല്‍കമ്പികളില്‍ വളകള്‍ കോര്‍ത്തുവച്ചുള്ള അബാക്കസ് ജനല്‍ കുട്ടികള്‍ക്ക് പുതുമയാണ്.
ബിഗ് ക്യാന്‍വാസ്
അക്ഷരമുറ്റത്തിലൂടെ ബിഗ് ക്യാന്‍വാസ് നാം പരിചയപ്പെട്ടിട്ടുണ്ട്. പാഠഭാഗങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയാണ് ഇവിടെ. അനുയോജ്യചിത്രങ്ങളും രൂപങ്ങളും കരുതണം. ഈ വളരുന്ന പഠനോപകരണം ഹീറ്റ് ലോണും പഫ് തുണിയും പശയും ഉപയോഗിച്ച് ചുമരിലോ വലിയ ബോര്‍ഡിലോ നിര്‍മിക്കുന്നു.
കോര്‍ണര്‍ ഷെല്‍ഫ്
ക്ലാസ്മുറിയിലെ മൂലയില്‍ മട്ടത്രികോണാകൃതിയില്‍ നിര്‍മിച്ചെടുക്കുന്നതാണ് കോര്‍ണര്‍ ഷെല്‍ഫ്. നാലോ അഞ്ചോ തട്ടുകള്‍ തയ്യാറാക്കാം. പുസ്തകങ്ങള്‍ , മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെക്കാം. പ്ലൈവുഡ്, എല്‍ ക്ലാമ്പ്, ആണി എന്നിവയാണ് നിര്‍മാണ വസ്തുക്കള്‍ . ഇവയ്ക്കുപുറമെ ക്ലോക്ക് രൂപത്തിലുള്ള അലമാര ഫ്രെയിമുകള്‍ , അളവുകള്‍ രേഖപ്പെടുത്തി നീളമളക്കാനുള്ള വാതില്‍ കട്ടിളകളും തൂണുകളും, വാതില്‍ തുറന്നടയുമ്പോള്‍ തറയില്‍ സംഭവിക്കുന്ന അര്‍ദ്ധവൃത്താകാരമുള്ള പ്രൊട്ടക്ടര്‍ , ഫാനില്‍ പെയിന്റ് ചെയ്തുണ്ടാക്കുന്ന നിറഭേദങ്ങളും അലങ്കാരങ്ങളും, അലമാരയുടെ വശങ്ങളിലും മേശയ്ക്കുചുറ്റും തൂക്കിയിട്ടുള്ള പോര്‍ട്ട് ഫോളിയോകള്‍ , ക്ലാസ്റൂം ചുമരുകളില്‍ നീളത്തില്‍ ഒട്ടിച്ചു ചേര്‍ത്തുള്ള ഹീറ്റ്ലോണ്‍ സ്കെയിലുകള്‍ , ചുമരില്‍ തന്നെ സണ്‍പാക് ഷീറ്റില്‍ തീര്‍ക്കുന്ന ബുക്ക് റാക്കറ്റുകള്‍ , മേല്‍ക്കൂരയില്‍ തൂക്കിയിടാന്‍ പാകത്തില്‍ ആകാശക്കാഴ്ചകളായ പറവകളും നക്ഷത്രങ്ങളും, ഇളം നീലനിറത്തിന്റെ വിവിധ ടോണുകള്‍ കൊണ്ട് നിറം കൊടുത്ത ചുമരില്‍ ജല ജീവികള്‍ , കരജീവികള്‍ , ആകാശരൂപങ്ങള്‍ എന്നിവയുടെ കട്ടൗട്ടുകള്‍ മാറിമാറി പ്രദര്‍ശിപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ദൃശ്യവിസ്മയം തുടങ്ങി ധാരാളം സാധ്യതകള്‍ ഇനിയുമുണ്ട്. ഈ പഠന സഹായ ഉപകരണങ്ങളും പ്രവര്‍ത്തനങ്ങളും കുരുന്നുകള്‍ക്ക് പഠനം മധുരതരമാക്കുമെന്നുറപ്പ്.
Pages
▼
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി