Pages

Wednesday, December 11, 2019

നോവിന്റെ പാഠപുസ്തകത്തില്‍ റാഷിദിന്റെ പേരുണ്ടായിരുന്നു

തേഞ്ഞിപ്പലം വലക്കണ്ടി ഭാഗത്ത് മാട്ടില്‍ മുഹമ്മദ് റാഷിദിന് എല്ലുപൊടിയുന്ന അസുഖമാണ്. 2013-14 വര്‍ഷം. മലപ്പുറം ഡയറ്റിന്റെ NEST (Nourishing English through Strengthening Talents) എന്ന പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്ന സമയം.

വേങ്ങര ബി. ആര്‍.സി. യില്‍ റിവ്യൂ നടത്തുമ്പോഴാണ് റിസോഴ്സ് അധ്യാപികയായ കൗലത്ത് ടീച്ചര്‍ റാഷിദിനെ ഡയറ്റ് ഫാക്കല്‍റ്റിയംഗമായ നിഷടീച്ചറിന് പരിചയപ്പെടുത്തുന്നത്. പിറ്റെ ദിവസം പരിമിതികള്‍ മറികടന്ന് എല്‍.എസ്. എസിന് വിജയം കൈവരിച്ച റാഷിദിനെ അനുമോദിക്കുന്ന ചടങ്ങാണ്. മേശയില്‍ കമിഴ്ന്നുകിടന്ന് സദസ്സിനെ നോക്കി റാഷിദ് പറഞ്ഞു

"എല്ലാവരുടേയും സഹായത്തോടെയാണ് ഞാന്‍ എല്‍.എസ്.എസ്. നേടിയത്. കൊയപ്പ സ്കൂളിലെ അധ്യാപകരും കൗലത്ത് ടീച്ചറും എന്നെ വളരെയധികം സഹായിച്ചു. എനിക്ക് പഠനത്തില്‍ ഏറ്റവും ബുദ്ധിമുട്ട് ഇംഗ്ലീഷാണ്. , ബി, സി,ഡി.....മുഴുവന്‍ എഴുതാന്‍ എനിക്കറിഞ്ഞുകൂടാ...തുടര്‍പഠനം എങ്ങിനെയാണെന്ന് അറിയില്ല.”

അവന്‍  ആശങ്ക പങ്കുവെച്ചു . നിഷ ടീച്ചറെ പ്രതീക്ഷയോടെ നോക്കി. നിഷടീച്ചര്‍ അവനോട് പറഞ്ഞു...'മോന്‍ ഇംഗ്ലീഷ് ആലോചിച്ച് പേടിക്കണ്ട ട്ടോ..നമുക്ക് പരിഹാരമുണ്ടാക്കാം..'

അടുത്ത ദിവസം കൗലത്ത്ടീച്ചറെ കൂട്ടിയാണ് നീഷടീച്ചര്‍ റാ‍ഷിദിന്റെ വീട്ടിലെത്തിയത്. അസ്മാബിതാത്തയില്‍ നിന്നാണ് റാഷിദിന്റെ കഥ പൂര്‍ണമായി അറിയുന്നത്. ജനിച്ച് പത്തൊമ്പതാമത്തെ ദിവസമാണ് അവന് ഒരു പ്രത്യേക അസുഖമുണ്ടെന്ന് കണ്ടെത്തിയത്. തൊട്ടിലില്‍ കിടത്തുമ്പോള്‍‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്.‍ വീട്ടുകാര്‍ നാട്ടുവൈദ്യത്തിലേക്കും പ്രാദേശിക ഡോക്ടര്‍മാരിലേക്കും തിരിഞ്ഞു. കഷായവും മരുന്നും തൈലവും ഗുളികകളും എല്ലാം മാറി മാറി... എന്നിട്ടും അസുഖം എന്താണെന്നുമാത്രം ആര്‍ക്കും കണ്ടുപിടിക്കാനായില്ല. അസുഖം അറിയില്ലെങ്കിലും തോളെല്ല്, വാരിയെല്ല്, ഇടുപ്പെല്ല്, കയ്യ്, കാല് എന്നു വേണ്ട, സകലമാന എല്ലുകളും പൊട്ടി . പൊട്ടിയ എല്ലുകള്‍ കൂടിച്ചേരുവാനുളള സമയം ആകും മുമ്പേ അടുത്ത പൊട്ടലിനായി ശരീരത്തിന്റെ മറ്റൊരു ഭാഗം തയ്യാറെടുക്കുകയായി....അസഹ്യമായ കൊടിയ വേദന സഹിച്ചു സഹിച്ചു തളര്‍ന്നുറങ്ങും. അനങ്ങിയാല്‍ വേദന കുത്തിവലിക്കും. എല്ലു കൂടി വരുന്നതു വരെ അനങ്ങാതെ കിടക്കണം....വേദന തിന്നു തിന്ന് അതവന്റെ ജീവിതത്തിന്റെ ഭാഗമായി..

207 തവണ എല്ലു പൊട്ടിയ ആ കുഞ്ഞിനെ നോക്കി ആ ഉമ്മ കണ്ണ്നീരടക്കാന്‍ പ്രയാസപ്പെട്ടു. അതുകണ്ട് നിഷടീച്ചര്‍‍ക്ക് ശ്വാസം കിട്ടാതെ ഉളളുപിടഞ്ഞു. നിഷടീച്ചര്‍ പറയുന്നു "പൊട്ടി പൊട്ടി വളഞ്ഞ് പുളഞ്ഞ് ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന കൈകളും കാലുകളും നോക്കിനില്‍ക്കേ എന്നില്‍ ആര്‍ദ്രത വന്നു നിറയുന്നത് ഞാനറിഞ്ഞു. എന്നെ നോക്കി ചിരിക്കുന്ന റാഷ്ദിയെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോഴും ഇവനുവേണ്ടി എനിക്ക് എന്ത് ചെയ്യാനാവുമെന്ന അങ്കലാപ്പായിരുന്നു മനസ്സു മുഴുവന്‍.”

"ഇതിനിടെ NEST മൊഡ്യൂളിലൂടെ അവനെ ഞാന്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിപ്പിച്ചു. അന്നെല്ലാം ഞങ്ങള്‍ സ്ഥിരമായി റോള്‍ പ്ലേ ചെയ്യാറുണ്ടായിരുന്നു. പഠനത്തിനുപരിയായി സ്നേഹപാഠങ്ങള്‍ വളര്‍ന്നു. ഞായറാഴ്ചയ്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി. സ്ഥിരമായി എല്ലുപൊട്ടുന്ന ആ കാലഘട്ടത്തില്‍ അവന് സ്കൂളില്‍ അധികം പോകാന്‍ സാധിച്ചില്ല. വേദനമാത്രം സഹിക്കുന്ന അസ്മാബിതാത്തയോട് ഞാന്‍ വെറുതെ ചോദിച്ചു.

ഇവനെ നമുക്ക് കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ കാണിച്ചാലോ ?''

അതുവരെ ഒരു എല്ലുരോഗവിദഗ്ധനേയും അവര്‍ സമീപിച്ചിരുന്നില്ല. ആദ്യമായി ഗംഗ ഹോസ്പിറ്റലില്‍ പോയത് പന്താരങ്ങാടിയിലെ ഇസ്മായിലിന്റെ വണ്ടിയിലാണ്. ആ ഹോസ്പിറ്റലും ചുറ്റുപാടും പരിചയപ്പെടുത്തിയത് ആ സുഹൃത്താണ്. പിന്നീട് അവന്റെ മാതാപിതാക്കള്‍, റിസോഴ്സ് ടീച്ചറായ കൗലത്ത് ടീച്ചര്‍ എന്നിവരോടൊപ്പം ഏഴെട്ടു തവണ അവിടെ പോയിട്ടുണ്ട്. അന്നൊക്കെ തീരെ ശോഷിച്ച രൂപമാണവന്. വളരെ നേര്‍ത്ത കൈകാലുകള്‍, വലിയ വയറ്, വലിയ തലയും. ചിരിക്കുന്ന മുഖമാണവന്. ദൈന്യത നിറഞ്ഞ നോട്ടവും....പുലര്‍ച്ചെ കോയമ്പത്തൂര്‍ ഫാസ്റ്റില്‍ മലര്‍ന്നു കിടക്കുന്ന അവന്‍ എത്ര സന്തോഷത്തോടെയാണ് സ്ഥലങ്ങള്‍ നോക്കി കണ്ടത് ? ഒാരോ മാസവും എന്റെ ഒരവധി ദിവസം കോയമ്പത്തൂര്‍ യാത്രക്ക്.... അവന്‍ ആ യാത്രക്കുവേണ്ടി കാത്തിരുന്നു.. യാത്രക്കിടയില്‍ അസ്മാബി താത്ത സ്നേഹത്തോടെ വിളമ്പിത്തരുന്ന പത്തിരിയും മസാലക്കറിയും...എല്ലാം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു.. അവനു വേണ്ടി കഥകളും കാര്യങ്ങളും എനിക്കറിയാവുന്ന രുചിക്കൂട്ടില്‍ ഞാന്‍ വിളമ്പി. ടെസ്റ്റും റീടെസ്റ്റുമായി ഹോസ്പിറ്റലില്‍ നിന്നും തിരിച്ച് രാത്രി 1.30 ന് വെസ്റ്റ് കോസ്റ്റില്‍ വന്നിറങ്ങുമ്പോഴും റാഷിക്ക് ഒരു ക്ഷീണവുമുണ്ടാകാറില്ല....

ചികിത്സയുടെ ഭാഗമായി അവന് പ്രതിരോധ ശേഷി വന്നു തുടങ്ങി. ഒാരോ പ്രാവശ്യവും നല്കുന്ന വൈറ്റമിന്‍ ഗുളികകളും, ഇഞ്ചക്ഷനുകളും അവനൊരു മനുഷ്യരൂപം നല്‍കി.

'ഇബനിപ്പം കാലിനും കയ്യിനും എറച്ചി വെച്ചപ്പം മനു‍ഷ്യക്കോലായി..' അസ്മാബിത്തായുടെ ആത്മഗതം തെല്ല് നിര്‍വൃതിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു...

സുഹൃത്ത് ചട്ടിക്കല്‍ രാജന്‍ റാഷിക്കുവേണ്ടി ഗള്‍ഫില്‍ ഒരു ഫുട്ബാള്‍ മാച്ചില്‍ പങ്കെടുത്തു. ആ പണം കൊണ്ടാണ് അവന് വീല്‍ചെയര്‍ വാങ്ങിയത്...എന്റെ സുഹൃത്തുക്കളുടെ പിന്തുണ ...നിര്‍ല്ലോഭം... എന്നും ..എപ്പോഴും....

ആരോഗ്യസ്ഥിതി മെച്ചപ്പട്ടപ്പോള്‍ അവന്‍ പഠനത്തില്‍ ഉത്സാഹവാനായി..ഞങ്ങള്‍ ഞായറാഴ്ച്ചകളിലെ പ‍ഠനം തുടര്‍ന്നുവന്നു..നമ്മള്‍ രണ്ടുപേരുടേയും മാത്രമുള്ള പഠനമല്ല വേണ്ടതെന്നും സാമൂഹികവത്കരണത്തിന് സ്കൂള്‍ പഠനം നിര്‍ബന്ധമാണെന്നും, ഹൈസ്കൂള്‍ ജീവിതത്തിലെ പല മനോഹരമായ നിമിഷങ്ങളും തമാശകളും അവനോട് പങ്കിട്ട് വര്‍ണ്ണാഭമായ ക്ലാസ്മുറികള്‍ അവന്റെ സങ്കല്പത്തിലേക്ക് ഞാന്‍ വരച്ചു കാണിച്ചു. ഞാനറിയുന്ന ഒട്ടനവധി അധ്യാപകരേയും എന്റെ എല്ലാ കൂട്ടുകാരേയും ഞാന്‍ അവനോട് പങ്കുവെച്ചു.. പതിയെ അവന്‍ തന്റെ പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ ഹൈസ്കൂള്‍ ജീവിതത്തിലേക്ക് കയറി. പാലക്കാട് ഡയറ്റിലേക്കുള്ള എന്റെ ട്രാന്‍സ്ഫര്‍ എന്റെ മക്കളേക്കാള്‍ ബാധിച്ചത് റാഷിദിനെയാണ്. എല്ലാ ഞായറാഴ്ച്ചയിലേയും എന്റെ പോക്കുവരവിന്റെ ക്രമം തെറ്റി. ദൂരവും സമയവും ഞങ്ങള്‍ക്കിടയില്‍ വില്ലനായി. പഠനം ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഒന്‍പതാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയത്താണ് സ്കൂളിലെ വിശേഷങ്ങള്‍ തിരക്കിയ എന്റെ മുന്‍പില്‍നിന്ന് മുളചീന്തിക്കീറും പോലെ അവന്റുമ്മ നിന്ന് കരഞ്ഞത്.

'ഒന്നു രണ്ടു മാസമായി ടീച്ചറേ അവന്‍ സ്കൂളില്‍ പോയിട്ട്...അവനിനി പഠിക്കണ്ടത്രേ...'

' എഴുതി ഉള്‍ച്ചേര്‍ക്കലുകളുടെ പഠനപ്രക്രിയയില്‍ യഥാര്‍ത്ഥത്തില്‍ ഉള്‍ച്ചേര്‍ക്കേണ്ടവര്‍ വിദ്യാലയത്തില്‍നിന്നും പുറത്തുപോകുന്നതെങ്ങിനെ ?' ആ ഉമ്മയുടെ ദൈന്യതനിറഞ്ഞ മുഖം കണ്ട് ഞാന്‍ മിണ്ടാന്‍ വയ്യാതിരുന്നുപോയി....

'അവനിനി സ്കൂളില്‍ പോകണ്ട ടീച്ചറേ...സ്കൂളിലെ എല്ലാവര്‍ക്കും അവനൊരു ശല്യമാണത്രേ..സ്കൂളില്‍ പോകുന്ന അന്ന് കുട്ടി ഭക്ഷണം കഴിക്കുന്നില്ല. വെള്ളം കുടിക്കുന്നില്ല. റിസോഴ്സ് ടീച്ചര്‍ ഇല്ലാത്ത പല ദിവസങ്ങളിലും അധ്യാപികയുടെ വിളി വരും..

ഇന്ന് റാഷിദിനെ വിടേണ്ട കെട്ടോ.. അവന് മൂത്രമൊഴിക്കാനുണ്ടായാല്‍ ബുദ്ധിമുട്ടാവും...''

കുട്ടികള്‍ക്ക് മുഖം നല്‍കി ക്ലാസ്സിന്റെ മുന്‍ഭാഗത്ത് ഇട്ടിട്ടുള്ള ഒരു കു‍‍‍ഞ്ഞു മേശയിലാണ് അവന്‍ കിടന്നിരുന്നത്. അവന്റെ ക്ലാസ്സ് മുറിയില്‍ അവനുവേണ്ടി മാത്രം പറഞ്ഞ ഒരു നുറുങ്ങുകളും അവന്‍ കേട്ടില്ല. പല അധ്യാപകരും അവനെ ഒന്ന് നോക്കിയതുപോലുമില്ല...പാഠഭാഗങ്ങളിലെ തരംഗദൈര്‍ഘ്യവും, അമീബയും, ബൃഹത്കോണും, രാസപ്രവര്‍ത്തനങ്ങളും ലോകചരിത്രവുമെല്ലാം അവന്റെ തലച്ചോറില്‍ ഒരു പുകമറയുണ്ടാക്കി. മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ഒരു നോട്ടും എഴുതാനാവാതെ അവന്‍ കഷ്ടപ്പെട്ടു. പ്രധാന അധ്യാപകന്റെ റൂമിനോടു ചേര്‍ന്നുള്ള ഒരു ക്ളാസ് മുറി താഴത്തെ നിലയിലുണ്ട്. “കച്ചറക്ലാസ്സെന്ന് ''കുട്ടികള്‍ തന്നെ വിശേഷിപ്പിക്കുന്ന (അതോ അധ്യാപകരോ ?) ഒരു ക്ലാസില്‍ റാഷിക്കിടം കിട്ടി.പേരു പോലെതന്നെ കുട്ടികളുടെ കൗമാരവൈകല്യങ്ങള്‍ നിറഞ്ഞ ഈ ക്ലാസ്സില്‍ എല്ലാ പുതിയ പാഠ ങ്ങളും നിസ്സഹായനായി നോക്കികണ്ടു. ഞെട്ടിത്തരിച്ച് പോയ എന്റെ കുട്ടിക്ക് കൂട്ടായി ഒരു മിണ്ടാപ്രാണി പോലും ഉണ്ടായില്ല. എല്ലാം അവന്‍ സഹിക്കും.. തന്റെ അധ്യാപകര്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അവനുവേണ്ടി അല്പമെങ്കിലും വിളമ്പിയിരുന്നെങ്കില്‍....

കണക്കിനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച അവന്‍ ഒരു ക്ലാസ്സില്‍ അധ്യാപകനോട് ചോദിച്ച ചോദ്യത്തിന് കിട്ടിയ ഉത്തരം മനസ്സിലെ കണക്കിനെടുള്ള പ്രണയത്തെ തല്ലിക്കെടുത്തി.

'' ഈ ക്ലാസ്സില്‍ നിനക്കു മാത്രമാണല്ലോ ഇത്തരം സംശയം ? ''എന്ന അധ്യാപകന്റെ മറുസംശയവും അതുയര്‍ത്തിയ ക്ലാസ്സിലെ കൂട്ടച്ചിരിയും ആ പാവം കുഞ്ഞിനെ ഒരു പാടുകരയിച്ചു....ഒന്നും മിണ്ടാതെ , ഒന്നുമേ പ്രതികരിക്കാതെ, ആരേയും നോക്കാതെ എന്റെ കുട്ടി എങ്ങിനെ ദിവസങ്ങള്‍ തള്ളി നീക്കും ? പക്ഷേ കുട്ടികള്‍ ചെയ്തുകൂട്ടിയ എല്ലാ കുസൃതിത്തരങ്ങള്‍ക്കും നിശബ്ദമായി സാക്ഷ്യം വഹിച്ച് കൊണ്ട് റാഷി...സാക്ഷികള്‍ എന്നും അതിക്രൂരമായി ശിക്ഷിക്കപ്പെടും. മലയും മഞ്ഞും കാടും പൂവും അവന്‍ കിടക്കുന്ന കുഞ്ഞു മേശക്ക് ചുറ്റും ഇല്ലല്ലോ ? കുട്ടികള്‍ക്ക് അഭിമുഖമായി കിടന്നുകൊണ്ട് അവന്‍ വേറെ എവിടേക്ക് നോക്കാന്‍ ?എന്തൊരു നരകമാണത് ?

ഉള്ളുപിടയുന്ന വേദനയിലും അവന്‍ എന്നോടു പറഞ്ഞു...

'ചുറ്റുമുള്ള നന്മ മാത്രമല്ല, തിന്മയും നാം അറിയണമെന്നും സ്വയം നന്മ വിവേചിച്ചറിയണം..എന്നും നന്മയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കണമെന്ന് ടീച്ചറല്ലേ എന്നോട് പറഞ്ഞത് ? അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാന്‍ കഴിയുന്നത്ര സഹിച്ചിരുന്നു ടീച്ചറേ.... ഇനി വയ്യ.. '' പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ട ആവശ്യകത പ്രസംഗിച്ചു നടക്കുന്ന എനിക്ക് അവന്റെ വാക്കുകള്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു....ഇതു കേട്ട എന്റെ കാതുകള്‍ പഴുത്തൊലിച്ചില്ല എന്ന് ലജ്ജയോടെ ‍ഞാന്‍ തിരിച്ചറിയുന്നു.. അത്രമേല്‍ ആഘാതം അതെന്നിലുണ്ടാക്കി.

എന്റെ മോന്‍ പഠിച്ചില്ലെങ്കിലും വേണ്ടില്ല ടീച്ചര്‍. നമ്മുടെ മക്കള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്നത് ആരാണ് സഹിക്കുക? ഇനി എന്റെ കുട്ടി അപമാനം സഹിക്ക്ണത് കാണാന്‍ വയ്യ.'' അസ്മാബിത്തായുടെ ഏങ്ങലുകള്‍ .......

അപമാനവും അസഹ്യമായ ഹൃദയവേദനയും കൊണ്ട് തലകുനിഞ്ഞ എന്നിലെ അധ്യാപികയിലൂടെ പഠനവിടവുകളും അധ്യാപന വിടവുകളും മുദ്രാവാക്യങ്ങളോടെ എന്നെ പരിഹസിച്ചു. ഒരു വിദ്യാഭ്യാസപ്രവര്‍ത്തക എന്ന നിലയില്‍ എന്നില്‍ ഉയര്‍ത്തിയ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.ഞാന്‍ തന്നെ ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു...എന്റെ കൂടേ കൂടാന്‍ ആരുണ്ടിവിടെ ???

മനസ്സില്‍ ശൂന്യത മാത്രം....

പക്ഷേ...ഞാന്‍ പറഞ്ഞതിങ്ങനെയാണ്...“എന്തു വന്നാലും റാഷി പഠിത്തം നിര്‍ത്തുന്നില്ല......'' അതൊരു പ്രഖ്യാപനമായിരുന്നു.

പലരേയും വിളിച്ചു..ഫലമുണ്ടായില്ല.ഒടുവില്‍ പരാതിയെഴുതി കളക്ടര്‍ക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു..

സ്കൂളിലെ റിസോഴ്സ് അധ്യാപകര്‍ എന്തു ചെയ്യാന്‍ ? സ്കൂളോ അധ്യാപകരോ അവരെ ഉള്‍ചേര്‍ത്തിട്ടില്ല.. പിന്നെങ്ങനെ അവര്‍ക്ക് ഇത്തരം കുഞ്ഞുങ്ങളെ ക്ലാസ് മുറികളില്‍ ഉള്‍ച്ചേര്‍ക്കാനാവും ??

പരാതി തയ്യാറാക്കിയത് റാഷിദ് തന്നെയാണ്. ഒടി‍ഞ്ഞുമടങ്ങിയ കുഞ്ഞുകൈകള്‍കൊണ്ട് അവനുണ്ടായ അനുഭവങ്ങള്‍ അവന്‍ കുത്തിക്കുറിച്ചു. ഡി. . ഒ ക്ക് പരാതി നല്‍കിയിട്ടും അനുകൂലമായ ഒരു ചലനം ഉണ്ടായില്ല...

അനവധി പേരെ വിളിച്ചതില്‍ അന്നത്തെ ഡി.ഡി. ഇയെ പരിചയപ്പെടുത്തുന്നത് സന്തോഷ് സാറാണ്.. ആ ഒരു സഹായം അദ്ദേഹം പ്രതീക്ഷിച്ചതിലും എത്രയോ വലുതാണ്. സ്കുളില്‍ വന്ന് മീറ്റിംഗ് വിളിച്ച് ഇത്തരം കുട്ടികള്‍ക്കുവേണ്ടി സംസാരിക്കുന്ന വത്സലടീച്ചറെ പോലെ ഒരു ഡി.ഡി.ഇ ഉണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. റാഷിദിനേയും രക്ഷിതാക്കളേയും വിളിച്ച് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനത്തിലെത്താന്‍ വത്സലടീച്ചറെ പോലെ അമ്മ മനസ്സുള്ള ഒരാള്‍ തന്നെ വേണം.

ഉത്തരവാദിത്തമുള്ള ആ ഡി.ഡി.ഇ യുടെ ചോദ്യത്തിനു മുന്‍പില്‍ അധ്യാപകര്‍ നിശബ്ദരായി...പേരുകേട്ട സ്കൂളിന്റെ പെരുമ റാഷിദിനോടുള്ള സമീപനത്തില്‍ വെറുങ്ങലിച്ചു നിന്നു...

സ്വന്തം ഫോണ്‍ നമ്പര്‍ കൊടുത്ത് അവനോട് ആശ്വാസ വാക്കുകള്‍ പറഞ്ഞ് ഇറങ്ങിയ ആ ഓഫീസറെ വിളിച്ച് നന്ദി പറയാന്‍ അവന്‍ മറന്നില്ല...(അവന്റെ വ്യക്തിത്വത്തിന് അഭിമാനം തിരിച്ചു നല്‍കിയത് അവരാണല്ലോ ?...)

എന്നിട്ടും മനസ്സു മടുത്ത അവന്‍ മറ്റൊരു സ്കൂളിലേക്ക് ടി.സി. വാങ്ങി പോയി.

പുതിയ സ്കൂളില്‍ മാനസിക പ്രയാസമൊന്നും ഉണ്ടായില്ല.

പഠനത്തിനുള്ള കൃത്യമായ ഒരു കൈത്താങ്ങ് നല്‍കാന്‍ ഈ സ്കൂളിലും ആളുകളുണ്ടാവില്ല.

മലപ്പുറത്തേക്ക് ട്രാന്‍സ്ഫര്‍ ആയത് തെല്ലൊരു ആശ്വാസം കിട്ടി.സ്കൂളിലെ അധ്യാപകരുമായും റിസോഴ്സ് ടീച്ചറുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ ഫലപ്രദമായ ഒരു പഠനാനുഭവം കിട്ടുമോ എന്ന് നോക്കി...

പല വിഷയങ്ങളുടേയും മുന്നറിവു നോക്കുമ്പോഴാണ് അവന്റെ ധാരണ വളരെ കുറവാണെന്ന് ബോധ്യപ്പെടുന്നത്.

അവിടേയും ഇവിടേയുമായി അറിവിന്റെ ചില ശകലങ്ങള്‍....

അറിവുകള്‍ തമ്മില്‍ കൂട്ടിയിണക്കേണ്ടതുണ്ടെന്നുറപ്പിക്കുന്നത് അരക്കൊല്ലപരീക്ഷയില്‍ ഒന്‍പത് മാര്‍ക്ക് കിട്ടിയ ഫിസിക്സ് പേപ്പര്‍ കണ്ടാണ്...

മലപ്പുറത്ത് വന്നപ്പോള്‍ അവന്റെ ധാരണ മുഴുവന്‍ പാഠഭാഗങ്ങളും ഞാന്‍ പഠിപ്പിച്ചു കൊടുക്കുമെന്നായിരുന്നു...അത്രമേല്‍ നിഷ്കളങ്കമായൊരു പ്രതീക്ഷ.......വേറൊരാള്‍ക്കും ഉണ്ടാവാനിടയില്ല.

പിന്നീട് ഞാനവന് ഫിസിക്സിന്റെ പാഠങ്ങള്‍ ഒാരോന്നായി പറഞ്ഞുകൊടുത്തു. മോഡല്‍ പരീക്ഷക്ക് ഫിസിക്സില്‍ 38/40 കിട്ടിയത് അവന്റെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിപ്പിച്ചു..കടല്‍പോലെ പരന്നുകിടക്കുന്ന പാഠഭാഗങ്ങളില്‍ ചെറിയ വഞ്ചി തുഴ‍ഞ്ഞ് ഞാനും..റാഷിയും.....കര ഒരു പാടു ദൂരത്താണെന്നറിയുന്തോറും എന്റെ ആധി കൂടി വന്നു..എന്റെ പരിമിതി എനിക്കറിയാം.. അത് അവനറിയില്ലല്ലോ ?

ഒരു പാടു പേരോട് അഭ്യര്‍ത്ഥിച്ചു...

ആരാണെന്നെ സഹായിക്കുക ? '' നിസ്സഹായാവസ്ഥ എനിക്ക് അവനെ അറിയിക്കാനാവില്ലല്ലോ ? കാരണം അവന് എല്ലാറ്റിനും ഉറച്ച വിശ്വാസമുണ്ട്.യാദൃശ്ചികമായാണ് മക്കരപ്പറമ്പ് സ്കൂളിലെ സേതുമാധവന്‍ മാഷ് വിളിച്ചത്...

അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു..എന്റെ അവസ്ഥ ....റാഷിയുടെ അവസ്ഥ എല്ലാം സ്വന്തം അനിയനോടെന്നപോലെ ഞാന്‍ വിങ്ങി വിങ്ങി പറയുകയായിരുന്നു....

എന്റെ ധര്‍മ്മസങ്കടം കണ്ടിട്ടവനും ആകെ വിഷമിച്ചു....

ചേച്ചി വിഷമിക്കണ്ട ചേച്ചീ...നമുക്ക് എന്തെങ്കിലും ചെയ്യാം.എന്റെ സ്കൂളിലെ കുറച്ച് മാഷ്മ്മാരോട് പറയാം..അവരോട് ഞാന്‍ പറയാം...എന്തായാലും പരിഹാരമുണ്ടാക്കാം.. ചേച്ചിയുടെ കൂടെ ‍ഞാനുണ്ടാവും..”

അവന്റെ വാക്കുകളില്‍ ഇന്നും എനിക്ക് അഭിമാനമാണ്....നെസ്റ്റുപരിപാടിയില്‍ ക്ലാസ്റൂം ഇന്ററാക്ഷനുള്ള എല്ലാ ചിത്രങ്ങളും വരച്ചത് ഹൈസ് സ്കൂള്‍ ടീച്ചറായ സേതുവാണ്... ഞങ്ങളുടെ ഇംഗ്ലീഷ് ഗ്രൂപ്പിലെ ഒരു ഫിസിക്സ് അധ്യാപകന്‍...

പിറ്റെ ദിവസം മുതല്‍ മക്കരപ്പറമ്പില്‍ നിന്ന് വിവിധ വിഷയങ്ങള്‍ക്കായി ഒരുകൂട്ടം അധ്യാപകര്‍...

രസതന്ത്രത്തിന്റെ മര്‍സൂക്ക് മാഷ് അവനെ ഏറ്റെടുത്തു..കൂടെ സോതുമാധവന്‍, രാജേഷ് (ജി.എച്ച്.എസ്. എസ്.മക്കരപ്പറമ്പ്)അലി അഷ്റഫ്,മുജീബ്,മൊയ്തു ഷരീഫ് (എച്ച്.എസ്.എസ്. ചേന്ദമങ്ങല്ലൂര്‍ ).. ജീവിതത്തില്‍ ഇതുവരെ കാണാത്ത ടെസ്റ്റ് ട്യൂബും,പീരിയോഡിക് ടേബിളും ഗാല്‍വാനിക് സെല്ലും... എല്ലാം..നിറഞ്ഞ അവന്റ പഠനം മര്‍സൂക്ക് മാഷിനെ ആവേശം കൊള്ളിച്ചു...മാഷും അവനും ക്ഷീണിക്കാതെ....മണിക്കൂറുകളോളം.........സംശയങ്ങള്‍ ആവോളം ചോദിച്ച്...... ഉത്തരങ്ങള്‍ തേടി....രാവേറെയോളം അവനുചുറ്റും....

പഠനോത്സവത്തിന് ഇത്രയും ലഹരി കാണില്ല...പഠനം പാല്‍പായസമാക്കി റാഷിയും കുറച്ച് അധ്യാപകരും...

ഗണിതത്തിനുമാത്രം സമയം കിട്ടിയില്ല..

ഗണിതത്തിന്റെ തലേദിവസം അവന്‍ വേദനയോടെ എന്നോടു പറഞ്ഞു.. '' എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിഷയമായിരുന്നു ഗണിതം...എത്ര മാത്രം ഞാന്‍ സ്വയം അത് ആസ്വദിച്ചിരുന്നുവെന്നോ ??? ആ വിഷയമാണ് ഇന്ന് എനിക്ക് ഏറ്റവും പേടി.....'

സേതുവും മര്‍സൂക്ക് മാഷും കൂട്ടുകാരും സഹായിച്ചത് ശാരീരിക പരിമിതികളുള്ള റാഷിദ് എന്ന കുഞ്ഞിനെയല്ല.. മറിച്ച് പൊതുവിദ്യാഭ്യാസത്തിനൊരു ഊന്നു വടിയാണ്. പ്രകാശം പരത്തുന്ന അധ്യാപകര്‍ നക്ഷത്രത്തിളക്കം പോലെ പല പ്രദേശങ്ങളില്‍ ഉണ്ട്.. പൊതു വിദ്യാഭ്യാസത്തിന് താങ്ങും തണലുമായി.....

റിസള്‍ട്ട് ആഘോഷിക്കാന്‍ പലരും ഉണ്ടായി..... പല വിഭാഗത്തില്‍ പെട്ടവര്‍..പത്രത്തില്‍ പേരുകൊടുക്കാനും അനവധി പേര്‍.....നമ്മളാരും ഇല്ലെങ്കിലും അത് ആചാരം പോലെ നടക്കും...

കൗമാരക്കാരായ നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് ?ഒരുചാണ്‍ മുഴുവന്‍ നീളം തികയാത്ത ഈ കൂ‍ഞ്ഞിനെ എതിര്‍ വശത്തു നിര്‍ത്തി അതിനെ മാനസികമായി പഠനപ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കാതിരിക്കലാണോ നമ്മുടെ ഉള്‍ചേര്‍ക്കല്‍ വിദ്യാഭ്യാസം ??

ഒരു മിണ്ടാപ്രാണിയെ ക്ലാസ്സില്‍ നിന്നും തുരത്തിയോടിക്കാനെടുത്ത കോഒാപ്പറേറ്റീവ് പഠനതന്ത്രം എന്തുകൊണ്ട് രണ്ടക്ഷരം പറഞ്ഞുകൊടുക്കുന്നതില്‍ കുട്ടികല്ള്‍ക്കുണ്ടാകുന്നില്ല ?..

ആയിരങ്ങളുണ്ടാകാം... ഇങ്ങിനെ ...പലക്ലാസുകളില്‍...നിരാലംബരായി....പഠനത്തോടുള്ള ആശയറ്റ്....

ഏത് പഠന വിടവാണ്..... അധ്യാപന വിടവാണ് ഇവിടെ ? എ പ്ലസ്സുകളുടെ എണ്ണം കൂടുമ്പോള്‍..നമ്മുടെ മനുഷ്യത്വം ഡി.പ്ലസ്സിലേക്ക് പോകുന്നുണ്ടോ ? റാഷിയുടെ ഈ ബിഗ്രേഡ് എന്നോടു പറയുന്നത് ഒരു തീര്‍ത്താല്‍ തീരാത്ത വേദനയുടെ കഥയാണ്...എന്റെ അധ്യാപനജീവിതത്തിലെ മോശം നിമിഷങ്ങള്‍....ഈ ബി ഗ്രൈഡ് റാഷിക്കു കിട്ടിയ ഗ്രേഡല്ലെന്ന് എനിക്കുറപ്പുണ്ട്...ഞാനടങ്ങുന്ന എല്ലാ അധ്യാപകരും ഒന്നുകൂടി സൂക്ഷിക്കുവാനുള്ള അധ്യാപനവിടവിന്റെ ഗ്രേഡാണിത്.......

കൂടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നല്ല നമസ്കാരം... 

നന്മ നിറഞ്ഞ അധ്യാപകലോകം നാം കാണിച്ചുകൊടുത്തു..... 

ഇത്തരം കേസുകള്‍  പ്രാദേശികമായി നമുക്ക് ഏറ്റെടുക്കാന്‍ കഴിയണം.... 

നമുക്ക് ചെയ്യാനേറെയുണ്ട്... 

തുടയ്ക്കാന്‍ ഒരുപാട് കണ്ണീരും..... 

അ കണ്ണുനീര്‍ക്കണങ്ങള്‍ സന്തോഷത്തിന്റോതാക്കിമാറ്റാന്‍,

ഞാന്‍ തയ്യാറാണ്... നിങ്ങളോ ???

നിഷ പന്താവൂര്‍, 

ഡയറ്റ് സീനിയര്‍ ലക്ചറര്‍


1 comment:

പ്രതികരിച്ചതിനു നന്ദി