Pages

Monday, June 2, 2014

പാഠം 1 ഞാറനീലികാണി യുപിഎസ്

പ്രവേശനോത്സവ ദിനത്തില്‍ ഈ വിദ്യാലയത്തെ മാനിക്കാം.വിജേഷ് ചൂടലിന്റെ കുറിപ്പ് വായിക്കൂ.
ആമുഖം
പശ്ചിമഘട്ട താഴ്വരയിലെ ആദിവാസിമേഖലയിലുള്ള ഞാറനീലികാണി ഗവണ്‍മെന്റ് യുപി സ്കൂളിനെക്കുറിച്ചാണ് ഈ കുറിപ്പ്. തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമ്മല പഞ്ചായത്തിലെ ഈ സ്കൂളില്‍ 237 കുട്ടികള്‍. അവരില്‍ 198 ആദിവാസികള്‍. അച്ഛനും അമ്മയുമില്ലാത്ത ഇരുപതോളം പേര്‍. അച്ഛന്‍ ഒപ്പമില്ലാത്തതോ ഉപേക്ഷിച്ചുപോയതോ ആയ അമ്പതോളം പേര്‍ വേറെയും. മിക്കവരുടെയും വീടുകളില്‍ അര്‍ധപട്ടിണി. പ്രതിസന്ധികളുടെയും പ്രാരാബ്ധങ്ങളുടെയും ആഴക്കടലില്‍ പകച്ചുനിന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിനാകെ മാതൃകയാണ്. വിദ്യാലയങ്ങളില്‍ നാളെ നവാഗതരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ പാഠം വായിക്കാം. വിദ്യാഭ്യാസമെന്നാല്‍ പുസ്തകത്തിന്റെ പകര്‍ത്തിയെഴുത്ത് മാത്രമല്ലെന്ന് തെളിയിച്ച് ഒരു വിദ്യാലയം ഗ്രാമത്തിന്റെയാകെ വിളക്കായി മാറിയ ഒന്നാംപാഠം.


  •  അധ്യാപകന്റെ നിശ്ചയദാര്‍ഢ്യവും നാട്ടുകാരുടെ നല്ലമനസ്സും
    കുറച്ചുവര്‍ഷംമുമ്പുവരെ മറ്റു സ്കൂളുകളെപ്പോലെ ഒരു സാധാരണ വിദ്യാലയമായിരുന്നു ഞാറനീലികാണി യുപിഎസും. അധ്യാപക ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട വേളയില്‍ വേണുകുമാരന്‍നായര്‍ എന്ന മനുഷ്യന്‍ ഇവിടെ ഹെഡ്മാസ്റ്ററായി എത്തുന്നതുവരെ. ഈ അധ്യാപകന്റെ നിശ്ചയദാര്‍ഢ്യവും നാട്ടുകാരുടെ നല്ലമനസ്സുമാണ് ഇന്ന് ഞാറനീലിയില്‍ കാണുന്ന വേറിട്ട നന്മകള്‍ക്ക് ആധാരം. 80 വയസ്സടുക്കുന്ന ഈ പഴയ സ്കൂളില്‍ വേണുസാറിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനം പുതിയ മാതൃകയാണ്. അനുകരണീയമായ വലിയ മാതൃക. ----------
    ആദ്യം ഭക്ഷണം, പിന്നെ പഠനം
    വനാതിര്‍ത്തിയില്‍ ആരാലും ശ്രദ്ധിക്കാതിരുന്ന സ്കൂളില്‍ രാവിലത്തെ അസംബ്ലി നിര്‍ബന്ധമാക്കുകയാണ് ഹെഡ്മാസ്റ്ററായി എത്തിയ വേണുസാര്‍ ആദ്യംചെയ്തത്. മരങ്ങള്‍നിറഞ്ഞ മുറ്റത്തെ ഇലച്ചാര്‍ത്തിന്റെ ശീതളിമയിലും കുട്ടികള്‍ കുഴഞ്ഞുവീഴുന്നത് പതിവായി. ഒന്നും രണ്ടുമല്ല, ആറും ഏഴും കുട്ടികള്‍ ഓരോ ദിവസവും വീണുകൊണ്ടിരുന്നു. ഇതിന്റെ കാരണമന്വേഷിച്ച അധ്യാപകനു മുന്നില്‍ ആദിവാസിജീവിതത്തിന്റെ ദുരിതചിത്രമാണ് തെളിഞ്ഞത്. തന്റെ വിദ്യാര്‍ഥികളില്‍ നാലിലൊന്നും രാവിലെ പട്ടിണിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒഴിഞ്ഞവയറുമായി ഏഴും എട്ടും കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് കുട്ടികള്‍ സ്കൂളിലെത്തുന്നതുതന്നെ ഉച്ചക്കഞ്ഞിക്കുവേണ്ടിയായിരുന്നു. എന്തുകൊണ്ട് ഈ കുട്ടികള്‍ക്ക് രാവിലെ കഴിക്കാനെന്തെങ്കിലും നല്‍കിക്കൂടെന്ന വേണുസാറിന്റെ ചിന്തയാണ് രണ്ടുവര്‍ഷത്തോളമായി വിജയകരമായി നടപ്പാക്കുന്ന പ്രഭാതഭക്ഷണപദ്ധതിയിലേക്ക് നയിച്ചത്. ആദ്യം ഭക്ഷണം, പിന്നെ പഠനം എല്ലാ സ്കൂളുകളിലും വിഭവങ്ങള്‍ നിറഞ്ഞ ടിഫിന്‍ബോക്സുമായാണ് കുട്ടികള്‍ പോവുക. ഈ സ്കൂളില്‍ കാര്യം വ്യത്യസ്തമാണ്. ഇവിടേക്ക് ഒരു കുട്ടിയും ഭക്ഷണവുമായി എത്തുന്നില്ല. പലരും മടങ്ങുന്നത് ചോറ്റുപാത്രം നിറയെ ഭക്ഷണവുമായാകും. സ്കൂളിന്റെ പ്രധാന കെട്ടിടത്തിനുമുന്നില്‍ ഓരോദിവസത്തെയും വിഭവക്രമം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇഡ്ഡലിയും സാമ്പാറും, പുട്ടും കടലയും അങ്ങനെ ഓരോദിവസവും ഓരോ വിഭവങ്ങള്‍. ആദ്യം അധ്യാപകരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് തുടക്കമിട്ട പ്രഭാതഭക്ഷണപരിപാടി തിരുവനന്തപുരത്തെ ജിജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായംകൂടി ലഭ്യമായതോടെ കൂടുതല്‍ വിപുലമാക്കാനായി. സര്‍ക്കാര്‍ഫണ്ടിനൊപ്പം മറ്റു സഹായങ്ങളും കൂട്ടിച്ചേര്‍ത്ത് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. ആദിവാസിമേഖലയുടെ അത്താഴപ്പട്ടിണിക്കും പരിഹാരം കാണാന്‍ വേണുസാര്‍ തന്നാലാകുന്നത് ചെയ്തു. വലിയമല എല്‍പിഎസ്സിയിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ സ്പെയ്സ് കെയര്‍ ഗ്രൂപ്പിന്റെ സഹായത്തോടെ സായാഹ്നഭഭക്ഷണം ഏര്‍പ്പെടുത്തി. ആവശ്യമുള്ള കുട്ടികള്‍ക്ക് ഭക്ഷണം വീട്ടില്‍ കൊണ്ടുപോകാനുള്ള അവസരവും നല്‍കി.
    രാവിലെ ഏഴരയ്ക്ക് പ്രധാനാധ്യാപകന്‍ സ്കൂളിലെത്തും. ആദ്യം പാചകപ്പുരയിലെ സ്ഥിതി വിലിയിരുത്തും. പിന്നീടേ ഓഫീസ്റൂമിലേക്കുള്ളൂ. എട്ടുമുതല്‍ ഒമ്പതരവരെ പ്രത്യേക ക്ലാസുണ്ട്. പഠനനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ രണ്ടു ബാച്ചായി തിരിച്ചാണ് ക്ലാസ്. ഒമ്പതരയ്ക്ക് ഈ ക്ലാസ് അവസാനിച്ചശേഷം കുട്ടികളും അധ്യാപകരും ഒന്നിച്ചിരുന്ന് പ്രാതല്‍. 
  •  വേണുസാറിന്റെ നമ്പരുകള്‍
  •  ഈ സ്കൂളിലെത്തുന്ന എല്ലാവരും സമ്മതിക്കും കുട്ടികള്‍ക്ക് നല്ല അടുക്കുംചിട്ടയുമാണെന്ന്. വേണുസാറിന്റെ ചില നമ്പരുകളാണ് ഇതിനു കാരണം. ഭക്ഷണം കഴിക്കാന്‍ ഓരോ കുട്ടിക്കും ഓരോ പാത്രവും ഗ്ലാസുമുണ്ട്. ഇവയില്‍ കുട്ടിയുടെ ക്ലാസും നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം പാത്രം കഴുകിവൃത്തിയാക്കി വയ്ക്കേണ്ടത് കുട്ടിയുടെ കടമ. ഇതില്‍ വീഴ്ചവരുത്തിയാല്‍ നമ്പര്‍ നോക്കി കുട്ടികളെ വേണുസാര്‍ പിടികൂടും. എല്ലാവര്‍ക്കും മികച്ച ജ്യോമെട്രി ബോക്സുകള്‍ സ്കൂളിലുണ്ട്. ഇവയിലും കുട്ടികളുടെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ ബോക്സുകള്‍ യഥാസ്ഥാനത്ത് തിരികെവയ്ക്കണം. വീട്ടില്‍ കൊണ്ടുപോകേണ്ട ആവശ്യമുണ്ടെങ്കില്‍ അധ്യാപകരുടെ അനുവാദത്തോടെയാകാം.
    അര്‍ബുദരോഗികള്‍ക്ക് ഒരു കൈത്താങ്ങ് 
    2012 ഒക്ടോബര്‍. വേണുസാറിന്റെ ഭാര്യ ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന സമയം. കൂട്ടിരിപ്പിന്റെ ഇടവേളയിലൊന്നില്‍ സ്കൂളിലെത്തിയ സാര്‍ ആറാംക്ലാസിലെ ഒരു കുട്ടി അഞ്ചുദിവസമായി എത്തുന്നില്ലെന്നു മനസ്സിലാക്കി. ഊരിലെ കുട്ടിയുടെ കൂര തേടിപ്പോയി ഈ അധ്യാപകന്‍. കൊടിയ ദാരിദ്ര്യത്തിലാണ്ട ആ ചെറുപുരയില്‍ അര്‍ബുദബാധിതനായ കൃഷ്ണന്‍കാണി കഞ്ഞികുടിക്കാന്‍പോലും വഴിയില്ലാതെ നരകിക്കുന്നു. വിവിധ ഊരുകളിലായി പതിനഞ്ചോളം അര്‍ബുദരോഗികളുടെ അവസ്ഥ ഇതാണെന്ന് വേണുസാര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് സ്കൂളിലെ ക്യാന്‍സര്‍ കൂട്ടായ്മയിലേക്ക് നയിച്ചത്.
    എല്ലാ മാസവും ആദ്യശനിയാഴ്ച ഗ്രാമത്തിലെ അര്‍ബുദരോഗികളും കുടുംബാംഗങ്ങളും സ്കൂള്‍ അങ്കണത്തിലെ ആല്‍ച്ചുവട്ടില്‍ ഒത്തുചേരും. ജനപ്രതിനിധികളും സാംസ്കാരികപ്രവര്‍ത്തകരും ചടങ്ങിനെത്തും. എല്ലാവരെയും സ്വീകരിക്കുന്നതും ചായവിളമ്പുന്നതും പാട്ടുപാടി രസിപ്പിക്കുന്നതുമൊക്കെ കുട്ടികളുടെ സംഘം. ഓട്സ്, മാതളം, ആപ്പിള്‍, ഹോര്‍ലിക്സ്, ബിസ്കറ്റ് എന്നിവയ്ക്കു പുറമെ പത്തു കിലോ അരിയും രോഗികള്‍ക്ക് വിതരണംചെയ്യും. ഓരോ മാസവും ഇതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തും. 2012 നവംബറില്‍ ആരംഭിച്ച പ്രതിമാസ പരിപാടി ഇതുവരെയും മുടങ്ങിയിട്ടില്ല.
     പുസ്തകപൊലീസും ബുക്ക് ക്ലിനിക്കും 
    കുട്ടികള്‍ പുസ്തകങ്ങള്‍ നേരാംവണ്ണം സൂക്ഷിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു പൊലീസ് സേന സ്കൂളിലുണ്ട്. ഏതു സമയത്തും ഈ കുട്ടിപ്പൊലീസ് ക്ലാസുകളില്‍ പരിശോധന നടത്തും. കീറിത്തുടങ്ങുന്ന പുസ്തകങ്ങള്‍ പിടിച്ചെടുക്കും. അവ ഒട്ടിച്ച് നേരെയാക്കാനും ബയന്റുചെയ്ത് വൃത്തിയാക്കി തിരികെ നല്‍കാനും കുട്ടികള്‍തന്നെ നേതൃത്വം നല്‍കുന്നതാണ് ബുക്ക് ക്ലിനിക്. ശുചിത്വപൊലീസ്  
  • കുളിക്കാതെയും വൃത്തിഹീനമായ വസ്ത്രമണിഞ്ഞും ഈ സ്കൂളില്‍ ഇപ്പോള്‍ ഒരു കുട്ടിയും എത്താറില്ല. അങ്ങനെയെത്തുന്നവരെ കൈയോടെ പിടികൂടാന്‍ വേണുസാര്‍ ശുചിത്വ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടങ്ങുന്ന സംഘം എല്ലാ ക്ലാസിലും വിദ്യാര്‍ഥികളെ പരിശോധിക്കും. ഈ പൊലീസ് സേനകളുടെ പ്രവര്‍ത്തനം കുട്ടികളെ നല്ലരീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
    നാട്ടുവൈദ്യം
      സാധാരണ സ്കൂളുകളിലെപ്പോലെ പാരസെറ്റമോളും ബീറ്റാഡീനുമൊന്നുമില്ല ഇവിടത്തെ ഫസ്റ്റ് എയ്ഡ് ബോക്സില്‍. പക്ഷേ, പനി, ചുമ, ജലദോഷം... രോഗം ഏതായാലും സ്കൂളില്‍ മരുന്നുണ്ട്. കളിക്കിടയില്‍ വീണ് മുറിവേറ്റാലും നേരത്തോടുനേരംകൊണ്ട് സുഖപ്പെടുന്ന സാക്ഷാല്‍ നാട്ടുവൈദ്യം. സമീപത്തെ ഊരിലെ വംശീയ വൈദ്യന്മാരായ അപ്പുക്കുട്ടന്‍കാണിയും ഈച്ചരന്‍കാണിയുമാണ് അഗസ്ത്യാദി തൈലവും എണ്ണകളും അടക്കമുള്ള പച്ചമരുന്നുകള്‍ സ്കൂളിന് സൗജന്യമായി നല്‍കുന്നത്. ഊരില്‍ ഒരു പെട്ടി 
  • ആദിവാസിമേഖലയില്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ പലപ്പോഴും തുറന്നുപറയാന്‍ അവര്‍ക്ക് കഴിയാറില്ല. ഇതിന് അവസരമൊരുക്കാന്‍ എല്ലാ ഊരിലും ഓരോ പരാതിപ്പെട്ടി സ്കൂളിന്റെ മുന്‍കൈയില്‍ സ്ഥാപിച്ചു. ഇതില്‍ വീഴുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നു.
    • മഹാന്മാരുടെ ഓര്‍മയ്ക്കായി തൈകള്‍ നടുന്ന ഓര്‍മമരം, 
    •  മലമ്പാട്ടിനെ പ്രോത്സാഹിപ്പിക്കാന്‍ നാട്ടറിവ് കലാസംഘം, 
    • പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന സഹായഹസ്തം,
    •  ഭാഷാവികാസത്തിനായി എന്റെ പദം,
    •  നാടകക്ലബ്, 
    • പച്ചക്കറിക്കൃഷി തുടങ്ങിയ നിരവധി പദ്ധതികള്‍ വേറെയും നടക്കുന്നു.
     ക്യാമ്പസ് റിക്രൂട്ട്മെന്റുള്ള യുപിഎസ് 
  • പുതിയ അധ്യയനവര്‍ഷത്തില്‍ പല പുതിയ പദ്ധതികളും വേണുസാറിന്റെ മനസ്സിലുണ്ട്. അതിനായി പലരെയും കണ്ടുവച്ചിട്ടുമുണ്ട്. തന്റെ സ്കൂളില്‍നിന്ന് പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുകയെന്ന വലിയ സ്വപ്നമാണ് അതിലൊന്ന്. ടെക്നോപാര്‍ക്കിലെ "അറൈവ മെഡ് ഡേറ്റ ഇന്‍ഫോടെക് ലിമിറ്റഡ്";എന്ന കമ്പനി ഇതിന് സന്നദ്ധത പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. എല്‍കെജിമുതല്‍ കുട്ടികള്‍ക്ക് അവര്‍ സ്പോക്കണ്‍ ഇംഗ്ലീഷിന് പ്രത്യേക ക്ലാസ് നല്‍കും. ഏഴാംക്ലാസ് പാസായശേഷവും ഇത് തുടരാനും തൊഴില്‍പരിശീലനത്തിനും അവസരമൊരുക്കും. ഹയര്‍സെക്കന്‍ഡറി പാസാകുമ്പോള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുഴുവന്‍ ജോലി നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. മികച്ച കുട്ടികള്‍ക്ക് മാസത്തില്‍ നൂറുരൂപവീതം സ്കോളര്‍ഷിപ്പും കമ്പനി വാഗ്ദാനംചെയ്തിട്ടുണ്ട്. ഈ പദ്ധതി വിജയത്തിലെത്തിയാല്‍ ക്യാമ്പസ് റിക്രൂട്ട്മെന്റുള്ള ഏക യുപി സ്കൂളെന്ന ഖ്യാതിയും ഞാറനീലികാണിയിലേക്കെത്തും. 
  • സ്കൂളില്‍ കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ഒരു ലക്ഷം രൂപ അനുവദിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കിയിട്ടുണ്ട്. 
  • 60 വയസ്സ് പിന്നിട്ട രോഗികള്‍ക്ക് ആശ്വാസമേകാനായി ഹെല്‍പ്പ്ഡെസ്കും അധികം വൈകാതെ സ്കൂളില്‍ നിലവില്‍വരും.
  • സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നി ലയണ്‍സ് ക്ലബ്ബും പങ്കജകസ്തൂരി തുടങ്ങിയ സ്ഥാപനങ്ങളും ഒട്ടേറെ പ്രമുഖ വ്യക്തികളും സഹായഹസ്തം നീട്ടിയിട്ടുണ്ട്. 
  • വിവാഹവാര്‍ഷികം, മക്കളുടെ പിറന്നാള്‍ തുടങ്ങിയ ദിനങ്ങളില്‍ സ്കൂളില്‍ ഭക്ഷണം നല്‍കാന്‍ സന്നദ്ധരായി ഇപ്പോള്‍ ധാരാളം പേര്‍ എത്തുന്നു. വിദേശത്തുനിന്നൊക്കെ എത്തുന്ന പൂര്‍വവിദ്യാര്‍ഥികളെയും മറ്റു പ്രമുഖരെയും കണ്ട് സ്പോണ്‍സര്‍ഷിപ് സ്വരൂപിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണുസാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പണമില്ലാതെ വരുമ്പോള്‍ സ്വന്തം ശമ്പളത്തില്‍നിന്ന് ഒരുവിഹിതം സ്കൂളിനായി നീക്കിവയ്ക്കും. 
  • ചിട്ടയായ പ്രവര്‍ത്തനം അക്കാദമിക് നിലവാരം ഉയര്‍ത്തിയതിന് തെളിവേറെ. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപിച്ച ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് ഇവിടെനിന്ന് വല്ലപ്പോഴും ഒരു കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ എല്ലാവര്‍ഷവും ഐടിഡിപി പരീക്ഷയില്‍ പത്തും പതിനഞ്ചും പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കും കഠിനമായ പ്രവേശനപരീക്ഷ താണ്ടി ഇതാദ്യമായി ഞാറനീലികാണിയിലെ കുട്ടികളെത്തി. ഓരോരുത്തരും ഓരോരുത്തരായി നില്‍ക്കുമ്പോള്‍ കൂട്ടായ്മയുടെ വഴിയിലേക്ക് കുട്ടികളെ നയിക്കാനും സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനുമാണ് തന്റെ ശ്രമമെന്ന് വേണുകുമാരന്‍നായര്‍ പറയുന്നു. താനുള്‍പ്പെടുന്ന കെഎസ്ടിഎ അടക്കമുള്ള സംഘടനകളും മേലുദ്യോഗസ്ഥരും മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഒന്നായിട്ടും ട്രൈബല്‍ സ്കൂള്‍ എന്ന പദവി ഞാറനീലികാണി യുപിഎസിനില്ല. സംസ്ഥാനത്തിനാകെ മാതൃകയാകുമ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് ഈ വിദ്യാലയം. പ്യൂണ്‍ തസ്തിക രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു. അടിസ്ഥാനസൗകര്യവികസനവും അത്യാവശ്യമായിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ പാണ്ടിക്കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ഇനിയും കനിഞ്ഞിട്ടില്ല. ഗണിതമാന്ത്രികന്‍ അധ്യാപകവൃത്തിയില്‍ വേണുസാര്‍ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അച്ഛന്റെ മര്‍ദനം സഹിക്കാനാകാതെ പഠനം മതിയാക്കി അമ്മവീട്ടിലേക്ക് പോയ മൂന്നാംക്ലാസുകാരിയെ കന്യാകുമാരിവരെ പോയി മടക്കിക്കൊണ്ടുവന്നതടക്കം ഒട്ടേറെ അനുഭവങ്ങള്‍ ഇതിനിടെയുണ്ട്. കഥകളിലൂടെയും കളികളിലൂടെയും ഗണിതത്തെ രസകരമാക്കുന്ന മികച്ച അധ്യാപകനെന്ന ഖ്യാതി വളരെ നേരത്തേ അദ്ദേഹം സ്വന്തമാക്കി. 
  • ഗണിതമാന്ത്രികന്‍
  • ഭിന്നങ്ങള്‍- ഒരു ആത്മകഥ, ഗുണനം രസകരംഎന്നിവ അദ്ദേഹത്തിന്റെ ഗണിതപുസ്തകങ്ങള്‍. ജന്മദേശമായ ഭരതന്നൂരിലെ മാത്തമാറ്റിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് സെന്ററിന്റെ സ്ഥാപകന്‍.
    -വിജേഷ് ചൂടല്‍ 
    (ദേശാഭിമാനി വാരാന്തപ്പതിപ്പ് 2014 June 1 )

2 comments:

പ്രതികരിച്ചതിനു നന്ദി