Pages

Wednesday, November 5, 2014

സമൂഹത്തിലേക്ക് വിദ്യാലയം.


ചിങ്ങം ഒന്ന്
ഞായറാഴ്ച
എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകര്‍ വീട്ടില്‍.
മാവേലിക്കര തെക്കേക്കര എല്‍ പി സ്കൂള്‍ അന്ന് പി ടി എ മീറ്റിംഗ് വെച്ചിരിക്കുകയാണ്
വിദ്യാലയത്തിലല്ല രക്ഷിതാക്കള്‍ താമസിക്കുന്ന പ്രദേശത്ത്.
പഞ്ചായത്ത് മെമ്പറുടെ വീടിന്റെ പരിസരം വ‍ൃത്തിയാക്കിയിട്ടിരിക്കുന്നു
നാല്പതിലേറെ കസേരകള്‍ .തറവിരിപ്പുമമുണ്ട്
മെമ്പറുടെ വീടിന്റെ പൂമുഖത്തൊരുക്കിയ ലളിതമായ ഒരു പ്രദര്‍ശനം കടന്നു വേണം യോഗസ്ഥലത്തേക്കു പോകുവാന്‍.
ആ പ്രദര്‍ശനാമകട്ടെ വിദ്യാലയത്തിന്റെ മികവുകളാണ്
ക്ലാസ് തിരിച്ച് മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്.
അവിടെ ചെറിയ ആള്‍ക്കൂട്ടമുണ്ട്
സമൂഹത്തിലേക്ക് വിദ്യാലയം രക്ഷിതാക്കളിലേക്ക് വിദ്യാലയം.


രക്ഷിതാക്കള്‍ മാത്രമല്ല യോഗത്തിലേക്കു വരുന്നത്.
 ചുറ്റുവട്ടത്തെ നാട്ടുകാരെയും ക്ഷണിച്ചിട്ടുണ്ട്
കര്‍ഷകരേയും വിളിച്ചു.  
കര്‍ഷകദിനം കൂടിയാണല്ലോ ചിങ്ങം ഒന്ന്
അവരെ ആദരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
കസേരകള്‍ നിറഞ്ഞു.
ഒരധ്യാപകന്‍ വന്നവരുടെ ഹാജര്‍ രേഖപ്പെടുത്തുന്നു.
ഒരധ്യാപിക ക്ലാസ് തിരിച്ച് കുട്ടികളുടെ ഉല്പന്നങ്ങളും നോട്ടു ബുക്കുകളും വന്നവര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അവര്‍ അത് മറിച്ചു നോക്കുന്നു. കൈമാറുന്നു. എന്റെ കുട്ടിയുടെ ബുക്കെവിടെ? നിന്റെ മോളുടെ ബുക്ക് കൊളളാമല്ലോ? ഈ ബുക്കു കണ്ടോ? പരസ്പരം അഭിപ്രായം പ്രകടിപ്പിക്കുന്ന രക്ഷിതാക്കള്‍. നാട്ടുകാര്‍ക്കു മുമ്പാകെ എല്ലാ കുട്ടികളുടേയും നോട്ടു ബുക്കും യൂണിറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും വിലയിരുത്താന്‍ വിട്ടുകൊടുത്തിരിക്കുകയാണ് ഈ വിദ്യാലയം. ഈ ധൈര്യത്തെ മാനിക്കണം. വിദ്യാലയത്തിന് ഒളിച്ചുവെക്കാനൊന്നുമില്ല. ഏതെങ്കിലും കുട്ടിയുടെ ബുക്ക് ശൂന്യമോ അപൂര്‍ണമോ ആണോ? എന്നാലല്ലേ ഭയക്കേണ്ടതുളളൂ..
യോഗം തുടങ്ങി.
പ്രഥമാധ്യാപിക ജയലക്ഷ്മി ടീച്ചറുടെ ആമുഖം
"ഈ സദസ് എന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. വളരെ സന്തോഷം. ഇത്രയും പേര്‍ എത്തിയല്ലോ. സാധാരണ ക്ലാസ് പിടി എ വിളിച്ചാല്‍ എല്ലാ രക്ഷിതാക്കളും എത്താറില്ല. ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ സമയം കിട്ടാത്തതാണ് കാരണം. നിങ്ങളുടെ കുട്ടികളോടൊപ്പം ദിവസവും ഏറെ നേരം കഴിയുന്ന ഞങ്ങള്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവുകളേക്കുറിച്ച് ധാരണയുണ്ട്. അത് നിങ്ങളെ അറിയിക്കാനാണ് ഈ യോഗം. നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കഴിവുകള്‍ നിങ്ങളുടെ കുട്ടികള്‍ക്കുണ്ട്. ഇതുവരെ നിങ്ങള്‍ വിദ്യാലയത്തിലേക്ക് വരികയായിരുന്നു. ഇനി മുതല്‍ വിദ്യാലയം നിങ്ങളിലേക്കു വരികയാണ് , സമൂഹത്തിലേക്ക് വരികയാണ്.”
തുടര്‍ന്ന് പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി ടി എ പ്രസിഡന്റുമായ ശ്രീ സുകു സംസാരിച്ചു
"ഞാന്‍ ഈ വിദ്യാലയത്തില്‍ മക്കളെ വിട്ടത് അ‍ഞ്ചുവര്‍ഷക്കാലം വിദ്യാലയത്തെ നിരീക്ഷിച്ച ശേഷമാണ്. ഈ വിദ്യാലയത്തില്‍ എന്റെ കുട്ടി പഠിക്കുന്നു. എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും ഈ വിദ്യാലയം നിലവാരത്തിന്റെ കാര്യത്തില്‍ തൊട്ടടുത്തുളള എല്ലാ വിദ്യാലയങ്ങളേക്കാളും മുന്നിലാണ്. പക്ഷേ ഇതാരും അറിയുന്നില്ല. ഇക്കാര്യം സമൂഹം അറിയണം. പൊതുവിദ്യാലയത്തിന്റെ നിലവാരം സമൂഹത്തില്‍ ചര്‍ച്ച
ചെയ്യാനവസരം സൃഷ്ടിക്കണം. ഇന്നു മാധ്യമപ്രവര്‍ത്തകര്‍ വരും. പത്രങ്ങളിലും ചാനലുകളിലും ഈ യോഗം വാര്‍ത്തയാകും. വിദ്യാലയമികവിന് പ്രചരണം കൂടി അനിവാര്യമാണ്. പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കാന്‍ ഇതാവശ്യമാണ്...”
ചാനല്‍ പ്രവര്‍ത്തകരെത്തി എല്ലാം പകര്‍ത്തുന്നുണ്ടായിരുന്നു
അപ്പോള്‍ രക്ഷിതാക്കളുടെ പ്രതികരണത്തിനുളള സമയമായി
ഒരു രക്ഷിതാവ് പറഞ്ഞു. "എന്റെ വീട്ടില്‍ ആര്‍ക്കും കുട്ടിയെ ഈ വിദ്യാലയത്തില്‍ ചേര്‍ക്കാനിഷ്ടമില്ലായിരുന്നു.എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇളയകുട്ടിയെ ഈ സ്കൂളില്‍ ചേര്‍ത്തത്. എനിക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാനാകും മൂത്ത കുട്ടി പടിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തേക്കാള്‍ മികച്ചതാണ് ഈ വിദ്യാലയം. ഓരോ കുട്ടിയുടേയും കാര്യത്തില്‍ കരുതലുളള അധ്യാപകരാണിവിടെ. എത്ര വേഗമാണ് എന്റെ കുട്ടി പഠിക്കുന്നത്. എനിക്കു തന്നെ അത്ഭുതം തോന്നുന്നു.ഇപ്പോള്‍ വീട്ടിലാര്‍ക്കും എതിര്‍പ്പില്ല.”
അനുഭവസാക്ഷ്യങ്ങള്‍ മറ്റു രക്ഷിതാക്കളും പങ്കിട്ടു. വിദ്യാലയത്തിനു പുറത്തുളള സമൂഹം അതു കേട്ട് മനസില്‍ പറഞ്ഞുകാണും ഇതൊന്നും ഞങ്ങള്‍ക്കറിയുമായിരുന്നില്ലല്ലോ. ഇത്തരം വിദ്യാലയങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമല്ലോ എന്ന്
യോഗത്തില്‍ തന്നെ ചില വാഗ്ദാനങ്ങളും ഉണ്ടായി.
മൂന്നാം ക്ലാസിലെ ശോഭനാകുമാരിടീച്ചര്‍ രക്ഷിതാക്കളെ വ്യക്തിപരമായി കാണുകയാണിതിനിടയില്‍.
ടീച്ചറുടെ കൈയില്‍ ഒരു ബുക്കുണ്ട്.
"എന്റെ കുട്ടികള്‍"
അതില്‍ ഓരോ കുട്ടിയുടേയും കാര്യങ്ങളെഴുതിയിട്ടുണ്ട്. ടീച്ചിംഗ് മാന്വലില്‍ നിന്നും ക്രോഡീകരിച്ചതും നിരീക്ഷിച്ചു രേഖപ്പെടുത്തിയതുമുണ്ട്.
കുട്ടികള്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കാല്‍ തൊട്ടു വന്ദിച്ചു
പ്രഥമാധ്യാപിക പറഞ്ഞു. പല കുട്ടികളുടേയും രക്ഷിതാക്കള്‍ കര്‍ഷകരാണ്. അവര്‍ മഹിമയുളള ജോലിയാണ് ചെയ്യുന്നതെന്ന് കുട്ടികല്‍ മനസിലാക്കണം. രക്ഷിതാക്കളെ ഓര്‍ത്ത് അഭിമാനിക്കണം. അപകര്‍ഷതാബോധം ഉണ്ടാകരുത്. അതിനുകൂടീയാണ് ഈ കര്‍ഷകദിനം .
ആ കാഴ്ചപ്പാട് വിലപ്പെട്ടത്.
എന്താണ് ഈ അനുഭവത്തിന്റെ പാഠങ്ങള്‍

  • വിദ്യാലയനേട്ടങ്ങള്‍ സമൂഹത്തെ അറിയിക്കണം
  • സുതാര്യമായ രീതികള്‍ സാധ്യമാണ്
  • സമൂഹം വിദ്യാലയത്തെ നിരീക്ഷിക്കുന്നുണ്ട്
  • അവരുടെ അവബോധ നിര്‍മിതിയ്ക്ക് യഥാര്‍ഥ തെളിവുകള്‍ തന്നെ നല്‍കണം
  • വിദ്യാലയമികവ് നാട്ടില്‍ ചര്‍ച്ചയാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ വേണം
  • ഇപ്പോഴത്തെ എല്ലാ രക്ഷിതാക്കള്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയണം ഈ വിദ്യാലയത്തില്‍ എന്റെ കുട്ടി പാഴാകുന്നില്ലെന്ന്. അതിന് ഓരോ കുട്ടിയുടെ കാര്യത്തിലും അക്കാദമിക കരുതലുളള അധ്യാപകരുണ്ടായേ പറ്റൂ.
  • രക്ഷിതാക്കളിലേക്ക് വിദ്യാലയം. സമൂഹത്തിലേക്ക് വിദ്യാലയം.

 പഠനവിശേഷങ്ങളടങ്ങിയ സ്കൂളി‍ന്റെ പത്രം വായിക്കുന്ന രക്ഷിതാക്കള്‍

3 comments:

  1. Schoolinu orayiram aasamdakal... Ajilal v s ,GUPS kalakkod, kollam

    ReplyDelete
  2. മനോഹരം.....ഉള്‍ക്കാഴ്ചയ്ക്ക് നന്ദി

    ReplyDelete
  3. മനോഹരം.....ഉള്‍ക്കാഴ്ചയ്ക്ക് നന്ദി

    ReplyDelete

പ്രതികരിച്ചതിനു നന്ദി