Pages

Tuesday, June 14, 2016

വായനാദിനത്തില്‍ മാരാരിക്കുളത്ത് ജനകീയ രചനോത്സവം


"കഥയും കവിതയുമൊക്കെ എഴുതാൻ സാധാരണക്കാരായ ഞങ്ങൾക്കാകുമോ ?... അതൊക്കെ വലിയ സാഹിത്യകാരന്മാർ ചെയ്യേണ്ട ജോലിയല്ലേ... ?  കുട്ടികൾക്കായുള്ള വായനാസാമാഗ്രികൾ സ്വന്തമായി നിർമ്മിക്കാനായി TMPLPS ൽ   സംഘടിപ്പിച്ച രചനാ ശില്പ ശാലയിലെത്തിയ രക്ഷിതാക്കൾക്കു ഉണ്ടായ  ആശങ്ക ചെറുതായിരുന്നില്ല. എന്തെഴുതണം ??... സംശയം . തീർന്നില്ല..... എന്തിനു വേറെ വിഷയം തേടണം?..  സ്കൂൾ ചുവരുകളിൽ വരച്ചു ചേർത്ത   ചിത്രങ്ങൾ തന്നെയാകട്ടെ  രചനാ  തന്തുക്കൾ..... പൂക്കളും മരങ്ങളും ശലഭങ്ങളും കുരങ്ങന്മാരും ആനയും മാനും വരയൻ കുതിരയും ജിറാഫും കടലും വയലുമെല്ലാം  കഥാപാത്രങ്ങളായി...... കഥയും കവിതയും... ഒരു പെരുമഴതന്നെ !!! 
 ഇത് ഞാൻ തന്നെ എഴുതിയതാണോ ? ഇത്ര മനോഹരമായി ?.. ഇത്ര ഈണത്തിൽ ?....പുതിയ കവികൾക്ക് പലർക്കും ആശ്ചര്യം അടക്കാൻ കഴിയുന്നില്ല......ഒപ്പം  സന്തോഷവും !! ഞാനിതെന്തേ മുൻപേ ചെയ്തില്ല ?? ചിലർക്ക്  സങ്കടം !!. സ്വന്തം കുട്ടികൾക്ക് വായന പരിചയിക്കാൻ സ്വന്തം രചനകൾ തന്നെ നല്കാനായതി ന്റെയും  തന്നിലെ ഉറങ്ങികിടന്ന കവിയെ, കഥാകാരിയെ കണ്ടെത്തിയതിന്റെയും  സംതൃപ്തി ഒന്ന് വേറെ തന്നെ... അനുഭവിച്ചു തന്നെ അറിയണം... ഇക്കാര്യത്തിൽ  എല്ലാവർക്കും ഒരേ സ്വരം... ഇന്നത്തെ ദിനം കൊണ്ട് തീർന്നില്ല
കേട്ടോ... അടുത്ത ആഴ്ച ബാലകൈരളികളെ കേന്ദ്രികരിച്ച് നടക്കുന്ന തുടർ രചനകളിൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുക്കും... വീണ്ടും രചനകൾ പിറ ക്കും... ഒപ്പം പുതിയ കവികളും കഥാകൃത്തുക്കളും.....   TMPLPS ന്റെ  സ്വന്തം എഴുത്തുകാർ !!!....  
രചനകളെല്ലാം ഒരുമിച്ചു ചേർത്തു  വരുന്ന വായനാ ദിനത്തിൽ നമ്മുടെ കൊച്ചു കുസൃതികൾ ക്കു സമ്മാനിക്കും .. വായിച്ചു രസിക്കാൻ.....ഈണത്തിൽ പാടാൻ.....  അച്ഛൻ  എഴുതിയ കഥയും അമ്മയുടെ സ്നേഹം ചേ ർന്ന കുഞ്ഞി ക്കവിതകളും ....രക്ഷിതാക്കളുടെ അനുഭവക്കുറിപ്പ് ആണ് നാം വായിച്ചത്. 
പ്രീതിക്കുളങ്ങര സ്കൂള്‍ ചരിത്രം സുഷ്ടിക്കുകയാണ്. ജൂൺ പത്തിനു നടന്ന രചനാ ശില്പ ശാലയിലെ ചില രചനകൾ പരിചയപ്പെടാം.
രതീഷ് പരിണാമസിദ്ധാന്തത്തെ എത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു! കുട്ടികള്‍ വളരുമ്പോള്‍ അതിന്റെ ആശയം വിപുലീകരിച്ചുകൊളളും. മാത്രമല്ല വിദ്യാലയച്ചുവരില്‍ കുരങ്ങന്മാരുടെ ചരിത്രപരമായ ചിത്രീകരണമുണ്ടല്ലോ. ചുമരിനെ പഠനസാമഗ്രിയാക്കുമ്പോള്‍ അതിന്റെ ആഴം എത്രവരെയാകാം എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ഈ രചന.
 രണ്ടാമത്തെ രചന ഇങ്ങനെ
അപ്പൂപ്പന്‍ താടിയും പൊന്‍വണ്ടും

ശൂ.... ശൂ.... ശൂ.... കാറ്റ് വീശാന്‍ തുടങ്ങി
അപ്പൂപ്പന്‍താടികളെല്ലാം റെഡിയായി
അടുത്ത കാറ്റിന് ചാടണം
ഒരു വലിയ കാറ്റുവീശി
ശൂ.... ശൂ.... ശൂ....ടപ്.....കായ പൊട്ടി.കായക്കുള്ളില്‍ നിന്നും
അപ്പൂപ്പന്‍താടികളെല്ലാം
ഒരുമിച്ച പുറത്തേക്ക് ചാടി....ഹായ്.... ഹായ്.... എന്തുരസം !എല്ലാവരും ഒരുമിച്ച് ഉയരത്തിലേക്കേ നോക്കി പറന്നു.കാറ്റിലാടി ചാഞ്ഞും ചരിഞ്ഞും പറന്നു . 

ഉയര്‍ന്നു പറന്നു. ഉല്ലസിച്ച് പറന്നുഒരു അപ്പൂപ്പന്‍താടി താഴേക്ക് നോക്കി
അതാ താഴെ ഒരു വണ്ട്
ഒരു പൊന്‍വണ്ട്
അതിനെന്താ ഒരു വിഷമം?എന്താ എന്തുപറ്റി?ങ്ങീ.... ങ്ങീ..... ങ്ങീ....എനിക്കു പറക്കാന്‍ വയ്യ.കാറ്റടിച്ച് ചിറകു മുറിഞ്ഞു ..ങ്ങീ.... ങ്ങീ..... ങ്ങീ....സാരമില്ല ഞാന്‍ കൊണ്ടുപോകാലോ
അപ്പൂപ്പന്‍താടി പൊന്‍വണ്ടിനെ തോളിലേറ്റി പറന്നു.

( സൂര്യ നടേശന്‍)
ഈ കഥ ഒരു സാധാരണ രക്ഷിതാവ് എഴുതിയതാണ്. അതിന്റെ മാനം വലുതാണ്. ഒന്നു വിശകലനം ചെയ്തുനോക്കാം. ഉയരം നോക്കി ഉല്ലസിച്ച് പറക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ താഴേക്ക് നോക്കുന്നവര്‍ക്കേ ദുരിതവും വേദനയും അനുഭവിക്കുന്നവരെ കാണാനാകൂ. അടിസ്ഥാനജീവിതം ദര്‍ശിക്കാനാകൂ. സങ്കടപ്പെടുന്നവരേ ആശ്വസിപ്പിക്കാനാകൂ. തന്നാലാകും വിധം പോന്‍വണ്ട് സഹായിക്കുകയാണ്. പ്രവൃത്തിയാണ് പൊന്നാകുന്നത്. പൊന്‍വണ്ട് എന്ന പേര് അങ്ങനെ അന്വര്‍ഥമാകുന്നു. മറ്റ് അപ്പൂപ്പന്‍താടികളെ നാം ഓര്‍ക്കുന്നില്ല. എന്നാല്‍ ഈ അപ്പൂപ്പന്‍ താടി നമ്മുടെ മനസില്‍ ഇടം തേടിക്കഴിഞ്ഞു. ജീവിതം മറ്റുളളവര്‍ക്ക് പ്രകാശമാക്കി മാറ്റിയതിലൂടെ ഈ കഥാപാത്രം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയാണ്. വളരെ ലളിതമായി ഒരു മഹത്തായ കാര്യം പറയുന്ന മട്ടില്ലാതെ കുട്ടികളുടെ ഭാഷയില്‍ അമ്മ എഴുതിയിരിക്കുന്നു. രചനാശില്പശാല നാട്ടിലെ എഴുത്തുകാരെ കണ്ടെത്തല്‍ കൂടിയാണ്. വലിയൊരു സാധ്യതയാണ് തിരിച്ചറിവാണ് ഉണ്ടായിരിക്കുന്നത്.

മൂന്ന്
രേ പ്രമേയത്തെ രണ്ടുപേര്‍ സമീപിച്ചപ്പോള്‍ എങ്ങനെ എന്നറിയണ്ടേ?
മുതല ഒടുവില്‍ പ്ലും


ഒരു വലിയ കാട്
അവിടെ തളളയാനയും കുട്ടിയാനയും ഉല്ലസിച്ച് കഴിയുകയായിരുന്നു
കുട്ടിയാനയ്ക് വയറു നിറവോളം ആഹാരം വേണം
തളളയാന മരങ്ങള് കുലുക്കി പഴങ്ങള് താഴത്തേക്കിടും
കുട്ടിയാന പറയും വെളളം വേണം വെളളം വേണം വല്ലാത്ത ദാഹം
അടുത്ത പുഴയിലേ്ക്ക് തളളയാന കൊണ്ടുപോകും
വെളളം കുടിക്കാന് മാത്രമാണോ കുട്ടിയാന പോകുന്നത്?
വെളളത്തില് കളിക്കാന് കൂടിയാണ്.
തുമ്പിക്കൈയില് വെളളം കോരി അമ്മേടെ ദേഹത്തൊഴിക്കും
ആകാത്തേക്ക് ചീറ്റി മഴവില്ല് കാണും
പുഴക്കരയിലെ ചെടികളില് മഴപെയ്യിക്കും
അങ്ങനെ വെളളം കോരി കളിച്ചുകൊണ്ടിരിക്കേ ഒരു മുതല പൊങ്ങി വന്നു
കുട്ടിയാന പേടിച്ചു പോയി.
നിലവിളിച്ച് അമ്മയുടെ അടുത്തേക്കോടി
തളളയാന തുമ്പിക്കൈകൊണ്ട് മുതലയെ തൂക്കിയെടുത്ത് വട്ടം കറക്കി ഒരേറ്
മുതല ദൂരെ പോയി വീണു
പ്ലും

മുതല ചമ്മന്തിയായി
ഒരു വനം
നിറയെ മരങ്ങളും വളളിച്ചെടികളുമുളള വനം
അമ്മയാനയും കുട്ടിയാനയും അവിടെയാണ് താമസിച്ചിരുന്നത്
ഒരു ദിവസം അവര് കാട്ടുകുളത്തില് കുളിക്കാന് പോയി
പായലു നീക്കി കുളത്തിലേക്കിറങ്ങി
കുളി തുടങ്ങി.
കുട്ടിയാനയുടെ ദേഹത്തെ ചേറും ചെമ്മണ്ണുമെല്ലാം അമ്മ കഴുകി
അങ്ങനെ കുളിക്കുമ്പോള് ആതാ ഒരു മുതല പതിയെ വരുന്നു!
അത് തളളയാനയുടെ തുമ്പിക്കൈയില് പിടിയിട്ടു.
കടിച്ചു പിടിച്ചു വലിച്ചു
അയ്യോ രക്ഷിക്കണേ. തളളയാന വേദനകൊണ്ട് കരഞ്ഞു
അയ്യോ അയ്യോ മുതലച്ചാ എന്റെ അമ്മയെ ഒന്നും ചെയ്യല്ലേ
കുട്ടിയാന അപേക്ഷിച്ചു
മുതലയുണ്ടോ അതു കേള്ക്കുന്നു
അത് തുമ്പിക്കൈയില് കടിച്ചു പിടിച്ച് ആഞ്ഞ് വലിച്ചു
കുട്ടിയാന ഓടിച്ചെന്ന് മുതലയുടെ പളളയ്ക് തലകൊണ്ട് ഒരൊറ്റ ഇടി
ശക്തിയായ ഇടികൊണ്ട് മുതല വായ് പൊളിച്ചുപോയി
പിടിവിട്ട് വെളളത്തില് വീണു
ഈ തക്കത്തിന് തളളയാന മുതലയ്കിട്ട് ഒരു തൊഴിയും കൊടുത്തു
ഇടീം തൊഴീം കൊണ്ട് മുതല ചമ്മന്തിയായി.

പ്രീതിക്കുളങ്ങര സ്കൂളിന്റെ വായനാസാമ്ഗ്രി നിര്‍മാണ ഘട്ടങ്ങൾ ഇങ്ങനെ -
  1. അധ്യാപകരുടെ രചനാ ശില്ലശാല 'മെയ് അവസാനം നടന്നു.എല്ലാവർക്കും സർഗാത്മക രചന വഴങ്ങും എന്ന് ബോധ്യപെട്ടു. രചനാ തന്ത്രം വികസിപ്പിച്ചു.
  2. രക്ഷിതാക്കളുടെ രചനാ ശില്ലശാല ' ജൂൺ പത്ത്' നാല് പതു പേർ പങ്കെടുത്തു' 40 കഥകളും 40 കവിതകളും ഉണ്ടായി.(അതിനെ അനുഭവമാണ് ആദ്യം വായിച്ചത് )
  3. ജൂണ്‍ പത്തൊമ്പതിന് വായനാദിനത്തിൽ 11 വാർഡുകളിലും രചനാ ശില്പശാലകൾ '200-300 പേർ പങ്കെടുക്കും.
  4. ജൂൺ 20 പ്രാദേശികമായി തയ്യാറാക്കിയ വായനാ സാമഗ്രികളുടെ പ്രകാശനം  ശ്രീമതി വിമലാ മേനോൻ നിർവഹിക്കും' കുട്ടികളുമായി സാഹിത്യ സല്ലാപം . അന്നേ ദിവസം ഒന്നാം ക്ലാസിലെ 97 കുട്ടികൾക്കും മറ്റു ക്ലാസിലെ കുട്ടികൾക്ക് വൈ എം എ ലൈബ്രറി അംഗത്വം നൽകും. പുസ്തകവും'
  5.  കുടുംബശ്രീ കേന്ദ്രീകരിച്ച് രചനാ ശില്പശാലകൾ ' പുസ്തക ചർച്ചകൾ '  
  6. രചനകളുടെ ഇംഗ്ലീഷ് പതിപ്പുകൾ തയ്യാറ്ക്കൽ'
  7. മറ്റു വ്യവഹാര രൂപങ്ങളുടെ നിർമിതിയിൽ രക്ഷിതാക്കളെ പങ്കാളികളാക്കൽ
  8. ഇംഗ്ലീഷിലുള്ള 100 വായനാ സാമഗ്രികളും മലയാളത്തിലുള്ള 500 വായനാ സാമഗ്രികളും ലക്ഷ്യം' ജനകീയ രചനോത്സവം'
  9.  കുട്ടികൾ രചയിതാക്കളാകം' പ്രീതിക്കുളങ്ങരയിലെ കുട്ടികളുo പൂർവ വിദ്യാർഥികളും പങ്കെടുക്കം' ശിശുദിനത്തിൽ '
കൂടാതെ സാഹിത്യകാരുമായി സംവദിക്കൽ. ഇവിടെ വായനാദിന പരിപാടികള്‍ വാരാചരണത്തോടെ അവസാനിക്കുന്നില്ല. നാടിന്റെ സാംസ്കാരിക പരിപാടിയായി വികസിപ്പിക്കുംഒരു സമൂഹത്തെ മൊത്തം എഴുത്തിന്റെ പാതയിലേക്ക് ക്ഷണിക്കുന്ന കേരളത്തിലെ  (ലോകത്തിലെ) ആദ്യ സംരംഭം മാരാരിക്കുളത്ത്  
'ആഗ്രഹം ശക്തവും തീവ്രവും ആണെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്നു മാരാരിക്കുളം തെളിയിക്കും.

4 comments:

  1. സാറ് കൂടെയുണ്ടെങ്കിൽ എല്ലാം ശുഭം അനിൽ , രക്ഷിതാവ്‌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ജനകീയ രചനോല്‍സവം കൂടുതല്‍ ജനകീയമാകട്ടെ... അഭിനന്ദനങ്ങള്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി