Pages

Wednesday, October 7, 2020

വിദ്യാഭ്യാസ ഘടനയും ദേശീയനയരേഖയും

 ഭാഗം ഒന്ന്

വിദ്യാഭ്യാസ ഘടനതീരുമാനിക്കുന്നതിന് മനശാസ്ത്രപരമായ അടിത്തറയുണ്ട്. കുട്ടിയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഉളളടക്കം തീരുമാനിക്കാന്‍ സഹായകമാണ്. പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളുടെ സ്വാധീനം ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി , സെക്കണ്ടറി തലങ്ങളിലെ കരിക്കുലം നിര്‍മാണത്തില്‍ ഉണ്ടാകും. അതേപോലെ സാമൂഹിക വികാസ ഘട്ടങ്ങളും പ്രധാനമാണ്. കൃത്യമായി അതിരിട്ട രീതിയിലാണ് പിയാഷെ വൈജ്ഞാനിക വികാസഘട്ടങ്ങള്‍ അവതരിപ്പിച്ചത്. പില്‍ക്കാലത്ത് അത് വിമര്‍ശനവിധേയമായി. അതിനാല്‍ത്തന്നെ പല രാജ്യങ്ങളും ഒന്നോ രണ്ടോ വര്‍ഷം അങ്ങോട്ടും ഇങ്ങോട്ടും മാറി വരാവുന്ന രീതിയിലാണ് ഘടന തീരുമാനിച്ചത്. ഒരു ഏകീകൃത രീതി ദൃശ്യമല്ല.

ഇന്ദ്രിയമനശ്ചാലകഘട്ടം ( രണ്ടു വയസുവരെ), പൂര്‍വമനോവ്യാപാരഘട്ടം ( രണ്ടു മുതല്‍ ഏഴു വയസുവരെ), മൂര്‍ത്ത മനോവ്യാപാരഘട്ടം (ഏഴു മുതല്‍ പതിനൊന്നു വരെ), ഔപചാരിക മനോവ്യാപാരഘട്ടം ( പന്ത്രണ്ട് മുതല്‍) എന്നിങ്ങനെയാണ് പിയാഷെ വൈജ്ഞാനിക വികാസഘട്ടങ്ങള്‍ തീരുമാനിച്ചത്. പന്ത്രണ്ടാം വയസിനു ശേഷം സെക്കണ്ടറി വിദ്യാഭ്യാസം വന്നതിന്റെയും ഏഴുവയസുമുതല്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതിന്റെയും യുക്തി ഇതില്‍ നിന്നും മനസിലാക്കാം.

അന്തര്‍ദേശീയ ധാരണ.

ആദ്യമായി നമ്മുക്ക് വിദ്യാഭ്യാസഘടന സംബന്ധിച്ച് അന്തര്‍ദേശീയ ധാരണകളെന്താണെന്നു പരിശോധിക്കാം. International Standard Classification of Education (ISCED) പ്രകാരം ചിലമാനദണ്ഡങ്ങള്‍ ഘടനാപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി യുനെസ്കോ നിര്‍ദേശിച്ചിട്ടുണ്ട്. 14-16 വയസോടെ അപ്പര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കത്തക്ക വിധമാണ് ഘടന രൂപകല്പന ചെയ്തിരിക്കുന്നത്. വളരെ വഴക്കമുളള ചട്ടക്കൂടാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതത് ദേശങ്ങള്‍ക്ക് അനുയോജ്യമായ രീതി സ്വീകരിക്കാം.

1) ISCED 0: ആദ്യകാല ശിശുവിദ്യാഭ്യാസം. കാലയളവ് എത്രയാകണമെന്നു കൃത്യമായി പറയുന്നില്ല. ഒരു ദിവസം രണ്ടു മണിക്കൂര്‍ വീതം വര്‍ഷം നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുന്നു. രണ്ടു ഘട്ടമായി പരിഗണിക്കുന്നു. മൂന്നു വയസില്‍ താഴെയുളളവര്‍ക്കായുളളതും മൂന്നു വയസുമുതലുളളവര്‍ക്കും. പ്രൈമറി വിദ്യാഭ്യാസപ്രവേശനം വരെയുളള വിദ്യാഭ്യാസം എന്നാണ് സൂചിപ്പിക്കുന്നത്

2) ISCED 1: പ്രൈമറി വിദ്യാഭ്യാസം. 4 മുതല്‍ 7 വര്‍ഷം വരെ കാലയളവ് . 6 വര്‍ഷം എന്നതാണ് പൊതുവായി സ്വീകാര്യം. പ്രവേശനപ്രായം അഞ്ചുവയസില്‍ കുറയാതിരിക്കണം. ഏഴുവയസ് പൂര്‍ത്തിയായശേഷവും .

3) ISCED 2: ലോവര്‍ സെക്കണ്ടറി .2 മുതല്‍ 5 വര്‍ഷം വരെ കാലയളവ്. പൊതുവായി കാണുന്നത് മൂന്നു വര്‍ഷം . പ്രൈമറി തലത്തിലെ ആറു വര്‍ഷത്തിനു ശേഷം 10-13 പ്രായത്തിലാരംഭിക്കും. സാധാരണയായി 12 വയസില്‍ തുടങ്ങും.

അതായത് പ്രൈമറിയും ലോവര്‍ സെക്കണ്ടറിയുമായി ഏകദേശം ഒമ്പത് വര്‍ഷത്തെ വിദ്യാഭ്യാസം .

4) ISCED 3: അപ്പര്‍ സെക്കണ്ടറി. 2 മുതല്‍ 5 വര്‍ഷം വരെ കാലയളവ്. പൊതുവായി കാണുന്നത് മൂന്നു വര്‍ഷം . എട്ടു മുതല്‍ പതിനൊന്നു വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ആരംഭിക്കുന്നു. ഈ ഘട്ടത്തോടെ 12,13 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാകും. അപ്പര്‍ സെക്കണ്ടറി ഘട്ടത്തിലെ പ്രവേശനപ്രായം 14-16.

(അപ്പര്‍ സെക്കണ്ടറിക്കു മുകളിലുളള ഉന്നത വിദ്യാഭ്യാസ തലങ്ങളും നിര്‍വചിച്ചിട്ടുണ്ട്. ഈ കുറിപ്പിന്റെ വിശകലനത്തില്‍ അവ പരിഗണിക്കുന്നില്ല)

ഘടനാപരമായ വൈവിധ്യം

വിദ്യാഭ്യാസഘടനസംബന്ധിച്ച് പലമോഡലുകള്‍ നിലവിലുണ്ട് .ബള്‍ഗേറിയയിലെ സോഫിയ സര്‍വകലാശാലയിലെ നിക്കോളേ പൊംപോവ് എല്ലാ ഭൂഖണ്ഡങ്ങളിലും പെടുന്ന നൂറു രാജ്യങ്ങളിലെ വിദ്യാഭ്യാസ ഘടനകള്‍ താരതമ്യപഠനം നടത്തുകയുണ്ടായി (STRUCTURES OF SCHOOL SYSTEMS WORLDWIDE: A COMPARATIVE STUDY) യുനെസ്കോ പ്രസിദ്ധീകരിച്ച 1996, 1998, 1999, 2001, 2003,2006/2007, 2010/2011വര്‍ഷങ്ങളിലെ ലോകവിദ്യാഭ്യാസ സ്ഥിതിവിവരറിപ്പോര്‍ട്ടുകളാണ് പഠനത്തിനായി അദ്ദേഹം ആധാരമാക്കിയത്.

പഠന റിപ്പോര്‍ട്ടില്‍ നിന്നുളള വിവരങ്ങളാണ് ചുവടെയുളളത്

മാത‍ൃക 1 – ബ്രിട്ടീഷ് അമേരിക്കന്‍ മോഡല്‍. (പഠനവിധേയമായവയില്‍ 51% രാജ്യങ്ങളില്‍)

6 വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസം , 6 / 7 വര്‍ഷത്തെ സെക്കണ്ടറി വിദ്യാഭ്യാസം ( ഇത് രണ്ടു ഘട്ടങ്ങളായും വരാം, ലോവര്‍, അപ്പര്‍ സെക്കണ്ടറി)

    6 + 3 + 3 / 4 മാതൃക ബല്‍ജിയം അയര്‍ലാന്‍ഡ്,സ്വിറ്റ്സര്ർ‍ലാന്‍ഡ് ക്യൂബ, മെക്സിക്കോ, അമേരിക്ക, ജപ്പാന്‍,കൊറിയ , ഇറാക്ക്, കാനഡ, ഇസ്രായേല് (6 + 3 + 3) ‍, സൗദി അറേബ്യ, യു എ ഇ, നൈജീരിയ,

  • 6 + 6: നെതര്‍ലാന്‍ഡ് (8 + 6 ആണ് അവിടെ നാലാം വയസില്‍ ആരംഭിക്കുന്നതിനാല്‍ ആറുമുതലുളളത് പരിഗണിച്ചാല്‍ 6 + 6 ) ഹംഗറി, ആസ്ട്രേലിയ

  • 9 + 3 / 4: ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, പോര്‍ട്ടുഗല്‍, സ്വീഡന്‍,ചെക്ക് റിപ്പബ്ലിക്ക്, എസ്തോണിയ, അര്‍ജന്റീന, വെനിസ്വല, ചൈന, ലിബിയ, യമന്‍.

  • 6 + 2 + 4 / 5: ബല്‍ജിയം

  • 6 + 4 + 2 / 3: ജര്‍മനി( Berlin and Brandenburg), സ്പെയിന്‍, ഫിലിപ്പന്‍സ്,സിംഗപ്പൂര്‍, കോംഗോ

  • 6 + 5: കാനഡ ( Quebec), പെറു

  • 6 + 2 + 5 ( 6 + 7): ന്യൂസിലാന്ഡ്

  • 6 + 5 + 2: ഇംഗ്ലണ്ട്, വേല്‍സ് , മാള്‍ട്ടാ, ജമൈക്ക

മാതൃക 2. ഫ്രഞ്ച് മോഡല്‍ എന്നറിയപ്പെടുന്നു. (11% രാജ്യങ്ങളില്‍)

  • 5 വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസം + 6, 7 / 8 വര്‍ഷത്തെ സെക്കണ്ടറി വിദ്യാഭ്യാസം

  • 5 + 3 + 3 / 4 / 5: ഇറ്റലി, തുര്‍ക്കി, പാകിസ്ഥാന്‍, ഇറാന്‍

  • 5 + 7: കാനഡ (Saskatchewan).

  • 5 + 4 + 3 / 4: ഫ്രാന്‍സ്, സ്വിറ്റ്സര്‍ ലാന്‍ഡ് (4 cantons),കൊളംബിയ,ചൈന,വിയറ്റ്നാം മഡഗാസ്കര്‍

  • 5 + 8: ചെക്ക് റിപ്പബ്ലിക്ക്

മാതൃക 3 ജര്‍മന്‍ മോഡല്‍ (6%)

  • 4വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസം + 8 / 9 വര്‍ഷത്തെ സെക്കണ്ടറി വിദ്യാഭ്യാസം.

  • 4 + 6 + 2 / 3: ജര്‍മനി (14 provinces), ലിത്വാനിയ, ബലാറസ്

  • 4 + 5 + 2 / 3 / 4: സ്വിറ്റ്സര്‍ലാന്‍ഡ് ( 2 cantons),റഷ്യ. ഉക്രേന്‍,

  • 4 + 4 + 4 / 5: ആസ്ത്രിയ, ലിത്വാനിയ , യു എസ് എ ,കുവൈറ്റ്

  • 4 + 8: ഹംഗറി

മാതൃക 4 the 7 plus model ( 9% രാജ്യങ്ങളില്‍)

  • 7 വര്‍ഷത്തെ അടിസ്ഥാന വിദ്യാഭ്യാസം + 5 / 6 സെക്കണ്ടറി വിദ്യാഭ്യാസം

  • 7 + 2 + 3: Zambia.

  • 7 + 4 + 2: Scotland, Zimbabwe.

മാതൃക 5 the 8 plus model (21% രാജ്യങ്ങളില്‍)

8 വര്‍ഷത്തെ അടിസ്ഥാന വിദ്യാഭ്യാസം + 2, 3, 4 or 5 സെക്കണ്ടറി വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ പ്രൈമറി വിദ്യാഭ്യാസമായി കണക്കാക്കുന്ന ഇന്ത്യ ഈ ഗ്രൂപ്പിലാണ് വരിക.

മാതൃക 6 the 10 plus model (2%)

  • 10 വര്‍ഷത്തെ അടിസ്ഥാന വിദ്യാഭ്യാസം + 2, 3 or 4 സെക്കണ്ടറി വിദ്യാഭ്യാസംn

  • 10 + 2: ജോര്‍ഡാന്‍.

  • 10 + 3: നോര്‍വേ

  • 10 + 4: ഐലന്‍ഡ് .

ഈ പഠനത്തിലെ പ്രധാന കണ്ടത്തലുകളില്‍ ചിലത്

പ്രവേശനപ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു

വിദ്യാഭ്യാസ കാലയളവ് ഉയരുന്നു

നിര്‍ബന്ധിത പ്രീസ്കൂള്‍‍ വിദ്യാഭ്യാസം വ്യാപകമാകുന്നു

നിര്‍ബന്ധിതവിദ്യാഭ്യാസരീതി കൂടി വരുന്നു

പ്രൈമറി വിദ്യാഭ്യാസ കാലയളവ് വര്‍ധിച്ചു വരുന്നു.

വൈവിധ്യമുളള വിദ്യാഭ്യാസ ഘടന നടപ്പിലാകുന്നു.

ചില രാജ്യങ്ങളില്‍ വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ പ്രത്യേകത കാരണം ഒന്നിലധികം ഘടനകള്‍ പിന്തുടരുന്നുണ്ട് (USA, Canada, Australia, U K,

Germany, Switzerland, Belgium തുടങ്ങിയവ ഉദാഹരണം)

വിദ്യാഭ്യാസ ഘടനയും ISCED തലങ്ങളും

പൊതുവേ വിദ്യാഭ്യാസ ഘടനയെ രണ്ടായി തിരിച്ചും കാണാറുണ്ട്

1) മൂന്നു തലങ്ങളുളള ഘടന ( പ്രൈമറി വിദ്യാഭ്യാസം+ലോവര്‍ സെക്കണ്ടറി വിദ്യാഭ്യാസം +അപ്പര്‍ സെക്കണ്ടറി വിദ്യാഭ്യാസം 6 + 3 + 3 / 4

2) രണ്ടു തലങ്ങളുളള ഘടന ( അടിസ്ഥാന വിദ്യാഭ്യാസം+ സെക്കണ്ടറി വിദ്യാഭ്യാസം ) ഇതു രണ്ടു രീതിയിലാകും

A) 8 + 4 / 5,

B) 6 + 6

2011 ലെ International Standard Classification of Education (ISCED പ്രകാരം പരിശോധിച്ചാല്‍

- മൂന്നു തലങ്ങളുളള ഘടനയില്‍ ISCED തലങ്ങള്‍ 1 + 2 + 3 എന്നിവയും

- രണ്ടു തലങ്ങളുളള ഘടനയില്‍ ISCED തലങ്ങള്‍ (1 + 2) + 3 എന്നിങ്ങനെയും

ISCED തലങ്ങള്‍ 1 + (2 + 3) എന്നും വിന്യസിക്കപ്പെടുന്നു

(ഏഴു വര്‍ഷം മുമ്പുളള പഠനമായതിനാല്‍ പിന്നീട് രാജ്യങ്ങളില്‍ മാറ്റം സംഭവിച്ചിരിക്കാം )

ഭാഗം രണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഘടനാപരമായ മാറ്റം

5(3+2)+3+3+4 എന്ന ഘടനയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്നത്. ഫൗണ്ടേഷന്‍ ഘട്ടം (5(3+2)), പ്രാരംഭഘട്ടം ( മൂന്ന്, നാല് , അഞ്ച് ക്ലാസുകള്‍) മധ്യഘട്ടം ( ആറ്, ഏഴ്, എട്ട് ക്ലാസുകള്‍) തുടര്‍ന്നുളള സെക്കണ്ടറിഘട്ടം എന്നിങ്ങനെയാണ് ഘടന.

ഇതില്‍ പ്രീപ്രൈമറികൂടി ഉള്‍പ്പെട്ട പ്രൈമറിഘട്ടം 5(3+2)+3 +3 (അടിത്തറ‍ ഘട്ടം, പ്രാരംഭഘട്ടം, മധ്യഘട്ടം)എന്നിങ്ങനെ പതിനൊന്നു വര്‍ഷവും

സെക്കണ്ടറി ഘട്ടം 9,10,11,12 ക്ലാസുകള്‍ ഉള്‍പ്പെടുന്ന നാലുവര്‍ഷവും വരും

അതായത് മൊത്തം പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസത്തിലൂടെ കുട്ടി കടന്നുപോകണം.

നേരത്തെ നിലവിലിരുന്ന സംവിധാനം 10+2 ആയിരുന്നു. ഈ പത്ത് തന്നെ 8+2 (കേരളത്തില്‍ 7+3) എന്ന് രണ്ടായി തിരിച്ചിരുന്നു.

പന്ത്രണ്ട് വര്‍ഷത്തില്‍ നിന്നും പതിനഞ്ചിലേക്ക് വരുമ്പോള്‍ അധികമായി വന്ന മൂന്നു വര്‍ഷം അങ്കണവാടി ഉള്‍പ്പടെയുളള പ്രീസ്കൂള്‍ വിദ്യാഭ്യാസമാണ്.

പിയാഷെയുടെ പൂര്‍വമനോവ്യാപാരഘട്ടത്തെ ( രണ്ടു മുതല്‍ ഏഴു വയസുവരെ) പരിഗണിച്ചാണ് ഫൗണ്ടേഷന്‍ ഘട്ടം തീരുമാനിക്കപ്പെട്ടിട്ടുളളത് എന്നു കാണാം

പ്രാരംഭഘട്ടം (8,9,10 പ്രായം ) പിയാഷെയുടെ വികാസഘട്ട വിഭജനവുമായി (മൂര്‍ത്ത മനോവ്യാപാരഘട്ടം -ഏഴു മുതല്‍ പതിനൊന്നു വരെ) പൊരുത്തപ്പെടുന്നില്ല

. മധ്യഘട്ടം, സെക്കണ്ടറിഘട്ടം എന്നിവയും പന്ത്രണ്ട് വയസ് മുതലുളള ഔപചാരിക മനോവ്യാപാരഘട്ടവുമായി പൂര്‍ണപൊരുത്തമില്ല.

എട്ടാം ക്ലാസ് വരെ പ്രൈമറി തലം എന്ന ദേശീയധാരണ ( 8 plus model) തുടരുകയാണ് എന്നതിനപ്പുറം ന്യായീകരണമില്ല. കേരളം ഏഴുവരെ പ്രൈമറിയായി കണക്കാക്കിയാണ് വിദ്യാഭ്യാസ ഘട്ടങ്ങള്‍ നിശ്ചയിച്ചത് ( 7 plus model). അത്തരം ഒരു സ്വാതന്ത്ര്യം എടുത്തത് വഴി നിലവാരത്തില്‍ എന്തെങ്കിലും പ്രശ്നമുളളതായി ഇതുവരെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടില്ല.

അടിത്തറഘട്ടത്തിലെ പ്രശ്നങ്ങള്‍

അങ്കണവാടി, പ്രീസ്കൂള്‍ വിദ്യാഭ്യാസം, ഒന്ന് , രണ്ട് ക്ലാസുകള്‍ എന്നിവയാണ് സംയോജിക്കപ്പെടുന്നത്.

  • ഒന്ന്, രണ്ട് ക്ലാസുകള്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗവുമാണ്. അതിനോട് ചേര്‍ന്ന് പ്രീസ്കൂള്‍ വിദ്യാഭ്യാസവും സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടികളും വരുമോ? പ്രായോഗികമല്ല.

  • എല്ലാ പ്രൈമറി സ്കൂളുകളോടു ചേര്‍ന്നും പ്രീസ്കൂളുകളോ അങ്കണവാടികളോ ഇല്ല. അതിനാല്‍ത്തന്നെ ഒറ്റ യൂണിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. കേരളത്തിലെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളുമായി പ്രൈമറിസ്കൂളുകളെ ബന്ധിപ്പിക്കുക പ്രായോഗികമല്ല.


  • ഒറ്റ യൂണിററായി കടലാസിലും ഫലത്തില്‍ പല കേന്ദ്രങ്ങളിലായി പഠനാനുഭവവും വികസനാനുഭവവും എന്നതായിരിക്കുമോ സംഭവിക്കുക? അപ്പോള്‍ ഒരു ഏകകം എന്ന സങ്കല്പം തകരില്ലേ?

  • കുട്ടിക്ക് ലഭിക്കുന്ന അനുഭവരീതി രണ്ടാം ക്ലാസ് വരെ പ്രീസ്കൂള്‍ സ്വഭാവത്തിലുളളതായിരിക്കും എന്നാണ് സൂചന. അതായത് ഇപ്പോള്‍ ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് നിര്‍ദേശിക്കപ്പെട്ട ഉളളടക്കത്തില്‍ കുറവ് വരില്ലേ?

  • ഒറ്റ യൂണിറ്റാകുന്നതോടെ അധ്യാപകനിയമനവും യോഗ്യതയും പ്രശ്നമാകും. ഒന്ന്, രണ്ട് ക്ലാസുകള്‍ അങ്കണവാടി/ പ്രീസ്കൂള്‍ അധ്യാപകയോഗ്യതയുളളവര്‍ കൈകാര്യം ചെയ്യട്ടെ എന്നാകാം വരാന്‍ പോകുന്ന നിര്‍ദേശം.

  • പ്രൈമറി വിദ്യാലയങ്ങളില്‍ ഒന്ന്, രണ്ട് ക്ലാസുകള്‍ മറ്റൊരു യൂണിറ്റായി മാറുന്നത് അവിടുത്തെ അധ്യാപകരുടെ യോഗ്യതയില്‍ മാറ്റം നിര്‍ദേശിക്കുന്നില്ലെങ്കില്‍ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനാകും ( ഇപ്പോള്‍ എല്‍ പി വിഭാഗമുളള യു പി പ്രവര്‍ത്തിക്കുന്നതുപോലെ) നിലവിലുളള പ്രൈമറി സ്കൂള്‍ അധ്യാപകരെ മൂന്നു മുതലുളള ക്ലാസുകളിലേക്ക് ചുമതലപ്പെടുത്തി പുനക്രമീകരണം നടത്തിയാലും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനാകും ( യു പി വിഭാഗമുളള ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതു പോലെ). പ്രധാന ചോദ്യം ഈ രീതിയിലുളള ഘടനാമാറ്റം എന്ത് ഗുണം ചെയ്യുമെന്നതാണ്? എന്തിനു വേണ്ടി?

  • സാര്‍വത്രിക സൗജന്യ നിര്‍ബന്ധിത പ്രീസ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിയുമോ? അതിനുളള നിര്‍ദേശങ്ങള്‍ രേഖയിലില്ല. പന്ത്രണ്ട് കോടി കുട്ടികള്‍ക്ക് പതിമൂന്നര ലക്ഷം അങ്കണവാടികളാണിപ്പോഴുളളത്. അതായത് ഒരു അങ്കണവാടിയില്‍ ശരാശരി ഇരുപത് കുട്ടികള്‍ എന്നു കണക്കാക്കിയാല്‍ പോലും മൂന്നു കോടിയോടടുത്ത് കുട്ടികളെ ഉള്‍ക്കൊളളാനേ കഴിയുന്നുളളൂ. ബഹുഭൂരിപക്ഷവും പുറത്താണ്. ഒന്നുകില്‍ എങ്ങും പോകുന്നില്ല. അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍. ഈ മേഖല പൊതുസംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ സഹായകമായ നടപടികള്‍ അവതരിപ്പിക്കാതെയുളള നിര്‍ദേശം ദുരുദ്ദേശപരമല്ലേ എന്നു സംശയിക്കണം.

  • അങ്കണവാടികളുടെയോ പ്രീസ്കൂളുകളുടെയോ ഭൗതികസൗകര്യമുയര്‍ത്താന്‍ ശ്രമിക്കാതെ നിലവിലുളള രീതിയില്‍ പസസംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ മരച്ചുവട്ടിലോ പെരുവഴിയിലോ കാലിത്തൊഴുത്തിലോ വാടകക്കെട്ടിടത്തിലോ അങ്കണവാടികള്‍ തുടരുമോ? ആരു ഫണ്ട് നല്‍കും? ഫണ്ടിന്റെ പരിമിതി പറഞ്ഞ് കച്ചവടശക്തികള്‍ക്ക് കൈമാറുമോ?

  • നമ്മുക്കറിയാം പ്രീസ്കൂള്‍ മേഖല സ്വകാര്യ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. അവരെ ഒഴിവാക്കി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാതെ ഘടനാപരമായ മാറ്റം നിര്‍ദേശിക്കുന്നതു വഴി ഇപ്പോള്‍ ഒന്ന് രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയും സ്വകാര്യ ഏജന്‍സികള്‍ ഫൗണ്ടേഷന്‍ സ്റ്റേജ് പ്രഖ്യാപിച്ച് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.

  • കേന്ദ്രസര്‍ക്കാരാകട്ടെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികള്‍ക്ക് അവസരം കൊടുക്കണം എന്ന നിലപാടിലാണ്. ഇത്തരം സന്നദ്ധ സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മൂന്നു മുതല്‍ എട്ടു വയസുവരെ പ്രായമുളള കുട്ടികളെ കിട്ടും. അതിലെന്താ കുഴപ്പം എന്നല്ലേ? സംഘപരിവാരത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനം ഏറ്റവും ചെറിയ പ്രായത്തില്‍ കുട്ടികളുടെ മനോഘടനയെ മാറ്റുന്ന തരത്തില്‍ ഉപയോഗിക്കാനാകും. സംഘപരിവാരം മാത്രമല്ല മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, മതതീവ്രവാദികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ചെറു പ്രായത്തിലേ പിടിക്കുക എന്ന തത്വം പ്രയോഗിക്കപ്പെടും. മതനിരപേക്ഷ വിദ്യാഭ്യാസത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നു മാത്രമല്ല ഒന്ന്, രണ്ട് ക്ലാസുകള്‍ ശോഷിക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യും. ( കേരളീയ സാഹചര്യം മാത്രം നോക്കൂ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍‍ഞ പൂര്‍വകാലത്തെ സ്ഥിതി എന്തായിരുന്നു? ശക്തമായ വീക്ഷണമില്ലാത്ത സര്‍ക്കാരാണെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കും എന്നൂഹിക്കമല്ലേോ? ഫൗണ്ടേഷന്‍ ഘട്ടം മതതാല്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ചാകരയാകാം.

  • ഈ ഘട്ടത്തില്‍ കഥകളും പാട്ടുകളും ധാരാളമായി ഉപയോഗിക്കണമെന്നതിനോട് പുരാണകഥളും മതകഥാഗാനങ്ങളും എന്ന വിപുലീകരണം സംഭവിക്കാം.

  • വാചികവിനിമയ രീതിയാണ് നിര്‍ദേശിക്കുന്നത്. അച്ചടിച്ച് നല്‍കുന്നതാണെങ്കില്‍ അത് പരിശോധിക്കുന്നതിന് സംവിധാനമുണ്ട്. മനോധര്‍മം പോലെ വാചികാവതരണം നടത്തുന്നതിനാണെങ്കില്‍ അതില്‍ നിഗൂഢതാല്പര്യങ്ങള്‍ സന്നിവേശിപ്പിക്കാനാകും. പൊതുനിയന്ത്രണത്തിലല്ലാത്ത സാഹചര്യത്തിലാണ് ഇത് ആശങ്കയാകുക. എറണാകുളം പീസ് ഫൗണ്ടേഷന്‍ പാഠം വിവാദമായത് ഓര്‍ക്കുക. ഗുജറാത്തിലും മറ്റും പശുവിനെ ദേവസ്ഥാനത്ത് പ്രതിഷ്ഠിച്ച പാഠങ്ങളും വിവാദമായിരുന്നു. അച്ചടിച്ചവ ഇപ്രകാരമാകുമ്പോള്‍ അതില്ലാത്തവയുടെ സ്വാതന്ത്ര്യം ഊഹിക്കാവുന്നതേയുളളൂ. പ്രാദേശികമായി കഥ പറയാനും പാട്ടുപാടാനും കഴിവുളള വിദഗ്ധരുടെ സേവനവും ( അതാരാകുമെന്ന് ഊഹിക്കാമല്ലോ?) ഉപയോഗിച്ച് വേണമെങ്കില്‍ മതേതരപാതയ്ക് പുറത്തേക്ക് വഴിവെട്ടാം.

  • സംസ്കൃതപഠനം ഈ ഘട്ടത്തില്‍ നിര്‍ദേശിക്കുന്നുണ്ട് എന്നതും കൂട്ടി വായിക്കണം.

പ്രാരംഭഘട്ടം, മധ്യഘട്ടം , സെക്കണ്ടറി ഘട്ടം എന്നിവയും പൊതുപരീക്ഷകളും

കേരളത്തില്‍ അഞ്ചാം ക്ലാസ് യു പി വിഭാഗത്തിലാണ് . അഞ്ചുകൂടി ഉള്‍പ്പെടുന്ന പ്രാരംഭഘട്ടം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. അതേപോലെ എട്ടാം ക്ലാസ് ഹൈസ്കൂളിലാണ് . എട്ടിനെ പ്രൈമറിയുടെ ഭാഗമാക്കണം. യു പി വിഭാഗത്തില്‍ നിന്നും അഞ്ചാം ക്ലാസ് പോവുകയും പകരം എട്ടാം ക്ലാസ് വരികയും ചെയ്യുന്നതിനാല്‍ മൂന്നു ക്ലാസ് സങ്കല്പ പ്രകാരം അത് ക്രമീകരിക്കാനാകും. എന്നാല്‍ എല്‍ പി വിഭാഗത്തില്‍ ഒരു ക്ലാസിനുളള സൗകര്യം അധികമായി കണ്ടെത്തണം. അധ്യാപനയോഗ്യതാ വിദ്യാഭ്യാസം ഈ രീതിയിലുളള ഘട്ടവിഭജനത്തെ അടിസ്ഥാനമാക്കുകയാണെങ്കില്‍ അത് പ്രയാസം സൃഷ്ടിച്ചേക്കാം. പ്രാരംഭഘട്ടത്തിനും മധ്യഘട്ടത്തിനും ഒരേ അധ്യാപകവിദ്യാഭ്യാസ കോഴ്സാണെങ്കില്‍ അഞ്ചാം ക്ലാസ് മറ്റൊരു വിദ്യാലയത്തില്‍ നിന്നാലും കുഴപ്പമില്ല. പക്ഷേ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ എന്ന നിര്‍ദേശം ഈ ക്രമീകരണത്തെ തകിടം മറിക്കും. അഞ്ചാം ക്ലാസ് ഒരു ഘട്ടത്തിന്റെ അവസാനവും മൂന്നാം ക്ലാസ് അതേഘട്ടത്തിന്റെ ആരംഭവുമാണല്ലോ. പരീക്ഷയുടെ അടിസ്ഥാനത്തില്‍ അക്കാദമികപ്രശ്നങ്ങള്‍ പരിഹരിക്കാനുളള ഇടപെടല്‍ നടത്തുന്നതിന് അഞ്ചാം ക്ലാസ് മൂന്ന, നാല് ക്ലാസുകളുടെ തുടര്‍ച്ചയായി അതേ വിദ്യാലയത്തിലുണ്ടാകണം. എട്ടാം ക്ലാസ് മധ്യഘട്ടത്തിന്റെ അവസാനമാണ്. ആ പൊതു പരീക്ഷയുടെ അടിസ്ഥാനത്തിലും ആറ്, ഏഴ് ക്ലാസുകള്‍ മുതല്‍ പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെങ്കില്‍ അത് ഒരു യൂണിറ്റായി നിലകൊള്ളേണ്ടതുണ്ട്. ( പൊതു പരീക്ഷയോടുളള നിലപാട് വേറെ ചര്‍ച്ച ചെയ്യുന്നതാണ് )

മറ്റൊരു സംഗതി കേരളത്തിലെ സമാന്തരസംവിധാനങ്ങള്‍ ദേശീയഘടന പാലിച്ച് വിദ്യാഭ്യാസം ക്രമീകരിച്ചേക്കുമെന്നതാണ്. ഒമ്പതാം ക്ലാസുമുതലുളള സെക്കണ്ടറി വിദ്യാഭ്യാസ പ്രവേശനത്തിന് എട്ടാം ക്ലാസ് പൊതുപരീക്ഷയെ അടിസ്ഥാനമാക്കാം. തൊട്ടടുത്ത വിദ്യാലയത്തില്‍ പ്രവേശനം കിട്ടാത്ത അവസ്ഥ വരാം. ഇപ്പോള്‍ ഹയര്‍സെക്കണ്ടറി കുട്ടികള്‍ ദൂരെയുളള വിദ്യാലയത്തില്‍ പോയി പഠിക്കുന്നതു പോലെ ഒമ്പതാം ക്ലാസുകാര്‍ ദൂരേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടും. താഴ്ന്ന സാമ്പത്തികസ്ഥിതിയുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പരീക്ഷയും ഘടനാപരമായ നിര്‍ബന്ധങ്ങളും കൂട്ടി വായിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ ഗൗരവമുളളതാണെന്നു ബോധ്യപ്പെടുക. വന്‍തോതില്‍ കുട്ടികള്‍ പഠനം നിറുത്താന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ സ്കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ 21% പേര്‍ ‍സെക്കണ്ടറിക്ക് മുമ്പേ കൊഴിഞ്ഞു പോകുന്നുണ്ട്. ഹയര്‍ സെക്കണ്ടറിയിലേക്കെത്തുമ്പോള്‍ ഇത് 43.5%ആയി വര്‍ധിക്കുന്നു. പുതിയ രീതിയും പൊതുപരീക്ഷകളും കൂടുതല്‍ കുട്ടികളെ പിന്തളളാന്‍ മാത്രമേ ഉപകരിക്കൂ. കൊഴി‍ഞ്ഞു പോക്കടക്കമുളള പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ രേഖ  നിര്‍ദേശിക്കുന്ന തു പലതും ഇപ്പോള്‍  നടപ്പിലാക്കി വരുന്നതാണ്. .

 


എല്ലാവര്‍ക്കും ഹയര്‍സെക്കണ്ടറി വരെയുളള വിദ്യാഭ്യാസം അവകാശമാക്കുന്നതിന് പകരം വിവിധഘട്ടങ്ങളില്‍ പൊതുപരീക്ഷ നടത്തി കുട്ടികളെ ഒഴിവാക്കാനാണ് പുതിയ ഘടനാമാറ്റം വഴിയൊരുക്കുക എന്ന വിമര്‍ശനം ശക്തമാണ്. ദുര്‍ബലജനവിഭാഗങ്ങള്‍ക്കെതിരേയുളള അക്കാദമിക ആക്രമണമായി ഇത് മാറിയേക്കും.

.....................


ദേശീയ വിദ്യാഭ്യാസ നയരേഖ  ചര്‍ച്ച 

മുന്‍  ലേഖനങ്ങള്‍ വായിക്കാന്‍ 

ഭാഷയുടെ രാഷ്ട്രീയവും ദേശീയവിദ്യാഭ്യാസ നയരേഖയും

അധ്യാപകരെ അടിമകളാക്കുമോ? 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി