Pages

Thursday, August 21, 2014

ഒന്നാം ക്ലാസുകാര്‍ പുതിയപാഠങ്ങള്‍ രചിക്കുന്നു..


കുട്ടികളുടെ പഠനത്തെക്കുറിച്ച് നമ്മള്‍ക്ക് എത്ര തെറ്റിദ്ധാരണകളാണുളളത്? നാലാം ക്ലാസിലെ പാഠം നാലാം ക്ലാസില്‍ വെച്ചു മാത്രമേ പഠിക്കാവൂ എന്നതാണ് ഒരു അന്ധവിശ്വാസം. മുതിര്‍ന്ന ക്ലാസിലെ കുട്ടികളില്‍ നിന്നും ഉയര്‍ന്ന പഠനാനുഭവം ഒരുക്കേണ്ടതില്ല എന്നത് മറ്റൊന്ന്.

അധ്യാപക പിന്തുണയുടെ ഭാഗമായി ഞാന്‍ നാലാം ക്ലാസിലെ ഒടുക്കത്തെ ഉറവ എന്ന പാഠം നാടകാവിഷ്കാരമെന്ന ലക്ഷ്യം കുട്ടികള്‍ക്ക് മുമ്പാകെ അവതരിപ്പച്ചാണ് തുടങ്ങിയത്. പഠിപ്പിച്ചത്.

ആദി മുതല്‍ അതിന്റെ ത്രില്‍ ക്ലാസില്‍ നിറഞ്ഞു നിന്നു. (നാടക സ്ക്രിപ്റ്റ് തയ്യാറാക്കിയ പ്രക്രിയ മുന്‍ ലക്കത്തില്‍ സൂചിപ്പിച്ചത് വായിക്കുക)

കുട്ടികളുടെ ഇഷ്ടവും അഭിപ്രായവും പരിഗണിച്ചു. അവര്‍ പറഞ്ഞു

  • വേഷം വേണം
  • കര്‍ട്ടന്‍ വേണം
  • കാണാനാളും വേണം

അങ്ങനെ ക്ലാസ് പി ടി എയുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ധാരണയായി.

കുട്ടികള്‍ ഇത് വീട്ടിലറിയിച്ചു. മേക്കപ്പ് ചെയ്യണം

അത് രക്ഷിതാക്കള്‍ ഏറ്റു.

മറ്റു കുട്ടികളും കാഴ്ചക്കാരായി

എല്ലാവര്‍ക്കും റോള്‍ കൊടുക്കാന്‍ അധ്യാപകരുടെ മേല്‍നോട്ടം

ഞാന്‍ ഉച്ചയ്ക് കാണുന്നത് നാലാം ക്ലാസ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും ഉത്സവക്ലാസ് ആയി മാറിയതാണ്

രണ്ടു മണിക്ക് നാടകം തുടങ്ങാന്‍ കാത്തിരിക്കുകയാണ് മൂന്നിലേയും രണ്ടിലേയും ഒന്നിലേയും പ്രീപ്രൈമറിയിലേയും കരുന്നുകള്‍

ഇടയ്ക് ചില വേഷങ്ങള്‍ സ്ക്രീനിനു പിന്നില്‍ നിന്നും എത്തി നോക്കും അപ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിക്കും

ഞാന്‍ കുട്ടികള്‍ക്കൊപ്പം തറയില്‍ ഇരുന്നു. അവരുമായി ചങ്ങാത്തം കൂടി.ഇത് പിന്നീട് ഗുണം ചെയ്തു.

നാടകം തീര്‍ന്നപ്പോള്‍ ഒന്നാം ക്ലാസിലെ കുട്ടികളോടൊപ്പം കൂടി

അവരോട് നാടകത്തെക്കുറിച്ച് ചോദിച്ചു. കഥ എന്താണ്?

അവര്‍ കഥപറയാനാരംഭിച്ചു

"ഒരിടത്ത് വെളളമില്ലായിരുന്നു

അന്നേരം രാജാവ് ..”

"വേണ്ട നമ്മുക്ക് കളിക്കാം"

കഥ പറച്ചില്‍ നിറുത്തി അവര്‍ തത്സമയനാടകാവതരണം തുടങ്ങി.

ആ നാടകം ഞാന്‍ മൊബൈലില്‍ പകര്‍ത്തി.

നിങ്ങളെ ആ ഒന്നാം ക്ലാസ് നാടകത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

*******

"മഹാരാജാവേ നമ്മുടെ നാട്ടില്‍ വെളളമില്ലാതായി"

"ഇനി എന്തുചെയ്യും?” ( രാജാവനോടൊപ്പം കാണികളും റാണിയുംകൂടി ഈ ഡയലോഗ് കാച്ചി)

"അറിയൂല"

"ഞാന്‍ പറഞ്ഞോട്ടെ"

"വേണ്ട"

"നീ അടിയന്‍" (ഭൃത്യനെന്തിനാണ് എപ്പോഴും അടിയന്‍ എന്നു പറയുന്നതിന്റെ കാരണമറിയാത്ത കുട്ടികള്‍ അവരുടെ പേര് അടിയന്‍ എന്നു തീരുമാനിച്ചു.അത് ഔചിത്യം തന്നെ)

"ടാ ,നീയും അടിയന്‍"

രാജാവിനോട് റാണി :"വിളിക്കെടീ " (രാജാവിന്റെ വേഷം അഭിനയിക്കുന്ന നടിയെ സംഭാഷണം പറഞ്ഞുകൊടുക്കുമ്പോള്‍ രാജാവേന്നു വിളിക്കാന്‍ പറ്റുമോ?)

""

"വിളിക്ക്”

"ആരെവിടെ?”

"അടിയന്‍"

"അടിയന്‍" ( രാജാവും ഏറ്റു പറഞ്ഞുപോകുന്നു)

"വെളളമുളളോരു കിണറു കണ്ടെത്തൂ"

" കല്പനപോലെ..

( താണുവണങ്ങിയുള്ള ആ പറച്ചില്‍ കേട്ട് രാജാവ് കൈകൊട്ടിച്ചിരിക്കുന്നു)


അടിയന്‍കുട്ടി പിറകിലേക്കു പോകുമ്പോള്‍ രാജാവ് ആസ്വദിച്ച് പറഞ്ഞു പോകുന്നു "കല്പനപോലെ..”

"വാ. നീ വാ"

രാജാവ് അടുത്ത കഥാപാത്രത്തെ രംഗത്തേക്കു വിളിക്കുന്നു

എല്ലാവരും കൂടി തളളി കൊണ്ടുവരുന്നു

"നീ ഒരു സന്തോഷ വാര്‍ത്ത, എന്നു പറയ്"

ഡയലോഗ് പറഞ്ഞുകൊടുക്കുന്നു

"ഒരു സന്തോഷ വാര്‍ത്ത"

"എന്തു വാര്‍ത്ത ?”

"വറ്റാത്ത കിണര്‍ കണ്ടെത്തി"

"വെളളമുളള ഒരു കിണര്‍ കണ്ടെത്തി" ( മറ്റൊരാള്‍ തിരുത്തിച്ചേര്‍ത്തു)

"വറ്റാത്ത എന്നു വേണം" (റാണിപ്പട്ടം കെട്ടിയ കുട്ടി ഉറപ്പിച്ചു പറഞ്ഞു)

"....വറ്റാത്ത"

"ജനങ്ങളെല്ലാം അങ്ങോട്ടു പോയി “( റാണി പറഞ്ഞുകൊടുക്കുന്നു)

"ജനങ്ങളെല്ലാം അങ്ങോട്ടു പോയി"

രാജാവ്: " നമ്മക്കും പോകാം അങ്ങോട്ട്"

മറുപടി വൈകിയപ്പോള്‍ എല്ലാവരും ഇപെടുന്നു

കല്പനപോലെ എന്നു പറയിക്കുന്നു.

"രാജഗുരവിന്റെ അടുത്തുപോകാം"

രാജാവ് സിംഹാസനത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നു

"ഞാനാണ് രാജഗുരു" എന്ന് ഒരാള്‍ സ്വയം പ്രഖ്യാപിക്കുന്നു

അതുവരെ അടിയനായി അഭിനയിച്ച കുട്ടി രാജഗുരുവിന്റെ സ്ഥാനം ബലമായി കയ്യടക്കുന്നു. കസേരയില്‍ കയറി ഇരിക്കുന്നു

രാജാവ് എത്തി "ഡും ഡും രാജാവു വരുന്നു" എന്നു പറയാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നു

കസേരയിലിരിക്കുന്ന രാജഗുരുവിനെ പിടിച്ചിറക്കി "നീ ഡും ഡും പറയെടാ "എന്നു നിര്‍ദ്ദേശിക്കുന്നു

അവനെ പ്രലോഭിപ്പിക്കുന്നു "നീ പറ... ഡും ഡും രാജാവു വരുന്നു..”


റാണിയും അവനോട് പറയുന്നു

റോള്‍ മോശമല്ലെന്നു തോന്നിയ അവനാകട്ടെ അത്

"പറേടാ"

"രണ്ടു പ്രാവശ്യം പറേണം" എന്നു രാജാവ് വിരലുയര്‍ത്തി ആവശ്യപ്പെടുന്നു.

"ഡു ഡും രാജാവ് വരുന്നു" എന്നു തുളളി തുളളിച്ചാടിപ്പറഞ്ഞു.

അവന്റെ തുളളിച്ചാട്ടം കണ്ട് ഒരാള്‍ ഓടി വന്ന് പിടിച്ചു നിറുത്തുന്നു

അവനെ രംഗത്തു നിന്നും തളളിമാറ്റുന്നു.

"മാറി നില്‍ക്ക്"

ഒരു കഥാപാത്രം കടന്നു വരികയും കസേരയില്‍ തട്ടി താഴെ വീഴുകയുംചെയ്യുന്നു

എല്ലാവരും കൂടി പിടിച്ചെഴുന്നേല്‍പ്പിക്കുന്നു

ആ വീഴ്ച കണ്ട് രാജഗുരുവാകാന്‍ തയ്യാറായ കുട്ടി ചിരിച്ചു പോകുന്നു

"കൊട്ടാരത്തിനുളള വെളളം കോരി"

"അവരുമെടുക്കട്ടെ'

"നീ ലൈനായിട്ടു നിറുത്തവരെ" ( എന്താണ് ഇനി അഭിനയിക്കേണ്ടതെന്നു രാജാവ് പറഞ്ഞുകൊടുക്കുന്നു)

ഒരാളെ കസേരയില്‍ പിടിച്ച് ഇരുത്തുന്നു. അതു കണ്ട അടിയന്‍കുട്ടി കടുപ്പിച്ചു പറയുന്നു.

" നീ മാറെടീ"

"രാജഗുരുവാ ഇത്" ( രാജാവ് വേഷത്തെ നിര്‍വചിക്കുന്നു)

രാജഗുരവിന് നാണം.ഒരാള്‍ ഗുരുവിന്റെ മടിയില്‍ ഒരു ബുക്ക് വെച്ചു ( ബുക്കല്ലേ ഗുരുവിന്റെ അടയാളം?അതവര്‍ക്കറിയാം).രാജാവ് ഗുരുവിന്റെ കവിളില്‍ തട്ടി നാണത്തെ തളളിക്കളയാനുളള പ്രോത്സാഹനം നല്‍കുന്നു.ഡയലോഗ് പറഞ്ഞു കൊടുക്കുന്നു

"ഇങ്ങോട്ടെന്തോത്തിനാ എഴുന്നെളളിയത് എന്നു ചോദിക്ക് "

രാജഗുരവിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് നിറുത്തുന്നു


വീണ്ടും ഡയലോഗ് എല്ലാവരും കൂടി പറയുന്നു

"ഇങ്ങോട്ടെന്തോത്തിനാ എഴുന്നെളളിയത്?”

രാജഗുരു വാ പൊത്തി നാണിക്കുന്നു

"ഒരു ചെടി നട്ടു വെക്കണം"

രാജാവ് പറയുന്നു. അനിശ്ചിതാവസ്ഥ. അതല്ല ഡയലോഗ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും. ആലോചന.

"അങ്ങനെയല്ല "മറ്റൊരാള്‍ തിരുത്തുന്നു

"വെളളമെല്ലാം പറ്റിപ്പോയി എന്നു പറ"

"ഇതാ നിന്റെ ബലൂണ്‍"

(രാജാപാര്‍ട്ട് കെട്ടിയ കുട്ടിക്ക് കാറ്റുപോയ ബലൂണ്‍ ഒരാള്‍ വെച്ചു നീ്ട്ടുന്നു

രാജാവ് സ്വയം മറന്ന് ബലൂണ്‍ വാങ്ങി വീര്‍പ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു)

രാജഗുരു അസ്വസ്ഥയായി ചോദിക്കുന്നു

"എന്തുവാ പറയണ്ടേ?”

"ഒരു ചെടി നട്ടുവെക്കാം"

രാജാവ് നാടകത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നു


"പത്തെണ്ണം നട്ടുവെക്കാമല്ലോ”
രാജഗുരു:” അവിടെപ്പോയി ഒരു ചെടി എടുത്തുകൊണ്ടുവാ"

"ഒരെണ്ണം മതി... ഒരെണ്ണം മതി" എന്നു രാജാവ് വിളിച്ചു പറയുന്നു

"ഒരെണ്ണം മതി "

"ചെടി ഇവിടെ നട്"

ക്ലാസിലെ മണല്‍ത്തടത്തില്‍ ചെടി നടാമെന്നു തീരുമാനിക്കുന്നു

മറ്റുളളവര്‍ ചെടി നടാന്‍ തുടങ്ങുന്നു

രാജാവ് “..ഞാനാ നടേണ്ടത്. ‍ഞാന്‍ നടാം"

ചെടി വാങ്ങുന്നു

മണല്‍ കുഴിച്ച് നടുന്നു

"വെളളം ഒഴിക്കണം"

ചെടി നേരെ നില്‍ക്കുന്നില്ല

ഒരാള്‍ നേരെ നിറുത്താന്‍ ശ്രമിക്കുമ്പോള്‍ അതു താഴെ വീഴുന്നു

"കണ്ടോ "എന്നു രാജാവിന്റെ പരിഭവം

"ഇനി നമ്മള്‍ക്ക് വട്ടത്തില്‍ നിന്ന് പാട്ടുപാടാം.”


രാജാവ് എല്ലാവരേയും വട്ടത്തില്‍ നിറുത്തുന്നു

****

നാലിലേയും ഒന്നിലേയും കുട്ടികള്‍ അവതരിപ്പിച്ച ഈ നാടകം എനിക്കു നല്‍കിയ തിരിച്ചറിവ് എന്താണ്?

ഒന്നാം ക്ലാസില്‍ അനുഗ്രഹിക്കപ്പെട്ട കഴിവുകളുമായി എത്തുന്ന കുട്ടികളെ നാം കശക്കിക്കളയുന്നു.

അവരുടെ സര്‍ഗശേഷിയെ ഭാവനയെ കലാവാസനയെ എല്ലാം. ഇതാണോ വിദ്യാഭ്യാസം?

കുട്ടിയിലുളള നൈസര്‍ഗിക കഴിവുകളെ പുറത്തെടുക്കലാണെന്നു പറയുകയും നേരേ മറിച്ചു ചെയ്യുകയും.

സ്കൂള്‍ ഒരു യൂണിറ്റാണ്

  • അവിടെ എല്ലാവര്‍ക്കും പരസ്പരം അനുഭവപാഠങ്ങള്‍ നല്‍കാന്‍ കഴിയും
  • ഒന്നാം ക്ലാസിലെ പഠം നാലാം ക്ലാസിലും നാലാം ക്ലാസിലെ പാഠം ഒന്നിലും പ്രയോജനപ്പെടുത്താം
  • ആവിഷ്കാരത്തിന്റെ ഉയര്‍ന്ന തലങ്ങള്‍ വിദ്യാലയത്തെ സര്‍വകലാശാലയാക്കും
  • തത്സമയ നാടകങ്ങളും ഭാഷാപഠനമാണ്
  • തയ്യാറെടുപ്പോടെ കുട്ടികള്‍ നടത്തുന്ന നാടകവും ഭാഷാപാഠമാണ്

  • കലാപാഠമാണ്
  • സാമൂിഹക പാഠമാണ്
  • സംഘബോധത്തിന്റെ പാഠമാണ്
  • സര്‍ഗാത്മകതയുടെ പാഠമാണ്
  • പരമാവധി അവസരങ്ങള്‍ നല്‍കുക
  • ഇന്നലെ പഠിപ്പിച്ച രീതിയില്‍ നാളെ പഠിപ്പിക്കാതിരിക്കുക

നവ്യാനുഭവക്ലാസുകള്‍ ആകട്ടെ നമ്മുടെ ലക്ഷ്യം



( ഇന്ന് അത്തരമൊരു അന്വേഷണം നടത്തി. പി കെ ഗോപിയുടെ കവിതയില്‍. അത് പിന്നീട് പങ്കിടാം)


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി