Pages

Saturday, April 13, 2013

വിദ്യാഭ്യാസ ഗുണനിലവാരവും വിദ്യാബ്ലോഗുകളും-1


അറിവ് ഒരു സാമൂഹിക നിര്‍മിതിയാണ്. സമൂഹത്തന്റെ സമസ്യകള്‍, ആവശ്യങ്ങള്‍, ജിജ്ഞാസകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒറ്റയ്ക്കും കൂട്ടായും ഏറ്റെടുക്കുന്നതിലൂടെ വികസിക്കുന്ന അറിവും വിരുതും അടുത്ത തലമുറ സ്വായത്തമാക്കുന്നതിനായി പണ്ടു മുതലേ പല രീതികള്‍ അവലംബിച്ചിരുന്നു. പഠനത്തിന്റെ ഉളളടക്കം, പ്രദാനം എന്നിവ തീരുമാനിക്കുന്നത് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയാണെന്നു പറയാം. ഫ്യൂഡല്‍ സമൂഹത്തിലെ പഠനസമ്പ്രദായവും ജനാധിപത്യ സമൂഹത്തിലെ രീതികളും വ്യത്യസ്തമാകുന്നത് ഇക്കാരണത്താലാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടിലും ബന്ധങ്ങളിലും അധികാരഘടനയിലും വിജ്ഞാനസമ്പത്തിലും പൗരബോധത്തിലുമുളള വികാസം വിദ്യാഭ്യാസത്തെ നിര്‍ണയിക്കുന്നു. അതായത് പഠനത്തിന്റെ ലക്ഷ്യവും ഉളളടക്കവും രീതികളും കാലാകാലങ്ങളില്‍ മാറ്റത്തിനു വിധേയമാണ്.ഇന്നലെയുടെ അനുഭവങ്ങളും ഇന്നിന്റെ അവസ്ഥയും നാളെയുടെ ആവശ്യങ്ങളും തമ്മില്‍ കോര്‍ത്തിണക്കുന്ന സാമൂഹിക പ്രക്രിയയായ വിദ്യാഭ്യാസം പരിവര്‍ത്തനോന്മുഖമാണ്. ചലനാത്മകമായ ജനാധിപത്യ സമൂഹത്തില്‍ ഓരോ വ്യക്തിയുടെയും പങ്കാളിത്തശേഷി നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കണം.പ്രാദേശിക സാര്‍വദേശീയ സംഭവങ്ങള്‍ ഓരോരുത്തരെയും അനുദിനം പലരൂപത്തില്‍ സ്വാധീനിക്കുന്നു. വിവരവിനിമയ സാങ്കേതിക വിദ്യയിലുണ്ടാകുന്ന കുതിച്ചു ചാട്ടങ്ങള്‍ മനുഷ്യശേഷിയുടെ കാര്യക്ഷമതയുടെ ഡിഗ്രി ഉയര്‍ത്തിക്കൊണ്ടേയിരിക്കും. വിജ്ഞാനം, വിഭവവിനിയോഗം, വികസനം എന്നിവ വിവരസാങ്കേതികവിദ്യാ നൈപുണികളുമയി മുമ്പില്ലാത്ത വിധം ബന്ധപ്പെട്ട ആനുകാലികലോകാവസ്ഥ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കു കണ്ടില്ലെന്നു നടിക്കാനാകില്ല.

വിദ്യാലയകേന്ദ്രിതമാണ് നിലവിലുളള വിദ്യാഭ്യാസ രീതി. നിശ്ചിത സ്ഥാനത്തുളള സ്ഥാപനത്തില്‍ ചെന്ന് കൃത്യമായ വിഷയവിഭജനം പരിഗണിച്ചു മുറപ്രകാരം അധ്യയനം നടത്തുന്ന അധ്യാപകരില്‍ നിന്നും മുന്‍കൂട്ടി തീരുമാനിച്ച സമയത്തു മാത്രം കേന്ദ്രീകൃതമായി തയ്യാറാക്കിയ പാഠപുസ്തകം പ്രദാനം ചെയ്യുന്ന വിദ്യ സ്വികരിച്ച് മാനകീകൃതപരീക്ഷയെഴുതണം. ഇങ്ങനെ അയവില്ലാത്ത നിബന്ധനകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം അതിന്റെ ആഭ്യന്തരമായ ദൗര്‍ബല്യത്തെ സംരക്ഷിച്ചു ഏറെ മുന്നോട്ടു പോകില്ല. ആവശ്യകേന്ദ്രിതമായ വിദ്യാഭ്യാസ രീതിക്കു വഴിമാറിക്കൊടുത്തേ പറ്റൂ. കുട്ടിയുടെ മനസ്സ് സന്നദ്ധമായിരിക്കുമ്പോള്‍ സമയം ഒരു തടസ്സം ആകരുത്. കൂടുതല്‍ ആഴത്തില്‍ അറിയണം എന്നാഗ്രഹിക്കുമ്പോള്‍ പാഠപുസ്കകം പരിധി നിശ്ചയിക്കരുത്. സഹജമായ ജ്ഞാനതൃഷ്ണകള്‍ മുട്ടിവിളിക്കുന്ന ഏതു സമയവും കുട്ടിക്ക് അധ്യാപകരുമായി ബന്ധപ്പെടുന്നതിനു കഴിയണമെങ്കില്‍ സ്ഥാപനകേന്ദ്രിത രീതിയുടെ ദുശാഠ്യങ്ങള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. പഠിതാവിനായാലും അധ്യാപികയ്ക്കായാലും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുളളവരുമായി മാത്രം ആശയമനിമയം സാധ്യമാകുന്നുളളൂ. അവര്‍ കൈകാര്യം ചെയ്യുന്ന സമാനമായ പഠനമേഖലയില്‍ ലോകത്തിന്റെ പല പ്രദേശത്തും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. സമൃദ്ധമായ അനുഭവങ്ങള്‍ പലേടത്തായി ചിതറിക്കിടക്കുന്നു. അവ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ മുതല്‍ക്കൂട്ടാണ്. പഠിതാവിനെയും അധ്യാപകരെയും പരിമിതപ്പെടുത്തുന്ന ദുരവസ്ഥകളെ അഭിസംബോധന ചെയ്യുന്നതിനു കാലം നല്‍കിയ വരദാനമാണ് വിവരസാങ്കേതികവിദ്യാസാധ്യതകള്‍ .ഇതിലൂടെ കാലദേശപരിമിതികള്‍ക്കതീതമായ പങ്കാളിത്തപാഠങ്ങള്‍ രൂപപ്പെട്ടു വരും. അനുഭവവൈവിധ്യത്തിന്റെയും വ്യത്യസ്തസമീപനങ്ങളുടെയും വിശകലനതന്ത്രങ്ങളുടെയും വിപുലമായ ലോകം പഠനത്തെ സമ്പന്നമാക്കും.

ലോകം ഡിജിറ്റൈസേഷനു വിധേയമാകുകയാണ്. ഡിജിറ്റല്‍ ഡിവൈഡ് എന്ന പേരില്‍ പുതിയ അസമത്വവും സംജാതമാകുന്നു. രാജ്യത്തിന്റെ സാങ്കേതികവിദ്യാപരിസഥിതി, സാമൂഹിക സാമ്പത്തിക സാസ്കാരികാവസ്ഥ, ഭൂമിശാസ്ത്രപരമായകാരണങ്ങള്‍, ഒറ്റപ്പെട്ടു പോയവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ഈ അസമത്വത്തെ വര്‍ധിപ്പിക്കുന്നു. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ലിംഗപദവി, വിദ്യാഭ്യാസം, സമ്പത്ത്, മനോഭാവം, നൈപുണി, സമൂഹപദവി, പ്രായം, അവസരലഭ്യത എന്നിവ ഡിജിറ്റല്‍ ഡിവൈഡിനുളള സ്വാധീനഘടകങ്ങളാണ് എന്നു കാണാം. സാങ്കേതിക വിദ്യ വിപണിമൂല്യമുളള സാംസ്കാരികമൂലധനംകൂടിയാണ്. വാര്‍ത്തകളും ചിത്രങ്ങളും കലകളുമടക്കം സംസ്കാരത്തിന്റെ നാനാരൂപങ്ങളും ഡിജിറ്റലൈസ് ചെയ്യപ്പെടുകയാണ്. അറിവിന്റെ ചെറുകണികകളെക്കുറിച്ചുളള ആധികാരിക വിവരങ്ങള്‍ അവയോരോന്നിനോടുമുളള വ്യത്യസ്ത വ്യാഖ്യാനങ്ങളും നിലപാടുകളും സഹിതം ലഭിക്കുന്നത് ഏകപക്ഷീയമായ സ്വീകരണത്തിനു പകരം വിമര്‍ശനാത്മകചിന്ത നല്‍കുന്ന കെട്ടുറപ്പുളള നിര്‍മിതിയായി ജ്ഞാനത്തെ മാറ്റും. ക്രിയാത്മകമായ ഇടപെടല്‍ മൂലം അസമത്വത്തിലേക്കുളള പാതയെ സമത്വത്തിനുളള പാതയാക്കി മാറ്റാനും കഴിയും.
അമേരിക്കയ്ക്കും ചൈനയ്കം തൊട്ടു പിന്നിലായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്റര്‍നെറ്റ് ഉപഭോക്തൃരാജ്യമായ ഇന്ത്യയിലെ ടെലിസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലോന്നാണ് കേരളം. കണ്ണടച്ചു തുറക്കുന്നവേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു നെറ്റിസണ്‍ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ കേരളസ്റ്റേറ്റ് ഐ ടി മിഷനുള്‍പ്പടെ നിരവധി സ്ഥാപനങ്ങളും ജനതയുടെ പഠനോത്സുകതയും വലിയപങ്കു വഹിക്കുന്നു. മൂന്നു കി മി ചുറ്റളവിനുളളില്‍ ഒരു അക്ഷയകേന്ദ്രം യാഥാര്‍ഥ്യമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും കംമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യം മുന്‍നിറുത്തിയുളള പദ്ധതി മലപ്പുറം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തൊണ്ണൂറു ശതമാനം വിജയം കണ്ടു കഴിഞ്ഞു.കണ്ണൂര്‍ ജില്ലയിലെ എന്റെ ഗ്രാമം പരിപാടി മറ്റൊരു ചുവടുവയ്പാണ്. ഒരു ജനതയുടെ ദൈനംദിനസ്പന്ദനങ്ങള്‍ ഇ- ലോകത്തു ലഭ്യമാണ്. കണ്ണൂര്‍, തലശ്ശേരി, മുഴുപ്പിലങ്ങാട്, എരമം കുറ്റൂര്‍, പാപ്പിനശ്ശേരി, പായം തുടങ്ങിയ പഞ്ചായത്തുകളുടെ വെബ് സൈറ്റുകളില്‍ നിത്യസന്ദര്‍ശകര്‍ ഏറെയാണ്. കേരളീയ സമൂഹം ഇന്റര്‍നെറ്റിന്റെ മഹാസാധ്യതയില്‍ കൈവെച്ചിരിക്കുകയാണ്.
ഐ ടി @ സ്കൂളിന്റെ ശ്രദ്ധേയമായ ഇടപെടല്‍ ചുരുങ്ങിയ കാലത്തിനുളളില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഐ ടി നിര്‍ബന്ധിത പഠനവിഷയമാക്കി. അരലക്ഷത്തോളം കംമ്പ്യൂട്ടറുകള്‍ വിദ്യാലയങ്ങള്‍ക്കു വിതരണം ചെയ്തു. പതനാറു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കു വീതം പ്രതിവര്‍ഷം ഐ ടി പരിശീലനം നല്‍കി വരുന്നതും എല്ലാ ഹൈസ്കൂളുകളിലും കംമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിച്ചതും ഒരു ലക്ഷത്തോളം അധ്യാപകരെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതും ഐ ടി മേഖലയില്‍ പുതുതലമുറയക്ക് നിസ്സങ്കോചം ഇടം കണ്ടെത്തുന്നതിനു സാഹചര്യം സൃഷ്ടിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഐ ടി സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന സന്ദര്‍ഭത്തെ വേണ്ട വിധം നാം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. കണ്ണൂരിലെ നരവൂര്‍ എല്‍ പി സ്കൂള്‍ വാര്‍ഷിക പരീക്ഷയുടെ റിസല്‍റ്റ് അവരുടെ വെബ്സൈറ്റിലൂടയാണ് പ്രസിദ്ധീകരിച്ചത്. പക്ഷെ ഇത്തരം സാധ്യതകള്‍ എത്ര വിദ്യാലയങ്ങള്‍ അന്വേഷിക്കുന്നു.? മുകളില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതിനു പകരം സാധ്യതകള്‍ ചൂഷണം ചെയ്യുവാന്‍ വിദ്യാഭ്യാസ രംഗത്തുളളവര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.
ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അറിയാതെ മാറി നിന്നിട്ടു കാര്യമില്ല. ദക്ഷിണ കൊറിയയില്‍ ദേശായാടിസ്ഥാനത്തില്‍ 2007 മാര്‍ച്ച് 8 മുതല്‍ ഡിജിറ്റല്‍ ടെക്റ്റ് ബുക്കുകള്‍ നടപ്പിലാക്കി. സംവാദാത്മകസ്വാഭാവമുളള ഡിജിറ്റല്‍ പാഠങ്ങള്‍ മാത്രമല്ല റഫറന്‍സ് മെറ്റീരിയലുകള്‍, വര്‍ക്ബുക്ക്, ഡിക്ഷണറി എന്നിവയും ചേര്‍ന്ന ഒരു പാക്കേജാണ് കുട്ടികള്‍ക്ക് നല്‍കിയത്. വീഡിയോ, ഓഡിയോ, ആനിമേഷന്‍ ,വെര്‍ച്വല്‍ റിയാലിറ്റി എല്ലാം ചേര്‍ന്ന മള്‍ട്ടി മീഡിയ ഉളളടക്കം കുട്ടികളുടെ പഠനതാല്പര്യത്തെയും ശൈലിയെയും അഭിസംബോധന ചെയ്യുന്നവയാണ്.വീട്ടിലും വിദ്യാലയത്തിലും ഏതു സമയവും ഏതു സ്ഥലത്തു വെച്ചും വിദ്യാര്‍ഥികള്‍ക്കു പഠിക്കാം. പഠിതാക്കള്‍ക്കു സ്വന്തം പാഠങ്ങള്‍ നിര്‍മിക്കാം. മുഖ്യ പാഠത്തിലെ പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാം. ലിങ്കുകള്‍ നല്‍കിയിട്ടുളളതിനാല്‍ ആഴത്തിലും പരപ്പിലും പോകേണ്ടവര്‍ക്കു അതിനും സാധ്യത.വിന്‍ഡോസിലും ലിനക്സിലും ഇവ സജ്ജീകരിച്ചിരിക്കുന്നു. 2013 ആകുമ്പോഴേക്കും എല്ലാ രാജ്യത്തെ എല്ലാ വിദ്യാലങ്ങളിലും ഇവ ലഭ്യമാക്കുന്നതിനുളള കര്‍മപരിപാടിയിലാണ് ദക്ഷിണ കൊറിയ. പ്രാഥമികവിദ്യാഭ്യാസ മേഖലയില്‍ ഫ്ലോറിഡ 1997 മുതല്‍ വെര്‍ച്വല്‍ സ്കൂളുകള്‍ ആരംഭിച്ചു. പൂര്‍ണസമയം ഇവ പ്രാപ്യമാണ്. പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി 67 ജില്ലകളിലും പ്രായോഗികമാക്കി. യൂണിഫോം നല്‍കുന്നതു പോലെ ഉറേഗ്വ എല്ലാ പ്രൈമറി വിദ്യാര്‍ഥികള്‍ക്കും ഓരോ ലാപ് ടോപ് നല്‍കി മറ്റൊരു മാതൃക സൃഷ്ടിച്ചു. ഇതിനായി ഒരു കുട്ടിക്ക് 260 ഡോളര്‍ വീതം നീക്കി വെച്ചു. ലഭിക്കുന്ന ലാപ് ടോപ് കുട്ടിക്കു സ്വന്തമാണ്. പുതുസാങ്കേതികവിദ്യയക്കൊപ്പം പുതുതലമുറ വളരട്ട എന്ന സമീപനമാണ് വര്‍ത്തമാനകാലലോക പ്രവണത.

ഔദ്യോഗിക സംവിധാനത്തിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു വശത്തു പുരോഗമിക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും വിദ്യാലയങ്ങളും വിദ്യാഭ്യാസപ്രവര്‍ത്തനം ചലനാത്മകമാക്കുന്നതിനായി അതിവിപുലമായ മറ്റൊരു ഇടപെടല്‍ രീതി വികസിപ്പിച്ചു .അതാണ് വിദ്യാബ്ലോഗുകള്‍. മികച്ച അധ്യാപകബ്ലോഗിനും വിദ്യാര്‍ഥിബ്ലോഗിനും ക്ലാസ് , വിദ്യാലയബ്ലോഗിനുമൊക്കെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാനും ലോകം തയ്യാറായി. സമൂഹം പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കേരളത്തില്‍ വളരെവേഗം വിദ്യാബ്ലോഗുകള്‍ വ്യാപിപ്പിക്കാന്‍ കഴിയും. വിദ്യാബ്ലോഗുകളുടെ സാധ്യതകള്‍ പരിശോധിക്കുന്നത് ഈ അവസരത്തില്‍ പ്രസക്തമാകും.
വിദ്യാബ്ലോഗുകള്‍
വിദ്യാഭ്യാസരംഗത്ത് സജീവസാന്നിദ്ധ്യമാവുകയാണ് വിദ്യാബ്ലോഗുകള്‍ (edublogs).വിദ്യാഭ്യാസപരമായ ഉളളടക്കമുളള ഏതു ബ്ലോഗിനെയും വിദ്യാബ്ലോഗ് എന്നു വിളിക്കാം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കോ സംഘത്തിനോ സ്ഥാപനത്തിനോ ( നയരൂപീകരണവിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പരിശീലകര്‍, അക്കാദമികസ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്‍സികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുളള വിഭാഗങ്ങള്‍, വിദ്യാഭ്യാസ തല്പരര്‍ എന്നിങ്ങനെ ആര്‍ക്കും ) വിദ്യാബ്ലോഗ് ആരംഭിക്കാന്‍ കഴിയും.
വിദ്യാബ്ലോഗുകള്‍ എന്തിന്?
പൊതു വിദ്യാലയങ്ങളില്‍ സര്‍ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു .അവ സമൂഹവുമയി പങ്കു വെക്കുന്നതിലൂടെ പിന്തുണ നേടാന്‍ കഴിയും. മികച്ച അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുന്നതിനു ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ജില്ല തിരിച്ചു നല്‍കുന്ന അവാര്‍ഡുകള്‍ മാത്രമാണുളളത്. എത്രയോ അധ്യാപകര്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ വിരമിക്കുന്നു. അവരുടെ ഈടുറ്റ അധ്യാപനാനുഭവങ്ങള്‍ മാതൃകയാക്കാനും അതില്‍ നിന്നും ഊര്‍ജം സ്വീകരിച്ചു മുന്നേറാനും അവസരം ഉണ്ടാകണം. വിദ്യാബ്ലോഗിലൂടെ ഇത്തരം അധ്യാപകര്‍ക്ക് കേരളവുമായി സംവദിക്കുവാനും അതേ പോലെ നിരാശപ്പെട്ടു പോകുന്ന അധ്യാപകര്‍ക്ക് അക്കാദമിക ഉണര്‍വിന്റെ ജ്വാല പകരാനും കഴിയും. നേട്ടം സാധ്യമാണെന്നും ശ്രമിക്കുന്നവര്‍ നേടുന്നുവെന്നുമുളള സന്ദേശം പകരണം.
അധ്യാപശാക്തീകരണധര്‍മം കൂടി വിദ്യാബ്ലോഗുകള്‍ക്കുണ്ട്. പഠനം ആവശ്യാധിഷ്ഠിതമാകണമെന്ന സമീപനം അധ്യാപക പരിശീലനത്തിലും ബാധകമാണ്. വിവിധക്ലാസുകളിലെ അധ്യാപകര്‍ക്ക് അധ്യയനവേളയില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍, വ്യക്തത വരുത്തണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍, കൂടുതല്‍ പിന്തുണ ആവശ്യമുളള മേഖലകള്‍ ഇവയൊക്കെ വ്യത്യസ്തമാകും. മൂന്‍ കൂട്ടി നിശ്ചയിച്ച തീയതികളില്‍ സംഘാടകരുടെ സൗകര്യപ്രകാരം ക്രമീകരിക്കുന്ന പരിശീലനപരിപാടിയില്‍ നിന്നും ഇവയൊക്കെ ലഭിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്ന അധ്യാപികയുടെ മുന്നില്‍ യഥാസമയം തീരേണ്ട പാഠഭാഗങ്ങള്‍ ഒരു പ്രശ്നമാകും. അന്നന്ന് പിന്തുണലഭിക്കുന്നതിനു സൗകര്യമുണ്ടായാലോ അതു ആശ്വാസം പകരും. സ്വയം ശാക്തീകരിക്കുവാന്‍ ശ്രമിക്കുന്ന അധ്യാപകര്‍ക്കു പിന്തുണ നല്‍കാന്‍ വിദ്യാബ്ലോഗുകള്‍ക്കാവും.
വിദ്യാലയങ്ങളില്‍ ഒന്നും നടക്കുന്നില്ലെന്ന തരത്തില്‍ പലകോണുകളില്‍ നിന്നും വിമര്‍ശനമുയരാറുണ്ട്. ഹരിതവിദ്യാലയം റിയാലിറ്റി ഷോ ടെലിവിഷനില്‍ വന്നപ്പോഴാണ് വ്യത്യസ്തമായ ഒരു ചിത്രം സമൂഹത്തിനു കിട്ടിയത്. കാടടച്ചുളള വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനു നന്മകളുടെ ഉദാഹരണങ്ങള്‍ പങ്കിടണം. അത്തരം വേദിയായി വിദ്യാബ്ലോഗുകളെ മാറ്റിയെടുക്കാന്‍ കഴിയും.
സംസ്ഥാനതലത്തില്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന പല കാര്യങ്ങളും താഴേ തലത്തില്‍ എത്തുമ്പോഴേക്കും വിനിമയച്ചോര്‍ച്ച കാരണമോ വിനിമയം ചെയ്യുന്നവരുടെ ഭാവനാവിലാസം കൂട്ടിച്ചേര്‍ക്കുന്നതു മൂലമോ ദുര്‍ബലവും വികലവുമാകാറുണ്ട്. അക്കാദമികകാര്യങ്ങള്‍ അപ്പപ്പോള്‍ താഴേതലങ്ങളില്‍ എത്തിക്കാനും വിഭവങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് അതു ലഭ്യമാക്കാനും വിദ്യാബ്ലോഗുകളെ ഉപയോഗിക്കാവുന്നതാണ്.
(തുടരും )

3 comments:

  1. നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. പറയാനും അറിയിക്കാനുമുള്ള സ്വതന്ത്ര ഉപാധി എന്നതിനപ്പുറം ഗൗരവതരമായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും പങ്കുവയ്ക്കലിനും പ്രചാരണത്തിനും ശേഖരണത്തിനും സംഭരണത്തിനുമുള്ള കാലിക മാര്‍ഗ്ഗമായി ബ്ലോഗിംഗിനെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ മാര്‍ഗ്ഗദീപങ്ങളാകട്ടെ. ചൂണ്ടുവിരലിന് അഭിനന്ദനങ്ങള്‍!!!!

    ReplyDelete
  3. നല്ല ചിന്തകള്‍....തുടര്‍ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു...ഷെയര്‍ ചെയ്യുന്നു...എല്ലാവരും വായിക്കട്ടെ

    ReplyDelete

പ്രതികരിച്ചതിനു നന്ദി