Pages

Saturday, May 30, 2015

മരിച്ചു ജീവിച്ച വട്ടാര്‍കയം സ്കൂള്‍


വിദ്യാലയങ്ങള്‍ അടച്ചു പൂട്ടരുത് നിലനിറുത്താന്‍ മാര്‍ഗമുണ്ട്.

2014 ജൂണില്‍ ഒരു കുട്ടിപോലും പ്രവേശനം നേടിയില്ല. മാത്രമല്ല ഒരു കുട്ടി പോലും ഒരു ക്ലാസിലുമില്ലാതിരുന്ന വട്ടാര്‍കയം എല്‍ പി സ്കൂളില്‍ 2015 മെയ് ഇരുപത്തിയാറായപ്പോഴേക്കും പതിനെട്ടു കട്ടികള്‍  ചേര്‍ന്നു കഴിഞ്ഞു. നിലനിറുത്താനായുളള സമരത്തിന്റെ വിജയമാണിത്.

പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ അടച്ചു പൂട്ടിയെന്നു വിധിയെഴുതിയ റാന്നി മന്ദമരുതി വട്ടാര്‍കയം സര്‍ക്കാര്‍ സ്‌കൂളിന്‌ പുതു ജീവന്‍ ലഭിച്ച കഥയാണിത്. പ്രഥമാധ്യാപിക അടക്കം നാല്‌ അധ്യാപകര്‍ ഉണ്ടായിരുന്ന വട്ടാര്‍കയം എല്‍.പി സ്‌കൂളില്‍ 2014-15 അധ്യയന വര്‍ഷം പ്രവേശനത്തിന്‌ ആരും എത്തിയില്ല. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പൂട്ടുമെന്ന്‌ പ്രചരിപ്പിക്കുകയും പ്രഥമാധ്യാപികയടക്കമെല്ലാവരും സ്ഥലം മാറ്റത്തിനു ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളും ടി സി വാങ്ങിപ്പോയി.. പ്രഥമാധ്യാപികയും റാന്നിയില്‍ തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കു സ്‌ഥലം മാറി പോയി. പകരം എത്തിയ പ്രഥമാധ്യാപികയ്ക് സ്‌കൂള്‍ അടച്ചുപൂട്ടി താക്കോല്‍ കൈമാറാനുള്ള ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.
സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തനം തുടങ്ങിയ ചില അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ സ്വാധീനം മൂലം അടച്ചുപൂട്ടേണ്ടിവന്ന വട്ടാര്‍കയം സ്‌കൂളിനെ നിലനിര്‍ത്താന്‍ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ റാന്നി മേഖലാ കമ്മറ്റി രംഗത്തെത്തി. പരിഷത്ത്‌ പ്രസിഡന്റ്‌ ടി.ജെ. ബാബുരാജ്‌, സെക്രട്ടറി ജോബി മാത്യു എന്നിവര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗം ജോസ്‌ കൊച്ചുമേപ്രത്തിന്റെ സഹായത്തോടെ സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുവീടാന്തരം കയറിയിറങ്ങി. തലമുറകള്‍ക്ക്‌ അറിവു പകര്‍ന്നു നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അവര്‍ നാട്ടുകാരുമായി പങ്കുവച്ചു. വട്ടാര്‍കയം സ്‌കൂളിലെ അധ്യാപികയുടെ മകന്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെ സുരക്ഷിതമാകുമെന്നായിരുന്നു മറ്റു രക്ഷിതാക്കളുടെ പരാതി. അധ്യാപികയുടെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ തങ്ങളുടെ മക്കളേയും അയയ്‌ക്കാന്‍ സന്നദ്ധമാണെന്നാണ്‌ രക്ഷിതാക്കള്‍ അറിയിച്ചത്‌. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ്‌ അധ്യാപികയായ സീമ മകന്‍ ശ്രീകിരണിനെ വട്ടാര്‍കയം ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്‌. വിദ്യാര്‍ഥിയുടെ പ്രവേശന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരും പരിഷത്ത്‌ പ്രവര്‍ത്തകരും ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ വട്ടാര്‍കയം ഗവ.എല്‍.പി.എസിന്‌ പുതു ജീവന്‍ പകര്‍ന്ന്‌ ശ്രീകിരണ്‍ ഇവിടുത്തെ ഏക വിദ്യാര്‍ഥിയായി
സ്കൂളിന് കൈത്താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്
സ്കൂളിനെ കൈപിടിച്ചുയര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബൃഹത് പദ്ധതി തയ്യാറാക്കി. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് വികാരനിര്‍ഭരമായി. കുട്ടികള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു സംഘടിപ്പിച്ച വരമേളം പുതിയ അനുഭവമായി. റാന്നിയിലെ സ്വകാര്യ അണ്‍എയിഡഡ് സ്കൂളുകളെ വെല്ലുന്ന കെട്ടിടവും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുള്ള സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നത്. നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍നിന്ന് വിരമിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പൂര്‍വ്വാധ്യാപകരെ യോഗത്തില്‍ പൊന്നാടയണിഞ്ഞ് ആദരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

വട്ടാര്‍കയം സ്‌കൂളിനെ നിലനിറുത്താന്‍ പ്രഥമാധ്യാപികയെ ജനം മണിക്കൂറോളം തടഞ്ഞുവെക്കുന്നു.

ചരിത്രസ്മരണയിലേക്ക് പറിച്ചെറിയാന്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച മനസോടെ ജനം ഒരു വിദ്യാലയത്തിന്റെ നിലനില്പിനായി സംഘടിച്ചു. ആവേശകരമായ അനുഭവം. ആരാണ് പറഞ്ഞത് പൊതു വിദ്യാലയത്തെ ആര്‍ക്കും വേണ്ടെന്ന്? ഇനി കുട്ടികള്‍ വരില്ലെന്ന്? ജനതയുടെ വികാരമായി വിദ്യാലയം മാറണം. ബന്ധുത്വം സ്ഥാപിക്കണം. അധ്യാപകര്‍ മാതൃകകാട്ടണം. ജനം കൂടെ വരും. അതാണ് വട്ടാര്‍കയം സ്കൂളിലെ അനുഭവം സൂചിപ്പിക്കുന്നത്. രണ്ട് അധ്യാപികമാര്‍ സ്കൂള്‍ പൂട്ടിപ്പോകുമെന്നു ഭയന്ന് ഓണ്‍ലൈനായി സ്ഥനം മാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഒന്നാം പ്രവൃത്തിദിനം വട്ടാര്‍കയം സ്കൂളില്‍ ഒറ്റക്കുട്ടി പോലും ഹാജര്‍ബുക്കില്‍ ഉണ്ടായിരുന്നമില്ല. ജൂലായ് മാസം ഇവര്‍ നടത്തിയ കഠിനപ്രയത്‌ന ഫലമായി നാല് കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞു..ആദ്യം ചേര്‍ത്തത് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സീമയുടെ മകനെയാണ്. പിന്നീട് മറ്റ് മൂന്നുപേരും എത്തി. ഒരു കുട്ടിപോലും ഇല്ലാതിരുന്ന സ്‌കൂളില്‍ ജൂലായ് 30നാണ് 3-ാം ക്ലാസ് വിദ്യാര്‍ഥിയായി ശ്രീകിരണ്‍ എത്തിയത്. പിന്നീട് അലന്‍, യോഷിത, അലീന അജി എന്നിവര്‍കൂടി ശ്രീകിരണിന് കൂട്ടായി അലന്‍ 3-ാം ക്ലാസിലെത്തി .ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്നതിനാല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍  ചൂണ്ടിക്കാട്ടി അധ്യാപകരെ സ്ഥലം മാറ്റാന്‍ നടപടി സ്വീകരിച്ചു. സ്‌കൂള്‍ നിലനിര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലംമാറ്റ ഉത്തരവില്‍ പേരുളള സീമ, ജിജി തോമസ് എന്നീ അധ്യാപകരും സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, ഡി.പി.., ഡി.ഡി. എന്നിവര്‍ക്കൊക്കെ സമിതി ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. സ്ഥലം മാറ്റ ഉത്തരവ് വിദ്യാലയത്തിലെത്തി എന്ന വാര്‍ത്ത നാട്ടില്‍ പടര്‍ന്നത് കാട്ടുതീ പോലെ. കടന്നലിളകുന്ന പോലെ നാട്ടുകാര്‍ വിദ്യാലയത്തിലേക്ക് പറന്നെത്തി. മൂന്നൂറിലധികം പേര്‍ ഒത്തുകൂടി.
 
നാട്ടുകാര്‍ പ്രഥമാധ്യാപികയെ മണിക്കൂറോളം തടഞ്ഞുവച്ചു. സ്‌കൂള്‍സമയം കഴിഞ്ഞും ഉപരോധം തുടര്‍ന്നു. അധ്യാപകരെ മാറ്റരുതെന്ന നാട്ടുകാരുടെ അപേക്ഷയും പ്രതിഷേധവും അവഗണിച്ച്, ഇവര്‍ക്ക് ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപികയെ തടഞ്ഞുവച്ചത്. സ്ഥലംമാറ്റത്തില്‍ തീരുമാനമുണ്ടാക്കാതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയ എ...യേയും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, ജനപ്രതിനിധികളുും നേതാക്കളും ഡി.പി..യുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, തല്‍ക്കാലം അധ്യാപികമാര്‍ സ്‌കൂളില്‍ തുടരട്ടെയെന്ന് ഡി.പി.. ...യ്ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഎഇഒ , അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ഡയറിയില്‍ എഴുതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് നാട്ടുകാര്‍ വിജയാരവം മുഴക്കി മടങ്ങിയത്.. ഇത്രയും സമയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അലന്‍, ശ്രീകിരണ്‍, ജോഷിത, അലീന എന്നിവര്‍ സ്‌കൂളില്‍ത്തന്നെ യുണ്ടായിരുന്നു. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുന്നതറിഞ്ഞ് റാന്നി പോലീസും സ്‌കൂളിലെത്തിയിരുന്നു. ഈ അനുഭവം പാഠമാക്കണം, ഇതൊരു സന്ദേശമാണ്. പൂട്ടാനൊരുങ്ങുന്ന ഏവര്‍ക്കും. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നെ തുറക്കില്ലെന്ന സത്യം വഴി തെളിയിക്കട്ടെഇതിനുശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞുപോയത്.
സമൂത്തെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നു
സമൂഹവും വിദ്യാലയവും തമ്മില്‍ നല്ല ബന്ധമില്ലെന്ന അവസ്ഥ മറികക്കുകയാണ് ആദ്യം വേണ്ടതെന്ന കണ്ടെത്തല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. വിദ്യാലയത്തില്‍ നടത്തിയ ഓണോഘോഷ സദ്യയിലും ആഘോഷങ്ങളിലും പങ്കെടുത്തത് ഇരുന്നൂറ്റി മുപ്പത്തി രണ്ടുപേര്‍! നാടുമഴുവന്‍ ചര്‍ച്ചാവിഷയമായി. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആവേശം സൃഷ്ടിക്കാനായി. വിദ്യാലയത്തില്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനവും വിദ്യാലയത്തെ നിലനിറുത്തേണ്ടതുണ്ട് എന്ന ആശയം പ്രചരിപ്പിക്കാനുളള വേദിയാക്കി മാറ്റി.
5 പേര്‍ മാത്രമുള്ളിടത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന് 120 വിദ്യാര്‍ഥികള്‍
വട്ടാര്‍കയം ഗവ. എല്‍.പി.സ്‌കൂളില്‍ ആവേശകരമായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. സ്‌കൂള്‍ സുരക്ഷാസമിതിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ പ്രദേശത്തെ പല വിദ്യാലയങ്ങളില്‍ പഠിക്കുന്നവരായ 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനം നല്‍കിയതിനൊപ്പം പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തത് കുട്ടികള്‍ക്ക് ആഹ്ലാദമായി.
നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാരംഭം നടന്നു. കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു. അഞ്ച് കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാജു ഏബ്രഹാം എം.എല്‍.. കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചുകൊണ്ട് വിദ്യാരംഭം പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലത്തിലെ ഒരു വിദ്യാലയവും അടച്ചുപൂട്ടാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഗീത വിദ്യാരംഭം
സംഗീത സംവിധായകന്‍ വിജയന്‍ ദക്ഷിണ സ്വീകരിച്ചുകൊണ്ടാണ് സംഗീതവിദ്യാരംഭത്തിന് തുടക്കമിട്ടത്. എല്ലാ ശനിയാഴ്ചയും സംഗീതക്ലാസ് .സാമ്പത്തികമായി ഉയര്‍ന്ന നിലയിലുളളവരുടെ കുട്ടികള്‍ സംഗീതം പഠിക്കാനായി വിദ്യാലയത്തിലെത്തി. ചിത്രരചനാ ക്ലാസും ആരംഭിച്ചു. സംഗീതാഭ്യസനത്തിനും ചിത്രകലാപരിശീലനത്തിനുമായി നൂറ്റിയിുപത്തഞ്ച് കുട്ടികള്‍ എല്ലാ ശനിയാഴ്ചയിലും വട്ടാര്‍കയം സ്കൂളിലെത്തി. കഥയുടേയും പാട്ടിന്റെയും ആസ്വാദനാലാപന പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
അധ്യാപകര്‍ക്ക് ശംബളം നിഷേധിക്കന്നു.
ഒരു പ്രതിസന്ധി മറി കടക്കമ്പോള്‍ അടുത്തത്. എല്ലാം വിദ്യാലയത്തെ സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്നുമാണെന്നതാണ് വിചിത്രം. സാങ്കേതിക കാര്യങ്ങളുന്നയിച്ച് ജീവത്തായ പ്രശ്നത്തെ അവഗണിക്കുന്ന ചുവപ്പുനാടാസംസ്കാരം. സ്കൂല്‍ സംരക്ഷിക്കാനിറങ്ങിത്തിരിച്ച നാട്ടകാരെ നിരാശരാക്കുന്ന സമീപനം. നാട്ടുകാരുടെ ഇടപെടല്‍കൊണ്ട് അടച്ചുപൂട്ടല്‍ ഒഴിവായ വട്ടാര്‍കയം ഗവ. എല്‍.പി. സ്‌കൂളിന്റെ നിലനില്പിനായി പ്രവര്‍ത്തിച്ച അധ്യാപികമാര്‍ക്ക് ശമ്പളം നിഷേധിച്ചു. സ്‌കൂളില്‍ കുട്ടികളെ കൊണ്ടുവരാന്‍ നാട്ടുകാരോടൊപ്പം പ്രവര്‍ത്തിച്ച അധ്യാപികമാര്‍ സ്‌കൂളില്‍ തുടര്‍ന്നാല്‍ ശമ്പളം തടയാനാണ് നിര്‍ദ്ദേശമുണ്ടായത്.. തസ്തിക ഇല്ലാത്ത സ്‌കൂളില്‍ അധ്യാപകരെ നിലനിര്‍ത്തുകയും, അവരുടെ ശമ്പളം നല്‍കുകയും ചെയ്താല്‍ അത് ഹെഡ്മാസ്റ്ററുടെ ബാധ്യതയായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. കെട്ടി ഉയര്‍ത്തിക്കൊണ്ടുവന്നതെല്ലാം തട്ടിത്തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സ്കൂള്‍ സംരക്ഷണസമിതി തീരുമാനിച്ചു. സ്‌കൂളില്‍ കുട്ടികളില്ലാത്ത അവസ്ഥയില്‍ നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് സ്ഥലംമാറ്റം ലഭിച്ചാല്‍ അതു റദ്ദു ചെയ്യാന്‍ കഴിയില്ലെന്ന് വിശദീകരണം കിട്ടിയത്. വിവരാവകാശപ്രകാരം ലഭിച്ച വിശദീകരണത്തില്‍ അധ്യാപികമാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും. വിദ്യാഭ്യാസമന്ത്രിയേയും പൊതവിദ്യാഭ്യാസ ഡയറക്ടറേയും കണ്ട് അഭ്യര്‍ഥിച്ചു. അധ്യാപികമാര്‍ മാസങ്ങളോളം ശംബളമില്ലാതെ ജോലി ചെയ്തു. ഒടുവില്‍ അനുകൂലമായ തീരുമാനം ഈ മധ്യവേനലവധിക്കാലത്ത് ഉണ്ടായി. ( അതിനിയും വിദ്യാലയത്തിലെത്തിയിട്ടില്ല.)
അക്കാദമികമായ ഇടപെടലിലൂടെ അവബോധം വളര്‍ത്തുന്നു
രണ്ടു കുട്ടികള്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നാണ് വട്ടാര്‍കയം സ്കൂളിലെത്തിയത്. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിലൂടെ ആ കുട്ടികള്‍ക്കുണ്ടായ മാറ്റം സ്കൂള്‍ സംരക്ഷണ സമിതി സമൂഹവുമായി പങ്കുവെച്ചു. കൂടാതെ കേരളസിലബസ് പുസ്തകങ്ങള്‍ സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ പുസ്തകങ്ങളഉമായി താരതമ്യം ചെയ്യാനവസരം നല്‍കി. അറിഞ്ഞുബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുക എന്നതിനാണ് സമൂഹത്തെ പ്രേരിപ്പിച്ചത്. സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും ആരംഭിച്ചു. അധ്യാപകര്‍ക്ക് ലഭിക്കുന്ന പരിശീലനം, വിദ്യാലയത്തിലെ ഓരോ അധ്യാപകരുടേയും കഴിവുകള്‍ എന്നിവയും സമീപത്തെ അണ്‍എയിഡഡ് വിദ്യാലയങ്ങളമായി തട്ടിച്ചുനോക്കാന്‍ അവസരം നല്‍കി. നിരന്തരം വീടുവീടാന്തരം കയറിയിറങ്ങി. പൊതവിദ്യാലത്തില്‍ ചേര്‍ത്താല്‍ നിലവാരമുളള വിദ്യാഭ്യാസം ലഭിക്കുമെന്നുറപ്പു നല്‍കി. ആ വാക്ക് നിറവേറ്റിയില്ലെങ്കില്‍ സ്കൂള്‍ സംരക്ഷണ സമിതിയോട് പരാതിപ്പെടാം. പരിഹാരമുണ്ടാകും. നാടിളക്കിയുളള നിരന്തര ശ്രമം.അതാണിവിടെ ഉണ്ടായത്
സമുദായസംഘടനകള്‍ നടത്തുന്ന യോഗങ്ങളില്‍ ശ്രീ ബാബുരാജ് അരമണിക്കൂര്‍ സമയം ഇരന്നു വാങ്ങി വട്ടാര്‍കയം സ്കൂളിനുവേണ്ടി അഭ്യര്‍ഥന നടത്തി. കെ എസ് ഇ ബിയിലെ ഓവര്‍സീയറും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനുമായ അദ്ദേഹം കിട്ടുന്ന അവസരങ്ങളിലെല്ലാം വിദ്യാലയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. സ്വന്തം ലീവും ഒഴിവു ദിനങ്ങളും സമര്‍പ്പിച്ച് മുന്നില്‍ നിന്നു. ഒപ്പം ആലിച്ചന്‍ ആരതി, അധ്യാപകരായ കെ.സീമ, ജിജി തോമസ് എന്നിവരും .
അന്തരീക്ഷം അനുകൂലവും പ്രതികൂലവും
റാന്നി ഉപജില്ലയിലെ 163 അധ്യാപകരുടെ മക്കള്‍ അണ്‍എയിഡഡ് വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. ജനപ്രതിനിധികളടക്കം പക്ഷഭേദമന്യേ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളടേയും നേതാക്കളും അണ്‍എയിഡഡ് സ്കൂളുകളെ ആശ്രയിക്കന്നു. സി ബി എസ് ഇയുടെ പോലും അംഗീകാരമില്ലാത്ത പതിനൊന്നു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ എം എല്‍ എയുടെ പേരിലുളള അണ്‍എയിഡഡ് വിദ്യാലയത്തിന് അംഗീകാരത്തിനായി ശ്രമം. വട്ടാര്‍കയം സ്കൂളില് നിിന്നും അര കിലോമീറ്റര്‍ ദൂരത്താണ് ഈ വിദ്യാലയം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മതി ഇംഗ്ലീഷ് പഠിക്കുന്നുണ്ടോ എന്നതു പ്രശ്നമല്ലെന്ന കരുതുന്ന സമൂഹം. വാഹനങ്ങളിലെത്തി വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ അയല്‍പക്കമല്ലാത്ത വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന അവസ്ഥ. ഇത്തരം പ്രതികൂല സഹാചര്യം നിലനില്‍ക്കേയാണ് സ്കൂള്‍ സംരക്ഷണസമിതി പ്രത്യാശയോടെ പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും തോറ്റത് നാല്പത്തിയൊന്നു പേര്‍. ജില്ലാ ഓഫീസല്‍ താല്കാലിക നിയമനത്തിനായി അപേക്ഷ നല്‍കിയത് തൊഴില്‍ രഹിതരായ 338 ബി ടെക്ക് കാര്‍. അണ്‍എയിഡഡ് സ്കൂളിലെ ഫീസ്, നിലവാരമില്ലായ്മ , അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെ ഭാവി തുടങ്ങിയ ബോധ്യപ്പെടുന്ന ഉദാഹരണങ്ങളുണ്ട് സമിതിക്ക് അവതരിപ്പിക്കാന്‍. നിരന്തരം സംവാദതലം വളര്‍ത്തക്കൊണ്ടുമാത്രമേ സമൂഹത്തിനുളള തെറ്റായ ധാരണകളെ തിരുത്താനാകൂ എന്നു സമിതി കരുതുന്നു. വിശ്വസനീയമായ തെളിവുകളും അനുഭവങ്ങളുമാണ് പ്രധാനം.
കൂടുതല്‍ കുട്ടികള്‍ എത്തുന്നു
2015 മെയ് ഇരുപത്തിയാറായപ്പോഴേക്കും പതിനെട്ടു കട്ടികള്‍ വട്ടാര്‍കയം എല്‍ പി സ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞു. നിലനിറുത്താനായുളള സമരത്തിന്റെ വിജയമാണിത്.
ഈ അനുഭവത്തില്‍ നിന്നും എത്തിച്ചേരാവുന്ന നിഗമനങ്ങള്‍
  • സമൂഹവുമായുളള വിദ്യാലയ ബന്ധം ശക്തിപ്പെടുത്തന്നതിലൂടെ മത്രമേ പൊതുവിദ്യാലയങ്ങള്‍ക്ക് നിലനില്‍ക്കാനാരൂ.
  • അനാകര്‍കമെന്നു മുദ്രകുത്തി റീത്തു സമര്‍പ്പിക്കപ്പെട്ട വിദ്യാലയത്തെപ്പോലും തിരിച്ചെടുക്കാന്‍ കഴിയും
  • പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് പ്രദേശികമായ ബോധ്യപ്പെടാവുന്ന തെളിവുകള്‍ സഹിതം സമൂഹവുമായി നിരന്തരം സംവദിക്കുന്നതിലൂടെയുളള അവബോധ നിര്‍മിതി വിദ്യാലയത്തെ ശക്തിപ്പെടുത്താന്‍ സഹായകമാണ്
  • എല്ലാ വിഭാഗം ജനങ്ങളേയും വിദ്യാലയവുമായി അടുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
  • പൊതുവിദ്യാലയസംരക്ഷണ പ്രവര്‍ത്തകര്‍ പ്രതിസന്ധികളില്‍ പതറാതെ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ മാറ്റം സാധ്യമാണ്


3 comments:

  1. പുതിയ അധ്യയന വര്‍ഷആരംഭത്തില്‍ പൊതുവിദ്യാലയങ്ങളെ കുറിച്ച് ആവേശം കൊള്ളിക്കുന്ന ഇത്തരം അനുഭവ സാക്ഷ്യങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ചൂണ്ടുവിരലിന് അഭിനന്ദനങ്ങള്‍ !എങ്ങനെയാണ് പൊതു വിദ്യാലയങ്ങളെ മുന്നോട്ട് നയിക്കേണ്ടത് എന്നതിന്‍റെ കൃത്യമായ മാതൃക ഈ അനുഭവത്തില്‍ നിന്നും ബോധ്യപ്പെടുന്നുണ്ട് .
    "നിരന്തരം സംവാദതലം വളര്‍ത്തക്കൊണ്ടുമാത്രമേ സമൂഹത്തിനുളള തെറ്റായ ധാരണകളെ തിരുത്താനാകൂ എന്നു സമിതി കരുതുന്നു. വിശ്വസനീയമായ തെളിവുകളും അനുഭവങ്ങളുമാണ് പ്രധാനം." അതെ .ഈ ആശയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു .പൊതുവിദ്യലയങ്ങളെ കുറിച്ച് ,അവിടത്തെ അധ്യാപന രീതിയെ കുറിച്ച് ,പഠനം എന്ന പ്രക്രിയയെ കുറിച്ച് ഒക്കെ പ്രദേശികമായ ബോധ്യപ്പെടാവുന്ന തെളിവുകള്‍ സഹിതം സമൂഹവുമായി നിരന്തരം സംവദിക്കുന്നതിലൂടെയുളള അവബോധ നിര്‍മിതി വിദ്യാലയത്തെ ശക്തിപ്പെടുത്താന്‍ സഹായകമാണ് എന്ന സന്ദേശം ഈ പോസ്റ്റിലൂടെ വായിച്ചെടുക്കാം .

    ReplyDelete

പ്രതികരിച്ചതിനു നന്ദി