Pages

Sunday, June 5, 2022

നടന്ന് നാടിനെ അറിഞ്ഞ് പരിസരദിനാചരണം

പരിസ്ഥിതി പ്രവർത്തനം സ്വന്തം പരിസരത്തിൽ നിന്ന് തുടങ്ങണം എന്ന ചിന്തയിൽ നിന്നാണ് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ. ജൂൺ മൂന്ന് മുതൽ ആറ് വരെ നീണ്ടുനിൽക്കുന്ന ഏകഭൂമി പരിസ്ഥിതി     പ്രവർത്തനങ്ങളിലെത്തിയത്



കുട്ടികൾ തയ്യാറാക്കിയ 4 കുറിപ്പുകൾ പായിച്ചാൽ പ്രവർത്തനത്തിൻ്റെ ആഴം മനസ്സിലാക്കാം
1
"തുടർന്ന് ഞങ്ങൾ നേരെ പടിഞ്ഞാറോട്ട് വച്ചുപിടിച്ചു. ഒരു രണ്ടു മിനുട്ട് നടന്നതേയുള്ളു. അധികദൂരത്തല്ലാതെ അതാ വലിയ ഒരു ആൽമരം. ഒരു കൂറ്റൻ ആൽമരം. അതിന്റെ വേരുകൾ താടിരോമങ്ങൾ പോലെ വളർന്ന് ഭൂമിയെ തൊടുന്നുണ്ട്. എത്രെയെത്ര ചെറു സസ്യങ്ങളും ചെറു ജീവികളും അതിനെ ആശ്രയിച്ചു ജീവിക്കുന്നു!  

ഭൂമിയെ അധിക ചൂടിൽ നിന്നും രക്ഷിക്കുന്ന ആൽമരങ്ങൾ ആറ് മാസം കൂടുമ്പോൾ പുഷ്പിക്കുന്നു എന്ന അറിവ് ഞങ്ങൾക്ക് ഇന്ന് പുതുതായി കിട്ടി. ആൽമരത്തിലെ പന്നലുകളും പൂപ്പലുകളും കണ്ടു. ഇവയൊക്കെ ചെറു സസ്യങ്ങൾ ആണ്. ലൈക്കനുകൾ എന്നാണത്രെ ഇവയെ വിളിക്കുന്നത്. 
ഈ ആൽമരം വലിയ സൗന്ദര്യ ബോധമുള്ള ആളാണ് കേട്ടോ. ഇപ്പോഴും കണ്ണാടി നോക്കിയിരിക്കലാണ് ഇഷ്ടന്റെ പണി. ഏതാണാ കണ്ണാടി എന്നറിയാമോ? തൊട്ടടുത്തുള്ള കുളം തന്നെ. നമ്മുടെ കൂലോത്തെ കുളം. ആൽമരത്തെ ഏതാണ്ട് മുഴുവനായും പ്രതിഫലിപ്പിക്കാൻ വലിപ്പമുണ്ട് ഈ കുളത്തിന്. എത്രയെത്ര ആളുകൾ ഈ കുളത്തിൽ ശരീര ശുദ്ധി വരുത്തിയിട്ടുണ്ട്. ഈ കുളിർ ജലത്തിൽ നീന്തി തുടിച്ചിട്ടുണ്ട്. ഇന്ന് ഷവറും ബാത്ത് ടബും വന്നു. കുളത്തിൽ കുളിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. 

എങ്കിലും  അപൂർവം ചിലർ ഇപ്പോഴും കുളത്തിൽ നിത്യസന്ദർശകരായുണ്ട് . പുതിയ അതിഥികൾ എന്നും കുളത്തിൽ എത്തുന്നുണ്ട്.  അവയിൽ നീർകാക്കകളും മീൻകൊത്തി ചാത്തനും ഒക്കെ ഉണ്ട്.  കുളത്തിനും കുളത്തിന് പരിസരത്തുമായി ധാരാളം കൂട്ടുകാർ ഉണ്ട് കേട്ടോ. കറുത്ത കൊക്കുള്ള ചിന്നമുണ്ടി, മഞ്ഞ കൊക്കുള്ള കാലിമുണ്ടി, ഇരിക്കുമ്പോൾ ഉണങ്ങിയ ഇലയുടെ നിറവും പറക്കുമ്പോൾ വെള്ളനിറവുമായി മാറുന്ന  കുളക്കൊക്ക് ഇവയൊക്കെ അവിടെയുണ്ട്. 

കുളത്തിന് തൊട്ടടുത്തായി കാണാം നീണ്ടുനിവർന്നു നിൽക്കുന്ന വിശാലമായ നെൽവയൽ. ചരിത്ര പ്രസിദ്ധമായ ഉദിനൂർ വിളകൊയ്ത്ത് സമരം നടന്നത് ഇവിടെയാണ്.
 1942 സെപ്റ്റംബർ 3 നാണ്  ഉദിനൂർ വിളകൊയ്ത്ത് സമരം അരങ്ങേറിയത്. വിത്തിട്ടവൻ വിളകൊയ്യും എന്ന വലിയ മുദ്രാവാക്ക്യം ഈ വയലേലകളിൽ അന്ന് മുഴങ്ങി. എല്ലാ നെൽവയലുകളും നിരവധി ജീവികളുടെ ആവാസസ്ഥലമാണ്. ഈ കാണുന്ന വയലുകളിൽ നെൽച്ചെടികൾ മാത്രമാണോ ഉള്ളത്? അല്ലെ അല്ല. ചെറു ജീവികൾ ചെറു സസ്യങ്ങൾ ഒക്കെ നെൽച്ചെടികൾക്കൊപ്പം വളരുന്നുണ്ട് 

ഇതാണ് കൂലോത്തെ താമരക്കുളം. നിറയെ താമര വിരിഞ്ഞു നിൽക്കുമ്പോൾ ഇതിന് ഭംഗിയേറും. ആമ്പൽ വിഭാഗത്തിൽ പെടുന്ന ചെടിയാണ് താമരയും. ആമ്പലുകൾക്ക് വെള്ളത്തിലെ വിഷാംശം വലിച്ചെടുത്ത് നശിപ്പിക്കാനുള്ള കഴിവുണ്ട്. ആർസനിക്ക് പോലുള്ള രാസവസ്തുക്കൾ ഇങ്ങനെ വലിച്ചെടുക്കാൻ ആമ്പൽ ചെടികൾക്ക് കഴിയും. 

ഇനി നമുക്ക് കാവിലേക്ക് പോകാം. കാവിനടുത്ത് നിറയെ കാറ്റാടി മരങ്ങൾ. ചവോക്ക് മരം എന്നും കാറ്റാടി മരങ്ങളെ വിളിക്കാറുണ്ട്. വെള്ള വയറൻ കടൽ പരുന്തുകൾ കൂടുകൂട്ടിയിരുന്നു ഇവിടുത്തെ കാറ്റാടി മരങ്ങൾക്ക് കീഴെ. കാവിലെ സസ്യ ജന്തു വൈവിധ്യം വിപുലമാണ്. എത്രയെത്ര സസ്യങ്ങൾ വൃക്ഷങ്ങൾ ജീവിവർഗ്ഗങ്ങൾ !

എത്രയെത്ര ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഭൂമി! പക്ഷെ ഇതൊക്കെ അവഗണിക്കുകയാണ് നാം. എത്ര അവഗണിച്ചാലും ഭൂമി ഭൂമിയായിത്തന്നെ നിലനിൽക്കും എന്നാണ് നമ്മൾ കരുതുന്നത് അല്ലെ? സർവംസഹ എന്നാണല്ലോ നമ്മൾ ഭൂക്കിട്ട മറ്റൊരു പേര്! പക്ഷെ എല്ലാം സഹിച്ചെന്നുവരില്ല എല്ലാകാലവും കേട്ടോ കൂട്ടുകാരെ... അതുകൊണ്ട് .... നമുക്ക് കാക്കാം നമ്മുടെ ഭൂമിയെ. ഈ പ്രപഞ്ചത്തിൽ ഭൂമിയെ പോലെ ഭൂമി മാത്രം. നമ്മുടെ ഭൂമി. ഏകഭൂമി. "


2

കാവ് കാഴ്ച്ചകൾ

വേദ മനുരാജൻ 4 B

" ഞങ്ങളുടെ ലക്ഷ്യം ഉദിനൂർ കൂ ലോത്തിന് സമീപമുള്ള കാവ് ആയിരുന്നു. കാവിലേക്കുള്ള വഴിയിൽ പല ചെടികളും, മരങ്ങളും, പക്ഷികളും, തുമ്പികളും ഞങ്ങൾക്ക് പഠന വിഷയമായി മാറി.
        ധാരാളം വലിയ വലിയ വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കാവ് ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. ജൈവവൈവിദ്ധ്യത്തിൻ്റെ കലവറയാണ് കാവുകൾ. പ്രകൃതിയെയും വൃക്ഷങ്ങളെയും ജീവജാലങ്ങളെയും പണ്ടുമുതലേ മനുഷ്യർ ആരാധിക്കുകയും, സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നതിനുള്ള തെളിവാണ് കാവുകൾ. കാവിലെ പക്ഷി വൈവിധ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് വെള്ളവയറൻ കടൽപ്പരുന്താണ്.ഇതിൻ്റെ ഇംഗ്ലീഷ് നാമം വൈറ്റ് ബെല്ലി സീ ഈഗിൾ എന്നാണ്. കൂറ്റൻ കടൽ പാമ്പുകളെ ഭക്ഷിക്കുകയും വലിയ കൂട്ട പോലുള്ള കൂടുണ്ടാക്കുകയും ചെയ്യുന്നത് ഈ പരുന്തിൻ്റെ സവിശേഷതയാണ്. കാവിലേക്കുള്ള പദയാത്രയിലൂടെ ഒരു പാട് വൈവിധ്യമാർന്ന ചെടികളെയും, ജീവ ജാലങ്ങളെയും, തൊട്ടറിയാൻ കഴിഞ്ഞു. അതിലൂടെ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ടായി.


3
"ഭൂമി മനുഷ്യന്റെ അല്ല 
  മനുഷ്യൻ ഭുമിയുടേതാണ് "

നിവേദ് എസ് കുമാർ
ഏഴാം തരം ബി

"ഞങ്ങൾ കൂലോം ക്ഷേത്രത്തിന് സമീപമുള്ള പേരാലിന്റെ അടുത്ത് എത്തി .പിന്നീട് ഞങ്ങൾ പേരാലിന്റെ ചുവട്ടിൽ ഇരുന്നു .മോസ് ,മര പന്നൽ തുടങ്ങിയ പൂക്കളില്ല്ലാത്ത സസ്യങ്ങൾ ആ മരത്തിൽ ഉണ്ടായിരുന്നു പിന്നീട് ഞങ്ങൾ ആ മരത്തിലുള്ള വെളുത്ത പാടുകളെക്കുറിച്ചറിഞ്ഞു. പായലും പൂപ്പലും ഒരുമിച്ച് ജീവിക്കുന്ന പ്രക്രിയ - സഹജീവനം - സിംബയോസിസ് - അടുത്തറിഞ്ഞു. 
 ഈ വെളുത്ത പാടുകളെ ലൈക്കൻ എന്ന് പറയുന്നു 
          ഞങ്ങൾ ഉദിനൂർ വിള കൊയ്ത് സമരം നടന്ന പാടത്ത് എത്തി . അവിടെ ഞങ്ങൾ ഒരു കൊക്കിനെ കണ്ടു അതിൽ മഞ്ഞ കൊക്കുള്ളത് കാളിമുണ്ടി കറുപ്പ് നിറമുള്ളത് ചിന്നമുണ്ടി എന്നിവ ആയിരുന്നു.
ശേഷം ഞങ്ങൾ താമര കുളത്തിന്റെ അടുത്തെത്തി അപ്പോൾ മാഷ് പറഞ്ഞു കഴിഞ്ഞ 20  വർഷത്തിനിടെ നമ്മുടെ കാസർഗോഡ് 4 മീറ്റർ വെള്ളം താണു എന്നാൽ പോലും നിലവിൽ ഏറ്റവും കൂടുതൽ വെള്ളം സംരക്ഷിക്കുന്ന ജില്ല നമ്മുടെ കാസർഗോഡ് തന്നെയാണ് 
            പണ്ട് കാലത് മലനാട് ,ഇടനാട് , തീരപ്രദേശം എന്നതിന് പകരം 5 തിണകളായാണ് കേരളത്തെ തരാം തിരിച്ചിരിക്കുന്നത് എന്നും അത് കുറിഞ്ഞി ,പാലയി, മുല്ലയി,മരുതൽ ,നെയ്തൽ എന്നിവ ആയിരുന്നു എന്നും മാഷ് ഞങ്ങൾക്ക് വിശദീകരിച്ച് തന്നു . അതിൽ പ്രധാനമായിട്ടും നെയ്തൽ ഭാഗത്താണ് താമര ,ആമ്പൽ എന്നിവ കണ്ടുവരുന്നത് 
                     ഞങ്ങൾ കാവിലേക്ക് പ്രവേശിച്ചു .അപ്പോഴാണ് മാഷ് അവിടെയുണ്ടായിരുന്ന കടൽ പരുന്തിന്റെ കുടിനെ കുറിച്ച പറഞ്ഞത് .ആ പരുന്ത് മരിച്ചെന്നും അതിന്റെ കുട്  പൊട്ടി വീണെന്നും പറഞ്ഞു നമ്മൾ മിക്കവാറും കാണാറുള്ള കൃഷ്ണ പരുന്ത് ഈഗിൾ വിഭാഗത്തിൽ അല്ലെന്നും അപ്പോഴാണ് അറിയാൻ സാധ്‌ച്ചത് . അത് കൈറ്റ് വിഭാഗത്തിലാണ് പെടുന്നത് പിന്നീട് കടൽ പരുന്തും കൃഷ്ണ പരുന്തും തമ്മിൽ വലിനു വ്യത്യാസം ഉണ്ടെന്ന് പറഞ്ഞ് തന്നു .
                        വരുന്ന വഴിയിൽ ഞങ്ങൾ കള്ളി മുൾ  ചെടി കണ്ടു കുറച്ച ദൂരം നടന്നപ്പോ ഞങ്ങളുടെ കുട്ടത്തിൽ ഉണ്ടായ ഒരു കുട്ടി സംശയം ചോദിച്ചു .എന്തെന്നാൽ അവളുടെ നാട്ടിലുണ്ടായിരുന്ന ഒരു ചുവന്ന നിറമുള്ള തുമ്പിയെ കുറിച്ചായിരുന്നു അത് .അങ്ങനെയുള്ള 2 തരം തുമ്പികൾ ഉണ്ടെന്നും വാലിൻ ചുവപ്പും മുൻവശത് കുറച്ച കറുപ്പും ഉള്ളത് കനൽ വാലൻ ആണെന്നും മുഴുവനും ചുവപ്പുള്ളത് കനൽ തുമ്പി ആണെന്നും  മാഷ് പറഞ്ഞ് തന്നു കുറച്ച ദൂരം മുന്നോട്ട് പോയപ്പോ ഞങ്ങൾ അതെ കനൽ വാലനെ കണ്ടു 
                           അങ്ങനെ എത്രയെത്ര കാര്യങ്ങൾ ഇതുവരെ അറിയാതിരുന്ന എത്രയെത്ര സത്യങ്ങൾ ഈ പരിസ്‌ഥിതിയെ കുറിച്ച് അറിയാൻ സാധിച്ചു ഇത്രയും ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഈ ഭൂമി എന്നോർത്ത് അതിശയം തോന്നി പോയി 
                    മനസ്സിൽ എന്നും ഓർമിക്കാൻ പറ്റിയ വളരെയധികം നല്ല അനുഭവങ്ങൾ സമ്മാനിച്ച മികച്ച ഒരു പദ യാത്ര ആയിരുന്നു ഞങ്ങൾക്കിത് ഒരുപാടു പുതിയ അറിവുകൾ നൽകിയ പ്രിയപ്പെട്ട ആനന്ദ് മാഷിനും ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ച പ്രിയ അധ്യാപകർക്കും ഒരുപാട് ഒരുപാട് നന്ദി


4
പ്രകൃതിയിലേക്ക് നടന്ന് നടന്ന്

നൻമ എ പി
ഏഴാം തരം ബി

"ഇന്നൊരു നല്ല ദിവസമായിരുന്നു. ഇന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട  പദയാത്രയിൽ നമ്മൾ കുറച്ചു കുട്ടികൾ പങ്കെടുത്തു പദ യാത്രയെ നയിച്ചത് ആനന്ദൻ പേക്കടം എന്ന അധ്യാപകനായിരുന്നു. കൂടെ കൈരളിടീച്ചറും പ്രിയ അധ്യാപകരും.
പരിസ്ഥിതിദിനത്തെ കുറിച്ച് വലിയ അരിവോന്നുമില്ലാത്ത എനിക്ക് വല്ലാത്ത ഒരു ആവേശമായിരുന്നു അതിനെ കുറിച്ച് അറിയാൻ. 
നമ്മുടെ വിദ്യാലയത്തിലെ ജൈ വവൈവിദ്ധ്യ പാർക്കിലേക്കാണ് ആദ്യം പോയത്. നമ്മൾ കുട്ടികൾ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത കുറെ സസ്യങ്ങളെയും മരങ്ങളെയും  അവിടെ കണ്ടൂ.
പരിസ്ഥതിദിനത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു.1972സ്വീഡൻ ഉച്ചകോടിയിൽ വച്ച് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചു. ജൈവവൈവിധ്യ പാർ ക്കിലുള്ളസസ്യങ്ങളെയും കുറിച്ച് ആനന്ദൻ മാഷ് പറഞ്ഞു.അതിലൊരു സസ്യമായ ഉങ്ങു മരത്തെ കുറിച്ച് മാഷ് വിവരിച്ചു തന്നു .നമ്മുടെ അന്ന നാളത്തിലെസൂക്ഷമാജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്. എവിടെ നട്ടാലും പിടിക്കുന്ന സസ്യമാണ് മെക്സിക്കൻ സൂര്യ കാന്തി. ഇതും നമ്മുടെ പാർക്കിലുണ്ട്.
സ്കൂളിൻ്റെ ചുറ്റു പാടും ഉള്ള ചില സ്ഥലങ്ങൾ നിരീക്ഷിച്ചു. കൂലോത്ത് അപ്പൂർവയിനം സസ്യങ്ങൾ ഉള്ള കാവും കണ്ടൂ. ചരിത്ര പ്രസിദ്ധ മായ വിള കൊയിത്ത് സമരം നടന്ന വയലും കണ്ടൂ.1942 സെപ്റ്റംബർ 3നാണ് സമരം നടന്നത്. ഇത്രയും മനസ്സിലാക്കി ഞങ്ങൾ മടങ്ങി.ഈ യാത്രയിലൂടെ എനിക്ക് ഒരു കാര്യംമനസ്സിലായി.നമ്മുടെ പ്രകൃതിയെ നമ്മൾ ത്തന്നെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണം."

 
എന്താണ് നടന്നത്?
1 സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനം , കൂലോം ക്ഷേത്ര നടയിലെ കൂറ്റൽ ആൽ മരം, തൊട്ടടുത്തുള്ള കുളം, ഉദിനൂർ വിള കൊയ്ത്ത് നടന്ന വിശാലമായ വയൽ, സമീപത്തെ താമരക്കുളം, ക്ഷേത്ര കാവ് ഇവ നടന്നു കാണാൻ തീരുമാനിച്ചു.
2.എല്ലാം വീഡിയോ യിൽ പകർത്തിയാൽ ഒരു ഡോക്കുമെന്ററി ആക്കാം.
ആയിരം കുട്ടികൾ - എല്ലാവരുമായുള്ള യാത്ര പ്രായോഗികമല്ല - താൽപ്പര്യമുള്ള കുട്ടികൾ - പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഇവർ മതി.

അപ്പോൾ ബാക്കി കുട്ടികൾ ?
3. അംഗങ്ങൾ എല്ലാം വിശദമായി എഴുതിയെടുക്കണം , റിപ്പോർട്ട് തയ്യാറാക്കണം , ലേഖനം, യാത്രാ വിവരണം - എല്ലാം ചേർത്ത് പതിപ്പുകൾ - ഇവ മറ്റ് കുട്ടികളിലേക്ക് എത്തിക്കണം - ക്ലാസ് ഗ്രൂപ്പുകൾ വഴി, ഡോക്കുമെന്ററി വഴി

4. എല്ലാവരിലേക്കും എത്തി എന്ന് ഉറപ്പാക്കാൻ  പരിസ്ഥിതി ക്വിസ് നടത്തണം

 നടന്ന് നാടിനെ അറിഞ്ഞ് ഉദിനൂർ സ്കൂൾ 

പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വേറിട്ടൊരു മാതൃകയുമായി ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ. ജൂൺ മൂന്ന് മുതൽ ആറ് വരെ നീണ്ടുനിൽക്കുന്ന ഏകഭൂമി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ  പരിപാടികൾക്ക് തുടക്കമായി.  
നാടറിയാം നടന്നറിയാം എന്ന പേരിൽ ഉദിനൂരിനെ  അറിയാൻ പരിസ്ഥിതി പദയാത്ര, പദയാത്രയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് ഡോക്യുമെന്ററി ചിത്ര നിർമ്മാണം  തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.  പദയാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ  വിശദമായ ലേഖനങ്ങൾ തയാറാക്കി. ലേഖനങ്ങൾ, ഡോക്യുമെന്ററി ഇവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി ക്വിസ്,  ചങ്ങാതിമരം - നട്ടുനനച്ച ചങ്ങാതി മരത്തിനൊപ്പം മൊബൈൽ സെൽഫി , പരിസ്ഥിതി പദയാത്രയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാകുന്ന ഡിജിറ്റൽ മാഗസിനുകൾ  വളരുന്ന ജൈവവൈവിധ്യ രജിസ്റ്റർ  തുടങ്ങിയ പരിപാടികൾ  നടത്തും.


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി