Pages

Thursday, May 26, 2016

കുട്ടികള്‍ അധ്യാപകനെ വിലയിരുത്തിയപ്പോള്‍


ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് എന്നെ വിലയിരുത്താന്‍ അവസരം നല്‍കാറുണ്ട്. അവര്‍ക്ക് സ്വതന്ത്രമായി എന്തും എഴുതാം. മുന്‍വര്‍ഷം പഠിതാക്കള്‍ നടത്തുന്ന വിലയിരുത്തല്‍ കുറിപ്പുകള്‍ പരിഗണിച്ചു കൂടുതല്‍ മെച്ചപ്പെടുത്തിയ പഠനാനുഭവങ്ങളാണ് അടുത്ത വര്‍ഷത്തെ കുട്ടികള്‍ക്ക് നല്‍കുക. എന്റെ അധ്യാപനത്തെ വിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതിലൂടെ വിലയിരുത്തലിനെക്കുറിച്ച് പുതിയ ധാരണ പകരാനും കഴിയുന്നുണ്ട്. പരിമിതികള്‍ മനസിലാക്കാന്‍ ഇതാണ് സ്വീകരിക്കാവുന്ന രീതികളിലൊന്ന്.
ഡി എഡ് കോഴ്സ്
സെമസ്റ്റര്‍ -മൂന്ന് 2015-16
വിഷയം-വിദ്യാഭ്യാസത്തിന്റെ ചരിത്രപരവും സാമൂഹികവും ദാര്‍ശനികവുമായ അടിത്തറ
ഞാനൊരുക്കിയ ക്ലാസനുഭവങ്ങളെക്കുറിച്ച് കുട്ടികള്‍ വിലയിരുത്തുന്നതിന് പരിഗണിച്ച കാര്യങ്ങളും പ്രതികരണങ്ങളും ചുവടെ-
  1. 1.നമ്മുടെ ക്ലാസിനെ പ്രതിനിധീകരിക്കാവുന്ന ഒരു ചിത്രം വരയ്കുക
    വരച്ച ചിത്രങ്ങളിവയാണ്
    1. കമ്പ്യൂട്ടറും കുട്ടികളും അധ്യാപകനും
    2. പൂവ്
    3. തുറന്ന പുസ്തകത്തിനു മീതേ പറക്കുന്ന പക്ഷികള്‍
    4. തുറന്ന പുസ്തകത്തിനു മീതേ സൂര്യന്‍
    5. തുറന്ന പുസ്തകം
    6. മഴ
    7. പൂക്കളും മഴവില്ലും
    8. കത്തുന്ന നിലവിളക്ക്
    9. ഉദയസൂര്യന്‍
    2.നമ്മുടെ ക്ലാസിനെക്കുറിച്ച് മനസില്‍ തങ്ങി നില്‍ക്കുന്ന അഞ്ചു കാര്യങ്ങള്‍ എഴുതുക( മെച്ചങ്ങളും പരിമിതികളും)
    1. തുടക്കം മുതല്‍ അവസാനം വരെ എന്തെങ്കിലും പുതുമ ഉണ്ടായിരുന്നു
    2. സന്തോഷം, ഉന്മേഷം അടങ്ങിയ ക്ലാസ്
    3. കുട്ടികളോടും കാണിക്കുന്ന ക്ഷമയും സ്നേഹവും പ്രശംസനീയം
    4. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം ഉണ്ടാക്കിത്തരുന്ന ക്ലാസ്
    5. ഐ ടി സാധ്യതകള്‍ എത്രത്തോളം പഠനത്തില്‍ ഫലപ്രദമാണെന്നു കാണിച്ചു തന്ന ക്ലാസ്. അതിനാല്‍ ക്ലാസ് രസകരമായിരുന്നു
    6. കുട്ടികളെ മനസിലാക്കുന്ന അധ്യാപകന്‍
    7. സൗഹൃദപരമായ അധ്യാപനം
    8. ഓര്‍മയില്‍ എന്നും തങ്ങി നില്‍ക്കുന്ന മാര്‍ഗോപദേശങ്ങള്‍
    9. അനുഭവങ്ങളിലൂടെ തന്നെത്തന്നെ തിരിച്ചറിഞ്ഞുളള പഠനം
    10. ഏതുതരം പഠനശേഷി ഉളളവര്‍ക്കും മനസിലാകുന്ന തരത്തിലുളള പഠനം
    11. എന്തിനെയും വിമര്‍ശനാത്മകമായി കാണാന്‍ പറഞ്ഞത് ഒരു പുതിയ അനുഭവമായിരുന്നു
    12. മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായ പഠിപ്പിക്കല്‍
    13. ആര്‍ക്കും മാതൃകയാക്കാവുന്ന നല്ല അധ്യാപനരീതി
    14. മുഷിപ്പിക്കാതെയുളള പഠനം
    15. ജീവിതവുമായി ബന്ധിപ്പിച്ചുളള പഠനം
    16. മനസില്‍ തങ്ങിനില്‍ക്കുന്ന രീതിയിലുളള പഠനം
    17. മഴ പെയ്യുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. അതുപോലെയാണ് സാര്‍ പഠിപ്പിക്കുന്നതും
    18. ഒരേ കാര്യം തന്നെ പലരീതിയില്‍ പറഞ്ഞുതരും
    19. സൗഹൃദപരമായ രീതി
    20. മനസിലാകാത്ത കാര്യങ്ങള്‍ ചോദിച്ചാല്‍ നല്ല രീതിയില്‍ പറഞ്ഞുതരും
    21. ഒരു ക്ലാസില്‍ ഇരുന്നാല്‍തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാം
    22. വിദ്യാഭ്യാസം എങ്ങനെയാകണമെന്നു മനസിലായി
    23. സിനിമയും പഠനത്തില്‍ ഉള്‍പ്പെടുത്താമെന്നു മനസിലായി
    24. കുട്ടികളെ പഠിപ്പിക്കേണ്ട രീതി തിരിച്ചറിഞ്ഞു
    25. കൃത്യനിഷ്ഠത

    26. എല്ലാവര്‍ക്കും തുല്യപങ്കാളിത്തം
    27. എന്തു സംശയവും ചോദിക്കാനുളള സ്വാതന്ത്യം ഉണ്ടായിരുന്നു
    28. കണ്ടു മനസിലാക്കിയതുകൊണ്ട് ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ കഴിയും
    29. ഇത്രയും പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയ ക്ലാസുകള്‍ ജീവിതത്തിലിതുവരെ ലഭിച്ചിട്ടില്ല
    30. പുതിയ പഠനാനുഭവങ്ങള്‍ ലഭിച്ചു
    31. പഠിച്ച കാര്യങ്ങളെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കുമെന്ന ആത്മവിശ്വാസമുണ്ട്
      (പരിമിതികള്‍ ആരും കുറിച്ചില്ല. )
    3. ഈ ക്ലാസിനെക്കുറിച്ച് എന്താവും പത്തു വര്‍ഷം കഴിഞ്ഞ് ഒരു സുഹൃത്തിനോട് പറയുക. (രണ്ടു കാര്യം എഴുതുക)
    1. ഇനിയും കിട്ടാത്തതും ഞങ്ങള്‍ കുറച്ചുപേര്‍ക്കുമാത്രം കിട്ടിയതുമാണ് ഈ ക്ലാസ് ദിനങ്ങള്‍
    2. ഒരു അധ്യാപകനും ഇതുവരെ ഇങ്ങനെ പഠിപ്പിച്ചിട്ടില്ല
    3. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കേണ്ട ഓര്‍ക്കാനിഷ്ടപ്പെടുന്ന ദിനങ്ങള്‍
    4. നമ്മെ തിരിച്ചറിഞ്ഞ്, നാമാരാണെന്നു നമ്മളെ തിരിച്ചറിയിക്കുന്ന അധ്യാപകന്റെ കീഴിലുളള പഠനം ഇന്നും ഞാന്‍ വളരെ സ്നേഹത്തോടെ ഓര്‍ക്കുന്നു
    5. സാര്‍ എന്തിനെക്കുറിച്ചും പറയുന്നതിനു മുമ്പായി കുട്ടികളുടെ അഭിപ്രായം തേടും. അത് നല്ല ഒരു രീതിയാണ്
    6. ഇങ്ങനെ പഠിക്കുന്നതും ക്രിയാത്മകമായി വിലയിരുത്തുന്നതും വേറെ എവിടെയും കണ്ടിട്ടില്ല
    7. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദിനങ്ങള്‍
    8. നല്ല ഒരു അധ്യാപകന്‍
    9. ഇനിയും ഇതുപോലെ ക്ലാസ് കിട്ടുമോ എന്നറിയില്ല
    10. സാര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നു
    11. കലാധരന്‍ സാറിന്റെ ക്ലാസില്‍ ഇരിക്കണമെന്ന് ഇപ്പോഴും തോന്നുന്നു
    12. എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്നതിനുത്തരം
    13. എല്ലാവര്‍ക്കും പങ്കാളിത്തമുളള ക്ലാസ്
    14. സുഹൃത്തേ, അവിടെ പഠിക്കാത്തതിന്റെ കുറവുകള്‍ അവിടെച്ചെന്നാലേ പരിഹരിക്കാനാകൂ
    15. അന്നത്തെ ക്ലാസ് എനിക്കിന്നും പ്രയോജനപ്പെടുന്നു
    16. ഈ ക്ലാസുകള്‍ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ അത് പ്രയോജനപ്പെടുമായിരുന്നു
    17. അനുഭവങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പഠിച്ച ക്ലാസായിരുന്നു
    18. ഒരു അധ്യാപിക എങ്ങനെയാകണമെന്നു മനസിലാക്കുന്നതിനുളള പ്രചോദനം
    4. ഈ ക്ലാസുകളെങ്ങനെ നിങ്ങളുടെ അധ്യാപനത്തെ സ്വാധീനിക്കും?
    (മൂന്നു കാര്യം)
    1. സര്‍ എങ്ങനെയാണോ ഞങ്ങളെ പഠിപ്പിക്കാനും പഠിക്കാന്‍ പ്രേരിപ്പിക്കാനും ശ്രമിച്ചത് അതേ പോലെ ഞങ്ങള്‍ കുട്ടികളെ പുതുമ നിറഞ്ഞ കൗതുകമുളള വര്‍ണങ്ങള്‍ നിറഞ്ഞ പഠനരംഗം ഉണ്ടാക്കിക്കൊടുക്കും
    2. സാറിനെപ്പോലെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യും
    3. കളി രീതിയില്‍ പഠിപ്പിക്കും
    4. സാറ്‍ ഞങ്ങളോടിടപെട്ടതുപോലെ ഞങ്ങള്‍ കുട്ടികളുമായി ഇടപഴകും
    5. കുട്ടികളെ മനസിലാക്കി പഠിപ്പിക്കും
    6. എന്റെ ക്ലാസുകള്‍ കുട്ടികള്‍ക്ക് പിന്നീടും പ്രയോജനപ്പെടുന്നതായിരിക്കും
    7. കുട്ടികളെ വിമര്‍ശനാത്മകമായ രീതിയില്‍ എന്തിനെയും സമീപിക്കാന്‍ പ്രേരിപ്പിക്കും
    8. എല്ലാം പ്രവര്‍ത്തനത്തിലൂടെയുളള പഠനമായിരിക്കും
    9. ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി പഠിപ്പിക്കും
    10. സാര്‍ പഠിപ്പിക്കുന്ന രീതിയില്‍ പഠിപ്പിക്കണം എന്നാണ് ആഗ്രഹം
    11. കുട്ടികളോട് സൗഹൃദത്തോടെ പെരുമാറും
    12. എല്ലാ കുട്ടികളേയും ഒരുപോലെ പരിഗണിക്കും
    13. പരിചയപ്പെടുത്തിയ ഓരോ സ്കൂളിന്റെയും പഠനരീതി പ്രയോജനപ്പെടുത്തി മുന്നോട്ടുപോകും
    14. കുട്ടിയെ അറിഞ്ഞുപ്രവര്‍ത്തിക്കും
    15. അധ്യാപകന്റെ സ്ഥാനം പഠിപ്പിക്കലല്ല, സഹായിക്കലാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും
    16. കുട്ടികളെ പരിഗണിക്കും
    17. പ്രോത്സാഹനം നല്‍കും
    18. കുട്ടികളുമായുളള ബന്ധം
    19. നന്നായി ക്ലാസ് മാനേജ് ചെയ്യും
    20. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കും.അവരെ പുസ്തകങ്ങളില്‍ തളച്ചിടില്ല
    21. ഒന്നും കുട്ടികളുടെ മേലേ അടിച്ചേല്‍പ്പിക്കില്ല
    എന്റെ അധ്യാപന പരീക്ഷണങ്ങളെക്കുറിച്ചുളള ഒരു തിരിഞ്ഞു നോട്ടം സംതൃപ്തി ഏറെ. സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ്.
    2014-15 വര്‍ഷത്തെ കുട്ടികളുടെ വിലയിരുത്തല്‍ . സുമിയും ഷിഫാനയും ബിന്ദുവിജയനും സ്റ്റെഫിയും ഐശ്വര്യയും ആര്യയും അര്‍ച്ചനയും അഞ്ജു കൃഷ്ണയും മിനിയും രാജലക്ഷ്മിയും എല്ലാം എന്നെ വിലയിരുത്തി. അതിങ്ങനെ.
  1. സര്‍ നന്നായിത്തന്നെ ക്ലാസുകള്‍ എടുത്തു.പാഠഭാഗത്തിലെ വലിയ ആശയങ്ങള്‍ ചുരുക്കി ഞങ്ങള്‍ക്കു മനസിലാകുന്ന രീതിയില്‍ ഉദാഹരണസഹിതം പറഞ്ഞുതന്നു. സര്‍ പഠിപ്പിച്ച അധ്യാപനരീതി ഇതുവരെയും മറ്റൊരധ്യാപകരും എന്റെ ജീവിതത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.പലവിധത്തിലുളള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കി. സാറില്‍ നിന്നും ഒരു അധ്യാപകന്‍/ അധ്യാപിക എങ്ങനെ പഠിപ്പിക്കണം അതു രീതിയില്‍ പ്രവര്‍ത്തിക്കണം എന്നു മനസിലാക്കാന്‍ സാധിച്ചു.
  2. സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. ഞങ്ങളെ എന്തെല്ലാമോ ആയിത്തീരുവാന്‍ സാര്‍ ശ്രമിക്കുന്നുണ്ട്.സാറിന്റെ സെമിനാര്‍ രീതികളും മറ്റും എനിക്ക് വളരെ ഇഷ്ടമാണ്.
  3. സാറിന്റെ ഞങ്ങളോടുളള ആത്മാര്‍ഥത എനിക്ക് വളരെ ഇഷ്ടമാണ്. സാറിനെ ഞങ്ങള്‍ക്കു ലഭിച്ചത് വലിയൊരു അനുഗ്രഹമാണ്. എനിക്ക് സാറിനെ ഒരുപാടിഷ്ടമാണ്. സാര്‍ ഒരുപാട് ക്ഷമ എന്നോടു കാണിച്ചിട്ടുണ്ട്.
  4. സാറിന്റെ ഓരോ ക്ലാസും വളരെ നന്നായിരുന്നു. ഒത്തിരികാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു
  5. പ്രവര്‍ത്തനാധിഷ്ടിത പഠനമായിരുന്നു. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു
  6. വ്യത്യസ്ത രീതികള്‍ പഠനത്തി്ല്‍ ഉപയോഗിച്ചത് പുതുമയായിരുന്നു
  7. എല്ലാവരേയും പങ്കാളികളാക്കുവാനുളള ശ്രമം ഉണ്ടായി
  8. പ്രതിബദ്ധതയുണ്ട്
  9. എല്‍ സി ഡി പ്രദര്‍ശനം നടത്തിയത് നല്ലതാണ്. കണ്ടും കേട്ടും മനസിലാക്കാന്‍ സാധിക്കുന്നു 
  10. മറ്റുളളവരെ അപേക്ഷിച്ച് സര്‍ ഞങ്ങള്‍ക്കു നല്‍കുന്ന വര്‍ക്കില്‍ പൂര്‍ണമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.ആ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് പൂര്‍ണമായ വിജയത്തിലെത്താം എന്ന വിശ്വാസം നല്‍കുന്നു. ഇത് നിലനിറുത്തണം .ഞങ്ങളെ സ്വയം വിലയിരുത്താന്‍ നല്‍കുന്നത് നല്ല പ്രവര്‍ത്തനമാണ്. അടുത്ത വര്‍ഷത്തെ കുട്ടികള്‍ക്കും ഇത് നല്‍കണം.
  11. വ്യത്യസ്തരീതി അവലംബിച്ച് പഠനം നടത്തുന്നത് നല്ലതുതന്നെ. ഞാന്‍ ഒരു അധ്യാപിക ആയാല്‍ ഇതേ പോലെ വ്യത്യസ്തരീതിയില്‍ പഠനപ്രവര്‍ത്തനം നല്‍കും
  12. കുട്ടികള്‍ക്ക് ആസ്വാദ്യകമായ രീതിയില്‍ വ്യത്യസ്ത പഠനപ്രവര്‍ത്തനങ്ങളിലൂടെ പഠിപ്പിക്കുന്നത് നല്ലതുതന്നെ .പഠിപ്പിക്കാനുളള സാറിന്റെ കൃത്യനിഷ്ഠ പുലര്‍ത്തിക്കൊണ്ടുപോവുക
  13. ഇതേ പ്രവര്‍ത്തനം തന്നെ അടുത്തവര്‍ഷത്തെ കുട്ടികള്‍ക്കും നല്‍കിയാല്‍ മതിയാകും.
  14. മറ്റ് അധ്യാപകരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബോധനരീതിയാണ് സാര്‍ അവലംബിച്ചിരുന്നത് (2).മറ്റുളളവരില്‍ നിന്നും സാറിനെ വ്യത്യസ്തനാക്കുന്ന മറ്റൊന്ന് ക്ലാസില്‍ ഏതെങ്കിലും പ്രവര്‍ത്തനം നടക്കുമ്പോള്‍ ഒന്നോ രണ്ടോ കുട്ടികള്‍ വരാതിരിക്കുകയാമെങ്കില്‍ അവര്‍ക്കുവേണ്ടി ആ പ്രവര്‍ത്തനം മാറ്റി വെക്കുകയും അവരുളളപ്പോള്‍ നടത്തുകയും ചെയ്യുന്നത്.
  15. സാറിന്റെ ക്ലാസില്‍ നിന്നുംഎങ്ങനെയായിരിക്കണം ക്ലാസ് സജ്ജീകരണം, വ്യത്യസ്ത ബോധനരീതി എന്നിവ മനസിലാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ കാണുകയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.പറയത്തക്ക പോരായ്മകള്‍ എനിക്ക് സാറിന്റെ ക്ലാസില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നില്ല, എല്ലാം നല്ല ക്ലാസുകളായിരുന്നു.
  16. ശരിക്കും സാറിന്റെ ക്ലാസുകള്‍ വളരെ നല്ലതായിരുന്നു. ഇതുവരെ ഞാന്‍ പഠിച്ചു വന്നതില്‍ മറ്റ് അധ്യാപകര്‍ ഉപയോഗിക്കാത്ത പഠനരീതികളാണ് സാര്‍ ഉപയോഗിച്ചത്. അത് അധ്യാപകരാകാന്‍ പോകുന്ന ഞങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ പ്രയോജനപ്രദമായി. സാര്‍ വളരെയധികം വര്‍ക് ചെയ്തിട്ടുണ്ട്. അതിനു നന്ദി പറയുകയാണ്. സാര്‍ വര്‍ക് ചെയ്തതിന്റെ ഒരംശം പോലും ഞാന്‍ വര്‍ക് ചെയ്തിട്ടില്ല.
  17. വളരെ നല്ല ക്ലാസായിരുന്നു സാറിന്റേത് .ഈ അധ്യാപനരീതിയില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. സാറിന്റെയത്ര ക്ഷമയോ സ്നേഹമോ മറ്റധ്യാപകര്‍ക്കും വേണം.സര്‍ ഞങ്ങളെ വളരെയധികം മനസിലാക്കിയാണ് പഠിപ്പിക്കുന്നത്. മൂന്നാാം സെമസ്റ്ററിലാണ് സാറിനെ ഞങ്ങള്‍ക്കു കിട്ടുന്നത്. സാറിന്റെ ക്ലാസില്‍ കൂടുതലായി ഇരിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. അതില്‍ വിഷമമുണ്ട്. ഇത്തരത്തില്‍ ‍ഞങ്ങളെ സ്നേഹിച്ചപോലെ ,പഠിപ്പിച്ച പോലെ പഠിപ്പിക്കണം.
  18. ഇത്തരമൊരു പഠനരീതി എനിക്ക് ആദ്യമായാണ് ലഭിക്കുന്നത്.വളരെ നല്ല രീതിയില്‍ ഞങ്ങള്‍ പഠിച്ചു.കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പഠിക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്ന രീതികളും സാറിന്റെ ക്ലാസിലൂടെ മനസിലാക്കാന്‍ സാധിച്ചു.
  19. സാറിന്റെ പഠനപ്രവര്‍ത്തനങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്. മറ്റുളളവര്‍ക്ക് മതൃകയാക്കാന്‍ പറ്റിയ ഒരു അധ്യാപകനാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എല്ലാ കുട്ടികളേയും ഒരുപോലെ കാണാന്‍ സാറിനു കഴിയുന്നുണ്ട്. അത് അഭിനന്ദനീയമാണ്.ചില കാര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
  20. ഓരോ പാഠത്തിനും സാര്‍ സ്വീകരിച്ച പഠനരീതി വളരെ നല്ലതാണ്. ഈ രീതി തുടരുന്നതാണ് നല്ലത്.എല്ലാ രീതിയിലും കുട്ടികളെ അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് ഉപയോഗപ്പെടുത്താം.
  21. സാറിന്റെ ആത്മാര്‍ഥത എനിക്ക് ഇഷ്ടമായി. പഠിതാവിനെ പഠനപ്രവര്‍ത്തനത്തില്‍ ഒപ്പം നിന്നു സഹായിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു. ഐ സി റ്റി ഉപയോഗിച്ചുളള പഠനം, ലളിതവും വ്യത്യസ്തവുമാര്‍ന്ന ഭാഷാ പ്രയോഗം,ആനുകാലിക പ്രസക്തവും സാമൂഹികപ്രശ്നങ്ങളേയും ബന്ധിപ്പിച്ചുളള പഠനം, ക്ഷമ -പറയാതെ വയ്യ.ജനാധിപത്യപരമായപെരുമാറ്റം, പഠനത്തില്‍ സാമ്പത്തികമായി സഹായിക്കല്‍, മൊത്തത്തില്‍ സാര്‍ കൊളളാം. പഠനത്തില്‍ ഒപ്പം നിന്നു സഹായിക്കും.
  22. ഒരു പാട് കാര്യങ്ങള്‍ എനിക്ക് സാറില്‍ നിന്നും ലഭിച്ചു.നന്ദി. മാതൃകയാക്കാന്‍ പറ്റുന്ന ഡയറ്റ് അധ്യാപകന്‍.
  23. സാര്‍ ഞങ്ങളെ പഠിപ്പിക്കുന്നതില്‍ വ്യക്തതയുണ്ട്. എന്നാല്‍ അവ്യക്തതയുമുണ്ട്.
  24. ഞങ്ങളോടു കാണിച്ച അത്രയും ക്ഷമ ഇനി പഠിപ്പിക്കുന്നവരോടും കാണിക്കണം
എന്റെ ശിഷ്യക്കൂട്ടം എഴുതിയ ഈ കുറിപ്പുകളാണ് എന്റെ അധ്യാപനജീവിതത്തിന്റെ ആകെത്തുക.
സ്നേഹിതരായ കുട്ടികള്‍. അവര്‍ എന്നും എനിക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ തന്നു. എന്നെ പ്രചോദിപ്പിച്ചു.
സ്വാതന്ത്ര്യം, ജനാധിപത്യം, സൗഹൃദം എന്നിവ സമന്വയിപ്പിച്ച് മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു അതിനാല്‍ അവിസ്മരണീയാനുഭവം തന്നെയായിരുന്നു അവരോടൊത്തുളള പഠനജീവിതം. അവരോടൊപ്പം ഞാനും പഠിക്കുകയായിരുന്നു. അധ്യാപനതന്ത്രത്തിന്റെ പുതിയ പാഠങ്ങള്‍. വര്‍ഷാവസാനക്ലാസ് പരീക്ഷയിലെ അവസാന ചോദ്യം അധ്യാപകനെ വിലയിരുത്താനുളളതാക്കിയതും ഈ പഠനത്തിന്റെ ഭാഗമായിരുന്നു.


3 comments:

  1. This comment has been removed by the author.

    ReplyDelete
  2. എല്ലാ അധ്യാപകരും ഒരു സമൂലമാറ്റം ഉൾക്കൊള്ളുന്നവരായിരുന്നെങ്കിൽ!!!

    ReplyDelete
  3. ഇനിയും മുന്നില്‍തന്നെയുണ്ടാകണം.കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും പ്രചോദനമായി...

    ReplyDelete

പ്രതികരിച്ചതിനു നന്ദി