Pages

Wednesday, June 25, 2014

കുട്ടികളുടെ മനസ് ആകര്‍ഷിക്കുന്ന കാന്തമാകണം വിദ്യാലയം.


1.വിദ്യാലയത്തിലെ കുറ്റവാളികള്‍
ഉച്ചനേരം ഒരു വിദ്യാലയത്തില്‍ ഓഫീസുറൂമില്‍ ഇരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് സംഭവം
മൂന്നു നാലു കുട്ടികള്‍ ഒരു തൊണ്ടിസാധനവുമായി വന്നു
"ടീച്ചറേ ,ദേ ഇതിവന്‍ കൊണ്ടുവന്നതാ..”
അവര്‍ സച്ചിന്‍ എന്ന പേരുളള പ്രതിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സച്ചിന്‍ ആകെ കരുവാളിച്ചിരിക്കുന്നു. ഭയം മുഖത്ത്.
"എന്താ കൊണ്ടു വന്നത്?”
ഞാന്‍ ചോദിച്ചു
"സര്‍ ഇവന്‍ കാന്തം കൊണ്ടു വന്നു"
"വീട്ടീന്ന് ഒരു സാധനോം ക്ലാസില്‍ കൊണ്ടുവന്നു കൂടാ.”.അടുത്തയാള്‍ എന്നെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
"ഞാനീ കാന്തമൊന്നു നോക്കട്ടെ"
കാന്തം വാങ്ങി. ഞാന്‍ സച്ചിനെ വളിച്ചു. അവനാകട്ടെ നിധി നഷ്ടപ്പെട്ടതിലും പിടിക്കപ്പെട്ടതിലും ഭരണഘടനയോട് അനാദരവ് കാട്ടിയതിലും ചളുങ്ങി നില്‍ക്കുകയാണ്.
"മോനേ ഈ സാധനം എന്തിനാ?”
"സാര്‍ ഇതു മണ്ണിലിട്ടാല്‍ ഇരുമ്പു കിട്ടും?”
"ഉവ്വോ? എങ്ങനെ ?”
അവന്‍ വാചാലനായി. പിന്നെ കാന്തം ഏതിലൊക്കെ പ്രവര്‍ത്തിക്കുമെന്നു വിശദീകരിച്ചു
ഞാന്‍ ചോദിച്ചു "നാളെ ആസംബ്ലിയില്‍ നിനക്ക് കാന്തം കൊണ്ടുളള പരീക്ഷണങ്ങള്‍ കാണിക്കാമോ?”
"ഉം..”
"ഒരെണ്ണം പറ"
"സെറ്റീപ്പെന്‍ വാലേ വാലേ തൂക്കാം സാര്‍"
"ശരി. ടീച്ചറേ, ഇവനാണ് നാളെ അസംബ്ലിയിലെ താരം"
ടീച്ചര്‍ സമ്മതിച്ചു
സച്ചിന്‍ വിശ്വാസം വരാതെ നോക്കി. അവന്റെ വീട്ടില്‍ ലൊട്ടിലൊടുക്കു സാധനങ്ങളുടെ വലിയ ഒരു ശേഖരമുണ്ടത്രേ. മിടുക്കന്‍..
ഇന്നലെ അറിഞ്ഞു അസംബ്ലിയില്‍ സച്ചിന്‍ ഗംഭീരപ്രകടനം കാഴ്ചവെച്ചെന്ന്.
കുട്ടികളുടെ മനസ് ആകര്‍ഷിക്കുന്ന കാന്തമാകണം വിദ്യാലയം.

2.പ്രഥമാധ്യാപികയുടെ സങ്കടം
ഇന്നലെ ഒരു പ്രഥമാധ്യാപിക പറയുകയാണ് "സാറേ ഇപ്പോഴത്തെ പിളളാരുടെ ഓരോ പണികളു കാണുമ്പോള്‍ സങ്കടം തോന്നും. ഞാന്‍ നോക്കിയപ്പോള്‍ പൂതം പോലെ രണ്ടു കുട്ടികള്‍. മാര്‍ക്കര്‍ പേന എടുത്ത് ദേഹമാസകലം വരച്ച് കരീം ചാരോം തേച്ച് നില്‍ക്കുന്നു. വെളുത്ത പിള്ളേരായിരുന്നു. അവരുടെ ആ നിറം മാത്രം കാണാനില്ല!മുഖത്തും ചുട്ടീം പുളളീം..ഞാന്‍ ഉടനേ വീട്ടുാകരെ വളിച്ചു. ദേ നിങ്ങടെ പിളളാരേ കൊണ്ടു തോറ്റു. വേഗം കൊണ്ടുപോയി വല്ല സര്‍ഫിലോ മറ്റോ ഇട്....”



"ഹോ! ടീച്ചറേ ഒരവസരം കളഞ്ഞല്ലോ? അവരെന്താ ചെയ്തതെന്നു ടീച്ചര്‍ ചോദിച്ചോ? ലോകകപ്പ് നടക്കുകയല്ലേ. ദേഹമാകസലം വരേം കൊരേമായി ആളുകള്‍ തുളളുന്നത് അവര്‍ കണ്ടിട്ടുണ്ടാകാം. അതനുകരിച്ചതാമെങ്കിലോ? അതുമല്ല വേറേ ഏതെങ്കിലും ടി വി പരിപാടികളിലെ വേഷം കെട്ടിയതാണോ? അതോ ഭാവനയില്‍ കണ്ട ഏതോ കഥാപാത്രങ്ങളെ ആവിഷ്കരിച്ചതാണോ? ഒന്നും തിരക്കാതെ അവരെ കുറ്റവാളികളാക്കിയല്ലോ..ഞാനായിരുന്നെങ്കില്‍ ആഘോഷിച്ചേനേ. ആ സര്‍ഗാത്മക ഇടപെടലിനെ?:
എന്റെ പ്രതികരണം ടീച്ചറെ തൃപ്തിപ്പെടുത്തിയില്ല
ഞാന്‍ പറഞ്ഞു
"പഴയതലമുറയുടെ ബാല്യാനുഭവം പുതിയതലമുറയില്‍ പ്രതീക്ഷിക്കരുത്. പുതിയബാല്യത്തെ സ്വാംശീകരിക്കൂ..”
ആ കുട്ടികളുടെ അധ്യാപകനാകാന്‍ കഴിയാത്തതില്‍ എനിക്കു വിഷമമുണ്ട്

3.ഉച്ചനേരം ഇനി എത്രനാള്‍?

ഈ ഫോട്ടോ എല്‍ പി ക്ലാസുകളിലെ ഉച്ചനേരാഹ്ലാദത്തെ പ്രതിഫലിപ്പിക്കുന്നു. ഉച്ചക്കഞ്ഞി കുടിച്ച് ഓടി ക്ലാസിലെത്തു. അപ്പോള്‍ കിട്ടുന്ന അരമുക്കാല്‍ മണിക്കൂറാണ് സര്‍ഗാത്മകസൗഹൃദത്തിന്റെ യഥാര്‍ഥ പാഠശാല.മനസുതുറന്നു പറയാനും കളിക്കാനും കുസ്‍ൃതിയും കുറുമ്പുംകാട്ടാനും കിട്ടുന്ന ഈ അവസരം എത്ര നാള്‍ എന്ന ചോദ്യം? ഉച്ചനേരത്തു മാത്രമാണ് കുട്ടികള്‍ അവരാകുന്നത്. പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതി വന്നപ്പോള്‍ മുതല്‍ അല്പം മാറ്റം വന്നുവെന്നത് നേരാണ്. പക്ഷേ ഇപ്പോള്‍ വീണ്ടും പലവിധ ഉളളടക്കങ്ങളുടെ പേരില്‍ സമയം കവര്‍ന്നെടുക്കുകയാണ്. കുട്ടികള്‍ക്കു മാത്രമല്ല നഷ്ടം. സ്റ്റാഫ് റൂം സൗഹൃദം . എല്ലാവരേയും ഒന്നിച്ചു കാണാനാവുക ഉച്ചസമയത്തു മാത്രമാകും. രാവിലെ ധൃതിയില്‍ വരും .ക്ലാസില്‍ പോകും.ആരെയും നേരാം വണ്ണം അഭിവാദ്യം ചെയ്യാന്‍ പോലും സമയം കിട്ടില്ല. ഉച്ചനേരത്താണ് ചില അധ്യാപികമാര്‍ ടീച്ചിംഗ് നോട്ടെഴുതുക. ചിലര്‍ക്ക് ലൈബ്രറിയില്‍ പോകാന്‍ , ചിലര്‍ക്ക് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, ചില വിദ്യാലയങ്ങളില്‍ എസ്‍ ആര്‍ ജി കൂടാന്‍, നെറ്റ് നോക്കാന്‍, അക്കാദമിക ചര്‍ച്ചകള്‍ക്ക്, സംഘടനാകാര്യങ്ങള്‍ക്ക്..വിദ്യാലയസമയം അതത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാന്‍ അനുവാദം കൊടുത്തുകൂടേ? എത്ര മണിക്കൂര്‍ ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നു നിര്‍ബന്ധിക്കാം. പ്രാദേശിക സാധ്യതയും സമ്മതവും കണക്കിലെടുത്ത് എട്ടര മുതലോ ഒമ്പതു മുതലോ തുടങ്ങി നേരത്തേ അവസാനിപ്പിക്കാനും അനുവദിക്കണം. സമയവഴക്കം ജനാധിപത്യപരമാകില്ലെന്നുണ്ടോ? സ്വയംഭരണകോളേജുകളെ ക്കുറിച്ചാലോചിക്കുന്ന സമയമാണ് വിദ്യാലയങ്ങളെ കെട്ടിയിടുന്നത്. എന്തായാലും  വ്യാപകചര്‍ച്ച ആവശ്യം.





No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി