Pages

Monday, June 6, 2022

ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനും ഡയറിക്കുറിപ്പുകളും

ക്ലാസ്അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നവർക്ക് അമ്മനൂർ എ. എൽ . പി .സ്കൂളിലെ 1, 2 ക്ലാസുകളിലെ വ്യത്യസ്തമായ ഡയറിക്കുറിപ്പുകൾ നൽകുന്ന സന്ദേശ മെന്ത്?

1. കുട്ടികളെ സ്വതന്ത്ര രചയിതാക്കളാക്കുക

2. മികച്ച ഭാഷയിൽ ആശയങ്ങൾ, അനുഭവങ്ങൾ, വികാരവിചാരങ്ങൾ എന്നിവ ആവിഷ്കരിക്കാൻ പ്രാപ്തരാക്കുക

3. ചിത്രീകരണ സഹിതമുള്ള രചനാരീതിയിലൂടെ സർഗാത്മക വികാസത്തിന് അവസരമൊരുക്കുക

എന്നീ ലക്ഷ്യങ്ങൾക്ക് സഹായകമാണത്.

ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിലേക്ക്

മുകളിൽ സൂചിപ്പിച്ച മൂന്നു ലക്ഷ്യങ്ങൾ പ്രൈമറി തലത്തിലെ ഏതു ക്ലാസുകൾക്കും പരിഗണിക്കാവുന്നതാണ്. 

അങ്ങനെ തീരുമാനിച്ചാൽ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തണം. 

എന്തെല്ലാം ആയിരിക്കണം ആ പ്രവർത്തനങ്ങളുടെ സവിശേഷതകൾ?

1. കുട്ടികൾക്ക് ആസ്വാദ്യമായിരിക്കണം

2. തൻ്റെ രചനയിൽ അഭിമാനം തോന്നാൻ ഇടവരുത്തണം

3. ഇനിയും എങ്ങനെ മെച്ചപ്പെടുത്താം ആകർഷകമാക്കാം എന്ന ആന്തരിക സമ്മർദ്ദം ജനിപ്പിക്കുന്നതാകണം

4. അക്ഷരമുറപ്പിക്കൽ, പദങ്ങൾ നിർമ്മിക്കൽ തുടങ്ങിയ യന്ത്രിക രീതികളിൽ തളച്ചിടാത്തവയാകണം. എന്നാൽ തെറ്റുകൂടാതെ എഴുതാൻ പ്രേരിപ്പിക്കുന്നതുമാകണം

5. വൈവിധ്യമുള്ള രചനാനുഭവങ്ങളാകണം

6. പ്രായോഗികമായ വിജയനുഭവം പ്രധാനമാണ്. അത്തരം മാതൃകകൾ പിന്തുടരാം

ഇനി അമ്മന്നൂരിലെ രണ്ടാം ക്ലാസുകാരി സുദർശനയുടെ ഡയറികളിലേക്ക് പോകാം. മൂന്നു ദിവസത്തെ മാത്രം നോക്കാം

12.1.2022, 15, 02, 2022,6.03.2022 എന്നിവ വളർത്തു കോഴികളെ കുറിച്ചാണ്.

ഫെബ്രുവരി 15 നാണ് കോഴിപ്പേൻ കാരണം കൊഴിയെ കൊടുക്കുന്നത്. "ഓട്ടോ റിക്ഷ കണ്ടപ്പോഴേ " തുടങ്ങി ആശ്വാസമായത് വരെ ഒന്നു വായിച്ചു നോക്കൂ. അവളുടെ വൈകാരിക അവസ്ഥ എത്ര നിഷ്കളങ്കമായി ആവിഷ്കരിച്ചിരിക്കുന്നു. മാർച്ചിൽ എഴുതുന്നു "എനിക്കിവരേ ഉണ്ടായിരുന്നുള്ളു. ഇവരും ഇപ്പോൾ പോയി. കൊണ്ടു പോകുമ്പോൾ സേൻ്റിൽ എന്നോടു മൂളി " ആ മൂളൽ ഒരു വിടപറയലാണ്. കൂടുതൽ വിവരണങ്ങൾ ആവശ്യമില്ലാത്ത ഒതുക്കം. ഈ മികവുറ്റ ഭാഷ കുട്ടി നേടിയത് ഡയറി എഴുത്തിന് തുടർച്ചയായി ലദിച്ച പിന്തുണയിലൂടെയാണ്.



നാളെ വരെ വെള്ളം നിൽക്കണേ...

അപ്പോൾ ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ ഒരു പ്രവർത്തനം ഉൾച്ചേർക്കുകയാണ്.

ഡയറി എഴുത്ത്

ഒറ്റവാക്കിൽ സൂചിപ്പിച്ചാൽ മതിയോ?

പോര

വിശദാംശങ്ങൾ വേണം

അതെങ്ങനെ?

1.ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് പ്രായോഗിക പരിശീലനം ( തലേ ദിവസത്തെ ഒരു സംഭവം സചിത്ര ഡയറിയാക്കൽ )

2. കുട്ടികളുമായി ചർച്ച. ഡയറിയിലെ വിഷയവൈവിധ്യം 

3. ഒരു കഥയിലെ കഥാപാത്രത്തിൻ്റെ സാങ്കൽപ്പിക ഡയറി എഴുതൽ, സഹായ രചന, വൈവിധ്യത്തിനുള്ള സാധ്യതകൾ 

4. ഡയറി ബുക്ക് വിതരണം

5. ഡയറി മൊബൈലിൽ സ്കാൻ ചെയ്യുന്നതെങ്ങനെ? രക്ഷിതാക്കൾക്ക് ഓൺലൈൻ നിർദ്ദേശം

6. ഡയറികൾ ഒരോ ദിവസവും ടീച്ചർക്ക് അയക്കാനുള്ള ക്രമീകരണം

7. ടീച്ചറുടെ ഗുണാത്മ ഫീഡ്ബാക്ക് സഹിതം തെരഞ്ഞെടുത്ത ഡയറികൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൽ

8. രചനയിലെ  സഹായം, എഡറ്റിംഗ് രീതി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക്

9. ഇടക്കാല വിലയിരുത്തൽ

10. കൂടുതൽ സഹായം ആവശ്യമുളളവരെ കണ്ടെത്തി പിന്തുണ നൽകൽ

11. തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം പ്രകാശിപ്പിക്കൽ.

ഇത്രയും കാര്യങ്ങൾ ഇല്ലാതെ ഡയറി എഴുത്ത് എങ്ങനെ ക്ലാസിൽ നടത്തും എന്ന് പറയാനാകില്ല. അവ്യക്തതയുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ ലക്ഷ്യം നേടില്ല.

അനുബന്ധങ്ങൾ വായിച്ച് സാധ്യത ബോധ്യപ്പെടൂ

അനുബന്ധം 1

ആദിത്യൻ്റ ഡയറി

http://learningpointnew.blogspot.com/2015/12/p-margin-bottom-0.html?m=1

അനുബന്ധം 2

കരിങ്കല്ലത്താണിയിലെ ഡയറികൾ

http://learningpointnew.blogspot.com/2022/01/blog-post.html?m=0

അനുബന്ധം 3

അമ്മന്നൂരിലെ ഡയറിയെഴുത്തിൻ്റെ പ്രക്രിയ

" കോവിഡ് മഹാമാരി വന്ന് നമ്മുടെ വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം അവരുടേതായ കുഞ്ഞു ലോകത്തേക്ക് ജീവിതാനുഭവങ്ങൾ ചുരുങ്ങിപ്പോയപ്പോൾ ..... ഓൺലൈൻ ക്ലാസുകളും തുടർ പ്രവർത്തനങ്ങളുമൊക്കെയായി തുടരേണ്ടി വന്നപ്പോൾ ... പകർത്തിയെഴുത്തും ചിത്രം വരയും നിറംനൽകലും മാത്രമായപ്പോൾ .. ( ഓൺലൈൻ ക്ലാസുകൾ രസകരമാക്കാൻ എല്ലാ കുട്ടികളുടേയും വീടുകളിൽ ചെലവു കുറഞ്ഞ രീതിയിൽ ബ്ലാക്ക് ബോർഡ്  സെറ്റ് ചെയ്ത് ചോക്കുകൾ നൽകി, മനോഹരമായ വർക്ക് ഷീറ്റുകളും കുട്ടിക്കഥകളുടേയും പാട്ടുകളുടേയും വീഡിയോസ് തയ്യാറാക്കി നൽകി, സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് വായന രസകരമാക്കി, ഓൺലൈൻ ദിനാചരണ പ്രവർത്തനങ്ങൾ ഭംഗിയായി digital  document ചെയ്തു, പ്രവർത്തനങ്ങളിൽ ആനന്ദം പകരാൻ ഓൺലൈൻ ട്രോഫികളും മറ്റും നൽകി, രക്ഷിതാക്കൾക്കായി പ്രത്യേക പരിപാടികൾ കണ്ടെത്തി നൽകി ...'..)

എന്നിട്ടും കുട്ടികൾ സ്വതന്ത്രരചനകളിൽ ഏറെ പിന്നാക്കം പോയതായി മനസിലായപ്പോൾ .... വ്യത്യസ്തമായ ഏതു പ്രവർത്തനമാണ് അവർക്കിനി കൊടുക്കാൻ കഴിയുക എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരാശയം മനസ്സിൽ വന്നത്.

 *ലക്ഷ്യം* 

       സ്വതന്ത്ര ചിന്തകൾക്കും രചനകൾക്കും സർഗാത്മക പ്രകടനങ്ങൾക്കും വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളിലൂടെ ലേഖന പ്രവർത്തനങ്ങളിൽ മികവുറ്റവരാക്കാൻ പ്രാപ്തരാക്കുക

 ഘട്ടങ്ങൾ

🌹 വാചികമായ അനുഭവ വിവരണങ്ങൾക്ക് അവസരം നൽകി

🌹 വ്യത്യസ്ത വാചിക പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകി

🌹വൈവിധ്യമേറിയ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവസരങ്ങൾ ഉണ്ടാകും വിധം പ്രചോദനം നൽകി

🌹 ആദ്യഘട്ടത്തിൽ അമ്മമാരുടെ സഹായത്തോടെ എഴുതിത്തുടങ്ങി.ക്രമേണ സ്വന്തം വാചകങ്ങളിലും എത്തി.

 വ്യത്യസ്തമായ ഡയറികൾ

  രാവിലെ എണീറ്റു, പല്ലുതേച്ചു, , ചായ കുടിച്ചു, കളിച്ചു, കുളിച്ചു, കിടന്നുറങ്ങി എന്ന പതിവു ശൈലിയിൽ നിന്നും മാറി അതത് ദിവസത്തെ സന്തോഷം / സങ്കടം / പരിസര നിരീക്ഷണത്തിനിടയിൽ കണ്ട രസകരമായ കാഴ്ചകൾ / കളികൾക്കിടയിലെ തർക്കങ്ങൾ / അടുക്കളയിൽ അമ്മയുടെ പാചക രീതികൾ / കഴിച്ചഭക്ഷണം/ യാത്രകൾക്കിടയിൽ കണ്ട വേറിട്ട കാഴ്ചകൾ..... എല്ലാം ഡയറിയിലിങ്ങനെ നിറഞ്ഞുനിന്നു. ചിത്രീകരണ സാധ്യത കൂടി പരിഗണിച്ചിരുന്നതിനാൽ വരയും നിറം കൊടുക്കലും എല്ലാം ഇഷ്ടത്തോടെ ഏറ്റെടുത്തു.

 *ഡയറിയെഴുത്ത് ഏറ്റെടുത്തവർ* 

     നിത്യവും നടക്കുന്ന ഓൺലൈൻ ക്ലാസ് തുടർപ്രവർത്തനങ്ങൾക്കു പുറമേ *അധിക പ്രവർത്തന* മായതിനാൽ ഒന്ന്, രണ്ട് ക്ലാസുകളിൽ നിന്നും സ്വയം സന്നദ്ധരായ കുട്ടികളെ ചേർത്ത് ലിറ്റിൽ സ്റ്റാർസ് എന്നൊരു ഗ്രൂപ്പ് തുടങ്ങി പ്രവർത്തനങ്ങൾ ചിട്ടയായി തുടർന്നു വന്നു. എല്ലാവരുടേയും സൗകര്യാർഥം രാത്രി 9 മണിക്കു ശേഷമാണ് രചനകൾ ഗ്രൂപ്പിലേക്കെത്തിയിരുന്നത്. അതിനു ശേഷം ഓരോ കുട്ടിയുടേയും ഡയറികൾ വായിച്ച് ഭംഗിയുള്ള സ്റ്റിക്കറുകളും പ്രോത്സാഹനങ്ങളും നൽകിക്കൊണ്ടിരുന്നു.കഴിഞ്ഞ ആഗസ്റ്റ് മുതൽ കൃത്യമായി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി വന്ന കുഞ്ഞു കൂട്ടുകാരും ഈ കൂട്ടത്തിലുണ്ട്.

 *ഗാർഹിക പശ്ചാത്തലം* 

       വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞു മക്കളുടെ അനുഭവങ്ങളും ഏറെ വ്യത്യസ്തമാണല്ലോ. കൃത്യമായ നിർദേശങ്ങളോടൊപ്പം ഓരോ കുട്ടിയേയും പരിഗണിച്ചു കൊണ്ടുള്ള വോയ്സ് മെസേജുകളും നൽകി ഗ്രൂപ്പിൽ സജീവമായതും രക്ഷിതാക്കൾ ആവേശത്തോടെ പിന്തുണയുമായി കൂടെ നിൽക്കാൻ സഹായകമായി. എഴുത്തിനോടും ഗ്രൂപ്പിനോടും കൂടുതൽ അടുക്കാൻ കുട്ടികൾ വായിച്ച് അയക്കുന്ന ഓഡിയോസ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി നൽകിയിരുന്നു.ഇത് വായനയോടുള്ള താത്പര്യം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 *വ്യത്യസ്തമായ കുറിപ്പുകൾ* 

      ആടിനെ നോക്കാൻ പോയത്, കണ്ണിമാങ്ങകൾ പെറുക്കാൻ പോയപ്പോൾ, അങ്ങാടിയിലെ വലിയ മരക്കൊമ്പുകളിൽ മാസ്കുകൾ തൂക്കിയിട്ടത് കണ്ടപ്പോൾ, തുടങ്ങിയ പല ചിന്തകളും ഡയറിയിലെ വരികളായി. സ്വന്തമായി നട്ട മല്ലികയിൽ പൂ വിരിഞ്ഞ സന്തോഷം, അതു പങ്കിടാനായി ഡയറിയിൽ വരച്ച മല്ലികപ്പൂ ,വിദ്യാലയത്തിലെ സൂര്യകാന്തിത്തോട്ടം, വിഷുവിന് പടക്കവും പൂത്തിരിയും കിട്ടാഞ്ഞതിന്റെ വേദന ,......... അങ്ങനെ ആകർഷകമായ ചിത്രങ്ങളും എഴുത്തുമൊക്കെയായി ഡയറിയിലെ പേജുകൾ മനോഹരമായി. 

 *ലക്ഷ്യം കൈവരിച്ചത്* 

         സ്വന്തം നിരീക്ഷണങ്ങൾ ഏറെ രസകരമാക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്‌. ചിത്രീകരണ സാധ്യതയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തിരുന്നതിനാൽ ഓരോ കുട്ടിയുടേയും ഡയറികൾ ഏറെ ആകർഷകമായി.ഓൺലൈനിലായതിനാൽ ഗ്രൂപ്പിലെ എല്ലാ രചനകളും അമ്മമാർ വായിച്ചിരുന്നു. (ഓൺലൈനായതിനാൽ പരിമിതികളും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലേഖന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്കായി ഓഫ് ലൈൻ ക്ലാസുകളാരംഭിച്ചപ്പോൾ പ്രത്യേക മൊഡ്യൂൾ വെച്ച് അധിക സമയം കണ്ടെത്തി പ്രവർത്തന ങ്ങളിൽ മുഴുകിയെങ്കിലും വീണ്ടും സ്കൂൾ അടച്ചതിനാലും മറ്റും തുടരാൻ കഴിഞ്ഞിട്ടില്ലായിരുന്നു) അതിനാൽ തന്നെ ഏറെ ആവേശത്തോടെ അമ്മമാരുടെ നല്ല പിന്തുണ ലഭ്യമായി-

 *ചെറിയ കാര്യങ്ങളിൽ വലിയ* *സന്തോഷം കണ്ടെത്താനും കുഞ്ഞു* *മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങളെ* *എഴുതി പ്രകടിപ്പിക്കാനും കുട്ടികൾക്കു കഴിയുന്നു*



3 comments:

  1. പ്രസക്തം. അഭിനന്ദനങ്ങൾ...അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ നല്ല ഉൾക്കാഴ്ച വേണം.

    ReplyDelete
  2. പ്ലാൻ മികച്ചതും ക്ലാസ്സ് ദുർബലവും - ബാക്കി പറയുന്നില്ല .അങ്ങനെയുമുണ്ട്

    ReplyDelete
  3. അമ്മന്നൂരിലെ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

    ReplyDelete

പ്രതികരിച്ചതിനു നന്ദി