"മോളേ, എട്ടു മണിയാകുന്നു." അമ്മയുടെ ഓർമപ്പെടുത്തൽ.
"ചേച്ചീ, വാ എട്ടു മണിയായി. " അനുജൻ്റെ തിടുക്കം.
ഓട്ടസമയമായി എട്ടു മണി മാറിയിരിക്കുന്നു. എൻ്റെ മാത്രമല്ല എട്ട് ഡിയിൽ പഠിക്കുന്ന എല്ലാവരുടെയും. ഒരു ക്ലാസിലെ കുട്ടികളെല്ലാം ഒരേ സമയം കൊവിഡ് കാലത്ത് ഓടുന്നതെന്തിനാ? എവിടെയാ ഓട്ടം എന്നൊക്കെയാകും നിങ്ങളുടെ ചിന്ത. വീടിന് ചുറ്റും ചിലർ ഓടും, ഇടവഴിയിലൂടെ ഓടുന്നവരുണ്ട്, മുറ്റത്ത് വട്ടംചുറ്റി ഓടുന്നവരുണ്ട്, റോസിലൂടെ ഓടുന്നവരുമുണ്ട്. മനസ്സുണ്ടോ ഓടാൻ ഇടവുമുണ്ട്. അഞ്ചു മുതൽ 10 മിനിറ്റ് വരെയാണ് ഓട്ടം.ഇത് ഞങ്ങളുടെ സ്വന്തം "സ്മാർട്ട് ട്രാക്ക് " ഓൺലൈൻ കായിക പരിശീലന പരിപാടിയുടെ ആദ്യ ഇനമാണ്.
എന്താണ് സ്മാർട്ട് ട്രാക്ക്?
കൊവിഡ് കാരണം എല്ലാവരും വീട്ടിലിരിക്കുകയല്ലേ? ഓടാനും ചാടാനും കളികൾക്കും പൂട്ടു വീണില്ലേ? മൊബൈൽ ഫോണിൽ നോക്കി നോക്കി കണ്ണും കഴുത്തുമൊക്കെ കഴയ്ക്കുന്നില്ലെ? മേലനങ്ങാതെ തിന്നു തിന്ന് വണ്ണം കൂടുന്നില്ലേ? യേസ് മുളിയാൽപ്പോര. എന്തു ചെയ്യണമെന്നും ആലോചിക്കണം. നിങ്ങൾ ആലോചിച്ചോ? ഞങ്ങൾ ആലോചിച്ചു; കായിക ക്ഷമത വർധിപ്പിക്കാൻ ഒരു ഓൺലൈൻ പരിപാടി ഞങ്ങളുടെ ഉഷ ടീച്ചർ പ്ലാൻ ചെയ്തു. ഗൂഗിൾ മീറ്റ് കൂടി. ഞങ്ങളുടെ ഡിവിഷൻ അതേറ്റെടുക്കാൻ തീരുമാനിച്ചു.അങ്ങനെയാ സ്മാർട്ട് ട്രാക്ക് എന്ന പരിപാടി പിറന്നത്.
ഞങ്ങളുംപരിശീലകരാണ്
ഇപ്പോ ഞങ്ങൾ കുട്ടികൾ തന്നെയാണ് കൂട്ടുകാരെ പരിശീലിപ്പിക്കുന്നത്. 24 പേർ കായികപരിശീലനത്തിൻ്റെ മാസ്റ്റർടെയിനർമാരായി മാറിയിട്ടുണ്ട്. രണ്ടു പേരു വീതമുള്ള ടീം ആയി സ്കൂളിലെ മുഴുവൻ കൂട്ടുകാരെയും പരിശീലിപ്പിക്കാനാണ് ആലോചിക്കുന്നത്. നടുവു വേദനയും കഴുത്തു വേദനയുമൊക്കെ പമ്പ കടക്കുമെന്നു പറഞ്ഞാൽ ആരാ വേണ്ടാന്ന് പറയുക? ഹൃദയ ശ്വാസകോശ ക്ഷമത ഓക്സിജൻ സ്വീകരിക്കുന്നതിൻ്റെ അളവ് കൂട്ടും.അതാകട്ടെ മസ്തിഷ്കത്തിനും പ0നത്തിനും ഊർജം പകരും.ഇത് പറഞ്ഞാൽ മനസിലാകാത്ത കുട്ടികൾ ഉണ്ടാവുമോ? അവരേറ്റെടുക്കും, തീർച്ച. ചുറുചുറുക്കും പ0നോത്സാഹവും ദിനചര്യ ചിട്ടപ്പെടലുമൊക്കെ ഈ പരിപാടിയിലൂടെ ഞങ്ങൾക്ക് ലഭിച്ചത് മറ്റു ക്ലാസുകാരോടു പറയും. നിങ്ങൾക്കും ഏറ്റെടുക്കണമെന്ന് തോന്നുന്നുണ്ടോ?
ഓൺലൈൻ വ്യായാമം
ഓട്ടം കഴിഞ്ഞു വരുമ്പോഴേക്കും ഉഷടീച്ചറുടെ ഗൂഗിൾ മീറ്റിൻ്റെ ലിങ്ക് മൊബൈലിൽ വന്നിട്ടുണ്ടാകും.വീഡിയോ ഓണാക്കി ഇത്തിരി ദൂരത്തായി വയ്ക്കണം; നമ്മളെ പൂർണമായും കാണത്തക്കവിധം.
മുറിയിലെ കസേരയും മേശയുമൊക്കെ ഒതുക്കി സ്ഥലമൊരുക്കിയെടുക്കണം.മുറ്റത്തുമാകാം.ടെറസ്റ്റുള്ളവർക്ക് അവിടെയും ചെയ്യാം. പറമ്പിലായാലും കുഴപ്പമില്ല. ആരെങ്കിലും കണ്ടാലോ? കാണട്ടെ അതാണ് അഭിമാനം.
മൊബൈലിൽ നിർദ്ദേശം നൽകുക മാത്രമല്ല എങ്ങനെ ചെയ്യണമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യും. അതനുസരിച്ച് ഓരോരുത്തരും വ്യായാമമുറകൾ ചെയ്യണം. വീട്ടിലുള്ളവർക്കും പങ്കാളിയാകാം. ഞങ്ങൾ മാസ്റ്റർ ട്രെയിനി മാരും അപ്പോൾ അത് ചെയ്യും. ഉഷ ടീച്ചർ വീഡിയോയിലൂടെ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടാകും. പാവം ടീച്ചർക്ക് ഗല്ലൻ ബാരെ സിൻഡ്രോം എന്ന അസുഖം ബാധിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചതിനെ തുടന്നുണ്ടായതാണ്. ശരീരത്തളർച്ചയൊന്നും ടീച്ചറുടെ മനസിനെ തളർത്തിയില്ല. അതാ ഞങ്ങടെ ടീച്ചർ.ടീച്ചർക്കും സ്മാർട്ട് ട്രാക്ക് പരിപാടി മാനസികാരോഗ്യം നൽകുന്നുണ്ട്.
മൂന്നു ഘട്ടങ്ങളിലായാണ് നാൽപത്തഞ്ച് മിനിറ്റ് നേരത്തെ പരിശീലനം. നിന്നുള്ള പ്രവർത്തനങ്ങളിൽ തുടങ്ങും കാൽപാദം മുതൽ കഴുത്തു വരെയുള്ള സന്ധി ബന്ധങ്ങൾക്ക് ഗുണകരമാകുന്ന ലളിതമായ മുറകൾ. പിന്നെ ഇരുന്നുള്ള വ്യായാമമുറകൾ, ഒടുവിൽ ജമ്പിംഗ് എക്സർസൈസ്.
വ്യായാമത്തിന് മുമ്പ് എല്ലാവരും പ്രഭാതകൃത്യങ്ങൾ ചെയ്തിരിക്കും. സ്കൂൾ കാലത്തെ പോലെ ദിനചര്യ ചിട്ടപ്പെടാൻ ഇത് സഹായിക്കുന്നു. യൂണിഫോമിൽ കയറിയില്ല എന്ന ഒരു കുറവേയുള്ളൂ. വ്യായാമം കഴിയുമ്പോഴേക്കും നന്നായി വിശക്കും. അപ്പോഴേക്കും ഭക്ഷണം തയ്യാറായി കാത്തിരിപ്പുണ്ടാകും.
ഒരു കാര്യം കൂടി പറയട്ടെ ഏഴ് ഡിയിൽ നിന്ന് ഞങ്ങൾ എട്ട് ഡിയിൽ എത്തിയപ്പോൾ പത്തു പതിനാലു പുതിയ കുട്ടികൾ സഹപാഠികളായി. ഈ സ്മാർട്ട് ട്രാക്ക് പരിപാടിയിലൂടെ അവരെ കാണാനും നിർദ്ദേശം നൽകാനും ആശയ വിനിമയം നടത്താനും അവസരം കിട്ടി. അവരിലും ചിലർ പരിശീലകരായി. നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ഗുണം എന്ന് പറഞ്ഞ പോലെ ഈ പരിപാടി കൊണ്ട് ഒത്തിരി പ്രയോജനങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ? ഏതു പ്രതിസന്ധിയിലും സാധ്യതയുടെ ഒരു വാതിൽ തുറക്കാനുണ്ടാകും. അതിൻ്റെ താക്കോൽ നിങ്ങളുടെ പക്കലും ഉണ്ട്.
നിരഞ്ജന,
അഭിരാം
എട്ട് ഡി
കലവൂർ ജി എച്ച് എസ് എസ്
ആലപ്പുഴ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി