Pages

Thursday, May 29, 2014

മെന്ററിംഗിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കു മാത്രം


പ്രവര്‍ത്തന ലക്ഷ്യം

1.എന്റെ വിദ്യാലയത്തില്‍ മെന്ററിംഗ് പ്രാവര്‍ത്തികമാക്കി എല്ലാ കുട്ടികളേയും പഠനനേട്ടത്തിനുടമകളാക്കും.എല്ലാവിധ കഴിവുകളും വളര്‍ത്തും
എന്നു തീരുമാനിക്കുന്ന അധ്യാപകര്‍ക്കു മാത്രമേ ഈ കുറിപ്പ് പ്രയോജനപ്പെടൂ. (മറ്റുളളവര്‍ ഇതു വായിക്കാതിരിക്കുക)

എന്താണ് മെന്ററിംഗ്? മെന്ററിംഗ് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍? അവ്യക്തതയുളളവര്‍ ചുവടെയുളള ലിങ്കില്‍ ക്ലിക് ചെയ്ത് വ്യക്തത വരുത്തിയ ശേഷം വായന തുടരുക


മെന്ററിംഗ് ഘട്ടങ്ങള്‍ 
ഏതു പ്രവര്‍ത്തനത്തിലുമെന്ന പോലെവിദ്യാഭ്യാസ രംഗത്തെ മെന്ററിംഗിനും ചില ഘട്ടങ്ങള്‍ ഉണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
1.ആവശ്യമാക്കല്‍, 2. ലക്ഷ്യ നിര്‍ണയം ,3.വിവരശേഖരണം (കുട്ടിയെഅറിയല്‍ ),4.കുട്ടിയുടെ വിശ്വാസം ആര്‍ജിക്കല്‍, 5.മെന്ററിംഗ് ആരംഭിക്കല്‍,6.ഡോക്യുമെന്റേഷന്‍,7.അവലോകനവും മെച്ചപ്പെടുത്തലും
 വിശദാംശങ്ങള്‍ 

1.ആവശ്യമാക്കല്‍

  • വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടേയും ആവശ്യമാകണം, സന്നദ്ധതയുണ്ടാകണം. ഇത് പൊതു ചര്‍ച്ചയിലൂടെ രൂപപ്പെടുത്താവുന്ന മനോഭാവമാണ്.
  • മെന്റര്‍ എന്ന നിലയില്‍ അധ്യാപകര്‍ക്ക് തങ്ങളുടെ റോള്‍ സംബന്ധിച്ച് വ്യക്തതഇല്ലാതെ ആവശ്യമാക്കല്‍ നടക്കില്ല
  • രക്ഷിതാക്കളുടെ പിന്തുണ ലഭ്യമാക്കുന്ന വിധവും ചര്‍ച്ച ചെയ്യണം. അധ്യാപിക ഒറ്റയ്ക്കല്ലെന്ന ബോധം ആവശ്യമാക്കല്‍ പ്രക്രിയയെ ഗുണാത്മകമായി സ്വാധീനിക്കും

2.ലക്ഷ്യനിര്‍ണയം

    എന്തിനാണ് എന്റെ വിദ്യാലയത്തില്‍ മെന്ററിംഗ് ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ലക്ഷ്യമായി .അതൊന്നു എഴുതി വെക്കുന്നത് നല്ലതാണ് ( നിര്‍ബന്ധമില്ലെങ്കിലും അതു ചെയ്യുന്നതാണ് അഭികാമ്യം)
    ഉദാഹരണം നോക്കുക
  • കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍, പ്രചോദിപ്പിക്കാന്‍, self image മെച്ചപ്പെടുത്താന്‍കുട്ടികളുടെ പ്രതീക്ഷാനില ഉയര്‍ത്താന്‍, ഉയര്‍ന്നഅക്കാദമിക നേട്ടം സാധ്യമാണെന്നു ബോധ്യപ്പെടുത്താന്‍, സാമൂഹിക നൈപുണി വളര്‍ത്തിയെടുക്കാന്‍, അധ്യാപകരുമായും സഹപാഠികളുമായും മറ്റുളളവരുമായും നല്ല ബന്ധം സ്ഥാപിക്കാന്‍,എല്ലാവിധ കഴിവുകളുടേയും വികാസത്തിന്, പ്രശ്നപരിഹരണത്തിന്
  • വിദ്യാലയത്തിന്റെ പൊതുവായ ലക്ഷ്യവും ആകാം.
  • ഓരോ കുട്ടിയെ പരിഗണിച്ചും ലക്ഷ്യം അതത് മെന്റര്‍ തീരുമാനിക്കേണ്ടിവരും 
    ഏതൊരു പരിപാടി ആരംഭിക്കുന്നതിനും ആസൂത്രണം അനിവാര്യമാണ്.
  • ആസൂത്രണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണം?
    ആസൂത്രണത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍
    കാലയളവ് / തീയതി
    കുട്ടിയെ അറിയല്‍ ( കുട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍, പഠനസാഹചര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍,ആഗ്രഹങ്ങള്‍, അക്കാദമിക നിലവാരം...)
    ജൂണ്‍ പത്തിനകം
    മെന്ററിംഗിനുളള ഇടപെടല്‍ മേഖലകള്‍ തീരുമാനിക്കല്‍

    കുട്ടിക്ക് അധ്യാപകരുമായി ഹൃദയബന്ധം സ്ഥാപിക്കാനുളള അവസരം ഒരുക്കല്‍

    പിന്തുണാ രീതിയെക്കുറിച്ച് കുട്ടികളോട് ലളിതമായി വിശദീകരിക്കല്‍

    രക്ഷിതാക്കളെ ബോധ്യപ്പെടുത്തല്‍

    മെന്ററിംഗ് ആരംഭിക്കല്‍

    അനുഭവം പങ്കിടല്‍, ഇടക്കാല അവലോകനം

    മെച്ചപ്പെട്ട തുടര്‍ പ്രവര്‍ത്തനം



    3. കുട്ടിയെ അറിയല്‍
    യു പി ക്ലാസുകളില്‍ കുട്ടികള്‍ക്കു തന്നെ പൂരിപ്പിച്ചു തരാവുന്ന രീതിയില്‍ ചില കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും.പേപ്പറില്‍ പദസൂര്യന്‍ പോലെ എഴുതാം. അല്ലെങ്കില്‍ മേഖല തിരിച്ച് താഴെ താഴെ എഴുതാം.ഈ ചോദ്യങ്ങള്‍ മതിയാകുമോ?
    1)എന്തെല്ലാമാണ് എനിക്കുളളസവിശേഷമായ കഴിവുകള്‍, എനിക്ക് നന്നായി ചെയ്യാമെന്നു കരുതുന്ന കാര്യങ്ങള്‍? 2)എന്റെ നല്ല ചങ്ങാതി എന്നെക്കുറിച്ച് പറയാനിടയുളള ഗുണങ്ങളും മറ്റു പ്രത്യേകതകളും?3) ഞാന്‍ അംഗീകരിക്കുന്ന വിശ്വസ്തരായവരാരൊക്കെ?4)എന്ക്ക് ഒഴിവു സമയത്ത് ചെയ്യാനാണാഗ്രഹിക്കുന്ന കാര്യങ്ങളിവയാണ്,5)ഞാന്‍ ഇഷ്ടപ്പെടുന്ന വിനോദം?6)എനിക്ക് ആരാകാനാണ് ആഗ്രഹം?7)എനിക്ക് എതു കാര്യത്തിലാണ് സഹായം കിട്ടിയാല്‍ മെച്ചപ്പെടാന്‍ കഴിയുമെന്നു കരുതുന്നത്?8)ഏതൊക്കെ വിഷയങ്ങളാണ് എനിക്ക് പ്രിയം?9)എനിക്ക് പ്രയാസമുളള വിഷയങ്ങള്‍?10)എന്റെ പഠനത്തിനു തടസ്സമായിട്ടുളള കാര്യങ്ങള്‍?11)........................................................
      ഏഴാം ക്ലാസിലെ ദേവൂട്ടിയോട് ഞാന്‍ പറഞ്ഞു. പേപ്പര്‍ ആറായി മടക്കുക. വലത്തു മുകളിലുളള കളത്തില്‍ ദേവൂട്ടിയുടെ കഴിവുകള്‍ എഴുതുക. ഇടതു മുകളില്‍ ഇഷ്ടപ്പെട്ട വിഷയങ്ങളും. ഇങ്ങനെ പത്തുമിനിറ്റു കൊണ്ടു ശേഖരിച്ച ഈ വിവരങ്ങള്‍ വിശകലനം ചെയ്യുക. ദേവൂട്ടിക്ക് എന്തെല്ലാം കഴിവുകളാണുളളത്?കുട്ട ഉണ്ടാക്കും. നാടകം കളിക്കും, ചന്ദനത്തിരി ഉണ്ടാക്കാനറിയാം എന്നിവ നല്‍കുന്ന സൂചനകള്‍ കരവിരുതിലും അഭിനയത്തിലും കഴിവ് എന്നല്ലേ? സംഗീതവും നൃത്തവും പടം വരയ്ക്കലും അനുഗ്രഹീത കലാകാരി തന്നെ. പക്ഷേ സോഷ്യല്‍ സയന്‍സും ഇംഗ്ലീഷും കംമ്പ്യൂട്ടറും ഇവളുടെ ജീവിതത്തെ ഇരുളിലാഴ്ത്തില്ലേ?അവളുടെ അമ്മയുടെ കഷ്ടപ്പാട്ടുളള ജീവിതമോഹം ക്ലാസിലെ ചിലവിഷയങ്ങള്‍ തല്ലിക്കെടുത്തുന്നില്ലേ?ദേവൂട്ടിക്ക് ഏറെ നന്മകളുളള സ്വഭാവം ?ഏതൊക്കെ മേഖലകളിലാണ് ശ്രദ്ധ വേണ്ടത്? എന്തൊക്കെ ഇടപെടല്‍ സാധ്യതകള്‍? കഴിവുകളെ എങ്ങനെ പരിമിതികള്‍ ഉളള മേഖലകളില്‍ പ്രയോജനപ്പെടുത്താം. സാമൂഹികശാസ്ത്രപാഠങ്ങളുടെ ചിത്രകഥാരൂപത്തിലുളള ആഖ്യാനം അവള്‍ ചെയ്യുമോ? നാടകം ഇംഗ്ലീഷ് പഠനത്തിലുപയോഗിക്കാമോ?പെരുമാറ്റം, ബന്ധങ്ങള്‍, മനോഭാവം എന്നിവ സംബന്ധിച്ച് എന്തൊക്കെ വിവരങ്ങള്‍ ലഭിച്ചു?ഇങ്ങനെ കുട്ടിയെ അറിയുമ്പോഴാണ് മെന്റര്‍ക്ക് പ്രവര്‍ത്തന ലക്ഷ്യം ഉണ്ടാവുക.
    ദേവൂട്ടിക്ക് മെന്ററിംഗ് നടത്തിയ അധ്യാപിക എസ് ആര്‍ ജിയില്‍ പങ്കുവെക്കേണ്ടത്
    1)അഭിസംബോധന ചെയ്ത കാര്യങ്ങള്‍, 2) അതിന്റെ ഫലം എന്തായിരുന്നു? 3)സഹാധ്യാപകരുടെയോ മറ്റുളളവരുടെയോ സഹായം അവളുടെ കഴിവു വളര്‍ത്താന്‍ ആവശ്യമുണ്ടോ?
    4.കുട്ടിയുടെ വിശ്വാസം ആര്‍ജിക്കല്‍
     ആദ്യവാരത്തില്‍ തന്നെ ചില പുതിയതലങ്ങള്‍ സൃഷ്ടിക്കണം. തിയേറ്റര്‍ ഗയിമുകള്‍ നല്ലൊരു മാര്‍ഗമാണ്.കുട്ടിയും അധ്യാപികയും ഒത്തുളള ചിത്രരചന, ഈണപ്പാട്ടുകള്‍,നിര്‍മാണപ്രവര്‍നങ്ങള്‍ ഒക്കെയാകാം. ശരിക്കും പഠനപങ്കാളിയായി മാറണം.തുറന്നിടപഴകണം.

    • മെന്‍റര്‍ മെന്റി ബന്ധം വിജയപ്രദമാക്കാന്‍ തുടര്‍ന്നെന്തെല്ലാം ചെയ്യണം?
    കുട്ടിയുടെ ജീവിതത്തിലെ സാന്നിദ്ധ്യമാവുക. എപ്പോള്‍ വേണമെങ്കിലും കാണാനും വിളിച്ചു കാര്യം പറയാനും ഇരുവരും സന്നദ്ധരാവുക. ലക്ഷ്യവും കൂട്ടായ പ്രയത്നവും അയയാതെ നോക്കുക അഭ്യുദയകാംക്ഷിയെന്ന ശക്തമായ തോന്നല്‍ സൃഷ്ടിക്കുക (ക്ഷേമാന്വേഷണങ്ങള്‍ ,ഫോണ്‍ വിളികള്‍..)കുട്ടിയുടെ ആവശ്യങ്ങളില്‍ കേന്ദ്രീകരിക്കുക. കുട്ടിയെക്കുറിച്ചുളള പ്രതീക്ഷകള്‍ അവള്‍ തന്നെ ഉയര്‍ത്താന്‍ സഹാകമായ അനുഭവങ്ങളും ആത്മവിശ്വാസവും. നമ്മുടെ ആവശ്യങ്ങളടിച്ചേല്‍പ്പിക്കുന്നതായി കുട്ടിക്ക് തോന്നാതിരിക്കുക.അഭിപ്രായങ്ങളെ മാനിക്കുക. ചങ്ങാതി മനസിനുടമയാവുക.കുട്ടിയുടെ പക്ഷത്തു നിന്നും നോക്കിക്കാണുക .കുട്ടിയുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക.അധികാരത്തിന്റെ ശബ്ദം ഉപേക്ഷിക്കുക, ശാസനകളും നിയമങ്ങളും അല്ല ജനാധിപത്യപരമായ തീരുമാനവും പെരുമാറ്റവുമാണ് പ്രധാനം.
    മെന്ററിംഗിനെക്കുറിച്ച് ധാരണ രൂപീകരിച്ചു .എങ്കില്‍ ആദ്യ എസ്‍ ആര്‍ ജിയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എന്തെല്ലാം.?
      • മെന്ററിംഗ് പ്രായോഗികമാക്കി മാതൃക സൃഷ്ടിക്കണം.
      • എല്ലാ അധ്യാപകരും ഈ പ്രവര്‍ത്തനം ഏറ്റെടുക്കണം
      • എല്ലാവരുടേയും അനുഭവങ്ങള്‍ പങ്കിടണം, മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കണം
    അഞ്ചു തരം മെന്ററിംഗ് 
    കൂടുതല്‍ കുട്ടികളുളള ക്ലാസുകളില്‍ അധ്യാപികയ്ക്ക് എല്ലാ കുട്ടികളേയും മെന്ററിംഗ് ചെയ്യാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകാം. അപ്പോള്‍ മറ്റു സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണം.അതാനാണ് വിവധരീതികള്‍ പരിചയപ്പെടുത്തുന്നത്.
    1. Traditional One-to-One Mentoring., 
    2. Group Mentoring (ഒരു മെന്ററും ഒരു സംഘം പഠിതാക്കളും), 
    3. Team Mentoring. (മെന്ററ്‍മാരുടെ ഒരു ടീമും ചെറിയ കൂട്ടം പഠിതാക്കളും),
    4. Peer Mentoring.(സഹപാഠികളോ ഉയര്‍ന്ന ക്ലാസിലെ കുട്ടികളോ മെന്ററിംഗ് നടത്തുന്നു) , 
    5. E-mentoring
    അധ്യാപികയുടെ മെന്ററിംഗ് പരിധിക്കകത്ത് സംപുഷ്ടീകരണത്തിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്. മനോഭാവ മാറ്റമാണ് ആദ്യം വേണ്ടത്.
    5.മെന്ററിംഗ് ആരംഭിക്കല്‍, 
    6.ഡോക്യുമെന്റേഷന്‍, 
    7.അവലോകനവും മെച്ചപ്പെടുത്തലും
    ഈ ഘട്ടങ്ങള്‍ വിശദീകരിക്കുന്നില്ല. അത് അനുഭവത്തിലൂടെ തെളിയിച്ചെടുക്കുക

Wednesday, May 14, 2014

നിരന്തര വിലയിരുത്തല്‍ നേട്ടം അനുഭവിക്കാനാണ്


ആമുഖം

വിലയിരുത്തലിനെക്കുറിച്ച് തന്നെയാണ് ഈ കുറിപ്പും. ലോകത്ത് വിദ്യാഭ്യാസ ഗുണതയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിലെ ( ആസ്ത്രേലിയ )മാതൃകയാണ് പരിചയപ്പെടുത്തുന്നത്.ഇത്തിരി വട്ടം മാത്രം ചിന്തിച്ചാല്‍ പോരല്ലോ. 

ഇതു വായിക്കുമ്പോള്‍ അധ്യാപകസഹായിയെക്കുറിച്ചുളള നമ്മുടെ സങ്കല്പങ്ങള്‍ പൊളിയും. 

  • പ്രതീക്ഷിത പഠനോല്പന്നത്തിന്റെ മാതൃക സഹിതമാണ് അധ്യാപകര്‍ക്കുളള സാമഗ്രി തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ ഈ യൂണിറ്റില്‍ എങ്ങനെ സമീപിക്കണം എന്നതിനു പ്രത്യേക മാര്‍ഗരേഖ. കുട്ടിക്കു വിലയിരുത്താനും അധ്യാപികക്ക് വിലയിരുത്താനുമുളള ഉപാധികള്‍ (രണ്ടു റൂബ്രിക്സ്), ഏതെല്ലാം ഗുണതാസവിശേഷതകളാണ് പരിഗണിക്കേണ്ടതെന്നും അവയില്‍ പിന്നാക്കം പോയാലെങ്ങനെ ഇടപെടണമെന്നുമുളള നിര്‍ദ്ദേശങ്ങള്‍, ഉയര്‍ന്ന നിലവാരക്കാരെ പരിഗണിച്ചുളള പ്രവര്‍ത്തനങ്ങള്‍. സമൂഹത്തിലെ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചുളള അവതരണം , സാധ്യതകള്‍ പരിചയപ്പെടുത്തുന്നു. പുതിയ നൂറ്റാണ്ടിലെ അധ്യാപകര്‍ മൗസ് ചലിപ്പിക്കാനും നെറ്റ് ഉപയോഗിക്കാനും അറിയാവുന്നവരാകണം. റിസോഴ്സ് മുഴുവന്‍ നെറ്റില്‍ കിട്ടും. (ഈ കുറിപ്പിലെ ലിങ്കില്‍ നിന്നും ലഭിക്കുന്നത് ആസ്ത്രേലിയയിലെ റിസോഴ്സുകളാണ് .ഇംഗ്ലീഷിലായത് അതിനാല്‍)

ഊര്‍ജം എന്ന പ്രമേയമാണ് പഠിക്കേണ്ടത്. പ്രൈമറിതലത്തിലെ ഉളളടക്കമാണ്.
അധ്യാപര്‍ക്കുളള സഹായസാമഗ്രി പരിചയപ്പെടൂ

1.അധ്യാപനത്തിനു മുമ്പ്

കുട്ടി എന്താണ് ആര്‍ജിക്കേണ്ടെതെന്നതില്‍ വ്യക്തത അധ്യാപികയ്കുണ്ടാകണം
നേടേണ്ട ശാസ്ത്രധാരണകള്‍
  • ഊര്‍ജമെന്നാലെന്താണ് എന്നതിനെക്കുറിച്ചുളള സാമാന്യധാരണ
  • ഊര്‍ജമെങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു പ്രയോജനപ്പെടുന്നു എന്ന ധാരണ
  • ഊര്‍ജം വിവധരൂപങ്ങളിലുണ്ട് (പ്രകാശം, വൈദ്യുതി, താപം, ചലനം, ശബ്ദം, സംഭരിക്കപ്പെട്ടവ (battery, spring, petrol…).ഊര്‍ജം പാഴാക്കരുത്
നേടേണ്ട ശാസ്ത്ര നൈപുണികള്‍ (science skills)
  • മറ്റുളളവരുടെ ചോദ്യങ്ങളോടും യുക്തിപൂര്‍വം പ്രതികരിക്കാനും അന്വേഷണത്തിലേക്കു വാതില്‍ തുറന്നിടുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാനുമുളള കഴിവ്
  • നിരീക്ഷിക്കാനും നിരീക്ഷണവിവരങ്ങള്‍ ലിഖിതമായും ചിത്രീകരണത്തിലൂടെയും രേഖപ്പെടുത്താനുമുളള കഴിവ്
  • നിരീക്ഷണവിധേയമായവയിലെ ബന്ധങ്ങള്‍ കണ്ടെത്താനും അര്‍ഥം നല്ഡകാനുമുളള കഴിവ്
  • ശാസ്ത്രഭാഷയില്‍ ആശയവിനിമയം നടത്താനുളള കഴിവ്
  • സ്വതന്ത്രമായും സഹവര്‍ത്തിത രീതിയിലും പ്രവര്‍ത്തിക്കാനുളള കഴിവ്.

മൂന്നു ഭാഗമുളള പ്രവര്‍ത്തനമാണിത്. മൂന്നാമത്തേത് വിലയിരുത്തല്‍ പ്രവര്‍ത്തനം കൂടിയാണ്

വിദ്യാര്‍ഥികള്‍ക്കുളള വിഭവങ്ങള്‍

ഭാഗം ഒന്നില്‍ ഉപയോഗിക്കേണ്ടത്
ഒരു വര്‍ക് ഷീറ്റാണ് . കുട്ടികള്‍ ഊര്‍ജരൂപങ്ങളേയും ഉപയോഗത്തേയും പൊരുത്തപ്പെടുത്തണം
What are the different forms of energy? How is energy used? Where does the energy come from? (pdf,100kb)
ഭാഗം രണ്ടില്‍ ഉപയോഗിക്കേണ്ടത്
സ്വന്തം വീട്ടിലെ ഊര്‍ജോപയോഗം സംബന്ധിച്ച വിവരങ്ങള്‍ എഴുതാനുളളത്.
Finding out: what uses energy in my home? (doc,14kb)
ഭാഗം മൂന്നില്‍ ഉപയോഗിക്കേണ്ടത് 
കുട്ടികള്‍ ചെയ്യേണ്ട പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കുന്നതിനു സഹായകമായ പ്രസക്തചോദ്യങ്ങള്‍ .ഇത് വലിയതായി ഫോട്ടോകോപ്പി എടുത്ത് ക്ലാസില്‍ ഉചിതമായ സമയത്ത് പ്രദര്‍ശിപ്പിക്കണം. അല്ലെങ്കില്‍ ഓരോ ഗ്രൂപ്പിനും കോപ്പി കൊടുക്കണം
Using and saving energy at home (doc,13kb)
കുട്ടികള്‍ക്കുളള വിലയിരുത്തല്‍ റൂബ്രിക്സ്
(a)
കുട്ടികള്‍ക്ക് അവരെ വിലയിരുത്താനുപയോഗിക്കുന്ന വിജയമാനദണ്ഡങ്ങളെക്കുറിച്ച് (success criteria )വ്യക്തതയുണ്ടാകണം.അധ്യാപിക അതിലെ എല്ലാ പദാവലികളും കുട്ടികള്‍ക്ക് നല്ലവണ്ണം മനസിലാക്കിക്കൊടുക്കണം
(b)
സ്വയം വിലയിരുത്തല്‍ പ്രക്രിയ നന്നായി നടത്താന്‍ അധ്യാപിക കുട്ടികളെ സഹായിക്കണം
Student rubric for energy task (doc,40kb)
ധ്യാപകര്‍ക്കുളള വിഭവങ്ങള്‍

ഊര്ജം എന്ന ആശയം അത്ര ലളിതമല്ല. ഈ തലത്തില്‍ നമ്മുക്ക് ചൂടാക്കാന്‍ താപം വേണം.ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണം ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യാന്‍ ,നടക്കാന്‍ താപം, പ്രകാശംചിലത് ആവശ്യമുണ്ട് എന്ന തരത്തില്‍ കാര്യകാരണബന്ധത്തോടെ ഊര്‍ജത്തെ അറിയാനാണ് അവസരമൊരുക്കേണ്ടത്. കുട്ടികള്‍ അവരുടെ നിത്യജീവിതത്തിലെ വിവിധസന്ദര്‍ഭങ്ങളില്‍ വിവധ ഊര്‍ജരൂപങ്ങളെങ്ങനെ പ്രയോജനപ്പെടുന്നു എന്ന ധാരണയിലെത്താന്‍ കഴിവു നേടണം. ഊര്‍ജസ്രോതസ്സുകളെന്തെല്ലാമെന്നാലോചിക്കാനും അവയുടെ ലഭ്യത കുറഞ്ഞാലെന്തു സംഭവിക്കുമെന്നു പ്രവചിക്കാനും കഴിയണം. അവരുടെ നിത്യജിവിതത്തിലെ വിവേകരഹിതമായ ഊര്‍ജോപയോഗത്തെ പരിശോധിക്കാനും ഉപയോഗം കുറയ്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും പരിഹാരസാധ്യതകള്‍ നിര്‍ദ്ദേശിക്കാനും കഴിവുളളവരായി മാറണം. ഈ സൈറ്റില്‍ പോയാല്‍ ഊര്‍ജമാനേജ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകര്‍ക്കു ലഭിക്കും ഇതു പ്രയോജനപ്പെടുത്താവുന്നതാണ്. www.originenergy.com.au/efficiency

അധ്യാപികയ്ക്കുളള റൂബ്രിക്സ്
ശാസ്ത്രധാരണ, വിവരങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ വിശദീകരണം നല്‍കല്‍, അറിവിന്റെ പ്രയോഗം, ആശയവിനിയക്ഷമത എന്നിവ പരിഗണിച്ചാണ് ഈ റൂബ്രിക്സ്
കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കാനും ഈ ഈ റൂബ്രിക്സ് ഉപയോഗിക്കണം
പ്രത്യേക പരിഗണന
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ എങ്ങനെ പരിഗണിക്കണം എന്നറിയാനുളള വിശദമായ മാര്‍ഗരേഖ ഇതാ
കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പഠനോല്പന്നത്തിന്റെ മാതൃക
അധ്യാപകര്‍ക്ക് വ്യക്തത നല്‍കുന്നതിനും പ്രതീക്ഷിത പഠനനേട്ടം ഉറപ്പാക്കുന്നതിനും ഇത്തരം മാതൃകകള്‍ സഹായകമാണ്.
അവ്യക്തതയുളള കുട്ടികള്‍ക്ക് ചിലപ്പോള്‍ പ്രവര്‍ത്തനപുരോഗതിയുടെ തടസ്സഘട്ടങ്ങളില്‍ ഈ സാമ്പില്‍ ദിശാബോധം നല്‍കും. ഇതേ പോലെ അനുകരിക്കാന്‍ നിര്‍ദ്ദേശിക്കുകയല്ലല്ലോ വേണ്ടത്.വിജയമാനദണ്ഡങ്ങള്‍ ബോധ്യപ്പെടാനും ഇത്തരം മാതൃകകള്‍ പ്രയോജനപ്പെടും.ഇത്തരം മാതൃകകള്‍ എന്തിന് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുളള വിശദാംശങ്ങള്‍ക്ക് ഈ link.ക്ലിക് ചെയ്യുക

2.കുട്ടികളെ സജ്ജമാക്കല്‍

എന്താണ് ചെയ്യേണ്ടതെന്നും ( പ്രവര്‍ത്തനങ്ങളുടെ സ്വഭാവം) എങ്ങനെ വിലയിരുത്തപ്പെടുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. റൂബ്രിക്സ് അവര്‍ക്ക് നല്‍കണം.പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും രീതിയും ഏതോക്കെയെന്നും അവര്‍ മനസിലാക്കണം.

ഭാഗം ഒന്ന്

വിവിധ ഊര്‍ജരൂപങ്ങള്‍ ഏതെല്ലാമാണ് ? ഊര്‍ജം എങ്ങനെ ഉപയോഗിക്കപ്പെടുന്നു?

പ്രവര്‍ത്തനം ഒന്ന്

 തിയെറ്റര്‍ ഗയിം. ചലിക്കാത്ത ലോകം . തുടര്‍ന്ന് വിശകലനചര്‍ച്ച ക്ലാസിലെ പൊതു ചര്‍ച്ചയിലൂടെ ഊര്‍ജം എന്താണെന്നുളള അവരുടെ ആശയം പുറത്തെടുക്കണം. ദിശാഗതിച്ചര്‍ച്ചയിലൂടെ താപം പ്രകാശം, വൈദ്യുതി തുടങ്ങിയ എല്ലാ ഊര്‍ജരൂപങ്ങളും ഉദാഹരണങ്ങള്‍ വിശകലനം ചെയ്തു അവര്‍തന്നെ കണ്ടെത്താനവസരം ഒരുക്കണം

ഉന്നയിക്കേണ്ട ചോദ്യം/ പ്രശ്നം
എവിടെ നിന്നാണ് ഈ ഊര്‍ജം വരുന്നത്? ലഭിക്കുന്നത്?
കറങ്ങുന്ന പങ്ക,കാറ്റാടികള്‍ , കീ കൊടുത്തു മുറുക്കിയ കളിപ്പാട്ടം,ചെണ്ട, ടോര്‍ച്ച്,തുടങ്ങിയ നിരവധി ഉദാഹരണങ്ങളിലേക്ക് കുട്ടികളോടൊപ്പം ചിന്തിക്കുക. അവരുടെ യുക്തി ചിന്തയെ പ്രോത്സാഹിപ്പിക്കുക. ഒരു കുട്ടി ക്ലാസില്‍ വന്ന് നിന്നു ചാടട്ടെ.ക്രമേണ ചാട്ടത്തിന്റെ താളം അയയുന്നതെന്തുൊണ്ട്? ടോര്‍ച്ച് തുടര്‍ച്ചയായി കത്തിച്ചു വെച്ചാല്‍ എന്തു സംഭവിക്കും? ഓടിയ നീന്തിയ അനുഭവങ്ങള്‍ അവതരിപ്പിക്കട്ടെ

പ്രവര്‍ത്തനം രണ്ട്
ഊര്‍ജക്കളി

ഊര്‍ജക്കാര്‍ഡുകള്‍ തയ്യാറാക്കല്‍.കാര്‍ഡിന്റെ ഒരു വശത്ത് ഊര്‍ജരൂപവും മറുവശത്ത് ആ ഊര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വസ്തുവിന്റെ ചിത്രമോ വിവരമോ എഴുതണം. ഊര്‍ജക്കളിയാണ്. കാര്‍ഡിന്റെ ഒരു വശം കാണിച്ചാല്‍ മറുവശത്തെ ഊഹിച്ചു പറയണം. സംഘമായോ ടീമായോ കളിക്കാം.
പ്രവര്‍ത്തനം മൂന്ന്

കുട്ടികള്‍ക്കുളള പ്രതികരണപത്രിക

ഒരു പഠനപ്രശ്നമായി അവതരിപ്പിക്കണം

'What uses energy and where does it come from?' (pdf,100kb)
വ്യക്തിഗതമായോ രണ്ടംഗ ടീമായോ ചെയ്യാം. ഇതു പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പരസ്പരം പങ്കിടണം. കൈമാറി പരിശോധിക്കണം.
അനൗപചാരികമായി വിലയിരുത്താനുളള അവസരം ഇതിലൂടെ കിട്ടും. അധ്യാപകി വാചികമായ ഫീഡ് ബാക്ക് നല്‍കണം.
ഭാഗം രണ്ട്

ഊര്‍ജത്തിന്റെ ഉപയോഗം വീട്ടിലും ചുറ്റുപാടും

പ്രവര്‍ത്തനം നാല്

'Finding out: Ways energy is used in and around my home' (doc,14kb)
ഇതു പൂര്‍ത്തീകരിക്കുന്നതിനായി ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു ഘട്ടത്തില്‍ അനുവദിക്കാം.ഗ്രൂപ്പിലേക്കു വരുന്നതിനു മുമ്പുളള വിവരശേഖരണത്തിന്റെ ചിലഭാഗങ്ങള്‍ വീട്ടില്‍ നിന്നുമാകാം.

ഭാഗം മൂന്ന്

ഊര്‍ജത്തിന്റെ ഉപയോഗവും സംരക്ഷണവും

കുട്ടികള്‍ക്ക് നല്‍കേണ്ട പ്രവര്‍ത്തന സൂചനകള്‍

  • നമ്മുടെ വീട്ടിലെ ഊര്‍ജ ഉപയോഗവും സംരക്ഷണത്തിനുളള നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് നമ്മളോരോരുത്തരുടേയും കണ്ടെത്തലുകള്‍ മറ്റുളളവരുമായി പങ്കിടാന്‍ പോവുകയാണ്. ഏതു രീതിയിലെന്നു തീരുമാനിക്കേണ്ടതുണ്ട്.
  • വ്യക്തിഗതമായി ആശയവിനിമയത്തിനുളള ഫോര്‍മാറ്റ് കുട്ടികള്‍ തയ്യാറാക്കണം. അതിലെ ഉളളടക്കവിന്യാസം സമഗ്രത എന്നിവ പരിഗണിക്കാന്‍ സഹായകമായി, കുട്ടികളുടെ ചിന്തയെ നയിക്കുന്ന കുടയുന്ന ചില ചോദ്യങ്ങള്‍ ഉന്നയിക്കണം. യാതൊരു കാരണവശാലും ഏകീകൃതഫോര്‍മാറ്റ് നിര്‍ബന്ധിക്കരുത്.തനതായ ചിന്തയ്ക്ക് ആശയക്രമീകരണത്തിന് അവസരം.
  • ബ്രോഷറുകളാകാം, ചിത്രകഥയാകാം, ചിത്രങ്ങളാകാം, പോസറ്ററുകളാകാംഏതു ഫോര്‍മാറ്റായാലും കൃത്യമായ ധാരണയെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാകണം
  • കുട്ടികള്‍ക്ക് അവര്‍ ശേഖരിച്ച വിവരങ്ങള്‍ ,ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവ പ്രയോജനപ്പെടുത്തി നിര്‍ദിഷ്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കാം.ആരുടെ മുമ്പാകെയാണ് അവതരിപ്പിക്കുന്നതെന്ന കാര്യത്തിലും നല്ല ധാരണ വേണം. സദസ്സിനെ അറിഞ്ഞും മാനിച്ചുമുളള ഗംഭിര അവതരണം ലക്ഷ്യമിടണം
  • ഉപയോഗിക്കാനിടയുളള പദാവലികള്‍ കുട്ടികളെക്കൊണ്ടപ പറയിച്ച് ബോര്‍ഡിലോ ചാര്‍ട്ടിലോ എഴുതിയിട്ടാല്‍ അവര്‍ തയ്യാറാക്കുന്ന ബ്രോഷറുകളിലും പോസറ്ററുകളിലും അക്ഷരത്തെറ്റു വരുത്താതിരിക്കാന്‍ അവരെ സഹായിക്കും
  • കരട് തയ്യാറാക്കിയതിന് ( ഡമ്മി) അസല്‍ തയ്യാറാക്കാനാണ് കുട്ടികള്‍ ശീലിക്കേണ്ടത്

വിലയിരുത്തലിനെ കുട്ടികളുടെ പഠനമുന്നേറ്റത്തിനായി ഉപയോഗിക്കല്‍

കുട്ടികളുടെ ധാരണകള്‍ നൈപുണികള്‍ എന്നിവ സംബന്ധിച്ചു ലഭിച്ച വിവരങ്ങള്‍ കുട്ടികളുടെ പഠനത്തികവിനെ ലക്ഷ്യം വെച്ചും അധ്യയനത്തികവിനെ മുന്നില്‍ക്കണ്ടും പ്രയോജനപ്പെടുത്തണം. നിദാനനിര്‍ണയവിശകലനഗ്രിഡ് അധ്യാപിക ഉപയോഗിക്കണം (മാതൃകdiagnostic grid (doc, 15kb)
പ്രതീക്ഷിത നിലവാരത്തിനെ മുന്നില്‍ കണ്ട് ലളിതമായ രേഖപ്പെുത്തല്‍ നടത്തിയാ്‍ മതിയാകും. അക്ഷരങ്ങള്‍ കൊമ്ട് നിലവാരത്തെ പ്രതിനിധാനം ചെയ്യാം, ഏതു മേഖലയിലാണ് കുട്ടിക്ക് കൂടുതല്‍ പിന്തുണ അനിവാര്യമായിരിക്കുന്നതെന്ന് ഈ ഗ്രിഡ് വിളിച്ചോതും. പ്രതീക്ഷിത പഠനനേട്ടവുമായി ബന്ധിപ്പിച്ചാണ് അദ്യാപിക ഇതിനെ സമീപിക്കേണ്ടത്.പൂരിപ്പിച്ച ഒരു ഗ്രിഡ്ഡിന്റെ മാതൃക നോക്കുക
Sample diagnostic grid (doc,16kb)

പ്രതീക്ഷിത നേട്ടം കൈവരിക്കാനാവാത്തവര്‍ക്ക്

ശാസ്ത്രധാരണ, വിവരങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ വിശദീകരണം നല്‍കല്‍, അറിവിന്റെ പ്രയോഗം, ആശയവിനിയക്ഷമത എന്നിവ കണക്കിലെടുത്താണല്ലോ കുട്ടിയുടെ കഴിവിനെ നാം വിലയിരുത്തിയത്. ഈ ഓരോ മോഖലയിലും പിന്നാക്കം നില്‍ക്കുന്നവരുണ്ടാകും .അപ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്?
മേഖല ഒന്ന് -ശാസ്ത്രധാരണ
ുട്ടികള്‍ ഇതില്‍ പിന്നിലാണെങ്കില്‍ ക്ലാസ് മുറിയിലെ ഊര്‍ജരൂപങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരണം. വിവധ ഊര്‍ജരൂപങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ദൃശ്യങ്ങള്‍, ഫിലിമുകള്‍ ,മോഡലുകള്‍ എന്നിവ ഒരുക്കണം. അവ വിശകലനം ചെയ്യാന്‍ സഹപഠിതാവായി ഒപ്പം നില്‍ക്കണം.കുട്ടിയുടെ പങ്കാളിത്തത്തോടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാം. ചെറു വിവരണങ്ങള്‍, ലേബലുകള്‍ തയ്യാറാക്കി അവ മറ്റുളളവര്‍ക്കു മുമ്പാകെ പരിചയപ്പെടുത്താനവസരം നല്‍കണം. ( ക്ലാസില്‍ ഇതുവരെ ഉപയോഗിച്ചതാവരുത്. പുതുമയുളളതാവണം പരിചയപ്പെടുത്തുന്ന വസ്തുക്കള്‍)

മേഖല രണ്ട് മൂന്ന് -വിവരങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ വിശദീകരണം നല്‍കലും അറിവിന്റെ പ്രയോഗവും

ഈ മേഖലകളില്‍ കുട്ടികള്‍ പിന്നാക്കമായാല്‍ എന്തു ചെയ്യും?ഉദാഹരണത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നതിനും ശേഖരിച്ച വിവരങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രയാസമുളള വര്‍ ഉണ്ടാകും. കുട്ടികളുമായി ഒത്തിരുന്ന് വീടിനകത്തേയും പുറത്തേയും ഓരോരോ മുറിയിലേയും വസ്തുക്കള്‍ അവരുടെ മനസില്‍ കൊണ്ടുവന്ന് ലിസ്റ്റ് ചെയ്യാന്‍ സഹായിച്ച് ഒരു ഊര്‍ജരൂപം പരിഗണിച്ച് ഓരോരോ നിറമുളള പേനകൊണ്ട് അടിവരയിട്ട് അതു പിന്നെ തരംതിരിച്ചെഴുതാന്‍ അവസരം നല്‍കാം.ചില ഊര്‍ജരൂപങ്ങളില്ലെങ്കില്‍ എന്താണ് വീട്ടില്‍ സംഭവിക്കുക എന്നുമാലോചിപ്പിക്കാം. ഊര്‍ജം പാഴാക്കുന്ന സന്ദര്‍ഭങ്ങള്‍ ചിത്രീക്കാനാവശ്യപ്പെടാം. ഊര്‍ജസംരക്ഷണത്തിന് സഹപാഠികള്‍ അവതരിപ്പിച്ചതിനോട് പ്രതികരിക്കാനും വ്യത്യസതമായ മാര്‍ഗം കണ്ടെത്താനും നിര്‍ദ്ദേശിക്കാം
മേഖല നാല്-ആശയവിനിമയക്ഷമത
എന്തുകൊണ്ടാണ് ഈ മേഖലയില്‍ പിന്നാക്കാവസ്ഥ? ശാസ്ത്രീയമയാ പദാവലികള്‍ മനസിലാകാത്തതുകൊണ്ടാണോ? കാര്യകാരണബന്ധം സംബന്ധിച്ച ദുര്‍ബലമായ ധാരണയുളളതിനാലാണോ? ആശയങ്ങളെ ക്രമീകരിക്കാന്‍ പ്രയാസമുളളതിനാലാണോ? എന്താണ് യഥാര്‍ഥ പ്രശ്നമെന്നു മനസിലാക്കി സഹായിക്കണം. ചങ്ങാതിയായ അധ്യാപികയോട് തുറന്നു പറയാനവസരം ലഭിക്കണം. കുട്ടിയുടെ പക്ഷത്തു നിന്നും ചിന്തിക്കുന്നതായി ഭാവിച്ച് കാര്യങ്ങളെ ലളിതമാക്കണം.കുട്ടിയുടെയുക്തിചിന്താ തടസ്സത്തെ മറികടക്കാനുളള ലളിതഉദാഹരണങ്ങളും വിശകലവും നടത്തണം. റിഹേഴ്സല്‍ ചെയ്യാം.
ഒരേ പ്രശ്നമുളള ഒരു കൂട്ടാളിയെ കൂടി നല്‍കാം. സംയുക്താവതരണത്തിന് അവസരം നല്‍കാം.നല്ല ഫീഡ് ബാക്ക് തുടര്‍ച്ചയായി നല്‍കി തിരിച്ചറിവും പ്രചോദനവും ലഭ്യമാക്കാം.മറ്റുളളവര്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്ന പൂരണസ്വഭാവമുളള അവതരണത്തെയും ആലോചിക്കാം. നിരാശയുളവാക്കാതെ നേട്ടത്തിലേക്കുളള കുതിപ്പിനു കളമൊരുക്കുകയാണ് വേണ്ടത്.
തുടര്‍ പ്രവര്‍ത്തനം
ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവര്‍ക്ക്
വിദ്യാലയത്തിലെ ഊര്‍ജോപയോഗം ഓഡിറ്റ് ചെയ്ത് അസംബ്ളിയില്‍ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുക
,................................................,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,...........................................,,,,,,,,,,,,,,,

ഉപസംഹാരം

1.പ്രക്രിയ വിലയിരുത്തല്‍, പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍, യൂണിറ്റ് ടെസ്റ്റ് എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാതെ നേടേണ്ട ശേഷികളെ ആധാരമാക്കി വിജയമാനദണ്ഡങ്ങള്‍ തിട്ടപ്പെടുത്തി കൃത്യമായി കുട്ടിയെ വിലയിരുത്തി പ്രശ്നമുണ്ടെങ്കില്‍ അതത് പ്രശ്നമേഖലകളില്‍ എങ്ങനെ ഇടപെടണമെന്നു സൂചിപ്പിക്കുന്ന യൂണിറ്റ് സ്പെസിഫിക്കായ ഈ അധ്യാപക സഹായി സമഗ്രത പ്രതിഫലിപ്പിക്കുന്നില്ലേ? പേരു മാറ്റിയിടലല്ല. അധ്യാപക സഹായദൗത്യപുസ്തകം ലക്ഷ്യത്തിലേക്കടുപ്പിക്കും വിധമാണോ എന്നു പരിശോധിക്കലാണ് പ്രധാനം.
2. അല്ല ഈ ഉദാഹരണത്തിലെ കുട്ടികള്‍ക്ക് എല്ലാം കുത്തി നിറച്ച പാഠപുസ്തകം ഇല്ലല്ലോ?
തകര്‍ന്നു പോകുമോ?
രക്ഷിതാക്കള്‍ ആശങ്കപ്പെടുമോ?
ആശങ്ക അകറ്റാനല്ലേ ആശാനും ആശാട്ടിയും.
എത്തേണ്ടിടത്ത് കുട്ടി എത്തും. കഴിവുനേടും എന്നുറപ്പ് .
ആ ആത്മവിശ്വാസം ഒരു പുസ്തകത്തിനു പ്രദാനം ചെയ്യാനാവില്ല.
ആത്മവിശ്വാസമുളളവര്‍ വഴികള്‍ വെട്ടിത്തുറക്കും.
ഇവിടെ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍
  • വിലയിരുത്തലിന്റെ പ്രായോഗികതലം ബോധ്യപ്പെടുത്തുന്നതാകണം അധ്യാപകസഹായിയും പരിശീലനവും
  • അധ്യാപകസഹായിയും നിരന്തരവിലയിരുത്തലും പഠനപ്രക്രിയയും പഠനനേട്ടവും തമ്മില്‍ ഇഴയടുപ്പമുണ്ടാകണം
  • കുട്ടികള്‍ പിന്നാക്കംനില്‍ക്കുന്ന മേഖലകളിലെ ഇടപെടല്‍കൃത്യത നിരന്തര വിലയിരുത്തല്‍ സൂചിപ്പിക്കുന്നവര്‍ യൂണിറ്റ് സ്പെസിഫിക്കായി പറയണം
  • വിലയിരുത്തല്‍ ഉപാധികളുടെ അനുയോജ്യത പ്രധാനമാണ്. ഫോട്ടോ കോപ്പി എടുക്കാന്‍ പാകത്തില്‍ അതു ലഭ്യമാക്കണം.
  • പഠനനേട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്തതാകണം വിലയിരുത്തല്‍ എന്നത് പ്രതിഫലിപ്പിക്കണം
  • പാഠപുസ്തകത്തേക്കാള്‍ പ്രധാനം പഠനപ്രക്രിയയും പഠനനേട്ടവുമാണ്.
  • നിത്യജീവിതപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്ന പഠനം ആസ്ത്രേലിയയില്‍ അപമാനിക്കപ്പെടുന്നില്ല
(ഈ കുറിപ്പ് തയ്യാറാക്കാനായി അവലംബമാക്കിയത് ആസ്ത്രേലിയയിലെ വിദ്യാഭ്യാസ സേവന വിഭാഗത്തിന്റെ റിസോഴസ് മെറ്റീരിയലുകളാണ്. അവരോടുളള കടപ്പാട് രേഖപ്പെടുത്തുന്നു)



Thursday, May 1, 2014

സാമൂഹിക ജ്ഞാനനിര്‍മിതി വാദവും നിരന്തരവിലയിരുത്തലും


നിരന്തര വിലയിരുത്തല്‍ ഒരു ഗവേഷണാത്മക പ്രവര്‍ത്തനമാക്കി ഏറ്റെടുക്കാന്‍ തീരുമാനിച്ച അധ്യാപികയുടെ ക്ലാസിലേക്കു പോകാം.
ഈ അധ്യാപിക എല്ലാ കാര്യങ്ങളേയും ഗവേഷണാത്മകമായി കാണുന്നു
ഒരു പരികല്പന രൂപപ്പെടുത്തും.അതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നടത്തുക.
ഇത്തവണത്തെ പരികല്പന ഇതാിരുന്നു
  • പ്രക്രിയാവിശദാംശങ്ങളോടെ പരസ്പര വിലയിരുത്തലിനും സ്വയം വിലയിരുത്തലിനും അവസരം നല്‍കി ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി നിരന്തര വിലയിരുത്തല്‍ നടത്തിയാല്‍ എല്ലാ കുട്ടികള്‍ക്കും ഉയര്‍ന്ന പഠനനിലവാരത്തിലെത്താന്‍ കഴിയുമോ?
  • ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്നത് ദിവസക്കണക്കിലോ വാരക്കണക്കിലോ യാന്ത്രികമായല്ല.  
  • മറിച്ച് ഗവേഷണാത്മകമായ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാവശ്യമായ ദിവസങ്ങള്‍ പരിഗണിച്ചാണ്. അതാകട്ടെ പ്രക്രിയ മുഴുവന്‍ എഴുതിയതിനു ശേഷം സമയം കൃത്യതപ്പെടുത്തുന്നതുമാണ്.
  • വിലയിരുത്തല്‍ പേജില്‍ ഓരോ ദിനവും കുറിപ്പുണ്ടാകും. 
  • പ്രധാനമായും തന്റെ ഗവേഷണാത്മക പ്രവര്‍ത്തനം ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടോ ? എന്തെങ്കിലും ഭേദഗതി വരുത്തേണ്ടതുണ്ടോ? അനുഭവപാഠങ്ങളെന്തെല്ലാമാമ്? പറ്റിയ വീഴ്ചകള്‍ പരിഹാരങ്ങള്‍, ബോധ്യപ്പെട്ട സാധ്യതകള്‍ എന്നിവയാണ് കുറിക്കുക
  • കുട്ടികള്‍ക്ക് നല്‍കേണ്ട ഫീഡ് ബാക്കും പരിഗണിക്കുന്നു
വരൂ, ഗവേഷണാത്മകമായി നിരന്തര വിലയിരുത്തല്‍ നടത്തിയ ആ ക്ലാസിലേക്ക് പോകാം.
ആഹാരമാണ് പഠനപ്രമേയം
പലവിധ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടെന്നും ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നുമുലള സാമാന്യവിവരം കുട്ടികള്‍ക്കറിയാം. അത് അവരുടെ ആര്‍ജിതജ്ഞാനമാണ്.സ്വജീവിതാനുഭവങ്ങളില്‍ നിന്നും ആര്‍ജിച്ചതാവാം ഇത്.ഇനി എന്തു പുതിയ അറിവാണ് നിര്‍മിക്കപ്പെടേണ്ടത് എന്ന ചോദ്യത്തെയാണ് അധ്യാപിക അഭിമുഖീകരിച്ചത്? ഭക്ഷണം എന്തിന്? വിശപ്പടക്കാന്‍ എന്നതിനപ്പുറത്തേക്ക് സവിശേഷമായ അന്വേഷണം പോകണം.  
ഇത് വിവരങ്ങള്‍ കുത്തി നിറച്ച പുസ്തകം നല്‍കി പഠിപ്പിക്കണമോ അതോ അറിവുനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി കുട്ടികള്‍ ആര്‍ജിക്കണമോ
തെളിച്ചമുളള അധ്യാപിക രണ്ടാമത്തെ മാര്‍ഗമേ സ്വീകരിക്കൂ. ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന അധ്യാപികക്ക് പുസ്തകമാറ്റം ഒരു പ്രശ്നമാകില്ല. ഗവേഷണാത്മകാധ്യാപനം നടത്തുന്ന ക്ലാസിലെ അനുഭവങ്ങള്‍ നോക്കാം.
പ്രശ്നാവതരണം.
അധ്യാപിക കുട്ടികളോടു ചോദിച്ചു
എല്ലാ നേരവും ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ? ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം?
അനുഭവത്തിന്റേയും വായിച്ചുനേടിയ അറിവിന്റേയും വെളിച്ചത്തില്‍ കുട്ടികള്‍ പ്രതികരിക്കുന്നു.
അപ്പോള്‍ അധ്യാപിക ചില പത്രവാര്‍ത്തകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച് കുട്ടികളെ പിന്താങ്ങന്നു.
കുട്ടികളുടെ മനസില്‍ ഭക്ഷണം കഴിക്കാത്ത കുട്ടികളനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിറയുന്നു.
എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാരുകളും സമൂഹവും ഉത്തരവാദിത്വം ഏറ്റെടുക്കണം.ദാരിദ്ര്യം ഇല്ലാതാക്കണം എന്നിങ്ങനെ കുട്ടികളുടെ പരിഹാരനിര്‍ദ്ദേശങ്ങള്‍..
ഠനപ്രശ്നാവതരണം
അടുത്ത ചോദ്യത്തിലേക്ക് അധ്യാപിക കടന്നു
എല്ലാ നേരവും ഒരേ ഭക്ഷണം തന്നെയാണോ നിങ്ങള്‍ കഴിക്കുന്നത്?
പലതരം ഭക്ഷണം കഴിക്കുന്നതെന്തുകൊണ്ട്?
കുട്ടികള്‍ വ്യക്തിഗതമായി പ്രതികരണങ്ങള്‍ കുറിക്കുന്നു
വ്യത്യസ്തമായി പ്രതികരണക്കുറിപ്പുകള്‍ അവതരിപ്പിച്ച് ന്യായീകരിക്കുന്നതിന് അവസരം നല്‍കുന്നു
ശരിയായ വളര്‍ച്ചയ്ക്ക്, ആരോഗ്യത്തിന്,പോഷകാഹാരത്തിന്, രുചിക്ക്, എന്നിങ്ങനെ പ്രതികരണങ്ങള്‍ .
അധ്യാപിക : ( വിശകലനാത്മക ചേദ്യങ്ങള്‍ ഉന്നയിക്കുന്നു )
  • രുചിക്കാണെങ്കില്‍ നല്ല രുചിയുളളതു മാത്രം എപ്പോഴും കഴിച്ചാല്‍ പോരെ? കയ്പുളളത് എന്തിന് കഴിക്കണം?( എന്നിങ്ങനെ ചോദിച്ച് മറ്റ് രണ്ട് പ്രതികരണങ്ങളിലേക്ക് ചിന്തയെ കേന്ദ്രീകരിക്കുന്നു)
  • ആരോഗ്യം വെക്കുന്നു എന്നു പറഞ്ഞാലതെങ്ങനെ എന്നു കൂടി പറയണ്ടേ?
  • പോഷകം എന്നതു കൊണ്ടെന്താണ് അര്‍ഥമാക്കുന്നത്?
അധ്യാപിക – ശരിയായ വളര്‍ച്ചയ്ക്ക്, പോഷകാഹാരത്തിന് , ആരോഗ്യത്തിന് എന്നു പറയുന്നു ഈ അഭിപ്രായങ്ങള്‍ എത്ര മാത്രം ശരിയാണ്? എങ്ങനെയാണ് വ്യത്യസ്ത തരം ആഹാര പദാര്‍ഥങ്ങള്‍ ഈ ധര്‍മം നിറവേറ്റുക?
കുട്ടികള്‍ക്ക് അറയില്ല.
അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടോ?
ക്ലാസ് മൗനത്തില്‍
നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നമ്മള്‍ക്ക് അറിയില്ല! അറിയണ്ടേ?
പഠനലക്ഷ്യം തീരുമാനിക്കണം .
കുട്ടികളുടെ പങ്കാളിത്തത്തോടെ പഠനലക്ഷ്യം തീരുമാനിക്കുകയാണ് അധ്യാപിക.
എന്തിനാണ് നാം പലതരം ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നത്?
ഇവയിലെല്ലാം പോഷകഗുണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തെല്ലാം?
അവ എങ്ങനെ ശരീരവളര്‍ച്ചയെ, ആരോഗ്യത്തെ സ്വാധീനിക്കുന്നു.?
ഈ മൂന്നു ചോദ്യങ്ങള്‍ ബോര്‍ഡില്‍
അതെല്ലാവരും എഴുതിയെടുത്തു.
എങ്ങനെ പഠിക്കും? എവിടുന്നു വിവരം കിട്ടും? എത്ര ദിവസം കൊണ്ടു് വിവരം ശേഖരിക്കാന്‍ കഴിയും?
വ്യക്തിഗതമായി ആസൂത്രണം നടത്തുന്നു
ആറു പേരു വീതമുളള ഗ്രൂപ്പായി ( ഓരോ ഗ്രൂപ്പിലും തുല്യ എണ്ണം ആണ്‍ കുട്ടികളും പെണ്‍കുട്ടികളും. പകുതി ഗ്രൂപ്പുകളുടെ ലീഡര്‍മാര്‍ പെണ്‍കുട്ടികള്‍. ഈ മാസം ഇതുവരെ ചുമതല ലഭിച്ചിട്ടില്ലാത്തവര്‍ക്കു മുന്‍ഗണന നല്‍കണം)
ഗ്രൂപ്പുകളില്‍ ആസൂത്രണച്ചിന്ത. പത്തുമിനിറ്റാണ് അനുവദിച്ചിട്ടുളള സമയം
ഗ്രൂപ്പുകള്‍ തീരുമാനത്തിലെത്തിയ കാര്യങ്ങള്‍ ഇങ്ങനെ ക്രോഡീകരിച്ചു
  • മുതിര്‍ന്നവരോടു ചോദിച്ചറിയാം (പത്താം ക്ലാസിലും മറ്റും പഠിക്കുന്നകുട്ടികള്‍)
  • ഇന്റര്‍ നെറ്റില്‍ നോക്കാം ( കംമ്പ്യൂട്ടര്‍ ലാബില്‍ പോകണം )
  • ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്നും മനസിലാക്കാം
  • പത്രമാസികകളില്‍ നിന്നും ( ആരോഗ്യസംബന്ധമായ മാസികകള്‍ പത്രങ്ങളിലെ ആരോഗ്യ രംഗം)
  • ലൈബ്രറിയില്‍ ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കാം
  • പാഠപുസ്തകത്തിലെന്തു പറയുന്നുവെന്നു നോക്കാം
  • അധ്യാപികയുടെ പക്കല്‍ ഇതു സംബന്ധിച്ച എന്തെങ്കിലും ഉണ്ടെങ്കില്‍ അതും പരിശോധിക്കാം
എല്ലാവര്‍ക്കും സ്വീകാര്യമായവയാണോ ഈ പഠനരീതികള്‍? അധ്യാപിക പൊതുസമ്മതം തേടി.
ഇതേ പോലെ പഠനകാലയളവും വിവരശേഖരണ രീതിയും തീരുമാനിച്ചു.
മൂന്നു ദിവസം
ഒന്നാം ദിവസം -പുസ്തകങ്ങള്‍, മാസികകള്‍, ലേഖനങ്ങള്‍ ഇവ സമാഹരിക്കല്‍, ചോദ്യാവലി തയ്യാറാക്കല്‍
രണ്ടാം ദിവസം- മുതിര്‍ന്നവരോടു ചോദിക്കല്‍ ( പത്താം ക്ലാസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍)
മൂന്നാം ദിവസം- പ്രസക്തമായ വിവരങ്ങള്‍ കുറിക്കല്‍, പട്ടികയാക്കല്‍, അപഗ്രഥനം
നാലാം ദിവസം ഗ്രൂപ്പില്‍ ക്രോഡീകരണവും പൊതു അവതരണവും.
ഗ്രൂപ്പില്‍ ക്രോഡീകരണത്തിനും അവതരണത്തിനും മാത്രമേ ക്ലാസ് സമയം എടുക്കാവൂ.
ഇനി ഗ്രൂപ്പുകള്‍ സ്വയം വിലയിരുത്തൂ.
വിവരശേഖരണ സ്രോതസ് തീരുമാനിച്ചതില്‍, വിവരശേഖരണ രീതി തീരുമാനിച്ചതില്‍, കാലയളവ് തീരുമാനിച്ചതില്‍ ഏതു ഗ്രൂപ്പിന്റെ ആസൂത്രണമാണ് മികച്ചത്?
ഒരു ഡോക്ടറിനെ വിളിച്ചാല്‍ ,ഒരു പുസ്തകം കിട്ടിയാല്‍ എന്തെല്ലാം കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്? അധ്യാപിക കുട്ടികളുടെ ചിന്തയെകൂടി പ്രയോജനപ്പെടുത്തി അന്വേഷണച്ചോദ്യങ്ങള്‍ ചിട്ടപ്പെടുത്തി.
  1. എന്തിനാണ് പലതരം ആഹാരം കഴിക്കുന്നത്?
  2. എന്താണ് പോഷകാംശം എന്നു പറഞ്ഞാല്‍?
  3. എല്ലാ ആഹരത്തിലും പോഷകഗുണങ്ങളുണ്ടോ?
  4. എല്ലാ ആഹാരത്തിലും ഒരേ പോഷകഗുണമാണോ? അതോ പലതരം പോഷകഘടകങ്ങളാണോ? എല്ലാ ആഹാരത്തിലും എല്ലാ പോഷകഗുണങ്ങളും ഉണ്ടോ?)
  5. പോഷകഘടകങ്ങള്‍ എങ്ങനെ ആരോഗ്യത്തിനെ ശരീരവളര്‍ച്ചയെ സ്വാധീനിക്കുന്നു?(പോഷകഗുണങ്ങള്‍ കൊണ്ടെന്തെല്ലാം പ്രയോജനമാണുളളത്?)
  6. ഈ പോഷകഘടകങ്ങളുടെ കുറവ് മൂലം എന്തെങ്കിലും പ്രശ്നങ്ങളോ രോഗമോ സംഭവിക്കുമോ?
  7. നാം ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
അധ്യാപിക : എങ്ങനെ രേഖപ്പെടുത്തണം? ( പല ക്ലാസുകളിലും ഈ ചര്‍ച്ച നടക്കാറില്ല. )
പട്ടികയായാലോ? ഓരോ ഇനവും എടുത്ത് ഫോര്‍മാറ്റ് എപ്രകാരമാകണമെന്നു ചര്‍‌ച്ചചെയ്യണം.സമ്മതമായ രീതികള്‍ സ്വീകരിക്കണം
പട്ടിക ഒന്ന്

ആഹാരത്തിലെ
പോഷകാംശങ്ങള്‍
അവയുടെ പ്രയോജനങ്ങള്‍




















പട്ടിക രണ്ട്

പോഷകാംശങ്ങള്‍
അവയടങ്ങിയ ആഹാര സാധനങ്ങള്‍
























ചിത്രീകരണം
നാട്ടില്‍ ലഭിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ ചിത്രം ഒട്ടിച്ച് അവയ്ക്കു നേരേ പോഷകഘടകങ്ങള്‍ രേഖപ്പെടുത്താനും പലവിധ ചിത്രീകരണ സാധ്യതകള്‍ അന്വേഷിക്കാനും തീരുമാനിച്ചു ( പഠനശൈലിയും പ്രത്യേകപരിഗണനയും കണക്കിലെടുത്തുളള സമീപനം)
പട്ടിക മൂന്ന്

പോഷകാംശത്തിന്റെ കുറവു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പേര്
തു പോഷകാംശത്തിന്റെ കുറവ്. അതിനുളള പരിഹാരം
















മറ്റു പ്രസക്തമായ കാര്യങ്ങള്‍ ലഭിക്കുന്നുവെങ്കില്‍ അവ കുറിപ്പുകളാക്കണം.
  • ഒരു സംഘം കുട്ടികള്‍ ഉച്ചയ്ക് ലൈബ്രറിയില്‍ പോയി ( അഞ്ചു പുസ്തകങ്ങള്‍ കിട്ടി)
  • മറ്റൊരു സംഘം കംമ്പ്യൂട്ടര്‍ ലാബില്‍ പോയി ( അധ്യാപിക നേരത്തെ നെറ്റ് പരിശോധിച്ച് സാധ്യത കണ്ടെത്തിയിരുന്നു. കുട്ടികള്‍ വിവരപാരാവാരത്തില്‍ കുഴഞ്ഞപ്പോള്‍ അധ്യാപികയുടെ സൂചനകള്‍ അവരെ സഹായിച്ചു.

ആഹാരത്തിലെ പോഷകഘടകങ്ങള്‍ - Ariyuka

കംമ്പ്യൂട്ടറിലെ ക്ലാസിന്റെ പേരിലുളള ഫോള്‍ഡറില്‍ ശാസ്ത്രം എന്ന ഉപഫോള്‍ഡര്‍ നിര്‍മിച്ച് നെറ്റില്‍ നിന്നും വിവരങ്ങള്‍ സേവ് ചെയ്തിട്ടു. പ്രിന്റുമെടുത്തു. അത് ക്ലാസിലെ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു
ചില ചിത്ര ചാര്‍ട്ടുകള്‍ ഇംഗ്ലീഷിലുളളത് പരിചയപ്പെടുത്തി ( നെറ്റില്‍ നിന്നും)
ഇതിന്റെ മാതൃകയില്‍ ലളിതമായ കേരളീയ ചാര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചു.
  • വേറൊരു സംഘം അധ്യാപകിയുടെ കയ്യിലെന്തെല്ലാമുണ്ടെന്നു അന്വേഷിച്ചു ( അധ്യാപകസഹായി, ആരോഗ്യപട്ടിക, ലഘുലേഖകള്‍ ഇവ കിട്ടി.)
  • അധ്യാപിക ഡോക്ടറുമായി സംസാരിച്ച് കുട്ടിള്‍ക്കായി സമയം ചോദിച്ചു. സെല്‍ഫോണില്‍ സംസാരിച്ചാല്‍ മതിയെന്നു ധാരണയായി. സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്ന വിധം കുട്ടികളെ പരിശീലിപ്പിച്ചു. റിക്കാര്‍ഡ് ചെയ്ത സംഭാഷണം എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയും വിധം കംമ്പ്യൂട്ടറിലേക്കു മാറ്റി. ( വരും വര്‍ഷവും ഉപയോഗിക്കാമല്ലോ)
പരസ്പര വിലയിരുത്തല്‍
അധ്യാപിക : വിവരശേഖരണം എല്ലാവരും നടത്തി എന്ന് എങ്ങനെ ഉറപ്പാക്കും? പരസ്പരം വിലയിരുത്താനുളള തീരുമാനമായി. എങ്കില്‍ എന്തെല്ലാം സൂചകങ്ങള്‍ വിലയിരുത്തലിനായി പരിഗണിക്കണം
  • സ്വന്തമായി ശേഖരിച്ചതാകണം
  • പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം എഴുതിയിട്ടുണ്ടോ?
  • വ്യക്തതയോടെയാണോ എഴുതിയത്?
  • എഴുതിയ കാര്യത്തെക്കുറിച്ച് ധാരണയുണ്ടോഠ.
  • വിശദീകരിക്കാന്‍ കഴിയുന്നുണ്ടോ?വിവരശേഖരണത്തിനു സഹായം വേണ്ടവര്‍ക്ക് അതു നല്‍കാന്‍ അധ്യാപിക സഹായിച്ചു. ക്ലാസില്‍ ആദ്യ ദിവസം ഹാജരില്ലാത്ത കുട്ടികളെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചുമതലയും നല്‍കി.
പിന്നാക്കം നില്‍ക്കുന്നവരെ പിന്തുടര്‍ന്നു സഹായിക്കുകയും. അവര്‍ രേഖപ്പെടുത്തല്‍ നടത്തുന്നുവെന്നുറപ്പാക്കുകയും ചെയ്തു-ചിലര്‍ക്ക് വായിക്കാന്‍ പ്രയാസം.വായിച്ചു മനസിലാക്കാനവരെ സഹായിക്കുന്നു. ഇതല്ലേ നിരന്തരവിലയിരുത്തലിന്റെ ഒരു തലം?)
അറിവ് മെച്ചടപ്പെടുത്തലിനായുളള ഗ്രൂപ്പ് പ്രവര്‍ത്തനവും വിലയിരുത്തലും
അധ്യാപിക : ഗ്രൂപ്പില്‍ എല്ലാവരും എഴുതിയത് പങ്കുവെക്കണം. ഓരോ പട്ടികയും എടുത്ത് ഓരോ ഇനം വീതം പരിശോധിക്കണം. അതെല്ലാവരും എഴുതിയിട്ടുണ്ടോ? മെച്ചപ്പെട്ടത് ഏത്? കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമുണ്ടോ? എന്നു പരിശോധിക്കണം. ബോധ്യപ്പെടുന്ന വിധം പങ്കിടണം. ബോധ്യപ്പെടുന്നവ സ്വീകരിക്കണം.
  • എല്ലാവരും അവതരിപ്പിക്കത്തക്ക വിധം ഊഴം കിട്ടണം.
  • ഓരോ പട്ടികയും അപഗ്രഥിച്ച് നിഗമനങ്ങള്‍ അതാതിന്റെ ചുവട്ടില്‍ രേഖപ്പെടുത്തണം.
  • വ്യക്തഗതമായി തയ്യാറാക്കിയ പട്ടികയില്‍ സ്ഥലമുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം.അല്ലെങ്കില്‍ പുതിയ പട്ടികയിലെഴുതാം.
  • നിഗമനങ്ങള്‍ സാധൂകരിക്കാനെല്ലാവരും ബാധ്യസ്ഥരാണ്.
അധ്യാപികയുടെ തത്സമയ വിലയിരുത്തല്‍
ഗ്രൂപ്പ് പ്രവര്‍ത്തനം അധ്യാപിക വിലയിരുത്തുന്നു. വിവിധ ഗ്രൂപ്പുകളുടെ മികവുകള്‍ നോട്ട് ചെയ്യുന്നു. ചില ഇടപെടലുകള്‍ ( വിശകലനാത്മക ചോദ്യങ്ങള്‍ ), പിന്നാക്കം നില്‍ക്കുന്നവരുടെ പക്ഷത്തു നിന്നു മറ്റുളളവരില്‍ നിന്നും വിശദീകരണം തേടല്‍ എന്നിവ നടത്തി ധാരണാ തലം മെച്ചപ്പെടുത്തുന്നു.
പൊതു അവതരണവും ചര്‍ച്ചയും നടത്തുന്നു.നിഗമനങ്ങളുടെ ക്രോഡീകരണം
നിഗമനങ്ങള്‍ ക്രോഡീകരിക്കുന്നു. ബോര്‍ഡില്‍.കുട്ടികളുടെ പങ്കാളിത്തത്തോടെ.കുട്ടികള്‍ക്ക് ക്രോഡീകരിക്കാനുളള ശേഷി വളര്‍ത്താനവസരം നല്‍കുന്നു.
  1. ആഹാരത്തില്‍ വിവധ പോഷകഘടകങ്ങള്‍ ഉണ്ട് (ലിസ്റ്റ് ബോര്‍ഡില്‍ /എല്‍ സി ഡി സ്ക്രീനില്‍)
  2. പോഷകഘടകങ്ങള്‍ കൊണ്ട് വിവധ പ്രയോജനങ്ങള്‍ ഉണ്ട് ( ഉദാ)
  3. പോഷകഘടകങ്ങള്‍ ലഭിക്കാതെ വന്നാല്‍ അത് ആരോഗ്യത്തെ ബാധിക്കും ( ഉദാഹരണം)
  4. പോഷകഘടകങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങളാണ് അപര്യാപ്തതാ രോഗങ്ങള്‍ (ഉദാ)
  5. എല്ലാ ആഹാരത്തിലും ഒരേ തരം പോഷകങ്ങളല്ല ഉളളത് (ഉദാ)
  6. ഒരേ പോഷകഘടകങ്ങള്‍ പല ആഹാരത്തിലുമുണ്ട് (ഉദാ )
  7. എല്ലാ പോഷകഘടകങ്ങളും ലഭിക്കുന്നതിനാണ് നാം പലതരം ആഹാരം കഴിക്കുന്നത്
  8. ശരിയായ അളവിലുളള പോഷകാഹാരം കഴിക്കണം
അറിവിന്റെ പ്രയോഗം ഉല്പന്നത്തിന്റെ വിലയിരുത്തല്‍
അധ്യാപിക : സ്വന്തം ആഹാരത്തില്‍ എല്ലാ പോഷകഘടകങ്ങളും ഉള്‍പ്പെടുന്നുണ്ടോ? ( അറിവിന്റെ പ്രയോഗ സന്ദര്‍ഭം ഒരുക്കി) ഈ കുറിപ്പാണ് വിലയിരുത്താനുപയോഗിച്ചത്.
എന്തെല്ലാം സൂചകങ്ങള്‍? കുട്ടികളുമായി ചര്‌ച്ച. താന്‍ എങ്ങനെ വിലയിരുത്തപ്പെടുമെന്നറിയാല്‍ കുട്ടികള്‍ക്കവകാശം ഉണ്ട്.
  • പോഷകഘടകങ്ങളെക്കുറിച്ചുളള ധാരണ
  • നമ്മുടെ ആഹാരത്തെ പോഷകഘടകങ്ങളെക്കുറിച്ചുളള ധാരണയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനുളള കഴിവ്
  • കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുളള കഴിവ്
  • നിര്‍ദ്ദേശങ്ങളും നിഗമനങ്ങളും രൂപീകരിക്കാനുളള കഴിവ്
  • ആശയവിനിമയ ശേഷി ( രേഖപ്പെടുത്തലിലെ വ്യക്തത, പൂര്‍ണത)
വിലയിരുത്തല്‍ സൂചകങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ് കുട്ടികള്‍ രചന നിര്‍വഹിച്ചത്. അതവര്‍ക്കു സ്വയം വിലയിരുത്താനും സഹായകമായി.
അറിവിനെ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും സാമൂഹിക പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നതിനും അധ്യാപിക ഉന്നയിക്കാനാഗ്രഹിക്കുന്ന തുടരന്വേഷണചോദ്യങ്ങള്‍ ടീച്ചിംഗ് മാന്വലില്‍ ഉണ്ട്. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുളള പുനരനുഭവസന്ദര്‍ഭം കൂടിയാണിത്.
  • നമ്മുടെ വിദ്യാലയത്തിലെ ഉച്ചഭക്ഷണം സമീകൃതാഹാരം ആണോ?
  • എല്ലാ നേരവും എല്ലാവിധ പോഷകഘടകങ്ങളും അടങ്ങിയ ഭക്ഷണം ലഭിക്കാത്ത കുട്ടികളുടെ സ്ഥിതി?
  • പോഷകഘടകങ്ങളും ശരീര വളര്‌ച്ചയും തമ്മില്‍ ബന്ധമുണ്ട്. നമ്മുടെ ക്ലാസിലെ എല്ലാവര്‍ക്കും പ്രായത്തിനനുസരിച്ച തൂക്കവും ഉയരവും ഉണ്ടോ? (തുടര്‍ പഠനം )
  • പോഷകാഹാരം -ആശയഭൂപടം തയ്യാറാക്കാമോ?
വിലയിരുത്തലിന്റെ രേഖപ്പെടുത്തല്‍
അധ്യാപിക ആര്‍ക്കുവേണ്ടിയാണ് രേഖപ്പെടുത്തല്‍ നടത്തേണ്ടത്?
  • ആരെയെങ്കിലും ബോധ്യപ്പെടുത്താനല്ല.
  • ക്ലാസിലെ കുട്ടികളുടെ നേട്ടം ആഘോഷിക്കാനാണ്.
  • അധ്യയനമികവിന്റെ മികവിലേക്കുയരാനാണ്.
  • കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനാണ്.
കുട്ടികളുടെ ഒരു പാനലിനെ നിശ്ചയിക്കുന്നു.
അഞ്ചംഗസംഘം കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നത്തെ വിലയിരുത്തുന്നു.
ഗ്രേഡ് നല്‍കുന്നു.ഗ്രേഡിലെ വ്യത്യാസത്തിനുളള കാരണവും കുറിക്കുന്നു.
അവ കൈമാറുന്നു
കുട്ടികള്‍ സ്വയംവിലയിരുത്തല്‍ക്കുറിപ്പെഴുതുന്നു.
ഇവ രണ്ടും പരിഗണിച്ചും ഉല്പന്നവും ക്ലാസ് റൂം പ്രക്രിയാനിരീക്ഷണാനുഭവത്തിന്റേയും അടിസ്ഥാനത്തില്‍ അധ്യാപിക ഫീഡ് ബാക്ക് ആവശ്യമുളളവര്‍ക്ക് അതു നല്‍കുന്നു.
അവലോകന പ്രക്രിയ
ക്ലാസിലിതു വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനത്തിനു വിധേയമാക്കി. കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞു നേരിട്ട പ്രശ്നങ്ങള്‍, ആസൂത്രണവും നിര്‍വഹണവും തമ്മിലുളള പൊരുത്തം പൊരുത്തക്കേട് , ഉണ്ടായ നേട്ടം ഇവ അവതരിപ്പിച്ചു. അവരുടെ ബുക്കിലേ രേഖപ്പെടുത്തലിലുണ്ടായ ചിട്ടയയും പൂര്‍ണതയും ചര്‍ച്ചയിലേക്കു വന്നു. അധ്യാപികയുടെ സഹായത്തോതും ഫലവും വിശകലനം ചെയ്യാനവരെ അനുവദിച്ചു.
പേരു സൂചിപ്പിക്കാതെ രണ്ടു വാക്യത്തില്‍ വിലയിരുത്തല്‍ കുറിപ്പെഴുതിച്ചു. അത് അധ്യാപിക വാങ്ങി . കുട്ടികളുടെ മനസറിഞ്ഞു
ഈ ക്ലാസിലെ നിരന്തരവിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍ ഏതൊക്കെയായിരുന്നു?
  • വിവരശേഖരണവേളയില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്നം കണ്ടെത്തി പരിഹാരസഹായം നല്‍കുമ്പോള്‍
  • വിവരശേഖരണം പരസ്പരം വിലയിരുത്തുമ്പോള്‍
  • ഗ്രൂപ്പില്‍ ശേഖരിച്ച വിവരങ്ങളെ ക്രമീകരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ശ്രമിക്കുമ്പോള്‍
  • പൊതു ചര്‍ച്ച നടക്കുമ്പോള്‍ ഉദാഹരണവും തെളിവുകളും സാധൂകരണങ്ങളും തേടുമ്പോള്‍
  • നിഗമനങ്ങളെ വിശകലനം ചെയ്യുമ്പോള്‍
  • അറിവിന്റെ പ്രയോഗം. കുറിപ്പ് വിലയിരുത്തുമ്പോള്‍
  • സ്വയം വിലയിരുത്തുമ്പോള്‍
  • ക്ലാസിന്റെ പൊതു വിലയിരുത്തല്‍ വേള.
ഗവേഷണാത്മക അധ്യാപനം
കണ്ടെത്തലുകള്‍ എന്തൊക്കെയാകും?
  • നിരന്തര വിലയിരുത്തല്‍ പഠനപ്രക്രിയയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നല്ല.നിരന്തര വിലയിരുത്തല്‍ അസാധ്യവുമല്ല.
  • കുട്ടിക്ക് കൃത്യമായ തിരിച്ചറിവ് ലഭിക്കത്തക്ക വിധമായിരിക്കണം വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍ ( സ്വയം വിലയരുത്തലായാലും പരസ്പര വിലയിരുത്തലായാലും അധ്യാപികയുടെ വിലയിരുത്തലായാലും)
  • പ്രക്രിയാധിഷ്ഠിതമായ അധ്യയനക്കുറിപ്പെഴുതാതെ നിരന്തരവലിയിരുത്തല്‍ പൂര്‍ണമാകില്ല.
  • ജനാധിപത്യപരമായ സമീപനം നിരന്തരവിലയിരുത്തലിനെ സഹായിക്കുന്ന ഘടകമാണ്
  • കൂടുതല്‍ നല്ല പഠനനിലവാരം ലഭിക്കുന്നില്ലെങ്കില്‍ ആ ക്ലാസില്‍ നിരന്തര വിലിയിരുത്തല്‍ നടന്നില്ലെന്നു വ്യക്തം.
  • എല്ലാ നിലവാരത്തിലുളള കുട്ടികള്‍ക്കും പ്രയോജനം ചെയ്യണം നിരന്തരവിലയിരുത്തല്‍
ചോദ്യങ്ങള്‍
  1. നിരന്തരവിലയിരുത്തല്‍ ഉള്‍ച്ചേര്‍ന്ന, പ്രക്രിയാ വിടവില്ലാത്ത, എല്ലാ കുട്ടികളേയും പരിഗണിക്കുന്ന ടീച്ചിംഗ് മാന്വലാണോ പരിശീലനത്തില്‍ പരിചയപ്പെടുത്തിയത്?
  2. മോ‍ഡ്യൂള്‍ സങ്കല്പപ്രകാരമുളള ടീച്ചിംഗ് മാന്വല്‍ എന്നതിനു പകരം യാന്ത്രികമായി തന്നിഷ്ട ടീച്ചിംഗ് മാന്വല്‍ എഴുതുന്നതിന്റെ യുക്തി എന്താണ്?
  3. ഓരോ പോര്‍ട്ട് ഫോളിയോയ്ക്കും അതിന്റേതായ ഗുണനിലവാര സവിശേഷതകളില്ലേ?അപ്പോള്‍ അവയെല്ലാം പരിഗണിച്ച് പോര്‍ട്ട് ഫോളിയോയ്ക്ക ഗ്രേഡിടേണ്ടതുണ്ടോ? എങ്കില്‍ എന്തിന്?
  4. നിരന്തര വിലയിരുത്തലും മെന്ററിംഗും എങ്ങനെ ബന്ധപ്പെടുന്നു?
  5. പ്രശ്നപരിഹാരക, അനുഭവജ്ഞാനമുളളയാള്‍, പഠനപങ്കാളി, ജനാധിപത്യവാദിയായ സംഘനേതാവ്, മെന്റര്‍ എന്നീ നിലകളില്‍ മുകളില്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍ അധ്യാപിക പ്രവര്‍ത്തിച്ചിട്ടുണ്ടോ?
  6. തന്റെ ഗവേഷണാത്മക പ്രവര്‍ത്തനം തുടരണമെന്ന് അധ്യാപിക തിരുമാനിക്കേണ്ടതുണ്ടോ?
  7. ഇത്തരം അനുഭവങ്ങള്‍ അക്കാദമമിക സ്ഥാപനങ്ങള്‍ അറിയുന്നുണ്ടോ? വിലമതിക്കുന്നുണ്ടോ? പങ്കിടുന്നതിനുളള ഉപജില്ലാതല വേദികളെങ്കിലും സൃഷ്ടിക്കപ്പെടുന്നുണ്ടോ?
  8. ബദല്‍വേദികള്‍ ആലോചിച്ചു കൂടേ?
  9. ( പത്താമത്തെ ചോദ്യം നിങ്ങള്‍ ചോദിക്കേണ്ടത്)
...........................................................................................
  മുന്‍ ലക്കം വായിക്കാന്‍ 
അടുത്ത ലക്കങ്ങളില്‍
  • നിരന്തര വിലിയരുത്തലിനുളള ഉപാധികള്‍
  • പഠനേട്ടവും പഠനോദ്ദേശ്യങ്ങളും സ്പഷ്ടീകരണങ്ങളും പാഠ്യപദ്ധതി പ്രസ്താവനകളും
  • അവകാശാധിഷ്ഠിത വിദ്യാലയം ആഗോളസങ്കല്പം
  • ആക്ടീവ് ലേണിംഗ് എന്നാലെന്താണ്?
  • മിന്നാമിന്നിയും പൂത്തിരിയും പുതിയ പുസ്തകങ്ങളും.. താരതമ്യം.
  • അധ്യാപകസഹായി എങ്ങനെയാകണം?