ജനുവരി 15ന് പത്തിൽ റിവിഷൻ ആരംഭിച്ച വിദ്യാലയം
ഫോക്കസ് വിവാദത്തിൻ്റെ മറവിൽ ചില ഹൈടെക് വിദ്യാലയങ്ങൾ പുതിയ പുതിയ സംവാദ വിഷയങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചക്ക് വെക്കുകയാണ്. അതു നല്ലതാണ്.
അതിൽ ഒന്ന് പാഠഭാഗങ്ങൾ തീർന്നോ എന്ന് വകുപ്പ് ചോദിച്ചതുമായി ബന്ധപ്പെട്ടതാണ്.
അങ്ങനെ ചോദിക്കാമോ?
സർക്കാരിന് തീരുമാനം എടുക്കാൻ കൃത്യമായ മോണിറ്ററിംഗ് വേണ്ടതുണ്ട്. അതിന് കണക്കെടുത്തു.
ബഹു ഭൂരിപക്ഷം സ്കൂളുകളിലും 90% പാഠങ്ങൾ ഫെബ്രുവരിയിൽ തീർന്നിട്ടുണ്ട്.
അപ്പോഴാണ് നവ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയത്.
എങ്ങനെ തീരും?
ക്ലാസ് നവംബർ മുതലല്ലേ തുടങ്ങിയത്?
അതും പകുതി കുട്ടികളെ വെച്ച്?
ചാനൽ ക്ലാസ് ഫലപ്രദമാണോ?
ഗുഗിൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കുന്നില്ലല്ലോ?
കുട്ടികളുടെ
മൊബൈലിൽ ഡേറ്റാ തീരുന്നു,
റേഞ്ചില്ല. പിന്നെങ്ങനെ?
ഒരു വിധം സാമ്പത്തിക സ്ഥിതിയുള്ള വീടുകളിലെ കുട്ടികൾ മാത്രമല്ലേ ഗൂഗിൾ മീറ്റിലും പങ്കെടുക്കുന്നത്.
അങ്ങനെ പോകുന്നു തീരാതിരിക്കുന്നതിനുള്ള കാരണ ചോദ്യങ്ങൾ.
ഇതൊക്കെ സത്യമല്ലേ?
കഴിഞ്ഞ വർഷം റിവിഷനു വേണ്ടിയാണ് കുട്ടികൾ സ്കൂളിൽ ജനുവരിയിൽ വന്നത്. പൂർണമായും അതിനു മുമ്പ് ഓൺലൈൻ ക്ലാസായിരുന്നു.
അതായത് മുൻ വർഷം മിക്ക വിദ്യാലയങ്ങളും ഓൺലൈൻ പഠന രീതി വികസിപ്പിച്ചിരുന്നു.
ഈ വർഷം അതു മെച്ചപ്പെടുത്തി തുടരുകയാണ് ഉണ്ടായത്.
വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ചവരും അതിനോടൊപ്പം മറ്റു സാധ്യതകൾ പ്രയോജനപ്പെടുത്തിയവരുമുണ്ട്.
എന്തൊക്കെയായാലും ജനവരി 15ന് റിവിഷൻ ആരംഭിച്ചു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുമോ?
വരൂ, കലവൂർ ഹൈസ്.കുളിലേക്ക്
(പി ടി എ പ്രസിഡൻ്റ് വി വി മോഹനദാസിൻ്റെ കുറിപ്പാണ് )
മത്സ്യ ബന്ധന തൊഴിലാളികൾ, കയർ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ എന്നിവരുടെ മക്കളാണ് ഇവിടെ പഠിക്കുന്നതിൽ ബഹുഭൂരിപക്ഷവും.
എട്ടു കോളനികളിൽ നിന്ന് വരുന്നവരും ഉണ്ട്
പത്തിൽ
5 ഡിവിഷനുകൾ
194 കുട്ടികൾ
പാവപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട പഠനം എന്നത് ഈ വിദ്യാലത്തിൻ്റെ ലക്ഷ്യവും കരുതലുമാണ്.
എന്താണ് അവിടെ നടന്നത്?
മെയ് മാസം ഓൺലൈൻ ക്ലാസ് പിടിഎ നടത്തി.
മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കി.
തീരുമാനങ്ങൾ
1. ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസ് അധ്യാപകർ നടത്തണം.
2. രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ മൊബൈൽ കുട്ടികൾക്ക് ലഭ്യമല്ല.അതിനാൽ രാവിലെ 6.30 മുതൽ 7.30 വരെയും വൈകിട്ട് 7 30 മുതൽ 8.30 വരെയും ആയിരിക്കും ഗൂഗിൾ മീറ്റ് ക്ലാസ്.
3. വിഷയം സൂചിപ്പിക്കുന്ന ടൈം ടേബിൾ മുൻ കൂട്ടി നൽകും.
4. കുട്ടികൾ ക്ലാസിൽ പൂർണ സമയം പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തും.
5. അന്നന്ന് വൈകിട്ടത്തെ ക്ലാസ് കഴിയുമ്പോഴും ശനിയാഴ്ചകളിലും രക്ഷിതാക്കളുടെ അവലോകനം ഗൂഗിൾ മീറ്റിൽ നടത്തും.
6. കുട്ടികൾ അന്നന്നത്തെ വർക് പൂർത്തീകരിച്ച വിവരം രക്ഷിതാക്കളെ അറിയിക്കണം.
7. രക്ഷിതാക്കൾക്കായി വിലയിരുത്തൽ ഫോർമാറ്റ് ഉണ്ടാകും.
8. കുട്ടികൾ ടിവിയിൽ വിക്ടേഴ്സ് ക്ലാസും കാണേണ്ടതാണ്.
9. ശനി, ഞായർ ദിവസങ്ങളിർ കുടുതൽ സമയം ക്ലാസ് നടത്തണം.
10. ക്ലാസ് നടക്കുന്നതിന് മുമ്പായി മൊബൈൽ ചാർജ് ചെയ്തു വെക്കണം.
മുൻവർഷത്തെ രീതിയും ചർച്ച ചെയ്തു..
മുകളിൽ സൂചിപ്പിച്ച 10 തീരുമാനങ്ങളും വീഴ്ച കൂടാതെ നടപ്പിലാക്കി.
രക്ഷിതാക്കൾ വിലയിരുത്തൽ രേഖ പൂരിപ്പിച്ച് അധ്യാപകർക്ക് വാട്സാപ്പ് ചെയ്തു
പിടിഎ കൂടി ഇടക്കിടെ അവലോകനം നടത്തി.
നവംബറിൽ കുട്ടികൾ സ്കൂളിലെത്തി.
ക്ലാസുകൾ തുടർന്നു
കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക് പ്രത്യേക പരിപാടി
ഇതിനായി ജില്ലാ പഞ്ചായത്തിൻ്റെ ലഘുഭക്ഷണ പരിപാടി പ്രയോജനപ്പെടുത്തി.
ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിലെ എല്ലാ പാഠങ്ങളും ജനുവരി 15ന് പൂർത്തീകരിച്ചു
റിവിഷനിലേക്ക് പ്രവേശിച്ചു.
സ്കൂളിലെ എല്ലാ അധ്യാപക സംഘടനകളുടെയും പൂർണ പിന്തുണയോടെയാണ് ക്ലാസുകൾ നടത്തിയത്.
5 മുതൽ 10 വരെയുള്ള മുപ്പതു ഡിവിഷനുകളിലും ജൂൺ 1 മുതൽ ഗൂഗിൾ മീറ്റ് ക്ലാസുകൾ മുടങ്ങാതെ നടത്തി. 6.30 മുതൽ 7.30 വരെ ഹൈ സ്കൂളുകാർക്കും 7.30 മുതൽ 8.30 വരെ യു പിക്കാർക്കും.വൈകിട്ടും ഓരോ മണിക്കൂർ വീതം ക്രമീകരിച്ചു. മുഴുവൻ കുട്ടികളും മുഴുവൻ രക്ഷിതാക്കളും സജീവമായി ഇടപെടുന്നു."
മോഹനദാസിൻ്റെ ഈ കുറിപ്പ് അതിശയോക്തിയില്ലാത്തത്.
അവിടുത്തെ ഓൺലൈൻ ക്ലാസ് നിരീക്ഷിക്കാൻ എനിക്ക് ഈ വർഷം അവസരം കിട്ടിയിരുന്നു. ജൂലൈ ആദ്യ വാരമാണ് ആ ഗണിത ക്ലാസ് കണ്ടത്.
തുടക്കത്തിൽ തന്നെ വീഡിയോ ഓണാക്കി ഹാജർ പറയും. കുട്ടികൾ വീഡിയോ ഓണാക്കിയാണ് പ്രതികരിക്കേണ്ടത്. ടീച്ചർ നൽകുന്ന ഗണിത പ്രശ്നം ചെയ്തു കഴിഞ്ഞാൽ ഉത്തരത്തിനും ക്രിയകൾക്കും നേരെ കുട്ടികൾ ക്യാമറ ഫോക്കസ് ചെയ്യണം. ടീച്ചർ അതു വിലയിരുത്തും. ഗൂഗിൾ മീറ്റിൽ സജീവപങ്കാളിത്തം. സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാനുള്ള താൽപര്യം.
കഴിഞ്ഞ വർഷം എന്താണ് നടന്നത്?
പത്ത് ബി ക്ലാസിൽ പഠിച്ച അനുപമ ശാസ്ത്ര കേരളത്തിൽ എഴുതിയ കുറിപ്പിൽ നിന്നുള്ള ഭാഗങ്ങൾ വായിക്കൂ.
തുടക്കം മുതൽ സമാന്തര ക്ലാസ്
തുടക്കം മുതൽ തന്നെ വിക്ടേഴ്സിലൂടെയുള്ള ക്ലാസ്സുകൾക്ക് സമാന്തരമായി ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ ഓൺലൈൻ ലൈവ് ക്ലാസുകൾ എടുത്തു പോന്നു.
സ്കൂളിൽ ഒരു ഇൻറാക്ടീവ് വീഡിയോ ഉണ്ടായിരുന്നത് ഞങ്ങൾക്ക് വലിയൊരു ഭാഗ്യം ആയിരുന്നു.
ആ ക്ലാസ്സുകളിൽ അധ്യാപകർ ക്ലാസെടുത്തു കഴിയുമ്പോൾ ഞങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനായി
ദിവസവും രാവിലെ പല സമയങ്ങളിൽ ആയിരുന്നു ഓരോ ക്ലാസ്സുകാർക്ക് ക്ലാസുകൾ എടുത്തിരുന്നത്.
സ്കൂൾ ടൈംടേബിൾ പോലെ ഒരു ടൈംടേബിളും അധ്യാപകർ തയ്യാറാക്കി ഞങ്ങൾക്ക് നൽകി .
അധ്യാപകർ കുട്ടികളുടെ നോട്ടുകൾ നോക്കുന്നു
ഓരോ ക്ലാസുകളിലും തരുന്ന പ്രവർത്തനങ്ങൾ ചെയ്ത് ഞങ്ങൾ വാട്സാപ്പിലൂടെ അധ്യാപകർക്ക് അയച്ചുകൊടുത്തു.
മുഴുവൻ കുട്ടികളുടെയും നോട്ടുകളും വർക്കുകളും ഒക്കെ എങ്ങനെ ടീച്ചർമാർക്ക് നോക്കി തരാനാവുമെന്ന് ഞാൻ അതിശയപ്പെട്ടിട്ടുണ്ട്. പക്ഷേ അധ്യാപകരെല്ലാം തന്നെ അത് ഭംഗിയായി ചെയ്തു.
ഞാൻ രാത്രി ഏറെ വൈകി നോട്ട് അയച്ചു കൊടുത്താലും മിനിറ്റുകൾക്കകം ഒട്ടു മിക്ക അധ്യാപകരും പരിശോധിച്ച് തിരിച്ചയക്കുമായിരുന്നു
ക്ലാസ്സുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമൊക്കെയായി അവർ ദിവസവും പലതവണ സംശയങ്ങൾ ഉണ്ടോ എന്ന് ചോദിച്ചിരുന്നു .
സ്വാതന്ത്ര്യം
ഏത് സമയത്തും വിളിച്ച് സംശയം ചോദിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ അധ്യാപകരും ഞങ്ങൾക്ക് തന്നു.
അത്രയ്ക്ക് കട്ടസപ്പോർട്ട് ആയിരുന്നു അധ്യാപകരുടേത്.
ഗൂഗിൾ മീറ്റിലേക്ക്
കോവിഡ് വീണ്ടും കൂടിയപ്പോൾ അധ്യാപകർക്ക് സ്കൂളിൽ വരാൻ കഴിയാതെയായി.
അപ്പോൾ മുതൽ ഞങ്ങളുടെ ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലേക്ക് വഴിമാറി.
അതും ഫലപ്രദം തന്നെ.
കൂടാതെ ആവശ്യമായിവരുന്ന പഠന പിന്തുണയുടെ അടിസ്ഥാനത്തിൽ ഞങ്ങളെ പല ഗ്രൂപ്പുകളാക്കി തിരിച്ചു.
ഓരോ ഗ്രൂപ്പിനും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി .
ദിവസവും നിരവധി വർക്ഷീറ്റുകളും പ്രവർത്തനങ്ങളും അധ്യാപകർ നൽകി .
പരീക്ഷ അടുത്തപ്പോൾ നിരവധി മാതൃകാചോദ്യങ്ങൾ അതിലൂടെ ചെയ്തു നോക്കാനായി.
ക്ലാസ് പി ടി എ
ഞങ്ങൾ പഠിക്കുന്നുണ്ടോ എന്നൊക്കെ നോക്കാൻ ക്ലാസ് പി.ടി.എ. കളും നിരവധി നടന്നതോടെ പഠനത്തെ കൈപ്പിടിയിലൊതുക്കാൻ ഞങ്ങൾക്കായി.
പഠനഡയറി
ഞങ്ങളുടെ സ്കൂളിലെ മറ്റൊരു പഠനതന്ത്രമായിരുന്നു പഠനഡയറി. പത്താംക്ലാസിലെ ആകെ കുട്ടികളെ പത്തിരുപതുപേർ വരുന്ന ഗ്രൂപ്പുകളാക്കി തിരിച്ചു.
ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകരും .ഞങ്ങൾ ചെയ്യേണ്ടത് എന്തായിരുന്നെന്നോ,ഒരു ദിവസം ഞങ്ങൾ പഠിക്കുന്ന വിഷയവും സമയവും കൃത്യമായി ഒരു ഡയറിയിൽ എഴുതിവെക്കണം. എന്നിട്ട് രക്ഷിതാക്കൾ ഒപ്പിട്ടശേഷം അധ്യാപകർക്ക് അയക്കണം.
അതിൻറെ ഗുണം എന്തെന്ന് വെച്ചാൽ അധ്യാപകർക്ക് നാം എത്രനേരം പഠിച്ചു എന്ന് കൃത്യമായി മനസ്സിലാക്കാൻ പറ്റും.
കൂടാതെ ആ രീതി ഞങ്ങളിലും ഒരു ഉത്തരവാദിത്വം കൊണ്ടുവന്നു. എന്തെങ്കിലും കാരണങ്ങളാൽ അധികം ഒന്നും പഠിക്കാൻ പറ്റിയില്ലെങ്കിൽ എത്ര രാത്രിയായാലും കുത്തിയിരുന്നു പഠിച്ച് ഞങ്ങൾ അധ്യാപകർക്ക് ഡയറി അയച്ചുകൊടുത്തു.
ക്രമേണ അത് ഞങ്ങളുടെയും അധ്യാപകരുടെയും ഒരു ദിനചര്യ തന്നെയായി മാറി എന്ന് വേണം പറയാൻ.
പരീക്ഷയുടെ തൊട്ടു മുൻപത്തെ ദിവസം വരെ ഞാൻ ആ പതിവ് തുടർന്നിരുന്നു .
ഒടുവിൽ പരീക്ഷയൊക്കെ കഴിഞ്ഞപ്പോൾ ഡയറി അയക്കാത്തതിൽ സങ്കടം വരെ വന്നു.
ശരിക്കും പറഞ്ഞാൽ ഞാൻ അതൊക്കെ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ.
പിന്നെ ,പരീക്ഷയ്ക്ക് മുൻപായി രണ്ടുമാസത്തോളം ഞങ്ങൾക്ക് സ്കൂളിൽ പോകാനായിരുന്നു.
ആവശ്യമറിഞ്ഞ് പിന്തുണ
ഓരോ കുട്ടിക്കും കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങളിൽ അധ്യാപകർ ഞങ്ങളെ പിന്തുണച്ചു.
ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു എനിക്ക് ബുദ്ധിമുട്ട്. ആ വിഷയങ്ങളുടെ അധ്യാപകർ എന്നെ എത്രമാത്രം സഹായിച്ചെന്നോ. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ സ്കൂൾ ഞങ്ങളെ ഈ കഴിഞ്ഞ വർഷം വളർത്തിയത്.
ഓടിപ്പോയ പേടി
നമ്മളൊക്കെ കുഞ്ഞു ക്ലാസിൽ പഠിക്കുമ്പോഴേ ആരൊക്കെയോ നമ്മെ പറഞ്ഞു പേടിച്ചിരിക്കുകയാണ് പരീക്ഷകളെ പറ്റി. പ്രത്യേകിച്ചും പത്താംക്ലാസിൽ എത്തുമ്പോൾ പൊതുവേ ആ പേടി കൂടും .ഞാനും അതുപോലെ തന്നെയായിരുന്നു.എസ്.എസ്.എൽ.സി. ,പ്ലസ് ടു പരീക്ഷാതീയതി പ്രഖ്യാപിച്ചപ്പോൾ തുറന്നു പറയട്ടെ,ഞാൻ ആ ദിവസം കരയുകവരെ ചെയ്തു. ഓൺലൈനിലൂടെ മാത്രം നേടിയ അറിവുകൾ വെച്ച് ഒരു ഓഫ് ലൈൻ പൊതുപരീക്ഷയെ നേരിട്ടാൽ എങ്ങനെ ഉണ്ടാവും? ഈ ഒരു ചോദ്യം തന്നെ ആയിരുന്നു അല്ലേ നമ്മുടെയൊക്കെ മനസ്സിൽ നിറയെ? പരീക്ഷയ്ക്ക് മുൻപ് സ്കൂളിൽ പോകാൻ ആയപ്പോഴും എല്ലാവരെയും കാണാൻ ആയപ്പോഴും മനസ്സിനൊരു ആശ്വാസമായിട്ടുണ്ട്.ഫോക്കസ് ഏരിയകളാക്കി പാഠഭാഗങ്ങളെ തിരിച്ചുള്ള പരീക്ഷാചോദ്യങ്ങളും ആത്മവിശ്വാസം നൽകി. എങ്കിലും നമ്മുടെ പേടി ഓടിപ്പോയതെപ്പോഴാണ്?
എൻറെ കൂടെ ആ പരീക്ഷയെഴുതിയ മിക്ക കൂട്ടുകാരുടെയും ഉത്തരം ഒന്ന് തന്നെയാകും.
മോഡൽ പരീക്ഷ കഴിഞ്ഞപ്പോഴാണ് നമ്മൾ പോലുമറിയാതെ നമ്മുടെ പേടി മാഞ്ഞുപോയത്. പിന്നെ ശരിക്കും സമാധാനത്തോടെ, ചിലപ്പോൾ അതിരുകവിഞ്ഞ സന്തോഷത്തോടെ തന്നെയാണ് പൊതു പരീക്ഷ നാം എഴുതിയത്. നന്നായി പഠിച്ചു തീർത്തവർക്ക് പരീക്ഷകൾക്ക് ഇടയിൽ പോലും വിനോദവേളകൾ കണ്ടെത്താൻ ആയിട്ടുണ്ടാകും.എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാനൊരു ക്രിക്കറ്റ് ആരാധികയാണ്;ഒരു ചെറിയ ക്രിക്കറ്റ് പ്രാന്തി തന്നെ.എസ്. എസ്. എൽ.സി.പരീക്ഷയും ഐ.പി.എല്ലിന്റെ ആവേശവുമെത്തിയത് ഒരേ സമയത്ത്.തലേന്ന് ക്രിക്കറ്റ് മാച്ച് ഒക്കെ കണ്ട് സന്തോഷത്തോടെ തന്നെയാണ് ഞാൻ പരീക്ഷയെഴുതിയത്. ഒരുപക്ഷേ ഇത്രയും നാളുകൾക്കിടയിൽ ഞാൻ ഏറ്റവും ഭയന്നിരുന്ന പരീക്ഷ തന്നെ ആയിരിക്കാം ഏറ്റവും എളുപ്പമായി എഴുതിയത്."
കൊവിഡ് കാലത്ത് എങ്ങനെയാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചത് എന്നതിന് ഒരു ഉദാഹരണമാണ്
ഇതിലും നന്നായി നടത്തിയവരുണ്ടാകും
.ഇത്രത്തോളം എത്താത്തവരും.
പ്രശ്നം ഉണ്ടാകുമ്പോൾ അത് മറികടക്കാനുള്ള ശ്രമം എക്കാലത്തും വിലമതിക്കപ്പെടും
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി