Pages

Thursday, October 22, 2015

പ്രേംജിത്തിന്റെ മികവിന്റെ സാക്ഷ്യപത്രം


തിരുവനന്തപുരം ജില്ലയിലെ ഗവ എല്‍ പി എസ് ചുണ്ടവിളാകം അക്കാദമിക അന്വേഷണത്തിന്റെ ആലയമാണ്. അവിടെ ഗവേഷണമനസുളള ഒരു പ്രഥമാധ്യാപകനുണ്ട്. ജനായത്ത ബോധമുളള ഒരു ടീം അധ്യാപകരുണ്ട്. ജനായത്ത വിദ്യാലയം എന്നു വിശേഷിപ്പിക്കാനാണ് പ്രഥമാധ്യാപകന്‍ ആഗ്രഹിക്കുന്നത്. പ്രേംജിത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പും ചൂണ്ടുവിരല്‍ പങ്കിട്ടിട്ടുണ്ട്. ഇതാ ആ പരമ്പരയില്‍ ഒന്നു കൂടി.
മികവിന്റെ സാക്ഷ്യപത്രം
ഓണപ്പരീക്ഷ കഴിഞ്ഞപ്പോള്‍ മിക്ക വിദ്യാലയങ്ങളും ക്ലാസ് പി ടി എ വിളിച്ചു കാണും. കുട്ടികളുടെ ഉത്തരക്കടലാസില്‍ ഗ്രേഡ് ഉണ്ട്. അത് കാണിച്ചിട്ടുമുണ്ടാകും. ഇനി പഠനപുരോഗതി രേഖ തയ്യാറാക്കി ഒപ്പിടുവിക്കണം. ആ പരീക്ഷപേപ്പറിലുളളതിനേക്കാള്‍ എന്താണ് ഈ പഠനപുരോഗതി രേഖയിലുളളത്. അച്ചടിക്കാനുളള സൗകര്യവും കുറച്ചെഴുതാനുളള അധ്യാപകപ്രീണനസമീപനത്തിനവും ചേരും പടി ചേര്‍ത്താല്‍ പഠനപുരോഗതി രേഖയായി. ഈ രേഖ കുട്ടികളുടെ എല്ലാ കഴിവുകളേയും അടയാളപ്പെടുത്തുന്നില്ല. എന്റെ കുട്ടികള്‍ എന്ന രേഖ പണ്ടുണ്ടായിരുന്നു. അതില്‍ കൂടുതല്‍ എഴുതണം എന്നതായിരുന്നു പരാതി. ഇപ്പോ അതു പരിഹരിച്ചല്ലോ? പരീക്ഷപേപ്പര്‍ കണ്ട രക്ഷിതാവിന് കുട്ടിക്ക് കൂടുതലായി എന്തെങ്കിലും വിവരം നല്‍കാന്‍ പര്യാപ്തമല്ലല്ലോ ഈ പഠനപുരോഗതിരേഖ എന്ന ആരും നിരാശപ്പെടുന്നില്ല എന്നതാണ് ഖേദകരം. പഠനപുരോഗതി രേഖ സര്‍ക്കാര്‍ നല്‍കേണ്ടതല്ല. അത് പണ്ട് അധ്യാപകസംഘടനകള്‍ ചോദ്യപേപ്പറുകള്‍ അച്ചടിച്ച കാലത്ത് പ്രത്യേക ഓഫര്‍ പോലെ നല്‍കി ശീലിച്ചതിനാല്‍ ചോദ്യം തരുന്നവര്‍ പ്രോഗ്രസ് കാര്‍ഡും നല്‍കണമെന്ന അലിഖിത കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടു എന്നേ ഉളളൂ. അതു മറികടക്കാന്‍ കഴിയും. പരീക്ഷ നടത്താനുളള അധികാരം കെ ഇ ആര്‍ പ്രകാരം പ്രഥമാധ്യാപകനാണ്. (അവകാശ നിയമപ്രകാരം പരീക്ഷ നടത്താതിരിക്കാനുളള അവകാശവും പുതിയതായി ലഭിച്ചിട്ടുണ്ടാകും . പക്ഷേ കുട്ടിയുടെ നിലവാരം കൃത്യമായി ഉറപ്പാക്കി രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിരിക്കണം)
അതു പോകട്ടെ ,തന്റെ വിദ്യാലയത്തിലെ കുട്ടികളെല്ലാം കഴിവുളളവരാണെന്നു കരുതുന്ന പ്രേംജിത്ത് എന്ന പ്രഥമാധ്യാപകന്‍ പ്രധാന അധ്യാപകനാകുന്നത് അവിടെ തയ്യാറാക്കിയ മികവിന്റെ സാക്ഷ്യപത്രം എന്ന രേഖയുടെ അക്കാദമിക വീക്ഷണത്തിളക്കത്തിലാണ്.
നോക്കൂ ആദ്ദേഹം രൂപകല്പന ചെയ്ത മികവിന്റെ സാക്ഷ്യപത്രം
എന്താണ് ഇതു തയ്യാറാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍?
  1. കൂട്ടുകാര്‍ക്ക് സ്വന്തം കഴിവുകള്‍ സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള ശേഷി വികസിപ്പിക്കുന്നതിന്
  2. "എനിക്കും ചില കഴിവുകളുണ്ട് " എന്ന ബോധം മനസ്സില്‍ സൃഷ്ട്ടിക്കുന്നതിലൂടെ ആത്മവിശ്വാസത്തോടെ പഠന പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയുന്നതിന്...
  3. എല്ലാ കൂട്ടുകാര്‍ക്കും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിലൂടെ പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തുന്നതിന് ...
  4. വിവിധ മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവ കൂട്ടുകാരില്‍ വളര്‍ത്തുന്നതിന്
  5. പഠനത്തിന്റെ വഴികള്‍ പരിചയപ്പെടുന്നതിന്
  6. മറ്റുള്ളവരെ അംഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക എന്നിവ ജീവിതത്തിലെ സുപ്രധാനമായ ജീവിതചര്യയായി മാറ്റാന്‍ പ്രേരിപ്പിക്കുന്നതിന് ....
പ്രക്രിയയും സമീപനവും ഇപ്രകാരം
  1. ക്ലാസ്സ്‌ മുറിയിലെ നിരന്തര നിരീക്ഷണത്തിലൂടെയും ഉല്‍പ്പന്ന വിലയിരുത്തലിലൂടെയും മറ്റും കൂട്ടുകാരുടെ മികവുകള്‍ കണ്ടെത്തി മികവിന്‍റെ പുസ്തകത്തില്‍ ( ഹെഡ്‌മാസ്റ്ററുടെ ഡയറി ) രേഖപ്പെടുത്തുന്നു
  2. ഗുണാത്മക സൂചകങ്ങള്‍ രൂപപ്പെടുത്തി ' മികവിന്‍റെ സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തി കൂട്ടുകാര്‍ക്ക് കൈമാറുന്നു
  3. പഠനത്തിന്‍റെ മികവുകള്‍ , പ്രത്യേക കഴിവുകള്‍ , മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം
  4. അധ്യാപിക ഇത് ക്ലാസ്സിനു പരിചയപ്പെടുത്തുന്നു
  5. എസ് ആര്‍ ജിയിലും ക്ലാസ്സ്‌ പി റ്റി എ കളിലും ചര്‍ച്ച ചെയ്യുന്നു.
  6. പല ഘട്ടങ്ങളായി എല്ലാ കൂട്ടുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി എന്ന് ഉറപ്പുവരുത്തണം
  7. എഴുത്ത് രൂപങ്ങള്‍ ഒരേരീതിയിലാകാതെ നോക്കണം .
  8. കൂട്ടുകാര്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഗുണാത്മക സൂചകങ്ങള്‍ തയ്യാറാക്കി എഴുതി നല്‍കണം
  9. ഒരു കൂട്ടുകാരന് ഒരു അക്കാദമിക വര്‍ഷം വൈവിധ്യമാര്‍ന്ന പത്ത് സര്‍ട്ടിഫിക്കറ്റുകള്‍ എങ്കിലും ലഭിച്ചു എന്ന് ഉറപ്പു വരുത്തണം
  10. സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം കൈമാറി കാണാനുള്ള സ്വാഭാവികമായ അനുഭവങ്ങള്‍ ഒരുക്കണം
  11. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മറ്റും കാണിക്കാനും അവരുടെ നന്മയുള്ള വാക്കുകള്‍ നേടാനും പ്രേരിപ്പിക്കണം
വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്
തീര്‍ച്ചയായും എല്ലാ കുട്ടികളുടെയും കഴിവുകള്‍ വളര്‍ത്തിയാല്‍ മാത്രമേ പത്തുകാര്‍ഡുകള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകൂ. അതിന് ഓരോ കുട്ടിയേയും നിരീക്ഷിക്കുകയും സഹായിക്കുകയും അവസരങ്ങള്‍ പ്രദാനം ചെയ്യുകയും വേണം. പ്രോം ജിത്ത് പറയുന്നു-
നേരിടുന്ന വെല്ലുവിളികള്‍ ഇവയാണ്. കൂട്ടുകാരുടെ നിലവാരത്തിനു യോജിച്ച ഭാഷയില്‍ നന്മയുടെ വാക്കുകള്‍ എഴുതി നല്‍കാന്‍ പ്രയാസനമുണ്ട്. അവരുടെ പ്രായത്തിനനുസരിച്ചുള്ള പ്രതിഭയ്ക്കനുസരിച്ച എനിക്ക് വളരാന്‍ കഴിയുന്നോ ഇന്നു സംശയം. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാ കൂട്ടുകാരെയും ഒരു പ്രാവശ്യമെങ്കിലും അവരുടെ നന്മയുടെ , കഴിവിന്റെ നിറവുകള്‍ ഓര്‍മ്മിപ്പിക്കാന്‍ തുടക്ക സംരംഭമെന്ന നിലയില്‍ അല്പം ബുദ്ധിമുട്ടുണ്ട്.

മികവുകള്‍
  • കൂട്ടുകാരില്‍ നല്ല ആത്മവിശ്വാസം
  • മികവുകള്‍ പങ്കു വയ്ക്കാന്‍ താല്പര്യം വര്‍ധിച്ചു
  • ആരും പിന്നോക്കക്കാരല്ല എന്ന്‍ ബോധം കുട്ടിയിലും രക്ഷിതാവിലും അധ്യാപികയിലും ഉണ്ടാക്കാന്‍ കഴിയുന്നു
  • ഈ തന്ത്രത്തില്‍ നിന്നും മറ്റു പല പഠനത്തിന്‍റെ വഴികള്‍ക്കും വ്യക്തത കൈ വരുന്നു
  • പഠന സങ്കേതങ്ങളുടെ ബന്ധിപ്പിക്കല്‍ നടക്കുന്നു ... ഉദാ... ഒരു ഭാഷാ വ്യവഹാരത്തിലും കൂട്ടുകാര്‍ (നാലാം തരം പോലും ) ശരാശരിയില്‍ പോലും എന്‍റെ കാഴ്ചപ്പാടില്‍ എത്തിയിട്ടില്ല .... അതിനു കണ്ടെത്തിയ മാര്‍ഗ്ഗം താഴെ ചേര്‍ക്കുന്നു ...
  • എഴുത്തിനുള്ള സ്വാഭാവികമായ സന്ദര്‍ഭങ്ങള്‍ മനപ്പൂര്‍വം സൃഷ്ട്ടിക്കണം
  • അതിനു കത്ത് എഴുതല്‍ പ്രവര്‍ത്തനമാണ് തെരഞ്ഞെടുത്തത് .പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങി ഓണസ്റ്റി ഷോപ്പില്‍ വില്പനയ്ക്ക് വച്ചു. അവിടെ നിന്നും കാര്‍ഡ് രസീത് എഴുതി വാങ്ങാം .ആ കാര്‍ഡില്‍ വിദ്യാലയത്തിലെ പ്രവര്‍ത്തന മികവുകള്‍ തന്‍റെ പങ്കാളിത്തം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എ ഇ ഓ യ്ക്കോ ( കൂട്ടുകാരുടെ കത്തുകള്‍ക്ക് കൃത്യമായി മറുപടി എഴുതുന്ന ആള്‍ ) സ്കൂള്‍ സന്ദര്‍ശിച്ചിട്ടുള്ള മറ്റു വിശിഷ്ട്ട വ്യക്തികള്‍ക്കോ കത്ത് എഴുതാം . പോസ്റ്റ് ചെയ്യുന്ന ജോലി ഹെഡ്‌മാസ്റ്റര്‍ ഏല്‍ക്കും... ഇതിന്‍റെ വിലയിരുത്തല്‍ നടക്കും ... മികവുകള്‍ എഴുതി നല്‍കും ... രാവിലെ ഒന്‍പതു മണിക്ക് എന്നും  നടക്കുന്ന പൊതു കൂടിച്ചേരലില്‍ ഉദാഹരണ സഹിതം മെച്ചപ്പെടുത്തല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ... എല്ലാ അധ്യാപകരും ഇതിനു സ്ഥിരം സാക്ഷികളാണ് ...
അക്കാദമികമൂല്യം
  • നിരന്തര വിലയിരുത്തലിനും വേറിട്ട വഴികളുണ്ട് എന്ന തിരിച്ചറിവു നല്‍കാന്‍ പര്യാപ്തം
  • ഒരു കുട്ടിക്ക് രണ്ടു മാസത്തിലൊരിക്കലാണെങ്കില്‍ പോലും അഞ്ചു കാര്‍ഡുകള്‍ കിട്ടും. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ എത്തുമ്പോള്‍ ഇരുപത് മുതല്‍ നാല്പതുവരെ കാര്‍ഡുകള്‍ ഇത് കുട്ടിക്ക് ജിവിതത്തിലൊരിക്കലും മറക്കാത്ത അനുഭവമാകും.
  • കുട്ടിയുടെ ആത്മബോധം വളരും
  • കഴിവുകള്‍ ഉളള കുട്ടി എന്ന തിരിച്ചറിവ് പിന്നാക്ക മേഖലകളിലെ ഉണര്‍വിനു പ്രേരിപ്പിക്കും
  • ഓരോ കുട്ടിയെയും വിലമതിക്കുന്ന വിദ്യാലയത്തിലെ അധ്യാപകര്‍ സമൂഹം അംഗീകരിക്കപ്പെടുന്നവരായി മാറും
  • രക്ഷിതാക്കളുടെ സൗഹൃദം ശക്തമാകും.
  • കുട്ടിയുടെ എല്ലാ കഴിവുകളുടേയും വികാസമാണ് വിദ്യാഭ്യാസം എന്ന ദര്‍ശനത്തോട് നീതി പുലര്‍ത്തും
എന്നെ എങ്ങനെ സ്വാധീനിച്ചു
പ്രേം ജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഞാന്‍ ലൈക്ക് ചെയ്തു. നാം ഒരു കാര്യം
ഇഷ്ടപ്പെടുന്നതെന്തിനാണ്? അതിന്റെ നന്മ സ്വീകരിക്കാനല്ലെങ്കില്‍?ഞാന്‍ ആ ആശയം ഡി എ‍ഡ് കുട്ടികളില്‍ ( ടി ടി സി) പ്രയോഗിച്ചു. അവരുടെ നോട്ട് ബുക്കിന്റെ ആദ്യതാളില്‍ സഹപാഠികളും ഞാനും കണ്ടെത്തിയ ഗുണതാവാക്യങ്ങള്‍. ഞാന്‍ രൂപകല്പന നിര്‍വഹിച്ച്, ടൈപ്പ് ചെയ്ത്, പ്രിന്റെടുത്ത് നല്‍കിയത് അവര്‍ ഇപ്പോള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. പ്രേംജിത്തിനോടുളള ആദരവ് അങ്ങനെ പ്രകടിപ്പിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. മികവിന്റെ സാക്ഷ്യപത്രം കണ്ട ശ്രീ തോമസ് ഐസക് അത് അയച്ചുകൊടുക്കാന്‍ എന്നോടു പറഞ്ഞു. അതെ എല്ലാവരേയും സ്വാധീനിക്കുന്ന അതിമൂല്യം ഈ സാക്ഷ്യപത്രത്തിലുണ്ട്. നാം നന്മയുടെ കടലാസ് പഠിപ്പിച്ചു. പക്ഷേ സ്വാംശീകരിച്ചില്ല.
തുടരുക പ്രേംജിത് താങ്കളുടെ നിശബ്ദവിപ്ലവും
പ്രതിസന്ധികള്‍ തനിയെ നീങ്ങിപ്പോകും
എല്ലാ സഹാധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍. അവരോടു പറയുക മികവിന്റെ സാക്ഷ്യപത്രം ഇപ്പോള്‍ ഞാന്‍ പത്തിലധികം പരിശീലനങ്ങളില്‍ പരിചയപ്പെടുത്തി അവര്‍ക്ക് ആവേശവും പ്രചോദനവും പ്രദാനം ചെയ്തിട്ടുണ്ടെന്ന്.


5 comments:

  1. ഈ പോസ്റ്റ്‌ ഏറെ ആഹ്ലാദിപ്പിച്ചു .പ്രേംജിത്ത് സാറിനെയും അദ്ദേഹത്തിന്റെ അക്കാദമിക താല്പ്പര്യങ്ങളെയും അടുത്തറിയായാം കൂടുതല്‍ മികവു കൈവരിക്കാനുള്ള അന്വേഷണ ത്തിലാണ് അദ്ദേഹം എപ്പോഴും .പത്തു കാര്‍ഡുകളില്‍ തന്റെ പഠന നേട്ടങ്ങള്‍ കുറിച്ച് കിട്ടുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആത്മ വിശ്വാസ ത്തെയാണ്‌ അദ്ദേഹം പ്രധാനമായും പരിഗണിക്കുന്നത് .ഭാഷാപരമായി കുട്ടി നേരിടുന്ന പ്രശ്ന ങ്ങളെ ഓണസ്ടി ഷോപ്പുമായി ബന്ധിപ്പിച്ചു പരിഹരിക്കുന്നതും കൌതുകമായി . നമ്മുടെ ആത്യന്തിക ലക്‌ഷ്യം എഴുതുകയും വായിക്കുകയും ചെയ്യുന്ന കുട്ടികളെ രൂപപ്പെടുത്തുക യാണല്ലോ . അതിനായി അദ്ദേഹം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മികവിന്റെ സാക്ഷ്യ പത്രത്തിന്‍റെ വര്‍ണ്ണാഭയെ കൂടുതല്‍ തിളക്കട്ടെ എന്നാഗ്രഹിക്കുന്നു .അതും ഗവേഷണ തലത്തില്‍ ആലോചനകള്‍ ഇല്ലാത്ത എന്നിലെ അധ്യാപികയ്ക്ക് പ്രചോദനമാകും .

    ReplyDelete
  2. പ്രേംജിത്ത് സാറിന് അഭിനന്ദനങ്ങള്‍ !!! നിരന്തര വിലയിരുത്തലില്‍ ഇനിയുംനാം മുന്നോട്ട് പോകാനുണ്ട് .അതിന് ഒരു വേറിട്ട മാതൃക സൃഷ്‌ടിച്ച താങ്കള്‍ അധ്യാപക സമൂഹത്തിന് അഭിമാനമാണ് .നിരന്തര വിലയിരുത്തല്‍ പരിശീലനം കഴിഞ്ഞതോടെ ....വീണ്ടും കള്ളികള്‍ ഗ്രേഡുകള്‍ കൊണ്ട് തുരുതുരാ നിറക്കാന്‍ നിര്‍ദേശിച്ചതോടെ ഞാനും പുതു വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് .കുട്ടികളുടെ സ്വയം വിലയിരുത്തലും പരസ്പരവിലയിരുത്തലുകളും അദ്ധ്യാപികയുടെയും രക്ഷിതാവിന്‍റെയും ഗുണാത്മക വിലയിരുത്തലുകളും ചേര്‍ത്ത് ഒരു നിരന്തര വിലയിരുത്തല്‍ രേഖ തയ്യാറാക്കുന്ന ശ്രമത്തിലാണ് .ഈ പോസ്റ്റ്‌ എനിക്ക് പുതിയ ചില മാനങ്ങള്‍ കൂടി തരുന്നു . നന്ദി ..പ്രജിത്ത് സാറിനും സഹപ്രവര്‍ത്തകര്‍ക്കും പിന്നെ മികവിന്‍റെ സാക്ഷ്യപത്രം പരിചയപ്പെടുത്തിയ ചൂണ്ടുവിരലിനും .

    ReplyDelete
  3. അക്കാദമിക സ്വപ്‌നങ്ങള്‍ യാഥാര്‍ധ്യമാകുമ്പോള്‍ കൂട്ടുകാരില്‍ ഉണ്ടാകുന്ന മാറ്റം അനുഭവിക്കുമ്പോള്‍ അധ്യാപകനില്‍ ഉണ്ടാകുന്ന ഉണര്‍വും നിറവും ഒരു അവാര്‍ഡിലൂടെയും സംബന്ധിക്കാന്‍ കഴിയില്ല .അതു നേരിട്ട് അനുഭവിക്കാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നു . ശ്രീ കലാധരന്‍ മാഷിനെപ്പോലെയുള്ളവരുടെ ഗുണം അദ്ദേഹം നമ്മുടെ മനസ്സിലെ സ്വപ്നങ്ങളെ മുന്‍കൂട്ടി അറിയും .... അതിനു പറ്റുന്ന വിഭവങ്ങള്‍ വിളമ്പിത്തരും .... അത് അന്വേഷണത്വരയുള്ള ഏതു അധ്യാപകന്റെയും മനസ്സിലേയ്ക്ക് ഇടിച്ചു കയറും ....
    അതിലൂടെ ചൂണ്ടുവിരല്‍ നിരന്തരം പിന്തുടരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പഠനത്തിന്‍റെ വഴികളില്‍ നേരിടുന്ന എല്ലാ തടസ്സങ്ങളും മാറ്റാനുള്ള സര്‍ഗശക്തി കൈവരും....അതിന്‍റെ പ്രതിഫലനമാണ് മികവിന്‍റെ സാക്ഷ്യപത്രവും ... സാര്‍ അത് മറ്റൊരു വിധത്തിലാക്കി പ്രയോഗിച്ചത് കണ്ടപ്പോള്‍ വീണ്ടും മനസ്സില്‍ ചില ചിന്തകള്‍ രൂപപ്പെടുന്നു ....
    എന്തുകൊണ്ട് ഇതിനു പറ്റുന്ന രീതിയില്‍ ഒരു അക്കാദമിക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിക്കൂടാ ... അപ്പോള്‍ പ്രിന്റിങ്ങിനുള്ള ചിലവും ഒഴിവാക്കാം ... ഒരു കളര്‍ പ്രിന്ററും ലാപ്ടോപ്പും ഉണ്ടെങ്കില്‍ സംഗതി എളുപ്പമാകും ... അതിനുള്ള ശ്രമംകൂടി പരിഗണിക്കണം. എന്‍റെ വിദ്യാലയത്തിലെ അക്കാദമിക സ്വപ്നങ്ങള്‍ അഭിമാനത്തോടെ പങ്കു വച്ച ചൂണ്ടുവിരലിനും ശ്രീ കലാധരന്‍ മാഷിനും നന്ദി ....

    ReplyDelete
  4. പ്രേംജിത്ത്,അത്തരം ഒരു സോഫ്റ്റ്വെയര്‍ കാപ്പ് സ്കൂളിലെ വിധുമാഷ് തയ്യാറാക്കി ഉപയോഗിക്കുന്നതായി പറഞ്ഞു.
    കുറേ ഗുണനിലവാരപ്രസ്താവനകളും പഠനനേട്ടങ്ങളും ഉണ്ടാകും അവയില്‍ ബാധകമായതിന് അധ്യാപിക ക്ലിക് ചെയ്താല്‍ പ്രിന്റായി കിട്ടും.
    എഴുത്തുംഭാരം കുറയും.
    (കാപ്പ് സ്കൂളിനെക്കുറിച്ച് ചൂണ്ടുവിരലില്‍ എഴുതിയിരുന്നതോര്‍ക്കുക)
    ഞാന്‍ വിധുവിന്റെ ശ്രദ്ധയില്‍ താങ്കളുടെ ആവശ്യം കൊണ്ടുവരാം.
    പ്രതികരണം മെയില്‍ ചെയ്യാം

    ReplyDelete
  5. @premjith sir
    I shall share the software details to you.
    Its a very simple to make the assessment records if the primary work is done.

    ReplyDelete

പ്രതികരിച്ചതിനു നന്ദി