Pages

Monday, June 20, 2022

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍-ആമുഖ ചിന്തകള്‍

പശ്ചാത്തലം.

എന്തിനാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്നത് വേണ്ടത്ര ഉള്‍ക്കൊളളാത്തവരുണ്ടോ? ഉണ്ടെന്നാണ് പലരും പങ്കിടുന്ന അക്കാദമിക മാസ്ററ്റര്‍ പ്ലാന്‍ കാണുമ്പോള്‍ തോന്നുന്നത്.

  • പ്രവര്‍ത്തനങ്ങളുടെ പട്ടിക അക്കാദമിക മാസ്റ്റര്‍ പ്ലാനായി തെറ്റിദ്ധരിച്ചവരെ കണ്ടു. ഓരോ മാസത്തേക്കും കുറേ പ്രവര്‍ത്തനങ്ങള്‍. സൂക്ഷ്മ ചിന്തയില്ല.

  • വിദ്യാലയത്തിലെ എല്ലാ ക്ലാസുകളെയും ഉള്‍പ്പെടുത്തി ഒറ്റ ലക്ഷ്യവും പൊതുപ്രവര്‍ത്തനങ്ങളും തയ്യാറാക്കിയവരുമുണ്ട്. അവരും ഓരോ ക്ലാസിലേക്കുമുളള നിലവാരവ്യത്യാസം തീരെ പരിഗണിക്കുന്നില്ല. പഠനനേട്ടവും പഠനവിടവും വ്യത്യസ്തമാണെങ്കില്‍ അക്കാദിമിക മാസ്റ്റര്‍ പ്ലാന്‍ ക്ലാസ് അടിസ്ഥാനത്തിലായേ പറ്റൂ.

  • ചിലര്‍ ചോദിക്കുന്നു: "കോപ്പി കിട്ടുമോ?”വര്‍ കോപ്പി ചോദിക്കുന്നതെന്തിനാ? അവര്‍ ചിന്തിച്ചതു പങ്കിട്ട് മറ്റുളളവരുടെ നിര്‍ദേശം സ്വീകരിച്ചാല്‍ പോരെ? അവരവര് ചിന്തിക്കാതെ മറ്റുളളവരുടെ ചിന്തയില്‍ അഭയം തേടുന്നവര്‍ അവരവരുടെ ക്ലാസിലെ കുട്ടികളുടെ എണ്ണവും നിലവാരവും സാഹചര്യവും മറന്ന് പ്രവര്‍ത്തിക്കുകയാണ്

  • മറ്റൊരു കൂട്ടര്‍ പ്രാീ'യോഗികത പരിഗണിക്കുന്നില്ല. സൂക്ഷ്മപ്രക്രിയ കണക്കിലെടുക്കുന്നില്ല. ഒഴുക്കന്‍മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് വെയില്‍ത്തുളളികള്‍ എന്ന അധ്യാപകക്കൂട്ടായ്മ ഓണ്‍ലൈന്‍ ശില്പശാല നടത്തുവാന്‍ തീരുമാനിച്ചത്. അറിിയിപ്പ് കണ്ട് ഏതാണ്ട് 480 പേര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. മൂന്നു ദീവസമായി ശില്പശാല നടത്തേണ്ടി വന്നു. ഞാന്‍ ആ ശില്പശാലയില്‍ അവതരണം നടത്തിയതിന്റെ അടിസ്ഥാനത്തിലുളള കുറിപ്പാണ് ഇവിടെ പങ്കിടുന്നത്. (ഓരോ ശില്പശാല കഴിയുമ്പോഴും അവതരണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിരുന്നു. അതിനാല്‍ മൂന്നാം ശില്പശാലയിലെ അവതരണമാണിത് )

അവതരണം ഇങ്ങനെ

( വായനക്കാര്‍ ശ്രദ്ധിക്കുക-സംവാദാത്മക രീതിയിലുളള അവതരണമാണ്. വിശകലനരീതിയിലാണ് ഉളളടക്കം. ഏറ്റവും അവസാനം മാത്രമേ നിഗമനം സാധ്യമാകൂ)

ഒരു ചോദ്യത്തോടെ ആരംഭിക്കാം

എന്താണ് അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ നിലവാര ലക്ഷ്യ പ്രസ്താവന തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

പ്രതികരണങ്ങള്‍- ക്രോഡീകരണം

  1. അത് സമഗ്രമാകണം

  2. വ്യക്തതയുളളതാകണം

  3. പ്രായോഗികമാക്കാനാകുന്നതാകണം

ഇത് പരിഗണിച്ചാണോ നമ്മള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലേക്കുളള നിലവാര ലക്ഷ്യ പ്രസ്താവന തയ്യാറാക്കിയത്?

(ചോദ്യത്തോട് പ്രതികരിക്കാന്‍ അവസരം )

ഞാന്‍ ഒരു നിലവാര ലക്ഷ്യപ്രസ്താവന പറയാം. എഴുതിയെടുക്കാമോ?

ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികള്‍ വായിച്ച് അനുഭവംങ്കിടാന്‍ കഴിവുള്ളവരാക്കുക

ഈ ലക്ഷ്യപ്രസ്താവനയ്ക് വ്യക്തതയുണ്ടോ? അതായത് വായിക്കുന്ന നമ്മള്‍ക്ക് അവ്യക്തതയുണ്ടോ എന്ന്?

എനിക്ക് അവ്യക്തതയുണ്ട്. അതു പരിഹരിക്കാനായി ഈ ലക്ഷ്യപ്രസ്താവന എന്നോട് നാലു ചോദ്യങ്ങള്‍ ചോദിക്കുന്നു. ആദ്യത്തെ ചോദ്യം.

"സര്‍, ക്ലാസിലെ എല്ലാ കുട്ടികളെയും എന്നല്ലേ തുടങ്ങുന്നത്? ക്ലാസിലെ കുട്ടികളെ എന്നു മതിയായിരുന്നു. എല്ലാ എന്ന ഊന്നല്‍ നല്‍കിയതു വഴി എന്താണ് ഉദ്ദേശിക്കുന്നത്?”

എന്റെ ഉത്തരം ഇങ്ങനെ

എല്ലാ കുട്ടികളും എന്നാല്‍ എന്റെ ക്ലാസില്‍ നിലവാരമനുസരിച്ച് എത്ര വിഭാഗക്കാരുണ്ട് അവരെല്ലാമാണ്. ഞാന്‍ പരിശോധിച്ചപ്പോള്‍

    1. വായിക്കാന്‍ തീരെ കഴിയാത്തവര്‍

    2. സഹായത്തോടെ വായിക്കുന്നവര്‍

    3. തെറ്റുകൂടാതെ ഒഴുക്കോടെ വായിക്കും

ഈ മൂന്നു വിഭാഗത്തെ പരിഗണിക്കുന്നതായിരിക്കണം എന്റെ പ്രവര്‍ത്തനാസൂത്രണക്കുറിപ്പ്.

അങ്ങനെ ഭിന്നനിലവാര പരിഗണന പ്രതിഫലിപ്പിക്കാനാകുമോ? അത് ഞാന്‍ തുടര്‍ന്നു നല്‍കുന്ന ഉദാഹരണം നോക്കിയില്‍ മനസ്സിലാകും. ( പച്ചപ്പുല്ലില്‍ എന്നു തുടങ്ങുന്ന കവിത)

വെളളം കോരുമ്പോള്‍ കൈക്കുമ്പിളില്‍ കൂടി ഊര്‍ന്നു പോകുന്നതുപോലെ കുട്ടികള്‍ ചോരാതിരിക്കാനുളള പ്രവര്‍ത്തനമുറുക്കം വണം.

ഇനി രാണ്ടാമത്തെ ചോദ്യത്തിലേക്ക് വരാം. വായിക്കുക എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

എന്റെ ഉത്തരം. ഞാന്‍ വായനയുടെ നാലു തലങ്ങള്‍ ലക്ഷ്യമിടുന്നു

  1. ആശയഗ്രഹണ വായന

  2. ഭാവാത്മക വായന

  3. വിശകലനാത്മക വായന

  4. ആസ്വാദനാംശങ്ങള്‍ കണ്ടെത്തുന്ന വായന.

നോക്കൂ നിലവാര ലക്ഷ്യപ്രസ്താവനയില്‍ വായന എന്ന ഒരു വാക്ക് വായനയുടെ നാലു തലങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്ന് ആദ്യം വായിച്ചപ്പോള്‍ മനസ്സിലായാരുന്നോ? വ്യക്തത എന്നത് ഉണ്ടാകന്നത് ലക്ഷ്യപ്രസ്താവനയിലെ ഓരോ വാക്കും എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നതില്‍ കൃത്യധാരണ കിട്ടുമ്പോഴാണ്.

വായനയ്ക് നാലു തലങ്ങള്‍ ഉണ്ടെന്നു പറഞ്ഞതും എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകണമെന്നില്ല.

ഉദാഹരണ സഹിതം വ്യക്തമാക്കാം.

1. ആശയഗ്രഹണതലം

ഈ ചെറുകവിത എഴുതിയെടുക്കാമോ?

ഒരു കവിതയാണ് വായനാസാമഗ്രിയായി നല്‍കുന്നത്. അത് ആദ്യം വായിച്ചുകേള്‍പ്പിക്കേണ്ടതുണ്ടോ? അങ്ങനെ വായിച്ചു കേള്‍പ്പിച്ചാല്‍ തനിയെ വായിച്ച് ആശയം ഗ്രഹിക്കുന്ന എന്ന കഴിവിനെ കേട്ട് മനസ്സിലാക്കുക എന്നതുമായി കൂട്ടിക്കുഴക്കില്ലേ?

മെസേജ് ബോക്സ് നോക്കുക

പച്ചപ്പുല്ലില്‍ ഒളിച്ചു കിടക്കും

കൊച്ചു മിടുക്കന്‍ചങ്ങാതി?

ഈ രണ്ടു വരി വായിച്ചല്ലോ? ആരെക്കുറിച്ചാണ് പറയുന്നത്?

വ്യക്തിഗതമായി സാധ്യതകള്‍ സ്വന്തം ബുക്കിലെഴുതുക

നേരത്തെ നാം പരിഗണിച്ച കാര്യമുണ്ട് , ക്ലാസില്‍ വായിക്കാനറിയാത്തവരും സഹായത്തോടെ വായിക്കാന്‍ കഴിയുന്നവരുമായ കുട്ടികള്‍ ഉണ്ട്. അവരെന്തു ചെയ്യും? അവര്‍ക്കുവേണ്ടി എന്തു ചെയ്യും?

നിശ്ചിത സമയം കഴിഞ്ഞ് ഇങ്ങനെ ചോദിക്കാം

നമ്മുക്ക് ഈ വരികള്‍ വായിച്ചാലോ?

അധ്യാപിക ഉച്ചാരണ വ്യക്തതയോടെ സാവധാനം ,നിറുത്തി നിറുത്തി ചൂണ്ടി വായിക്കുന്നു. ഏറ്റുവായന നടത്തുന്നു.

-ച്ച-പ്പുല്ലില്‍ ഒ-ളി-ച്ചു- കി--ക്കും

പച്ചപ്പുല്ലില്‍ ഒളിച്ചു- കിക്കും

കൊ-ച്ചു മി-ടു-ക്കന്‍-ങ്ങാ-തി?

കൊച്ചു മിടുക്കന്‍ചങ്ങാതി?

വായിക്കാന്‍ അറിയാത്ത കുട്ടികള്‍ എഴുതുമോ? എങ്കില്‍ എന്താണ് നിര്‍ദേശം നല്‍കുക? ജീവിയുടെ പേര് എഴുതുകയോ അതിന്റെ ചിത്രം വരയ്കുകയോ ചെയ്താല്‍ മതി. നേരത്തെ പേരെഴുതിയവര്‍ക്കും ചിത്രം വരയ്കാം.

കുട്ടികളുടെ പ്രതികരണങ്ങള്‍ അധ്യാപിക കേള്‍ക്കുകയാണോ? എഴുതുകയാണോ വേണ്ടത്?

ഭിന്നനിവാരക്കുട്ടികള്‍‍ ഉളള ക്ലാസില്‍ ബോര്‍ഡെഴുത്തിന്റെ അവസരസമൃദ്ധി വേണം. അധ്യാപിക എഴുതണം

പ്രതികരണങ്ങള്‍

  • പാമ്പ്
  • തവള
  • അട്ട
  • പുല്‍ച്ചാടി
  • പുഴു

ഇവയിലേതാണ് ശരി എന്നു ചോദിക്കണം. ( വായനാാല്പര്യം ജനിപ്പിക്കല്‍)

തുടര്‍ന്നുളള വരികള്‍ വായിച്ചാല്‍ കിട്ടും. ഓരോരുത്തര്‍ക്കും വായനക്കാര്‍ഡ് നല്‍കാം. അത് ആദ്യം കൂട്ടുവായന നടത്തണം. എന്നിട്ട് ഉത്തരം കണ്ടെത്തണം.

കവിത എല്ലാവര്‍ക്കും നല്‍കുന്നു.

പച്ചപ്പുല്ലില്‍ ഒളിച്ചു കിടക്കും

കൊച്ചു മിടുക്കന്‍ചങ്ങാതി?

കൊച്ചു ശരീരം പച്ച നിറത്തില്‍

തേച്ചു മിനുക്കിയ ചങ്ങതീ.

ഒച്ചയനക്കം കേട്ടാലപ്പോള്‍

ചാടിപ്പോകും ചങ്ങാതി

പച്ചിലയടിയില്‍ പമ്മിയിരിക്കും

പച്ചത്തുളളന്‍ ചങ്ങാതി

ഈ ലളിതമായ കവിത വായനയുടെ എല്ലാ തലങ്ങളെയും ഉള്‍ക്കൊളളാന്‍ തക്ക ആഴമുളളതാണോ?

പ്രതികരണങ്ങള്‍ക്കു ശേഷം -

ഒന്നാമതായി നമ്മള്‍ക്ക് വായനയുടെ ആശയഗ്രഹണതലം പരിശോധിക്കാം.

ഈ കവിതയ്ക് അനുയോജ്യമായ ആശയഗ്രഹണ പ്രവര്‍ത്തനം നിര്‍ദേശിക്കാമോ? എന്റെ ചോദ്യത്തോട് പ്രതികരിച്ച് അധ്യാപകര്‍ പങ്കിട്ടത്

  1. ചില ചോദ്യങ്ങള്‍ ചോദിക്കും ( ഉദാഹരണം പച്ചിലയടിില്‍ പമ്മിയിരുന്നതാരാണ്?)

  2. അവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങള്‍ കണ്ടെത്താന്‍ പറയും

  3. നിശ്ചിത വരികള്‍ക്ക് ചിത്രീകരണം നടത്താന്‍ പറയും

  4. അഭിനയിച്ചു കാണിക്കാന്‍ പറയും

പ്രതികരണങ്ങളുടെ വിശകലനം

ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രതികരിക്കുന്നതാരാ?

ഏറ്റവും ആദ്യം പ്രതികരിച്ചു കഴിഞ്ഞാല്‍ മറ്റുളളവരുടെ റോള്‍ എന്ത്? അവരുടെ അവസരങ്ങളെ വെട്ടിവീഴ്ത്തുന്നതിന് സഹായകമാകുമോ? ( അവസരങ്ങളെ വെട്ടിവീഴ്ത്തുന്ന അധ്യാപനം )

എല്ലാവര്‍ക്കും പങ്കാളിത്തം കിട്ടുമോ? എങ്ങനെ പരിഹരിക്കാം?

രണ്ടാം പ്രതികരണത്തിലേക്ക് വരാം. കാഴ്ചയുടെ തലത്തില്‍ നിന്നുളള ചോദ്യമല്ലേ? ആശയഗ്രഹണം നടക്കാതെയും ആവര്‍ത്തിച്ച പദങ്ങളും അക്ഷരങ്ങളും കണ്ടെത്താമല്ലോ?

മൂന്നാമത്തെ ടീച്ചര്‍ പറഞ്ഞത് നിശ്ചിത വരികള്‍ ചിത്രീകരിപ്പിക്കുമെന്നാണ്. എന്തിനാണ് വരികള്‍ നിശ്ചയിച്ചു നല്‍കുന്നത്? ഇഷ്ടമുളള വരികളുടെ ചിത്രീകരണം നടത്തുക എന്നോ എല്ലാ കിവാതഭാഗങ്ങളും ചിത്രീകരിക്കാമോ എന്നോ ചോദിച്ചാലെന്താ കുഴപ്പം?

നാലാം പ്രതികരണം അഭിനയിക്കുക എന്നതാണ്. ഒറ്റയ്കാണോ? എല്ലാവര്‍ക്കും അവസരമുണ്ടോ? സമയം ഏറെ എടുക്കില്ലേ? ആദ്യാവസരം തുടര്‍ന്നുളളതിനെ ബാധിക്കുമോ? വ്യക്തത വന്നിട്ടില്ല.

എന്റെ ചോദ്യത്തോട് ടീച്ചര്‍മാര്‍ പ്രതികരിച്ചു

ഇഷ്ടമുളള വരികളുടെ ചിത്രീകരണം നടത്തിയാല്‍ മതി എന്ന ധാരണയിലെത്തി.

ഒരു കാര്യം ചോദിക്കട്ടെ, ഭിന്ന നിലവാര പരിഗണ എങ്ങനെ?

അതിന് ഉത്തരമുണ്ടായില്ല. എല്ലാവരും ചിന്തയിലായി.

ഞാനായിരുന്നു ക്ലാസിലെങ്കില്‍ എന്റെ നിര്‍ദേശം ഇങ്ങനെയാകും

  • ആദ്യം എല്ലാവരും വ്യക്തിഗതമായി വായിക്കുക , എന്നിട്ട് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്ന വരികള്‍ അടയാളപ്പെടുത്തുക. അടുത്തിരിക്കുന്ന ചങ്ങാതിയുമായി പങ്കിടുക. അതിനു മുമ്പ് കൂട്ടുവായന നടത്തണേ. ഒരാള്‍‍ ഒരു വരി. അടുത്തയാള്‍ അടുത്തത് എന്നിങ്ങനെ. (സഹപാഠിയുട സഹായവായനയാണ് ഇവിടെ നിര്‍ദേശിച്ചത്.) ചിത്രം വരച്ച ശേഷം നിറം നല്‍കണം. ബന്ധപ്പെട്ട വരി നോക്കി എഴുതുകം വേണം.

(ിത്രം വരച്ച ശേഷം നിറം നല്‍കണം എന്നു പറഞ്ഞത് ബോധപൂര്‍വമാണ. ക്ലാസില്‍ ഭിന്ന നിലവാരക്കാരായ കുട്ടികള്‍ ഉണ്ട് അവരെ സഹായിക്കണം. കൂട്ടുവായനയില്‍ ലഭിച്ച പിന്തുണ പോര. അതിന് സമയം വേണം. മറ്റുളളവര്‍ക്ക് സമയം പാഴാകുന്നതായി തോന്നുകയും അരുത്

അവരുടെ അടുത്ത് അധ്യാപിക ചെല്ലണം

അറിയാവുന്ന അക്ഷരങ്ങളും വായിക്കാവുന്ന പദങ്ങളും വായിപ്പിക്കണം

ചേര്‍ത്തു വായിപ്പിക്കാന്‍ പരിശീലിപ്പിക്കണം. തൊട്ടുവായന നടത്തിക്കണം. സംയുക്ത വായനയും നടക്കണം. ആവര്‍ത്തിച്ചു വരുന്നവ കണ്ടെത്തിക്കണം. ഒന്നോ രണ്ടോ കുട്ടികളെ സഹായിക്കാനേ സമയം കിട്ടൂ. അടുത്ത പ്രവര്‍ത്തനത്തില്‍ മറ്റു രണ്ടു പേരുടെ അടുത്ത്. ഇപ്രകാരം ആറോ ഏഴോ കുട്ടികളുടെ അടുത്ത് സഹായസാന്നിദ്ധ്യം ആകാനാകും.)

ചിത്രീകരണം

സാധ്യതയുളള വരികള്‍ അധ്യാപകര്‍ പങ്കിട്ടു. ഓരോ സന്ദര്‍ഭവുമെടുത്തു വിശകലനം ചെയ്തു.

ക്ലാസില്‍ ചോദിക്കുന്ന ചോദ്യം കവിതയ്ക് നാല് ഭാഗങ്ങളുണ്ട്. എല്ലാ ഭാഗവും ചിത്രീകരിച്ചവരുണ്ടോ?

ആദ്യ ഭാഗം (പച്ചപ്പുല്ലില്‍ ഒളിച്ചു കിടക്കും കൊച്ചു മിടുക്കന്‍ചങ്ങാതി? ) ചിത്രീകരിച്ചവര്‍? അവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കട്ടെ.

ങ്ങനെയുളള ചിത്രം വരച്ചാലാണ് ആശയഗ്രഹണം നടന്നു എന്നു മനസ്സിലാക്കുക?

  • പുല്ലുകളും പുല്‍ച്ചാടിയും

  • പുല്ലുകളുണ്ട്, സൂക്ഷിച്ചു നോക്കിയാല്‍ പുല്‍ച്ചാടിയെ കാണാം

  • പുല്ലുകള്‍ മാത്രം.

വയിലേതാണ് വരികളോട് കൂടുതല്‍ നീതി പുലര്‍ത്തുന്നവ? കുട്ടികള്‍ സാധൂകരണ ചിന്ത നടത്തണം. ഒളിച്ചു കിടക്കുക എന്നത് നന്നായി മനസ്സിലാക്കാതെ പുല്ലും പുല്‍ച്ചാടിയും വരച്ചവര്‍കാണാം. കൂടുതല്‍ പേരും അങ്ങനെയാണെങ്കില്‍ എന്തു ചെയ്യും? അധ്യാപിക പറഞ്ഞുകൊടുക്കുമോ?

പച്ചപ്പുല്ലില്‍ ഒളിച്ചുകിടക്കും കൊച്ചു മിടുക്കന്‍ചങ്ങാതി

ാക്കുകളുടെ അടിയില്‍ വരയിട്ട് ഇത് ചിത്രീകരിക്കേണ്ടതായിരുന്നോ എന്ന രീതിയില്‍ ചിന്തിച്ചായിരുന്നോ? എന്നു ചോദിച്ച് പ്രതികരണം ആരായാം. ഒളിച്ചുകിടക്കുക എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയാണോ ചിത്രം വരച്ചത് എന്ന് ചോദിക്കാം. തുടക്കത്തില്‍ വേണ്ട എന്നു മാത്രം.

  • പുല്ലുമാത്രം വരച്ച കുട്ടിയുടെ സാധൂകരണം എന്താകാം? ഒളിച്ചു കിടക്കുന്ന ആളെ വരയ്കുന്നതെങ്ങനെ എന്നു ചോദിച്ചാല്‍ ആ യുക്തി ശരിയായ ആശയഗ്രഹണത്തിന്റേതല്ലേ?

  • മറ്റൊരാള്‍ വളരെസൂക്ഷിച്ചു നോക്കിയാല്‍ മാത്രം പുല്‍ച്ചാടിയെ കണ്ടെത്താവുന്ന തരത്തില്‍ വരച്ചാലും ആശയഗ്രഹണം നടന്നുവെന്നുറപ്പാക്കാം.

  • ഏതെങ്കിലും രീതിയില്‍ ചിത്രം വരയ്കലല്ലല്ലോ വേണ്ടത്. ചിത്രത്തിന്റെ ഭംഗിയുമല്ല പ്രശ്നം. ആശയഗ്രഹണത്തിന്റെ പ്രതിഫലനമാണ്.

പച്ചിലയടിയില്പമ്മിയിരിക്കും പച്ചത്തുളളന്‍ ചങ്ങാതി എന്നതു ചിത്രീകരിച്ചവരുണ്ടാകാം. അവരും ചിത്രം കാട്ടി സാധൂകരണം നടത്തണം. എങ്ങനെയൊക്കെ പമ്മിയിരിക്കാന്‍ സാധ്യത എന്ന് വിവിധ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കും നോക്കൂ ഈ കവിതയ്ക് ചിത്രം വരച്ച ആള്‍ ഏതായാലും ആശയഗ്രഹണ വായന നടത്തിയിട്ടില്ല. ( ചിത്രം ചുവടെ)


ഒച്ചയനക്കം കേട്ടാലപ്പോള്‍ ചാടിപ്പോകും ചങ്ങാതി

ാടിപ്പോകുന്ന ചങ്ങാതിയെ മാത്രം വരച്ച കുട്ടികള്‍ ഉണ്ടാകാം? അവര്‍ വരിയുടെ ആദ്യഭാഗം മനസ്സിലാക്കിയോ? എങ്കില്‍ ഒച്ചയനക്കം എങ്ങനെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കാമെന്നു ചിന്തിക്കാമായിരുന്നു.

നോക്കൂ ആശയഗ്രഹണത്തിന്റെ സൂക്ഷ്മതയിലേക്കുളള പ്രയാണമാണ് നാം നടത്തിയത്. അത്തരം ചിന്ത കുട്ടിയില്‍ നടക്കണം. അധ്യാപകര്‍ ചില നിശ്ചിത വാക്കുകളെ കേന്ദ്രീകരിച്ച് ചോദിക്കുന്ന ചോദ്യങ്ങള്ക്കുമാത്രം ഉത്തരം കണ്ടെത്തുന്നതിന്‍ ശീലിക്കുന്ന കുട്ടിക്ക് സൂക്ഷ്മചിന്തയിലേക്ക് തുറന്നിടുന്ന അവസരങ്ങള്‍ വേണ്ടതില്ലേ?

2. വിശകലനാത്മക വായന

ഇനി വിശകലനാത്മക വായനയിലേക്ക് വരാം. അതായിരുന്നല്ലോ വായനയുടെ മറ്റൊരു തലമായി കണ്ടത്. നേരത്തെ നടത്തിയ ചിന്തയില്‍ നിന്നും വ്യത്യസ്തമായ ചിന്ത നടക്കണം. നിങ്ങള്‍ എന്തു നിര്‍ദേശം നല്‍കും?

ആദ്യത്തെ രണ്ടു വരിയും അവസാനത്തെ രണ്ടു വരിയും നോക്കുക

പച്ചപ്പുല്ലില്‍ ഒളിച്ചു കിടക്കും

കൊച്ചു മിടുക്കന്‍ചങ്ങാതി?

...........................................

പച്ചിലയടിയില്‍ പമ്മിയിരിക്കും

പച്ചത്തുളളന്‍ ചങ്ങാതി

ഒരേ ആശയമാണോ തുടക്കവരികളും ഒടുക്ക വരികളും പറയുന്നത്? പരിശോധിക്കൂ.

അധ്യാപകരുടെ പ്രതികരണങ്ങള്‍

  1. ഒരേ ആശയമാണ്

  2. അവസാന വരികളില്‍ ഭയം പ്രതിഫലിക്കുന്നു

  3. ഒരേ ആശയമല്ല

  4. ആദ്യത്തേതില്‍ ഒളിച്ചു കിടക്കലും രണ്ടാമത്തേതില്‍ പമ്മിയിരിക്കലുമാണ്. രണ്ടും വ്യത്യസ്തമാണ്.

ഈ പ്രതികരണങ്ങള്‍ക്കു ശേഷം വിശകലനാത്മ ചിന്തയിലേക്കുളള ഒരു ചോദ്യം ഉന്നയിച്ചു. കൊച്ചുമിടുക്കന്‍ എന്ന് പറഞ്ഞത് നിങ്ങളാരും കണ്ടില്ലേ? എന്തിനാണ് അങ്ങനെ വിശേഷിപ്പിച്ചത്?

  • ഒളിച്ചിരിക്കാനുളള മിടുക്കുളളതിനാല്‍

മറ്റെന്തെങ്കിലും ?

നിങ്ങള്‍ ഒരാളെ മിടുക്കി മിടുക്കന്‍ എന്ന് വിശേഷിപ്പിക്കുന്നത് അല്ലെങ്കില്‍ നമ്മള്‍ക്ക് മിടുക്കുണ്ട് എന്നു പറയുന്നതെപ്പോഴാണ്?

  • എന്തെങ്കിലും കഴിവുളളപ്പോള്‍

എന്തു കഴിവാണ് പുല്‍ച്ചാടിക്ക് ഉളളത്? ( വ്യക്തിഗതമായി കുറിക്കാം)

  • ചാടാന്‍

എന്താണ് പുല്‍ച്ചാടിയുടെ ചാട്ടത്തിലെ മിടുക്ക്? ( എത്രപേര്‍ കണ്ടെത്തി?)

  • പ്രതികരണം വന്നില്ല

പുല്‍ച്ചാടി ചാടുന്നത് കണ്ട അനുഭവം വെച്ചു പറയൂ?

  • ഒത്തിരി ദൂരം ചാടും

എത്ര ദൂരം? പത്തുസെന്റിമീറ്റര്‍, അര മീറ്റര്‍, ഒരു മീറ്റര്‍....? ( ഏകദേശം ദൂരം ക്ലാസിലെ വസ്തുക്കളുമായി താരതമ്യം ചെയ്തു വ്യക്തമാക്കുന്നു)

  • പല ഉത്തരങ്ങള്‍

തത്സമയ റഫറന്‍സിംഗ് - വിക്കീപീഡിയ- ഒന്നര രണ്ടുമീറ്റില്‍ കൂടുതല്‍ ഒറ്റക്കുതിപ്പില്‍ ചാടും. ഈ അറിവ് തേടാന്‍ നിര്‍ബന്ധിച്ച സാഹചര്യം വിശകലനാത്മക ചിന്തയിലേക്ക് പ്രവേശിച്ചതിനാലല്ലേ?

ചങ്ങാതി എന്ന സംബോധന ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചോ? അത് വിശകലനം ചെയ്തോ?

ഇല്ല

എന്തേ?

എന്നാല്‍ വിശകലനം ചെയ്യൂ.

പ്രതികരണങ്ങള്‍

മിടുക്കരുമായിട്ടാണ് ചങ്ങാത്തം കൂടുക. അതിനാല്‍ ചങ്ങാതി എന്ന് വിളിച്ചത് ഉചിതമായി.

ഇങ്ങനെയുളള ചങ്ങാതിയുടെ ജീവിതം കാത്തുസൂക്ഷിക്കണം. അതിനാല്‍ പമ്മിയിരിക്കുന്നതും നന്ന് എന്നും വായിച്ചുകൂടേ?
വായിക്കാമല്ലോ?

ഈ വിശകലനാത്മക വായനയില്‍ അധ്യാപകന് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരാം. ചിന്തയെ ഉണര്‍ത്തുന്നതിന് വേണ്ടി. അത് വേഗത്തില്‍ ഉത്തരത്തിലെത്താനാല്ല, മറിച്ച് എങ്ങനെയൊക്കെ ചിന്തിക്കണമെന്നുളളതിന്റെ പരിശീലനമാണ്.

3. ആസ്വാദനാംശം കണ്ടെത്താനുളള വായന

ഇതുവരെ ചര്‍ച്ച ചെയ്തതില്‍ ആസ്വാദനാംശങ്ങളുണ്ട്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് നോക്കേണ്ടത്.

കുട്ടികളോട് ആസ്വാദനാംശങ്ങള്‍ കണ്ടെത്തുക എന്നാണോ പറയേണ്ടത്?

ഏല്ലാ വരികളും വായിച്ചു നോക്കൂ.

ഇഷ്ടം തോന്നിപ്പിക്കുന്ന വാക്കുകള്‍, മനോഹര പ്രയോഗങ്ങള്‍, സുന്ദര വരികള്‍, ഭംഗിയുളള ചേരുവകള്‍ ആലോചിച്ചാല്‍മാത്രം പിടികിട്ടുന്ന വാക്കുകള്‍ തുടങ്ങിയവയുണ്ടോ?

  • ഏതെക്കെ വരികളില്‍?

പ്രതികരണങ്ങള്‍

കൊച്ചു ശരീരം പച്ച നിറത്തില്‍ തേച്ചു മിനുക്കിയ ചങ്ങതീ.

ഒച്ചയനക്കം കേട്ടാലപ്പോള്‍ ചാടിപ്പോകും ചങ്ങാതി

രി എന്തുകൊണ്ട്? ഓരോന്നായി പരിശോധിക്കാം.

  • പച്ചനിറത്തില്‍ തേച്ചുമിനുക്കി എന്നത് എനിക്കിഷ്ടപ്പെട്ടു

കാരണം?

  • പച്ചയുടെ മിനുക്കത്തെക്കുറിച്ച് പറയുന്നു

വേറെ എന്തെങ്കിലും ഈ വരികളില്‍ നിന്നും ആരെങ്കിലും കണ്ടെത്തിയോ?

  • തേക്കുക എന്ന വാക്കുണ്ട്. വസ്ത്രം തേച്ചെടുത്ത പോലെ. ചുളിവില്ലാത്ത ശരീരമാണ്. അപ്പോഴുളള മിനുക്കമാണ് വരികളില്‍ സൂചിപ്പിക്കുന്നത്.

  • മുഷിഞ്ഞ വസ്ത്രങ്ങള്‍ തേക്കാറില്ല. കഴുകി വൃത്തിയാക്കിയതാണ് തേക്കുക. പുല്‍ച്ചാടിയുടെ ശരീരത്തില്‍ അഴുക്കില്ല എന്നും മനസ്സിലാക്കാം.

  • കൊച്ചുശരീരമാണെങ്കിലും വൃത്തിയുണ്ട്. മിനുക്കമുണ്ട്. ഇഷ്ടം തോന്നിപ്പിക്കുന്നതാണ് ചങ്ങാതിയുടെ പ്രത്യേകതകള്‍.

  • ആദ്യ വരികളില്‍ ചാട്ടത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ശരീരത്തിന്റെ വലുപ്പം, നിറം , നിറത്തിന്റെ പ്രത്യേകത എന്നിവ. അടുത്ത വരിയില്‍ ഒച്ചയനക്കത്തോടുളള ജാഗ്രത. ശ്രദ്ധ. ഇങ്ങനെ ഓരോ വരിയിലും പുല്‍ച്ചാടിയുടെ ഓരോരോ സവിശേഷതകളാണ് പറയുന്നത്.

കണ്ടോ ഓരോരോ പുതിയ നിരീക്ഷണങ്ങള്‍ വരുന്നത്. ഇതെല്ലാം ഈ കവിതയില്‍ നിന്നും കണ്ടെത്തുന്നത് അത്തരം പ്രക്രിയയിലൂടെ കടന്നുപോകുന്നതിനാലാണ്. വായനയുടെ തലങ്ങള്‍ നിശ്ചയിച്ചില്ലായിരുന്നെങ്കില്‍ കവിതയില്‍ പ്രവേശിക്കാതെ പോകുമായിരുന്നു.

കുട്ടികള്‍ ഇതെല്ലാം കണ്ടെത്തുമോ? ചിന്തയുടെ പാഠ്യപദ്ധതിയാണ് പിന്തുടരുന്നതെന്ന് ആദ്യം കരുതണം. അതിലേക്കുളള നിരന്തര പ്രയത്നമാണ്. ചിലപ്പോള്‍ വീട്ടില്‍ രക്ഷിതാക്കളുടെ സഹായം തേടാന്‍ ആവശ്യപ്പെടാം. ഈ വരികളില്‍ നിന്നും എന്തെല്ലാം കാര്യങ്ങള്‍ ചുഴിഞ്ഞെടുക്കാന്‍ സാധിക്കും? എന്നു ചോദിക്കാം.

ലക്ഷ്യപ്രസ്താവനയിലേക്ക് വീണ്ടും

ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികള്‍ വായിച്ച് അനുഭവം പങ്കിടാന്‍ കഴിവുള്ളവരാക്കുക.

ലളിതമായ ബാലസാഹിത്യകൃതികള്‍ എന്നതുകൊണ്ട് ‍ എന്താണ് ഉദ്ദേശിക്കുന്നത്?

    • ചെറുവാക്യങ്ങള്‍ ഉളളവ

    • സചിത്ര പുസ്തകങ്ങള്‍

    • വളരെ നീണ്ടതല്ലാത്ത പുസ്തകങ്ങള്‍

    • നിലവാരത്തിനിണങ്ങുന്ന പുസ്തകങ്ങള്‍

    • ഭാവന ഉണര്‍ത്തുന്നത്

    • വൈവിധ്യമുളളവ ( കഥ, കവിത, ചിത്രകഥ..)

ഇവ എത്രയുണ്ട്? ഒരേ സമയം എല്ലാ കുട്ടികള്‍ക്കും വായിക്കാനുണ്ടോ? തുടക്കമാസങ്ങളില്‍ നിന്നും തുടര്‍ന്നുളള മാസങ്ങളിലേക്ക് കടക്കുമ്പോള്‍ വളരുന്ന വായനയെ തൃപ്തിപ്പെടുത്താനുളളവ. ഒരു കുട്ടി എത്ര പുസ്തകം വായിക്കണം ഈ വര്‍ഷം? എങ്കില്‍ എത്ര റൗണ്ട് കൈമാറ്റം നടക്കണം? അതിനുളള പുസ്തകങ്ങള്‍ ഇല്ലെങ്കില്‍ ഈ ലക്ഷ്യപ്രസ്താവന വെറുതേയാകില്ലേ?

ലക്ഷ്യപ്രസ്താവനയിലേക്ക് വീണ്ടും

ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികള്‍ വായിച്ച് അനുഭവം പങ്കിടാന്‍ കഴിവുള്ളവരാക്കുക.

വായനാനുഭവം പങ്കിടുന്നതിനെക്കുറിച്ച് എന്റെ സങ്കല്പം എന്താണ്?

എങ്ങനെയെല്ലാം പങ്കിടണം?

വാചികമായും ലിഖിതമായും

വാചികമായി എങ്ങനെയെല്ലാം പങ്കിടാം?

  1. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമായി

  2. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ വീഡിയോ അവതരണമായി

  3. ക്ലാസില്‍ സഹപാഠികളുടെ മുമ്പാകെ പറയല്‍

  4. ക്ലാസ് പി ടി എയില്‍, അസംബ്ലിയില്‍ പറയല്‍

ലിഖിതമായോ?
വായനക്കുറിപ്പ്

കഥാപാത്രങ്ങളെക്കുറിച്ച് എഴുതല്‍

രചനയുടെ പുനരാവിഷ്കാരം.

മറ്റു രീതികള്‍

എത്ര രീതികള്‍ എന്നതില്‍ വ്യക്തത വരുത്തിയാല്‍ ഓരോ കുട്ടിക്കും എത്ര അവസരങ്ങള്‍ ലഭിക്കും എന്ന് നിശ്ചയിക്കണ്ടേ? ( അവസരചാര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. )

ഓരോ അവസരത്തിലും കിട്ടുന്ന ഫീഡ് ബാക്ക് പ്രകാരം എന്ത് മെച്ചപ്പെടല്‍ ഉണ്ടായി എന്നു കണ്ടെത്തണ്ടേ? നിരന്തര വിലയിരുത്തല്‍ വായനയില്‍ എന്നതിനെക്കുറിച്ച് ആലോചിക്കണ്ടേ?

ആദ്യമാസത്തെ ലക്ഷ്യം ലളിതമാക്കിയാലോ? ട്രൈ ഔട്ട് എന്ന നിലയില്‍

  • ഈ മാസം നാല് ബാലസാഹിത്യകൃതികള്‍ ഒറ്റയ്കുോ /സഹായത്തോടെയോ എല്ലാവരും വായിച്ച് വായനാനുഭവം പങ്കിടുന്നതിനു കഴിവുളളവരാകും ( ഓരോ ആഴ്ചയിലും ഓരോന്നു വീതം)

  • ഒറ്റപ്പേജ് ബാലസാഹിത്യരചന ( വ്യക്തിഗതമായി നല്‍കല്‍ )

  • രക്ഷിതാക്കള്‍ക്കുളള സന്ദേശം. ( എന്താണ് ലക്ഷ്യം, എങ്ങനെ സഹായിക്കണം)

കൃതിയിലേക്ക് ക്ഷണിക്കല്‍ എങ്ങനെ?

കുട്ടികള‍ക്ക് അധ്യാപിക ഓരോ പുസ്തകം വീതം കൊടുത്താല്‍ മതിയോ അതോ അവര്‍ ഉള്‍ത്തളളല്‍ കാരണം പുസ്തകം തെരഞ്ഞെടുക്കണമോ? ടീച്ചറേ എനിക്ക് നിറങ്ങളേ മടങ്ങി വരൂ എന്ന പുസ്തകം വേണം എന്ന് കൃത്യമായി ആവശ്യപ്പെടുന്ന് വായനാപ്രചോദനാന്തരീക്ഷം സൃഷ്ടിക്കണ്ടേ?

വായനക്കമ്പം ഉണ്ടാക്കല്‍-

കൂട്ടുകാരെ ഇന്ന് ഞാന്‍ കുറേ വിരുന്നുകാരെ പരിചയപ്പെടുത്താം.

  • "കോഴിമുട്ടയേക്കാള്‍ പോഷകഗുണങ്ങള്‍ താറാമുട്ടയില്‍ ഉണ്ടെന്ന് ആരാണാവോ കോഴിയമ്മയോടു പറഞ്ഞത്? അതു കേട്ടപ്പോള്‍ത്തന്നെ സഞ്ചിയും തൂക്കി കോഴിയമ്മ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വെച്ചു പിടിച്ചു. അവിടെ നിന്നും പത്തു താറാമുട്ടയെടുത്ത് ഒറു വണ്ടിയിലിട്ട് കാശടയ്കുന്ന മേശക്കരികിലേക്ക് പോയി.” ( കഥാരംഭം ). "അവസാന പേജുകളിലിങ്ങനെ രണ്ടു കാലിലും പ്ലാസ്റ്ററിട്ട കോഴിയമ്മ ബോധം വന്നപ്പോള്‍ ആശുപത്രിയില്‍ ആദ്യം തിരക്കിയത് താറാക്കുഞ്ഞുങ്ങളെയാണ്.” (കോഴിയമ്മ ആശുപത്രിയിലെത്തിയ സംഭവബഹുലമായ കാര്യങ്ങളാണ് പത്തില്‍ പത്ത് എന്ന ഈ പുസ്തകത്തിലുളളത്)

  • നിങ്ങളഅ‍ മിന്നാമിന്നിയെ കണ്ടിട്ടുണ്ടോ? ഉണ്ട്. ആണ്‍ മിന്നാമിന്നിയെ? ഇല്ല! പെണ്‍മിന്നാമിന്നിയെ? ശ്ശോ! ദേ ഈ പുസ്തകം വായിക്കുന്ന അന്നു തന്നെ ആണ്‍മിന്നാമിന്നിയെ കാണാനാകും. ഈ പുസ്തകത്തിന്റെ പേര് മിന്നാമിന്നിത്തീവണ്ടി

  • നാലുമണി അടിക്കാന്‍ നേരമാണ് ടീച്ചര്‍ ബോര്‍ഡില്‍ കുറുക്കന്റെ പടം വരച്ചിട്ടത്. ബല്ലടിച്ച് കുട്ടികളെല്ലാം വീട്ടില്‍ പോയപ്പോള്‍ കുറുക്കന്‍ പതുക്കെ ബോര്‍ഡില്‍ നിന്നിറങ്ങി. അടുത്ത ദിവസം കുട്ടികള്‍ വന്നു. അവരു കാണെത്തന്നെ കുറുക്കന്‍ ബോര്‍ഡില്‍ ഓടി കയറി. ചിത്രക്കുറുക്കന്റെ കഥയാണ് കണ്ടവരുണ്ടോ?

  • ആനക്കൂട്ടങ്ങള്‍ കടലില്‍ നിന്നും വെളളമെടുത്ത് ആകാശത്തെത്തി ശൂ ശൂ ചീറ്റി. ആഴ്ചകളോളം നീണ്ട മഴയില്‍ നിറങ്ങളെല്ലാം ഒലിച്ചിറങ്ങി. എല്ലാ നിറങ്ങളും കടലിലെത്തി. കരയില്‍ വെളളമാത്രം. കുട്ടികള്‍ക്ക് പൂക്കളം തീര്‍ക്കണം. അവര്‍ കേണു നിറങ്ങളേ മടങ്ങി വരൂ. ഒടുവില്‍ കുട്ടിയാനയാണ് പ്രശ്നം പരിഹരിച്ചത്. ആ കഥയാണ് നിറങ്ങളേ മടങ്ങി വരൂ എന്ന ഈ പുസ്തകത്തിലുളളത്.

  • കാട്ടിലെ രാജാവ് സംഹം ഒരു ഉത്തരവിട്ടു. ഇനി മുതല്‍ കാട്ടിലെ ജന്തുക്കളഅ‍ സസ്യാഹാരമേ കഴിക്കാന്‍ പാടുളളൂ. പുലിയും കുറുക്കനും സിംഹവുമെല്ലാം പുല്ലു തിന്നു തുടങ്ങി. പിന്നെന്തു സംഭവിച്ചു (ഒരു നുണക്കഥ എന്ന ഈ പുസ്തകം വായിച്ചാല്‍ മതി)

  • വനാതിര്‍ത്തിയിലുളള കുഹൂ ഗ്രാമത്തിലെ റെയില്‍ വേ സ്റ്റേഷനില്‍ അതിവേഗ തീവണ്ടി വന്നു നിന്നു. അവിടെ സ്റ്റോപ്പില്ലാത്ത വണ്ടിയായിരുന്നു അത്. പിന്നെ എന്തിനാണ് വണ്ടി അവിടെ നിറുത്തിയത്? തീവണ്ടിയില്‍ ഒരു കുഴപ്പക്കാരനുണ്ടായിരുന്നു. ആരായിരുന്നു അത്? വായിക്കൂ കുങഊ ഗ്രാമത്തിലെ കുഴപ്പക്കാരന്‍ എന്ന പുസ്തകം.

ഇങ്ങനെ കുറേ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് മുമ്പാകെ പരിചയപ്പെടുത്തുക. ഒരേ പുസ്തകത്തിന് ഒന്നിലധികം ആവശ്യക്കാരുണ്ടെങ്കില്‍ നറുക്കിട്ട് നല്‍കുക. ഇതു പോലെ വായനക്കമ്പം വളര്‍ത്താതെ ക്ലാസ് ലൈബ്രറിയില്‍ പുസ്തകം വെച്ചാല്‍ മതിയോ?
ടീച്ചര്‍ പുസ്തകങ്ങളഅ‍ മുന്‍കൂട്ടി വായിക്കണം

അത് ഫീഡ് ബാക്ക് നല്‍കുന്നതിനും ആസ്വാദന ചര്‍ച്ചയില്‍ ഇടപെടുന്നതിനും സഹായകമ 

അക്കാദമിക മാസ്റ്റര്‍ പ്ലാനിലേക്ക്

വായനോത്സവം 2022 കരട്

(ക്ലാസ് സാഹചര്യം പരിഗണിച്ച്  ഭേദഗതി വരുത്തേണ്ടടത് ) 

ആമുഖം

ഭാഷയില്‍ വളരെ മികവുളള വിദ്യാര്‍ഥകളെയാണ് ഈ ക്ലാസ് വിഭാവനം ചെയ്യുന്നത്. ഉയര്‍ന്ന തലത്തിലുളള വായനക്കാരായി കുട്ടികള്‍ മാറണം. സ്വതന്ത്ര വായനാശേഷിയാണ് ഉണ്ടാകേണ്ടത്. ഇപ്പോള്‍ വായനയില്‍ ക്ലാസിലെ എല്ലാ കുട്ടികളും സമാനനിലയിലല്ല. 23% പേര്‍ വായനയില്‍ വളരെ പ്രയാസമുളളവരും 15 % സഹായത്തോടെ വായിക്കുന്നവരുമാണ്. ഇവരെയും ഉയര്‍ന്ന വായനക്കാരാക്കി മാറ്റേണ്ടതുണ്ട്. ഇതിനായാണ് വായനയെ അടിസ്ഥാനമാക്കി പ്രവര്‍ത്തനപദ്ധതി ഏറ്റെടുക്കുന്നത്

നിലവാര ലക്ഷ്യ പ്രസ്താവന

ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികള്‍ വായിച്ച് അനുഭവംങ്കിടാന്‍ കഴിവുള്ളവരാക്കുക

പ്രവര്‍ത്തനങ്ങള്‍

  1. വായനാനില നിര്‍ണയിക്കല്‍ ( ഏതെല്ലാം കുട്ടികള്‍ക്ക് വായനയില്‍ പിന്നാക്കാവസ്ഥയുണ്ടെന്ന് കണ്ടെത്തും ഇതിനായി പുസ്തകപ്പൂമഴയിലെ ഓരോ കൃതിീകള്‍ ഓരോരുത്തര്‍ക്കും നല്‍കും ചിത്രം കാട്ടി ആദ്യ പേജിലെ വാക്യങ്ങള്‍ വായിക്കണം )

  2. വായനയുടെ തലങ്ങള്‍ പരിചയപ്പെടല്‍ ( രണ്ടു വായനാസാമഗ്രികള്‍ ക്ലാസില്‍ പ്രോസസ് ചെയ്യും . വിശദമായ ആസൂത്രണക്കുറിപ്പ് തയ്യാറാക്കും)

  3. രക്ഷിതാക്കള്‍ക്ക് വായനാനുഭവം ( ക്ലാസ് പി ടി എയില്‍ രക്ഷിതാക്കള്‍ക്ക് വായനയുടെ തലങ്ങള്‍ വ്യക്തമാക്കുന്നതിനു സഹായകമായ വായനാപ്രക്രിയ, വായനാപരിപാടിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കല്‍, രക്ഷിതാക്കളുടെ റോള്‍ നിശ്ചയിക്കല്‍, വായന അവസരചാര്‍ട്ട് പരിചയപ്പെടുത്തല് മോഡ്യൂള്‍ അനുബന്ധത്തില്‍)

  4. പുസ്തകശേഖരണം

  5. വായനക്കമ്പം സൃഷ്ടിക്കല്‍ ( രണ്ടു ദിവസം അതിനായി ഉപയോഗിക്കും. വിശദമായ കുറിപ്പ് തയ്യാറാക്കും)

  6. വായനാനുഭവം പങ്കിടല്‍ ട്രൈ ഔട്ട് വാരം ( ഓഡിയോ വീഡിയോ രീതികള്‍ ,ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍)

  7. പിന്തുണാവായന ( സഹായം ആവശ്യമുളളവരെ സജ്ജമാക്കല്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രത്യേക സമയം കണ്ടെത്തി)

  8. വായനാനുഭവം പങ്കിടല്‍ ( ക്ലാസ് സദസ്സില്‍ )

  9. വായനാനുഭവം പങ്കിടല്‍ ( ആഴ്ചയില്‍ എല്ലാ ദിവസവും അവസരചാര്‍ട്ട് പ്രകാരം - വാട്സാപ്പ് ഗ്രൂപ്പില്‍, ക്ലാസ് സദസ്സില്‍ വാചികമായി)

  10. പുസ്തകാസ്വാദനം ( ഓണ്‍ ലൈനില്‍. അമ്മമാര്‍ പുസ്തകം പരിചയപ്പെടുത്തല്‍)

  11. പുസ്തകാസ്വാദനം ( ടീച്ചറും വിദഗ്ധരായ അധ്യാപകരും പങ്കെടുക്കുന്ന പരിപാടി)

  12. അസംബ്ലിയില്‍ പ്രകടനാവസരം ( ക്ലാസില്‍ നറുക്കിട്ടെടുക്കുന്ന കുട്ടികള്‍ അസംബ്ലിയില്‍ വായനയുടെ തലങ്ങള്‍ മനസ്സിലാക്കി അവതരണം നടത്തല്‍. ഇതിനായി ക്ലാസ് മുഴുവന്‍ കുട്ടിയെ സജ്ജമാക്കണം. ക്ലാസില്‍ പ്രോസസ് ചെയ്യും)

  13. ക്ലാസ് പി ടി എയില്‍ അവതരണം ( തത്സമയ നറുക്ക് എടുത്ത് കുട്ടികളുടെ പുസ്തക വായനയും ചര്‍ച്ചയും)

  14. ക്ലാസ് പുസ്തക ചര്‍ച്ച ( വിശദാംശങ്ങള്‍ അനുബന്ധം)

  15. വായനാനുഭവം ലിഖിത രൂപത്തില്‍ പ്രകടിപ്പിക്കുന്നതിനുളള പരിശീലന പ്രക്രിയ ക്ലാസില്‍. ( മൂന്നു ദിവസം മൂന്നു രീതി)

  16. വായനാനുഭവം ലിഖിത രൂപത്തില്‍ പ്രകടിപ്പിക്കല്‍ ട്രൈ ഔട്ട്.

  17. അവസരചാര്‍ട്ട് വിപുലീകരിക്കല്‍.

  18. കവിതാചര്‍ച്ചകള്‍, ( വിശദാംശം അനുബന്ധത്തില്‍)

  19. ആസ്വാദന ശില്പശാല ( വിശദാംശം അനുബന്ധത്തില്‍)

  20. യുറീക്കയിലെ തെരഞ്ഞെടുത്ത വിഭവങ്ങള്‍ വായിച്ച് പ്രതികരണക്കുറിപ്പ് പത്രാധിപര്‍ക്ക് അയക്കല്‍.

  21. വായനോത്സവം ( ഇടക്കാല വിലയിരുത്തല്‍) എല്ലാ കുട്ടികളും അവരുടെ വായനാമികവ് പ്രകടിപ്പിക്കല്‍.

  22. ലക്ഷ്യ ശേഷിയില്‍ ക്ലാസ് എവിടെ എത്തി? വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കല്‍

  23. കൂടുതല്‍ പിന്തുണ ആവശ്യമുളളവരെ കണ്ടെത്തി സഹായിക്കല്‍

  24. പൂര്‍ത്തീകരണ പ്രഖ്യാപനം



(അനുബന്ധങ്ങൾ വികസിപ്പിച്ചാലെ പ്രായോഗികമാകൂ )

1 comment:

  1. സർ,
    ഉൾക്കാഴ്ച കിട്ടിയതുപോലെ ഒരു തോന്നൽ ...
    വായന പക്ഷാചരണം ഈ ഉൾക്കാഴ്ചയുടെ പശ്ചാത്തലത്തിൽ പുനരാവിഷ്കരിക്കുവാൻ ഒരുങ്ങുന്നു ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി