⭕
കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീകാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട്
സ്കൂൾ അടച്ചുപൂട്ടൽ കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അമിത സമ്മർദമുയർത്തുന്നുണ്ടെന്നും വിദ്യാലയാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളുടെ വൈകാരികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്നുമുള്ള നിരീക്ഷണങ്ങൾ വിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഡിജിറ്റൽ ക്ലാസുകള്‍ രണ്ട് മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസ്സിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം ഉയര്‍ന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളെക്കുറിച്ച് ഒരു അവസ്ഥാ പഠനം നടത്തിയത്.
പ0ന രീതി
വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചത്.
കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഒരു ബ്ലോക്ക് പരിധിയിൽ നിന്ന് 12 കുട്ടികൾ, 12 രക്ഷിതാക്കൾ, 12 അധ്യാപകർ എന്നിങ്ങനെയാണ് സാമ്പിള്‍ തെരഞ്ഞെടുത്തത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് മൂന്ന് വീതം കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ, രക്ഷിതാക്കൾ എന്നീ വിഭാഗങ്ങളിൽ പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ എന്നീ വിഭാഗങ്ങളിലുള്ളവർക്കെല്ലാം മതിയായ പ്രാതിനിധ്യം കിട്ടത്തക്ക വിധത്തിൽ പർപ്പസീവ് റാൻഡം സാംപ്ലിങ് രീതിയാണ് അനുവർത്തിച്ചത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 1252 കുട്ടികൾ, 1046 അധ്യാപകർ, 1340 രക്ഷിതാക്കൾ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചു.
ഗൂഗിൾ ഫോം വഴിയുള്ള വിവരശേഖരണത്തിനു പുറമെ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവര്‍ക്കിടയിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ, തീരദേശം, സമതലം, മലയോരം, ഗ്രാമം, നഗരം എന്നിങ്ങനെയുള്ള പ്രാതിനിധ്യം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലും സർവ്വേയിലും ഉറപ്പുവരുത്തിയിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് കുട്ടികളേയും അധ്യാപകരേയും രക്ഷിതാക്കളേയും തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനു പുറമെ നിലമ്പൂരിലെ കോളനിയിലും പൊന്നാനിയിലെ തീരദേശത്തും നേരിട്ടുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും നടത്തി. സർവ്വേയിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങളും ചുവടെ ചേർക്കുന്നു.
⭕
വിക്ടേഴ്സ് ചാനൽ വഴി
കേരളത്തിൽ നടക്കുന്ന
ഡിജിറ്റൽ ക്ലാസുകളുടെ അവസ്ഥാ പഠനം
⭕
നിഗമനങ്ങള്‍
⭕
1. ഉപകരണ ലഭ്യത 📌
ജൂണ്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഈ ഘട്ടത്തില്‍ ടി. വി. ലഭ്യമല്ലാത്ത കുറച്ച് കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ കണക്ക് അന്ന് സമഗ്രശിക്ഷ വഴി സര്‍ക്കാര്‍ എടുക്കുകയുണ്ടായി. അവരില്‍ പലര്‍ക്കും ടി. വി. ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആഹ്വാനപ്രകാരം പല സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നു. എങ്കിലും ഇപ്പോഴും വീട്ടില്‍ സ്വന്തമായി ടി. വി. ഇല്ലാത്ത കുറേ കുട്ടികള്‍ ഉണ്ട്. സര്‍വേ പ്രകാരം ഇവര്‍ 12% വരും.
ഇതുപോലെ വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാനും ശ്രമമുണ്ടായി. എങ്കിലും ഇപ്പോഴും വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വഴി തുടര്‍പഠനത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത 8 ശതമാനം കുട്ടികള്‍ ഉണ്ട്.
നേരത്തെ സൗകര്യം ലഭിക്കാത്ത പലരും ഇപ്പോള്‍ അയല്‍വീട്, വായനശാല, സാംസ്കാരിക നിലയം, പഠനവീട്, മറ്റ് സൗര്യങ്ങള്‍ എന്നിവ വഴി ക്ലാസ് കാണുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു സൗകര്യവും ലഭ്യമായിട്ടില്ലാത്ത കുറച്ചുപേരുണ്ട്.
2. പഠന തടസ്സങ്ങള്‍📌
ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമുള്ളവര്‍ക്ക് പോലും പലവിധ കാരണങ്ങളാല്‍ എല്ലാ ക്ലാസുകളും മുടക്കമില്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ 67 ശതമാനം ആണ്. ബാക്കിയുള്ളവര്‍ ഭാഗികമായേ കണ്ടിട്ടുള്ളൂ. ഓണ്‍ലൈന്‍ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാല്‍ ഈ വിടവ് പ്രധാനമാണ്.
വ്യക്തിപരമായ കാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സാങ്കേതികമോ സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളാണ് ക്ലാസ് കാണുന്നതിന്‍ തടസ്സമാവുന്നത്. ഇന്റര്‍നെറ്റിന്റെ വേഗതക്കുറവാണ് ഏറ്റവുമേറെപ്പേരെ (39.5 ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോരപ്രദേശത്തെയും ഗോത്രവര്‍ഗമേഖലകളെയുമാണ് മുഖ്യമായും ബാധിക്കുന്നതെങ്കിലും ഇതരപ്രദേശങ്ങളിലും പലയിടത്തും കണക്റ്റിവിറ്റി പ്രശ്നമുണ്ട്.
ഇന്റര്‍നെറ്റിന്റെ അഭാവം (17 ശതമാനം), സ്മാര്‍ട്ട് ഫോണിന്റെ അഭാവം (14.5 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന പ്രശ്നങ്ങള്‍. ഫോൺ മെമ്മറിയുടെ പ്രശ്നങ്ങൾ, പകൽസമയത്ത് രക്ഷിതാവ് വീട്ടിലില്ലാത്തത്, വീട്ടില്‍ മറ്റു ജോലികൾ ചെയ്യേണ്ടിവരുന്നത്, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് തുടങ്ങിയ മറ്റ് കാരണങ്ങളും ഏറ്റവുമേറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്കവിഭാഗങ്ങളെയുമാണ്. ജനറല്‍, ഒ.ഇ.സി, ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗം എന്നീ ക്രമത്തിലാണ് ക്ലാസ് കാണുന്നത് കുറഞ്ഞു വരുന്നത് എന്ന കണക്കുകള്‍ (ഗ്രാഫ് 16 - 19) ഈ നിരീക്ഷണം ശരിവെക്കുന്നു.
സർവേയിൽ പങ്കെടുത്ത 76ശതമാനം രക്ഷിതാക്കൾക്ക് സ്കൂളിൽ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. പഠനപിന്തുണ ലഭിക്കുന്നതില്‍ മൊബൈൽ ഫോണിന്റെ കുറവ് ഇതില്‍ ചിലര്‍ക്ക് പ്രശ്നമാകുന്നുണ്ട്. ഒരു വീട്ടിൽ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉപകരണലഭ്യതയിൽ പരിമിതികളുണ്ട്.
3. അക്കാദമിക പ്രശ്നങ്ങള്‍📌
സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 23 ശതമാനമാണ് ക്ലാസുകള്‍ കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ട്. മലയാളം കുറച്ചുപേര്‍ക്കേ പ്രയാസകരമാവുന്നുള്ളൂ. സോഷ്യല്‍ സയന്‍സ്, ശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ പ്രയാസം നേരിടുന്നവരുടെ എണ്ണം കൂടുന്നു. ഇത് പൊതുവെ സാധാരണക്ലാസിലും പ്രയാസം അനുഭവപ്പെടുന്ന ക്രമം തന്നെയാണ്.
എന്നാല്‍ ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ കൂടുതല്‍ പേരും പറയുന്നത് ക്ലാസുകളുടെ വേഗതയും (21 ശതമാനം) നോട്ട് കറിച്ചെടുക്കാന്‍ കഴിയായ്കയുമാണ് (22 ശതമാനം). അവതരണവേഗതയും അതു കാരണമുള്ള മനസ്സിലാകായ്കയുമുണ്ട് (10 ശതമാനം). ഇവ പരസ്പര ബന്ധിതമാണ് എന്നതിനാല്‍ വേഗത മൂലമുണ്ടാകുന്ന അവ്യക്തത മുഖ്യപ്രശ്നമായി നിലനില്‍ക്കുന്നു.
നിലവിലുള്ള ഉള്ളടക്കം മുഖാമുഖ ക്ലാസില്‍ കൂടുതല്‍ സമയമെടുത്ത് കൈകാര്യം ചെയ്യാനായി ആസൂത്രണം ചെയ്തതാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഒരാഴ്ചയില്‍ ഒരു വിഷയത്തിന് കിട്ടുന്ന സമയം വളരെ പരിമിതമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉള്ളടക്കത്തില്‍ കുറവു വരുത്താതെ പഠിപ്പിച്ചു തീര്‍ക്കാനുള്ള ശ്രമം മുകളില്‍ സൂചിപ്പിച്ച പ്രശ്നത്തിന് കാരണമാവുന്നുണ്ട്.
വ്യത്യസ്ത ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ക്ക് ഒരേ സമീപനം തന്നെ സ്വീകരിക്കുന്നതിന്റെ പ്രശ്നമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളില്‍ എഴുത്ത് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ക്ലാസുകള്‍ വേണ്ടത്ര പര്യാപ്തമാകുന്നില്ല. പൊതുപരീക്ഷയുള്ള ക്ലാസുകളില്‍ ഉള്ളടക്കത്തിലൂടെ പൂര്‍ണമായും കടന്നുപോകണമെന്ന ആവശ്യമുണ്ട്.
അവതരണരീതി, അധ്യാപകന്റെ ഭാഷ, അധ്യയനമാധ്യമം, ഉദാഹരണങ്ങളുടെ കുറവ്, ചില ക്ലാസുകളിലെ ഓഡിയോ - വീഡിയോ സാമഗ്രികളുടെ കുറവ്, നിത്യജീവിതവുമായി ബന്ധിപ്പിക്കായ്ക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ക്ലാസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കണം.
ആശയങ്ങൾ ഗ്രഹിക്കുന്നതിന് ബോധനഭാഷ 38 ശതമാനം കുട്ടികൾക്ക് പ്രശ്നമുണ്ടാക്കുന്നു. തീരദേശത്ത് അത് 53ശതമാനം കുട്ടികള്‍ക്ക് പ്രശ്നമാകുന്നുണ്ട് എന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ കുട്ടി സൗഹൃദമാകണം.
ഡിജിറ്റൽ സങ്കേതത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നതിനോട് 80 ശതമാനത്തിനടുത്ത് അധ്യാപകർ യോജിക്കുന്നില്ല. എന്നാൽ കോവിഡ് മുക്തമാകുന്ന കാലത്ത് ഡിജിറ്റൽ സങ്കേതങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.
ഡിജിറ്റൽ ക്ലാസുകളോടുള്ള കുട്ടികൾക്കുള്ള താല്പര്യം കുറഞ്ഞുവരുന്നുണ്ട്. ക്ലാസ്സുകൾ കൂടുതൽ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംപ്രേഷണക്ലാസുകള്‍ കാര്യമായി പ്രയോജനം ചെയ്യുന്നില്ല. സമഗ്രശിക്ഷ ആരംഭിച്ച ' വൈറ്റ്ബോര്‍ഡ് ' പദ്ധതി ആശ്വാസകരമാണെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
4. അധ്യാപക പിന്തുണ📌
കുറഞ്ഞ സമയം കൊണ്ട് ഉള്ളടക്കം മുഴുവനും 'കവര്‍' ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സ്വന്തം അധ്യാപകന്റെ വകയായി അന്നന്നത്തെ ഉള്ളടക്കത്തില്‍ വ്യക്തത വരുത്തുന്ന ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ 23ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വ്യക്തത വരുത്താന്‍ അധ്യാപക സഹായം ലഭിക്കുന്നത്. അല്ലാത്തവര്‍ ക്ലാസ് വീണ്ടും കണ്ടും പാഠപുസ്തകം വായിച്ചും വീട്ടുകാരുടെ സഹായത്തോടെയും ഇന്റര്‍നെറ്റില്‍ തിരഞ്ഞുമാണ് വ്യക്തതയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അധ്യാപകരുടെ പിന്തുണാക്ലാസ് എല്ലാവര്‍ക്കും കിട്ടാന്‍ നടപടികളുണ്ടാവണം.
ഓരോ ദിവസത്തെ ക്ലാസിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ (ഹോംവര്‍ക്ക്) നല്‍കുന്നുണ്ട്. എന്നാല്‍ ഇവയുടെ അനുയോജ്യത പ്രശ്നമാവുന്നുണ്ട്. അത് പരിഹരിക്കാന്‍ പല അധ്യാപകരും സ്വന്തമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയോ മറ്റു പലരും അയച്ചുതരുന്നത് നല്‍കുകയോ ചെയ്യുന്നു. അധ്യാപകരുടെ പഠനഗ്രൂപ്പുകള്‍ വഴി ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തുന്ന വര്‍ക്ക്ഷീറ്റുകളും ഇതരപ്രവര്‍ത്തനങ്ങളും നല്‍കുമ്പോള്‍ അത് പലതരത്തിലും ഗുണകരമാകുന്നുണ്ട്.
തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പല കുട്ടികള്‍ക്കും വേറെയും പ്രയാസങ്ങളുണ്ട്. 32ശതമാനത്തിനും പ്രശ്നം ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെയാണ്. ക്ലാസില്‍ അവതരിപ്പിക്കപ്പെട്ട ആശയങ്ങളിലുള്ള അവ്യക്തതയും റഫറന്‍സ് പുസ്തകങ്ങളുടെ അഭാവവുമൊക്കെയാണ് മറ്റു പ്രശ്നങ്ങള്‍.
പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അഭിപ്രായം പറയാന്‍ അധ്യാപകരില്ല എന്ന കാര്യവും (14ശതമാനം) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ഒഴിവുകള്‍ നികത്താത്തത് പ്രശ്നമാണ്.
ഫീഡ്ബാക്ക് നല്‍കുന്നതിലുള്ള പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 79ശതമാനത്തിന് മാത്രമാണ് അധ്യാപകരില്‍ നിന്നും ഫീഡ്ബാക്ക് കിട്ടുന്നത്. മറ്റുള്ളവര്‍ രക്ഷിതാക്കളെ ആശ്രയിക്കുകയോ കൂട്ടുകാരുടെ സഹായം തേടുകയോ ചെയ്യുന്നു. പഠനോത്പന്നങ്ങള്‍ അയച്ചുകൊടുത്താലും ചിലരില്‍ നിന്ന് ഫീഡ്ബാക്ക് കിട്ടുന്നില്ല.
ഹൈസ്കൂള്‍ ക്ലാസുകളെ സംബന്ധിച്ച ഒരധ്യാപകനു തന്നെ നൂറുകണക്കിന് കുട്ടികള്‍ക്ക് ഫീഡ്ബാക്ക് നല്‍കേണ്ടുന്ന സ്ഥിതിയുമുണ്ട്. 32ശതമാനം അധ്യാപകര്‍ക്ക് ഭാഗികമായേ ഫീഡ്ബാക്ക് നല്‍കാനാവുന്നുള്ളൂ.
ക്ലാസുകള്‍ കാണുക, പിന്തുണാക്ലാസ് നല്‍കുക, ഹോംവര്‍ക്ക് നല്‍കുക, അവ നോക്കുക, ഫീഡ്ബാക്ക് നല്‍കുക എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്തമാണ് അധ്യാപകര്‍ക്ക് ഉള്ളത്. ഇതും മറ്റു കാര്യങ്ങളും കാരണം അധ്യാപകരും വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നത്.
5. രക്ഷാകര്‍ത്തൃ പിന്തുണ📌
79ശതമാനം രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ പിന്തുണയ്ക്കുന്നത്. ഹയര്‍സെക്കണ്ടറിയിലേക്ക് പോകുംതോറും സഹായിക്കുന്നവരുടെ ശതമാനം കുറഞ്ഞു വരുന്നു.
രക്ഷിതാക്കളില്‍ കുറച്ചുപേരേ ഓണ്‍ലൈന്‍ ക്ലാസ് കാണുന്നുള്ളൂ. കുട്ടികളുടെ പ്രയാസം കാരണം പല ഹോംവര്‍ക്കും ചില രക്ഷിതാക്കള്‍ ചെയ്ത് കൊടുക്കുന്നു. പ്രൈമറി ക്ലാസുകളിലാണ് ഇത് കൂടുതല്‍. ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് അവര്‍ക്ക് ഒരു പരിശീലനവും കിട്ടിയിട്ടില്ല.
മൊബൈല്‍ സാങ്കേതിക കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് പരിചയക്കുറവ് ഉണ്ട്.
സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന പല രക്ഷിതാക്കള്‍ക്കും (35ശതമാനം) ഇന്റര്‍നെറ്റ് ചാര്‍ജ് വഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
നിലവിലുള്ള സാഹചര്യവും കുട്ടികളുടെ പഠനം സംബന്ധിച്ച അനിശ്ചിതത്വവും സഹായിക്കുന്നതിലുള്ള പരിമിതികളും രക്ഷിതാക്കള്‍ക്കും സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്.
6. പഠനകേന്ദ്രങ്ങള്‍📌
സ്വന്തമായി സൗകര്യമില്ലാത്തവര്‍ പൊതുകേന്ദ്രങ്ങളില്‍ പഠനം നടത്തുന്നുണ്ട്. ഇവയില്‍ കൂടുതലും കോളനികളിലാണ്. സമഗ്രശിക്ഷ പദ്ധതിയില്‍ ഉള്‍പ്പടുത്തിയാണ് മിക്കതും നിലവില്‍ വന്നിട്ടുള്ളത്. വായനശാലകളും മറ്റും (വളരെ കുറവാണെങ്കിലും) ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോളനികളിലുള്ള പഠനകേന്ദ്രങ്ങളില്‍ ടി. വി. സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തിച്ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. സഹായിക്കാനാളില്ലാത്തതിനാലും അധ്യാപകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ളതിനാലും സമഗ്രശിക്ഷ ഏര്‍പ്പാടാക്കിയ മെന്റര്‍മാരുടെ സേവനം മെച്ചപ്പെടുത്തണം.
7. സ്കൂള്‍തല പിന്തുണ📌
സ്കൂള്‍ തുറക്കാത്തതിനാല്‍ കൂട്ടുകാര്‍, അധ്യാപകര്‍ എന്നിവരുടെ സാമീപ്യവും അവരുമായുള്ള നേരിട്ടുള്ള ആശയവിനിമയവും നഷ്ടപ്പെട്ടതായി ഭൂരിപക്ഷം കുട്ടികളും കരുതുന്നു. സാമൂഹ്യ അകലവും ശുചിത്വസംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങണം. എന്നാല്‍ ചെറിയ കുട്ടികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനാവുമോയെന്ന സംശയം ഉണ്ട്.
അധ്യാപകരില്‍ നിന്ന് കിട്ടുന്ന പിന്തുണ വ്യത്യസ്തതോതിലായതിനു കാരണം സ്കൂള്‍ തലത്തിലെ ഏകോപനക്കുറവാണ്. മേലുദ്യോഗസ്ഥരുടെ അന്വേഷണം ശക്തമല്ല.
സ്കൂളില്‍ നടക്കേണ്ട കൂട്ടായ ആസൂത്രണത്തിന് കോവിഡ് സാഹചര്യം തടസ്സമായിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ രീതിയിലുള്ള പ്രവര്‍ത്തനാസൂത്രണം മിക്കയിടത്തും നടക്കുന്നുണ്ട്. ഇതിലും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.
പ്രധാനാധ്യാപകരുടെ മോണിറ്ററിങ്ങ് ഫലപ്രദമായ ഇടങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
സ്കൂളുകളുടെ നേതൃത്വത്തില്‍ രക്ഷാകര്‍ത്തൃ ബോധവത്കരണം മതിയായ തോതില്‍ നടന്നിട്ടില്ല. ഇതിലും ഏകോപിത പദ്ധതിയുടെ അഭാവം ഉണ്ട്.
പി. ടി. എ യുടെ നേതൃത്വത്തില്‍ ടി.വി. എത്തിക്കുന്ന പ്രവര്‍ത്തനം വ്യാപകമായി നടന്നിട്ടുണ്ട്. എന്നാല്‍ ഗൃഹസന്ദര്‍ശനം പോലുള്ള തുടര്‍പരിപാടികള്‍ കാര്യമായി ഉണ്ടായിട്ടില്ല.
8. മേല്‍ഘടകങ്ങളുടെ ഇടപെടലുകള്‍📌
കുട്ടികളെ പഠനവഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ എന്ന പേരില്‍ തുടങ്ങിയ ക്ലാസ് നീണ്ടുപോകുന്ന സാഹചര്യമുണ്ടായി.
തുടക്കത്തില്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കിയ വിശദമായ മാര്‍ഗരേഖ 91ശതമാനംഅധ്യാപകരും വായിച്ചിട്ടുണ്ട് . ഇതില്‍ സ്കൂള്‍ തൊട്ട് സംസ്ഥാനതലം വരെയുള്ള അധ്യാപകരും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അധ്യാപകര്‍ ഒരുവിധം അവ ഏറ്റെടുത്തു നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ പല മേലുദ്യോഗസ്ഥരും നയരേഖ പ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നില്ല. ഏകോപനത്തിന്റെ കുറവ് പലതട്ടുകളിലും ഉണ്ടായിട്ടുണ്ട്.
സാഹചര്യം മനസ്സിലാക്കി ചില ജില്ലകളിലെ ഡയറ്റുകളും വിദ്യാഭ്യാസ മേലധികാരികളും നന്നായി പ്രവര്‍ത്തിച്ചു.
സംസ്ഥാന തലത്തില്‍ എസ്.സി.ഇ.ആര്‍.ടി, എസ്.ഐ.ഇ.ടി, കൈറ്റ്, സമഗ്രശിക്ഷ കേരളം എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
9. ഇതരവിഷയങ്ങള്‍📌
കുട്ടികൾ പൊതുവേ രണ്ടു മണിക്കൂറിലേറെ സമയം ക്ലാസ്സുകൾക്കും തുടർ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുന്നുണ്ട് . പല കുട്ടികള്‍ക്കും പ്രവര്‍ത്തനാധിക്യം, ക്ലാസിന്റെ വേഗത, ഉള്ളടക്കക്കൂടുതല്‍, ക്ലേശകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമ്മര്‍ദത്തിന് കാരണമാവുന്നുണ്ട്. സമ്മര്‍ദം ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാനോ കൗണ്‍സിലിങ് സൗകര്യം വേണ്ടത്ര ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ തന്നെ പലേടത്തും പരീക്ഷകള്‍ നടക്കുന്നുണ്ട്.
സ്കൂള്‍ എപ്പോള്‍ തുറക്കുമെന്നതും പൊതുപരീക്ഷകളുള്ള ക്ലാസില്‍ അത് എപ്പോള്‍, എങ്ങനെ നടക്കുമെന്നതും കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് ഉള്ളടക്കം എത്രമാത്രം ഉണ്ടാവുമെന്ന് നേരത്തെ പറയേണ്ടതുണ്ട്.
പ്രാക്റ്റിക്കല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ അവയുടെ ആസൂത്രണം നടക്കേണ്ടതുണ്ട്.
⭕
നിര്‍ദേശങ്ങൾ
⭕
1. ഉപകരണലഭ്യത
⭐
ആദ്യഘട്ടത്തില്‍ ടി.വി, മൊബൈല്‍ എന്നിവ ഇല്ലാതിരുന്ന പലര്‍ക്കും അവ ലഭ്യമാക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. എങ്കിലും ഇപ്പോഴും വീട്ടില്‍ സ്വന്തമായി ഉപകരണങ്ങള്‍ ഇല്ലാത്തവരും പിന്നീട് ഉപകരണങ്ങള്‍ കേട് വന്നവരുമായ കുറച്ച് കുട്ടികള്‍ ഉണ്ട്. പുതിയ ഒരു സര്‍വേ നടത്തി ഇവരെ കണ്ടെത്തി സഹായം എത്തിക്കേണ്ടതുണ്ട്. ഇക്കാര്യം അധ്യാപകര്‍ വഴി നിരന്തരം മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്. ഇവര്‍ അങ്ങേയറ്റം ദരിദ്രരോ പിന്നാക്കവിഭാഗക്കാരോ ആയിരിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
2. സാങ്കേതിക തടസ്സങ്ങള്‍
⭐
ഇന്റര്‍നെറ്റിന്റെ വേഗതക്കുറവ് വലിയ പ്രശ്നമായി തീരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
ക്ലാസ്സുകളുടെ സമയക്രമം കുറേകൂടി മുൻപ് കുട്ടികൾക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട് . കൂടാതെ ക്ലാസിന്റെ സ്ക്രിപ്റ്റ് അധ്യാപകര്‍ക്ക് രണ്ടുദിവസം മുമ്പേ എത്തിക്കുന്നത് നല്ലതാണ്.സ്വയം സജ്ജമാകലിന് ഇത് സഹായകമാകും.
3. അക്കാദമിക പ്രശ്നങ്ങള്‍
⭐
ക്ലാസുകളുടെ ആസൂത്രണത്തില്‍ ഒരു പുനരാലോചന ആവശ്യമാണ്. കുട്ടികളെ പഠനവഴിയില്‍ നിലനിര്‍ത്താന്‍ ആരംഭിച്ച ക്ലാസ് പലപ്പോഴും പാഠങ്ങള്‍ തീര്‍ക്കുന്നതിലേക്ക് പോകുന്നുണ്ട്. മുഖാമുഖപഠനത്തിന് പകരമാവാന്‍ ഒരിക്കലും ഓണ്‍ലൈന്‍ അനുഭവങ്ങള്‍ക്ക് സാധ്യമല്ല. പല കാരണങ്ങളാല്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഏറെ ദോഷകരമാവും. അതിനാല്‍ കുട്ടികളില്‍ പഠനതാത്പര്യം നിലനിര്‍ത്താനും അടിസ്ഥാനപരമായ ചില ആശയങ്ങളും കഴിവുകളും മാത്രം എത്തിക്കാനും ഈ ഘട്ടത്തില്‍ ലക്ഷ്യം വെച്ചാല്‍ മതി.
ലഭ്യമായ സമയത്തിനുള്ളില്‍ ഏതൊക്കെ കാര്യങ്ങള്‍ പരിഗണിക്കാമെന്ന ധാരണ മുന്‍കൂട്ടി ഉണ്ടാക്കണം. അവ നേടാനുള്ള സ്വാഭാവികവും അനൗപചാരികവും യാന്ത്രികമല്ലാത്തതുമായ പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തണം. സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ തുടക്കം മുതലുള്ള ഉള്ളടക്കത്തിലൂടെ കടന്നുപോകണം.
മുഖാമുഖ പഠനത്തിലൂടെ പഠനവിടവുകള്‍ പൂര്‍ണമായും പരിഹരിക്കണം. ഇത് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്നില്ലെങ്കില്‍ തുടര്‍വര്‍ഷങ്ങളിലും ശ്രമം തുടരണം.
പൊതുപരീക്ഷകള്‍ വരുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ ഉള്ളടക്ക പൂര്‍ത്തീകരണം ലക്ഷ്യമാക്കണം. കുട്ടികളെ സ്കൂളില്‍ വരുത്തിച്ചും നോട്ടുകള്‍ തയ്യാറാക്കി നല്‍കിയും തുടര്‍ച്ചയായ വിലയിരുത്തല്‍ ശക്തമാക്കിയും ഇത് സാധ്യമാക്കുന്നതിനുള്ള സമീപനം സ്വീകരിക്കണം. പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ നല്‍കാനും ശ്രമമുണ്ടാവണം.
എല്‍.പി. ക്ലസുകളില്‍ രക്ഷിതാക്കളെ കൂടി ഉപയോഗപ്പെടുത്തി വായന, എഴുത്ത്, കണക്കുകൂട്ടല്‍ പോലുള്ള അടിസ്ഥാനമേഖലകളില്‍ സമ്പുഷ്ടമായ പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
ഡിജിറ്റല്‍ ക്ലാസുകളില്‍ ചിലത് പാഠ്യപദ്ധതിസമീപനത്തിന് വിരുദ്ധമാണെന്ന നിരീക്ഷണം ഗൗരവപൂര്‍വം പരിഗണിച്ച് തിരുത്തലുകള്‍ വരുത്തണം. ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പോരായ്മകള്‍ പരിഹരിക്കണം. ക്ലാസുകള്‍ ശിശുസൗഹൃദമാക്കാനുള്ള എല്ലാ സാധ്യതകളും ഉചിതമായി ഉള്‍ച്ചേര്‍ക്കണം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വികേന്ദ്രീകൃതമായി തയ്യാറാക്കുന്നതിനുള്ള സാധ്യത പരിഗണിക്കണം. എസ്. സി.ഇ.ആര്‍.ടി.യുടെ പൊതുനിയന്ത്രണത്തിനു കീഴില്‍ പതിനാല് ഡയറ്റുകള്‍ക്ക് വിവിധ ക്ലാസുകളിലെ വ്യത്യസ്ത വിഷയങ്ങളുടെ
ചുമതല വിഭജിച്ച് നല്‍കാം.
ഡയറ്റിനു കീഴില്‍ നിര്‍ദിഷ്ട വിഷയങ്ങള്‍ക്ക് അധ്യാപകഗ്രൂപ്പുകള്‍ രൂപീകരിക്കാം. ഓണ്‍ലൈന്‍ വഴി മറ്റു ജില്ലകളിലെ അധ്യാപകരുടെ സേവനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താം. ഇങ്ങനെ തയ്യാറാക്കുന്ന സ്ക്രിപ്റ്റുകള്‍ വിദഗ്ധസഹായത്തോടെ മെച്ചപ്പെടുത്തി ഷൂട്ട് ചെയ്യണം.
ഷൂട്ടിങ്ങില്‍ കൈറ്റ്, എസ്.ഐ.ഇ.ടി, സമഗ്രശിക്ഷ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികപിന്തുണയും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തണം. എഡിറ്റിങ് ഡയറ്റിന്റെ നേതൃത്വത്തില്‍ തന്നെ നടത്താം.
ഇങ്ങനെ കിട്ടുന്ന അന്തിമ ഉത്പന്നം വീണ്ടും വിദഗ്ധ ടീമുകളുടെ പരിശോധനയ്ക്കു ശേഷമാണ് സംപ്രേക്ഷണത്തിന് നല്‍കേണ്ടത്. പ്രാദേശികവൈദഗ്ധ്യം വളര്‍ത്താനും ഇപ്പോഴുള്ള കാലതാമസം ഒഴിവാക്കാനും സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ എണ്ണത്തില്‍ വിഷയങ്ങള്‍ക്കിടയിലുള്ള അന്തരം പരിഹരിക്കാനും വികേന്ദ്രീകൃത സമീപനം സഹായിക്കും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് യോജിച്ച ക്ലാസുകള്‍ ബന്ധപ്പെട്ട വിദഗ്ധര്‍ തയ്യാറാക്കി നല്‍കണം. കൂടാതെ വീടുകളിലെത്തി സഹായം നല്‍കുന്നതിനുള്ള സംവിധാനം വിപുലീകരിക്കുകയും വേണം.
കുട്ടികള്‍ക്ക് ഉല്ലസിക്കാനും, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രേരിപ്പിക്കുന്ന ഘടകങ്ങളും ഡിജിറ്റല്‍ ക്ലാസുകളില്‍ കൂടുതലായി ഉള്‍ച്ചേര്‍ക്കണം.
പാഠഭാഗങ്ങളിലെ ആശയങ്ങൾ സ്പൈറല്‍ ചെയ്ത് വരത്തക്കവിധത്തിൽ ആവശ്യമായ ഇടവേളകളിൽ അതുവരെ കടന്നുപോയ പഠനവസ്തുതകൾ ഒന്നുകൂടി പ്രയോജനപ്പെടുത്തുവാൻ സഹായകമാകും വിധം ക്ലാസുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വിവിധ വിഷയങ്ങള്‍ തമ്മിലുള്ള ഉദ്ഗ്രഥന സാധ്യതയും പരിഗണിക്കണം.
കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുക, കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാവുക, ആരോഗ്യസുരക്ഷ ഉറപ്പാക്കുക, മാനസികസമ്മര്‍ദം കുറക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.
4. അധ്യാപക പിന്തുണ
⭐
ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞാല്‍ അതിന്റെ വിശദീകരണം എന്ന നിലയില്‍ ഒരു അനുബന്ധക്ലാസ് അതത് അധ്യാപകര്‍ കുട്ടികള്‍ക്ക് ഗ്രൂപ്പുകളിലൂടെ നല്‍കണം. സംശയങ്ങള്‍ തീര്‍ക്കാനും സൗകര്യമുണ്ടാവണം. ഇതിനു ശേഷം മാത്രമേ തുടര്‍പ്രവര്‍ത്തനം നല്‍കാവൂ.
സ്വന്തം കുട്ടികള്‍ക്ക് പറ്റിയ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനമേ ടീച്ചര്‍ നല്‍കാവൂ. ഇതിനായി അധ്യാപക പഠനക്കൂട്ടായ്മയിലെ പങ്കാളിത്തവും എസ്.ആര്‍.ജി.യിലെ ചര്‍ച്ചയും ടീച്ചര്‍ പ്രയോജനപ്പെടുത്തണം.
ആവശ്യമുള്ള അധ്യാപകര്‍ക്ക് മൊബൈല്‍ ഉപയോഗിച്ച് വര്‍ക്ക്ഷീറ്റുകള്‍, ചെറുവീഡിയോ തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കണം.
കുട്ടികളുടെ വ്യക്തിപരവും സാമൂഹ്യവുമായ സവിശേഷതകള്‍ പരിഗണിച്ച് വ്യക്തിഗതശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് അത് നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. മറ്റ് സഹായങ്ങള്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും ടീച്ചര്‍ മുന്‍കൈ എടുക്കണം.
ചെറിയ കുട്ടികള്‍ക്ക് വായനാസാമഗ്രികള്‍, പൊതുപരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള വിവിധതരം പ്രത്യേക സഹായങ്ങള്‍ എന്നിവ ലഭ്യമാക്കാനും അധ്യാപകരുടെ ശ്രദ്ധ ആവശ്യമാണ്.
ഉയര്‍ന്ന ക്ലാസുകളിലേക്കു പോകുംതോറും കുട്ടികള്‍ക്ക് സ്വന്തം അധ്യാപകരില്‍നിന്നു തന്നെ കൂടുതല്‍ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ആരായേണ്ടതുണ്ട്. കുട്ടികള്‍ പരസ്പരം നല്‍കുന്ന പിന്തുണയും ഉയര്‍ന്ന ക്ലാസുകളില്‍ പ്രയോജനപ്പെടുത്തണം.
കുട്ടികളുടെ ഉത്പന്നങ്ങള്‍ പരിശോധിച്ച് കഴിവതും വ്യക്തിപരമായിത്തന്നെ ഫീഡ്ബാക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.
ക്ലാസില്‍ ഇടയ്ക്കിടെ ഹാജരാകാത്തവര്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യാത്തവര്‍, മാനസികപ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടോ നേരിട്ടുചെന്നോ പ്രശ്നപരിഹാരം ഉണ്ടാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കോളനികള്‍ സന്ദര്‍ശിക്കണം.
5. രക്ഷാകര്‍ത്തൃ പിന്തുണ
⭐
വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ട തുടർപിന്തുണ നൽകാൻ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്ത രക്ഷിതാക്കള്‍ ഉണ്ട്. പഴയ രീതിയിൽ പഠിച്ച പല രക്ഷിതാക്കളും വീടുകളില്‍ നൽകിവരുന്ന പിന്തുണ പുതിയ പഠനരീതിയുടെ സമീപനത്തോട് പൊരുത്തപ്പെടണമെന്നില്ല. പഠനകാര്യങ്ങളില്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്നതു സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ഓണ്‍ലൈന്‍/ മുഖാമുഖ കൂടിച്ചേരല്‍ നടത്താന്‍ സ്കൂള്‍തലത്തില്‍ പരിപാടികള്‍ ഉണ്ടാവണം.
ക്ലാസുകള്‍ സംബന്ധിച്ച് അധ്യാപകര്‍ക്ക് എന്നതുപോലെ രക്ഷിതാക്കള്‍ക്കും നേരത്തെ ചില വിവരങ്ങള്‍ നല്‍കാനാവണം. ഒരാഴ്ച സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ സമയം മുന്‍കൂട്ടി നൽകുന്ന രീതിയും ഉണ്ടാവണം.
മൊബൈല്‍ സാങ്കേതികവിദ്യയില്‍ പ്രയാസമുള്ളവര്‍ക്ക് അതിനുള്ള പരിശീലനം നല്‍കണം.
മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക പ്രയാസം, വീട്ടില്‍ ഒന്നിലേറെ കുട്ടികള്‍ക്ക് ഒരു മൊബൈലിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി തുടങ്ങിയവയും കഴിയുന്നരീ തിയില്‍ പരിഹരിക്കാന്‍ കഴിയണം.
6. പഠനകേന്ദ്രങ്ങള്‍
⭐
ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണം. പ്രാദേശികമായോ സമഗ്രശിക്ഷ വഴിയോ അക്കാദമികസഹായം ലഭ്യമാകണം. കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് പിന്തുണാസമിതി രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കണം. വാര്‍ഡ് മെമ്പര്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. ഹാജര്‍ ഉറപ്പാക്കാനും പഠനതാത്പര്യം വളര്‍ത്താനും ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം.
7. സ്കൂള്‍തല പിന്തുണ
⭐
സ്കൂള്‍ തലത്തില്‍ കൂട്ടായ ആസൂത്രണം ശക്തിപ്പെടുത്തണം. പ്രഥമാധ്യാപകര്‍, അധ്യാപകര്‍, പി. ടി. എ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ശക്തമാക്കണം.
സംപ്രേഷണക്ലാസ് കാണല്‍, അനുബന്ധക്ലാസ് നല്‍കല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍, തയ്യാറാക്കല്‍, ഫീഡ്ബാക്ക് നല്‍കല്‍ എന്നിവയില്‍ സ്കൂള്‍ തലത്തില്‍ ഏകോപനവും മോണിറ്ററിങ്ങും വേണം. അധ്യാപക – വിദ്യാര്‍ഥി - രക്ഷാകര്‍ത്തൃ ഗ്രൂപ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ എച്ച്. എം / പ്രിന്‍സിപ്പല്‍തല മേല്‍നോട്ടം ഉറപ്പാക്കണം.
പാഠപുസ്തകങ്ങള്‍ എല്ലാവരുടെ കൈയിലും എത്തിയെന്ന് ഉറപ്പാക്കണം. വായനയ്ക്കുള്ള പുസ്തകങ്ങള്‍, റഫറന്‍സ് സാമഗ്രികള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് അവ എത്തിക്കാനുള്ള പദ്ധതി പി.ടി.എ സഹകരണത്തോടെ നടപ്പിലാക്കണം. കോളനികളിലെ പഠനകേന്ദ്രങ്ങളുടെ സന്ദര്‍ശനം, മോണിറ്ററിങ്ങ് എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കണം.
കുട്ടികളുടെ പ്രാദേശികമായ ചെറുകൂട്ടായ്മയുടെ സാധ്യത പരിശോധിക്കണം. വീടുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത ഇടവേളകളില്‍ കൂടിച്ചേരാനുള്ള സാധ്യതയാണ് നോക്കേണ്ടത്. ഇത്തരം കൂട്ടായ്മകള്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും കൂട്ടായ പഠനത്തിനും ഉപകരിക്കും.
പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളില്‍ ഒന്നാം ഘട്ടത്തിലും ഒമ്പത്, പതിനൊന്ന് ക്ലാസുകളില്‍ രണ്ടാം ഘട്ടത്തിലും സ്കൂളില്‍ മുഖാമുഖക്ലാസ് ആരംഭിക്കാവുന്നതാണ്. പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചെറുസംഘങ്ങളാണ് ഒരുസമയം എത്തിച്ചേരേണ്ടത്. ഇത് ആഴ്ചയില്‍ പകുതി ദിവസങ്ങളില്‍ പകുതി ക്ലാസുകാര്‍ വരുന്ന രീതിയില്‍ ആവാം. ശനിയാഴ്ച കൂടി പ്രവൃത്തിദിനമാക്കിയും ദിവസവും ഒരു മണിക്കൂര്‍ കൂടി പ്രവൃത്തിസമയത്തോട് ചേര്‍ത്തും കൂടുതല്‍ സമയം കണ്ടെത്താം.
പഠനവേഗത കുറഞ്ഞ കുട്ടികള്‍, മറ്റുതരം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ എന്നിവരെ തിരിച്ചറിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തുന്ന കാര്യം ആസൂത്രണം ചെയ്യണം.
8. മേല്‍ഘടകങ്ങളുടെ ഇടപെടലുകള്‍
⭐
എ) ഗ്രാമപ്പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍
കോവിഡിന്റെ വ്യാപനം തടയുന്നതില്‍ ഇടപെടുന്നതിനുള്ള മുന്‍ഗണന കാരണം വിദ്യാഭ്യാസമേഖലയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധ ഏറെ പതിയുന്നില്ല എന്നത് വസ്തുതയാണ്. പ്രോജക്റ്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച സാഹചര്യത്തില്‍ സ്കൂള്‍ മേധാവികളെ വിളിച്ച് ഓണ്‍ലൈന്‍ ക്ലാസിന്റെ മോണിറ്ററിങ്ങ്, സൗകര്യങ്ങള്‍ ഒരുക്കല്‍, വിദ്യാഭ്യാസ വളണ്ടിയര്‍മാരെ കണ്ടെത്തി പ്രവര്‍ത്തനസജ്ജമാക്കല്‍, അവശ്യഘട്ടങ്ങളില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍, പൊതുകേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലാസ് നിരീക്ഷണം ഫലപ്രദമാക്കാന്‍ ഇടപെടല്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ബി) ബി.ആര്‍.സി
പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കല്‍, വായനാസാമഗ്രികള്‍ ലഭ്യമാക്കല്‍, അധ്യാപക കൂട്ടായ്മകളെ സഹായിക്കല്‍, ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ ഉറപ്പാക്കല്‍, പി.ഇ.സി. ചേരുന്നുവെന്നുറപ്പാക്കല്‍, സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ക്യാമ്പുകള്‍ ആസൂത്രണം ചെയ്യല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിലെ ഇതരഘടകങ്ങളുമായി ചേര്‍ന്നുകൊണ്ടും മറ്റു വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിയും പ്രവര്‍ത്തനം സജീവമാക്കണം.
സി) ഡി.ഇ.ഒ / എ.ഇ.ഒ
പ്രഥമാധ്യാപകയോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ സംഘടിപ്പിക്കുകയും അധ്യാപകരുടെ പിന്തുണ ഫലപ്രദമാക്കുന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. മോണിറ്ററിങ്ങ് ഫോര്‍മാറ്റ് വഴി വിവരങ്ങള്‍ ശേഖരിക്കുന്നതും മാതൃകാപ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരുപരിധിവരെ ഗുണം ചെയ്യും.
ഡി) ഡയറ്റ്, ജില്ലാതല മേധാവികള്‍
ഡയറ്റിന്റെ നേതൃത്വത്തില്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ അധ്യാപക പരിശീലനം നടത്താം. അനുബന്ധ ക്ലാസുകളുടെ ആസൂത്രണം, തുടര്‍പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍, രക്ഷാകര്‍ത്തൃ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകള്‍ നല്‍കാം. ഓണ്‍ലൈന്‍ ക്ലാസുകളുടെ നിര്‍മാണത്തിന് ക്ലാസെടുക്കാന്‍ പറ്റിയ അധ്യാപകക്കൂട്ടങ്ങളെ സജ്ജമാക്കുക, സ്ക്രിപ്റ്റ് വികസിപ്പിക്കുക, അക്കാദമിക ഗുണമേന്മ ഉറപ്പാക്കുക, എഡിറ്റിങ്ങ് നടത്തുക എന്നിവയും ഏറ്റെടുക്കാം.
ഇതര ജില്ലാതല മേധാവികള്‍ അവരവരുടെ അധികാരപരിധിയില്‍ മതിയായ ഇടപെടലും മോണിറ്ററിങ്ങും സമയബന്ധിതമായി നടത്തണം. ജില്ലയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഓരോ തലത്തിലും നടക്കേണ്ടത്.
ഇ) എസ്.സി.ഇ.ആര്‍.ടി.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമീപനവും രീതിശാസ്ത്രവും അക്കാദമിക ഉള്ളടക്കവും ഉചിതമാക്കുന്നതില്‍ നേതൃത്വം നല്‍കണം. ഡയറ്റുകളുടെ സേവനം ആവശ്യാനുസരണം ഇക്കാര്യത്തില്‍ തേടണം.
നടന്നുകൊണ്ടിരിക്കുന്ന ക്ലാസുകളുടെ ഉള്ളടക്കവും പ്രാദേശികപിന്തുണയും കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേരിടുന്ന സമ്മര്‍ദങ്ങളും ഗവേഷണാത്മകമായി വിലയിരുത്തുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.
എഫ്) കൈറ്റ്, എസ്.ഐ.ഇ.ടി, സമഗ്രശിക്ഷ
ക്ലാസുകളുടെ സാങ്കേതിക കാര്യങ്ങളില്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വന്നിരിക്കുന്ന വിലയിരുത്തലുകള്‍ കൂടി പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ അക്കാദമിക നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിര്‍വഹിക്കണം.
സമഗ്രശിക്ഷയുടെ ഇടപെടല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപഭേദം വരുത്തി നടപ്പിലാക്കണം.
ജി) ഡി.ജി.ഇ.
പൊതുവായ ഏകോപനം ഉറപ്പാക്കണം. സ്കൂള്‍ തുറക്കല്‍, പൊതുപരീക്ഷ, ക്ലാസ് കയറ്റം തുടങ്ങിയവ സംബന്ധിച്ച അനിശ്ചിതത്വം കഴിയുന്നത്ര പരിഹരിക്കണം.
നിലവിലുള്ള മാര്‍ഗരേഖയില്‍ മതിയായ മാറ്റങ്ങള്‍ വരുത്തുകയും അക്കാര്യം ഓരോ അധ്യാപകനിലും ബന്ധപ്പെട്ട മറ്റുള്ളവരിലും എത്തിയെന്ന് ഉറപ്പാക്കുകയും വേണം.
എച്ച്) വിദ്യാഭ്യാസ വകുപ്പ്
എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിനത്തില്‍ സംസ്ഥാനതല റിവ്യൂ, ആസൂത്രണയോഗം നടക്കണം. ഇതില്‍ വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.ഇ, എസ്.സി.ഇ.ആര്‍.ടി. ഡയറക്റ്റര്‍, സമഗ്രശിക്ഷ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നിവയുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കണം. തുടര്‍ന്ന് ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ റിവ്യൂ, ആസൂത്രണയോഗം നടക്കണം. അതിനുശേഷം വിദ്യാഭ്യാസജില്ല, ഉപജില്ലാതല യോഗവും സ്കൂള്‍തല എസ്.ആര്‍.ജി.യും സമയബന്ധിതമായി നടക്കണം.
⭕
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി