Pages

Sunday, April 30, 2017

ജൈവവൈവിധ്യപഠനയാത്രകള്‍ വ്യാപകമാകട്ടെ


"ഇന്നലെ നിലമ്പൂരിലായിരുന്നു. മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് ഗ്രൂപ്പിന്റെ ജൈവവൈവിധ്യപഠന ക്ലാസ്. ബാലഭാസ്കരൻ മാഷിന്റെയും ജെ.പിയുടെയും കൂടെ ഒരു ദിവസം

ജീവികളുടെ പരസ്പര ബന്ധങ്ങളെപ്പറ്റി ഇതുവരെ ശ്രദ്ധിക്കാത്ത ഡൈമൻഷനിൽ ജെപിയുടെ വ്യാഖ്യാനം. "കടുവകൾ നശിച്ചാൽ ചാലിയാർ വറ്റും". ആദ്യം ഒന്നമ്പരന്നവർക്ക് വിശദീകരണം കേട്ടപ്പോൾ കാര്യം ബോധ്യമായി. തേരട്ടകൾ നശിച്ചാൽ പല വിത്തുകളും മുളയ്ക്കില്ല, ഗർഭിണികൾക്ക് പൊടുവണ്ണിയിലിൽ (വട്ട) അടയുണ്ടാക്കി നൽകണം, ഓരോ തോട്ടത്തിലും പ്ലാശ് വേണ്ടതിന്റെ ആവശ്യം,........ ഇങ്ങനെ പരസ്പരം കെട്ടിക്കുഴഞ്ഞ് അനേകകോടി പ്രാണികളും ജന്തുക്കളും സസ്യങ്ങളും ജലജീവികളും സൂക്ഷ്മജീവികളും........ അറിഞ്ഞതൊന്നും അറിവല്ലായിരുന്നു എന്ന തിരിച്ചറിവുകൾ ....
ഓരോ കുഞ്ഞു ചെടികളെയും മടിയിലെടുത്ത് ലാളിക്കണമെന്ന തോന്നൽ.....
നടക്കുമ്പോൾ ഏതെങ്കിലും പ്രാണികൾ കൊല്ലപ്പെടുമോ എന്ന ഭയം......
ചാലിയാർ വ്യൂ ഡോർമെറ്ററിയിൽ വനം വകുപ്പിന്റെ ആതിഥ്യം, മികച്ച ഉച്ചഭക്ഷണം.
ഗോപിമാഷ് ഒരു ബിഗ് ഷോപ്പർ നിറയെ പഴുത്ത നാട്ടുമാങ്ങ കൊണ്ടുവന്നിരുന്നു. എല്ലാവരും അപ്പോൾ കുട്ടികളായി.... 

Friday, April 21, 2017

പഠനവും ഗുണതയും - രാജന്‍ഗുരുക്കള്‍

സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ മികവ് ദേശീയ സെമിനാറില്‍ അക്കാദമിക ഉള്‍ക്കാഴ്ച നല്‍കുന്ന നിരവധി അവതരണങ്ങള്‍ നടന്നു. സെമിനാറില്‍ പങ്കെടുത്ത ഡോ രാജന്‍ഗുരുക്കള്‍ പറഞ്ഞത് ഇവിടെ സംഗ്രഹിക്കുന്നു.
  1. പാഠപുസ്തകത്തിന് അമിതപ്രാധാന്യം നല്‍കുന്നതില്‍ നിന്നും പഠനനേട്ടങ്ങള്‍ക്ക് (learning outcome ) ഊന്നല്‍ നല്‍കുന്നതിലേക്ക് ലോകത്തെ വിദ്യാഭ്യാസ ക്രമങ്ങളെല്ലാം
    മാറിക്കൊണ്ടിരിക്കുകയാണ്
    . പഠനപ്രയാസവും (learning difficulty) പഠനവൈകല്യവും (learning disability) രണ്ടാണ്. ഇവ വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയണം. പുതിയ പഠനാനുഭവങ്ങള്‍ വേണ്ടിവരും ഇന്‍സ്ട്രക്ഷണല്‍ സയന്‍സില്‍ ധാരാളം പുതിയ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് അത് പരിഗണിക്കണം
  2. രണ്ടുതരം മനുഷ്യരല്ല ഉളളത്. ഒരുപാടുതരം മനുഷ്യരാണുളളത്. ഇത് ക്ലാസിനും ബാധകമാണ്. ഒരുപാടുതരം കുട്ടികളെ ഒരേ രീതിയില്‍ പഠിപ്പിക്കാനാകില്ല
  3. വാചികവിനിമയരീതിയല്ല ഏറ്റവും കൂടുതല് മനസിലാവുക. ചിത്രമാണ്. ചിത്രത്തിനാണ് ആശയവിനിമയക്ഷമത കൂടുതല്‍. ചിത്ര സന്നിവേശിത ആശയവിനിമയം , ആനിമേറ്റഡ് എക്സ്പീരിയന്‍സ് ഇവ കൂടുതല്‍ കൂടുതല്‍ സ്വീകാര്യമാകുന്നത് അതുകൊണ്ടാണ്. ഭാഷ പുതിയ സാധ്യതകളിലേക്ക് വഴിമാറുകയാണ്. കാര്‍ട്ടൂണുകള്‍ കുട്ടികളുമായി
    സംവദിക്കുന്നതുപോലെ മുതിര്‍ന്നവരുമായി പ്രവര്‍ത്തിക്കില്ല
    . ഇതു തിരിച്ചറിയണം. ചിന്ത, ഭാവന, സംസ്കാരം, കാഴ്ചാരീതി എന്നിവ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിക്കുന്നു.
  4. വാചികമായി പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടി അത് വിശ്വസിക്കുന്നില്ല. തെളിവ് ആവശ്യപ്പെടുന്നു. ഷോ മി എന്നു പറയുന്നു. ബോധ്യപ്പെടാനുളള ആവശ്യമാണ് ഷോ മി എന്ന പ്രതികരണം. അറിവിന് ശക്തമായ തെളിവുകള്‍ വേണ്ടതുണ്ട്. കണ്ടുബോധ്യപ്പെടുന്നതിന് പറ്റിയ രീതികളാണ് സ്വീകരിക്കപ്പെടേണ്ടത്
  5. ക്വാളിറ്റി എന്താണ് എന്നാരാണ് തീരുമാനിക്കേണ്ടത്?  
  6. നാം ഉപയോഗിക്കുന്ന ഭാഷ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം. അധ്യാപികയുടെ ആശയവിനിമയമാണ് കുട്ടിക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനുളള പ്രധാന തടസ്സം. ഉദാഹരണമായി കര്‍മത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകന്‍ വളരെ വ്യക്തമായി പലവട്ടം പറയുന്നു. കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു
    ചോദിച്ചാല്‍ കര്‍മം കിട്ടും.
    കുട്ടികളോട് കര്‍മം കണ്ടു പിടിക്കുന്നതെങ്ങനെ എന്നു ചോദിക്കുന്നു ക്ലാസ് ഒന്നടങ്കം മറുപടി പറയുന്നു
    .കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചാല്‍ കര്‍മം കിട്ടും .അധ്യാപകന്‍ സന്തുഷ്ടനാണ്. കുട്ടികള്‍ വളളിപുളളി വിടാതെ കാര്യം മനസിലാക്കിയിരിക്കുന്നു. നാം ആഗ്രഹിച്ച പ്രതികരണം ലഭിച്ചിരിക്കുന്നു.അടുത്ത ദിവസം ക്ലാസിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മം മറുന്നുപോയോ എന്നറിയാന്‍ ചോദിച്ചു . മറുപടി കൃത്യം. കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചാല്‍ കര്‍മം കിട്ടും
പക്ഷേ സര്‍,
ഒരു കുട്ടിക്ക് ഒരു പക്ഷേ!
എന്താണ് നിന്റെ പക്ഷേ?
ഞാനിന്നലെ ചോദിച്ചു കിട്ടിയില്ല
അധ്യാപകന് അവിശ്വാസം തോന്നി
നീ എന്താ ചോദിച്ചത്?
ആരെ അല്ലെങ്കില്‍ എന്തിനെ എന്ന്?
ആരോടാ ചോദിച്ചത്?
കര്‍ത്താവിനോട്
എന്നിട്ടുത്തരം കിട്ടിയില്ലേ?
ഇല്ല
ക്ലാസില്‍ ആര്‍ക്കെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടോ?
ക്ലാസ് നിശബ്ദം.
സംശയം ഉന്നയിച്ച കുട്ടി വിശദീകരിച്ചു
കര്‍ത്താവിന്റെ ഫോട്ടോയുടെ മുന്നില്‍ ചെന്ന പല തവണ ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചിട്ടും ഇതുപോലെയുളള മൗനമായിരുന്നു കിട്ടിയത്. അമ്മ വഴക്കുപറഞ്ഞു.
കുട്ടികള്‍ എങ്ങനെ ചിന്തിക്കാനിടയുണ്ട്, മനസിലാക്കാനിടയുണ്ട് എന്ന് ആലോചിക്കാതെ അധ്യാപിക നന്നായി പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് നല്ല പഠിപ്പിക്കല്‍ ആല്ല.
മറ്റൊരു ഉദാഹരണം
പാഠം രണ്ട്, പശു
പശു നമ്മുക്ക് പാല്‍ തരും
പശു നമ്മുക്ക് എന്താ തരിക?
പാല്‍
സര്‍
പശു നമ്മുക്ക് പാല്‍ തരുന്നില്ല. അത് അതിന്റെ കുട്ടിക്ക് മാത്രമാണ് കൊടുക്കുന്നത്. നാം കറന്നെടുക്കുകയല്ലേ. അപ്പോള്‍ തരിക എന്നു പറയാമോ?
കുരുത്തംകെട്ട ചോദ്യങ്ങള്‍ വേണ്ട!
7. ഗുരുത്വം എന്നത് ഇത്തരം വിമര്‍ശനാത്മകമായ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തലാണെന്ന ബോധമാണ് വിന. പ്രതിഭാശാലികളാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍. അവരെ നഷ്ടപ്പെടുത്തുകയാണ് ക്ലാസുകള്‍. അധ്യാപകരുടെ ഭാവം തങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എന്നാണ്. എത്ര വ്യത്യസ്തമായ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ സ്വന്തം ക്ലാസില്‍ ഉണ്ടാകുന്നു എന്നന്വേഷിച്ചു നോക്കൂ.
8. ഉണ്ടാക്കി പഠിക്കല്‍ അല്ലെങ്കില്‍ ചെയ്തു പഠിക്കലാണ് മറ്റൊരു പ്രധാന പഠനരീതി. ഇന്നത്തെ സ്വാശ്രയകോഴ്സുകളില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കാനാകും നല്ല എഞ്ചിനീയര്‍മാരെ കിട്ടില്ല. പുതിയത് രൂപകല്പന ചെയ്യാനും ഘടകങ്ങളില്‍ നിന്നും ആയത് നിര്‍മിക്കാനും കഴിയണം. നേരത്തെയുളളവയുടെ പരിമിതികള്‍ പരിഹരിക്കാനും അത്തരത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി മെച്ചപ്പെടുത്താനും കഴിയണം. പ്രശ്നം അഭിമുഖീകരിക്കണം. പരിഹാരാന്വേഷണം നടത്തണം. ഉപകരണങ്ങളെ ജനാധിപത്യവതികരിക്കണം. എന്തുകൊണ്ട് എല്ലാവര്‍ക്കും പ്രയോജനം കിട്ടുന്നില്ല എന്നും ആലോചിക്കണം.
9. അറിവ് കൊടുക്കുകയല്ല ചിന്തിക്കാനും കണ്ടെത്താനും പഠിപ്പിക്കുകയാണ് വേണ്ടത്.
10. വിമര്‍ശനാവബോധം വേണം. കുട്ടിക്കും അധ്യാപകര്‍ക്കും

വളരെ ലളിതവും ഉദാഹരണസഹിതവുമാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്‍റെ സഹപാഠിയായ സൂപ്പി ക്ലാസില്‍ പ്രകടിപ്പിച്ചതും പങ്കിട്ടതുമായ പ്രായോഗിക അനുഭവങ്ങള്‍ എങ്ങനെ വ്യത്യസ്ത കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ കാരങ്ങളെ സമീപിക്കുന്നു എന്നതിന്‍റെ തെളിവായി.
സെമിനാറില്‍ പങ്കെടുത്ത ഡോ മൈക്കിള്‍ തരകന്‍ ചരിത്രപരവും സാമൂഹികപരവുമായ വിശകലനമാണ് നടത്തിയത്.
ഡോ രാമാനുജം സംസ്കാരവും ഗണിതവും തമ്മിലുളള ബന്ധം വ്യക്തമാക്കി. പാഠപുസ്തകഗണിതത്തേക്കാള്‍ ഗണിതജ്ഞാനമുളളവ കുട്ടികള്‍ ഉണ്ട് എന്ന് കോലം എഴുത്തിനെ ഉദാഹരിച്ച് സൂചിപ്പിച്ച അദ്ദേഹം , പക്ഷേ ഈ കുട്ടികള്‍ സ്കൂള്‍ ഗണിതത്തില്‍ പരാജയപ്പെടുന്നത് അവരുടെ ആര്‍ജിതജ്ഞാനവും സംസ്കാരവുമായി കണ്ണിചേര്‍ക്കാത്തതിനാലാണ് എന്നും വ്യക്തമാക്കി.
ഡോ ബി ഇക്ബാലിന്റെ പ്രഭാഷണവും വിദ്യാഭ്യാസത്തിന്‍റെ വരേണ്യസങ്കല്പങ്ങളും ജനപക്ഷ സമീപനവും ചര്‍ച്ചയിലേക്ക് കൊണ്ടു വന്നു.
സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ ഈ സെമിനാറില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശയപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന അവതരണങ്ങളാണ് നടന്നത്.




Friday, April 14, 2017

അവധിക്കാല ക്യാമ്പുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‍ഞവും


  1. എന്തിനായിരിക്കണം അവധിക്കാല ക്യാമ്പ്?
    • വിദ്യാലയങ്ങളിലെ കുഞ്ഞുപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും
    • ാലന്‍റ് ലാബ് എന്ന ആശയം സാക്ഷാത്കരിക്കാന്‍
    • കുട്ടികളുടെ സമഗ്രമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയസങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍
  1. ഇതിനെല്ലാം വിദ്യാലയത്തില്‍ അവസരങ്ങളില്ലേ?
    • പരമിതമാണ്. മുപ്പത്തിയഞ്ച് മിനിറ്റിന്റെ പരിമിതി. വൈദഗ്ധ്യത്തിന്റെ പരിമിതി.അവസരപരിമിതി
    • േളകളെയും മത്സരങ്ങളെയും ഊന്നിയുളള അരിക്കല്‍ സംസ്കാരം എല്ലാവരെയും ഉള്‍ക്കൊളളുന്നില്ല.
  1. ഇത്തരം ക്യാമ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ എന്തു പങ്കാണ് വഹിക്കുക?
    • എല്ലാ കുട്ടികളുടെയും നാനാവിധമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നു. തിരുവനന്തപുരത്ത് ട്രാന്‍സ് ടൗവറില്‍ നടന്ന സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ബഹു വിദ്യാഭ്യാസ മന്ത്രി അവധിക്കാല ക്യാമ്പിന്റെ പ്രസക്തി വ്യക്തമാക്കുകയുണ്ടായി. കുട്ടികള്‍ വ്യത്യസ്തമായ കഴിവുകളുമായി വരുന്നു അവയെ പരിപോഷിപ്പിക്കുന്നതാകണം നല്ല വിദ്യാഭ്യാസം. മികവിന്‍റെ കേന്ദ്രങ്ങളായ വിദ്യാലയത്തില്‍ ഓരോ കുട്ടിയും പ്രധാനപ്പെട്ടതാണ്.
  1. സാധാരണ അവധിക്കാല ക്യാമ്പില്‍ നിന്നും എന്തു വ്യത്യാസമാണ് ഈ ക്യാമ്പിനുളളത്?
    • പല ക്യാമ്പുകള്‍ക്കും തുടര്‍ച്ചയില്ല. കുട്ടികളെ ആസ്വദിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം നടത്തും. പരസ്പരം ബന്ധപ്പെടുത്തില്ല. അധ്യാപകരും രക്ഷിതാക്കളും ഇത് നിരീക്ഷിക്കാനുമുണ്ടാകില്ല. ഏതൊക്കെ കുട്ടിക്ക് വഴങ്ങും എന്ന് നിര്‍ണയിക്കപ്പെടുന്നില്ല. വിഗദ്ധരായി എത്തുന്നവര്‍ക്ക് ഒരു സെഷന്‍ നടത്തുക മാത്രമാണ് ചുമതല. ഒത്തിരി ഗുണങ്ങളുണ്ടെങ്കിലും പരമിതികളുമുണ്ട്.
    • ഇവിടെ വിഭാവനം ചെയ്യുന്ന ക്യാമ്പില്‍ പ്രതിഭാമേഖലകള്‍ നിശ്ചയിച്ച് ഓരോ മേഖലയിലും ഒന്നോ രണ്ടോ മണിക്കൂറത്തെ അനുഭവം നല്‍കുകയാണ് . ഉദാഹരണമായി ചിത്രകലയുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിത്രകലയുടെ സാങ്കേതിക കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം കുട്ടികള്‍ക്ക് ആശയപ്രകാശനത്തിനും അവസരം ലഭിക്കും.
      • ഈ ഉല്പന്നങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തും.
      • ചിത്രകലയില്‍ ടാലന്‍റ് ഉളളവരെ കണ്ടെത്തും.
      • ഈ രീതിയില്‍ മറ്റു മേഖലകളിലും അഭിരുചിയുളളവരെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
  1. എല്ലാ വിദ്യാലയങ്ങളിലും ഈ ക്യാമ്പ് സംഘടിപ്പിക്കുമോ?
    • അതത് വിദ്യാലയങ്ങളാണ് തീരുമാനിക്കേണ്ടത്
  1. ബാലോത്സവം സംഘടിപ്പിച്ചത് സര്‍വശിക്ഷാ അഭിയാനാണല്ലോ. അവധിക്കാല ക്യാമ്പുമായി ബന്ധപ്പെട്ട് എസ് എസ് എ എന്താണ് ചെയ്യുക?
    • ഗവേഷണാത്മകമായിട്ടാണ് എസ് എസ് എ ഇതിനെ സമീപിക്കുന്നതെന്നറിയാന്‍ കഴിഞ്ഞു. സന്നദ്ധതയുളള വിദ്യാലയങ്ങള്‍ക്ക് പിന്തുണ നല്‍കുമത്രേ!
  1. വിദ്യാലയങ്ങള്‍ മുന്നോട്ട് വരുമോ?
    • തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ട്രൈ ഔട്ട് നടക്കുകയാണ്. ഏപ്രില്‍ ഇരുപതു മുതല്‍ നാലുദിവസം. അതിന്റെ കൂടി അടിസ്ഥാനത്തില്‍ എസ് എസ് എ പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്നു പ്രതീക്ഷിക്കാം. സന്നദ്ധതയുളളവര്‍ക്ക് എസ് എസ് എയുടെ പിന്തുണ തേടാമല്ലോ.
  1. എന്താണ് തളിപ്പറമ്പില്‍ നടക്കുക?
    • മുല്ലക്കൊടി എ യു പി സ്കൂളിലെ അഞ്ച്, ആറ് , ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 130 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. യു പി വിഭാഗത്തിലെ എല്ലാ കുട്ടികളും. ആരെയും ഒഴിവാക്കില്ല. ക്ലാസുകാരെ ഇടകലര്‍ത്തിയിരുത്തില്ല. എന്നാല്‍  പ്രതിഭാമേഖലകളില്‍ മൂന്നു ക്ലാസുകാര്‍ക്കും അവസരം ലഭിക്കും. ക്ലാസധ്യാപകര്‍ നിരീക്ഷകരായിട്ടുണ്ടാകും.
  1. എന്തെല്ലാമാണ് മുന്നൊരുക്കങ്ങള്‍ ?
    • ഓരോ കുട്ടിയെക്കുറിച്ചും ഇപ്പോഴുളള ധാരണകള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. രക്ഷിതാക്കളുടെ യോഗം ചേര്‍ന്നു. പ്രാഥമികാലോചന നടത്തി. എം എല്‍ എ ആശയവിനിമയം നടത്തി. സംഘാടനനേതൃത്വം ഏറ്റെടുക്കും. സംഘാടകസമിതി ചേര്‍ന്നു. ഇനങ്ങള്‍ നിശ്ചയിച്ചു. നാലു ദിവസവും എത്ര സമാന്തര സെഷനുകള്‍എന്നും ഓരോ സെഷനിലും ആരെല്ലാമെന്നും തീരുമാനിച്ചു. വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ജനകീയോത്സവമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
  1. ക്യാമ്പ് ലക്ഷ്യമിടുന്നത് നാനാവിധമായ കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവുമാണല്ലോ. ഈ ഒരു ക്യാമ്പോടെ അതു സാധിക്കുമോ?
    • പൂര്‍ണമായും സാധിക്കില്ല. ടാലന്‍റ് ലാബ് എന്ന ആശയത്തിന്‍റെ പ്രായോഗികതലം അന്വേഷിക്കുന്നതിന്‍റെ തുടക്കമായിരുന്നു പ്രൈമറി സ്കൂളുകളില്‍ സംഘടിപ്പിച്ച ബാലോത്സവം. മാര്‍ച്ചില്‍ നടന്ന ക്ലസ്റ്ററില്‍ അവധിക്കാല ക്യാമ്പ് ഒരിനമായി ചര്‍ച്ച ചെയ്യപ്പെട്ടു. അധ്യാപകര്‍ ഈ ആശയം പൊതുവേ സ്വീകരിക്കുകയും തങ്ങളുടേതായ പദ്ധതികള്‍ ആലോചിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അവധിക്കാല ക്യാമ്പുകളിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ കഴിയണം. ഒപ്പം അവസരങ്ങളുമുണ്ടാകണം
  1. തളിപ്പറമ്പില്‍ ക്യാമ്പിനു ശേഷം എന്താണ് നടക്കുക?
    • ഓരോ മേഖലയിലും അഭിരുചിയുളള കുട്ടികള്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലനപദ്ധതി തയ്യാറാക്കും. തളിപ്പറമ്പ് നിയോജകമണ്ഡലം സമിതി നേതൃത്വം വഹിക്കും. ( ക്യാമ്പിന്‍റെ അവസാനദിവസം ഓരോ മേഖലയിലും അഭിരുചിയുളള എത്രകുട്ടികള ക്യാമ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നു പ്രഖ്യാപിക്കും)
      ക്യാമ്പിന്റെ അവസാനദിവസം തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ മുല്ലക്കൊടിയിലെത്തി ക്യാമ്പനുഭവം സ്വാംശീകരിക്കും.തങ്ങളുടെ വിദ്യാലയത്തില്‍ പ്രായോഗികമാക്കുന്നതിനുളള ആലോചനകള്‍ നടത്തും. 
*ഇവ എന്റെ വ്യക്തിപരമായ നിര്‍ദേശങ്ങളാണ്. കൂട്ടിച്ചേര്‍ക്കാം. മെച്ചപ്പെടുത്താം.

Tuesday, April 11, 2017

ധനമന്ത്രിയും വിദ്യാര്‍ഥിയും വിലയിരുത്തുന്നു


കലവൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ഒരു ദിനം ഒരു പുതുമ എന്ന പരിപാടിയെ വിലയിരുത്തി ധനമന്ത്രി ഡോ തോമസ് ഐസക്ക് അദ്ദേഹത്തിന്‍റെ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു
"ഒരു ദിനം ഒരു പുതുമ" - ഓരോ ദിവസവും ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിലെ അസംബ്ലി വേദിയില്‍ കുട്ടികളുടെ ഒരു അവതരണം . അത് നാടകമാകാം , മൈം ആവാം , കലാപരിപാടി ആവാം , ക്വിസ് ആവാം , അത് പോലെ മറ്റെന്തെങ്കിലും പരിപാടിയാവാം , പക്ഷെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം ആയിരിക്കണം. ഓരോ ദിവസവും ഓരോ ക്ലാസ്സുകാര്‍ , സ്കൂളിലെ എല്ലാ കുട്ടികളും ഒരിക്കലെങ്കിലും വേദിയില്‍ എത്തും . ഇപ്പോള്‍ മിക്കവാറും മുഴുവന്‍ കുട്ടികളും അവതരണം കാണാന്‍ കൂടുന്നു. കലവൂര്‍ സ്കൂളില്‍ ആണീ പരീക്ഷണം .
സന്തോഷ വാര്‍ത്ത . ജില്ലാതല മികവുല്‍സവത്തില്‍ തങ്ങളുടെ ഈ പരിപാടി ആണ് സ്ക്കൂള്‍ അവതരിപ്പിച്ചത് , ഇത് സംസ്ഥാനതല അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു
ഒരു ദിവസത്തെ പരിപാടി സാമ്പിള്‍ ആയി കൊടുത്തിരിക്കുന്നു .
കുമാരനാശാനും ശ്രീനാരായണ ഗുരുവും -
കഥാപ്രസംഗം - 5 C
കഥാപ്രസംഗമെന്ന കലയെ പരിചയപ്പെടുന്നു. പാഠഭാഗത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണം.
പ്രവര്‍ത്തനം: ശ്രീനാരായണഗുരുവിന്റെ മഹത് കവചനങ്ങള്‍ കുട്ടികളിലേയ്ക്ക് എത്തിച്ചും കുമാരാശാനെന്ന സ്നേഹഗായകനെ പരിചയപ്പെടുത്തിയും വേറിട്ട അവതരണമായി കഥാപ്രസംഗം. കുട്ടികള്‍ക്ക് കൗതുകത്തോടെ ശ്രദ്ധിച്ച പരിപാടിയായി.
നേട്ടം: നവോത്ഥാന കാലത്തേക്കുറിച്ചുള്ള അറിവിലേക്ക് നയിക്കുന്നതിന് കഴിഞ്ഞു. സാംസ്കാരിക മൂല്യങ്ങളുടെ തുടര്‍ച്ചയുടെ ആവശ്യകതയെ ഉറപ്പിക്കാന്‍ സഹായിച്ചു.
തുടര്‍പ്രവര്‍ത്തനം :
കുമാരനാശാന്റയും ശ്രീനാരായണ ഗുരുവിന്റയും കൃതികള്‍ വായനയ്ക്ക് നല്‍കി. നവോത്ഥാന കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ പരിപാടികളുടെ വിശദാംശങ്ങള്‍ ലഭിക്കും 

ഒരു ദിനം   ഒരു പുതുമയില്‍ പങ്കാളിയായ വിദ്യാര്‍ഥിനി അനുപമ മോഹന്‍ അനുഭവം പങ്കിടുന്നതു നോക്കുക
"അധ്യയന വര്‍ഷത്തിന്റെ അവസാനം തുടങ്ങിയതിനാല്‍ ഓരോ ക്ലാസിനും ന്നു രണ്ടു അവതരണമേ നടത്താന്‍ കഴിഞഞുള്ളൂ. എന്നെയും എന്റെ കൂട്ടുകാരെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ അവതരണത്തിനു പറ്റിയ ആശയമോ രീതിയോ വിഷയമോ തെരഞ്ഞെടുക്കുക പ്രയാസകരമായിരുന്നു. അതിനാല്‍ ആദ്യത്തെ പരിപാടിക്ക് തുടക്കമിട്ടത് ക്ലാസ് അധ്യാപികയും മുതിര്‍ന്നവരുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ അവതരണത്തിന് ഒരാഴ്ച ശേഷിക്കെ ഞങ്ങളുടെ ക്ലാസ് അധ്യാപിക രണ്ടു ദിവസം അവധിയെടുത്തു. ഭക്ഷണങ്ങളിലെ വിഷമയത്തെപ്പറ്റിയുള്ള പ്രോജക്ടായിരുന്നു ടീച്ചറിന്റെ മനസില്‍ എന്നത് ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ അതിനെപ്പറ്റി ഒന്നും ആലോചിക്കാത്തതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഒരു ദിവസം ഒന്നുകൂടി വിഷയം മാറ്റി. സാമൂഹ്യശാസ്ത്രത്തിലെ ഗോത്രവിഭാഗമാക്കി. അതിനെ ചുറ്റിപ്പറ്റി പാഠപുസ്തകത്തില്‍ നിന്നും മറ്റു പുസ്തകങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കുറച്ച് എഴുതിവെച്ചു. അപ്പോഴും ഞങ്ങളുടെ മനസില്‍ ഭയമാണ്. നാളെ ടീച്ചര്‍ ഇതിന് എതിര് നിന്നാലോ? എന്നാല്‍ ഞങ്ങള്‍ തന്നെ ഒരു വിഷയം കണ്ടെത്തി എന്നത് ടീച്ചറെ ഏറെ സന്തോഷിപ്പിച്ചു. ടീച്ചര്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ടീച്ചറുടെ നല്ല പിന്തുണയോടെ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗോത്രവിഭാഗം ഒരു ചെറിയ പണിയൊന്നുമല്ല എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.വീട്ടില്‍ വന്നപാടെ ആ വിഷയവുമായി ബന്ധപ്പെട്ടുള്ള സാധ്യതകളും പ്രവര്‍ത്തനങ്ങളും ആലോചിച്ചു. അത്യാവശ്യ വിവരങ്ങള്‍ നെറ്റില്‍ നിന്നും കണ്ടെത്തി. പാഠഭാഗം പൂര്‍ത്തിയായതിനാല്‍ സമയമുണ്ട്. അത്യാവശ്യം ഗോത്രവര്‍ഗക്കാരുടെ ഭാഷ, വസ്ത്രധാരണം, ജീവിതരീതി എന്നിവയെപ്പറ്റി ഞങ്ങള്‍ പഠിച്ചു. പാഠപുസ്തകത്തില്‍ രണ്ടു പേജില്‍ ഒതുങ്ങിയ ഗോത്ര വിഭാഗത്തെ ഞങ്ങള്‍ ഊതി വലുതാക്കി. എല്ലാ കുട്ടികളും ചേര്‍ന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒട്ടും സമയമില്ലെന്ന് മനസിലായി. എങ്കിലും ഞങ്ങള്‍ ഒട്ടും വേഗത കാണിച്ചില്ല. ഞങ്ങളെ മറ്റു പരിപാടികളില്‍ നിന്നും വേര്‍തിരിച്ചത് ഞങ്ങളുടെ അവതരണ ശൈലിയാണ്. മറ്റുള്ളവര്‍ ഒരു വിഷയം നേരിട്ട് അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ മറ്റു രീതികളില്‍ ചെയ്തു. ആദ്യത്തേത് പ്രതിഭകളെ ആദരിക്കുന്ന ഒരു സദസ് ഒരുക്കിയായിരുന്നു. ഇത്തവണ ഞങ്ങള്‍ പരിപാടി ഒരു യാത്രാരൂപത്തിലാക്കി. അതും കുട്ടികള്‍ തന്നെയാണ് രൂപപ്പെടുത്തിയത്. ഞങ്ങള്‍ക്കു മുന്നിലുണ്ടായ മറ്റു പ്രശ്നങ്ങള്‍ വേദി ഒരുക്കലും ഗോത്രവിഭാഗക്കാരെ ഒരുക്കലുമായിരുന്നു. കാടിന്റെ പ്രതീതിയുണ്ടാക്കാന്‍ മരക്കമ്പുകള്‍ സംഘടിപ്പിക്കണം. ആണ്‍കുട്ടികള്‍ ആ പ്രവൃത്തി ഏറ്റെടുത്തു. ഗോത്രവിഭാഗക്കാര്‍ക്കാവശ്യമായ ഉപകരണങ്ങളും ആഭരണങ്ങളും ഒരുക്കല്‍ പെണ്‍കുട്ടികളും ഏറ്റെടുത്തു.

മികച്ച അവതരണം ഓരോ കുട്ടിയുടേയും മനസില്‍ ഉറച്ചു നിന്നു. കണ്ണടച്ചാലും തുറന്നാലും ഒരേ ചിന്ത. ഞങ്ങള്‍ ഒറ്റ കെട്ടായി ക്ലാസിലെ 29 കുട്ടികളും പ്രതിജ്ഞയെടുത്തു. അവതരണം ഗംഭീരമാക്കും. ശനിയാഴ്ച ഉച്ചവരെ ഞങ്ങള്‍ പരിശീലന ക്ലാസ് വെച്ചു. വായിലിട്ട് കൊറിക്കാന്‍ നാടിന്റെ രുചിയുള്ള കണ്ണിമാങ്ങയേയും ഒപ്പം കൂട്ടി..........................


വളരെ രസകരമായ ഒരു സംഭവം പറയാനുള്ളത് പ്രധാന കഥാപാത്രം ഗോത്രവര്‍ഗത്തില്‍പെട്ട ചേച്ചിയായിരുന്നു. അന്ന് അവള്‍ വന്നില്ല. ടീച്ചര്‍ വീട്ടില്‍ വിളിച്ചപ്പോള്‍ അവളെ തനിയെ വിടാന്‍ ഭയമാണെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും പറഞ്ഞു. ഇതു കേള്‍ക്കേണ്ട താമസം ക്ലാസിലെ രണ്ട് ആണ്‍കുട്ടികള്‍ സൈക്കിളുമായി പോയി അവളെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ അവതരണത്തിന്റെ തലേദിവസമെത്തി. വൈകിട്ട് അഞ്ചുമണികഴിഞ്ഞും ഞങ്ങള്‍ പ്രാക്ടീസു ചെയ്തു. ശരിക്കും ജീവിതത്തില്‍ ആത്മാര്‍ത്ഥമായി ടീച്ചറും കുട്ടികളും ഒരുപോലെ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ആ അവതരണം. അന്നുവൈകിട്ട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു.അന്നുരാത്രി പതിനൊന്നിനുശേഷമാണ് കിടന്നത്. രാത്രി വാഴനാര് ചീന്തിയെടുത്ത് പിന്നിപ്പിന്നി അതില്‍ ശംഖുപിടിപ്പിച്ചും ഇലപിടിപ്പിച്ചും ധാരാളം ആഭരണങ്ങള്‍ ഉണ്ടാക്കി. മറ്റു കുട്ടികള്‍ മുളകുമാലയും ശംഖുമാലയുമൊക്കെ ഉണ്ടാക്കി. രാത്രിവരെ എന്റെ അനുജത്തിയും ഇരുന്നു.
പ്രഭാതം. കാത്തുകാത്തിരുന്ന പ്രഭാതം. ആഭരണങ്ങള്‍ കുറച്ചുകൂടി ഉണ്ടാക്കിയശേഷം ഗോത്രക്കാര്‍ക്ക് അണിയാന്‍ വെള്ളക്ക തപ്പി നടന്നു. പിന്നെ നാട്ടിലിറങ്ങി മണിപ്ലാന്റും കര്‍ട്ടന്‍ പ്ലാന്റുമൊക്കെ വലിച്ചുപറിച്ച് കിറ്റിലാക്കി. ശരിക്കും കാട്ടുജാതിക്കാരെപ്പോലെ തന്നെ. അന്നു രാവിലെ ഞങ്ങള്‍ ഒരു പേര് നിശ്ചയിച്ചുറപ്പിച്ചു. ഒരു മലനാടന്‍ യാത്ര. അന്ന് ക്ലാസുതന്നെ ഒരു കാടായിരുന്നു. ഓരോരുത്തരും ഓരോ മരക്കമ്പുമായി വന്നു. സ്കൂള്‍ബസുവരെ ഒരു കാടായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു. നാട്ടുകാരോട് വികൃതികള്‍ പറഞ്ഞത് ഇന്ന് ഉച്ചക്ക് ഞങ്ങളുടെ സ്കൂളില്‍ പുലിവന്നേക്കുമെന്നാണ്.......................... ത്രയ്ക്കുണ്ടായിരുന്നു ആവേശം. അതിനിടയില്‍ പെണ്‍കുട്ടികള്‍ മാലകോര്‍ക്കല്‍ പണിയില്‍ ഏര്‍പ്പെട്ടു. എരുക്കിന്റെ മനോഹരമായ പൂവിന്റെ മധ്യഭാഗത്തെ ചെറിയ മുട്ട് അടര്‍ത്തി നൂലില്‍ കോര്‍ത്തുണ്ടാക്കിയ ആ മാല കാട്ടുജാതിക്കാരെന്നല്ല ആരിട്ടാലും ചേലായിരുന്നു. രാവിലെ മുതല്‍ റിഹേഴ്സലായിരുന്നു. ഉച്ചക്കുമുന്‍പുതന്നെ ചോറുകഴിച്ച് തയ്യാറായി. പിന്നെ ഒരുക്കം. എല്ലാവരെയും കാവി മുണ്ടുടുപ്പിച്ച് കാട്ടാഭരണങ്ങള്‍ അണിയിച്ച് തലമുടിയും കെട്ടിയപ്പോള്‍ - ദാ അസ്സല്‍ ഗോത്രവര്‍ഗം. അത്യാവശ്യം കരിയും പ്രയോഗിച്ചുകാണും. ഒരുക്കത്തിന്റെ ചുമതലയെല്ലാം ടീച്ചര്‍ക്കായിരുന്നു. യാത്ര നടത്തുന്ന കുട്ടികള്‍, ഞങ്ങള്‍ അത്യാവശ്യം നന്നായിതന്നെ ഒരുങ്ങി. സന്തോഷത്തോടെ വേദിയില്‍ കയറി.
എല്ലാവരും ഏകാഗ്രമായി, ആത്മാര്‍ത്ഥതയോടെ കാത്തിരുന്ന സമയം അതാ മുന്നില്‍. അത് ഉപയോഗപ്പെടുത്തണം. ഞങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. കൊണ്ടുവന്ന കാടും പടലും ഓരോരുത്തരുടെ കൈയില്‍ കൊടുത്ത് വള്ളിച്ചെടികള്‍ അവക്ക് മുകളില്‍ വാരിവിതറി, തൊപ്പിയുണ്ടാക്കി മിച്ചം വന്ന ഇലകള്‍ വേദിയില്‍ വിതറിയപ്പോള്‍ അതാ ഇരുണ്ട ഒരസ്സല്‍ കാടായി വേദി മാറി. സത്യത്തില്‍ വേദിയില്‍ നിന്ന് സ്വാഗതം പറയുമ്പോള്‍പ്പോലും അത് വേദിയാണെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പരിപാടി ആരംഭിച്ചു. ടീച്ചറുടെ നിര്‍ദേശങ്ങള്‍ കൂട്ടുപിടിച്ച് ഓരോരുത്തരും ഒരടി തെന്നാതെ ഓരോ കാര്യങ്ങളും ചെയ്തു. അടുത്തത് ഗോത്രവര്‍ഗ നൃത്തം. കൂട്ടുകാര്‍ കാട്ടുജാതിക്കാര്‍ എന്നു വിളിച്ചു കളിയാക്കിയവര്‍ ഗോത്രവര്‍ഗക്കാരായി രംഗത്ത് വിന്യസിച്ചപ്പോള്‍ കളിയാക്കിയവര്‍പോലും ഒരുനിമിഷം...........................................................................

നന്ദി പറഞ്ഞ് പരിപാടി അവസാനിച്ചപ്പോള്‍ ഞങ്ങള്‍ ഓടി ടീച്ചറുടെ അടുത്തെത്തി. ടീച്ചറുടെ മുഖത്ത് നിര്‍വൃതിയുടെ പുഞ്ചിരി ഒരു സൂര്യനെപ്പോലെ തത്തിക്കളിക്കുന്നുണ്ടായിരുന്നു. ആ സൂര്യരശ്മികള്‍ ഞങ്ങളിലേക്കും പടര്‍ന്നു. ശരിക്കും അധ്വാനിച്ചതിനു ലഭിച്ച പ്രതിഫലം. ക്ലാസിലെ മുസ്ലിങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനി, ആണ്‍കുട്ടി, പെണ്‍കുട്ടി എന്നൊന്നും വേര്‍തിരിവില്ലാതെ പ്രവര്‍ത്തിച്ചു.  ആ വിജയം ആഘോഷിച്ചു. ഇനി മറ്റാരൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങള്‍ക്ക് പ്രശ്നമല്ല. ടീച്ചറുടെ അഭിപ്രായമാണ് ഞങ്ങള്‍ക്ക് വലുത്. മറ്റേത് മത്സരങ്ങളില്‍പ്പോയി വിജയിച്ചാലും നേടാത്ത ഒരു പ്രത്യേകതരം സംതൃപ്തി ഞാന്‍ അന്ന് നേടി. ഒരുപക്ഷേ അത് കൂട്ടുകാരുമൊത്ത് ചെയ്തതിനാലാവാം. ആ ദിവസം ആലോചിക്കുമ്പോള്‍ മനസു നിറയെ ഒരാശയാണ്. അടുത്ത വര്‍ഷംകൂടി ഇതേ ക്ലാസും ഇതേ ടീച്ചറും ഉണ്ടായിരുന്നെങ്കില്‍. പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങുന്നതിനുമുമ്പ് എച്ച് എം ധാരാളം ഫോട്ടോയെടുപ്പിച്ചു. തിരിച്ച് ക്ലാസിലേക്ക് പോകുമ്പോള്‍ അഭിനന്ദനം പറയാന്‍ ധാരാളം കുട്ടികള്‍ വന്നു. അതിനെയെല്ലാം പുഞ്ചിരിയോടെ എതിരേറ്റപ്പോഴും മനസില്‍ ഒരാശ. ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ഇനിയും ഉണ്ടാകണേ. സത്യത്തില്‍ ഇതെഴുതുമ്പോള്‍ എന്തൊക്കെയോ വികാരങ്ങള്‍ മനസില്‍ പൂക്കുന്നു. സംതൃപ്തിയും സന്തോഷവും ചേര്‍ന്ന എന്തോ ഒന്ന്. അത് എനിക്കു മാത്രമല്ല അനുഭവപ്പെടുന്നത്. ഉറപ്പ്. ക്ലാസിലെ ഓരോ കുട്ടിയുടേയും ഹൃദയത്തില്‍ അത് അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
എന്തുകൊണ്ടും ഈ പരിപാടി ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ധാരാളം നേട്ടങ്ങളും മാറ്റങ്ങളും സമ്മാനിക്കുകയുണ്ടായി. ക്ലാസില്‍ പലതായി ചിതറി, പരസ്പരം കീരിയെയും പാമ്പിനെയും പോലെ ഇരുന്നവര്‍പോലും ഒത്തുചേര്‍ന്ന് ക്ലാസില്‍ ഐക്യം സൃഷ്ടിച്ചു. അത്യാവശ്യ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഒരു മനോഭാവം ആ ഐക്യം ഓരോ കുട്ടിക്കും നല്‍കി. ഒരു വിഷയത്തെപ്പറ്റി ധാരാളം ആലോചിക്കാനും സാധ്യതകള്‍ പരിശോധിക്കാനും അത് വഴിയൊരുക്കി. ക്ലാസില്‍ കുഴപ്പമുണ്ടാക്കുന്നു എന്നതിന്റെ പേരില്‍ മറ്റു ടീച്ചര്‍മാര്‍ വഴക്കു പറഞ്ഞിരുന്നവര്‍പോലും മാറിപ്പോയി. ശരിക്കും ആ ഒരു മാസത്തിലാണ് ഞങ്ങള്‍ ആ ക്ലാസ് കുടുംബബന്ധം അനുഭവിച്ചത്. ഇതിനെല്ലാം ടീച്ചറുടെ പൂര്‍ണ പിന്തുണ ലഭിച്ചു.
ഓരോ കുട്ടിയുടെയും വ്യക്തിത്വത്തെ ആ പരിപാടി മാറ്റി. ബഹളംവെച്ചു നടന്നവര്‍പോലും പരിപാടി വിജയിക്കാന്‍ കഷ്ടപ്പെട്ടു. ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികളില്‍ നിന്ന് വേദിയില്‍ കയറാനുള്ള ഭയം മാറിക്കൊണ്ടിരുന്നു. പരിപാടിയെപ്പറ്റി ആലോചിക്കുമ്പോള്‍ ടീച്ചറിന് ഓരോ കുട്ടിക്കും വിഷയത്തിലുള്ള നിലവാരം മനസിലാക്കാന്‍ സാധിക്കും. പാഠ്യവിഷയങ്ങളെപ്പറ്റിയുള്ള തുടര്‍പരീക്ഷണങ്ങളാണ് ഈ പരിപാടി. ഒരു ക്ലാസ് നടത്തുന്ന കണ്ടെത്തല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ അറിയുന്നു. പഠനത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും ഈ പരിപാടി സമ്മാനിച്ചത് ചെറിയ മാറ്റമല്ല. ഇനി സ്കൂളടച്ച് മധ്യവേനലവധി കഴിയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
വേദിയില്‍ കയറാന്‍...
ധാരാളം പുതുമകള്‍ സൃഷ്ടിക്കാന്‍....

 അനുപമ മോഹന്‍
ആറാം ക്ലാസ്