സര്‍വശിക്ഷാ
അഭിയാന്‍ നടത്തിയ മികവ് ദേശീയ
സെമിനാറില്‍ അക്കാദമിക
ഉള്‍ക്കാഴ്ച നല്‍കുന്ന നിരവധി
അവതരണങ്ങള്‍ നടന്നു.
സെമിനാറില്‍
പങ്കെടുത്ത ഡോ രാജന്‍ഗുരുക്കള്‍
പറഞ്ഞത് ഇവിടെ സംഗ്രഹിക്കുന്നു.
- പാഠപുസ്തകത്തിന് അമിതപ്രാധാന്യം നല്‍കുന്നതില്‍ നിന്നും പഠനനേട്ടങ്ങള്‍ക്ക് (learning outcome ) ഊന്നല്‍ നല്‍കുന്നതിലേക്ക് ലോകത്തെ വിദ്യാഭ്യാസ ക്രമങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. പഠനപ്രയാസവും (learning difficulty) പഠനവൈകല്യവും (learning disability) രണ്ടാണ്. ഇവ വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയണം. പുതിയ പഠനാനുഭവങ്ങള്‍ വേണ്ടിവരും ഇന്‍സ്ട്രക്ഷണല്‍ സയന്‍സില്‍ ധാരാളം പുതിയ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് അത് പരിഗണിക്കണം
- രണ്ടുതരം മനുഷ്യരല്ല ഉളളത്. ഒരുപാടുതരം മനുഷ്യരാണുളളത്. ഇത് ക്ലാസിനും ബാധകമാണ്. ഒരുപാടുതരം കുട്ടികളെ ഒരേ രീതിയില്‍ പഠിപ്പിക്കാനാകില്ല
- വാചികവിനിമയരീതിയല്ല ഏറ്റവും കൂടുതല് മനസിലാവുക. ചിത്രമാണ്. ചിത്രത്തിനാണ് ആശയവിനിമയക്ഷമത കൂടുതല്‍. ചിത്ര സന്നിവേശിത ആശയവിനിമയം , ആനിമേറ്റഡ് എക്സ്പീരിയന്‍സ് ഇവ കൂടുതല്‍ കൂടുതല്‍ സ്വീകാര്യമാകുന്നത് അതുകൊണ്ടാണ്. ഭാഷ പുതിയ സാധ്യതകളിലേക്ക് വഴിമാറുകയാണ്. കാര്‍ട്ടൂണുകള്‍ കുട്ടികളുമായി സംവദിക്കുന്നതുപോലെ മുതിര്‍ന്നവരുമായി പ്രവര്‍ത്തിക്കില്ല. ഇതു തിരിച്ചറിയണം. ചിന്ത, ഭാവന, സംസ്കാരം, കാഴ്ചാരീതി എന്നിവ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിക്കുന്നു.
- വാചികമായി പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടി അത് വിശ്വസിക്കുന്നില്ല. തെളിവ് ആവശ്യപ്പെടുന്നു. ഷോ മി എന്നു പറയുന്നു. ബോധ്യപ്പെടാനുളള ആവശ്യമാണ് ഷോ മി എന്ന പ്രതികരണം. അറിവിന് ശക്തമായ തെളിവുകള്‍ വേണ്ടതുണ്ട്. കണ്ടുബോധ്യപ്പെടുന്നതിന് പറ്റിയ രീതികളാണ് സ്വീകരിക്കപ്പെടേണ്ടത്
- ക്വാളിറ്റി എന്താണ് എന്നാരാണ് തീരുമാനിക്കേണ്ടത്?
- നാം ഉപയോഗിക്കുന്ന ഭാഷ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം. അധ്യാപികയുടെ ആശയവിനിമയമാണ് കുട്ടിക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനുളള പ്രധാന തടസ്സം. ഉദാഹരണമായി കര്‍മത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകന്‍ വളരെ വ്യക്തമായി പലവട്ടം പറയുന്നു. കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചാല്‍ കര്‍മം കിട്ടും. കുട്ടികളോട് കര്‍മം കണ്ടു പിടിക്കുന്നതെങ്ങനെ എന്നു ചോദിക്കുന്നു ക്ലാസ് ഒന്നടങ്കം മറുപടി പറയുന്നു.കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചാല്‍ കര്‍മം കിട്ടും .അധ്യാപകന്‍ സന്തുഷ്ടനാണ്. കുട്ടികള്‍ വളളിപുളളി വിടാതെ കാര്യം മനസിലാക്കിയിരിക്കുന്നു. നാം ആഗ്രഹിച്ച പ്രതികരണം ലഭിച്ചിരിക്കുന്നു.അടുത്ത ദിവസം ക്ലാസിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മം മറുന്നുപോയോ എന്നറിയാന്‍ ചോദിച്ചു . മറുപടി കൃത്യം. കര്‍ത്താവിനോട് ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചാല്‍ കര്‍മം കിട്ടും
ഒരു കുട്ടിക്ക് ഒരു പക്ഷേ!
എന്താണ് നിന്റെ പക്ഷേ?
ഞാനിന്നലെ ചോദിച്ചു കിട്ടിയില്ല
അധ്യാപകന് അവിശ്വാസം തോന്നി
നീ എന്താ ചോദിച്ചത്?
ആരെ അല്ലെങ്കില്‍ എന്തിനെ എന്ന്?
ആരോടാ ചോദിച്ചത്?
കര്‍ത്താവിനോട്
എന്നിട്ടുത്തരം കിട്ടിയില്ലേ?
ഇല്ല
ക്ലാസില്‍ ആര്‍ക്കെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടോ?
ക്ലാസ് നിശബ്ദം.
സംശയം ഉന്നയിച്ച കുട്ടി വിശദീകരിച്ചു
കര്‍ത്താവിന്റെ ഫോട്ടോയുടെ മുന്നില്‍ ചെന്ന പല തവണ ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിച്ചിട്ടും ഇതുപോലെയുളള മൗനമായിരുന്നു കിട്ടിയത്. അമ്മ വഴക്കുപറഞ്ഞു.
കുട്ടികള്‍ എങ്ങനെ ചിന്തിക്കാനിടയുണ്ട്, മനസിലാക്കാനിടയുണ്ട് എന്ന് ആലോചിക്കാതെ അധ്യാപിക നന്നായി പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് നല്ല പഠിപ്പിക്കല്‍ ആല്ല.
മറ്റൊരു ഉദാഹരണം
പാഠം രണ്ട്, പശു
പശു നമ്മുക്ക് പാല്‍ തരും
പശു നമ്മുക്ക് എന്താ തരിക?
പാല്‍
സര്‍
പശു നമ്മുക്ക് പാല്‍ തരുന്നില്ല. അത് അതിന്റെ കുട്ടിക്ക് മാത്രമാണ് കൊടുക്കുന്നത്. നാം കറന്നെടുക്കുകയല്ലേ. അപ്പോള്‍ തരിക എന്നു പറയാമോ?
കുരുത്തംകെട്ട ചോദ്യങ്ങള്‍ വേണ്ട!
7. ഗുരുത്വം എന്നത് ഇത്തരം വിമര്‍ശനാത്മകമായ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തലാണെന്ന ബോധമാണ് വിന. പ്രതിഭാശാലികളാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍. അവരെ നഷ്ടപ്പെടുത്തുകയാണ് ക്ലാസുകള്‍. അധ്യാപകരുടെ ഭാവം തങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എന്നാണ്. എത്ര വ്യത്യസ്തമായ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ സ്വന്തം ക്ലാസില്‍ ഉണ്ടാകുന്നു എന്നന്വേഷിച്ചു നോക്കൂ.
8. ഉണ്ടാക്കി പഠിക്കല്‍ അല്ലെങ്കില്‍ ചെയ്തു പഠിക്കലാണ് മറ്റൊരു പ്രധാന പഠനരീതി. ഇന്നത്തെ സ്വാശ്രയകോഴ്സുകളില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കാനാകും നല്ല എഞ്ചിനീയര്‍മാരെ കിട്ടില്ല. പുതിയത് രൂപകല്പന ചെയ്യാനും ഘടകങ്ങളില്‍ നിന്നും ആയത് നിര്‍മിക്കാനും കഴിയണം. നേരത്തെയുളളവയുടെ പരിമിതികള്‍ പരിഹരിക്കാനും അത്തരത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി മെച്ചപ്പെടുത്താനും കഴിയണം. പ്രശ്നം അഭിമുഖീകരിക്കണം. പരിഹാരാന്വേഷണം നടത്തണം. ഉപകരണങ്ങളെ ജനാധിപത്യവതികരിക്കണം. എന്തുകൊണ്ട് എല്ലാവര്‍ക്കും പ്രയോജനം കിട്ടുന്നില്ല എന്നും ആലോചിക്കണം.
9. അറിവ് കൊടുക്കുകയല്ല ചിന്തിക്കാനും കണ്ടെത്താനും പഠിപ്പിക്കുകയാണ് വേണ്ടത്.
10. വിമര്‍ശനാവബോധം വേണം. കുട്ടിക്കും അധ്യാപകര്‍ക്കും
വളരെ ലളിതവും ഉദാഹരണസഹിതവുമാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്‍റെ സഹപാഠിയായ സൂപ്പി ക്ലാസില്‍ പ്രകടിപ്പിച്ചതും പങ്കിട്ടതുമായ പ്രായോഗിക അനുഭവങ്ങള്‍ എങ്ങനെ വ്യത്യസ്ത കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ കാരങ്ങളെ സമീപിക്കുന്നു എന്നതിന്‍റെ തെളിവായി.
സെമിനാറില്‍ പങ്കെടുത്ത ഡോ മൈക്കിള്‍ തരകന്‍ ചരിത്രപരവും സാമൂഹികപരവുമായ വിശകലനമാണ് നടത്തിയത്.
ഡോ രാമാനുജം സംസ്കാരവും ഗണിതവും തമ്മിലുളള ബന്ധം വ്യക്തമാക്കി. പാഠപുസ്തകഗണിതത്തേക്കാള്‍ ഗണിതജ്ഞാനമുളളവ കുട്ടികള്‍ ഉണ്ട് എന്ന് കോലം എഴുത്തിനെ ഉദാഹരിച്ച് സൂചിപ്പിച്ച അദ്ദേഹം , പക്ഷേ ഈ കുട്ടികള്‍ സ്കൂള്‍ ഗണിതത്തില്‍ പരാജയപ്പെടുന്നത് അവരുടെ ആര്‍ജിതജ്ഞാനവും സംസ്കാരവുമായി കണ്ണിചേര്‍ക്കാത്തതിനാലാണ് എന്നും വ്യക്തമാക്കി.
ഡോ ബി ഇക്ബാലിന്റെ പ്രഭാഷണവും വിദ്യാഭ്യാസത്തിന്‍റെ വരേണ്യസങ്കല്പങ്ങളും ജനപക്ഷ സമീപനവും ചര്‍ച്ചയിലേക്ക് കൊണ്ടു വന്നു.
സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ ഈ സെമിനാറില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശയപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന അവതരണങ്ങളാണ് നടന്നത്.
സരസമായാണ് പറഞ്ഞതെങ്കിലും രാജന്‍ ഗുരുക്കള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു
ReplyDelete