Pages

Monday, May 18, 2020

കൊവിഡ്കാലഘട്ടത്തിലെ വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും

(പാലക്കാട് ഞായറാഴ്ചക്കൂട്ടം ഗ്രൂപ്പില്‍ 17/05/20 ന്  ചര്‍ച്ചയ്കായി അവതരിപ്പിച്ചത്)
ഒന്ന് ) കയറ്റുമതിയ്കായുളള വിദ്യാഭ്യാസത്തില്‍ പുനരാലോചന
  1. പലരും വിദേശതൊഴില്‍ക്കമ്പോളം ലക്ഷ്യമിട്ടു പഠിപ്പിച്ചു. ഇപ്പോള്‍ മറ്റിടങ്ങള്‍ സുരക്ഷിതമല്ലാതായി. 
  2. തൊഴില്‍ നഷ്ടം, രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ സാധ്യത മങ്ങി.
  3. കേരളം ലോകത്തിലെ സുരക്ഷിത പ്രദേശം. 
  4. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയവരുടെ തൊഴില്‍ നൈപുണിയും തൊഴിലന്വേഷണവും അഭ്യസ്തവിദ്യര്‍ക്ക് മറ്റുനാടുകളിലേക്കുളള വാതിലടയുന്നതുമൂലം ആഭ്യന്തരതൊഴില്‍ സാധ്യത കണ്ടെത്താനുളള അന്വേഷണവും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ വളര്‍ന്നു വരുന്നതിനിടയാക്കും. 
  5. വീട്ടിലിരിക്കൂ ജോലി ചെയ്യൂ എന്ന മുദ്രാവാക്യവും ഉയരും. കേരളത്തിലിരുന്ന് വിദേശകമ്പനികളില്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ സാധ്യതമുതല്‍ നമ്മുടെ വിഭവങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി അതിനൂതനമൂല്യവര്‍ധിത ഉല്പന്നങ്ങളും സേവനങ്ങളും തൊഴിലുകളും വരുമാന ദായക സംരംഭങ്ങളും സൃഷ്ടിക്കപ്പെടാം. 
  6. കുട്ടികളെ കയറ്റുമതി ചെയ്യാനായുളള കച്ചവിദ്യാഭ്യാസസംവിധാനത്തില്‍ നിന്നും കേരളത്തിലെ പൊതുധാരയിലേക്ക് മാറാനുളള വാതില്‍ കൊവിഡ് തുറന്നിടും.
രണ്ട് ) പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും
  1. കേരളത്തിന്റെ സാമ്പത്തിക ഉണര്‍വിന് സഹായകമാകണം വിദ്യാഭ്യാസം.
     
  2. പഠനം പൂര്‍ത്തീകരിച്ചതിനു ശേഷം ഒരു തൊഴില്‍ പരിശീലിക്കാം എന്ന രീതിയില്‍ കാത്തു നില്‍ക്കാന്‍ ഇനി കേരളത്തിന് സമയം ഉണ്ടാകില്ല. 
  3. പഠനത്തോടൊപ്പം ഏതെങ്കിലും തൊഴില്‍ കൂടി പരിശീലിക്കുകയും പഠനാനന്തരം ഉല്പാദനമേഖലയില്‍ സജീവമായി ഇടപെടാനും കഴിയുന്ന വിധത്തില്‍ മനുഷ്യശേഷിയെ പരമാവധി സമൃദ്ധമാക്കിയെടുക്കണം. തുടര്‍പഠനം നടക്കുകയും വേണം. 
  4. പൊതുവിദ്യാഭ്യാസഘട്ടത്തില്‍ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം എന്നതുപോലെ അടുത്തഘട്ടത്തില്, ഉന്നത വിദ്യാഭ്യാസതലതത്തില്‍‍ തൊഴിലിനോടൊപ്പം പഠനം എന്ന രീതിയും ആലോചിക്കണം.പൂര്‍ണമായ അക്കാദമിക പഠനവും കൈയൊഴിയാനാവില്ല. 
  5. കൊവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും പാഠ്യപദ്ധതി പുനരാവിഷ്കരിക്കണം, പഠനക്രമം മാറണം.പഠനസമയത്തിലും രീതിയിലുമെല്ലാം മാറ്റങ്ങള്‍ വേണ്ടി വരും.
മൂന്ന്) സി ബി എസ് ഇ, ഐ സി എസ് ഇ നേരിടുന്ന പ്രശ്നങ്ങള്‍
  1. ദേശീയബോര്‍ഡുകള്‍ക്ക് പരീക്ഷ നടത്താനാകുന്നില്ല. കാരണം എല്ലാ സംസ്ഥാനങ്ങളിലും
    പരതോതിലാണ് കൊവിഡ് വ്യാപനം. കേന്ദ്രീകൃതമായ രീതി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 
  2. കേരളത്തിലെ പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍റ്റ് വരികയും കേന്ദ്രബോര്‍ഡുകളുടെ വൈകുകയും ചെയ്യാം. അവര്‍ക്കുവേണ്ടി കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് പ്രവേശനം അല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസ പ്രവേശനം വൈകിക്കാനാകുമോ? പറ്റില്ല. രക്ഷിതാക്കളില്‍ ആശങ്ക ഉണ്ടാക്കും.
  3. മറ്റൊരു പ്രശ്നം കേരളം ജൂണ്‍ മാസം തന്നെ സ്കൂള്‍ തുറക്കുകയാണ്. സൗജന്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുളള ഇടപെടല്‍. അധ്യാപകര്‍ കുട്ടികളുമായി സംവദിക്കും. പഠനവിഭവങ്ങള്‍ ഏവര്‍ക്കും പ്രാപ്യമാണ്. സി ബി എസ് ഇ സംവിധാനങ്ങള്‍ക്ക് ഫീസ് വാങ്ങി ഓണ്‍ലൈനായി പഠനവിഭവങ്ങള്‍ നല്‍കാന്‍ കഴിയുമോ? അത് പ്രായോഗികമാകുമോ?
  4. പഠനവവിഭവങ്ങള്‍ സുതാര്യമാവുകയാണ്. രണ്ടു ധാരയിലെയും പഠനവിഭവങ്ങള്‍ സമൂഹം താരതമ്യം ചെയ്യും. കോച്ചിംഗ് രീതികളെ അടിസ്ഥാനമാക്കിയുളളവയുടെ കുറഞ്ഞനിലവാരമൂല്യം തിരിച്ചറിയും. 
  5. ലാഭപ്രചോദിതരായ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനപക്ഷത്തു നിന്നു ചിന്തിക്കാനാകില്ല. പണം വാങ്ങിയുളള ഓണ്‍ ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ പോലെ  അവര്‍ പ്രവര്‍ത്തിച്ചേക്കാം. 
  6. സൗജന്യവും ഗുണനിലവാരമുളളതുമായ പൊതുവിദ്യാഭ്യാസ മേഖല ഈ അവസരത്തില്‍ കൂടുതല്‍ കരുത്തുനേടുകയാണ് ചെയ്യുക.
നാല്)  സമൂഹത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ പ്രതിഫലിക്കും.

  1. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വരുമാനനഷ്ടത്തിന്റെ കാലമാണിത്. 
  2. സര്‍ക്കാര്‍ എല്ലാ വായ്പകളുടെയും തിരിച്ചടവ് കാലം നീട്ടി നല്‍കിയതും ആശ്വാസ നടപടികളും പ്രശ്നത്തെ പരിഹരിക്കില്ല. 
  3. ഉളള സമ്പത്ത് കരുതലോടെ ഉപയോഗിക്കേണ്ടി വരും. 
  4. അതിവര്‍ഷം വരാനിരിക്കുന്നു. ശക്തമായ മഴക്കാലം കൊവിഡിനൊപ്പം സംഭവിച്ചാല്‍ സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കും. 
  5. ഈ അവസരത്തില്‍ സൗജന്യവും ഗുണമേന്മയുളളതും ഹൈടെക് സംവിധനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുമായ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ രക്ഷിതാക്കള്‍ ആകര്‍ഷിക്കപ്പെടും.
അഞ്ച് ) അധ്യാപകസമൂഹം നേരിടുന്ന വെല്ലുവിളികള്‍
  1. ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമ്പോള്‍ അധ്യാപകര്‍ മികച്ച പഠനവിഭവങ്ങള്‍ തയ്യാറാക്കി
    നല്‍കേണ്ടതുണ്ട്. 
  2. ഓരോ വിദ്യാലയത്തിന്റെയും പഠനവിഭവങ്ങള്‍ സമൂഹത്തിലെത്തുകയാണ്. മികച്ചവയ്ക് നല്ല പ്രതികരണം ഉണ്ടാകും. 
  3. ക്ലാസ് മുറിയുടെ ചുവരുകള്‍ക്കുളളില്‍ നടന്ന പ്രക്രിയ സമൂഹത്തിന്റെ മുന്നിലേക്ക് തുറന്നിടുകയാണ്. 
  4. പഠനവിഭവങ്ങള്‍ മാത്രമല്ല, അധ്യാപകന്‍ നല്‍കുന്ന പിന്തുണ, വിലയിരുത്തല്‍, ഫീഡ് ബാക്ക് എന്നിവയെല്ലാം മികച്ച നിലവാരത്തിലാകണം. 
  5. അധ്യാപനനിലവാരം ഉയര്‍ത്താനുളള  ശ്രമം അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ അധ്യാപകര്‍ അതിനുളള മുന്നൊരുക്കം നടത്താന്‍ വൈകിപ്പോകുന്നുണ്ട്. 
  6. അവര്‍ കാലത്തിനൊപ്പം സാഹചര്യങ്ങളുടെ ആവശ്യങ്ങളോടെ പ്രതികരിക്കുമെന്നു പ്രതീക്ഷിക്കാം.
ആറ് ) സാങ്കേതികസൗകര്യങ്ങളുടെ പ്രാപ്യത.

  1. നടന്നെത്താവുന്ന ദൂരത്തില്‍ വിദ്യാലയം എന്നതായിരുന്നു ഒരു കാലത്തെ മുന്‍ഗണന. 
  2. വിദ്യാഭ്യാസ പ്രാപ്യത അവകാശമാണ്. ഓണ്‍ ലൈന്‍ പഠനം നടക്കുമ്പോഴും ഈ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 
  3. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇന്റര്‍നെറ്റോ സ്മാര്‍ട്ട് ഫോണുകളോ വീട്ടിലുണ്ടാകണമെന്നില്ല. ഇങ്ങനെയുളള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യറാകാണം. 
  4. അതേ പോലെ പൊതുസമൂഹം പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഫോണടക്കം നല്‍കാനും തയ്യാറാകണം. 
  5. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പുതിയമുഖമാകണം എല്ലാ കുട്ടികള്‍ക്കും പഠനത്തിനായുളള സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുക എന്നത്.
  6. മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത ഉറപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രദേശമായി കേരളം മാറാം. 
  7. കൊവിഡ് തീര്‍ന്ന ശേഷം മുഖാമുഖ അധ്യാപനം ആരംഭിച്ചാലും ഓണ്‍ലൈന്‍സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി വ്യക്തിഗതശ്രദ്ധയും പഠനപിന്തുണയും നല്‍കാനാകും. ഇത് നിലവാരം കൂട്ടും എന്നതില്‍ തര്‍ക്കമില്ല.
ഏഴ് ) രക്ഷിതാക്കളുടെ സജീവപങ്കാളിത്തം
  1. സ്മാര്‍ട്ട് ഫോണ്‍ നിര്‍ണായകപഠനോപാധി ആകുമ്പോള്‍ അത് കൈകാര്യം ചെയ്യുന്ന രക്ഷിതാക്കള്‍ യഥാസമയം കുട്ടികള്‍ക്ക് പഠനവിഭവങ്ങളും നിര്‍ദേശങ്ങളും കൈമാറേണ്ടി വരും. 
  2. അതായത് പഠനത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കളുടെ സജീവ ശ്രദ്ധ നിര്‍ബന്ധിക്കുകയാണ്. 
  3. എന്തെല്ലാമാണ് ഇന്ന് കുട്ടി ചെയ്യേണ്ടത് എന്ന് രക്ഷിതാവു കൂടി മനസിലാക്കും. കുട്ടിയുടെ സംശയങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യാന്‍ രക്ഷിതാവ് പ്രേരണയാകും.
  4.  ക്ലാസില്‍ സംശയങ്ങള്‍ ചോദിക്കുന്നതിന് സങ്കേചമുളള കുട്ടിക്ക് ഇവിടെ രക്ഷിതാവിന്റെ പ്രോത്സാഹനത്തോടെ ചോദ്യങ്ങള്‍ ഉയര്‍ത്താനാകും.
  5.  അതേ പോലെ പഠനപ്രവര്‍ത്തനം ഏറ്റെടുത്ത കുട്ടികള്‍ അത് പൂര്‍ത്തീകരിച്ച് പഠനോല്പന്നങ്ങള്‍ അധ്യാപകരുമായി പങ്കിടുന്നതും സുതാര്യമാകും. 
  6. ഇതും രക്ഷിതാക്കള്‍ കാണുകയും മികച്ച രീതിയില്‍ പ്രതികരിച്ച കുട്ടികളുടെ പഠനോല്പുന്നങ്ങളും സ്വന്തം കുട്ടിയുടെ പഠനവിഭവമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യും. 
  7. ഓണ്‍ലൈന്‍ രക്ഷാകര്‍തൃക്കൂട്ടങ്ങള്‍, ഓണ്‍ലൈന്‍ ക്ലാസ് പി ടി എ തുടങ്ങിയവ നിലവില്‍ വരും. ഏതു സമയത്തും ഏതു പ്രദേശത്തിരുന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശയവിനമയം നടത്താനും സാധിക്കും. 
  8. വാട്സാപ്പും ടെലിഗ്രാമുമൊക്കെ രക്ഷാകര്‍തൃവിദ്യാഭ്യാസത്തിന്റെ നൂതനമാര്‍ഗങ്ങള്‍ക്ക് അവസരം ഒരുക്കും. രക്ഷിതാക്കളുടെ പങ്കാളിത്തസജീവത കുട്ടിയുടെ പഠനത്തെ മികവിലേക്ക് ഉയര്‍ത്തും.
എട്ട് ) കുട്ടികള്‍ വീട്ടിലിരുന്നാല്‍ പഠിക്കുമോ?
  1. അധ്യാപകരുടെ സാന്നിധ്യമില്ലാതെ കുട്ടികള്‍ പഠിക്കുമോ? ഉഴപ്പുമോ?
  2. കൊവിഡ് കാലത്ത് ചില അധ്യാപകക്കൂട്ടായ്മകളുമായി സഹകരിച്ച് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാനുഭവം ഒരുക്കിയതിന്റെ അനുഭവം എനിക്കുണ്ട്. കുട്ടികളുടെ മനസിനെ വെല്ലുവിളിക്കുന്ന ശക്തമായ ആവശ്യബോധം സൃഷ്ടിക്കുന്നതും ആന്തരികപ്രചോദനമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനം കുട്ടികള്‍ ഏറ്റെടുക്കുകയും ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ മനസ് അര്‍പ്പിക്കുകയും ചെയ്യും. 
  3. നമ്മുടെ പാഠഭാഗങ്ങളിലെ പഠനപ്രവര്‍ത്തനങ്ങളെ പുനരാവിഷ്കരിക്കണം.  
  4. അധ്യാപകര്‍ വിദ്യാര്‍ഥിയുടെ പഠനത്തെ മോണിറ്റര്‍ ചെയ്യണം. മക്കളേ എവിടം വരെയായി എന്തെങ്കിലും പ്രയാസമുണ്ടോ എന്നിങ്ങനെ അന്വേഷിക്കാനും അവരുടെ പഠനപ്രക്രിയില്‍ വ്യക്തതവരുത്താനും പഠനോല്പന്നങ്ങള്‍ വിശകലനം ചെയ്ത് ഫീഡ്ബാക്ക് നല്‍കാനും കഴിയണം. 
  5. നിരന്തര പ്രോത്സാഹനവും അംഗീകാരവും പ്രധാനമാണ്. 
  6. അതായത് ഓണ്‍ലൈന്‍ പഠനരീതിയില്‍ അധ്യാപകര്‍ മുഴുസമയപഠനപങ്കാളിയായി മാറുകയാണ്. ഇത് കുട്ടികളുടെ പഠനതാല്പര്യം ഉയര്‍ത്തും.
ഒമ്പത് ) കൂട്ടുചേര്‍ന്നുളള പ്രവര്‍ത്തനങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍
  1. കൊവിഡ്കാലം കുട്ടികളെ വീട്ടുതടങ്കലിലാക്കുകയാണ് ചെയ്തത്. 
  2. കൂട്ടുകൂടി പ്രവര്‍ത്തിക്കുക സാമൂഹിക നൈപുണി നേടുന്നതിന് അനിവാര്യമാണ്. 
  3. അതേപോലെ പ്രധാനമാണ് കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതും. 
  4. ഇത് എപ്രകാരം അഭിസംബോധന ചെയ്യാം എന്നു പരിശോധിക്കണം. ഓണ്‍ലൈന്‍ രീതിയില്‍ വ്യായാമവും യോഗയുമെല്ലാം പരീക്ഷിക്കാം. സകുടുബനടത്തം കേരളത്തിന്റെ ശീലമാക്കാം. 
  5. കൃഷിയിടങ്ങളിലെ അധ്വാനവും പഠനമായി പരിഗണിക്കണം. 
  6. സാമൂഹികാകലം പാലിച്ചുകൊണ്ടുളള കായിക വിനോദങ്ങള്‍ വികസിപ്പിക്കേണ്ടി വരും. 
  7. കായികവിദ്യാഭ്യാസത്തില്‍ ഓണ്‍ലൈന്‍ സാധ്യത എങ്ങനെ എന്നതു് പരിഗണിക്കേണ്ട കാര്യമാണ്.
ഒമ്പത് ) കേന്ദ്രീകൃതപഠനവിഭവങ്ങളോ വികേന്ദ്രീകൃത പഠനവിഭവങ്ങളോ?
  1. തങ്ങള്‍ക്ക് പഠനവിഭവങ്ങള്‍ തയ്യാറാക്കാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രീകൃതമായി അവ തയ്യാറാക്കി തരണമെന്നും അധ്യാപകരുടെ ഭാഗത്തു നിന്നും ആവശ്യമുയരാം.  
  2. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രീകൃതമായി ചില ഏജന്‍സികള്‍ പഠനവിഭവങ്ങള്‍ രൂപപ്പെടുത്തും. പ്രാദേശികത്തനിമയും സംസ്കാരവും അവഗണിക്കപ്പെടും. 
  3. തന്റെ സജീവപരിസരവുമായി ബന്ധമില്ലാത്ത വിദ്യാഭ്യാസമാകും അത്. 
  4. നിഗുഢമായ അജണ്ടകള്‍ കടത്തിവിടാനും ഇടയുണ്ട്. ചരിത്രപാഠപുസ്തകങ്ങള്‍ തിരുത്താന്‍ ശ്രമിച്ച, ഗാന്ധിജിയെയും നെഹ്രുവിനെയും തമസ്കരിക്കാന്‍ ശ്രമിച്ച ശക്തികള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ഊഹിക്കാം. കൊവിഡ് കാലത്ത് പുരാണസീരിയലുകള്‍ പൊടിതട്ടിയെടുത്ത രാഷ്ട്രീയം കാണാതിരുന്നുകൂടാ. 
  5. അതിനാല്‍ കേന്ദ്രീകൃത പഠനവിഭവങ്ങള്‍ക്ക് പകരം പ്രാദേശിക അധ്യാപകക്കൂട്ടായ്മകള്‍ വികസിപ്പിക്കുന്ന പഠനവിഭവങ്ങള്‍ക്കായി നിലകൊളളണം. 
  6. നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ചിന്തിക്കാം, ചിന്തിച്ചുകൊടുക്കപ്പെടും എന്നീ സമീപനം അധ്യാപകരുടെ ക്രിയേറ്റിവിറ്റിയെ മന്ദീഭവിപ്പിക്കും. പലവിധ മാതൃകള്‍ പരിചയപ്പെടുത്താം. പ്രാദേശിക സാഹചര്യം കൂടി പരിഗണിച്ച് അക്കാദമിക കൂട്ടായ്മകള്‍ ഓരോരോ പ്രദേശത്തും പഠനവിഭവങ്ങള് സൃഷ്ടിക്കട്ടെ. നൂറുകണക്കിന് മാതൃകകള്‍ പൂത്തുവിരിയട്ടെ.
  7. ഇവിടെ അവരെ ശക്തിപ്പെടുത്താന്‍ ബി ആര്‍ സി, ഡയറ്റ്, എസ് സി ഇ ആര്‍ ടി തുടങ്ങിയ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുകയും വേണം.

ചര്‍ച്ചയിലൂടെ ഉയര്‍ന്നു വന്ന ആശയങ്ങള്‍
  1.  അയല്‍പക്ക സുരക്ഷിത വിദ്യാലയം എന്ന ആശയം ശക്തിപ്പെടാം
  2. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന മെഗാവിദ്യാലയങ്ങള്‍ക്ക് പകരം ചെറുതിനെ അക്കാദമികമായ ശക്തിപ്പെടുത്തി നിലനിറുത്തുക എന്നതിന് ഊന്നല്‍ ലഭിക്കണം. ഭീമവിദ്യാലയങ്ങളെ ചെറുതാക്കണം. ഒരു കേന്ദ്രത്തിലേക്ക് പതിനായിരത്തിലധികം കുട്ടികള്‍ വരുന്ന വിദ്യാലയങ്ങള്‍ തിരുവനന്തപുരത്തുണ്ട്. അതൊക്കെ പുനപ്പരിശോധിക്കണം.
  3. അതിഥിത്തൊഴിലാളികള്‍ അഭയാര്‍ഥികളെപ്പോലെ തെരുവില്‍ കഴിയുന്ന ചിത്രമാണ് ഭാരതത്തില്‍. കേരളത്തില്‍ മാത്രമേ സാമൂഹികനീതിയിലധിഷ്ഠിതമായ എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസം സാധ്യമാകൂ. മറ്റിടങ്ങളില്‍ർ വലിയൊരു വിഭാഗത്തിന്റെ പഠനം മുടങ്ങാം. ജിവന്‍ ആണല്ലോ ആദ്യ ആവശ്യം.
  4. പുതിയകാലത്ത് ഓരോ അധ്യാപകന്റെ വീടും ഐ ടി അധിഷ്ഠിതമായ പരിശീലനകേന്ദ്രമായി മാറേണ്ടതുണ്ട്
  5. കൊവിഡ് തീരും വരെ പരിമിതികള്‍ക്കുളളില്‍ നിന്ന് സാധ്യത കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്
  6. കൊവിഡ് കാലത്ത് നടപ്പിലാക്കുന്ന പഠനരീതികള്‍ ഫലപ്രദമാണെങ്കില്‍ അതിന്റെ നല്ല വശങ്ങള്‍ സമൂഹം തുടര്‍ന്നും നിലനിറുത്തും
  7. ലോകത്തെവിടെയുമുളള  വിദഗ്ധരുമായി  സംവദിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്ലാറ്റ്ഫോം സൃഷ്ടിക്കാനാകുമോ എന്നാലോചിക്കണം.ദാനം ചെയ്യുന്ന അറിവിനേക്കാല്‍ തേടി നേടുന്ന അറിവിന് മൂല്യം കൂടും
  8. സാമൂഹികാകലം പാലിച്ച് വിദ്യാലയം എങ്ങനെ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നും പരിശോധിക്കണം. വിവിധ സാധ്യതകള്‍.
  9. കേന്ദ്രീകൃത പഠനവിഭവങ്ങള്‍ അധ്യാപകരെ നിസ്സാരവത്കരിക്കും. ഇപ്പോള്‍ സമഗ്രയില്‍ നിന്നും കൊപ്പിയെടുക്കുന്ന പോലെ യാന്ത്രികമാകും. നിഷ്ക്രിയ സ്വീകര്‍ത്താക്കളാക്കി മാറ്റും. അധ്യാപകരെ സൃഷ്ടാക്കളായി കാണണം. കേവലം ബോധവത്കരണല്ല പഠനം. അതിന്റെ സംവാദാത്മകതലം പ്രധാനമാണ്.കുട്ടിയുടെ ഏറ്റവും അടുത്ത സാമൂഹിക സാംസ്കാരിക ഘടകങ്ങളെ ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം
  10. പൊതുഇടങ്ങളില്ലാതെ കുട്ടികള്‍ ഒറ്റയ്കിരുന്നാല്‍ ഞാന്‍ എന്നല്ലാതെ ഞങ്ങള്‍ എന്നചിന്ത ഉണ്ടാകില്ല.
  11. പൊതുയിടങ്ങളും ആള്‍ക്കൂട്ട ആനന്ദങ്ങളുമില്ലാതെ മനുഷ്യന് മുന്നോട്ടു പോകുവാനാകുമോ?
  12. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയെ ആശ്രയിക്കുമ്പോള്‍ വിപുലമായ തൊഴില്‍മേഖല വളരെയധികം ശോഷിച്ചു പോകാനിടയുണ്ട്.
  13. ജീവിതം പഠിക്കുക എന്നതീലൂന്നി പൊതുവിദ്യാഭ്യാസം മുന്നേറണം
  14. അണ്‍ എയ്ഡഡ് മേഖലയിലുളളവരെ കൂടി പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പുതിയ ഇടപെടലുകള്‍ സഹായകമാകണം.
  15. കേന്ദ്രീകൃതമായി തയ്യാറാക്കുന്ന പഠനവിഭവങ്ങള്‍ക്ക് ഗുണനിലവാരം കൂടുതലാകുുമെന്നൊരു സാധ്യതയുണ്ട്.

മഴ തോര്‍ന്നാലും മരം പെയ്യും എന്നു പറയുന്നതുപോലെ  മുഖാമുഖ അധ്യയനം ആരംഭിച്ചാലും ഓണ്‍ലൈന്‍ പഠനവിഭവങ്ങളുടെ ഉപയോഗം തുടരും. കൊവിഡ്കാലം തുറന്നിടുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി വെല്ലുവിളികളെ നേരിട്ട് മികവുറ്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമിക്കുകയാണ് വേണ്ടത്.
( ഇത് ആലോചനകളാണ്. സമൂഹത്തിലെ മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കുന്ന തരത്തിലാകണമെന്നില്ല )

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി