Pages

Sunday, December 1, 2019

‍സര്‍വജനസ്കൂള്‍ ഒരു പുനര്‍വിചാരം

ഷഹലയുടെ ദാരുണമരണവാര്‍ത്ത അറിഞ്ഞ് ഏറെ ദുഖിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്തയാളാണ് ഞാന്‍. വാര്‍ത്തകള്‍ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍
കേള്‍ക്കുന്നതിലെല്ലാം എന്തൊക്കെയോ പൊലിപ്പിക്കല്‍ നടക്കുന്നുണ്ടോ എന്നു സംശയം. കിട്ടിയ അവസരം ഉപയോഗിച്ച് പൊതുവിദ്യാലയത്തെ താറടിച്ചു കാണിക്കാന്‍ വ്യഗ്രതപ്പെടുന്നുണ്ടോ എന്നൊരാശങ്ക. ഇന്നലെ വരെ നന്മ ചെയ്ത അധ്യാപകരെയെല്ലാം തിന്മയുടെ പ്രതീകങ്ങളാക്കി മാറ്റിസ്ഥാപിക്കാന്‍ ആരൊക്കെയോ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍.
ഒരു ഉദാഹരണം നോക്കൂ.
അന്തരിച്ച ഷഹലയുടേതെന്ന പേരില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആര്‍.സി. ഹൈസ്‌കൂളിലെ അധ്യാപകനായ മനോജ് ഫേസ്ബുക്കില്‍ അതിനെക്കുറിച്ച് പങ്കുവച്ച കുറിപ്പ് ഇങ്ങനെ;
"ദയവായി എല്ലാവരും ശ്രദ്ധിക്കുക! ഇന്നലെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയാണന്ന് പറഞ്ഞ് ചിലയാളുകള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ മറ്റൊരാളുടേതാണ്. വയനാട്ടില്‍ ചുണ്ടേല്‍ എന്ന സ്ഥലത്തുള്ള ആര്‍.സി. ഹൈസ്‌കൂളില്‍ പഠിക്കുന്ന ഷഹ്ന ഷാജഹാന്‍ എന്ന കുട്ടി 2015 ല്‍ അസംബ്ലിയില്‍ പാടുകയും അവളുടെ ക്ലാസ്സധ്യാപകനായിരുന്ന ഞാന്‍ ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അത് വൈറലാവുകയും മേജര്‍ രവിയും എം.ജയചന്ദ്രനു മുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പ്രഗല്‍ഭരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തതാണ്. ഇപ്പോള്‍ ആ വീഡിയോ ഇപ്പോള്‍ മരിച്ച ഷഹലയുടെ പേരില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ആ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ദയവായി ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.”
ഷഹ്നയെ ഷഹലയാക്കിയത് എന്തിനാണ്? ആ വീഡിയോയുടെ വാസ്തവം തിരക്കാതെ ഷെയര്‍ ചെയ്തതും കമന്റിട്ടതും ധാരാളം പേരാണ്. തെറ്റിദ്ധരിപ്പിക്കപ്പെടാനെന്തെളുപ്പം!
ഇതുപോലെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തചമയ്കല്‍ സംഭവിച്ചിട്ടണ്ടോ എന്നു പരിശോധിക്കണ്ടേ?
കൗമുദി വാര്‍ത്ത (22 November, 2019)
സുൽത്താൻബത്തേരി​ : ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാംക്ളാസ് വി​ദ്യാർത്ഥി​നി​ ഷഹലയ്ക്ക് ബുധനാഴ്ച വൈകി​ട്ട് 3.15 നാണ് പാമ്പ് കടി​യേറ്റത്. എന്നാൽ അദ്ധ്യാപകരുടെ അനാസ്ഥകാരണം അഞ്ച് മണി​ക്കാണ് ആംബുലൻസി​ൽ മെഡി​.കോളേജ് ആശുപത്രി​യി​ലേക്ക് കൊണ്ടുപോയത്. അവി​ടെ എത്തി​ക്കുംമുമ്പ് നി​ല മോശമായി​ ചേലോട് ആശുപത്രി​യി​ൽ കൊണ്ടുപോയെങ്കി​ലും 6.05 ന് കുരുന്ന് ഷഹല വി​ടപറഞ്ഞു. സംഭവത്തിൽ സ്കൂൾ അദ്ധ്യാപകൻ ഷജിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി.
  • ഈ വാര്‍ത്ത വായിച്ചാല്‍ താലൂക്ക് ആശുപത്രിയില്‍ പോയ വിവരം മറച്ചുവെച്ചതായി കാണാം
  • താലൂക്കാശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയതും മറച്ചുവെച്ചിരിക്കുന്നു
  • മാധ്യമപ്രവര്‍ത്തകന്‍ 3.15മുതല്‍ 5മണിവരെ അധ്യാപകരുടെ അനാസ്ഥയിലേക്ക് കാര്യങ്ങളെ സമര്‍ഥമായി ഒതുക്കിയെടുത്തത് ബോധപൂര്‍വമല്ലെന്നു പറയാനാകുമോ?
അഴിമുഖം ഓണ്‍ ലൈനില്‍ ഇതേ വാര്‍ത്ത എത്തുമ്പോള്‍ ഭേദഗതികളുണ്ട്. പാമ്പുകടിയേറ്റ സമയം മൂന്നരയായി. അധ്യാപകര്‍ ഒരു മണിക്കൂറാണ് വെച്ചു താമസിപ്പിച്ചത്.അതിങ്ങനെ
"ഷഹലയ്ക്ക് പാമ്പ കടിയേറ്റ വിവരം മറ്റ് കുട്ടികള്‍ അധ്യാപകരെ അറിയിച്ചെങ്കിലും ഒരു മണിക്കൂറോളം വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ആരോപണം. വിവരം അറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ വന്നിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ഷിജില്‍ പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഷഹല ഷെറിന് ക്ലാസ് മുറിയില്‍ വച്ച്‌ പാമ്പ് കടിയേറ്റത്. ക്ലാസ് മുറിയിലുണ്ടായിരുന്ന മാളത്തില്‍ വച്ച്‌ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ കാലില്‍ എന്തോ കടിച്ചതായി കുട്ടി കൂട്ടുകാരോട് പറഞ്ഞു. ക്ലാസ് ടീച്ചര്‍ പരിശോധിച്ചപ്പോള്‍ കാലില്‍ രണ്ട് പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു."
  • കേരളകൗമുദിക്കാരന്‍ പറയാതിരുന്ന കാര്യം അഴിമുഖം പറയുന്നുണ്ട്. എങ്കിലും താലൂക്ക് ആശുപത്രിയിലെത്തിച്ച സമയം. അവിടെ ചെലവിഴിച്ച സമയം, അവിടെ നിന്നും പുറപ്പെട്ട സമയം എന്നിവയൊന്നും പരാമര്‍ശിക്കാതിരിക്കുന്നു. ആ വിദ്യാലയത്തെ പ്രതിസ്ഥാനത്തു നിറുത്താന്‍ സഹായകമായ രീതിയിലാണ് വാര്‍ത്ത.
അതേ വാര്‍ത്തയില്‍തന്നെ "നാല് മണിക്ക് സ്‌കൂള്‍ വിട്ട ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകര്‍ തയ്യാറായതെന്നതാണ് ഗുരുതരമായ ആരോപണം.”എന്നൊരു വാക്യമുണ്ട്. വാര്‍ത്ത പ്രകാരം മൂന്നരയ്ക് പാമ്പ് കടിക്കുന്നു. നാലുമണിക്ക് സ്കൂള്‍ വിട്ട ശേഷം ആശുപത്രിയിലെത്തിക്കുന്നു. അത് അരമണിക്കൂറിന്റെ വ്യത്യാസമാണ്. പക്ഷേ ഒരു മണിക്കൂറോളം വൈകി എന്നു നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അഴിമുഖം വാര്‍ത്തയിലെ അടുത്ത പരാമര്‍ശം "ക്ലാസ് മുറിയില്‍ പാമ്പിനെ കണ്ട വിവരം അധ്യാപകരെ നേരത്തെ അറിയിച്ചിട്ടും അവര്‍ ഇത് ഗൗരവമായി എടുത്തില്ലെന്നും കുട്ടികള്‍ പറയുന്നു.”
  • ക്ലാസ് മുറിയില്‍ ആരും പാമ്പിനെകണ്ടിട്ടില്ല എന്നാണ് പലമാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിന്നും പലരോടും അന്വേഷിച്ചതില്‍ നിന്നും മനസിലായത്. അഴിമുഖം പാമ്പിനെ കണ്ടു!
അഴിമുഖം തുടരുന്നു
"തുടക്കത്തില്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും അവിടുന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അവിടെ നീരീക്ഷണമെന്ന് പറഞ്ഞ് മണിക്കൂറുകളോളം കിടത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് അയച്ചത് പാമ്പുകടിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും വിധം കാലുകളില്‍ പാടുകളുണ്ടായിട്ടും അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനായില്ലെന്നതും കുട്ടിയുടെ മരണത്തിലേക്ക് നയിച്ചു."
  • MBBS കഴിഞ്ഞ ഡോക്ടര്‍ക്ക് പാമ്പാണോ കടിച്ചതെന്നു മനസിലാക്കാന്‍ കഴിഞ്ഞില്ല
  • ടി ടി സി പാസായ അധ്യാപിക അത് മനസിലാക്കണം!
  • മണിക്കൂറുകളോളം ഡോക്ടറുടെ നീരീക്ഷണത്തിലായിരുന്നു കുട്ടി. പത്തുമിനിറ്റ് നേരത്തെ എത്തിച്ചാലും ഈ ഡോക്ടര്‍ ആന്റിവെനം കുത്തിവെക്കുമായിരുന്നില്ല.  
    യഥാര്‍ഥ മരണകാരണം ആശുപത്രിയിലെ വൈദഗ്ധഡോക്ടറുടെ രേഗനിര്‍ണയപ്പിഴവും ചികിത്സ നിഷേധിച്ച നടപടിയുമാണ്. അത് മറച്ചുവെച്ച് ഒരു വിദ്യാലയത്തിനു നേരെ മാത്രം വിരല്‍ ചൂണ്ടുന്നത് ഏത് അജണ്ടയുടെ ഭാഗമാണ്?
ജനയുഗം ഇങ്ങനെ എഴുതി
"സുൽത്താൻ ബത്തേരിയിലെ സർവജന ഹൈസ്കൂളിൽ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം ഉണ്ടായത്. ക്ലാസിലെ പൊത്തിൽ നിന്നാണ് ഷഹ്ല ഷെറിന് പാമ്പു കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷഹ്ല മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഏറെ നേരെ നിരീക്ഷണത്തിൽ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടർമാർക്ക് സ്ഥിരീകരിക്കാനായില്ല.(Thursday 21 November 2019)
  • ഡോക്ടര്‍മാര്‍ക്ക് എന്ന പ്രയോഗം ശ്രദ്ധിക്കുക. അതായത് ആശുപത്രിയിലെ ധാരാളം ഡോക്ടര്‍മാര്‍ ഇതില്‍ ഇടപെട്ടു എന്നു സൂചന.
  • പാമ്പുകടിയേറ്റെന്ന് സ്ഥിരീകരിക്കാനാകാത്തവര്‍ക്ക് അതിനു ചികിത്സിക്കാനാകുമോ? താലൂക്കാശുപത്രിയില്‍ ഉചിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ആ കുട്ടി രക്ഷപെടുമായിരുന്നു. യഥാര്‍ഥ കാരണം അതാണ് .
  • ജനയുഗത്തിനും സമയം സൂചിപ്പിക്കുമ്പോള്‍ കൃത്യത പാലിക്കാനാകുന്നില്ല.
മറ്റൊരുമാധ്യമം എഴുതിയത് നോക്കുക
"ബത്തേരി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്റ്ററുടെ വാദം തള്ളി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി. ആവശ്യത്തിന് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നതായി മാനേജ്മെൻറ് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസവും ആശുപത്രിയിൽ വിഷചികിൽസ നൽകിയിരുന്നെന്നും ആശുപത്രി മാനേജ്‌മെന്റ് സമിതിയംഗം സുരേഷ് താളൂർ പറഞ്ഞു. പാമ്പുകടിയേറ്റ ഷഹലക്ക് ആന്റിവെനം നൽകാതിരുന്നത് ആവശ്യത്തിന് മരുന്നില്ലാത്തതിനാലാണെന്ന് ആയിരുന്നു ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ മൊഴി. ഷഹലയെ കൊണ്ടുവരുമ്പോൾ ബന്ധുക്കളുടെ സമ്മതി പത്രം ഒപ്പിട്ടുവാങ്ങാൻ ആവശ്യമായ പേപ്പർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. ജിസ മെറിൻ പറഞ്ഞിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി വികസന സമിതി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. കഴിഞ്ഞ മാസവും ആശുപത്രിയിൽ വിഷചികിൽസ നൽകിയിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി. ഷഹല ഷെറിന് സമയബന്ധിതമായ ചികിത്സ നൽകുന്നതിൽ ഡോ. ജിസ മെറിൻ വീഴ്ചവരുത്തിയതായി വികസന സമിതിയോഗം വിലയിരുത്തി. സംഭവ സമതയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുമായി ജിസ കൂടിയാലോചന നടത്തിയില്ലെന്നും യോഗം വ്യക്തമാക്കി.”( ന്യൂസ് 18 November 24, 2019)
  • ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത് ആശുപത്രി വികസനസമിതി യോഗവിവരമാണ്
  • ആവശ്യത്തിന് മരുന്ന് ഉണ്ടായിട്ടും ആന്റിവെനം നല്‍കിയില്ല.
  • സമയബന്ധിതമായ ചികിത്സ നല്‍കിയില്ല
  • മററു ഡോക്ടറ്‍മാരുമായി കൂടിയാലോചിക്കാതെ പ്രവര്‍ത്തിച്ചു.
ജ്ന്മഭൂമി മെഡിക്കള്‍ ഓഫീസറെ ഉദ്ധരിച്ച് എഴുതി
"കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 'ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് ആന്റി വെനം അവിടെ ഉണ്ടായിരുന്നുമുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് ആന്റി വെനമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു'. രണ്ട് വെന്റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ.രണുക പറഞ്ഞു.” ( 24 November 2019 )
  • വെന്റിലേറ്റര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നു ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതും കളവാണ്.
  • 25 ഡോസ് ആന്റി വെനം അവിടെ ഉണ്ടായിട്ടും മരുന്നില്ലെന്നു പറഞ്ഞു.
മനോരമ അനാസ്ഥയുടെ മണിക്കൂറുകള്‍ എന്ന തലക്കെട്ടില്‍ November 22, 2019 ന് സമയരേഖ വരച്ചിടുന്നുണ്ട്
"ബത്തേരി സ്കൂൾ ബുധൻ, ഉച്ചകഴിഞ്ഞ് 3.15 ഇടതു കണങ്കാലിനു താഴെ ഉപ്പൂറ്റിക്കു മുകളിലായി രക്തം കിനിയുന്നത് കണ്ട് ഷെഹ്‌ല കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാർ അധ്യാപകരെയും വിവരമറിയിച്ചു. ഷെഹ്‌ലയുടെ ബഞ്ചിന് അടിയിലായി തറയിൽ സിമന്റ് അടർന്നു പോയ സ്ഥലത്ത് ചെറിയ മാളം ശ്രദ്ധയിൽപ്പെടുന്നു. അവിടെ കാലു വച്ചിരുന്ന ഷെഹ്‌ല കാലു വലിച്ചെടുത്തപ്പോൾ ചെറിയ പോറലും പറ്റിയിരുന്നു. അധ്യാപകർ മാളം പരിശോധിക്കുകയും വടി കൊണ്ട് കുത്തി നോക്കുകയും ചെയ്തു. പാമ്പു കടിച്ചതാണോ എന്ന് ഉറപ്പിക്കാൻ അധ്യാപകർക്കും കഴിഞ്ഞില്ല. മുറിവ് കഴുകുകയും മുറിവിനു മുകളിൽ കാലിൽ വട്ടത്തിൽ തുണി വലിച്ചു കെട്ടുകയും ചെയ്തു.”
  • അധ്യാപകര്‍ മുറിവ് കഴുകി
  • മുറിവിനു മുകളില്‍ വട്ടത്തില്‍ തുണി വലിച്ചു കെട്ടി
  • പാമ്പുകടിയേറ്റു എന്നുറപ്പിക്കാനായില്ല
  • സാധാരണ പാമ്പുകടിയേറ്റു എന്നു സംശയിക്കുമ്പോഴാണ് മുറിവിനു മുകളില്‍ കെട്ടുക . പാമ്പുകടിയേറ്റാല്‍ ചരടുവെച്ച് കെട്ടരുത്. നാലിഞ്ചുവീതിയുളള പരുപരുത്ത തുണിവെച്ചാണ് കെട്ടേണ്ടത്. കാലു തൂക്കിയിടണം. കുട്ടിയെ നടത്തരുത്. പരിഭ്രമിപ്പിക്കരുത്. മുറിവുണ്ടാക്കി രക്തം വാര്‍ന്നു കളയുകയോ ഐസ് വെക്കുകയോ ചെയ്യരുത്. ഇടതുവശം ചരിഞ്ഞ് കിടത്താം.
3.15 നു ശേഷമുളള കാര്യങ്ങള്‍ മനോരമ എഴുതുന്നു.
3.36 പിതാവിനെ വിവരമറിയിക്കുന്നു....
3.45
പിതാവ് സ്കൂളിലെത്തുന്നു. ബത്തേരിയിലെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടു പോകുന്നു.
ബത്തേരി ആശുപത്രി 3.52 ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നു. എന്നാൽ പാമ്പുകടിയേൽക്കുമ്പോൾ കൊടുക്കുന്ന ആന്റിസ്നേക്ക് വെനം സ്റ്റോക്കില്ല. മുറിവ് ഡ്രസ് ചെയ്യുന്നു.
4.06 ബത്തേരി താലൂക്ക് ആശുപത്രിയിൽ രണ്ടു തവണ രക്ത പരിശോധന. കുട്ടി രണ്ടു തവണ ഛർദിക്കുന്നു. നില വഷളാകുന്നു.മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നു. ആന്റിവെനം നൽകണമെന്നു പിതാവ് ആവശ്യപ്പെട്ടെങ്കിലും സൗകര്യങ്ങളില്ലെന്ന് ഡോക്ടർ.
4.50- 90 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ 1 മണിക്കൂർ നേരം യാത്ര യാത്ര ചെയ്യുന്നു
5.50 വൈത്തിരിക്കടുത്തെത്തിയപ്പോൾ ശ്വാസതടസം. വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക്..ഡോക്ടർ ആംബുലൻസിലെത്തി പരിശോധിക്കുന്നു. ചേലോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പൊയ്ക്കൊള്ളാൻ പറയുന്നു. ചേലോട്ടെ ആശുപത്രയിലേക്ക്.
6.05 ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ചിരുന്നെന്ന് ഡോക്ടർ. എങ്കിലും കൃത്രിമ ശ്വാസം നൽകി കുട്ടിക്ക് ആന്റിവെനം നൽകാൻ ശ്രമിച്ചു. പകുതി മരുന്ന് മാത്രമേ കയറിയുള്ളു..
മനോരമ മറ്റു മാധ്യമങ്ങളെപ്പോലെ പെരുപ്പിച്ച സമയകണക്കുകള്‍ പറഞ്ഞിട്ടില്ല. കാലതാമസം ഉണ്ടായതെങ്ങനെയൊക്കെ എന്നു വ്യക്തമാക്കാനാണ് മനോരമ ശ്രദ്ധിച്ചത്.
സി സി ടി വി ക്യാമറയുളള വിദ്യാലയമാണ്. എല്ലാ സംഭവങ്ങളും അതില്‍ പതിയും. ഗേറ്റു കടന്ന് ആരു വന്നാലും മൈതാനത്ത് ആരു നിന്നാലും അത് ഒപ്പിയെടുക്കും. അതിനാല്‍ത്തന്നെ വിദ്യാലയാധികൃതര്‍ക്ക് കളളം പറയാന്‍ പരിമിതിയുണ്ട്. ആ ക്യാമറ ദൃശ്യങ്ങളെ ആധാരമാക്കിയാണ് ജില്ലാ ജഡ്ജി വിവരശേഖരണം നടത്തിയത്. സ്കൂള്‍ സന്ദര്‍ശിച്ച ഞാന്‍ കുറേകൂടി സൂക്ഷ്മമായി കാര്യങ്ങള്‍ തിരക്കി. അതിന്റെ ടൈം ലൈന്‍ ഇപ്രകാരമാണ്.
  • ആറാം പിരിയഡിനു ശേഷം പത്തു മിനുട്ട് ഇടവേളയ്ക്ക് ശേഷം 3:05 ന് ഏഴാമത്തെ പിരിയഡ് ആരംഭിച്ചു.
  • 5-ാം ക്ലാസ്സിൽ ഭാഷാ പിരിയഡ് ആയിരുന്നതിനാൽ 5 A യിലെയും 5B യിലെയും മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾ 5 A ക്ലാസ്സിലും അറബി പഠിക്കുന്നവർ B ക്ലാസ്സിലും ആണ് ഇരുന്നിരുന്നത്.
  • 5 A ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന ബിൻ സിജോൺ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് പഠന പ്രവർത്തനം നടത്തിവരികയായിരുന്നു.
  • ഗ്രൂപ്പ് പ്രവർത്തനം തീരാറായപ്പോൾ (ഏകദേശം 3.20 ന് ) കുട്ടികളുടെ ഇടയിൽ ശബ്ദം കേട്ട് തൊട്ടടുത്ത ഗ്രൂപ്പിൽ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്ന അധ്യാപിക കാര്യം അന്വേഷിക്കുന്നു.
  • ഷഹല ക്ലാസ്സ് മുറിയുടെ ഭിത്തിയോടു ചേർന്നുള്ള ദ്വാരത്തിൽ കാലുപോയി എന്ന് അറിയിച്ചു.
  • ക്ലാസ്സിൽ വെളിച്ചം കുറവായതിനാൽ കുട്ടിയെ ക്ലാസ്സിനു പുറത്തു കൊണ്ടുപോയി പരിശോധിച്ചു.
  • അപ്പോൾ അതുവഴി വന്ന ലീന ടീച്ചർ കാര്യം അന്വേഷിച്ചു.
  • കാല് കഴുകി വൃത്തിയാക്കി മുറിവ് പരിശോധിച്ചു.
  • ഇടതുകാലിന്റെ ചെറുവിരലിനടുത്തായി എവിടെയോ ഉരഞ്ഞതു പോലുള്ള പോറലാണ് കാണാൻ കഴിഞ്ഞത്. തുടർന്ന് സംഭവ സ്ഥലത്തെ ദ്വാരം പരിശോധിച്ചു.
  • ദ്വാരത്തിന് കൂടുതൽ ഉള്ളിലേക്ക് മാളം ഉണ്ടെന്ന് മനസ്സിലായതിനാൽ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് ഉൾഭാഗം പരിശോധിച്ചെങ്കിലും ഒരു ജീവിയേയും കണ്ടില്ല.
  • എന്തെങ്കിലും കടിച്ചതാകാനുള്ള സാധ്യതയുള്ളതിനാൽ മുറിവിന് മുകൾ ഭാഗത്തായി തൂവാല കൊണ്ട് കെട്ടി.
  • കുട്ടിയ്ക്ക് മാരകമായ വേദനയോ കടച്ചിലോ അനുഭവപെടുന്നുണ്ടോ എന്ന് അന്വേഷിച്ചു. ചെറിയ വേദന മാത്രമേ ഉള്ളൂ എന്നായിരുന്നു മറുപടി.
  • എന്തായാലും ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. ഷജിൽ സാറിനേയും ഷൺമുഖൻ സാറിനേയും വിളിക്കാൻ കുട്ടികളെ വിട്ടു.
  • 7B യിൽ നിന്നും ഷൺമുഖൻ സാറ് എത്തി. അപ്പോഴേയും എട്ടാം പിരിയഡിന്റെ ബെല്ലടിച്ചു
  • പിരിയഡ് കഴിഞ്ഞ് ക്ലാസ്സ് ടീച്ചറായിരുന്ന മേരിക്കുട്ടി ടീച്ചർ ( 3:35 PM) വന്നപ്പോൾ അവരുടെ ഫോണിൽ നിന്ന് രക്ഷിതാവിനെ അറിയിച്ച ശേഷം ആശുപത്രിയിൽ കൊണ്ടു പോകാം 'എന്നു തീരുമാനിച്ചു. (3.36 നാണ് ഫോണ്‍ സന്ദേശം രക്ഷിതാവിന് ലഭിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥര്‍)
  • രക്ഷാതാവിനോട് സംസാരിച്ചത് ഷൺമുഖൻ സാറാണ്. താൻ ബത്തേരിയിൽ ഉണ്ടെന്നും ഉടൻ എത്താം എന്നും വന്നിട്ട് നോക്കാം എന്നും അറിയിച്ചു.
  • അപ്പോഴേയ്ക്കും അവസാന പിരിയഡിൽ PET ക്ക് പോകുന്നവരും PET കഴിഞ്ഞ് വന്നവരും അടുത്ത ക്ലാസ്സുകളിൽ ഉണ്ടായിരുന്ന കുട്ടികളും 'പാമ്പുകടിച്ചു' എന്ന് പറഞ്ഞു കൊണ്ട് ഷഹലയുടെ ചുറ്റും കൂടി.
  • ഈ കുട്ടികളെയെല്ലാം ഷജിൽ സാർ അവിടെ നിന്ന് മാറ്റി ക്ലാസ്സുകളിലേക്ക് കയറ്റി.
  • എട്ടു മിനുട്ട് കൊണ്ട് രക്ഷിതാവ് സ്കൂളിൽ എത്തി. കുട്ടിയുടെ കാലിലെ മുറിവ് പരിശോധിച്ചു. തുടർന്ന് ക്ലാസ്സിലെ മാളവും പരിശോധിച്ചു. വേഗത്തിൽ കുട്ടിയേയും എടുത്തു കൊണ്ട് താൻ വന്ന വാഹനത്തിൽ അസംപ്ഷൻ ആശുപത്രിയിലേക്കെന്ന് അറിയിച്ച് വേഗത്തിൽ പോയി (3:45 pm).
  • തുടർന്ന് ഷൺമുഖൻ സാർ, ബിനു സാർ, മേരിക്കുട്ടി ടീച്ചർ, ജിസ്സോ ടീച്ചർ എന്നിവർ ആശുപത്രിയിലേക്ക് പോയി.
  • അധ്യാപകർ എത്തിയപ്പോഴേയ്ക്കും അസംപ്ഷൻ ആശുപത്രിയിൽ ആൻറിവെനം ഇല്ലെന്നറിഞ്ഞ്  താലൂക്കാശുപത്രിയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു.
  • മേരിക്കുട്ടി ടീച്ചർ തനിക്ക് പരിചയമുള്ള താലൂക്കാശുപത്രിയിലെ ഒരു ഡോക്ടറെ വിളിച്ച് ഷഹലയെ അങ്ങോട്ടേയക്ക് കൊണ്ടുവരുന്ന കാര്യം അറിയിച്ചു.
  • തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിയെ അവിടെ പരിശോധിച്ച് പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലെന്നും രക്ത പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ അറിയിച്ചു. (Admission time 4:09)
  • മുൻപ് വിവരമറിയിച്ച ഡോക്ടറും എത്തി കട്ടിയെ പരിശോധിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ധാരാളം വെള്ളം കൊടുക്കാൻ ആവശ്യപ്പെട്ടു.
  • 20 മിനുട്ടിനു ശേഷം കിട്ടിയ ടെസ്റ്റ് റിസൾട്ടിൽ വിഷാംശം ഇല്ലെന്നും മറ്റൊരു ടെസ്റ്റിന്റെ ഫലം കൂടി വന്നിട്ടേ എന്തെങ്കിലും ചികിത്സ തുടങ്ങാനാകുകയുള്ളൂ എന്നും ഡോക്ടർ അറിയിച്ചു.
  • അതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നേഴ്സ് ഒന്നു മുതൽ ഇരുപത്തഞ്ചു വരെ എണ്ണാൻ ഷഹലയോട് പറഞ്ഞു.
  • കുട്ടി 27 വരെ എണ്ണി.
  • കുട്ടി ആ സമയത്ത് അധ്യാപകരുമായി സംസാരിക്കുകയും കുട്ടിയുടെ ചെരുപ്പ് ബാഗ് എന്നിവ എടുത്തിട്ടില്ലെന്നും പറഞ്ഞു. കുട്ടിയുടെ പിതാവ് മാതാവിനെ വിളിച്ച് ഫോൺ കുട്ടിയ്ക്ക് കൊടുത്തപ്പോൾ ഉമ്മ പതുക്കെ വന്നാൽ മതി, എനിക്ക് കുഴപ്പമൊന്നും ഇല്ല എന്നും ഫോണിലൂടെ സംസാരിച്ചു. വീണ്ടും പരിശോധിക്കാനായി രക്തം എടുത്തു.
  • ഏകദേശം 4.45 ആയപ്പോൾ op യിലെ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ലേഡി ഡോക്ടർ കുട്ടിയെ ആംഗ്യം കാണിച്ച് തന്റെ അടുത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു.
  • കുട്ടി കിടക്കയിൽ നിന്ന് എഴുന്നേറ്റ് അധ്യാപകരുടെ സഹായത്തോടെ ഡോക്ടറുടെ അടുത്തെത്തി.
  • ഈ സമയത്ത് കുട്ടി മൂന്നു പ്രാവശ്യം ഛർദിച്ചു. കൺ പോളകൾ അടഞ്ഞു പോകുന്നത്ത്  ശ്രദ്ധിച്ച ഡോക്ടർ എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിക്കാൻ ആവശ്യപ്പെടുന്നു.
  • കുട്ടിയുടെ പിതാവ് കുട്ടിയ്ക്ക് ആൻറി വെനം കൊടുക്കാൻ ഡോക്ടറെ നിർബന്ധിക്കുന്നു.
  • അപ്പോൾ ഇവിടെ മോണിറ്റർ സംവിധാനം ഇല്ല, ഓരോ മണിക്കൂറിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് മരുന്ന് ക്രമീകരിക്കണം, അതിനുള്ള സംവിധാനം ഇവിടെ ഇല്ല എന്ന് അറിയിച്ചു.
  • അപ്പോൾ ഈ അവസ്ഥയിൽ കുട്ടിയെ കോഴിക്കോട്ട് എത്തിക്കാൻ കഴിയുമോ എന്ന ആശങ്ക ഡോക്ടറെ അറിയിക്കുന്നു.
  • ഒരു ഇഞ്ചക്ഷൻ നൽകാം, സുരക്ഷിതമായി കോഴിക്കോടെത്താൻ അതു മതി എന്നായിരുന്നു ഡോക്ടറുടെ മറുപടി. കോഴിക്കോട്ടേയ്ക്ക് വിളിച്ചു സജ്ജീകരണങ്ങൾ ചെയ്യാം എന്നു ഉറപ്പു നൽകി. വയനാട്ടിൽ എവിടെയും കാണിക്കരുത് എന്നും ആമ്പുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.
  • ആ സമയത്ത് ഷൺമുഖൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ.മോഹനൻ, ബിനു സാർ, ഷജിൽ സാർ, സുരേന്ദ്രൻ സാർ, ബിൻസി ടീച്ചർ, മേരിക്കുട്ടി ടീച്ചർ, ജിസ്സോ ടീച്ചർ എന്നിവർ ആശുപത്രിയിൽ ഷഹലയോടൊപ്പം ഉണ്ടായിരുന്നു.
  • 5:10 ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. ഷൺമുഖൻ സാറും കുട്ടിയുടെ മാതാപിതാക്കളും സഹോദരിമാരും ആബുലൻസിലും ഹെഡ്മാസ്റ്ററും സുരേന്ദ്രൻ സാറും ബിനു സാറും ഷജിൽ സാറും മറ്റൊരു കാറിലുമായാണ് പോയത്
  • വഴിയ്ക്ക് വച്ച് വൈത്തിരി കഴിഞ്ഞപ്പോൾ കുട്ടിയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ആബുലൻസ് ഡ്രൈവർ ബത്തേരി താലൂക്കാശുപത്രിയിലേക്ക് ഫോൺ വിളിച്ച് ചോദിച്ചപ്പോൾ വൈത്തിരി ഗവ.ആശുപത്രിയിൽ കാണിക്കാൻ ഡോക്ടർ നിർദ്ദേശം നൽകി. അവിടെ കാണിച്ചപ്പോൾ സൗകര്യമില്ലെന്നറിയിച്ചതിനാൽ ചേലോട് | ഗുഡ് ഷെപ്പേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിമെനം നൽകിയെങ്കിലും ...
ഇവയെല്ലാം ചേര്‍ത്തുവെച്ച് എത്തിച്ചേരാവുന്ന നിഗമനങ്ങളിവയാണ്
  • ഷഹലയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായി.
  • കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിന് അധ്യാപകര്‍ ശ്രദ്ധിച്ചു.
  • പാമ്പുകടിച്ചിട്ടുണ്ടാകാമെന്നുറപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞില്ല (മാധ്യമം വാര്‍ത്തയില്‍ നിന്നും അത് വ്യക്തമാണ്. വാര്‍ത്ത ഇങ്ങനെ  താൻ സ്കൂളിലെത്തുന്നത് വരെ ഷഹലയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നില്ലെന്ന് പിതാവ് അഡ്വ. അസീസ് പറഞ്ഞുപാമ്പുകടിയേറ്റെന്ന് തന്നോട് പറഞ്ഞില്ല. കുഴിയില്‍ കാലുകുടുങ്ങിയെന്നാണ് പറഞ്ഞത്. ചികിത്സ നൽകുന്നത് താലൂക്ക് ആശുപത്രി അധികൃതർ വൈകിപ്പിച്ചതായും രക്ഷിതാവ് പറഞ്ഞു.)
  • കുട്ടിയെ പരിഭ്രാന്തയാക്കാതിരിക്കാനുളള ശ്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായി.
  • അച്ഛന് വേണ്ടി കാത്തു നിന്നത് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കാന്‍ പറ്റാതിരുന്നതുമൂലമാണ്.
  • പിന്നീട് അധ്യാപകര്‍ കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു.
  • അസംഷന്‍ ആശുപത്രിക്കാര്‍ കാണിച്ച അത്രയും പരിഗണന താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായില്ല.
  • അവര്‍ കാലില്‍ കെട്ടിയ തുണി അഴിച്ചു കളഞ്ഞു
  • ആന്റിവെനം ഇല്ലെന്നു പറഞ്ഞു
  • മോണിറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞു
  • രക്തപരിശോധന നടത്തി ആദ്യം കുഴപ്പമില്ലെന്നു പറഞ്ഞു. ( പ്രവേശിപ്പിക്കപ്പെട്ട് ഇരുപത് മിനിറ്റു കഴിഞ്‍ഞ്)
  • 4.45ന് കുട്ടിയെ നടത്തിച്ചു. പാമ്പുകടിയേറ്റവരെ നടത്തിച്ചുകൂടാ എന്നത് അറിയാത്തവരാണോ ചികിത്സാരംഗത്തുളളത്ാ?
  • നില വഷളാകും വരെ താലൂക്ക് ആശുപത്രിക്കാര്‍ വെച്ചുകൊണ്ടിരുന്നു
  • നില വഷളായിട്ടും ആന്റിവെനം നല്‍കിയില്ല.
  • 4.09 മുതല്‍ 5.15 വരെ ചികിത്സാസൗകര്യമുളള ഒരു ആശുപത്രിയില്‍ -അതും ഒരാഴ്ച മുമ്പ് വിഷ ചികിത്സ നടത്തിയ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടു.എന്നു മാത്രമല്ല പാടില്ലാത്തത് ചെയ്യിക്കുകയും ചെയ്തു.
ആശുപത്രി അധികൃതര്‍ക്കെതിരേയായിരുന്നില്ല പ്രതികരണം മൂര്‍ച്ച കൂട്ടിയത്. സര്‍വജന വിദ്യാലയത്തിനു നേരെയാണ്. എല്ലാ അധ്യാപകരെയും മോശക്കാരായി ചിത്രീകരിച്ചു. കല്ലെറിയാന്‍ പാഞ്ഞു വന്നു. ഒരു മാധ്യമത്തിന് തലക്കെട്ടായി കിട്ടിയത് പാമ്പുകളുടെ പാഠശാല എന്നാണ്. പുതുക്കിപ്പണിയാന്‍ തീരുമാനിച്ചാല്‍ പിന്നെ അറ്റകുറ്റപ്പണി നടത്തിനിടയില്ല എന്നവര്‍ക്കറിയാഞ്‍ഞിട്ടല്ല. ഇതുവരെ പാമ്പുകള്‍ വിദ്യാലയത്തില്‍ വഹരിക്കുകയുണ്ടായിട്ടുമില്ല. മണ്‍തറയില്‍ കോണ്‍ക്രീറ്റ് ചെയ്യാതെ അലസമായി സിമിന്റിട്ടു മിനുക്കിയതാണ്. ഒരു കസേര ഉയര്‍ത്തി ആഞ്ഞുകുത്തിയാല്‍ തറ തവിടുപൊടിയാകും. അതെല്ലാം പാമ്പിന്റെ മാളങ്ങളല്ല.
ദേശാഭിമാനിക്ക് പി ടി എക്കമ്മറ്റിയുടെ രാഷ്ട്രീയവും ജനപ്രതിനിധിയുടെ രാഷ്ട്രീയവവും ചികയാന്‍ തോന്നി. പ്രതിപക്ഷവും വെറുതേയിരുന്നില്ല. ജന്മഭൂമി രാഹുലിന്റെ മണ്ഡലത്തിലെ വിദ്യാലയമാണെന്നെഴുതി. സംരക്ഷണയജ്ഞം തന്നെ പൊളിയാണെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. ഓരോരോ താല്പര്യങ്ങള്‍. എല്ലാവരും ഉപയോഗിക്കുകയാണ്. പക്ഷേ ഏറ് ഏറെ കൊണ്ടത് അധ്യാപകര്‍ക്കാണ്. ആശുപത്രിക്കാര്‍ക്കല്ല.
ആരാണ് സര്‍വജന സ്കൂളിലെ അധ്യാപകര്‍? അവര്‍ എങ്ങനെയുളളവരാണ്?
  • വയനാട് ജില്ലയിൽ നൂറ‌ുമേനി നേടിയ 18  സർക്കാർ സ‌്കൂളുകളിലൊന്നാണ് സര്‍വജന ഹൈസ്കൂള്‍
  • ഒരു ഗോത്രവിഭാഗവിദ്യാര്‍ഥിയും പത്താംക്ലാസില്‍ തോല്‍ക്കാത്ത വിദ്യാലയം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി പോലും പത്താംക്ലാസ് പരീക്ഷയിൽ തോല്‍ക്കുന്നില്ല
  • ഇവിടുത്തെ അധ്യാപകർ സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് അടുത്തകാലംവരെ ഒരു സ്കൂൾ ബസ് വാടകയ്ക്കെടുത്തു ഓടിച്ചിരുന്നത്. പ്രതിമാസം ഇരുപതിനായിരം രൂപ സര്‍ക്കാര്‍ സ്ഥാപനത്തിലെ അധ്യാപകര്‍ വിദ്യാലയത്തിനു വേണ്ടി മറ്റാരുടെയും നിര്‍ബന്ധമില്ലാതെ ചെലവഴിച്ചുപോന്നു
  • ഐടി ലാബിന്റെ തറ പൊളിഞ്ഞു കിടപ്പായിരുന്നു. അതുപരിഹരിക്കുന്നതിനായി അധ്യാപകർ സ്വന്തം കീശയിൽ നിന്നും പണമെടുത്ത് ഉപയോഗിച്ചു
  • ഒരിക്കൽ കളക്ടർ സ്കൂളിലെത്തി എത്തി ഒരു ഉദ്യാനം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു രായ്ക് രാമാനം 13500 രൂപ അധ്യാപകര്‍ ചെലവിട്ടു മനോഹരമായ ഒരു ഉദ്യാനം തീർത്തു
  • ഓരോ ആവശ്യങ്ങൾ വരുമ്പോഴും അത് പരിഹരിക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്ന അധ്യാപകസമൂഹമാണ് ഇവിടെയുള്ളത് ഉള്ളത്
  • വയനാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്
  • രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നു.
  • ഇവിടുത്തെ അധ്യാപകരുടെ സേവനസന്നദ്ധതയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല അഭിപ്രായമേ ഉളളൂ. 972 രക്ഷിതാക്കൾ ഉള്ള വിദ്യാലയം
  • ഡിവിഷനുകൾ വർഷംതോറും വർധിച്ചുവരുന്ന വിദ്യാലയം
  • കുട്ടികളുടെടെ പഠനം നഷ്ടം കുറയ്ക്കുന്നതിനു വേണ്ടി വേണ്ടി സമൂഹത്തിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിദ്യാലയം
  • കല്പറ്റയിലും പനമരത്തുമൊക്കെയുളള വിദ്യാലയങ്ങള്‍ അച്ചടക്കത്തിന്റെ പേരില്‍ പുറന്തള്ളുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വിദ്യാലയം
  • മികച്ച ലൈബ്രറി സ്ഥാപിക്കുന്നതിന് അധ്യാപകരുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ നടപടികളാണുണ്ടായത്
  • അതിരാവിലെ സ്കൂള്‍ സജീവമാകും. നാട്ടുകാര്‍ക്ക് നടക്കാനും വ്യായാമം ചെയ്യാനും ഫുഡ്ബോള്‍ കളിക്കാനുമെല്ലാം സര്‍ജനസ്കൂള്‍ തുറന്നുകൊടുക്കും.
  • ഇത്രയധികം പേര്‍ വന്നുപോകുന്ന വിദ്യാലയത്തില്‍, രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇതുവരെയും മോശപ്പെട്ട വാര്‍ത്തകളുണ്ടായിട്ടില്ല.
  • സ്കൂളിന് ചില ചിട്ടകളുണ്ട്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ പുറംപരിപാടികള്‍ക്ക് വിടില്ല.
നമ്മള്‍ കേട്ടതത്രയും ശരിയാകണമെന്നില്ല. പ്രശ്നത്തെ ലളിതവത്കരിക്കുന്നില്ല. അതി വൈകാരികമായി കാണുന്നുമില്ല. ഒരു ദാരുണസംഭവം നടന്നു. അന്വേഷണം നടക്കുന്നു. അത് പ്രകാരം കാര്യങ്ങള്‍ നീങ്ങട്ടെ.
പക്ഷേ ആ ദുരന്തം നിമിത്തമാക്കി ഒരു വിദ്യാലയത്തെയും അവിടുത്തെ അധ്യാപകരെയും അടച്ചാക്ഷേപിക്കരുത്.പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെ ചെറുതാക്കി കാണരുത്. കുട്ടികളെ അധ്യാപകര്‍ക്കെതിരാക്കരുത്. അധ്യാപകര്‍ കുട്ടികളോട് അവര്‍ പ്രതികരിച്ചതിന്റെ പേരില്‍ സ്നേഹം ഒട്ടും കുറയ്കരുത്. ഒരു വര്‍ഷം തീരാനിരിക്കെ അവിടുത്തെ അധ്യാപകരെയാകെ മാറ്റിക്കളയാമെന്നു ആഗ്രഹിക്കരുത്. ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടികള്‍ പഴയമാനസീക നിലയിലേക്ക് വന്നിരിക്കുന്നു. അവരുടെ പ്രിയപ്പെട്ട വിദ്യാലയം. അത് കൂടുതല്‍ ഉയരത്തിലെത്തട്ടെ.

 അനുബന്ധം
( ഡിസം എട്ടിന് ചേര്‍ത്തത്)
തിരുവനന്തപുരം: വയനാട്ടിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരേ നടപടിയെടുക്കേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ......

Read more at: https://www.mathrubhumi.com/print-edition/kerala/article-1.4344311
തിരുവനന്തപുരം: വയനാട്ടിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരേ നടപടിയെടുക്കേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ......

Read more at: https://www.mathrubhumi.com/print-edition/kerala/article-1.4344311

വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന റോഡ് ഉപരോധത്തിന്റെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ട്. രാത്രികാല യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധം പ്രഖ്യാപിക്കുന്നു. പല വിദ്യാലയങ്ങളും സ്കൂള്‍ ബസില്‍ കുട്ടികളെ ഉപരോധത്തിനെത്തിക്കുന്നു. സര്‍വജനസ്കൂള്‍ ഉപരോധത്തിലേക്ക് കുട്ടികളെ അയക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു. ആ തീരുമാനം മാനിക്കാതെ കുറേ കുട്ടികള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നു. അവരുടെ വിവരം അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുന്നു.
തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്​കൂൾ​ വിദ്യാർഥിനി ഷെഹ്​ല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത...

Read more at: https://www.madhyamam.com/kerala/shahla-sherin-child-right-commission-kerala-news/653524

തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്​കൂൾ​ വിദ്യാർഥിനി ഷെഹ്​ല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത...

Read more at: https://www.madhyamam.com/kerala/shahla-sherin-child-right-commission-kerala-news/653524
തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്​കൂൾ​ വിദ്യാർഥിനി ഷെഹ്​ല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത...

Read more at: https://www.madhyamam.com/kerala/shahla-sherin-child-right-commission-kerala-news/653524

തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്​കൂൾ​ വിദ്യാർഥിനി ഷെഹ്​ല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത...

Read more at: https://www.madhyamam.com/kerala/shahla-sherin-child-right-commission-kerala-news/653524
അനുബന്ധം
  • 1950 ജൂൺ 19- തീയതിയാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്
  • റവ.ജേക്കബൈറ്റ് ഫാദർ ചെമ്മന കുര്യാക്കോസ് പള്ളിക്കുവേണ്ടി കെട്ടിയുണ്ടാക്കിയിരുന്ന പുൽപ്പുരയുടെ ഒരു ചരിവിൽ 32 കുട്ടികളോടു കൂടി ഒരു ക്ലാസ് ആരംഭിച്ചു
  • അംഗീകൃത വിദ്യാലയമാക്കാൻ ജേക്കബൈറ്റ് ക്രിസ്ത്യൻ കമ്മറ്റി രൂപവൽക്കരിക്കയും സ്ഥാപനം സെന്റ്മേരീസ് മിഡിൽ സ്കൂളായി മാറ്റുകയും ചെയ്തു.
  • 1953 ജൂൺ മാസത്തിൽ നാലാം ഫോറം തുടങ്ങിയതോടെ ഇത് വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി .
  • എങ്കിലും സർക്കാരിൽ കെട്ടിവയ്ക്കേണ്ട  15000\  രൂപ കെട്ടിവയ്ക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സിന് അംഗീകാരം ലഭിച്ചില്ല.
  • 1954-[ഫെബ്രുവരി‍] മദിരാശി  ഗവർണർ  മഹാമഹിമ ശ്രീ. ശ്രീപ്രകാശ് വയനാട്  കോളനി സന്ദർശിക്കുവാൻ ക്ഷണിക്കപ്പെടുകയും അദ്ദേഹത്തിന്റെ വിരുന്നിനു വൻതോതിലുള്ള സ്വീകാര്യം  നല്കി വിദ്യാലയത്തിന്റെ  ശോച്യാവസ്ഥയും  ബത്തേരി  കോളനിയിലുള്ള  ഹൈസ്കൂളിന്റെ  ആവശ്യകതയും ധരിപ്പിക്കപ്പെട്ടു.
  • തത്ഫലമായി P.W.S.Rഫണ്ടിൽ നിന്നും വിദ്യാലയ  നടത്തിപ്പിനുള്ള   ചെലവുകൾ   നിർവഹിക്കുവാൻ കോഴിക്കോട് കലക്ടർക്ക്  അനുമതിനൽകി ഉത്തരവിട്ടു. അതോടു കൂടി 10-8-54-ൽ സ്കൂൾ  റവന്യൂ വകുപ്പിൻ കീഴിലായി.
  • സ്ഥലസൗകര്യമില്ലാതെ   വന്നപ്പോൾ  ബത്തേരിയിലെ ഉല്പാദക ഉപഭോക്തൃസഹകരണസംഘം വക കെട്ടിടവും  ക്ലാസ്സ് നടത്താനുപയോഗിച്ചു. സംഘത്തിന്റെ അറ്റാദായവും ഓഹരി  ധനവും  കെട്ടിടസ്ഥലവുമെല്ലാം  പില്ക്കാലത്ത്  സ്കൂളിന്  സംഭാവനചെയ്തു. ആ  കെട്ടിടം  ഇപ്പോഴും പുതിയകെട്ടിടങ്ങളുടെ  ഇടയ്ക്ക്  അന്നും ഇന്നുമുള്ള  സ്ഥിതിഗതികളുടെ അന്തരം  വീക്ഷിച്ചുകൊണ്ട്  അംഗവൈകല്യം വന്നിട്ടുണ്ടെങ്കിലും,സ്ഥിതി ചെയ്യുന്നുണ്ട്.
  • 1957-ൽ അധികാരത്തിൽ‍‍‍‍‍ വന്ന കേരള സർക്കാര് ജില്ലാ ബോ‍ർഡുകൾ ഏറ്റെടുത്തെതിനെ തുടര്ന്ന‍് ആ വര്ഷം ഡിസംബര് മാസത്തിൽ ഈ വിദ്യാലയം സർക്കാര് വകയായി
  • ഹൈസ്കൂൾ കാര്യം ചർച്ചചെയ്ത സന്ദർഭത്തിൽ സെന്റ്മേരീസ് മിഡിൽസ്കൂൾ യോഗത്തിൽ‍ വച്ച് നിരുപാധികം ഏൽപിച്ചു കൊടുക്കുവാൻ ശ്രീ. . എം. വാത്യു തയ്യാറായി എങ്കിലും ഒരു ക്രിസ്ത്യൻ നാമത്തിൽ ഏറ്റെടുക്കുവാൻ ജനങ്ങൾ തയ്യാറായില്ല.ദീർഘനേരത്തെ ചർച്ചക്കു ശേഷം സർവ്വജനസെക്കന്ററി സ്കൂൾ എന്ന പേര് നൽകാമെന്ന പേരിൽ വിദ്യാലയം ഏറ്റെടുക്കുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു.
  • 1958-ല് ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്ത്ഥികൾ S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര് വിജയിക്കുകയും ചെയ്തു.
  • 1984-ൽ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു.
https://timesofindia.indiatimes.com/city/thiruvananthapuram/no-need-to-act-against-teachers-rights-panel/articleshow/72420473.cms

16 comments:

  1. Replies
    1. ശരിയാണ്. ഇത് പോലുള്ള അധ്യാപകർ ഇനിയുമുണ്ടാവാൻ നമുക്ക് അവരെപ്പപോലുള്ളളവരെ രൂപക്കൂട് ഉണ്ടാക്കി ആരാധിയ്ക്കാം. രൂപക്കൂടുകൾ വിചാരിച്ചാൽ ഇനിയും അത്ഭുതങ്ങൾ ഉണ്ടാകും.അധ്യാപകർ അധ്യാപകർ ആയിരിയ്ക്കണം.

      Delete
  2. കാള പെറ്റു എന്നു കേട്ടപ്പോഴേക്കും കയറെടുത്ത പ്രതികരണത്തൊഴിലാളികളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു - അഭിനന്ദനങ്ങ. മുൻ വിധിയോടെ അധ്യാപകന് കാപ്പിറ്റൽ പണിഷ്മെന്റ് വിധിച്ച ആൾക്കൂട്ടം വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്.

    ReplyDelete
    Replies
    1. പശു പെറ്റാലും കയറ് എടുക്കരുത്.കാള പെറ്റപ്പോൾ കയറ് തീർന്നുപോയി. കുട്ടികൾ സത്യം പറയുമ്പോൾ അത് ഇല്ലാതാക്കാൻ ഉപജാപകസംഘങ്ങൾ എഴുതിക്കൊടുത്തതാണെന്ന് പറയിയ്ക്കണം. പൊതുസമൂഹത്തിൻ്റെ മുമ്പിൽ അധ്യാപകരെ കരിവാരിത്തേച്ച സംഭവം ന്യായീകരിയ്ക്കാൻ കാട്ടുന്ന വൈഭവം ഉൾക്കൊള്ളാനാവാത്തത്.ഈ തെറ്റ് ഞാൻ ചെയ്താൽ പൊതുസമൂഹം കാപ്പിറ്റൽ പണിഷ്മെൻ്റ് വിധിയ്ക്കണം. മേലാൽ ഇതുപോലുള്ളളവ ആവർത്തിയ്ക്കരുത്..

      Delete
  3. മാധ്യമങ്ങളിലൂടെ നാം വായിച്ചറിഞ്ഞതും കലാധരൻ മാഷ് നേരിട്ട് അന്വേഷിച്ചറിഞ്ഞതും തമ്മിലെ പൊരുത്തക്കേട് ചിന്തിക്കേണ്ടതു തന്നെ. പല മാധ്യമങ്ങളും പല തരത്തിലാണ് എഴുതിയിരുന്നത് എന്ന വസ്തുതയും നിലനിൽക്കുന്നു. കിട്ടിയ അവസരം പൊതു വിദ്യാലയങ്ങളെ തകർക്കാൻ ആരേലും ശ്രമിച്ചിട്ടുണ്ടങ്കിൽ അത് പൊതുസമൂഹം തിരിച്ചറിയുക തന്നെ വേണം. ഏതായാലും സത്യാവസ്ഥ പുറത്തു വരണം. അന്വേഷിക്കണം, റിപ്പോർട്ട് പുറത്തു വരണം.

    ReplyDelete
    Replies
    1. സത്യാവസ്ഥ പുറത്ത് വരുന്നതിന് മുമ്പ് വെള്ളപൂശൽ തുടങ്ങിയതിൻ്റെ അർത്ഥം ഇത് തേഞ്ഞുമാഞ്ഞുപോകുമെന്ന് തന്നെയാണ്. സാർ നോക്കിക്കോ അടുത്ത ഇലക്ഷന് വിദ്യാഭ്യാസ മന്ത്രിയെ കുരുതികൊടുക്കാൻ സംഘടന കളിയ്ക്കുന്ന നാടകമാണിത്. കൂട്ട് നിൽക്കുന്നവർ തിരിച്ചറിയും.കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെട്ടില്ലെങ്കിൽ പൊതുജനമധ്യത്തിൽ പൊതുവിദ്യാഭ്യാസം തകർക്കപ്പെടും.ആ അധ്യാപകരെ സംരക്ഷിയ്ക്കാമെന്ന വാക്കിന് നല്ല സംഘടനാ പിരിവ് കിട്ടും.മന്ത്രിസഭ പോയാലെന്ത് ഞങ്ങളുടെ കാര്യം കുശാൽ.

      Delete
  4. എങ്ങനെയാണ് ആശയനിര്‍മിതി നടക്കുന്നത് എന്നതിന്റെ മറ്റു രണ്ടു ഉദാഹരണങ്ങള്‍ കൂടി പങ്കിടേണ്ടതുണ്ട്
    ഒന്ന്) ആ കുട്ടിയുടെതെന്ന നിലയില്‍ പാമ്പുകടിയേറ്റ ഒരു പാദചിത്രം പ്രചരിപ്പിക്കപ്പെട്ടു. രണ്ടു വര്‍ഷം മുമ്പത്തെ പടം എടുത്ത് ഉപയോഗിക്കുകയായിരുന്നു
    രണ്ട് ) മുപ്പത്തിയേഴ് ടോയ്ലറ്റുകളുളള വിദ്യാലയമാണ്. രണ്ടായിരം കുട്ടികളും. ആ മുപ്പത്തേഴില്‍ ടാപ് വര്‍ക്ക് ചെയ്യാത്ത മൂന്നെണ്ണം ഉണ്ടായിരുന്നു. അവ അടച്ചിട്ടതും ഉപയോഗിക്കാത്തതുമാണ്. പാമ്പിനെത്തേടി പോയവര്‍ ഉപയോഗിക്കാത്ത ടോയലറ്റ് കണ്ടു. മറ്റുളളവ കൂടി നോക്കി മുഴുവനും ഇങ്ങനെയാണോ എന്നു പരിശോധിക്കാതെ ടോയ്ലെറ്റുകളെല്ലാം മോശമാണെന്ന് വാര്‍ത്തയടിച്ചു. ആ വിദ്യാലയം ആകര്‍ഷവും എല്ലായിടങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതുമാണ്.
    ഡയറ്റിന്റെ സമീപത്തുളള ഈ വിദ്യാലയത്തില്‍ ഗണിതവിജയത്തിന്റെ ട്രൈ ഔട്ടിനായി പോയിരുന്നു. തറയിലിരുന്നാണ് അന്ന് കുട്ടികളും അധ്യാപകരും പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഞാനും തറയിലാണ് ഇരുന്നത്. ആ പഴയകെട്ടിടത്തില്‍ത്തന്നെ.മണ്ണിനടിയില്‍ പാമ്പുമാളമുണ്ടെന്ന് എങ്ങനെയാണ് ഒരു അധ്യാപികയ്ക് നിശ്ചയിക്കാനാവുക? മുമ്പെങ്ങാനം പാമ്പിനെ കാണണം. അല്ലെങ്കില്‍ പാമ്പിന്റെ പടം പൊഴിഞ്ഞത് കാണണം. അങ്ങനെയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ സുഷിരങ്ങളും പാമ്പിന്റെ മാളമാണെന്ന് എനിക്ക് അറിയില്ല. പാദമുദ്ര കുറവുളളിടത്ത് പാമ്പു വരും. തണുപ്പുളളിടത്ത് വരും. ഇരകളുളളിടത്ത് വരും. ശത്രുക്കളില്‍ നിന്നും രക്ഷപെടാനായി തത്കാലം കാണുന്ന പൊത്തിലേക്ക് കയറും.സ്ഥരമായ മേല്‍വിലാസത്തോടെ പാമ്പുകള്‍ താമസിക്കാറില്ലെന്നാണറിവ്.ഒരു പൊത്തില്‍ കാലകപ്പെട്ടു. വലിിച്ചെടുത്തപ്പോള്‍ നീറ്റല്‍ ഉണ്ടായി. അത് പല സാധ്യതകളിലേക്ക് ചിന്ത നയിക്കണം. കുട്ടികളുടെ കാര്യമല്ലേ? ആ ജാഗ്രതക്കുറവ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായി. ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ബയോഡൈവേഴ്സിറ്റി ബോര്‍ഡുമായി ആശയരൂപീകരണ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ജൈവവൈവിധ്യവും ശലഭപാര്‍ക്കും കുളവും ജലസ്രോതസ് സംരക്ഷിക്കലുമെോല്ലാമാകുമ്പോള്‍ അവിടെ പൂമ്പാറ്റ മാത്രമല്ല പുല്‍ച്ചാടിയും തവളയും പാമ്പും വരും എന്നാണ്. അതിന്റെ പേരില്‍ ജൈവവൈവിധ്യ ഉദ്യാനം നശിപ്പിക്കാനിട വരരുത് എന്നാണ്. വേണമെങ്കില്‍ ദോഷൈകദൃക്കുകള്‍ക്ക് പാമ്പിനെ വളര്‍ത്താനാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന് ആരോപിക്കാം.
    ഗ്രൂപ്പ് പ്രവര്‍ത്തനം വന്നപ്പോഴാണ് കുട്ടികള്‍ തറയിലിരിക്കാന്‍ തുടങ്ങിയത്. ടൈലുപാകുകകൂടി ചെയ്തപ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെട്ടു. മഴക്കാലത്തെ മാലിന്യം അറിയാവുന്നതേയുളളൂ. ഈ മൂന്നു കാരണങ്ങളാല്‍ മിക്ക വിദ്യാലയങ്ങളും ചെരുപ്പ് പുറത്തിടാന്‍ നിര്‍ബന്ധിച്ചു.അധ്യാപകരും അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ മിക്കയിടത്തും സ്ഥിതി അങ്ങനെയല്ല. സര്‍വജനസ്കൂളില്‍ മാത്രം അധ്യാപകര്‍ ചെരുപ്പിടുകയും മറ്റെല്ലായിടത്തും ചെരുപ്പ് പുറത്തിടുകയും ചെയ്യുകയാണെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഇവിടെ അധ്യാപകന്‍, അധ്യാപിക എന്ന പദവിയുടെ ആനുകൂല്യങ്ങളിലാണ് കാര്യങ്ങള്‍. ഞാന്‍ ക്ലാസ്റൂം ജനാധിപത്യത്തെക്കുറിച്ച് ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ഒരു ഫാനുണ്ടെങ്കില്‍ അത് ടീച്ചര്‍ക്ക് കാറ്റു കിട്ടുന്ന വിധമായിരിക്കും പലേടത്തും.അസംബ്ലിയില്‍ തണലത്തു നില്‍ക്കുന്ന അധ്യാപകരും വെയിലത്തു നിീല്‍ക്കുന്ന കുട്ടികളും. കുട്ടികളുടെ മൂത്രപ്പുരയ്ക് വാതിലോ കൊളുത്തോ ഇല്ല. ചിലേടത്ത് മേല്‍ക്കൂരയുമില്ല. പക്ഷേ അധ്യാപകരുടെ ടോയ്ലറ്റുകള്‍ സ്വകാര്യത മാനിക്കുന്നത്. വൃത്തിയുളളത്. ഇത്തരം പ്രവണതകള്‍ ഉണ്ട്. പക്ഷേ അത് സാര്‍വ്ത്രികമല്ല.ഒരു മൂല്യബോധത്തിന്റെ പ്രശ്നമാണത്. കിട്ടിയ അവസരത്തില്‍ ആ വിദ്യാലയത്തെ അടിക്കാനായി വടിതേടുന്നവര്‍ ആ പ്രവണതയും ഉപയോഗിച്ചു എന്നു മാത്രം.പാദരക്ഷകള്‍ പുറത്തിടുക എന്നത് മോശം കാര്യമായി ഞാന്‍ കരുതുന്നില്ല.നിരപരാധികളെയും അല്ലാത്തവരെയും കണ്ടെത്താനുളള അന്വേഷണം നടക്കുന്നു. നടക്കട്ടെ. അതിനു മുമ്പ് വിധി പ്രഖ്യാപിക്കാന്‍ ഞാനാളല്ല.

    ReplyDelete
  5. അധ്യാപകർ ഭാവനാസമ്പന്നരാണ്.

    ReplyDelete
  6. കലാധരൻ മാഷേ ചില വാക്കുകൾ തെറ്റാണ്. അധ്യാപകരെ ആരും അടച്ചാക്ഷേപിച്ചിട്ടില്ല. അധ്യാപകവേഷങ്ങളെ ജനങ്ങൾ അടച്ചാക്ഷേപിയ്ക്കണം. അധ്യാപകവേഷങ്ങൾ അധ്യാപകരാവില്ല. ശിക്ഷാർഹമായ തെറ്റ് ചെയ്തിട്ട് വെള്ളപൂശൽ അംഗീകരിയ്ക്കാൻ പറ്റില്ല.ആ സ്കൂളിലെ ആ പ്രവർത്തി മൂലം മര്യാദക്ക് ജോലിചെയ്യുന്ന അധ്യാപകരെക്കൂടിയാണ് അവർ ഒറ്റുകൊടുത്തത്.

    മാഷിൻ്റെ മഷികൊണ്ട് തെറ്റ് ചെയ്തവരെ രക്ഷിക്കാൻ നോക്കിയാൽ അധ്യാപകസമൂഹം പൊതുജനമധ്യത്തിൽ ഒറ്റപ്പെടും. തെറ്റ്ചെയ്തവരെ സംരക്ഷിച്ചാൽ അധ്യാപകർ എന്ന് വിളിക്കപ്പെടുന്നവരും നാളെ ഈ ഗവൺമെൻറിനെ വെറുക്കും. തെറ്റിനെ ശരിയ്ക്കാൻ ആരും മുതിരണ്ട. പൊതുവിദ്യാലയങ്ങൾ മുന്നോട്ട് പോവാനുള്ള ഇടപെടൽ മാത്രമാണ് വേണ്ടത്. മാഷിൻ്റെ ഈ കമൻ്റ് തെറ്റിദ്ധാരണാജനകമാണ്. എന്ത് കണ്ടാലും ആശയരൂപീകരണം!!! തൊട്ടുമുന്നിൽ കുട്ടികൾ മരിച്ചുകിടന്നാലും ഭാവനാസമ്പന്നമായ ആശയം രൂപീകരിയ്ക്കണം.

    ReplyDelete
  7. അന്വേഷണം നടക്കുന്നത് ഏത് രീതിയിലാകും എന്നുള്ളതിൻ്റെ തെളിവാണ് മുതുകാടിൻ്റെ വീഡിയോയ്ക്ക് അടിക്കുറിപ്പുകളായി വരുന്ന നേതാക്കളുടെ കമൻ്റുകൾ.പിന്നെ മാഷിൻ്റെ ഈ ബ്ളോഗിലെ എഴുത്തും. സ്കൂളിനെതിരെ സംസാരിച്ച ആ കുട്ടിയുടെ പെർഫോമൻസ് അധ്യാപകരുടെ ദാനമല്ല. അത് ഉത്തരവാദിത്തമാണ്.അതിനെ ആരും വിലയിടണ്ട.അധ്യാപകരുടെ ഭിക്ഷയല്ല. ടൈൽസിട്ട ക്ളാസുമുറികളിൽ ചെരുപ്പില്ലാതെയായാൽ കാലിന് വാതം പോലുള്ളവ ഉണ്ടാവില്ല? ഒന്ന് തൂത്താൽ തീരുന്ന പ്രശ്നം.ടൈലിട്ട എനിക്ക് ചാർജ്ജുള്ള ക്ളാസിൽ കുട്ടികൾ ചെരുപ്പിടും. ക്ളാസ്മുറിയുടെ വൃത്തിയോടൊപ്പം കുട്ടികളുടെ ആരോഗ്യവും പ്രധാനം.

    ReplyDelete
  8. പ്രീതടീച്ചര്‍
    തെറ്റിദ്ധാരണവേണ്ട. ഞാനവിടെ ചെന്നപ്പോള്‍ സ്റ്റാഫ് റൂമില്‍ ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഞാന്‍ അനുകൂലിക്കുന്ന അധ്യാപകസംഘടനയുടേതായിരുന്നില്ല. അവിടെ സംഘനകളില്‍ പെടാത്തവരും ഉണ്ട്. എല്ലാ സംഘടനയില്‍ പെട്ടവരും ഉണ്ട്. മരണവീട്ടില്‍ ചെന്ന് മതം നോക്കുന്ന ഏര്‍പ്പാട് എനിക്കില്ല.മാധ്യമപ്രചാരം കാരണം ഒത്തിരി പേരെ ക്രൂശിച്ചിട്ടുണ്ട്. പണ്ട് പ്രസില്‍ ഗാന്ധിയുടെ ചിത്രം മാറി തവളയായപ്പോള്‍ ശിക്ഷിച്ചത് അധ്യാപകനെ. പതിമൂന്നു ജില്ലയില്‍ അച്ചടിച്ചപ്പോള്‍ തെറ്റുണ്ടായില്ല. ഒരു ജില്ലയില്‍ മാത്രം പടം മാറിപ്പോയി. ഇന്നും ആ അധ്യാപകന്റെ ഇന്‍ക്രിമെന്റ് തടയപ്പെട്ടിരിക്കുന്നു. ദേശീയഗാനത്തില്‍ അക്ഷരത്തെറ്റു വന്നതിന് മൂന്നു അധ്യാപകരുടെ ഇന്‍ക്രിമെന്റാണ് പോയത്. പാഠപുസ്തക രചനയില്‍ പങ്കെടുത്തു എന്നതാണ് അവരുടെ കുറ്റം. ദേശീയഗാനം ചേര്‍ക്കുന്നത് പാഠപുസ്തക രചയിതാക്കളുടെ ജോലിയല്ലെ എന്നിട്ടും പ്രൂഫ് നോക്കിയവരെ പോലും ശിക്ഷിച്ചില്ല.അതിനാല്‍ ശരിയായ അന്വേഷണം നടത്തി നടപടി സ്വീകരിക്കട്ടെ. തെറ്റു ചെയ്തവരെയേ ശിക്ഷിക്കാവൂ എന്ന കാര്യത്തില്‍ പ്രീതടീച്ചര്‍ക്കും ഏതിരഭിപ്രായമില്ലെന്നു കരുതട്ടെ

    ReplyDelete
  9. ഫേസ്ബുക്കില്‍ സര്‍ഗാത്മകാധ്യാപനാനുഭവം പങ്കിടുന്ന എം എം സുരേന്ദ്രന്‍ മാഷ് അത്തരം നടപടികളുടെ ഭാഗമായി ഇന്‍ക്രിമെന്റ് തടയപ്പെട്ട ആളാണ്.അതിനു ശേഷം അദ്ദേഹം സംസ്ഥാനതല ശില്പശാലകളില്‍ പങ്കെടുക്കാറില്ല. അദ്ദേഹത്തിന്റെ വൈദഗ്ധ്യം ആ സ്കൂളിലേക്ക് മാത്രമ ായി ഒതുങ്ങി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ ഉണ്ണികൃഷ്ണന്‍ അങ്ങനെ ഇന്ക്രിമെന്റ് തടയപ്പെട്ട മറ്റൊരളാണ്.മുന്നില്‍ അനുഭവങ്ങളുണ്ട് എന്നതുകൊണ്ടാണ് വസ്തുതാപരമായ അന്വേഷണത്തെ അനുകൂലിക്കുകയും മാധ്യമവിചാരണയ്കൊപ്പം നില്‍ക്കാതിരിക്കുകയും ചെയ്യുന്നത്. ഡയറ്റിലെ അബ്ദുറഹ്മാന്‍ അങ്ങനെ ശിക്ഷ കിട്ടിയ ആളാണ്. ആ മാഷ് ഒരു തെറ്റും ചെയ്തിരുന്നില്ല. പക്ഷേ..

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. "ഇതുമാത്രമാണ് ഉദ്ദേശിച്ചത്.
    'സ്കൂളിലെ ആ പ്രവർത്തി മൂലം മര്യാദക്ക് ജോലിചെയ്യുന്ന അധ്യാപകരെക്കൂടിയാണ് അവർ ഒറ്റുകൊടുത്തത്'. അത് തിരുത്തപ്പെടണം. അതിന്റെ പേരിൽ പൊതുവിദ്യാലയങ്ങളേയും അദ്ധ്യാപകരെയും താറടിക്കുന്നത് ശരിയല്ല തന്നെ."

    കലാധരൻ മാഷേ quote ചെയ്തിരിയ്ക്കുന്നത് എൻ്റെ വാക്കുകൾ അല്ല. വിദ്യാഭ്യാസമന്ത്രിയുടെ പി.എ. യുടെ വാക്കുകൾ. പൊതുവിദ്യാലയഗ്രൂപ്പിൽ ആ സാറിന് അത് പറയേണ്ടിവന്നത് സത്യം മൂടിവയ്ക്കാൻ പറ്റാത്തതുകൊണ്ട്.

    ReplyDelete
  12. "Speaking to media, Shehla’s classmates said that they were chased away with cane sticks by the school principal when they demanded help for their friend, demanded that she be taken to a hospital. One of her classmates told the media that Shehla told the teachers multiple times that she had been bitten by a snake. “After an hour, her leg turned blue. Then her father came and took her to a hospital, almost 50 minutes after she was bitten,” the student said. "
    പ്രീതടീച്ചര്‍ക്ക് കുട്ടികള്‍ പറഞ്ഞതിങ്ങനെയാണ്
    ഒരു മണിക്കൂറിനുളളില്‍ കാലിന് നീല നിറമായി. അമ്പതുമിനിറ്റ് കഴിഞ്ഞാണ് രക്ഷിതാവ് എത്തിയത്.ഷഹല പലതവണ പാമ്പുകടിയേറ്റതായി പറഞ്ഞു ഇത് അതേ വാര്‍ത്ത ആവര്‍ത്തിക്കുന്നതു നോക്കുക Ten-year-old Shehla Sherin was bitten by a snake in her classroom at Sarvajana HSS in Sulthan Bathery on Wednesday, around 3.15 pm. She immediately informed her teacher, but the teacher allegedly said that the injury came from a nail and not from a snake bite, even as the child’s leg began to discolour and turn blue, her classmates said.
    ഡോക്ടറുടെ അടുത്തു ചെന്നപ്പോള്‍ പോലും കാലിനു നിറവ്യത്യാസം ഉളളതായി കണ്ടെത്തിയിട്ടില്ല. ഇങ്ങനെയാണ് പറച്ചില്‍ രീതി. സമയവും പൊരുത്തപ്പെടുന്നില്ല.
    "The child saw the snake. She told teachers it was a snake. But the teachers insisted it might be a nail. They just poured water on the wound. The hospital was just one kilometer away and yet they did not take her," Shehla’s uncle Shanavas told the media.
    ഇവിടെ ഷഹ്ല പാമ്പിനെ കണ്ടെന്നു വരെയായി.

    ReplyDelete
  13. മണിക്കൂറുകളോളം ഡോക്ടറുടെ നീരീക്ഷണത്തിലായിരുന്നു കുട്ടി. പത്തുമിനിറ്റ് നേരത്തെ എത്തിച്ചാലും ഈ ഡോക്ടര്‍ ആന്റിവെനം കുത്തിവെക്കുമായിരുന്നില്ല.
    യഥാര്‍ഥ മരണകാരണം ആശുപത്രിയിലെ വൈദഗ്ധഡോക്ടറുടെ രേഗനിര്‍ണയപ്പിഴവും ചികിത്സ നിഷേധിച്ച നടപടിയുമാണ്. അത് മറച്ചുവെച്ച് ഒരു വിദ്യാലയത്തിനു നേരെ മാത്രം വിരല്‍ ചൂണ്ടുന്നത് ഏത് അജണ്ടയുടെ ഭാഗമാണ്?

    ReplyDelete

പ്രതികരിച്ചതിനു നന്ദി