Pages

Tuesday, May 12, 2020

അധ്യാപകർക്ക് സർഗവസന്തവുമായി ചെറുവത്തൂർ ബി ആർ സി


കൊവിഡ് ലോക് ഡൗൺ കാലത്ത് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർക്ക്
സർഗവാസനകൾ മാറ്റുരയ്ക്കാൻ അവസരം ലഭിച്ചു.
കഥാകഥനം, ഫോട്ടോഗ്രഫി, വീഡിയോ നിർമാണം എന്നീ മത്സരങ്ങളാണ് നടത്തുന്നത്.എൽ പി വിഭാഗം കുട്ടികൾക്ക് ആസ്വദിക്കാവുന്ന അഞ്ച് മിനുട്ടിൽ കവിയാത്ത കുട്ടിക്കഥകൾ വീഡിയോ വിൽ ഭാവശബ്ദ വ്യതിയാനങ്ങളോടെ അവതരിപ്പിച്ച് ഏപ്രിൽ 29നകം നൽകുന്നതിന് നിര്‍ദേശിച്ചു.. 'അതിജീവനം' എന്ന വിഷയത്തിൽ ഫോട്ടോ പകർത്തി ഏപ്രിൽ 30നകമാണ് സമർപ്പിക്കാനും 'ഒരു ജീവിയുടെ ഒരുദിവസം ' എന്ന വിഷയത്തിൽ 3 മിനുട്ടിൽ കവിയാത്ത വീഡിയോ തയ്യാറാക്കി മെയ് 2 നല്‍കാനും അറിയിപ്പ് നല്‍കി.
ലോക് ഡൗൺ കാലം ഫല പ്രദമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവത്തൂർ ബി.ആർ.സി സർഗവസന്തം (ഓൺലൈൻ മത്സരങ്ങൾ) സംഘടിപ്പിച്ചത്. ഒരു മത്സരം എന്നതിലുപരി അതിലൂടെ ലഭിക്കുന്ന
ഉല്പന്നങ്ങൾ തുടർന്ന് വരുന്ന അധ്യാപക പരിശീലനങ്ങളിലും ക്ലാസ് മുറികളിലും
ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതും ലക്ഷ്യമായിരുന്നു.
മത്സരം ബി.ആർ.സി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ പ്രഖാപിച്ചപ്പോൾ തന്നെ  അധ്യാപകർ കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് സംഘാടകരെ ബന്ധപ്പെടാനു തുടങ്ങി. പ്രശസ്ത ചെറു കഥാകൃത്ത് ടി.പി.വേണുഗോപാലൻ ഓൺലൈനായി സർഗ വസന്തം ഉദ്ഘാടനം ചെയ്തു.
പങ്കാളിത്തം
  1. കഥാകഥനം -9
  2. ഫോട്ടോഗ്രാഫി മത്സരം - 12
  3. വീഡിയോ നിർമാണം - 2
കഥാകഥന മത്സരം ഡോ. ടി.പി കലാധരൻ , വിനോദ് കുമാർ കുട്ടമത്ത് , .വി. സന്തോഷ്കുമാർ എന്നിവരാണ് വിലയിരുത്തിയത്.
അവരുടെ വിലയിരുത്തൽ  കുറിപ്പുകളിലേക്ക് :
1.
കഥാവതരണം നടത്താൻ സന്നദ്ധമായ എല്ലാ അധ്യാപകരും അഭിനന്ദനം അർഹിക്കുന്നു
ഞാൻ പരിഗണിച്ച കാര്യങ്ങൾ
1. ആകർഷമായ തുടക്കം
2. അനുയോജ്യമായ ഭാവപ്രകടനം
3. ശബ്ദ നിയന്ത്രണം
4. സംഭാഷണങ്ങളിലെ സ്വാഭാവികത
5. ശരീരഭാഷ
6. വ്യക്തത
7. താദാത്മ്യം പ്രാപിച്ചുള്ള അവതരണം
ഏറിയും കുറഞ്ഞും എല്ലാവരും ഇവ പരിഗണിച്ചിട്ടുണ്ട്.
മുത്തശ്ശിയുടെ കഥ അവതരിപ്പിച്ചത് കുട്ടികളുടെ മനസ് പിടിച്ചെടുക്കും വിധമാണ്. മുത്തശ്ശി സംഭാഷണം നടത്തുന്ന ആദ്യാവസരത്തിലേതുപോലെ ചന്തയിൽ വില ചോദിച്ചപ്പോൾ ശബ്ദ നിയന്ത്രണം നടത്താൻ മറന്നു പോയി.
വസ്തുക്കളുടെ സഹായത്തോടെയാണ് വിനീത ടീച്ചർ കഥ പറയാൻ ശ്രമിച്ചത്. നല്ല തന്ത്രമാണ്. പക്ഷെ കഥ പറയുന്നതിനെക്കാൾ പഠിപ്പിക്കുന്നതിലേക്ക് അവതരണം വഴുതിപ്പോയി. ആസ്വാദനമാകണം മുഖ്യ ലക്ഷ്യം
അമ്മയാടിന്റെയും കുഞ്ഞാടിന്റയും കഥ പറഞ്ഞ ടീച്ചർ  കഥയിലേക്ക് ലയിക്കാൻ വൈകി ( തുടക്കം നോക്കുക) എന്നാൽ ക്രമേണ കഥയുടെ ലോകം മാത്രമായി. വൈകാരിക സന്ദർഭങ്ങളിൽ ശബ്ദം താഴ്ത്തിയും കഥാപാത്രങ്ങളുടെ മനോഭാവത്തെ പ്രകടിപ്പിക്കും വിധം ശബ്ദ വ്യത്യാസം വരുത്തിയും പര്യാപ്ത നിലയിൽ കവിഞ്ഞ് ഭാവങ്ങളുടെ അമിത പ്രകടനമില്ലാതെയും കഥ പറയാൻ കഴിഞ്ഞിട്ടുണ്ട്.
ചിലർ കഥ പറയാൻ രണ്ടു രീതി സ്വീകരിച്ചു.കഥ പറയലിൻ്റെയും കഥാ വായനയുടെയും. മറ്റുള്ളവരെല്ലാം കഥ പറയലാണ് നടത്തിയത് .അതിനാൽ ഈ അവതരണത്തിന് മികവുണ്ടെങ്കിലും പരിഗണിക്കുന്നത് അനൗചിത്യമാകും.
മാവു മുത്തശ്ശന്റെ കഥ പറഞ്ഞ മാഷ് സ്ഥലബോധത്തോടെയും സംവാദാത്മക രീതിയിലും കഥ അവതരിപ്പിച്ചു. കഥയ്ക്ക് ഒഴുക്കുണ്ട്. ചലനങ്ങൾ അനുയോജ്യം. ശബ്ദനിയന്ത്രണത്തിൽ ഇനിയും മെച്ചപ്പെടാനുണ്ട്.
ഈശ്വര ചന്ദ്ര വിദ്യാസാഗറിൻ്റെ കഥ നന്നായി ടീച്ചർ അവതരിപ്പിച്ചു. ഏതു ഗ്രൂപ്പിനോടാണ് കഥ പറയുന്നത് എന്നതിൽ എനിക്ക് അവ്യക്തതയുണ്ടായി. മുതിർന്ന കുട്ടികൾക്കു വഴങ്ങുന്ന അവതരണ രീതിയാണ്
സൈനബയുടെ കഥ അവതരിപ്പിച്ച മാഷ് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. തുടക്കത്തിലും ഇടയ്കും ഭാവപ്രകടനങ്ങൾ പരിധി ലംഘിക്കുന്നുണ്ട്
ഇതിൽ നിന്നും ഏറ്റവും മികച്ച അവതരണം ഏതെന്ന് കണ്ടെത്താൻ പ്രയാസമുണ്ട്.
മുത്തശ്ശിയുടെ കഥ
കുഞ്ഞാടിന്റെ കഥ
മാവു മുത്തശ്ശന്റെ കഥ എന്നിവ മികച്ച അവതരണങ്ങൾ
ഡോ.ടി.പി. കലാധരൻ
2
പങ്കെടുത്തവരെല്ലാം മികച്ച രീതിയിൽ തന്നെ കഥകൾ അവതരിപ്പിച്ചു. ഓരോരുത്തരും തങ്ങളുടെ ശൈലിക്കനുസരിച്ച് അവതരണത്തെ മൗലികമാക്കി, വ്യത്യസ്തമാക്കി. അഭിനന്ദനങ്ങൾ
 ക്ലാസ് റൂം സാഹചര്യത്തിൽ,കുട്ടികളുടെ മുന്നിൽ സ്വാഭാവികമായി കഥ അവതരിപ്പിക്കുമ്പോൾ അധ്യാപകൻ / അധ്യാപിക പല കാര്യങ്ങളും  പരിഗണിക്കുന്നുണ്ടാവുംമികച്ച ഒരു കഥാവതരണക്കൂട്ടിലെ മൂന്നു തരം ചേരുവകളെ   മുൻനിർത്തിയാണ് ഈ അവതരണങ്ങളെ  ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചത്.
1 കഥയുടെ അടിസ്ഥാന ഘടന 
     ഇതിൽ വ്യക്തവും ആകർഷകവുമായ കഥാരംഭം, കേൾക്കുന്നവരെ ആകർഷിക്കും വിധം സംഭവങ്ങളെ ക്രമപ്പെടുത്തൽ, അവതരണത്തിലെ സ്വാഭാവികതയും തന്മയത്വവും എന്നിവയാണ് പരിഗണിക്കുന്നത്
   2 ഭാഷ
   അവതാരകന്റെ വിനിമയ ശേഷി, വാക്കുകളുടെയും ശൈലിയുടെയും ഉചിതമായ തെരഞ്ഞെടുപ്പ് , കഥാപാത്രങ്ങളുടെ പ്രകൃതത്തിനനുസരിച്ച് വ്യത്യസ്തമാം വിധം സംഭാഷണം പ്രയോഗിക്കൽ എന്നിവ കണക്കിലെടുക്കുന്നു .
   3 നൂതനത്വം Innovation.
   അനുയോജ്യമായ ശരീരഭാഷഭാവം, ശബ്ദം   എന്നിവ ഉപയോഗപ്പെടുത്തൽ, കഥയുടെ സത്ത ഉൾക്കൊണ്ടു കൊണ്ടു  അവതരണത്തിൽ പുലർത്തുന്ന  സമഗ്രത, ആവിഷ്കരണത്തിലെ സർഗാത്മകത  എന്നിവയ്ക്കും ഊന്നൽ നൽകുന്നു
   മുകളിൽ പറഞ്ഞ സൂചകങ്ങൾ പരിഗണിക്കുന്നതിനൊപ്പം യഥാർത്ഥ ക്ലാസ് മുറിയുടെ സ്വാഭാവികതയും കുട്ടികളുടെ പങ്കാളിത്തമുറപ്പിക്കലും പ്രതികരണം തേടലും കൂടി ഇവിടെ പരിഗണിച്ചിട്ടുണ്ട്. കഥ പറച്ചിൽ ഏകപാത്രാഭിനയമായോ മെലോ ഡ്രാമയായോ മാറുമ്പോഴുള്ള അതിർവരമ്പുകൾ കൂടി നിശ്ചയിച്ചാണ് അവതരണങ്ങളെ നോക്കിക്കണ്ടത്.
        വിനോദ് കുമാർ കൂട്ടമത്ത്
3
അധ്യാപകരുടെ കഥാവതരണങ്ങൾ എല്ലാം മികച്ച നിലവാരമുള്ളവയായിരുന്നു. പങ്കെടുത്ത അധ്യാപകരെ അഭിനന്ദിക്കുന്നു.
വിലയിരുത്തലിനായി
.തെരഞ്ഞെടുത്ത കഥയുടെ അനുയോജ്യത
.ഭാവപ്രകടനം
.ശബ്ദ നിയന്ത്രണം
.ശരീരഭാഷ
.സ്വാഭാവികത
.ആശയവിനിമയം
.ഒഴുക്കോടെയുള്ള കഥ പറച്ചിൽ
എന്നീ സൂചകങ്ങളാണ് പരിഗണിച്ചത്.
ഈ ഘടകങ്ങൾ
പരിഗണിച്ചപ്പോൾ
മികച്ചതായി തോന്നിയത്:
.മാവു മുത്തച്ഛൻ
.മുത്തശ്ശിയുടെ കഥ
.സൈനബയും ആടും
.കുഞ്ഞാടിന്റെ ബുദ്ധി
എന്നിവയാണ്

സന്തോഷ് കുമാർ ഇ .വി
ലക്ചറർ, ഡയറ്റ് കണ്ണൂർ


ഫോട്ടോഗ്രഫി, വീഡിയോ നിർമാണം എന്നിവ വിലയിരുത്തിയത് പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രഫർ ശ്രീജിത്ത് നീലായി, ദാമു സർഗം, ഉഭേ ഷ് ചീമേനി, കെ.പി. ജയേഷ് എന്നിവരായിരുന്നു.

കോവിഡ് ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർക്കായി ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച 'സർഗവസന്തം' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.കഥാകഥനം, ഫോട്ടോഗ്രഫി, വീഡിയോ നിർമാണം എന്നിവയായിരുന്നു മത്സര ഇനങ്ങൾ .
    മത്സരവിജയികൾ:
  • കഥാകഥനം: ഒന്ന് - വിനയൻ പിലിക്കോട് (ഐ ഐ എ എൽ പി എസ് ചന്തേര), രണ്ട് - ചിത്ര കെ എൻ (എ യു പി എസ് പുത്തിലോട്ട്), മൂന്ന് - റീന സി വി (എ എൽ പി എസ് വലിയപറമ്പ), ബാലചന്ദ്രൻ എരവിൽ (ഐ ഐ എ എൽ പി എസ് ചന്തേര )
  • ഫോട്ടോഗ്രഫി: ഒന്ന് - തുളസി എം (സി കെ എൻ എസ് ജി എച്ച് എസ് എസ് പിലിക്കോട്), രണ്ട് - മാധവൻ വി വി ( ജി യുപി എസ് പാടിക്കീൽ), മൂന്ന് - വിനയൻ പിലിക്കോട് (ഐ ഐ എ എൽ പി എസ് ചന്തേര)
  • വീഡിയോ ചിത്രീകരണം: ഒന്ന് - ദാവൂദ് എം (പി ടി എസ് വി എച്ച് എസ് എസ് കൈക്കോട്ടുകടവ്), രണ്ട്: വിനീത എം (ജി എൽ പി എസ് കൂലേരി )
മത്സരത്തിലൂടെ ലഭിച്ച ഉല്പന്നങ്ങൾ വരും ദിവസങ്ങളിൽ ബി.ആർ.സി  കുട്ടികൾക്കായി തയാറാക്കുന്ന ഓൺലൈൻ പ്രവർത്തന പദ്ധതിയിൽ ഉപയോഗപ്പെടുത്തും.
സർഗവസന്തം രണ്ടാം ഘട്ടം:സംസ്ഥാന തലത്തിലേക്ക്
ചെറുവത്തൂർ ബി ആർ സി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന' സർഗവസന്തം' രണ്ടാം ഘട്ടത്തിലേക്ക്. ബി ആർ സി തലത്തിൽ നടത്തിയ 'സർഗവസന്തം' പരിപാടിയിൽ മറ്റ് ജില്ലകളിലെ അധ്യാപകരും പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മത്സരം രണ്ടാം ഘട്ടത്തിൽ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.കുട്ടിക്  സൃഷ്ടികൾ 9446659039 എന്ന വാട്സ് ആപ്പ് നമ്പറിലാണ് അയക്കേണ്ടത്.
  • അധ്യാപകശാക്തീകരണത്തിന് മറ്റൊരു സാധ്യതയാണ് ഇവിടെ വികസിപ്പികുന്നത്.  
  • ഒരു ഉപജില്ലയിലെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ മാത്രമായി അവതരിപ്പിച്ചുവന്ന രീതികള്‍ മറ്റു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും കാണാന്‍ അവസരം ലഭിക്കുന്നു.  
  • അത് മറ്റുളളവരെ സ്വയം വിലയിരുത്താന്‍ പ്രേരിപ്പിക്കും.  
  • കൂടുതല്‍ മെച്ചപ്പെട്ട അവതരണങ്ങള്‍ക്കായി അവര്‍ തയ്യാറാകും
  • പഠനവിഭവങ്ങള്‍ തയ്യാറാക്കുന്നതിലുളള ശ്രമം എന്ന നിലയിലും ഇതിനെ കാണേണ്ടതുണ്ട്.  
  • അധ്യാപകരുടെ കഴിവുകളുടെ വിവിധ മേഖലകള്‍ കണ്ടെത്തി വിഷയാധിഷ്ഠിതമായി കൊവിഡാനന്തരകാലത്തും ചെറുവത്തൂര്‍ ബി ആര്‍ സിക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാനാകണം.
പല അക്കാദമിക സ്ഥാപനങ്ങളും നിഷ്ക്രിയമായിരുന്ന സമയത്താണ് ചെറുവത്തൂര്‍ ബി ആര്‍ സി ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അധ്യാപകസമൂഹത്തിലേക്കിറങ്ങിയത് എന്നതും ആഹ്ലാദം നല്‍കുന്നതാണ്. ഞാന്‍ മറ്റൊരിടത്ത് സൂചിപ്പിച്ചതാണ് ചെറുവത്തൂര്‍ പെരുമ. സംസ്ഥാനതലത്തില്‍ അക്കാദമിക പിന്തുണ നല്‍കുന്ന ഒരു പറ്റം അധ്യാപകരുടെ നാടാണ് ചെറുവത്തൂര്‍. പല മാതൃകകളും സംസ്ഥാനം അവിടെനിന്നും ഏറ്റെടുത്തിട്ടുണ്ട്. കുറേകാലങ്ങളായി ചെറുവത്തൂര്‍ ബി ആര്‍ സിയുടെ ചുമതല വഹിക്കുന്ന ബി പി ഒമാരും അക്കാദമികകാര്യങ്ങളില്‍ തെളിച്ചമുളളവരാണ്. ആ ബി ആര്‍ സിയില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്. കേരളത്തിലെ ബി ആര്‍ സികള്‍ക്ക് മാതൃകയാക്കാവുന്ന പരിപാടികള്‍ നടത്തി ചരിത്രമാണ് അവര്‍ക്കുളളത്. കൂടുതല്‍ മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി