Pages

Monday, January 11, 2021

കോവിഡ് കാലത്തെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ (ചെറിയാക്കര മാതൃക)

ജൂണ്‍മഴ വന്നു വിളിച്ചിട്ടും കുട്ടികള്‍ വീട്ടിലിരുന്നു. വിദ്യാലയം അടഞ്ഞു കിടന്നു.


വിക്ടേഴ്സില്‍ ടി വി അധ്യാപകര്‍ കുട്ടികളുമായി സംവദിച്ചു. അസാധാരണമായ വര്‍ഷമാണ് കടന്നു പോയത്. ഈ പരിമിതികളെ എങ്ങനെ സര്‍ഗാത്മകമാക്കി ഉപയോഗിക്കാം എന്ന് ആലോചിച്ച അധ്യാപകരുടെ വിദ്യാലയങ്ങളുണ്ട്. ഓണ്‍ലൈന്‍ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെടുകയാണ്. കുട്ടികള്‍ക്ക് ഏകാന്തതാബോധം ഉണ്ടാവാതെ നോക്കണം. അവരുടെ ക്രിയാത്മകതയെ, മാനസീക സന്തോഷത്തെ , അന്വേഷണതൃഷ്ണയെ അഭിസംബോധന ചെയ്യണം. വേറിട്ട വഴികളാണ് പലരും തെരഞ്ഞെടുത്തത്. ചില വിദ്യാലയങ്ങള്‍ ജൂണിനു മുമ്പേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിലന്നാണ് ചെറിയാക്കര ഗവ.എൽ.പി സ്കൂള്‍. അവിടെ നടന്ന ചില പ്രവര്‍ത്തനങ്ങളാണ് ചൂണ്ടുവിരല്‍ പങ്കിടുന്നത്. കോവിഡ്കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റേ ഭാഗമാകേണ്ടവയാണ്. ‍ അത് വിക്ടേഴ്സ് ക്ലാസുകളെ‍ മാത്രമായി ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഗാത്മക വിദ്യാലയങ്ങളെ മാനിക്കാതിരിക്കലാകും.

പരിശോധനാവിഷയങ്ങള്‍

1. ഔദ്യോഗിക സംവിധാനം വഴി നല്‍കിയ പഠനവിഭവങ്ങള്‍ക്കപ്പുറം പ്രാദേശിക സാധ്യത വിദ്യാലയം പ്രയോജനപ്പെടുത്തിയത്

2.അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുളള ബന്ധം സജീവവും സൗഹൃദപരവായി നിലനിറുത്താന്‍ എന്തു തന്ത്രങ്ങളാണ് വിദ്യാലയം സ്വീകരിച്ചത്?

3. വീട്ടില്‍ ഏകാന്തതയിലകപ്പെട്ടുപോയ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കി കൂട്ടായ്മാബോധം സൃഷ്ടിക്കാന്‍ വിദ്യാലയം നടത്തിയ ഇടപെടലുകള്‍ എന്തെല്ലാം?

4. രക്ഷിതാക്കളെ എങ്ങനെയെല്ലാം വിദ്യാലയ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനായി

5. മഹാമാരിക്കാലം സര്‍ഗാത്മകമായ അക്കാദമിക അന്വേഷണത്തിനുളള അവസരമാക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?

വിവരശേഖരണം

ചെറായിക്കര ജി എൽ പി സ്കൂളിലെ അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ മഹേഷ അയച്ചു തന്ന ഡോക്യുമെന്റേഷന്‍ റിപ്പോര്‍ട്ട്, ഫേസ് ബുക്കിലൂടെ പങ്കിട്ട കാര്യങ്ങള്‍, പത്രവാര്‍ത്തകള്‍ എന്നിവയില്‍ നിന്നുമാണ് വിവരം ശേഖരിച്ചത്.

ലഭിച്ച വിവരങ്ങള്‍ ചുവടെ നല്‍കുന്നു. (എല്ലാം ഉള്‍പ്പെടുത്തുന്നില്ല)

പ്രിയ കവിക്ക് സ്നേഹാഞ്ജലി

ആധികാരിക പഠനത്തിലെ പ്രധാന കാര്യമാണ് സമൂഹത്തിലെ ആനുകാലിക പ്രമേയങ്ങളോട് പ്രതികരിക്കുക എന്നത്. കേരളത്തിലെ പ്രിയങ്കരിയായ


സുഗതകുമാരിയുടെ വിയോഗം കേവലം പത്രവാര്‍ത്തയായി മാത്രം കുട്ടികള്‍ അറിഞ്ഞാല്‍ പോര
. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ കുട്ടികളോട് നുസ്മരണച്ചടങ്ങന്റെ വിവരം വിദ്യാലയം പങ്കിട്ടു.  

മലയാളത്തിന്‍റെ പ്രിയ കവയിത്രിക്ക് ചെറിയാക്കരയിലെ കുട്ടികളുടെ അശ്രുപൂജ നടന്നത് അങ്ങനെയാണ്.‍‍ ഡിസ.23 ന് വൈകുന്നേരം സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് അനുസ്മരണഭാഷണം സംഘടിപ്പിച്ചു. യുവ കവയിത്രി രേഖ കെ അനുസ്മരണഭാഷണം നടത്തി

 തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും ടീച്ചറുടെ കവിതകള്‍ അവതരിപ്പിച്ചു. തങ്ങളുടെ അനുസ്മരണങ്ങള്‍ പങ്കുവെച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം അര്‍ഥപൂര്‍ണമായി.

ഹ്രസ്വചിത്രമേള ക്രിസ്തുമസിന്

സർഗാത്മകമായ ഇടപെടലുകളോടെ കോവിഡ് 19 കാലത്ത് കുട്ടികൾക്ക്


സന്തോഷകരമായ പഠനാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ഹ്രസ്വചിത്രമേള എന്ന നവ്യമായ പ്രവർത്തനം ഏറ്റെടുത്തത്
. ഡിസം 25ന് ജി.എൽ.പി.എസ് ചെറിയാക്കരയിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ വൈഗ, മിഥുൻ & അമൽ ടീമിന്റെ ഹ്രസ്വചിത്രം റിലീസ് ചെയ്തു.

വൈകു.7 മണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ ഉണ്ണിരാജ് ചെറുവത്തൂർ ആണ് സ്നേഹദൂത് - ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തത്.

തുടർന്ന് ചെറിയാക്കരയുടെ ചെറിയ വലിയ സന്തോഷങ്ങൾ, നിനവ്, ഇഷാൻ, ഏറ് സാന്ത്വനം, സ്നേഹദൂത് എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും നടന്നു.

ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ പ്രിയനന്ദൻ നിർവഹിച്ചു.

തുടർന്ന് വിദ്യാലയം ഇതു വരെ പുറത്തിറക്കിയ 6 ഷോട്ഫിലിമുകളുടെ അണിയറ ശില്പികളായ  ഡോ. വിധു പി നായർ, രഞ്ജിത്ത് ഓരി, അബ്ബാസ് ആലുവ, ഷാജി കാവിൽ, സജിത്ത് രാജ് ഞണ്ടാടി, രേഷ്മ സുമേഷ്, നിമ്മി ശ്രീജിത്ത്, ധനില എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.

സര്‍ഗാത്മക വീഡിയോകള്‍

ജി എൽ പി എസ് ചെറിയാക്കരയിലെ നാലാം ക്ലാസിലെ കൂട്ടുകാർ  ഒരുക്കുന്ന സർഗാത്മക വീഡിയോകൾ ഏറെ കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയും ആണ് പൊതുസമൂഹം കാണുന്നത്. വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണിത്. കുട്ടികളെ അറിവിന്റെ നിര്‍മാതാക്കളാക്കുക എന്നു പറയുന്നതിന് ഇങ്ങനെയും സാധ്യതയുണ്ട്. ആവിഷ്കര്‍ത്താക്കളാകുന്ന കുട്ടികള്‍. പുതിയ കാലത്ത് performer കൂടിയായ പഠിതാക്കളെയാണ് വിദ്യാലയം ലക്ഷ്യം വെക്കുന്നത്.

പഠനത്തിലൂടെ നേടുന്ന അറിവും കഴിവും തങ്ങളുടെ സർഗപ്രകടനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കുട്ടികൾക്ക് കഴിയണം.

ഭയാശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ മുന്നേറാൻ മക്കൾക്ക് കഴിയാണം.

ഓരോ മൊട്ടും വിരിയാനുള്ളതാണ്. ആ പൂക്കൾ ഓരോന്നും നാളെ സമൂഹത്തിൽ സുഗന്ധം പടർത്തേണ്ടവരാണ്. അതിനാൽ വിദ്യാലയത്തിലെ 65 കുട്ടികളെയും വ്യക്തിഗതമായി തന്നെ അറിവിലും കഴിവിലും സർഗാത്മകതയിലും മുന്നേറാൻ,ആ കുഞ്ഞുകൈകളെ ചേർത്ത് പിടിച്ച് നടക്കുകയാണ് ഈ വിദ്യാലയം.

2020 നവംബർ 14 ന് ശിശുദിനത്തിലാണ് നാലാം ക്ലാസുകാരുടെ  സർഗ്ഗാത്മക വീഡിയോകൾ സംപ്രേക്ഷണം ആരംഭിച്ചത് ( 3 ടീം) . രണ്ടാം ടേമിണിൽ ടീം - 1 സുനു കാർത്തിക്,അനിത ശ്രീജിത്ത്,പൃഥ്വിലാൽ എന്നിവർ ചേർന്നൊരുക്കുന്നത് സാന്ത്വനം എന്ന ഷോർട്ട് ഫിലിം ആണ്

ചെറിയാക്കര വാർഡിലെ ഏറെ പ്രിയപ്പെട്ട വാർഡ് കൺവീനർ ശ്രീ പി കുഞ്ഞിക്കണ്ണൻ അവർകളും കുട്ടികൾക്കൊപ്പം ചേര്‍ന്നു. ഒപ്പം ചെറുവത്തൂരിലെ KAH ഹോസ്പിറ്റലിലെ പ്രഗത്ഭനായ ഡോക്ടർ മുഹമ്മദ് അലിയും ഷോർട്ട് ഫിലിമിൻ്റെ ഭാഗമായി

ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ പൊതു സമൂഹത്തിന് നൽകാവുന്ന 

ഏറ്റവും മികച്ച സന്ദേശവുമായാണ്  കൂട്ടുകാരുടെ വന്നത്.

കോവിഡ് മഹാമാരി  കവർന്നെടുത്ത കുട്ടിക്കാലത്തെ പോയ ദിനങ്ങൾ, ഇവിടെ ഓൺലൈൻ പഠനത്തിനിടയിൽ കളിചിരി വർത്തമാനങ്ങളെയും അവരവരിലെ സർഗാത്മകതയെയും തിരിച്ചുപിടിക്കുകയാണ് ചെറിയാക്കരയിലെ കുട്ടികൾ.


രക്ഷിതാക്കളുടെ പിന്തുണയോടെ കൂടിയാണ് ഇത്തരം  പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്
. രക്ഷിതാക്കളായ ശ്രീമതി നിമ്മി ശ്രീജിത്ത് ശ്രീമതി ധനില എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിൻ്റെ ആശയവും ആവിഷ്കാരവും നിർവഹിച്ചത്. കഥയും, സ്ക്രിപ്റ്റും പിന്നെ ക്യാമറയും എഡിറ്റിങ്ങുമെല്ലാം തങ്ങളുടെ മൊബൈലിൽ നിർവഹിക്കുകയാണ് ഇവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദങ്ങൾ

കൗതുകാനുഭവങ്ങള്‍ പങ്കിടാം

നാലാം തരത്തിൽ പരിസരപഠന വിഷയത്തിൽ പക്ഷികളുടെ കൗതുക ലോകം 

എന്ന യൂണിറ്റിൽ ഓരോ കുട്ടിക്കും ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിക്കാനും  അവയുടെ പ്രത്യേകതകൾ കണ്ടെത്തി പറയുവാനും കഴിവു നേടേണ്ടതുണ്ട്

ഈ പഠനനേട്ടം കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിലും ഫലപ്രദമായി 

കുട്ടികളിൽ എത്തിയിട്ടുണ്ട് എന്ന വെളിവാക്കുന്നു നാലാം ക്ലാസിലെ മിഥുൻ ജെ തയ്യാറാക്കിയ ചെറു വീഡിയോ

ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാൻ കുട്ടികൾക്ക് വലിയ താല്പര്യമാണ്

മഞ്ഞക്കറുപ്പനെയും മഞ്ഞക്കിളിയെയും സവിശേഷത നോക്കി തിരിച്ചറിയാനും  മഞ്ഞക്കിളി ദേശാടനപ്പക്ഷി ആണെന്ന്  മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്

വിരുന്നെത്തുന്ന ഒട്ടേറെ ദേശാടന പക്ഷികളിൽ സാധാരണയായി തെക്കൻ കേരളത്തിലെ ആലപ്പുഴയിലൊക്കെ കൂടുതലായി കണ്ടുവരുന്ന ഹുപ്പോ എന്ന ദേശാടനപ്പക്ഷിയെ ചെറിയാക്കരയിലെ  തൻ്റെ വീടിൻ്റെ പരിസരത്ത് കണ്ടെത്തിയിരിക്കുകയാണ് മിഥുൻ.

ഹുപ്പോയുടെ  സവിശേഷതകൾ നിരീക്ഷിച്ച് അമ്മയുടെ മൊബൈൽ ഫോണിൽ 

പക്ഷിയുടെ വീഡിയോ പകർത്തി ചെറു വിവരണം തയ്യാറാക്കി കൂട്ടുകാർക്ക് വേണ്ടി അത് പങ്കുവെക്കാൻ  മിഥുൻ കാണിച്ചതാല്പര്യം വളരെ പ്രശംസനീയമാണ്


പ്രഗത്ഭനായ അധ്യാപകനും ചെറുവത്തൂർ ബി
.ആർ.സി മുൻ ബി.പി.ഒ യും ആയിരുന്ന ഒ .രാജഗോപാലൻ മാസ്റ്റർ മിഥുന് നല്ല ഫീഡ്ബാക്കും നൽകി.

ഇംഗ്ളീഷിനും പരിപാടി

EYES - Enrich Your English Skills ചെറിയാക്കര ഗവ.എൽ.പി സ്കൂളിൽ 2020 ഡിസ1 ന് ആരംഭിച്ചു. ഓൺലൈൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠന പദ്ധതിയാണിത.

ദിവസം 15 മഴവില്ലുകള്‍ !

ചെറിയാക്കര ഓൺലൈൻ മഴവില്ലഴക് - കലോത്സവ യൂട്യൂബില്‍. 17 ഇനങ്ങളിലായി 120 വീഡിയോകളാണ് കലോത്സവ വിഭവം. ദിവസം 15 വീഡിയോ വെച്ച് പോസ്റ്റ് ചെയ്തു. (മുഴുവൻ വീഡിയോകൾക്കും ഈ ചാനൽ സന്ദർശിക്കുക.https://www.youtube.com/) .

കുരുന്നുകളുടെ സർഗവസനകൾ പെയ്തിറങ്ങുന്ന കലയുത്സവത്തിന് ചെറിയാക്കരയിൽ അരങ്ങുണർന്നപ്പോള്‍ വാക്കുകൾ കൊണ്ട് വിസ്മയം തീർത്തും കഥ പറഞ്ഞും അഭിനയിച്ചും പാട്ടുപാടിയുമെല്ലാം കൊവിഡ് കാലത്തെ ഓൺലൈൻ


കലോത്സവംകുട്ടികൾ ഏറ്റെടുത്തു
. ചെറിയാക്കര ഗവ. എൽ പി സ്കൂൾ മഴവില്ലഴക് എന്ന പേരിലാണ് നാലുനാൾ നീളുന്ന കലോത്സവത്തിന് അരങ്ങൊരുക്കിയത്. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വീടുകളിലുള്ള കുട്ടികളെ വിദ്യാലയവുമായി ചേർത്ത് നിർത്തുമ്പോൾ അവർക്ക് ലഭിക്കുന്ന ആത്മവിശ്വാസവും സന്തോഷവും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം കലയുത്സവത്തിൽ ഉറപ്പ് വരുത്തിയിട്ടുണ്ട്.

വീടുകളിൽ നിന്നും ചിത്രീകരിച്ച് കുട്ടികൾ അയക്കുന്ന വീഡിയോകളാണ് കലയുത്സവത്തിൽ ഉൾപ്പെടുത്തുന്നത്. കോഡ് നമ്പർ ഉൾപ്പെടെ കുട്ടികൾക്ക് നൽകിയിട്ടുണ്ട്.

കളിമണ്ണിൽ വിസ്മയം തീർത്ത രണ്ടാം ക്ലാസുകാരി

കോവിഡിന് മുന്നെ ചെറിയാക്കര ഗവ.എൽ പി സ്കൂളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ ടാലൻ്റ് ലാബ് സക്രിയമായിരുന്നു. കോവിഡു കാലത്ത് ഓരോ വീടും കുട്ടികളുടെ കഴിവുകൾ പരിപോഷിക്കാൻ സാധിക്കും വിധം മാറേണ്ടതുണ്ടെന്ന് വിദ്യാലയം ഓർമപ്പെടുത്തി. കോവിഡ് കാലത്ത് ആ സാധ്യത പ്രയോജനപ്പെടുത്തപ്പെട്ടു.


ഗവൺമെൻറ് എൽപി സ്കൂളിൽ ചെറിയാക്കരയിലെ രണ്ടാം ക്ലാസ്സുകാരി ഋഷിക വിനോദാണ് കോവിഡ് കാല പഠനം തന്റെ  സർഗാത്മകത കൊണ്ട് വ്യത്യസ്തമാക്കിയവരില്‍ ഒരാള്‍..

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടയിൽ കളിമൺ രൂപങ്ങൾ തീർക്കാൻ സമയം കണ്ടെത്തുകയാണ് അവൾ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഉപജില്ലാ മേളയിൽ അടക്കം വിദ്യാലയത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുവാനും ഈ കൊച്ചു മിടുക്കിക്ക് സാധിച്ചിട്ടുണ്ട്.കളിമണ്ണിൽ മുതല, ആമ, പാമ്പ്,അടുക്കള ഉപകരണങ്ങൾ എന്ന് വേണ്ട 

ഏതു രൂപങ്ങളും നിമിഷനേരം കൊണ്ട് കുഞ്ഞിക്കൈകളിൽ വിരിച്ചെടുക്കാൻ  ഋഷികക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. കളിമണ്ണിൽ തീർക്കുന്ന രൂപങ്ങൾ തൻ്റെ അധ്യാപകർക്കും കൂട്ടുകാർക്കും അവരുടെ വിശേഷ ദിനങ്ങളിൽ നൽകാൻ ഈ കൊച്ചു മിടുക്കി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശില്പകലയിൽ എന്ന പോലെ ചിത്രകലയിലും കഴിവു തെളിയിക്കാൻ ഋഷികക്ക് കഴിഞ്ഞിട്ടുണ്ട്. അച്ഛൻ ഒ.കെ വിനോദ് വിദ്യാലയത്തിൻ്റെ പി ടി എ പ്രസിഡണ്ടു കൂടിയാണ്.

അമ്മട്ടീച്ചര്‍മാര്‍

കൊവിഡ് കാലം അക്കാദമിക് മേഖലയിൽ സാധ്യതകളുടെ അന്വേഷണ കാലം കൂടിയാണ്.വീട് വിദ്യാലയം ആകുന്ന ഈ സമയത്ത് അച്ഛനമ്മമാരാണ് ഏറ്റവും നല്ല അധ്യാപകർ.

ഈ ഒരു ആശയം പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുകയാണ് ചെറിയാക്കര ഗവൺമെൻറ് എൽ.പി സ്കൂളിലെ ഒരു കൂട്ടം രക്ഷിതാക്കൾപലവിധ കഴിവുള്ളവരാണ് പുതിയ കാലത്തെ രക്ഷിതാക്കൾ

 കഥ പറയാനും പാട്ടുപാടാനും പലതരം വസ്തുക്കൾ നിർമിക്കാനും കഴിവുള്ളവർ അവർക്കിടയിൽ ഏറെയുണ്ട്കുട്ടികളോട് ഹൃദ്യമായി സംസാരിക്കാനും ഏറ്റവും നന്നായി ഇടപെടാനും കഴിയുന്ന രക്ഷിതാക്കളും ഇക്കൂട്ടത്തിലുണ്ട്. ഇവിടെ കുട്ടികൾക്ക് വിക്ടേഴ്സിലൂടെ യും ഗൂഗിൾ മീറ്റ് ക്ലാസുകളിലൂടെയും നവ്യമായ പഠനാനുഭവങ്ങൾ നൽകുന്നതോടൊപ്പം തന്നെ 

ഒരു ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ കൂടെ അധ്യാപകരുടെ റോളിൽ

കുട്ടികൾക്ക് മുന്നിലെത്തിരക്ഷിതാക്കള്‍ ഓരോരുത്തരും പല ദിവസങ്ങളിലായി ചെറിയ ചെറിയ പഠനാനുഭവങ്ങള്‍ കുട്ടികൾക്ക് മുന്നിലവതരിപ്പിച്ചു

കഥ അവതരിപ്പിച്ച പ്രീപ്രൈമറി യിലെ ഇഷാൻ്റെ അമ്മ ശ്രീമതി സനീഷ രാഗേഷ് ഒരു കഥ അവതരിപ്പിക്കുന്നതിനു വേണ്ടി എത്രമാത്രം സജ്ജമായിട്ടുണ്ട് എന്ന് 

കഥ പറയുന്നതിന്  ഉപയോഗപ്പെടുത്തിയ വസ്തുക്കൾ നോക്കിയാൽ മനസ്സിലാകും

മുഖംമൂടികൾ, കട്ടൗട്ടുകൾ, പപ്പറ്റുകൾ എന്നിവയൊക്കെ വീട്ടിൽ തയ്യാറാക്കുമ്പോൾ 

അതൊക്കെ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ്. അറിയാതെ ഇതു വഴി പല വീടുകളിലും ഒരു ടാലൻ്റ് ലാബു തന്നെ രൂപപ്പെടുകയാണ്. രക്ഷിതാവിന് പിന്നാലെ മക്കളും അത്തരത്തിൽ സർഗ്ഗാത്മക പ്രകടനത്തിന്  തയ്യാറാകുന്ന കാഴ്ചയും സമീപ ഭാവിയിൽ കാണാം. മക്കൾക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കൾ, അവിടെ രക്ഷിതാവിൻ്റെ കഴിവുകൾ കണ്ടറിഞ്ഞ് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും വളരുന്ന കുട്ടികൾ. ഇങ്ങനെ പൊതു ക്ലാസിൽ ഒരു പഠന പ്രവർത്തനം ചെയ്യുന്നതിലൂടെ തങ്ങളുടെ വീടും ഫലപ്രദമായ വിദ്യാലയമാക്കി മാറ്റുകയാണ് ചെറിയാക്കരയിലെ രക്ഷിതാക്കൾ.

രക്ഷിതാക്കൾ തന്നെയാണ് കുട്ടികളുടെ ഏറ്റവും നല്ല റോൾ മോഡൽ

ഫ്രണ്ട്സ് ന്യൂസ് വിഷൻ

ചെറിയാക്കരയിലെ രണ്ടാം ക്ലാസിലെ കുട്ടികള്‍ അവതാരകരും കുട്ടി റിപ്പോർട്ടർമാരുമായി ഓൺലൈൻ ഓണാഘോഷത്തിൻ്റെ വിശഷങ്ങളുമായി.ഫ്രണ്ട്സ് ന്യൂസ് വിഷൻ - പ്രതിവാര വാർത്താ ചാനലിലൂടെ.

ഇത് രക്ഷിതാക്കൾ സ്വന്തം നിലയിൽ ചെയ്തതാണ്. അധ്യാപകരുടെ ആശമോ പിന്തുണയോ, സാങ്കേതിക സഹായമോ ഒന്നും തന്നെ ഇതിലില്ല. .കോവിഡ് കാലത്ത് മക്കളുടെ പിന്തുണയിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു പലരും

പ്രാദേശിക വൈദഗ്ധ്യം കോവിഡ് കാലത്തും

ചെറിയാക്കര ഗവൺമെൻറ് എൽ പി സ്കൂളിലെ സ്കൂൾ വികസന സമിതിയുടെ 

നിർവാഹക സമിതി അംഗമായ പത്മിനി ചേച്ചി. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്. പത്മിനി ചേച്ചി കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചെറിയാക്കര ഗവൺമെൻറ് എൽ പി സ്കൂളിന് പല വേളകളിലും കൈത്താങ്ങ് ആവുകയാണ്.വിദ്യാലയ പ്രവേശനോത്സവം

വിദ്യാലയത്തിലെ മറ്റ് വിശേഷ ദിനങ്ങൾ സ്കൂളിൻ്റെ വികസന ആവശ്യങ്ങൾ


വിദ്യാലയ പച്ചക്കറി കൃഷിക്ക് തൻ്റെ നെൽവയൽ അനുവദിച്ചു തന്നത്
...... എന്നിങ്ങനെ പലതരത്തിൽ വിദ്യാലയത്തിൻ്റെ കൂടെ നിന്ന വ്യക്തിത്വമാണ് പത്മിനി ചേച്ചി. ഭർത്താവ് പരേതനായ രഘു മോഹനൻ മാഷിൻ്റെ സ്മരണാർത്ഥം വിദ്യാലയത്തിലെ മിടുക്കന്മാർക്ക് സ്കോളർഷിപ്പും ഈ കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. നന്നായി കവിതയെഴുതുകയും പാടുകയും ചെയ്യാറുള്ള നമ്മുടെ കുട്ടികളുടെ സ്വന്തം  മുത്തശ്ശിയുടെ കഴിവ് മനസ്സിലാക്കി

നാട്ടിലെ പ്രതിഭ എന്ന നിലയിൽ കഴിഞ്ഞ വർഷം വിദ്യാലയം ആദരിക്കുകയുണ്ടായി.

കോവിഡ് കാലത്ത് ഒട്ടേറെ കവിതകൾ എഴുതിയ ചെറിയാക്കരയുടെ പ്രിയചേച്ചി പാടിയ നാടൻപാട്ടുകള്‍ കുട്ടികള്ക്ക് ശ്രാവ്യമധുരാനുഭവമായി.

പഠനവീടുകള്‍ 

സുമനസ്സുകളുടെ പിന്തുണയിൽ ജി.എൽ.പി.എസ് ചെറിയാക്കര ഗ്രാമത്തിൽ മൂന്നിടങ്ങളിൽ പഠന വീടുകൾ സ്ഥാപിച്ചു. കോ വിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ


വിക്ടേഴ്സ് ചാനലിലൂടെയുള്ള  ഓൺലൈൻ പഠനം പ്രദേശത്തെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെ കുട്ടികൾക്ക്‌ ഉറപ്പു വരുത്തുക എന്നതാണ് പഠന വീടുകളുടെ ലക്ഷ്യം
.. ഓരോ പഠന വീട് കേന്ദ്രീകരിച്ചും ജാഗ്രത സമിതികളും രൂപീകരിച്ചു. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന  വിനോദ്, ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഹരീഷും സുഹൃത്തുക്കളും ചേർന്നാണ് പഠന വീടുകളിലേക്കാവശ്യമായ ടി.വി കൾ സ്പോൺസർ ചെയ്തിരിക്കുന്നത്. പലോത്ത് AKG ക്ലബ്ബ് ചെറിയാക്കര ടി.കെ സ്മാരക കലാസമിതി, ചെറിയാക്കര കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് പ്രാദേശിക പഠന വീടുകൾ സജ്ജമാക്കിയിരിക്കുന്നത്.

സ്വന്തം മൊബൈൽ അപ്ലിക്കേഷൻ

ഓൺലൈൻ പഠനം ഫലപ്രദമാക്കാൻ ജി എൽ പി എസ്‌ ചെറിയാക്കര സ്വന്തമായി


മൊബൈൽ അപ്ലിക്കേഷൻ തയാറാക്കി
. ഒരു ക്ലാസ് മുറിയുടെ എല്ലാ സവിശേഷതകളുമുള്ള അപ്ലിക്കേഷൻ കുട്ടികൾ ഏറ്റെടുത്തു . ഇത് കൂടാതെ ഓൺലൈനിൽ ലൈവ് ക്ലാസും ജൂൺ ആദ്യവാരം വിദ്യാലയം ആരംഭിച്ചിട്ടുണ്ട്

500 മാസ്കുകൾ

കോവിഡ് 19 നെ പ്രതിരോധിക്കാൻ ഗവൺമെൻറ് എൽ പി സ്കൂൾ ചെറിയാക്കരയും റെഡ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി 500 മാസ്കുകൾ തയ്യാറാക്കി പ്രദേശത്തെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു. വീടുകളിലെ തയ്യൽ മെഷീൻ ഉപയോഗിച്ച് ചെറിയാക്കര റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വനിതാവേദി പ്രവർത്തകരാണ് മാസ്കുകൾ തയാറാക്കിയിരിക്കുന്നത്. സ്കൂളിലെ നാലാം ക്ലാസിലെ ആദിത്യ കെ.വിയുടെ കുടുംബം 100 മാസ്കുകളാണ് ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. വിദ്യാലയത്തിലെ മൂന്ന് നാല് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും  മാസ്കുകൾ തയ്യാറാക്കിയിരിക്കുന്നത് ആദിത്യ തന്നെയാണ്. പലോത്തുള്ള ശ്രീജിഷ്, ധന്യ ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. വിദ്യാലയത്തിലെ പിടിഎ പ്രവർത്തകരും  റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ പ്രവർത്തകരും വരും ചേർന്ന് ഇന്ന് മാസ്ക്കുകൾ പ്രദേശത്തെ വീടുകളിൽ എത്തിച്ചു

മീറ്റ് ദ ഗ്രേറ്റ്സ്


ജി എൽ പി എസ് ചെറിയാക്കരയുടെ  സ്വന്തം ഓൺലൈൻ പഠന പരിപാടിയിലെ തിളക്കമുളള പ്രവര്‍ത്തനമാണ് മീറ്റ് ദ ഗ്രേറ്റ്സ് പ്രോഗ്രാം
. ഒരു വിശിഷ്ട വ്യക്തി കുട്ടികളുമായി സംവദിക്കാൻ നിത്യേനെ സ്കൂൾ ഓൺ ലൈൻ ലേണിങ്ങ് ഗ്രൂപ്പിൽ എത്തുന്നു എന്നതാണ് സവിശേഷത. . വിശിഷ്ട വ്യക്തികൾ മുൻ കൂട്ടി തയ്യാറാക്കുന്ന പഠന വീഡിയോ ഉപയോഗിച്ചും ഓൺലൈനിൽ കുട്ടികളുമായി സംവദിച്ചുമാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്. വിക്ടേഴ്സ് ക്ലാസുകള്‍ക്ക് മുമ്പാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

മഹേഷ് എഴതുന്നു

" . ഓരോ ദിവസവും പല മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ്  ഗ്രൂപ്പിൽ എത്തുന്നത്. സംസ്ഥാനത്തെ അമ്പതോളം വിശിഷ്ട വ്യക്തിത്വങ്ങളെ  മീറ്റ് ദ ഗ്രേറ്റ് പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ്  വിദ്യാലയം ലക്ഷ്യമിടുന്നത്"

കേവലം സമയം പോക്കാനുള്ള ചില പ്രവർത്തനങ്ങൾ എന്ന നിലയിലല്ല ,പകരം എൽ .പി ക്ലാസുകളിലെ പഠനനേട്ടങ്ങൾ വിശകലനം ചെയ്ത് ഭാഷാശേഷി വികസനത്തിനും, പ്രക്രിയാശേഷി വികസനത്തിനും, കലാപഠനത്തിൽ മുന്നോട്ട് വെച്ച ശേഷി വികാസങ്ങൾക്കും ഉതകുന്ന പ്രവർത്തനങ്ങളാണ് നൽകിവരുന്നത്. മീറ്റ് ദ ഗ്രേറ്റ്സ് ഓൺലൈൻ പഠന പദ്ധതി വളരെ ഗൗരവമായും സജീവമായും മുന്നോട്ടു പോകുമ്പോൾ പ്രവർത്തനത്തിന്റെ വിലയിരുത്തലും അതത് ദിവസം നൽകുന്നുണ്ട്. ഇതിന്റെ ഫലപ്രാപ്തി ലഭ്യമായ വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ചചെയ്തു. ചില അന്വേഷണങ്ങൾ കൂടെ നടത്തുകയുണ്ടായി.

1. കുഞ്ഞു നാടൻ പാട്ടുകൾ

ജി എൽ പി എസ് ചെറിയാക്കരയുടെ മീറ്റ് ദ ഗ്രേറ്റ്സ് പരിപാടിയുടെ ഒന്നാം ദിവസം  വിദ്യാലയത്തിന്റെ ഓൺലൈൻ പഠന ഗ്രൂപ്പിൽ അതിഥിയായി എത്തിയത്  ഉദയൻ കുണ്ടംകുഴിയാണ്. പ്രിയ സുഹൃത്ത് ഉദയൻ കുട്ടികൾക്ക് പറ്റുന്ന കുഞ്ഞു നാടൻ പാട്ടുകൾ പാടി അവരെ പാട്ടിന്റെ ലോകത്ത് എത്തിച്ചു.

തുടർന്ന്  കുട്ടികൾ പാട്ടുപാടി  വീഡിയോ ക്ലിപ്പ് ഉദയന്  അയച്ചുകൊടുത്തു.ഉദയൻ അതെല്ലാം കേട്ട് വൈകുന്നേരം കുട്ടികൾക്ക് ഫീഡ് ബാക്ക് നല്കി

2. പാട്ടുപാടിയും കഥ പറഞ്ഞു വിനയൻ മാഷ്

രണ്ടാം ദിവസം അതിഥിയായി എത്തിയത് ശ്രീ വിനയൻ പിലിക്കോട് ആണ്. പാട്ടുപാടിയും കഥ പറഞ്ഞു വിനയൻ മാഷ് കുട്ടികളെ കയ്യിലെടുത്തു അവർ വളരെയധികം സന്തോഷിച്ച ദിവസം കൂടിയാണിന്ന്. ക്ലാസിന്റെ ഒടുവിൽ വിനയൻ മാഷിന്റെ നിർദേശം പാലിച്ചു കുട്ടികളെല്ലാവരും  അപ്പൂപ്പൻ താടിയെ കുറിച്ച് പാട്ടും പഞ്ചവൻ കാട്ടിലെ കഥയും എഴുതി തയ്യാറാക്കി. വിനയൻ മാഷ് എല്ലാം തന്നെ വായിച്ചുനോക്കി വൈകുന്നേരം കുട്ടികൾക്ക്  വോയ്‌സ് ക്ലിപ്പ് ആയി ഫീഡ്ബാക്കും നൽകി

3. നാടൻ പാട്ടിന്റെ കുലപതി

അതിഥി ശ്രീ സുഭാഷ് അറുകരയാണ്. നാടൻ പാട്ടിന്റെ കുലപതി സുഭാഷ് ഇതിനു


മുന്നേയും സ്കൂളിൽ വന്നിരുന്നു
. ഈ വർഷം  വായനാദിനം ഉദ്ഘാടനം ചെയ്തത് സുഭാഷ് ആയിരുന്നു.സുഭാഷിന്റെ  നാടൻ പാട്ടുകൾ കുട്ടികളും രക്ഷിതാക്കളും നന്നായി ആസ്വദിച്ചു. അവർ അത് ഏറ്റുപാടി കുട്ടികൾ നാടൻ പാട്ട് പാടുന്നത് ഓഡിയോ ക്ലിപ്പായും വീഡിയോയായും അയച്ചു തന്നു. സുഭാഷിന്റെ നാടൻപാട്ട് സെഷൻ ആസ്വാദ്യം.

4. ഓൺലൈൻ ക്ലാസിൽ ചിത്രം വര പരിശീലനക്കളരി

ഇടയിലക്കാട് എ എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ അനിൽ കുമാർ മാഷാണ്.സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ ചിത്രം വര പരിശീലനക്കളരിക്ക്  നേതൃത്വം  നൽകുന്ന അനിൽകുമാർ സാർ ആഴ്ചയിൽ ഒരുദിവസം കുട്ടികൾക്ക് ഫീഡ്ബാക്ക് നൽകാനും ശ്രദ്ധിക്കുന്നുണ്ട്.

5. കുഞ്ഞിളം കൈകളിൽ ഒരായിരം കുഞ്ഞി ത്തൈകൾ


കാസർഗോഡ് ജില്ലയുടെ ഹരിത മിഷൻ കോർഡിനേറ്റർ ശ്രീ എം പി സുബ്രഹ്മണ്യൻ

കുഞ്ഞിളം കൈകളിൽ ഒരായിരം കുഞ്ഞി ത്തൈകൾ പദ്ധതിയുമായി ബന്ധപ്പെട്ട്  എളുപ്പത്തിൽ ഗ്രോബാഗ് നിർമിക്കുന്ന രീതിയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. കുട്ടികൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ  ചാലഞ്ച് ഏറ്റെടുത്തു. ഗ്രോബാഗ് നിർമ്മിച്ച്  അവർ അതിൽ വിത്തുകളും ചെടികളും നട്ടു

6. മേഘങ്ങളുടെ കരച്ചിൽ

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ വി.എസ് ബിന്ദു, കെ ടി രാധാകൃഷ്ണൻ മാസ്റ്ററുടെ മേഘങ്ങളുടെ കരച്ചിൽ എന്ന കഥ  കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

തുടർന്ന്  കുട്ടികൾ എല്ലാവരുംതന്നെ തന്നെ കുഞ്ഞു മേഘങ്ങൾക്ക് തുടർന്ന് സംഭവിച്ച കാര്യങ്ങൾ കഥയായി  എഴുതി ടീച്ചർക്ക് അയച്ചുകൊടുത്തു . കഥാകൃത്ത് കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ വൈകുന്നേരം ഓൺലൈനിൽ കുട്ടികളോട് സംവദിച്ചു. രാത്രിയോടെ എല്ലാ രചനകളും വായിച്ചു നോക്കി ടീച്ചർ കുട്ടികൾക്ക് ഫീഡ്ബാക്കും നൽകി

7 ചിക്കുപ്പാവ

മീറ്റ് ദ ഗ്രേറ്റ്സ് പരിപാടിയിലെ ശ്രീ രാജേഷ് എസ് വള്ളിക്കോടിന്റെ  ക്ലാസ് വളരെ ഹൃദ്യമായിരുന്നു.കുട്ടികളെല്ലാം തന്നെ  സാർ നൽകിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. മുഴുവൻ കുട്ടികളുടെയും സൃഷ്ടികൾ വൈകുന്നേരം അദ്ദേഹം വായിച്ചു നോക്കി കുട്ടികൾക്ക് വ്യക്തിഗതമായ ഫീഡ്ബാക്ക് നൽകുകയുണ്ടായി. അവർക്കത് ഏറെ പ്രയോജനം ചെയ്തു. ഫീഡ്ബാക്കിനൊടുവിൽ കുട്ടികളോട് സംസാരിക്കാൻ  പാവനാടക സങ്കേതവും അദ്ദേഹം പ്രയോജനപ്പെടുത്തി. ചിക്കുപ്പാവ ചെറിയാക്കരയിലെ മക്കളോട് മനംനിറഞ്ഞ് സംസാരിച്ചപ്പോൾ കുട്ടികളും ആവേശത്തോടെ ചിക്കുവിനൊപ്പം കൂടി.

8. മനോഹരമായ  ഒരു കഥ

കാസറഗോഡ് ജില്ലയിലെ കളനാട് ഓൾഡിലെ

അദ്ധ്യാപികയായിരുന്നു അനുപമ ടീച്ചർ. അക്കാലഘട്ടത്തിൽ ടീച്ചറുടെ ക്ലാസ് മുറിയിലെ ഉല്പന്നങ്ങൾ സംസ്ഥാന അധ്യാപക പരിശീലനങ്ങളിൽ പോലും ചർച്ച ചെയ്തിരുന്നു. ടീച്ചർ ഇപ്പോൾ പ്രൊമോഷൻ ലഭിച്ച് കണ്ണൂർ ഡയറ്റിലെ ലക്ചറർ ആയി സേവനമനുഷ്ഠിക്കുകയാണ്. പ്രീ പ്രൈമറി മുതൽ 4- ക്ലാസു വരെ കുട്ടികൾക്ക് ടീച്ചർ മനോഹരമായ  ഒരു കഥ പറഞ്ഞു കൊടുത്തു. അതിന്റെ ശക്തിയിലാകണം കുട്ടികളുടെ പ്രതികരണങ്ങൾ.... എല്ലാം ചേർത്ത് രാത്രി അനുപമ ടീച്ചർ മക്കൾക്ക് ഫീഡ്ബാക്കും നൽകി

9. ഓൺലൈൻ പപ്പറ്റ് നിർമ്മാണ ക്ലാസ്

ശ്രീ പ്രമോദ് അടുത്തില ,സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവൃത്തി പരിചയ റിസോഴ്സ് പേഴ്സൺ, ccert യുടെ ഔദ്യോഗിക ട്രെയനർ കൂടിയാണ്. മനസ്സുകൊണ്ട് എന്നും ചെറിയാക്കരയുടെ കൂടെയുള്ള സാർ പപ്പറ്റ് നിർമ്മാണ ഓൺലൈൻ ക്ലാസുമായി കൂട്ടുകാരുടെ മുന്നിലെത്തി. മുഴുവൻ കുട്ടികളും പപ്പറ്റ് ഉണ്ടാക്കി എന്നു മാത്രമല്ല വൈകുന്നേരമായപ്പോഴേക്കും കുട്ടികൾ തനിച്ചും , ചിലർ ഒരു കൂട്ടുകാരനെ സംഘടിപ്പിച്ചും കൃതിയയെ പോലെയുള്ളവർ കൂട്ടുകാരന്റെ ശബ്ദം ഫോണിൽ സംഘടിപ്പിച്ചം പാവനാടകം തയാറാക്കി വീഡിയോ അയച്ചു തന്നു. എട്ട് പാവനാടകങ്ങളാണ് കുട്ടികൾ ഒരുക്കിയത്. വിദ്യാലയ ഗ്രൂപ്പിലെത്തുന്ന അതിഥികൾക്കുള്ള കുട്ടികളുടെ സമ്മാനം ഈ പ്രകടനങ്ങൾ തന്നെയാണ്.


10 .ഓൺലൈൻ പരീക്ഷണ ക്ലാസ്

ടോമി സാറിന്റെ ഓൺലൈൻ ക്ലാസിൽ 20 ഓളം കുട്ടികൾ പരീക്ഷണം ചെയ്യുന്നതും ടോമി സാർ അവർക്കൊക്കെ ഫീഡ്ബാക്ക് നൽകുന്നതും കാണാം.

11. ഭാഷയുടെ മധുരം

ചെറിയാക്കരയിലെ കുട്ടികൾക്ക് ഒരു ഭാഷാ ക്ലാസ് എടുക്കാൻ ഞാനും കൂടി.

ചൂണ്ടുവിരൽ ബ്ലോഗിൽ ആ അനുഭവം കുറിച്ചിരുന്നു. അതിനെ ആസ്പദമാക്കി മഹേഷ് കുറിച്ചതിങ്ങനെ..

ഒരു ദിവസം പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ എത്തിയത് സമഗ്രശിക്ഷ അഭിയാന്റെ മുൻ സംസ്ഥാന കൺസൾട്ടന്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ടി.പി കലാധരൻ ആയിരുന്നു. അദ്ദേഹം കുട്ടികൾക്കായി ആയി മനോഹരമായൊരു ഭാഷാ ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസിന് ഒടുവിൽ മുഴുവൻ കുട്ടികളും അദ്ദേഹം നിർദ്ദേശിച്ച  പ്രവർത്തനം ഏറ്റെടുക്കുകയും അദ്ദേഹം


നിർദ്ദേശിച്ച രചനകൾ പൂർത്തിയാക്കി അടുത്ത ദിവസം അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു
. ക്ലാസിൽ നിന്നുള്ള കുട്ടികളുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിദ്യാലയം പൊന്നിതൾ തുമ്പിലെ മഞ്ഞു തുള്ളി എന്ന ഡിജിറ്റൽ പുസ്തകവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസിന് തൊട്ടടുത്ത ദിവസം ഡോ.ടി.പി കലാധരൻ തന്നെ കുട്ടികൾക്ക് വ്യക്തിഗതമായി ഭാഷാ പഠനത്തിലെ ഫീഡ്ബാക്കും നൽകിയിട്ടുണ്ട്

പഠനവും വിലയിരുത്തലും.. നമ്മൾ ഏറെ ചർച്ച ചെയ്തതാണ് അസൈമെൻറ് ഓഫ് ലേണിങ്, അസൈമെൻറ് ഫോർ ലേണിങ്അസിമെൻറ് as ലേണിങ്... 3 പദങ്ങളും നമുക്ക് ഒക്കെ പരിചിതമാണ്കഴിഞ്ഞ ദിവസം സ്കൂൾ ഓൺ ലൈൻ ഗ്രൂപ്പിലെ Meet the Greats പ്രോഗ്രാമിന്റെ  ഭാഗമായി ഡോ.ടി.പി  കലാധരൻ സാറിന്റെ ഓൺലൈൻ ക്ലാസ്സ്  നടക്കുകയുണ്ടായി.

നേരിട്ട് കാണുന്നില്ലെങ്കിലും കുട്ടികൾ മുന്നിലുണ്ടെന്ന് സങ്കൽപ്പിച്ച് തന്നെയാണ് സാർ ആ ക്ലാസ് കൈകാര്യം ചെയ്തത്. കവിത ആലപിക്കുന്നതിന്  ഇടയിൽ തന്നെ കുട്ടികളോട്  ചില ചോദ്യങ്ങൾ ചോദിച്ച് ആശയഗ്രഹണത്തിനുള്ള തടസ്സങ്ങൾ എന്താണ് മുൻകൂട്ടി കണ്ടുകൊണ്ട് അത് മറികടക്കാൻ ആവശ്യമായ പിന്തുണ നൽകാൻ സാർ  ശ്രദ്ധിച്ചിരുന്നു

ഏറ്റവും ഫലപ്രദം ആയത് ഫീഡ്ബാക്ക് നൽകുന്ന ഭാഗമാണ്. പഠനവും ഫീഡ്ബാക്കും  രണ്ടല്ല എന്നും അത് ഒന്നിച്ച് പോകേണ്ട ഒന്നാണെന്നും നമുക്കറിയാം.ഫീഡ്ബാക്ക് നൽകേണ്ടത്  പഠന പ്രവർത്തനത്തോടൊപ്പം ആണ് എന്നത് ഇത് ഏറ്റവും പ്രധാനമാണ്. അസമെൻറ് ഫോർ ലേണിങ് എന്ന ആശയം തന്നെയാണ് ഏറ്റവും പ്രധാനം. പക്ഷേ ഈ കൊറോണ ഷട്ട്ഡൗൺ പിരീഡിൽ കുട്ടികളുടെ രചനകളുടെ മുകളിൽ നൽകുന്ന ഫീഡ്ബാക്ക് സമഗ്രമാക്കുക എന്നതാണ്  പഠനം ഫലപ്രദമാക്കാനുള്ള ഒരേയൊരു വഴി എന്ന് തിരിച്ചറിയുന്നു.

ഇവിടെ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ വിശകലനം ചെയ്തു കലാധരൻ സാർ  വ്യക്തിഗതമായി ഓരോ കുട്ടിക്കും ഫീഡ്ബാക്ക് നൽകുന്നത് നമ്മൾ കണ്ടു.

കുട്ടിയുടെ പക്ഷത്തുനിന്ന് നിലവിലെ അവസ്ഥയിൽ നിന്ന് മുന്നോട്ടു പോകാൻ പാകത്തിൽ തന്നെയാണ് ഓരോ വാചകങ്ങളും. കുട്ടിക്ക് ഒരു കൂട്ടുകാരൻ പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ ഹൃദ്യമായി മോനെ എന്ന്  വിളിച്ച് അവനെ അഭിസംബോധന ചെയ്തു ഫീഡ്ബാക്ക് നൽകുമ്പോൾ സ്നേഹപൂർവ്വം അത് ഉൾക്കൊള്ളാനും കുട്ടിക്ക് കഴിയുന്നു എന്നത് തെളിയിക്കപ്പെട്ടു.

ഒരു അവധിക്കാല ഓൺലൈൻ  ക്ലാസ്സ് മുറി മനസ്സിൽ കാണുമ്പോൾ  ഇത്രയും സാധ്യതകളൊന്നും ചെറിയാക്കരയിൽ  ആലോചിച്ചിരുന്നില്ല .പക്ഷേ ഇന്ന് ഒമ്പതാമത്തെ ക്ലാസിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഇന്ന് മിടുക്കരായ വ്യ ക്തിത്വങ്ങൾ കുട്ടികളോട് സംവദിക്കാൻ എത്തുന്നു

ഓൺലൈൻ ഫീഡ്ബാക്കുകൾ എങ്ങനെയാണ് നമുക്ക് ഗുണകരമായി വന്നത് എന്ന് പറയാം. ഈ ഓൺലൈൻ ഫീഡ്ബാക്കിന്  ശേഷം നടന്ന മൂന്ന് ക്ലാസ്സുകളിലും കുട്ടികളുടെ പങ്കാളിത്തം 100% തന്നെയായിരുന്നു .തങ്ങളുടെ രചനകൾ, പരീക്ഷണങ്ങൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കാനും കുട്ടികൾ ആവേശപൂർവ്വം മത്സരിക്കുന്നു എന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ ഉൽപന്ന വിലയിരുത്തൽ, അതിന്റെ ഫീഡ്ബാക്ക്  എന്നിവ പലപ്രദം ആയിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും . സാറിന്റെ പാത പിന്തുടർന്ന് ഇന്ന് ഓരോ ദിവസവും വൈകുന്നേരം ആറ് മണി ആകുമ്പോഴേക്കും ഞങ്ങൾ അധ്യാപകർ കുട്ടികളുടെ ഉല്പന്നങ്ങൾ - അത് രചനകൾ ആയാലും  പ്രകടനങ്ങൾ ആയാലും വിലയിരുത്തി കുട്ടികൾക്ക് ഓഡിയോ ഫീഡ്ബാക്ക് നൽകുകയാണ് .ഇത് വളരെ ഗുണകരമായിട്ടുണ്ട് എന്ന്  രക്ഷിതാക്കൾ തുറന്നു സമ്മതിക്കുന്നു .നാളത്തെ ഓൺലൈൻ ക്ലാസ് അനുഭവങ്ങൾക്ക്  വേണ്ടി കുട്ടികൾ എന്നും ചെറിയാക്കരയിൽ കാത്തിരിക്കുകയാണ് .

ഇത് ഒരു തിരിച്ചറിവാണ് നമുക്ക് ഉറച്ച തീരുമാനം ഉണ്ടെങ്കിൽ നമ്മുടെ കുട്ടികളെ എങ്ങനെയും പിന്തുടരാൻ കഴിയും. അവരെ അവരുടെ കഴിവിന്റെ പരമാവധി ഉയർത്തുവാൻ കഴിയും.

ഡിജിറ്റൽ രചനാ പുസ്തകം

കൊറോണക്കാലത്ത് ചെറിയാക്കര സ്കൂൾ തയ്യാറാക്കിയ കുട്ടികളുടെ ഡിജിറ്റൽ രചനാ പുസ്തകം. https://drive.google.com/file/

74 പേജുള്ള പുസ്തകം ഡൗൺലോഡ് ചെയ്യാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

കൊറോണ കാരണം അപ്രതീക്ഷിത അവധിക്കാലം എത്തിയപ്പോൾ പുറത്തിറങ്ങാനും സംഘം ചേർന്നു കളിക്കാനും സാധിക്കാതെ എല്ലാ കുട്ടികളെയും പോലെ ചെറിയക്കര ഗവ.എൽ പി സ്കൂളിലെ കുട്ടികൾക്കും  വലിയ സങ്കടമായിരുന്നു.

എന്നാൽ പിന്നീട് സമയം പോയത് അവർ അറിഞ്ഞതേയില്ല..

10 ദിവസം മുന്നെയാണ് കൊറോണക്കാലത്തെ കുസൃതികൾ എന്ന പേരിൽ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പുസ്തകം പ്രസിദ്ധീകരിക്കാൻ വിദ്യാലയം തീരുമാനിച്ചത്. കുട്ടികൾ ഏർപ്പെടുന്ന കളി പ്രവർത്തന വീഡിയോ മൊബൈലിൽ പകർത്തി അതുമായി ബന്ധപ്പെട്ട ഒരു രചനയും തയ്യാറാക്കും. വീഡിയോ  സമാന്തരമായി വിദ്യാലയം വീഡിയോ അപ് ലോഡ് ചെയ്ത് QR കോഡ് ജനറേറ്റ് ചെയ്തു. രചനകൾ ടൈപ്പ് ചെയ്ത് ലേഔട്ട് ചെയ്ത്  QR കോഡും ചേർത്ത് ഡിജിറ്റൽ രചനാ പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് വിദ്യാലയം.QR കോഡ് സ്കാൻ ചെയ്യുന്നതോടെ വീഡിയോ രൂപത്തിൽ മൊബൈലിൽ കാണാം

ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് പോയ കാലത്തെ നാടൻ കളികളും നാട്ടുകാഴ്ചകളും തിരിച്ചു കിട്ടിയെന്ന് പ്രധാനാധ്യാപിക ശീമതി വി.എം പുഷ്പവല്ലി സാക്ഷ്യപ്പെടുത്തുന്നു.

പാഠപുസ്തകങ്ങൾക്ക് ചിത്രം വരക്കുന്ന പ്രശസ്ത ചിത്രകാരൻ ശ്രീ എൻ.ടി രാജീവാണ് കവർ  ഡിസൈൻ ചെയ്തത്. വിധു സാറാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.


ഡിജിറ്റൽ രേഖകൾ

വിദ്യാലയ പ്രവർത്തനങ്ങൾ പൊതു രേഖയാണ്. ആർക്കും കാണാം

https://drive.google.com/file/

മറ്റു വിവരങ്ങള്‍ ഇവിടെ പങ്കിടുന്ന ചിത്രങ്ങളിലുണ്ട്. അതു നോക്കുക

കലോത്സവം കാണാൻ

https://www.youtube.com/channel/UC5Ecjax3dlRpmsl441sRe2w 

പതിപ്പുകൾ

https://drive.google.com/folderview?id=1UxRRV4FOREeUuWjdEbTmZyQ8FN8xXFg8

https://drive.google.com/folderview?id=1CYhKEMM48ca4IBUio-D-7NQ00ld-VPoE

വിദ്യാലയത്തിൻ്റെ കഴിഞ്ഞ 3 വർഷത്തിൽ ഇറക്കിയ ഷോട് ഫിലിം കാണാൻ താഴെയുള്ള QR സ്കാൻ ചെയ്താൽ മതി.


പoനോത്സവം, വിദ്യാല യാത്ര ഡോക്യുമെൻ്ററി ആരെങ്കിലും കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ നൽകിയ QR സ്കാൻ ചെയ്യൂ

ഉപസംഹാരം

കേരളത്തിലെ വലിയരു വിഭാഗം അധ്യാപകര്‍ കോവിഡ് കാലത്ത് സര്‍ഗാത്മകമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിച്ചിട്ടുണ്ട്

ഈ മാതൃകകള്‍ വിദ്യാഭ്യാസ വകുപ്പ് ക്രോഡീകരിക്കണം

ചെറിയാക്കരയുടെ പല പ്രവര്‍ത്തനങ്ങളും വ്യാപനസാധ്യതയുളളതാണ്.

പ്രായോഗികമാക്കാന്‍ കഴിയുന്നവയാണ് വ്യാപിപ്പിക്കേണ്ടത്

മികവ് സെമിനാര്‍ നടത്തി പ്രബന്ധങ്ങള്‍ ക്രോഡീകരിച്ചാല്‍ മാത്രം തീരുന്നതല്ല മികവനുഭവങ്ങളുടെ മൂല്യം

കോവിഡ് കാലത്തും വളരെ സജീവമായിരുന്ന വിദ്യാലയങ്ങള്‍. അതാകട്ടെ മുഖാമുഖമായിരുന്നില്ല എന്നു മാത്രം.

രക്ഷിതാക്കളെ അക്കാദമിക പ്രവര്‍ത്തകരാക്കുന്നതിനുളള ഇടപെടല്‍ ചെറിയാക്കരയില്‍ നടത്തിയിട്ടുണ്ട്. അതും പരിശോധിക്കപ്പെടണം.


രക്ഷിതാക്കളെ അക്കാദമിക പ്രവര്‍ത്തകരാക്കുന്നതിനുളള ഇടപെടല്‍ ചെറിയാക്കരയില്‍ നടത്തിയിട്ടുണ്ട്. അതും പരിശോധിക്കപ്പെടണം.

1 comment:

പ്രതികരിച്ചതിനു നന്ദി