അടുത്ത വർഷത്തെ വിദ്യാഭ്യാസത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി
ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.
ആ കുറിപ്പും അതിനോട് നാൽപതോളം പേരുടെ പ്രതികരണങ്ങളുമാണ് ഇവിടെ പങ്കിടുന്നത്
കുറിപ്പ് ആദ്യം വായിക്കാം
പ്രവേശനോത്സവമില്ലാത്ത രണ്ടാം വർഷം.കുട്ടികൾ വീണ്ടും വീട്ടുപഠിത്തത്തിൽ.?
ഇത് എങ്ങനെയെല്ലാം ബാധിക്കും?
1. പ്രൈമറി തലത്തിൽ അടിസ്ഥാന ഗണിത ഭാഷാ ശേഷികൾ ആർജിക്കുന്നതിനെ സാരമായി ബാധിക്കും
2. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലാണ് ഏറെ ആഘാതമേൽപ്പിക്കുക
3. തുടർച്ചയായി ഒന്നു രണ്ടു വർഷം വീട്ടിലിരുന്നു ശീലിക്കുന്നത് വിദ്യാലയാഭിമുഖ്യം കുറയ്ക്കാം
4. എല്ലാ വിഷയങ്ങളിലും തുടർ പ0നത്തിനാവശ്യമായ മുന്നനുഭവങ്ങൾ കിട്ടാത്തതുമൂലമുണ്ടാകുന്ന പ0ന വിടവുകൾ നിർണയിക്കാനുള്ള രീതികൾ കണ്ടെത്തുക വെല്ലുവിളിയാണ്
5. അണുകുടുംബങ്ങളിൽ തൊഴിലെടുക്കുന്ന മാതാപിതാക്കൾക്ക് മക്കളെ എകാന്തതയുടെ തടവുകാരാക്കിയിടേണ്ടി വരുന്നു
6. ഓൺലൈൻ പ0ന ക്ലാസുകൾ അറിവു നിർമാണ പ്രക്രിയാ ഘട്ടങ്ങൾ പാലിക്കുന്നതിന് നേരിട്ട പരിമിതിയെ മറികടക്കാൻ മിക്ക അധ്യാപകർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ സാധ്യമായില്ല
7. സാങ്കേതിക വിദ്യാ ബന്ധിത പ്രഭാഷണാധിഷ്ഠിത അധ്യാപന രീതി മാതൃകയായി ആഘോഷിക്കാൻ സാധ്യതയുണ്ട്
8. കുട്ടികൾക്കാവശ്യമായ വ്യക്തിഗത /തത്സമയ പിന്തുണ നൽകുന്നതിന് സ്മാർട്ട് ഫോൺ മാത്രം ആധാരമാക്കുന്നത് പര്യാപ്തമല്ല
9. ഭാഷാവിഷയങ്ങളിൽ ആശയവിനിമയ നൈപുണി നേടുന്നതിന് പരസ്പര സംവദിക്കൽ നിർണായകമാണ്. അത് നഷ്ടപ്പെട്ടു.
10. രക്ഷിതാക്കൾ ട്യൂഷൻ സെൻ്ററുകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി
11. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾക്ക് പ്രാദേശിക സാധ്യത കണക്കിലെടുത്ത് അന്വേഷണാത്മക ഇടപെടൽ നടത്താനുള്ള ആന്തരികപ്രചോദനം ഉണ്ടായില്ല.
12. ഒരു വർഷത്തെ അക്കാദമിക ചൈതന്യം നഷ്ടമായ അധ്യാപക സമൂഹത്തെ പുതിയ സാഹചര്യത്തിൻ്റെ വെല്ലുവിളികൾ അഭിസംബോധന ചെയ്യാൻ എങ്ങനെ പ്രാപ്തമാക്കും എന്ന ചിന്ത തുടങ്ങിയൊ?
13. ഉത്തരം ആരും വെച്ചു നീട്ടുന്നതല്ല. കണ്ടെത്തുന്നതാണ്. അതിന് ഓരോരുത്തർക്കും ചുമതലയുണ്ട്.
ചർച്ചക്ക് തുടക്കമിടാനായി ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു. (അവ പ്രസക്തമാകാം അപ്രസക്തമാകാം )
1. മുഴുവൻ ക്ലാസുകളിലെയും പാഠ്യപദ്ധതി അനിവാര്യ പ0ന നേട്ടങ്ങൾ പരിഗണിച്ച് പുനരാവിഷ്കരിക്കണം
2. അയൽപക്ക വിദ്യാലയ സങ്കൽപം ശക്തിപ്പെടുത്തണം. വാർഡുകളിൽ 20 കുട്ടികൾക്ക് കൂടിച്ചേരാവുന്ന പ്രാദേശിക പ0ന കേന്ദ്രങ്ങൾ ഉണ്ടാകണം. ഒരു പഞ്ചായത്തിലെ അധ്യാപകർ ഒരു ടീം ആയി പ്രവർത്തിച്ച് മാറി മാറി പ0ന കേന്ദ്രങ്ങളിൽ അക്കാദമിക പിന്തുണ നൽകണം. 2 മണിക്കൂർ ദൈർഘ്യം മതിയാകും. സ്കൂളുകളിലും 20 കുട്ടികൾ വീതം പ്രതിദിനം കൂടിച്ചേരാവുന്ന രീതിയിൽ സമയക്രമീകരണം ഉണ്ടാകണം.
3. മൾട്ടി ഗ്രേഡ് ക്ലാസ് പ0ന രീതികൾ പ്രാദേശിക പ0ന കേന്ദ്രങ്ങളിൽ അവലംബിക്കാവുന്നതാണ്. ലോക്കൽ റിസോഴ്സ് ഗ്രൂപ്പും രുപപ്പെടണം.
4. ഓൺലൈൻ ക്ലാസ് + സ്കൂളിലെ 20 അംഗ പOനക്കൂട്ടം + പ്രാദേശിക പ0ന കേന്ദ്രം + അധ്യാപകരുടെ ഓൺലൈൻ മെൻ്ററിംഗ് എല്ലാം കൂടി 4 മണിക്കൂറിൽ കൂടരുത്
6. കുടുംബശ്രീ, വാർഡു വിദ്യാഭ്യാസ സമിതി എന്നിവയുടെ നേതൃത്വത്തിൽ കലാ കായിക പരിശീലനാവസരങ്ങളും ടാലൻ്റ് ലാബ് പരിപാടികളും സംഘടിപ്പിക്കണം
7. കുട്ടികൾക്കായി വാർഡുതല / അയൽപക്ക വായന കേന്ദ്രങ്ങൾ പഞ്ചായത്തുകൾ ആരംഭിക്കണം
8. ആരോഗ്യ പ്രവർത്തകരുടെ നിരന്തര മേൽനോട്ടം ,കൊവിഡ് സുരക്ഷാ ക്രമീകരണങ്ങൾ ഇവ നിർബന്ധം.
9. മലയാളത്തിളക്കം, ഗണിത വിജയം, മഞ്ചാടിക്കൂടാരം, സുരീ ലി ഹിന്ദി, ഹലോ ഇംഗ്ലീഷ് തുടങ്ങിയവയുടെ സാധ്യതകൾ പരിശോധിച്ച് അടിസ്ഥാന ഗണിത ഭാഷാ ശേഷികൾ നേടുന്നതിനുള്ള പുതിയ പാക്കേജുകൾ തയ്യാറാക്കണം
നിങ്ങൾക്ക് എന്താണ് നിർദ്ദേശിക്കാനുള്ളത്?
പങ്കിടുക
ചർച്ചയിലെ പ്രതികരണങ്ങൾ
1. സാധാരണക്കാരുടെ കുട്ടികളെ ബാധിക്കുന്നു
രേഖ നായർ
ഇത് ഭരണരംഗത്തുള്ളവരുടെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണ്...
വളരെ സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാണ് ഇപ്പോൾ തന്നെ ഓൺലൈൻ രീതി മാത്രം പിന്തുടരുന്നത് വളരെ അപകടസൂചന ആണ് നൽകുന്നത്
നാട്ടിൻപുറങ്ങളിൽ എല്ലാ അമ്മമാരും കൂടെ കൂലിപ്പണി ക്ക് പോയി ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
അവർക്ക് ക്ലാസ്സ് നടക്കുന്ന സമയത്ത് ഒപ്പം ഇരിക്കാനോ വൈകിട്ട് വീട്ടിൽ വന്നാൽ you tube ഇൽ കാണിച്ചുകൊടുക്കാനോ സാധിക്കില്ല.. വിദ്യാഭ്യാസം ഉള്ളവരുടെയും, സാഹചര്യങ്ങൾ ഉള്ളവരുടെയും കാര്യത്തിൽ മാത്രം ചില പുരോഗതികൾ കണ്ടേക്കാം...
ഭൂരിഭാഗവും പഠനം നിർത്തിയ മട്ടാണ്...
മറ്റൊന്നു എപ്പോഴും net recharge ചെയ്യാൻ പോലും ഉള്ളത് കണ്ടെത്താൻ ധാരാളം പേർക്കും കഴിയുന്നില്ല...
എങ്ങനെ online study മികച്ച നിലവാരത്തിൽ മുന്നോട്ട് പോകും...
ഒന്നും അറിയാതെ primary ക്ലാസ്സുകളിലെ കുട്ടികൾ ജയിച്ചു പോകുന്നദുസ്സഹമായ അന്തരീക്ഷം ആണുള്ളത്. ഇതിനൊരു മാറ്റം കൂടിയേ തീരു
2. ആദിവാസി മേഖലയിൽ കൊറോണയില്ല പ0നവും . അവസ്ഥ ഗുരുതരം
സുധീഷ് വത്സൻ
ഇടമലക്കുടി പോലുള്ള പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികളുടെ പ0നം കഴിഞ്ഞ ഒരു വർഷമായി താളം തെറ്റി കിടക്കുകയാണ്.99% വിദ്യാർത്ഥികളും ഓൺലൈൻ പരിധിക്ക് പുറത്താണ്. മാത്രവുമല്ല വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ആശങ്ക ഇല്ലാ എന്നുള്ളത് അപകടകരമായ വസ്തുതയാണ്.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച് ഇത്ര നാളായിട്ടും ഇടമലക്കുടിയിലെ ഒരു വ്യക്തിക്കും കൊറോണ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അവിടെ സാധാരണ അധ്യയനം സാധ്യമാണ്. അവിടുത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തിരമായി വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള അനുമതി നൽകാൻ അധികാരികൾ തയ്യാറാവണം.
സുധീഷ് വി
അധ്യാപകൻ, ജി.ടി.എൽ.പി സ്കൂൾ, ഇടമലക്കുടി
3. ഓൺലൈൻ ക്ലാസുകൾ മടുത്തു
ഇബ്രാഹീം സേട്ട്
Online ക്ലാസുകൾ കുട്ടികൾ മടുത്തു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടല്ലോ? Online ക്ലാസ് തുടങ്ങിയ സമയത്ത് യുട്യൂബിൽ കാണുന്നവരുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും നോക്കിയാൽ മതിയാകും. School Shift അടിസ്ഥാനത്തിലെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കണം
4. കുട്ടികൾ ബോറടിച്ചു തുടങ്ങി
റഫീക്ക് കീഴാറ്റൂർ
LP, UP വിഭാഗം കുട്ടികളെയെങ്കിലും ഇനിയെങ്കിലും സ്കൂളിൽ എത്തിക്കണം. അവർക്ക് വല്ലാതെ ബോറടിച്ച് തുടങ്ങിയിരിക്കുന്നു .
ഓൺ ലൈനിൽ ഇനിയും അവരെ തളച്ചിടാനാവില്ല. ഒന്നിടവിട്ട് പകുതി കുട്ടികളെയെങ്കിലും സ്കൂളിൽ എത്തിക്കണം.
5. വീട് തടവറയായി മാറുന്നു!
ജനി നാരായണൻ
ചെറിയ കുട്ടികളുടെ കാര്യം ശരിക്കും കഷ്ടം തന്നെയാണ്
വീട് തടവറയായി മാറുന്നു അവർക്ക്. മോൻ ചില സമയത്ത് കൂട്ടുകാരൊത്ത് ഉല്ലസിച്ചിരുന്ന കാര്യങ്ങൾ രസകരമായി പറയുന്നതു കേൾക്കുമ്പോൾ ശരിക്കും വിഷമം തോന്നും. 6 - ക്ലാസ്സുകാരന് സ്കൂൾ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മയായി മാറുന്നുവോ?
6. കുട്ടികളും അധ്യാപകരും അലസരായി മാറിക്കൊണ്ടിരിക്കുന്നു
കുഞ്ഞികൃഷ്ണൻ
അധ്യാപകരും കുട്ടികളും മടിയന്മാരായിക്കൊണ്ടിരിക്കുന്നു എന്നതും വസ്തുത... പഴയ പ്രതാപത്തിലേക്കു ഇവരെ തിരിച്ചെത്തിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യം. കുട്ടികളെ സജ്ജരാക്കുന്നതിനേക്കാൾ പ്രയാസമാണ് അധ്യാപക സമൂഹത്തെ......
ഓൺലൈൻ ക്ലാസ്സുകൾ അടിസ്ഥാനമാക്കി ധാരാളം എക്സ്ട്രാ ക്ലാസുകൾ പ്രൈമറി അധ്യാപകർ കൊടുത്തിട്ടുണ്ട്.
എന്നാൽ ഹൈ സ്കൂളിൽ കഥ അതല്ല. ഒരു ക്ലാസ്സ് പോലും കൊടുക്കാത്ത മഹാന്മാരും ഉണ്ടത്രേ...
കുട്ടികൾ ഏറ്റവും മടിയന്മാരും അലസന്മാരും ആയത് ഹൈ സ്കൂളിൽ ആണ്. പലരും ഓൺലൈൻ ക്ലാസ്സ്‌പോലും കണ്ടില്ല...
അധ്യാപകർ അവർക്കു കൊടുത്ത ഉപദേശം ആണ് വിചിത്രം. Covid ആയതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കും, നോക്കി എഴുതാൻ സൗകര്യം ഉണ്ടാകു.. ആരും ഒന്നും പറയാൻ പോകുന്നില്ല. ഇങ്ങനെ കുട്ടികളുടെ ulla കഴിവ് കൂടി നശിപ്പിക്കുന്ന ഉപദേശ നിർദ്ദേശങ്ങൾ... സ്വയം വിമർശനം അനിവാര്യം... മികച്ച കുട്ടികളുടെ മാനസിക പ്രയാസങ്ങൾ പരിഹരിക്കാൻ അവസരം ഉണ്ടാകണം... പഠിച്ചാലും പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന ധാരണ തിരുത്തുക എളുപ്പമല്ല... പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിഗണിക്കാൻ ഒരു ടൂളും നിലവിൽ ഇല്ല.
ഇടത്തരക്കാർ കുഴപ്പമില്ലാതെ കടന്നു പോകും. അത് ഒരു ഒഴുക്കിന്റെ ഭാഗമാണ്..
7. കുട്ടിക്ക് പാoങ്ങൾ മനസ്സിലായില്ല
സ്മിതേഷ് നമ്പൂതിരിപ്പാട്
കുട്ടിക്ക് 8 ലെ കണക്കും സയൻസ് വിഷയങ്ങളും ഒന്നും മനസ്സിലായിട്ടില്ല, ഇനി 9 ലെ കഥ ഏതാവുമോ എന്തോ?
8. പ്രവർത്തനം മാത്രം കൊടുത്താൽ പിള്ളേര് മൈൻഡ് ചെയ്യില്ല
കീഴ്മാട് ജി യു പി എസ്
കുട്ടികൾക്ക് online ക്ലാസ്സ് മടുത്തു. പലർക്കും കാണാൻ താത്പര്യമില്ല പരീക്ഷ കൂടി ഇല്ലാതായപ്പോൾ ശ്രദ്ധയില്ല സ്വന്തം അധ്യാപകരെ കാണാൻ ആഗ്രഹം. വീട്ടിൽ പോയി കണ്ടതിനു ശേഷം വളരെ ഉത്സാഹം പഞ്ചായത്ത് തലത്തിൽ സ്ക്കൂൾ അധ്യാപകരുടെ നേത്യത്വത്തിൽ കുട്ടികൾക്ക് വേണ്ട സഹായം നൽകണം പല കുട്ടികൾക്കും അടിസ്ഥാന ഗണിത ഭാഷാ ശേഷി പോലും ഇല്ലാതായി ഓരോ സ്ക്കൂളും ഓരോ പ്രദേശത്തെ കുട്ടികളുടെ അധ്യയനത്തിനള്ള സ്ഥലമാക്കണം പ്രത്യേക ടൈം ടേബിൾ പ്രകാരം അധ്യാപകർക്ക് duty നൽകണം ഇടയ്ക്കിടയ്ക്ക് മൂല്യനിർണ്ണയം നടത്തണം' അല്ലാതെ ഗണിതമൂലLab@ home .സാമൂഹ്യ ശാസ്ത്ര ലാബ്' എന്നിങ്ങനെ പ്രവർത്തനം മാത്രം കൊടുത്താൽ പിള്ളേർ മൈൻഡ് ചെയ്യുകയില്ല'
9. കുട്ടികളെ കൊവിഡ് കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ടില്ല. സ്കൂൾ തുറക്കണം
ടി കെ സുജിത്
കുട്ടികളിൽ കോവിഡ് മാരകമായ ഫലങ്ങൾ കാര്യമായി ഉണ്ടാക്കുന്നില്ലെന്നതാണ് ഇതുവരെയുള്ള വാർത്തകൾ നിരീക്ഷിച്ചിട്ട് മനസ്സിലാകന്നത്. ഇതുവരെ നടന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയതായി റിപ്പോർട്ടില്ല.
അതിനാൽ ജൂൺ 1 ന് സ്കൂൾ ക്ലാസുകൾ പുനരാരംഭിക്കണം.
ഷിഫ്റ്റ് സമ്പ്രദായത്തിലാകണം ക്ലാസ്. അതിനനുസരിച്ച് പാഠഭാഗങ്ങൾ ക്രമീകരിക്കണം.
അധ്യാപകർ അല്പം അധിക ജോലി ചെയ്യേണ്ടി വന്നേക്കാം - ഒരു വർഷമെങ്കിലും. അതൊരു ത്യാഗമായി കരുതണം.
ജൂണിൽ വൾനറബിൾ ഗ്രൂപ്പിലുള്ള മുഴുവൻ പേരിലേക്കും വാക്സിൻ എത്തുമെന്ന് കരുതാം. കുട്ടികൾ വഴി മറ്റുള്ളവരിലേക്ക് പകർന്നാലും ആ ഗ്രൂപ്പുകാർക്ക് പ്രശ്നമുണ്ടാകില്ലല്ലോ.
10. സാമൂഹികവത്കരണം പ്രധാനം സ്കൂൾ തുറക്കണം
സി പി വിജയൻ
എന്റെ അഭിപ്രായത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള പഠനം ആരംഭിക്കണം .അവർക്ക് ഓൺലൈൻ ഫലപ്രദമല്ല എന്നതിനേക്കാൾ ഈ പ്രായത്തിൽ ഉണ്ടാകേണ്ട സാമൂഹ്യവൽക്കരണം ഇല്ലാതെ പോയാൽ അത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കും . അധ്യാപികക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മാനേജ് ചെയ്യാവുന്ന അത്ര കുട്ടികളെ ഉള്ളു
11. കുട്ടികളെ സ്കൂളിൽ എത്തിക്കണം
പ0ന നേട്ടങ്ങൾ പുനക്രമീകരിക്കണം
രാജീവ് മുക്കം
സ്കൂളുകളിൽ കുട്ടികളെ എത്തിക്കണം, എണ്ണത്തിൽ കുറവ് വരുത്തി ക്രമീകരിക്കണം..പ0ന നേട്ടങ്ങൾ തെരഞ്ഞെടുത്ത് പാഠവുമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ പുന: ആസൂത്രണം നടത്തണം
12. സ്കൂളിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കു വേണ്ടിയെങ്കിലും
ആശാ റാണി ലക്ഷ്മിക്കുട്ടി
കുറഞ്ഞപക്ഷം സ്കൂൾ ഉണ്ടെങ്കിൽ മാത്രം പഠിക്കാൻ സാധിക്കുന്ന കുട്ടികൾക്ക് വേണ്ടിയെങ്കിലും സ്കൂൾ തുറക്കണം.
13. കേവല ശേഷികൾ നേടാത്ത കുട്ടികൾക്കായി സ്കൂൾ തുറക്കണം
ബിഞ്ജുഷ മേലേത്ത്
സ്കൂൾ തുറക്കണം, അതീവ ജാഗ്രതതയോടെ,കോവിഡ് 19 തകർത്തത് തകർന്നവരെയാണ്.സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും പാർ ശ്വാവൽക്കരിക്കപ്പെട്ട വിഭാഗത്തിന് ഓൺലൈൻ പഠന സംവിധാനം പ്രഹസനം മാത്രമാണ്.പകച്ചു നിൽക്കുന്ന രക്ഷിതാക്കളും,കുട്ടികളും നമുക്ക് മുന്നിലുള്ള ചോദ്യമാണ്.പ്രൈമറി ക്ലാസ്സിൽ അതി ദയനീയമാണ് അവസ്ഥ.കേവല ശേഷികൾ നേടാത്ത വലിയൊരു ശതമാനം കുട്ടികൾ,വെല്ലുവിളിയാണ് അവർക്ക് തുടർപഠനം.സ്കൂളുകൾ തുറക്കണം.
14. കുട്ടികളുടെ എണ്ണക്കുറവുള്ള വിദ്യാലയങ്ങൾ ആദ്യം
കോയ
100 കുട്ടികളിൽ കുറവുള്ള സ്കൂളുകൾ ആദ്യ ഘട്ടത്തില്‍ തുറക്കുന്നത് നന്നായിരിക്കും.
15. ഘട്ടം ഘട്ടമായി തുറക്കണം അല്ലെങ്കിൽ സ്പൂൺ ഫീഡിംഗ് രീതി തഴച്ചു വളരും
ഹാരിസ്
ഘട്ടം ഘട്ടമായെങ്കിലും ഇനിയും തുറന്നിലെങ്കിൽ കുട്ടികൾക്ക് അത് കനത്ത മാനസിക സാമൂഹിക പ്രശ്നങ്ങൾ നൽകും
മിക്ക ക്ലാസുകളിലും 30-40 കുട്ടികൾ ഉണ്ടാവുള്ളു ഇവരെ പ്രാദേശിക അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരു ദിവസം(10 -15 പേര് വീതം) എങ്കിലും സ്കൂളിൽ എത്തിക്കാൻ ശ്രമിക്കണം
വികേട്ടർസ് ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും 10 % കുട്ടികൾ പോലും നിലവിൽ (തുടക്ക സമയത്ത് കുറച്ചു പേരൊക്കെ കണ്ടിരുന്നു) അത് പഠനത്തിന്ന് ഉപയോഗപ്പെടുത്തുന്നില്ല
സർക്കാർ ഇനിയെങ്കിലും ഇതിന് ശ്രമിച്ചില്ലെങ്കിൽ അത് ട്യൂഷൻ സെന്ററുകൾ എന്ന പേരിൽ ഒരു spoon ഫീഡിങ് പഠന സമ്പ്രദായം വളർത്തിയെടുക്കാൻ മാത്രമേ ഉപകരിക്കൂ .....
16. ഷിഫ്റ്റ് രീതിയുടെ സാധ്യത പരിശോധിക്കണം
മണികണ്ഠൻ
വിദ്യാലയം തുറക്കണം മൂന്നാം ക്ലാസിനും
നാലാം ക്ലാസിനും രണ്ടുദിവസം ഷിഫ്റ്റ് ആയി 1, 2 ക്ലാസ് ഒരു ദിവസം ഫുൾ ഡേ വീതം
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാസ്ക് ധരിച്ച്. ചുരുക്കിപ്പറഞ്ഞാൽ എസ്എംഎസ് പാലിച്ച്
വേണമെങ്കിൽ വെള്ളിയും ശനിയും ഉപയോഗപ്പെടുത്താം
എന്തായാലും വിദ്യാലയം തുറക്കണം
ഇനിയും ഓൺലൈൻ രീതി പ്രായോഗികമല്ല
LP വിഭാഗമാണ് സൂചിപ്പിച്ചത്
ഇതുപോലെ മറ്റു ക്ലാസുകൾക്കും പ്രായോഗികമായ രീതിയിൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്
അടുത്ത ജൂണിൽ വിദ്യാലയം തുറക്കണം
അതായിരിക്കണം നമ്മുടെ ലക്ഷ്യം
17. മുന്നിലൊന്നു വീതം കുട്ടികൾ സ്കൂളിൽ എത്തട്ടെ
ഹസൈനാർ മങ്കട
സ്കൂൾ ഇല്ലാതെ കുട്ടികളെ വീട്ടിലിരുത്തുന്നതിന് പകരം സാഹചര്യത്തിന് അനുസരിച്ച് മൂന്നിലൊരു ഭാഗം കുട്ടികളെ വീതമോ പകുതി കുട്ടികളെ വീതമോ സ്കൂളിലെത്തിക്കുകയാണ് നല്ലത്
18. അടച്ചിടാൻ അന്വേഷണങ്ങൾ വേണ്ടല്ലോ!
കെ സി അലി ഇക്ബാൽ
കോവിഡ് 19 ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് അഥവാ ഇപ്പോഴും പ്രതിസന്ധിയിൽ തുടരുന്നത് കുട്ടികൾ തന്നെയാണ്. തൊഴിൽ മേഖലകൾ എല്ലാം പൂർണമായോ ഭാഗികമായോ തുറന്നു കഴിഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റ് ആഘോഷ കേന്ദ്രങ്ങളും സജീവമായി. എല്ലാം ഏറക്കുറെ ക്രമത്തിലായിരിക്കുന്നു.
കുട്ടികൾ, പാവങ്ങൾ എന്താണ് ചെയ്യുക?
ചെറിയ കുട്ടികളാണ് ഏറെ പ്രയാസത്തിൽ. കളിക്കാൻ എന്തിന് മിണ്ടിപ്പറയാൻ കൂടി ആളില്ല.
പല കുട്ടികളും ഒറ്റയ്ക്കാണ്. ഓൺലൈൻ പഠനമൊക്കെ അവരിൽ പലരും നിർത്തിയിരിക്കുന്നു.ടി.വി.യുള്ളവർ അതു കാണുന്നു. മൊബൈൽ ഫോണിൽ വിവിധ ഗെയിമുകളുടെ സാധ്യതയന്വേഷിക്കുന്നു. അവർ ഒറ്റയ്ക്കാണ്. കളിക്കൂട്ടുകാരില്ലാത്ത ഈ അവസ്ഥ ഭീകരമാണ്.
പഠനം മാത്രമല്ല സാമൂഹ്യ ഇടപെടലും കുട്ടികൾക്ക് അപ്രാപ്യമായിരിക്കുന്നു. അതു കൊണ്ട്
സ്കൂളുകൾ തുറന്നേ മതിയാകൂ. അടച്ചിടാൻ അന്വേഷണങ്ങൾ വേണ്ട. ചുമ്മാ അടച്ചാൽ മതി. തുറക്കുന്നതെങ്ങനെയെന്നാണ് അന്വേഷിക്കേണ്ടത്.
O കേരളത്തിലെ വിദ്യാലയങ്ങളിൽ 10 മുതൽ 50 വരെ മാത്രം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ കഴിയില്ലേ?
O ഒന്നിടവിട്ട ദിവങ്ങളിൽ ഓരോ ക്ലാസ് എന്ന് ക്രമീകരിച്ചാൽ 200 കുട്ടികൾ വരെ ആകാം.
O കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കണം.
O കോവിഡ് വ്യാപനത്തിനുള്ള സാധ്യതകൾ എല്ലാം തടയും വിധത്തിൽ അധ്യാപകർ ഇടപെടണം. ഇത് മോണിറ്റർ ചെയ്യണം.
O ഗ്രാമ പഞ്ചായത്തുകൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം.
O ഓരോ സ്കൂളിലെയും PTA കൾ ഇക്കാര്യങ്ങളിൽ ഇടപെടണം. പൂർവ്വ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ചേർത്ത് പ്രൊട്ടക്ഷൻ സമിതികളുണ്ടാക്കണം.
നാമൊന്നു കരുതിയാൽ സാധ്യമാണ്.
ഈ അവസ്ഥ മാറണം
19. നന്നായി ശ്രദ്ധിച്ചാൽ സാധ്യമാണ് സാധ്യായ ദിനങ്ങൾ
കുഞ്ഞുമോൾ സി എൻ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും നന്നായി ശ്രദ്ധിച്ചാൽ സ്ക്കൂൾ തുറക്കാവുന്നതേ ഉള്ളു .. മദ്രസയും ട്യൂഷൻ സെൻററുകളും പ്രവർത്തിക്കുന്നുണ്ട് .... സ്കൂളുകൾ മാത്രം... ഒന്നരാടം ദിവസങ്ങൾ ആക്കി ക്രമീകരിച്ചാൽ തിരക്ക് ഒഴിവാക്കാമല്ലോ -
20. കുട്ടികൾ വീടിനടുത്തുള്ള വിദ്യാലയത്തിൽ ചേരട്ടെ
രാജലക്ഷ്മി
ജൂൺ 1 ന് പ്രൈമറി സ്കൂളുകൾ തീർച്ചയായും തുറക്കണം
കുട്ടികൾ വീടിനടുത്ത വിദ്യാലയങ്ങളിൽ ചേരട്ടെ, ഉച്ചവരെ ക്ലാസ് മതി
കുറച്ചു കുട്ടികൾ മാത്രം ഓരോ ക്ലാസ്സിലും, അല്ലെങ്കിൽ കുട്ടികൾ വിഷാദ രോഗികളാവും, പഠനം എന്ന പ്രക്രിയയിൽ നിന്ന് തന്നെ അവർ അകന്ന് പോകും
21. ബഹുരീതികളുടെ സാധ്യത പ്രയോജനപ്പെടുത്തണം
തോമസ് ഉഴുവത്ത്
( സ്വന്തം വാളിൽ ചർച്ചക്കായി അവതരിപ്പിച്ചത് )
പുതിയ അധ്യയനവർഷത്തെ സ്കൂൾ വിദ്യാഭ്യാസനടത്തിപ്പിനു അഞ്ചു നിർദേശങ്ങൾ.
1. സ്വയം പഠനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്ന ബോധന സമീപനങ്ങളിൽവേണം അധ്യാപക ശാക്തീകരണം ഊന്നൽ നൽകേണ്ടത്. ഈ സമീപനങ്ങളും രീതികളും അധ്യാപകരുടെ ചർച്ചകളിൽ കൂടി വികസിപ്പിക്കണം.
2. രക്ഷിതാക്കൾ, റിട്ടയേർഡ് അധ്യാപകർ, മുതിർന്ന വിദ്യാർഥികൾ എന്നിങ്ങനെ ഒരു വലിയ വിഭാഗം ആൾക്കാരെ സജീവ സന്നദ്ധ സേവകരായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്ന പുതിയ സംവിധാനം കൊണ്ടുവരണം. ഇവരെ ശാക്തീകരിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാം.
3. വിദ്യാലയങ്ങളെപ്പോലെ കുട്ടികളുടെ വീട് / പൊതുഇടങ്ങൾ വിദ്യാകേന്ദ്രങ്ങൾ ആകും. എല്ലായിടത്തും ശാരീരിക അകലം പാലിച്ചു പരമാവധി 20 പേർ മാത്രം.
3. ഒന്നാം ടേമിൽ (ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങൾ) ഒന്നു മുതൽ എട്ടു വരെ ക്‌ളാസ്സുകൾക്കു ആഴ്ചയിൽ ഒരുദിവസം ഉച്ച വരെ മാത്രവും 9-12 ക്ലാസ്സുകാർക്കു ആഴ്ചയിൽ രണ്ടു ദിവസം ഉച്ചവരെമാത്രവും വിദ്യാലയങ്ങളിൽ ക്ലാസ്. ക്‌ളാസ്സുകൾ റോട്ടേഷൻ അടിസ്ഥാനത്തിൽ. അധ്യാപകർ എല്ലാ ദിവസവും ഹാജരാകുന്നു.
ഉദാ. പ്രൈമറി സ്കൂളിൽ തിങ്കളാഴ്ച ഒന്നാം ക്ളാസ്സിലെ കുട്ടികളും രക്ഷകർത്താക്കളും ഫെസിലിറ്റേറ്റർമാരും മാത്രം. എല്ലാ അധ്യാപകരും ഹാജർ. ചെറു ഗ്രുപ്പിലായി കുട്ടികൾക്കും ഫെസിലിറ്റേറ്റർമാർക്കും ഒരാഴ്ചത്തെ പഠന പ്രവർത്തനങ്ങളെപ്പറ്റി മാർഗനിർദേശം. ചൊവ്വാഴ്ച രണ്ടാംക്ലാസ്സുകാർ മാത്രവും ബുധനാഴ്ച മൂന്നാം ക്‌ളാസ്സുകാരും വ്യാഴാഴ്ച നാലാം ക്‌ളാസ്സുകാരും. അഞ്ചാം ദിനം അധ്യാപകരും പ്രധാന ഫെസിലിറ്റേറ്റർമാരും മാത്രം -വിലയിരുത്തലും പ്ലാനിങ്ങും.
4. പ്രൈമറി ക്‌ളാസ്സുകളിൽ(ക്ലാസ് 1-8) നാലോ അഞ്ചോ കുട്ടികൾക്ക് ഒരു ഫെസിലിറ്റേറ്റർ.
HS, HSS തലങ്ങളിൽ പത്തു കുട്ടികൾക്ക് വിഷയടിസ്ഥാനത്തിൽ ഒരു ഫെസിലിറ്റേറ്റർ.
5. എല്ലാ പ്രധാന പഠന / പഠ്യേതര പ്രവർത്തനങ്ങളും വീട് / പ്രാദേശിക കേന്ദ്രങ്ങളിൽ മാത്രം. പാഠപുസ്തകങ്ങൾ ഓഡിറ്റ് നടത്തി ട്രിം ചെയ്യുന്നു. എന്നാൽ പ്രാദേശിക പാഠങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണയായി ഓൺലൈൻ സംവിധാനങ്ങളും.
22. ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തണം
രാമകൃഷ്ണൻ പുഞ്ചപ്പാടം
സാമൂഹ്യപങ്കാളിത്തത്തോടെയുള്ള ബോധനതന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിവരും... കൊറോണ പ്രോട്ടോകാൾ പാലിച്ചുകൊണ്ട് ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തി കരിക്കുലം ട്രാന്സാക്ഷനുള്ള പ്രവർത്തങ്ങൾ ഓരോ സ്കൂളും ആസൂത്രണം ചെയ്യേണ്ടിവരും....
23. പ്രാദേശിക പൊതു യിടങ്ങളുണ്ടാക്കണം
ഷാജി കെ പി
പ്രാദേശികമായി സൗകര്യങ്ങളുണ്ടാക്കി ഓരോ കുട്ടിയും ആഴ്ചയിൽ ഒരു തവണയെങ്കിലും 2. മണിക്കൂർ എങ്കിലും ഇൻ്ററാക് ഷൻ സൗകര്യമുള്ള ക്ലാസിലെത്തണം.
അംഗൻവാടികൾ, മറ്റ് പൊതു ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാം.
വിദ്യാലയങ്ങൾ തമ്മിലും ഏകോപനം നടത്തി പ്രാദേശിക ഇടപെടലുകൾ വാർഡ് ജനപ്രതിനിധിയുടെ യടക്കംസഹായത്തോടെ ചെയ്യാം. പ്രാദേശികമായി ലഭ്യമായവരുടെ( ബി.എഡ്, ടി.ടി.സി, കഴിഞ്ഞ വർ, റിട്ടയർ ചെയ്തവർ) സേവനവും ഉപയോഗിക്കാം.
തികച്ചും താൽക്കാലികമായ ഓൺലൈൻ പഠന രീതി അധികം കൊട്ടിഘോഷിക്കപ്പെടരുത്. ആ സംവിധാനത്തിൽ പകുതി ദിവസം പോലും പങ്കെടുക്കാതിരുന്ന 2 ആദിവാസി വിഭാഗം കുട്ടികളെ തെരഞ്ഞെടുപ്പിന് വീടുകയറിയപ്പോൾ കാണാനായി എന്നും ഇതോടൊപ്പം കൂട്ടി വായിക്കുന്നു.
24. പഠനക്കൂട്ടങ്ങൾ രൂപീകരിക്കണം
സരസ്വതി കെ. എം
വളരെ ഗൗരവത്തോടെ അധികൃതർ സമീപിക്കേണ്ട ഒരു വിഷയമാണിത്.
സമൂഹത്തിലെ പിന്നാക്കക്കാരായ രക്ഷിതാക്കൾ net recharge ചെയ്യാനില്ല ( ചെയ്തില്ലാ ) എന്ന് തുടങ്ങി
ക്ലാസിന്റെ ഏകതാന സ്വഭാവം
കുട്ടിക്ക് ഒന്നും പങ്കുവെക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയൊക്കെ കുട്ടികളെ ഓൺലൈൻ ക്ലാസിൽ നിന്നും അകറ്റുന്നു ഡിസംബർ വരെ 100 % പ്രവർത്തന പങ്കാളിത്തമുണ്ടായിരുന്ന ഒന്നാം ക്ലാസിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്. കൂലിപ്പണിക്കു പോകുന്ന രക്ഷിതാക്കൾ ഫോൺ ചെയ്താൽ എടുക്കാത്ത സ്ഥിതിയിലായിരിക്കുന്നു. ( അതിനു പിന്നിൽ ഒരു പാട് ഘടകങ്ങൾ ഉണ്ട്.)
ഈ അവസ്ഥയിൽ വരും വർഷത്തിലും ഇതേ പരിത
സ്ഥിതിയാണെങ്കിൽ എൽ.പി വിഭാഗം കുട്ടികളിൽ ഭൂരിഭാഗവും അടിസ്ഥാന ശേഷികൾ ഇല്ലാതെയാണ് കടന്നുപോവുക എന്നതിന് സംശയമില്ല.
1സാറിന്റെ നിർദേശത്തോട് യോജിക്കുന്നു. ഒന്നാം ക്ലാസിന്റെ മൂന്നാം ഭാഗം മലയാളം തുടങ്ങുന്നേയുള്ളു. - അത് തീരാൻ സാധ്യതയില്ല
ഓരോ ക്ലാസിന്റെയും ശേഷികളും ധാരണ കളും നിർബന്ധമായും നേടേണ്ട വ. മാത്രം ഉൾപ്പെടുത്തി സിലബസ് പരിമിതപ്പെടുത്തണം.
2. ഓരോ വിദ്യാലയത്തിന്റെയും ക്യാച്ചിങ് ഏരിയ കേന്ദ്രീകരിച്ച് പഠനക്കൂട്ടങ്ങൾ രൂപീകരിക്കുകയും ഓൺലൈൻ ക്ലാസിനോടനുബന്ധിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണം. (ഇത്തവണ ചില സ്കൂളുകൾ അത്തരം പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട് )
3. വായന നടക്കുന്നേയില്ല.
അധ്യാപകരെ കാണിക്കേണ്ടവ എഴുതി അയക്കുക എന്നതു മാത്രമണ് നടക്കുന്ന പ്രവർത്തനം വായനശാലകളുമായി സഹകരിച്ചു കൊണ്ട് എങ്ങനെ വായനക്കുവേണ്ടി സജ്ജമാക്കാം എന്നാലോചിക്കണം.
4. കുട്ടികളുടെ പ്രകടനത്തിന് ആവശ്യമായ സന്ദർഭങ്ങൾ വീട്ടുമുറ്റ സദസുകളിൽ അവസരമൊരുക്കാവുന്നതാണ്.
സർവോപരി ഇതൊന്നും നിർദേശങ്ങളായി പറഞ്ഞാൽ പോര
ഇത്ര കാര്യങ്ങൾ ഈ അധ്യയന വർഷം നിർബന്ധമായും നടക്കണം എന്ന ഓർഡർ തന്നെ ഇറക്കണം (എന്നാലെ എന്തെങ്കിലും നടക്കു )
25. ഒരു പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഏകോപിച്ചു കൂടെ?
സൈജ
പൂർണമായി യോജിക്കുന്നു. ഓരോ ക്ലാസിലേയും വിവിധ വിഷയങ്ങളിലെ അടിസ്ഥാന ശേഷികൾ കുട്ടിയിൽ ഉറയ്ക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. പാഠപുസ്തകം തീർക്കലാവരുത് ലക്ഷ്യം. ഒരു പ്രദേശത്തെ കുട്ടികളെ പരിഗണിക്കുമ്പോൾ വിദ്യാലയ മോ സിലബസ്സോ നോക്കാതെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തണം. അതിനായി പ്രത്യേക ആസൂത്രണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. 7-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷിനായി SSk ആരംഭിച്ച ഹലോ വേൾഡ് ഓൺലൈനായും ഓഫ് ലൈനായും മികച്ച സാധ്യതയുള്ള ഒരു സംരഭമാണ് ' പ്രാദേശികമായുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ സേവനവും അധ്യാപകരോടൊപ്പം ഉപയോഗപ്പെടുത്താവുന്നതാണ്
26 .സെൽഫ് ഇവാലുവേഷൻ പോർട്ടലും മറ്റു സാധ്യതകളും
അശോകൻ
നല്ല മുന്നൊരുക്കങ്ങൾ വേണം.. സംസ്ഥാനതല കൂടിയിരിപ്പ് ഉടനെ നടത്തണം... ആദ്യ മൂന്ന് മാസത്തെ പാഠഭാഗങ്ങൾ വിദഗ്ദരായ അധ്യാപകർ ചെയ്തശേഷം ഇൻറർ ആക്ഷന് എങ്ങനെ അവസരം നൽകും എന്ന് ആലോചിച്ചു പ്ലാൻ ചെയ്യണം. സംസ്ഥാനമൊട്ടാകെ ഈ പ്രക്രിയ നടക്കണം.. ഓരോ മാസാവസാനവും സെൽഫ് ഇവാലുവേഷൻ പോർട്ടൽ വഴി... ഇതിന് വിൻഡോസ് ലിനക്‌സ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ ഉണ്ടാക്കണം.. അതിനു ശേഷം പഠിച്ചു കഴിഞ്ഞ പാഠഭാഗത്തിലുള്ള അറിവുകളുടെ വിശാലമായ തലം സാധാരണ ജീവിതത്തിലെ പ്രയോഗമുൾപ്പെടെ കുട്ടിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി പരിചയപ്പെടുത്തണം. ഇതിനായി ദേശീയ.. അന്തർദേശീയ വിദഗ്ദരെ ഉപയോഗിച്ചുള്ള ക്ലാസ് അമേരിക്കയിലെ പഴയ ഇൻഫർമേഷൻ സൂപ്പർ ഹൈവേ രീതിയിൽ പരിഭാഷയുടെ സഹായത്തോടെ നൽകണം.. ക്ലാസുകൾ നേരത്തെ റെക്കോർഡ് ചെയ്തു സ്പ്ലിററ് ചെയ്ത് പരിഭാഷാ വീഡിയോ കൂട്ടിച്ചേർത്ത് എഫക്ടീവ് ആക്കി മാററാൻ കഴിയണം.
27. പാo ഭാഗങ്ങളുടെ ചുരുക്ക രുപം തയ്യാറാക്കണം
ജോർജ് കെ ടി
വിശദമായ ചർച്ച നടക്കേണ്ട ഒരു മേഖലയാണ് ഇത്.
സാധാരണ ലഭിക്കുന്ന അത്രയും സമയം കുട്ടികൾക്ക് നമ്മളിങ്ങനെ വിദ്യാലയങ്ങളിൽ ക്ലാസ് റൂമുകൾ ഒരുക്കിയാലും ലഭിക്കില്ല എന്നതുകൊണ്ട് പാഠഭാഗങ്ങളുടെ ഒരു ചുരുക്കരൂപം തയ്യാറാക്കണം.
അതായത് പത്താം ക്ലാസിൽ ഒക്കെ നടപ്പിലാക്കിയ ഫോക്കസ് ഏരിയ പോലുള്ള ഒരു ചുരുക്കൽ.ആ ഭാഗങ്ങളിലൂടെ കുട്ടികളെ കടത്തി കൊണ്ടു പോവുകയും മൂല്യനിർണയം നടത്തുകയും ചെയ്തു പഠന വിടവുകൾ കണ്ടെത്തി തൽസമയം തിരുത്തി മുന്നോട്ടു പോകുന്ന സംവിധാനം ആയിരിക്കും നല്ലത്.
ഐടി സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ പഠനസാമഗ്രികൾ തയ്യാറാക്കണം.നിലവിൽ വിക് ടേഴ്സ് ക്ലാസ്സിൽ നടന്ന പാഠഭാഗങ്ങളുടെ പ്രസക്തഭാഗങ്ങൾ ഇത്തരം സംവേദനത്തിന് പ്രയോജനപ്പെടുത്തണം.
വർക്ക്ഷീറ്റുകൾ തയ്യാറാക്കുകയും അവ ഓരോ ദിവസവും കുട്ടികൾക്ക് നൽകുകയും വേണം.
അവ തൊട്ടടുത്ത സിറ്റിങ്ങിന് ഇടയിൽ കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അവസരം ലഭ്യമാക്കണം.
28. സന്നദ്ധ അക്കാദമിക സംഘം
മധു ബി ജി
അദ്ധ്യാപകർക്കു പുറമേ സന്നദ്ധ പ്രവർത്തകരെ ( BEd TTC കഴിഞ്ഞ വരെ) ചേർത്തു കൊണ്ടുള്ള ടീമുകൾ തയ്യാറാക്കാവുന്നതാണ്. അംഗൻവാടിയിലോ സമീപ പ്രദേശത്തെ വായനശാലകളിലോ ഒത്തുചേരുന്ന ചെറിയ ഗ്രൂപ്പ് കുട്ടികളെ ഈ ടീമുകൾക്ക് നേരിട്ട് കണ്ട് പഠനത്തിൽ സഹായിക്കാവുന്നതാണ്. ഈ ടീമിലെ BEd / TTC കുട്ടികളുടെ അദ്ധ്യാപക പരീശീലനത്തിന്റെ internship ന്റെ ഭാഗമായി ഇത് കണക്കാക്കാവുന്നതും ആണ്
29. അധ്യാപകരും വിദ്യാർഥികളും മുഖാമുഖം വരണം
ഇർഫാന ഹുസൈൻ
അയല്പക്ക വിദ്യാലയങ്ങൾ വഴി കുട്ടികളെയും അദ്ധ്യാപകരെയും മുഖാമുഖം കൊണ്ടുവരാം.. virtual ക്ലാസ്സിനോടൊപ്പം ഇത്തരത്തിൽ കുട്ടികളുടെ എണ്ണം ക്രമപ്പെടുത്തി ഏറ്റവും അടുത്തുള്ള വിദ്യാലയങ്ങളിൽ എത്തിക്കാം... സബ്ജില്ലാതലത്തിൽ ആസൂത്രണങ്ങൾ ചെയ്യാം..
ഇനിയും മാറ്റമില്ലാതെ പോയാൽ വലിയൊരു അപകടത്തിലേക്കാവും നമ്മൾ ചെന്നെത്തുക...
കുട്ടികളേറെ അദ്ധ്യാപകരിൽ നിന്നകന്നിരിക്കുന്നു.. വിളിച്ചാൽ phone എടുക്കില്ല.. നേരിട്ട് കണ്ടാൽ കൂടി പഴയതുപോലുള്ള സംസാരങ്ങൾ ഇല്ല... ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്ന കുട്ടികൾ പഴയതിലും മോശമായ മാനസികാവസ്ഥയിൽ എത്തി നില്കുന്നു എന്നുള്ളത് ഏറ്റവും വേദനാജനകമായ കാര്യമാണ്.. എത്രയും വേഗം കുട്ടികളെ അദ്ധ്യാപകരുടെ മുന്നിലെത്തിക്കുകയെ പരിഹാരമുള്ളു... അതിനുള്ള നല്ല ചർച്ചകളാവട്ടെ..
30. ദൂരെ സ്കൂളിൽ വണ്ടികളിൽ കൊണ്ടുപോയി പഠിപ്പിക്കൽ രീതി നിറുത്തണം
ഹരിദാസൻ
അയൽപക്ക പഠനകേന്ദ്രങ്ങൾ എന്നു പറഞ്ഞ് പരിമിതമായ സൗകര്യങ്ങൾ ഉള്ള അംഗൻവാടികളിലും, വായനശാലയിലും പഠന പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കരുത്.
20 കൂട്ടികളെ വീതം വച്ച് പഠിപ്പിക്കാൻ സൗകര്യം വിദ്യാലയങ്ങളിൽ തന്നെയാണ്.
പ്രൈമറി വിദ്യാലയങ്ങൾ മിക്കവാറും അടുത്തടുത്ത് ഉണ്ട്.
കച്ചവടത്തിന്റെ ഭാഗമായി വാഹനത്തിൽ ദൂരേക്കു കൊണ്ടുപോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ പ്രശ്നം തീരും.
തൊട്ടടുത്ത വിദ്യാലയത്തിന്റെ മുന്നിൽ നിന്ന് ദൂരയുള്ള പൊതു വിദ്യാലയത്തിലേക്ക് കൊണ്ടുപോകുന്ന പരിപാടി നിർത്തിയാൽ വലിയ ബുദ്ധിമുട്ടില്ലാതെ shift കളോ ഒന്നിടവിട്ട ദിവസങ്ങളോ ആക്കി എല്ലാ ക്ലാസ്സിനും പഠനം തുടരാവുന്നതാണ്. തുറക്കാതിരുന്നാൽ പ്രത്യാഘാതം അനിർവചനീയമായിരിക്കും
31. അയൽപക്ക വിദ്യാലയം എന്ന ആശയം പ്രസക്തം
അജി രാജൻ പിള്ള
സാധാരണ നിലയിൽ നിന്നും ചില ഭേദഗതികളോട് സ്കൂൾ തുറക്കുന്നതായിരിക്കും നല്ലത്. ഒരു ക്ലാസ്സിൽ കുട്ടികളുടെ എണ്ണം 20 ഇൽ കൂടാതെ ശ്രദ്ധിക്കണം. ഇന്റർവെൽ പരമാവധി ഒഴിവാക്കി 8 മുതൽ 12 വരെ ക്ലാസ് നടത്താം. ആവശ്യം എങ്കിൽ 2 ഷിഫ്റ്റ് ആയി ക്ലാസ് നടത്തണം. അയൽപക്ക വിദ്യാലയം എന്ന ആശയം പൂർണമായി നടപ്പാക്കണം. Lp, ക്‌ളാസുകളിൽ സ്കൂൾ വാഹനം ഒഴിവാക്കാം. സ്കൂൾ വാഹനങ്ങളിൽ സീറ്റിങ് ന്റെ പകുതി കുട്ടികളെ മാത്രമേ കൊണ്ടുവരാവൂ. സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ഉപയോഗിക്കണം. ഇത്തരം മുൻകരുതലുകളോട് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ ആണ് സർക്കാർ സ്വീകരിക്കേണ്ടത് '
32. പ്രാദേശിക പ0ന്ന കേന്ദ്രങ്ങൾ ഉടൻ തുടങ്ങണം
പ്രശാന്ത് കുമാർ
പ്രൈമറി തലത്തിൽ കുട്ടികൾക്ക് നേരിട്ട് ക്ലാസ്സ് കിട്ടുന്ന രീതിയിൽ Plan നടക്കണം പ്രദേശിക പഠനകേന്ദ്രങ്ങൾ ( വീടുകൾ കേന്ദ്രികരിച്ച് ഒരു ഗ്രൂപ്പിൽ 10 കുട്ടികൾ) അധ്യാപകരുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ - മുന്നൊരുക്കൾ മെയ് മാസം തുടങ്ങണം' ഗവ: തലത്തിൽ പ്ലാനിങ്ങും മോണിട്ടറിങ്ങും ഉണ്ടാകണം പി ഇ സി നേത്യത്വം നൽകണം. ഇനിയും അധ്യാപകരെ വീട്ടിൽ ഇരുത്തരുത്
33. ഫസ്റ്റ് ബല്ലിനൊപ്പം നേരിട്ടുള്ള ക്ലാസുകളും
പ്രസാദ് മാസ്റ്റർ
First bell class കൾ തുടരുക.
കൂടെ ഒരു class ലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂളിൽ direct class വേണം.
ഒരു class ൽ 15 or 20 കുട്ടികൾ മതി.
10 ൽ ചെയ്തത് പോലെ ഊന്നൽ മേഖലകൾ ഉണ്ടാക്കി സിലബസ് ക്രമീകരിക്കണം.
ജൂലായിൽ 10, 12 നും ആഗസ്തിൽ 7, 8, 9 , 11 നും സപ്തംബറിൽ 4, 5,6 നും ഒക്ടോബറിൽ 1, 2, 3 നും നവംബറിൽ പ്രീ പൈമറിക്കും നേരിട്ടുള്ള ക്ലാസ് തുടങ്ങാം. എല്ലാവർക്കും ജൂണിൽ തന്നെ online class തുടങ്ങണം.
ഭാഗം രണ്ട്
പ്രായോഗികാനുഭവങ്ങൾ
34)
17 പ്രാദേശിക കേന്ദ്രങ്ങൾ ഒരുക്കി
അനിൽകുമാർ
ഞങ്ങൾ 17 കേന്ദ്രങ്ങളിൽ വിദ്യാലയത്തിലെ 135 കുട്ടികൾക്ക് 3 മണിക്കൂർ ക്ലാസ് എടുക്കാറുണ്ട് ഇന്ന് മുതൽ തത്കാലം നിറുത്തി
35 )
തണലോരം
ഷൈമ ടി.ഇ
തണലോരം എന്ന പേരിൽ GLPS പല്ലാവൂർ 8 പ്രാദേശിക പഠനകേന്ദ്രങ്ങൾ തുടങ്ങി.
'വർക്ക് ഷീറ്റുകൾ നൽകി പഠന വിടവു മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു. രക്ഷിതാക്കളുടെ മിക ച്ച പിന്തുണയുണ്ട്. എന്നാൽ വീണ്ടും കൊവിഡ് വ്യാപനം ഈയാഴ്ചയിലെ പ്രവർത്തനം തടസ്സപ്പെടുത്തിയിരിക്കുന്നു
36)
കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിന്റെ മാവിലാടം മാതൃക*
കോവിഡ് കാലത്തെ
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടക്കാൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിലെ മാവിലാകടപ്പുറം ഗവ.എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ0ന വീടുകൾ.ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഏറെക്കുറെ പിൻ വാങ്ങിയ കുട്ടികളെ പ0നത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ0ന വീടുകൾ ആരംഭിച്ചത്.
സ്കൂളിലെ 209 കുട്ടികളെ
ക്ലാസടിസ്ഥാനത്തിൽ അടുത്തടുത്ത് താമസിക്കുന്ന 5 വീതമുള്ള ( 4 to 7 ) ഗ്രൂപ്പുകളാക്കി
അതിൽ ഒരു വീട്പOന വീടായി തെരഞ്ഞെടുത്ത് അവിടെ വച്ച് പ്രാദേശിക വിദ്യാഭ്യാസ വളണ്ടിയറുടെ നേതൃത്വത്തിൽ ദിവസം 2 മണിക്കൂർ ക്ലാസെടുക്കുന്ന പരിപാടി. മൊഡ്യൂളുകളും പരിശീലനവും രണ്ടാഴ്ചയിലൊരിക്കൽ സ്കൂളിൽ വെച്ച് നൽകും.
സ്കൂളിന്റെ പരിധിയിലുള്ള 5 വാർഡുകളിലായി ഒരുക്കിയ 40 പഠനവീടുകളിൽ 210 കുട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നടത്തും. അധ്യാപകരായി സേവന സന്നദ്ധരായ വളണ്ടിയർമാരാണ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ, അധ്യാപകപരിശീലനം നേടിയവർ, ബിരുദധാരികൾ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസയോഗ്യതയുള്ള വളണ്ടിയർമാർക്ക് സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ പ്രവർത്തന പാക്കേജും പരിശീലനവും നൽകിയാണ് ക്ലാസെടുക്കാൻ സജ്ജരാക്കിയത്.
സജീവമായ ചർച്ചയാണ് നടന്നത്
പ്രധാന ആശയങ്ങൾ
1. സാധ്യമായ രീതിയിൽ സ്കൂളുകൾ തുറക്കണം (ഒന്നിച്ച്, ഘട്ടം ഘട്ടമായി, ഷിഫ്റ്റ് രീതി, എണ്ണം ക്രിമീകരിച്ച് )
2. ബഹു വിധ രീതികൾ പ്രയോജനപ്പെടുത്തണം
3. പാoങ്ങളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കണം
4. അനിവാര്യ പ0ന നേട്ടങ്ങൾ മാത്രം പരിഗണിക്കുക
5. പ്രാദേശിക പഠന കേന്ദ്രങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം
6 പ്രാദേശിക അക്കാദമിക സന്നദ്ധ സംഘം രൂപീകരിക്കണം
7. ആദിവാസി മേഖലക്ക് പ്രാദേശിക സാഹചര്യം പരിഗണിച്ച് പദ്ധതി വേണം
8 പ0ന വിടവുകൾ പരിഹരിക്കാൻ പദ്ധതി വേണം
9. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ശക്തമായി വിദ്യാലയങ്ങളെ പിന്തുണയ്ക്കണം
ഇത് ഇങ്ങനെ കാണാം
1. വിദ്യാലയത്തെ തന്നെ പ0നയിടമാക്കുന്ന രീതി
2. പ്രാദേശിക പ0നക്കൂട്ടങ്ങൾ രൂപീകരിക്കുന്ന രീതി
3. മുകളിൽ പറഞ്ഞ രണ്ടും വിക്ടേഴ്സ് ക്ലാസും സ്വയം പo ന സാമഗ്രികളും
മൂന്നാമത്തെ രീതിയാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. അതിൻ്റെ പ്രായോഗികത സംബന്ധിച്ച് കൂടുതൽ ചർച്ച ആവശ്യമുണ്ട്.
കുട്ടിയുടെയും അധ്യാപകരുടെയും പക്ഷത്തു നിന്ന് സമീപിക്കണം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി