Pages

Monday, October 7, 2019

നിത്യവും ഓരോ രക്ഷിതാവ് പൂര്‍ണസമയം ക്ലാസില്‍!


മുഹമ്മ സി എം എസ് എല്‍ പി എസിലെ ജസ്സിടീച്ചറുടെ ഒന്നാം ക്ലാസിനിത്തവണ ഒരു വിശേഷം
പങ്കിടാനുണ്ട്. എന്താണ് പുതിയ വിശേഷം? ടീച്ചറുടെ ക്ലാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ അത് വീക്ഷിച്ചു. അങ്ങനെ വിദ്യാഭ്യാസ മന്ത്രിയുടെ  ഓഫീസിലുമെത്തി. ഫേസ്ബുക്കില്‍ മന്ത്രിയുടെ പോസ്റ്റും വന്നു. ടീച്ചറെ അറിഞ്ഞവരെല്ലാം അഭിനന്ദിക്കുന്നു. ടീച്ചര്‍ ആലപ്പുഴ ജില്ലയിലെ ഒന്നാം ക്ലാസ് അധ്യാപകരുടെ ആവേശമാണ്. റിസോഴ്സ് പേഴ്സണാണ്. രണ്ടോ മൂന്നോ തവണ ആ വിദ്യാലയത്തെക്കുറിച്ചും ജസി ടീച്ചറെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അതൊന്നുമല്ല ഇപ്പോഴത്തെ വിശേഷം. പിന്നെ? രക്ഷിതാക്കളെ സ്വന്തം ക്ലാസിലെ സജീവസാന്നിധ്യമാക്കുന്ന ഒരു പ്രോജക്ട് ടീച്ചര്‍ ഏറ്റെടുത്തിരിക്കുകയാണ്
"എന്തിനാണ് ഈ പ്രോജക്ട്?"
"ക്ലാസില്‍ നടക്കുന്ന പലതരം പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ അജ്ഞരാണ്.
ക്ലാസിലെ ഓരോ കുഞ്ഞിന്റെയും പഠനമികവിനായി അധ്യാപിക നടത്തുന്ന അധ്വാനവും ശ്രദ്ധയും രക്ഷിതാവ് മനസിലാക്കുന്നില്ല.
വീട്ടില്‍ കുട്ടികളെ സഹായിക്കേണ്ട രീതി ക്ലാസിലെ പഠനരീതിക്ക് അനുപൂരകമാകണം. പക്ഷേ രക്ഷിതാക്കള്‍ക്ക് ആ രീതി എന്താണെന്നറിയില്ല
കുട്ടികളുടെ നോട്ടുബുക്കില്‍ എന്തെല്ലാമാണ് വേണ്ടത്. എന്താണുളളത് എന്നു പരിശോധിച്ച് മെച്ചപ്പെടുത്താന്‍ സഹായം നല്‍കാനാകുന്നില്ല.
വിദ്യാലയപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദേശ ധാരണമാത്രമേയുളളൂ
ഈ പരിമിതികള്‍ മറികടക്കണം". 
അതിനാണ് ജസ്സിടീച്ചര്‍ നൂതനമായ ഒരു പ്രോജക്ട് ആസൂത്രണം ചെയ്തത്.
രക്ഷിതാവായ ര‍ഞ്ജിത ബി ഒക്ടോബര്‍ ഒന്നാതീയതി കുറിച്ചു
"അങ്ങനെ ഒരു ദിവസം ടീച്ചറോടൊപ്പമായിരുന്നു
കുഞ്ഞുങ്ങളുടെ കളിയും ചിരിയും സ്നേഹവും കുറുമ്പും കഴിവും ഒത്തൊരുമയുമൊക്കെ കണ്ടു മനസിലാക്കാന്‍ സാധിച്ചു. മണവും മധുരവും എന്നതായിരുന്നു ഇന്ന് പഠിപ്പിച്ചത്. വിരണമാണ് കുട്ടികള്‍ തയ്യാറാക്കിയത്
ദിനാചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി
കുട്ടികളുടെ നോട്ട് ബുക്കിലെ എഴുത്ത് അപ്പപ്പോള്‍ വിലയിരുത്താന്‍ ടീച്ചര്‍ക്കൊപ്പം കൂടി.
പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു
ഉച്ചഭക്ഷണം ടീച്ചറോടൊപ്പമായിരുന്നു
വലിയ സ്നേഹമുളള കുട്ടികളാണ്. എന്നോട് അവര്‍ എറെ സ്നേഹത്തോടെ പെരുമാറി
പൂച്ചെണ്ട് നല്‍കിയാണ് എന്നെ ക്ലാസിലേക്ക് സ്വീകരിച്ചത്."
ഈ ടീച്ചറെ കിട്ടിയതില്‍ നമ്മള്‍ രക്ഷിതാക്കള്‍ ഭാഗ്യവാന്‍മാരും ഭാഗ്യവതികളുമായി"
അധ്യാപികയോടൊപ്പം ഒരു ദിനം-ക്ലാസിലെ രക്ഷിതാക്കളുമായി ഈ ആശയം പങ്കിട്ടപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. ഓരോരുത്തരും അവരവര്‍ക്ക് സൗകര്യമുളള ദിവസം ഏതാണെന്നു പറഞ്ഞു. അതനുസരിച്ച് ഒരു മാസത്തെ പരിപാടി തയ്യാറാക്കി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഓരോ രക്ഷിതാവിന്റെയും സന്ദര്‍ശനവിവരങ്ങള്‍ അന്നന്ന് വാട്സാപ്പ് ഗ്രൂപ്പിലിടും. വിഡോയോ , ഫോട്ടോ, രക്ഷിതാവിന്റെ പ്രതികരണം എന്നിവയാണ് പങ്കിടുന്നത്. പങ്കെടുത്തവര്‍ക്കെല്ലാം ആവേശം.
രക്ഷിതാവ് ഓരോ ദിനവും ക്ലാസിലെത്തുന്നു എന്നത് ക്ലാസ് അധ്യാപികയ്ക് ആവേശവും സന്തോഷവും നല്‍കുന്നുണ്ട്. കാരണം
  • ഓരോ ദിവസവും രക്ഷിതാവിനെ സംതൃപ്തിപ്പെടുത്താനായി മികച്ച ആസൂത്രണം നടത്തേണ്ടിവരുന്നു.
  • അത് സ്വാഭാവികമായി ക്ലാസിലെ വിനിമമയപ്രക്രിയയെ ഫലപ്രദമാക്കും.  
  • ഓരോ ദിവസവും വ്യത്യസ്തമായ തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതയാകുന്നു. രക്ഷിതാക്കള്‍ അവരുടെ അനുഭവക്കുറിപ്പിടുമ്പോള്‍ വൈവിധ്യാനുഭവങ്ങള്‍ വന്നില്ലെങ്കില്‍ അത് തുടര്‍ന്നുളള ദിവസങ്ങളിലെ സന്ദര്‍ശനത്തെ ബാധിക്കും.  
  • പലതരം പഠതന്ത്രങ്ങള്‍ ക്ലാസില്‍ നടക്കുന്നുണ്ടെന്നറിയുന്നതിനും അവയൊരോന്നിനെക്കുറിച്ചും കുട്ടികളുമായി രക്ഷിതാവ് സംസാരിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിക്കൂടിയാണിത്. അങ്ങനെ അധ്യാപനം ആസ്വാദ്യമായിത്തീരുന്നു.  
  • രക്ഷിതാവ് കുട്ടികളുടെ നോട്ട് ബുക്ക് കാണുമ്പോള്‍ ക്ലാസിലെ പൊതു ചിത്രം കിട്ടും. അതിലൂടെ സ്വന്തം കുട്ടിയുടെ നോട്ട് ബുക്ക് മെച്ചപ്പെടുത്താനുളള ധാരണയും ലഭിക്കും. ഇപ്പോള്‍ സ്വന്തം കുട്ടിയുടെ മാത്രം കാര്യം വെച്ച് ക്ലാസിനെ മനസിലാക്കുകയാണ് ചെയ്യുന്നത്. അതിലൊരു മാറ്റം ഉണ്ടാക്കാനാകുന്നു
  •  മാസത്തിലൊരിക്കല്‍ ക്ലാസ് പി ടി എയ്ക് മാത്രം വരികയും അരദിവസത്തെ ചര്‍ച്ചകൊണ്ട് ഒരു മാസത്തെ അവലോകനവും ആസൂത്രണവും മറ്റും നടത്തുകയും ചെയ്യുന്ന ഇന്നത്തെ രീതിയുടെ പരിമിതിയേയും മറികടക്കാനാകുന്നു


രക്ഷിതാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയം ഈ വര്‍ഷം നടപ്പിലാക്കുന്നത്. കൂടുതല്‍ ആവേശകരമായ പ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം. 
 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി