പുതിയപഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വരികയാണ്. പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ
മാനം നല്‍കേണ്ടതുണ്ട്. അതിനായി വിശകലനാത്മകമായ ചിന്ത അനിവാര്യമാണ്. ഓരോ ഔദ്യോഗിക സംവിധാനവും അവരവരുടെ ചട്ടക്കൂട്ടിലേക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. നിലവിലുളള രീതി തുടരാനായുളള പ്രവണതയും കണ്ടേക്കാം. ഭാവിസമൂഹത്തെക്കുറിച്ചു സ്വപ്നം കാണുന്ന പഞ്ചായത്തുകള്‍ക്ക് മുന്നോട്ട് പോകാനാകണം. ജനാധിപത്യപരമായ രീതിയില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടാകണം അത്. വിദ്യാഭ്യാസ രഗത്തുളളവരുടെ സജീവപരിഗണനയ്കായി ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്.വിദ്യാഭ്യാസ വിീകസനപരിഗണനകള്‍ എന്തെല്ലാമാകണം?
ഞാന്‍ നിര്‍ദേശിക്കുന്നത് ചുവടെയുളള അഞ്ചു കാര്യങ്ങളാണ്.
1. സാമൂഹിക നീതി
2. നിലവാരം
3. സമഗ്രത
4. സമൂഹപങ്കാളിത്തം
5. പിന്തുണാസംവിധാനവും ഏകോപനവും
ഓരോന്നും ചര്‍ച്ച ചെയ്യാം
സാമൂഹിക നീതി
വികസനമെന്നാല്‍ ജനങ്ങളുടെ ജീവിതനിലവാരത്തെ പടിപടിയായി ഉയര്‍ത്തുന്ന സാമൂഹിക പ്രക്രിയയാണ്. ഇവിടെ ജനങ്ങള്‍ എന്നാല്‍ ആരെല്ലാം പെടും? സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരുടെ പക്ഷത്തു നിന്ന് നിര്‍വചിക്കണം. വിദ്യാഭ്യാസ വളര്‍ച്ച ഈ വിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു? വികസനത്തിന്റെ നേട്ടങ്ങള്‍ ഇവര്‍ക്ക് പ്രാപ്യമാകുന്നുണ്ടോ?
വിശകലനാത്മക ചോദ്യങ്ങള്‍
• പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ കുട്ടികള്‍ എല്ലാവരും വിദ്യാലയത്തില്‍ പ്രവേശിക്കപ്പെട്ടു എന്നതിന് എന്ത് രേഖയാണ് പ്രാദേശിക തലത്തില്‍ ഇപ്പോഴുളളത്?
• പ്രവേശിക്കപ്പെട്ടവരെല്ലാം തുടര്‍ച്ചയായി ക്ലാസുകളിലെത്തുന്നുണ്ടോ? എങ്ങനെയാണ് ഇപ്പോളത് മോണിറ്റര്‍ ചെയ്യുന്നത്?
• ക്ലാസിലെത്തപ്പെട്ടവര്‍ക്കെല്ലാം അഭിലഷണീയ നിലവാരം കൈവരിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ എന്ത് പിന്തുണയായണ് ലഭ്യമാക്കിയത്?
• ക്ലാസുകളിലെ പാര്‍ശ്വവത്കരണം എന്ന പ്രതിഭാസം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? അവസരതുല്യത ഉറപ്പാക്കുന്ന വിദ്യാലയസംസ്കാരം രൂപപ്പെട്ടിട്ടുണ്ടോ?
• വീടുകളില്‍ സഹായിക്കാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍, ആവശ്യമായ പഠനാന്തരീക്ഷമില്ലാത്ത കുട്ടികള്‍ , മാനസീക സമ്മര്‍ദം പലവിധകാരണങ്ങളാല്‍ നേരിടുന്ന കുട്ടികള്‍ ഇവരെ എങ്ങനെയാണ് പരിഗണിക്കുക?
• പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യത്തിലെന്തു പിന്തുണാസംവിധാനമാണ് നാട്ടിലുളളത്? അത് പര്യാപ്തമാണോ?
ഈ തുറന്നചോദ്യങ്ങള്‍ക്ക് ഉത്തരം അതത് പ്രാദേശികസമൂഹത്തിന്റെ സവിശേഷത പരിഗണിച്ചാകണം.
നിലവാരം
നിലവാരം എന്നത് ക്ലാസ് പരീക്ഷകള്‍ക്ക് ലഭിക്കുന്ന ഗ്രേഡുകള്‍ മാത്രമാണോ?
• ഭാവി പൗരര്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഇടപെടേണ്ടവര്‍ക്ക് ആവശ്യമായ പ്രശ്നപരിഹരണശേഷിയുണ്ടോ എന്ന് എങ്ങനെ അറിയും? ആ ശേഷി കൈവരിക്കുന്നതിനായി നിലവില്‍ എന്ത് പ്രവര്‍ത്തനപരിപാടികളാണ് വിദ്യാലയങ്ങളിലുളളത്?
• ആശയവിനിമയശേഷിയുടെ വ്യത്യസ്ത തലങ്ങള്‍ എന്തെല്ലാമാണ്? ഏതെല്ലാം രൂപങ്ങളില്‍ അവര്‍ അത് കൈവരിക്കണം? ആശയവിനിമയശേഷിയില്‍ ഉയര്‍ന്ന ഗ്രേഡ് എന്ന് നാം എങ്ങനെ പറയും?
• അറിവിന്റെ പ്രയോഗം. താന്‍ ആര്‍ജിച്ച അറിവിനെ തന്റെ ജീവിതവുമായും ചുറ്റുപാടുകളുമായും ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ടോ? കേവലം പാഠപുസ്തകജ്ഞാനം മാത്രമാണോ പഠനം? എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവുക? അവസരം സൃഷ്ടിക്കാനാവുക?
• നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ശാസ്ത്രീയമായ രീതി എത്രമാത്രം കുട്ടികള്‍ സ്വായത്തമാക്കിയിട്ടുണ്ട്. മുന്‍വിധിയും ചായ്വുകളുമില്ലാതെ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ അവര്‍ ഏതു ഗ്രേഡിലാണ് എന്ന് എങ്ങനെ അറിയും? മറുപക്ഷബഹുമാനത്തോടെ പ്രതികരിക്കാനും സ്വയം വിമര്‍ശനപരമായി തന്റെ നിലപാടുകളെ പുനപ്പരിശോധിക്കാനും വേണ്ടി വന്നാല്‍ തിരുത്താനും വ്യത്യസ്ത കാഴ്ചപ്പാടുകളോട് സഹിഷ്ണുതയോടെ സംവദിക്കുന്ന കുട്ടികള്‍ നമ്മുടെ വിദ്യാഭ്യാസ നിലവാരമാനദണ്ഡങ്ങളില്‍ പെടുന്നുണ്ടോ?
• മാനവികത, പാരിസ്ഥിതികാവബോധം, മതനിരപേക്ഷത, ശാസ്ത്രബോധം, ചരിത്രബോധം എന്നവ സ്വാഭാവികമായി നേടുമെന്നു കരുതുന്നുണ്ടോ? എന്താണ് അതിനുളള നിലവിലത്തെ രീതികള്‍?
സമഗ്രത
സമഗ്രതയെ പലരീതിയില്‍ നിര്‍വചിക്കാറുണ്ട്. പ്രീസ്കൂള്‍ മുതല്‍ പ്രസ് ടു തലം വരെ എന്നും
അക്കാദമികം ഭൗതികം സാമൂഹികം എന്നും വിഷയങ്ങള്‍, കലാകായിക പ്രവൃത്തിപരിചയം, ജീവിതനൈപുണികള്‍ എന്നുമെല്ലാം പറയാറുണ്ട്. ഉളളടക്കം, പ്രക്രിയ, ഉല്പന്നങ്ങള്‍ എന്നും നിര്‍വചിക്കാം. ഓരോ പ്രവര്‍ത്തനതലത്തെയും എടുത്ത് സമഗ്രമായി സമീപിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു
ഉദാഹരണത്തിന് അഞ്ചു വയസുവരെയുളള കുട്ടികളുടെ വികസനാവശ്യങ്ങളും അനുഭവങ്ങളും ( അംഗണവാടി, പ്രീസ്കൂള്‍) കുട്ടി, രക്ഷിതാക്കള്‍, വികസനാവശ്യങ്ങള്‍, പരിരക്ഷ, പ്രാപ്യത, ഭൗതികസൗകര്യങ്ങള്‍ ( പൊതുവും സവിശേഷവും ) , വിനിമയപ്രക്രിയയും മാധ്യമവും, ഫെസിലിറ്റേറ്റര്‍, പരിശീലനം, നിലവിലുളള പാഠ്യപദ്ധതിയും പ്രയോഗവും പ്രാദേശിക വഴക്കവും , കുടുംബവും സമൂഹവും, പിന്തുണാസംവിധാനങ്ങളും ഏകോപനവും എന്നിവയെല്ലാം കണക്കിലെടുക്കണം. അതായത് ഈ പ്രായഘട്ടത്തിലുളള കുട്ടികളുടെ വികാസവുമായി ഏതെങ്കിലും തലത്തില്‍ ബന്ധപ്പെടാവുന്നതെല്ലാം പ്രധാനമാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ മാത്രമാണ് അത് സമഗ്രസമീപനമായി മാറുക. സൂക്ഷ്മതലത്തില്‍ ആലോചിക്കുകയാണ് വേണ്ടത്.ഇടപെടുകയാണ് വേണ്ടത്. ഇപ്പോള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നവയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയും വേണം.
സമൂഹപങ്കാളിത്തം
ഔദ്യോഗിക ജീവനക്കാരല്ലാതെ പ്രാദേശിക തലത്തില്‍ സമൂഹാംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്നതിന് നിലവില്‍ എസ് എം സി, പി ടി എ, സ്കൂള്‍ വികസനസമിതി , പൂര്‍വവിദ്യാര്‍ഥി സംഘടന എന്നിവയാണുളളത്. അവയെല്ലാം സ്ഥാപനകേന്ദ്രിതമാണ്. സ്ഥാപനകേന്ദ്രിതമായ ഈ സംവിധാനങ്ങള്‍ വിവിധസാമൂഹികസന്ദര്‍ഭങ്ങളില്‍ രൂപപ്പെട്ടുവന്നതാണ്. രക്ഷിതാക്കള്‍ക്ക് മാത്രമേ വിദ്യാഭ്യാസ കാര്യത്തില്‍ താഴെതലത്തില്‍ ഇടപെടാന്‍ അവകാശമുളളൂ എന്ന നിലയിലേക്ക് പലേടക്കും കാര്യങ്ങള്‍ സങ്കുചിതമായി. വികേന്ദ്രീകൃതാസൂത്രണത്തില്‍ ഗ്രമസഭകള്‍ പ്രധാനപ്പെട്ടതാണ്. പക്ഷേ ഗ്രാമസഭകളെ വിദ്യാലയങ്ങളുമായി ബന്ധപ്പെടുത്തുന്ന അര്‍ഥപൂര്‍ണമായ രീതികള്‍ വികസിപ്പിക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല. സംഭാവന നല്‍കാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ മാത്രം സമൂപങ്കാളിത്തത്തെ നിര്‍വചിക്കുന്നവരും ഉണ്ട്.
• പ്രാദേശിക രക്ഷാകര്‍തൃസമൂഹം എന്ന സങ്കല്‍പ്പം രൂപ്പപെടുത്തിയാലോ? അതത് പ്രദേശത്തെ സമൂഹം വിദ്യാഭ്യാസ സംവിധാനങ്ങളുടെ രക്ഷാകര്‍തൃപദവിയിലേക്ക് മാറുക.
• വാര്‍ഡുതലത്തില്‍ വിദ്യാഭ്യാസസമിതികള്‍ നിലവില്‍ വരണം
• ഈ സമിതികള്‍ സ്കൂള്‍ പഠനപ്രായത്തിലുളള എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിക്കണം. വാര്‍ഡ് വിദ്യാഭ്യാസ രജിസ്റ്റര്‍ തയ്യാറാക്കണം.
• പിന്തുണ ആവശ്യമുളള കുട്ടികളെ കണ്ടെത്തണം. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കണം.
• വാര്‍ഡുതലത്തില്‍ ഫെസിലിറ്റേറ്റര്‍മാരാകാന്‍ കഴിയുന്നവരെ പ്രയോജനപ്പെടുത്തണം.
• കുടുംബശ്രീ നടത്തുന്ന ബാലസഭകളെ വിപുലവും ഫലപ്രദവുമായി പുനരാസൂത്രണം ചെയ്യണം. കുട്ടികളുടെ ജനാധിപത്യവേദികള്‍ രൂപപ്പെടുത്തണം.
• അയര്‍ക്കൂട്ട പഠനകേന്ദ്രങ്ങള്‍, അയല്‍പക്ക വീട്ടുഗ്രന്ഥാലയം തുടങ്ങിയവയുടെ സാധ്യത ചര്‍ച്ച ചെയ്യണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന് ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തണം.
• പഠനപ്രോത്സാഹനപരിപാടികള്‍ ആസൂത്രണം ചെയ്യണം.
• പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തണം.
• വാര്‍ഡ് പരിധിയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയണം. ആവശ്യങ്ങള്‍ ശേഖരിക്കണം
• ഗ്രാമസഭകളില്‍ വിദ്യാഭ്യാസ അവലോകനറിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കണം.
• പുസ്തകചങ്ങാതി, ചങ്ങാതിക്കൂട്ടം പോലെ ഭിന്നശേഷിക്കാരെ അഭിസംബോധന ചെയ്യുന്ന പരിപാടികള്‍ രൂപപ്പെടുത്തണം.
• സ്ത്രീപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തിലും പാരിസ്ഥിതിക സമീപനത്തിലും വിലയിരുത്തലുകള്‍ നടക്കണം.
•
പിന്തുണാസംവിധാനവും ഏകോപനവും
പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധികാരവികേന്ദ്രീകരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ വിഭാവനം ചെയ്ത രീതിയിലല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക പ്രസക്തമായ വിദ്യാഭ്യാസ പ്രോജക്ടുകള്‍ രൂപപ്പെടുത്തുക, അതിന്റെ നിര്‍വഹണത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുക, വിഭവസമാഹരണത്തില്‍ സഹായിക്കുക, നിശ്ചിത ഇടവേളകളില്‍ വിലയിരുത്തുക.പഞ്ചായത്ത് വികസനസെമിനാര്‍, ഗ്രാമസഭ എന്നീ വേദികളില്‍ വിദ്യാഭ്യാസ അജണ്ട ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുക, വിദ്യാഭ്യാസ കര്‍മസമിതിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുക എന്നിവയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ഡിപി ഇ പി ,സര്‍വശിക്ഷാ അഭിയാന്‍, സമഗ്രശിക്ഷ കേരള എന്നീ പ്രോജക്ടുകള്‍ ആ സംവിധാനങ്ങളുടെ അജണ്ടനടപ്പിലാക്കുന്നതിനും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയെ പ്രയോജനപ്പെടുത്തി. ക്രമേണ എപ്പോള്‍ പി ഇ സി കൂടണം. എന്തായിരിക്കണം അജണ്ട എന്നിവ തീരുമാനിക്കുന്നത് പ്രോജക്ടിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയായി. പ്രോജക്ടിലെ ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമില്ലെങ്കില്‍ പി ഇ സി കൂടാതെയുമായി. പ്രോജക്ടിലേക്കുളള പദ്ധതി നിര്‍ദേശങ്ങള്‍ നിര്‍ണയിക്കുക, ആനുകൂല്യവിതരണം, പ്രവേശനോത്സവം പോലെയുളള പരിപാടികളുടെ നടത്തിപ്പ്, ബോധവത്കരണ പരിപാടികള്‍ എന്നിങ്ങനെ പരിമിതമായി പി ഇ സി ചര്‍ച്ചാവിഷയങ്ങള്‍. ഇതേ സമയം ചില അധ്യാപകസംഘടനകളും സ്വകാര്യം മാനേജ്മെന്റുകളും വിദ്യാഭ്യാസ കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ ഇടപെടരുതെന്ന നിലപാട് സ്വീകരിക്കുകയും ആ സമ്മര്‍ദ്ദത്തിനു വഴങ്ങി ആസൂത്രണബോര്‍ഡ് മാര്‍ഗരേഖ തയ്യാറാക്കുകയും ചെയ്തത് ഈ അവസരത്തില്‍ ചേര്‍ത്തുവായിക്കണം. എന്നാല്‍ ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളിലോ ആര്യാടന്‍ ഷൗക്കത്തിനെ പോലെ സ്വാധീനമുളളവരുടെ വിദ്യാഭ്യാസ ഇടപെടലുകള്‍ക്കോ തടസ്സമുണ്ടായില്ല. ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് കെട്ടപ്പെട്ടത്. ചില ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ജനാധിപത്യരഹിതമായ രീതിയില്‍ പെരുമാറിയതും ഇതിനു കാരണമായി. പൊതുവിദ്യാഭ്യാസ രംഗം പലവിധ വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതും ഉള്‍ക്കൊളളുന്നതുമായ സംഘടനാസംവിധാനം വരണം . അതിന് കേന്ദ്രീകൃതമായ ഘടനനിര്‍ദേശിക്കരുത്. ഇന്നയിന്ന വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നു നിര്‍ദേശിക്കാമെങ്കിലും അതിലും കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുളള സ്വാതന്ത്ര്യം ഉണ്ടാകണം. ഉദാഹരണമായി വാര്‍ഡ് വിദ്യാഭ്യാസ സമിതിയുടെ പ്രതിനിധികള്‍, ഗോത്രസമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകുമെന്നു ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനാകണം.
വിവിധപിന്തുണാസംവിധാനങ്ങള്‍ തങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ പഞ്ചായത്തിനെ സഹായിക്കാനാകും എന്നറിയിക്കണം. സി ആര്‍ സി, ബി ആര്‍സി, ഡയറ്റ്, വനിതാശിശുക്ഷേമസമിതി, കുടുംബശ്രീസംവിധാനം, സാക്ഷരതാസമിതി തുടങ്ങിയവ അത്തരം ആലോചനകള്‍ നടത്തുന്നത് നന്നായിരിക്കും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനകലണ്ടര്‍ വേണം. അതില്‍ എല്ലാ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണം. അക്കാദമിക വര്‍ഷാരംഭവും പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണാരംഭവും എപ്പോഴും സമാനമാകണമെന്നില്ല. പക്ഷേ അത്തരം സാഹചര്യം മുന്നില്‍ കണ്ട് പ്രവര്‍ത്തനാസൂത്രണം നടത്താനാകണം. ക്ലാസ് രക്ഷാകര്‍തൃസമിതി, കുട്ടികളുടെ പാര്‍ലമെന്റ്, വിദ്യാലയ വികസനസമിതി, എസ് എം സി തുടങ്ങിയവയെല്ലാം ശക്തിപ്പെടേണ്ടതുണ്ട്. അതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ പി ഇ സിക്ക് കഴിയണം.
( നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കിടുമല്ലോ)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി