1.
ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി ഉപയോഗിച്ച കവിതയോടെ തുടങ്ങാം
ഉയിര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍
മരിക്കിലും തോല്‍ക്കില്ല നമ്മള്‍
ജാക്സണ്‍ എഴുതിയ ഈ വരികള്‍ പിന്മാറ്റത്തിന്റെ സന്ദേശമല്ല നല്‍കുന്നത്. പ്രതിസന്ധികള്‍ നേരിടുകയും സാധ്യമായ തലം വരെ മുന്നേറുകയും ചെയ്യുന്നവരാണ് കേരളക്കാര്‍.
സ്കൂള്‍ തുറക്കാന്‍ പറ്റാതായിട്ടും പഠനം മുടക്കാന്‍ നാം തയ്യാറായില്ല
ഓണ്‍ലൈന്‍ ക്ലാസാരംഭിച്ചപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടി വിയെ സ്മാര്‍ട്ട് ഫോണോ ഇല്ലെന്നു തിരിച്ചറിഞ്ഞ സമൂഹം ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഓണ്‍ലൈന്‍ പഠനത്തെ പിന്തുടരാന്‍ അധ്യാപകര്‍ അവരവരുടേതായ രീതികള്‍ സ്വീകരിച്ചു.
ഭവനസന്ദര്‍ശനം നടത്തി സംശയദുരീകരണം നടത്തിയവരുമുണ്ട്
ഓണ്‍ലൈന്‍ എസ് ആര്‍ ജിയും ക്ലാസ് പി ടി എയും കുട്ടികളുടെ ഓണ്‍ലൈന്‍ മീറ്റീംഗും നടത്തി പഠനനഷ്ടം സംഭവിക്കാതിരിക്കാന്‍ ജാഗ്രത കാട്ടി.
ഇതെല്ലാം സൂചിപ്പിക്കുന്നത് മുന്‍ വര്‍ഷം വരെ നടത്തിവന്ന സ്കോളര്‍ഷിപ്പ് പരീക്ഷ ഒഴിവാക്കുക അല്ല, പുതിയസാഹചര്യത്തിനനുസൃതമായി നടത്തുകയാണ് നാം ചെയ്യേണ്ടത്
2
ഒരുവര്‍ഷത്തെ കുട്ടികള്‍ക്കു മാത്രം എല്‍ എസ് എസ് , യു എസ് എസ് നഷ്ടപ്പെടുന്നു. ഈ സ്കോളര്‍ഷിപ്പിന്റെ സാമ്പത്തികാനുകൂല്യമല്ല, മറിച്ച് അത് കുട്ടിയിലുണ്ടാക്കുന്ന പ്രചോ'ദനം തുടര്‍പഠനകാലയളവിലുടനീളം സ്വാധീനിക്കും. ആത്മവിശ്വാസം വര്‍ധിക്കും. ഒരു പൊതുപരീക്ഷയില്‍ വിജയിക്കാനായി എന്നത് പ്രധാനമാണ്. അത്തരം പരീക്ഷ എഴുതാന്‍ അവസരം കിട്ടുന്നത് അതിലും പ്രധാനമാണ്.
3
അറിവിന്റെ സ്വാംശീകരണം, അറിവിന്റെ പ്രയോഗം,വിശകലനാത്മകത, വിലയിരുത്തല്‍, നിലപാട് സ്വീകരിക്കാനുളള കഴിവ്, സൃഷ്ടിപരത എന്നീ ആറു കാര്യങ്ങള്‍ പരിഗണിച്ച് ഉയര്‍ന്ന ചിന്താശേഷി അളക്കുന്ന ചോദ്യങ്ങളാണ് എല്‍ എസ് എസിനും യു എസ് എസിനും ചോദിക്കേണ്ടത്. അത്തരം പരീക്ഷകള്‍ കുട്ടികള്‍ പരിചയപ്പെടാനുളള അവസരമാണ്. അത് നഷ്ടപ്പെടുത്തരുത്
4
കൊവിഡിന് വാക്സിന്‍ കണ്ടു പിടിച്ചു. ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി. സിനിമാശാലകള്‍ തുറന്നു. കല്യാണത്തിന് ഇരുനൂറു പേരുവരെ പങ്കെടുക്കാമെന്നായി. പി എസ് സി പരീക്ഷകള്‍ നടന്നു. കെ ടെറ്റും നടത്തി. പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടത്താനും തീരുമാനമായി. അതിനാല്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിന് പ്രായോഗികമായി പ്രശ്നങ്ങളില്ല
5.
പരീക്ഷക്ക് അനുകൂലമായി വാദങ്ങള്‍ നിരത്താനാകും. പക്ഷേ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാമോ? എന്തെല്ലാമാണ് പ്രശ്നങ്ങള്‍?
എ) പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവരുടേതല്ലാത്ത കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടവിധം സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ സാഹചര്യത്തില്‍ സ്കോഷര്‍ഷിപ്പ് പരീക്ഷ നടത്തുന്നത് അവരെ തഴയുന്നതിന് ഇടയാക്കാം ( പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഈ അക്കാദമിക വര്‍ഷത്തെ പ്രധാനശേഷികള്‍ ലഭ്യമാക്കുന്നതിനുളള അവസരം കൂടിയാക്കി സ്കോളര്‍ഷിപ്പ് പരീക്ഷയെ ഉപയോഗിക്കാനാകുമോ? അവര്‍ നിശ്ചിത ശേഷികള്‍ നേടാതെ അടുത്ത ക്ലാസിലേക്ക് പോകുന്നത് അവരോട് കാണിക്കുന്ന നീതികേടല്ലേ?)
ബി ) കുട്ടികളുടെ പഠനവേഗത വ്യത്യസ്തമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ആശ്രയിച്ച കുട്ടികളെല്ലാം പഠനാശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകില്ല ( ഇതിനും മുകളിലുളള വിശദീകരണം ബാധകമാണ്. ഒരു പാക്കേജ് ആലോചിക്കാമോ)
സി ) ടേം മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് കുട്ടികളെ തെരഞ്ഞെടുക്കുക. ഇത്തവണ ടേം പരീക്ഷകളില്ലായിരുന്നു. (അധ്യാപകര്‍ കുട്ടികളുമായി സംസാരിച്ച് സന്നദ്ധതയുളള കുട്ടികളെ മുഴുവന്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് വേണ്ടത്. അതത് ക്ലാസിലെ അധ്യാപകര്‍ക്ക് കുട്ടികളെ ഈ വിധം തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കുന്നത് ജനാധിപത്യപരവുമാണ്.)
ഡി ) മൂന്നാം ക്ലാസിലെ , അല്ലെങ്കില്‍ ആറാം ക്ലാസിലെ അധ്യാപകര്‍ക്കാണ് കുട്ടികളെ ശരിക്കും അറിയാനാവുക. നാലിലെയും ഏഴിലെയും അധ്യാപകര്‍ കുട്ടികളെ ഈ വര്‍ഷം മുഖാമുഖം കണ്ടിട്ടുണ്ടാവില്ല. ( ആ ക്ലാസിലെ അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിക്കണം )
ഇ) സിലബസ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെയാകണമോ? അറിവിന്റെ സ്വാംശീകരണം, അറിവിന്റെ പ്രയോഗം,വിശകലനാത്മകത, വിലയിരുത്തല്‍, നിലപാട് സ്വീകരിക്കാനുളള കഴിവ്, സൃഷ്ടിപരത എന്നിവയാണല്ലോ സിീലബസിലുളളത്. അതില്‍ അറിവിന്റെ സ്വാംശീകരണമെന്നതിന് രണ്ടാം ടേം വരെയുളള ഉളളടക്കം പരിഗണിച്ചാല്‍ മതി. അങ്ങനെ ചെയ്യുമ്പോഴും കുട്ടികള്‍ക്ക് ഓപ്‍ഷനുകള്‍ കൂട്ടണം. ഇരുപത് ശതമാനം ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. പത്താം ക്ലാസിന് ഓപ്ഷന്‍ ഉണ്ടല്ലോ. ചെറിയ കുട്ടികള്‍ക്ക് ആ സൗകര്യം കൂട്ടുകയാണ് വേണ്ടത്.
എഫ്) സാധാരണ സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്ന കുട്ടികളെ പ്രത്യേകമിരുത്തി പരിശീലിപ്പിക്കാറുണ്ട്. ഇത്തവണ അതിന് അവസരമില്ല. ( ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നവരാണ് നമ്മള്‍ . പ്രത്യേകം പരിശീലിപ്പിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. എല്ലാ കുട്ടികളും ഇത്തരം ചോദ്യമാതൃകകള്‍ പരിചയപ്പെടട്ടെ. അവരുടെ ചിന്തയെ അത് ഗുണാത്മകമായി സ്വാധീനിക്കും. ചില പഠനവിടവുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യും)
ജി) കുട്ടികള്‍ വീട്ടിലിരുന്നാണോ പരീക്ഷ എഴുതേണ്ടത്. നൂറു കുട്ടികളാണ് ഇപ്പോള്‍ ഒരു കേന്ദ്രത്തില്‍.( അമ്പത് കുട്ടികള്‍ക്ക് ഒരു കേന്ദ്രം എന്നു നിശ്ചയിക്കാം. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ കുട്ടികള്‍ എഴുതട്ടെ)
എച് ) ഡിസംബറില്‍ വിജ്ഞാപനം വരേണ്ടതാണ്. ഫെബ്രുവരിയിലാണ് പരീക്ഷ നടക്കുക. ഇനി സമയമുണ്ടോ? ( പുതിയ സാഹചര്യത്തില്‍ പരീക്ഷ മാര്‍ച്ചിലോ ഏപ്രിലിലോ നടത്തിയാലും കുഴപ്പമില്ലല്ലോ? എന്തിന് ജൂണ്‍ ആദ്യം നടത്തുന്നതും പ്രായോഗികമായ സാധ്യതയാണ് )
6.
സ്കോളര്‍ഷിപ്പ് പരീക്ഷ കൂടുതല്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടത്. അതിനാല്‍ പരമാവധി കുട്ടികള്‍ പരീക്ഷ എഴുതട്ടെ. സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുളള പ്രദേശങ്ങളില്‍ സ്കോളര്‍ഷിപ്പ് കിട്ടാത്ത വിദ്യാലയങ്ങളുണ്ട്. അത് കണക്കിലെടുക്കണം. അറുപത് ശതമാനമാണ് യോഗ്യതാനിലവാരം. . അറുപത് ശതമാനം സ്കോര്‍ കിട്ടാത്തവരാണ് പരീക്ഷ എഴുതിയതില്‍ ബഹുഭൂരിപക്ഷവും എന്നു കരുതുക. നിശ്ചിത സ്കോര്‍ ശതമാനെ നേടിയവര്‍ പത്തു ശതമാനം പോലും എത്തിയില്ലെങ്കില്‍ പഞ്ചായത്തുകളിലെ ശരാശരി കണ്ടെത്തണം. ആ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നവരെ പഞ്ചായത്തിലെ സ്കോളേഴ്സായി പ്രഖ്യാപിക്കണം. സംസ്ഥാനതലത്തില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല.
7
സ്കോളര്‍ഷിപ്പ് കഴിഞ്ഞാല്‍ ആ ചോദ്യം പരീക്ഷ എഴുതാത്ത കുട്ടികള്‍ക്കും ലഭ്യമാക്കണം. എങ്ങനെയുളള ചിന്താപ്രക്രിയയാണ് ശരി ഉത്തരത്തിലെത്തിക്കുക എന്നത് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ സഹായകമായ വിശദാശംങ്ങളും ചര്‍ച്ച ചെയ്യണം.
വഴിവിളക്ക് അധ്യാപക കൂട്ടായ്മ എല്‍ എസ് എസ് കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതില്‍ ഞാന്‍ പങ്കിട്ട കാര്യങ്ങളാണ് മുകളിലുളളത്
ആ യോഗത്തില്‍ നാല്പതിലധികം പേര്‍ പങ്കെടുത്തു
അന്നത്തെ യോഗത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് വഴിവിളക്ക് ടീം എഫ് ബി യില്‍ പങ്കിട്ടിട്ടുണ്ട്
അത് ചുവടെ ചേര്‍ക്കുന്നു
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി