Pages

Sunday, November 3, 2019

പീലിക്കോട് അറിവിന്റെ വിജയത്തിളക്കത്തില്‍

വിദ്യാലയത്തിനു പുറത്ത് ഒരുകൂറ്റന്‍ ബോര്‍ഡ്. അതെന്നേ വിളിച്ചു . "സാറേ നോക്ക് അറിവിന്റെ വിജയത്തിളക്കം. ഇരുപത്തിയൊന്നു കുട്ടികള്‍ക്ക് യു എസ് സ് കിട്ടിയതിന്റെ അഭിമാനമോര്‍ഡാണിത്. ഒരു പക്ഷേ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ യു എസ് എസിന് അര്‍ഹത നേടിയ വിദ്യാലയം ഇതായിരിക്കണം. ഇല്ലേ?,ഏഴാം ക്ലാസിലെ മുപ്പത് ശതമാനത്തോളം കുട്ടികളെ യു എസ് എസിനുടമകളാക്കുക എന്നത് ചില്ലറ കാര്യമാ?" ഞങ്ങള്‍ ചെന്നപ്പോള്‍ വിദ്യാലയം നല്ല തിരക്കിലാണ്. കലോത്സവത്തിനുളള പരിശീലനങ്ങള്‍ നടക്കുന്നു. സ്റ്റാഫ് റൂമില്‍ ശാസ്ത്ര ഗണിതശാസ്ത്രപ്രവൃത്തിപരിചയമേളയുടെ പ്രദര്‍ശനസാമഗ്രികള്‍. പത്മാവതിടീച്ചറെയാണ് കണ്ടത്. "എന്താ ടീച്ചറേ ഈ വിദ്യാലയത്തെക്കുറിച്ച് ഞാന്‍ മറ്റൊരാള്‍ ചോദിച്ചാല്‍ പറയേണ്ട വിശേഷപ്പെട്ട ഒരു കാര്യം?"
ടീച്ചര്‍ പറഞ്ഞു "സര്‍, ഞാനിവിടെ വന്നിട്ട് മൂന്നു വര്‍ഷമേ ആയിട്ടുളളൂ. ഞാന്‍ പഠിച്ച വിദ്യാലയമാണ്. ഈ വിദ്യാലയത്തില്‍ പഠിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അതിനാലാണ് സ്ഥലം മാറ്റം വാങ്ങി വന്നത്. അത്രയ്ക് ആത്മബന്ധം ഈ വിദ്യാലയത്തോടുണ്ട്. കുട്ടികള്‍ നല്ല വായനക്കാരാണ്. ധാരാളം പുസ്തകങ്ങള്‍ വായിക്കും. ഞാന്‍ ഒത്തിരി പുസ്തകങ്ങള്‍ വിദ്യാലയത്തിനു നല്‍കിയിട്ടുണ്ട്. ഏകദേശം പതിനായിരം രൂപയുടെ പുസ്തകം. കുട്ടികള്‍ വായിച്ചു വളരണം. എല്ലാ അധ്യാപകരും സ്വന്തം എന്ന വികാരത്തോടെ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. നല്ല ടീമാണ്."
ഞാന്‍ ക്ലാസുകളുടെ അകം പുറം കാവ്ചകള്‍ കണ്ട് നടന്നു. ഒന്നാം ക്ലാസിയെ ടീച്ചര്‍ എല്‍ സി ഡി പ്രൊജക്ടറില്‍ ദൃശ്യാനുഭവം നല്‍കി ക്ലാസ് നയിക്കുന്നു. ഒത്തിര സ്കൂളുകളില്‍ പോയിട്ടുണ്ട്. മുന്നറയിപ്പില്ലാത്ത സന്ദര്‍ശനങ്ങളില്‍ ഐ ടി അധിഷ്ടിത ക്ലാസുകള്‍ കാണുന്നത് വിരളം. ഈ ഒന്നാം ക്ലാസിലെ അധ്യാപികയോടെനിക്ക് ആദരവ് തോന്നി.
മുറ്റത്ത് ഭിത്തിയോട് ചേര്‍ന്ന് ഒരു കുട്ടിക്കസേരയില്‍ ഒരു സസ്യം ആദരിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ ആ കസേര ശ്രദ്ധിച്ചു. അതിലെ മണ്ണ് എന്നോടു സംസാരിച്ചു. "എന്നും ഓരോരോ ചെടി വെക്കും അതാ മണ്ണുപിടിച്ചിരിക്കുന്നത്. എനിക്കിഷ്ടമാ ഈ പണി. കുട്ടികള്‍ വന്നെന്നെ പൊതിയും"
കുട്ടിക്കസേര കൂട്ടിച്ചേര്‍ത്തു. "എന്നെ ഇത്ര കാര്യമായി ഉപയോഗിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ഈ ബോര്‍ഡില്‍ എന്നും ഓരോരോ ചാര്‍ട്ടുകള്‍ വരും. ഓരോരോ സസ്യത്തെക്കുറിച്ചാ.. ജൈവവൈവിധ്യത്തിലേക്കുളള ശ്രദ്ധ ക്ഷണിക്കലാണിത്. സാറിത്തരം ബോര്‍ഡ് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കാണില്ല സാറേ. അതാ പീലിക്കോടിന്റെ മഹിമ".  (പണ്ട് കണ്ണൂരിലെ നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ ചെന്ന കാര്യം ഓര്‍ത്തുപോയി. അവിടെ ക്ലാസുകളില്‍ കസേരയിട്ട് പട്ടുവിരിച്ച് ഇന്നത്തെ പുസ്തകം എന്ന പേരില്‍ ഓരോ പുസ്തകം വെക്കുമായിരുന്നു. അധ്യാപകര്‍ അത് പരിചയപ്പെടുത്തും. ആ വിദ്യാലയത്തിന്റെ മുറ്റത്ത് പച്ചപ്പന്തലുമുണ്ട്.)
 ഞാന്‍ എല്ലാ ക്ലാസുകളും ആസ്വദിച്ച് അവസാനം  ആ ക്ലാസില്‍ എത്തി.
ടീച്ചറുടെ അനുവാദത്തോടെ ക്ലാസില്‍ കയറി
കുട്ടികള്‍ തല ഉയര്‍ത്തി ഒന്നു നോക്കി
എന്നിട്ട് ടീച്ചറിലേക്ക് ലയിച്ചു
ടീച്ചറുടെ കൈയില്‍ ഒരു പുസ്തകം
അതെന്നെ നോക്കി
എന്തൊരുഗമ!
ടീച്ചര്‍ പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്
അതിലെ ഒരു കഥ ആസ്വാദ്യതയോടെ പറയുകയാണ്
എന്നെയും ടീച്ചര്‍ അവഗണിച്ച് ടീച്ചര്‍ കുട്ടികളേയും കൊണ്ട് കഥാസഞ്ചാരത്തിലാണ്
അവസാനം ടീച്ചര്‍ പറഞ്ഞു
കുട്ടികളേ ഇതുപോലെ മനോഹരമായ കഥകളാണിതിലുളളത്  . വായിക്കുമല്ലോ?
കുട്ടികളെ വായനയിലേക്ക് പ്രചോദിപ്പിക്കുന്ന ശക്തമായ ഇടപെടല്‍.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ സഹധര്‍മിണിയായ ടീച്ചര്‍ വായനയുടെ സംസ്കാരം സ്വാംശീകരിച്ച ആളാണ്.
നല്ല വായനയാണ് നല്ല പഠനം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി