Pages

Thursday, November 2, 2023

നല്ലൊരു സംതൃപ്തിയാണ് ഇന്നത്തെ ഒന്നാം ക്ലാസ് തരുന്നത്


ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ പങ്കിടുന്ന വാട്സാപ്പ് കൂട്ടായ്മയിൽ ശ്രീജ ടീച്ചർ പങ്കിട്ടത് വായിക്കാം

"ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്നുവർഷമാകുന്നു. നാലുവർഷത്തോളം ഡെയിലി വേജായും പ്രവർത്തിച്ചിട്ടുണ്ട്. 

അതിൽ മൂന്നുവർഷം ഒന്നാം ക്ലാസ് കൈകാര്യം ചെയ്തിട്ടുണ്ട്. 

ആ വർഷങ്ങളിൽ നിന്നെല്ലാം നല്ലൊരു സംതൃപ്തിയാണ്  ഇന്നത്തെ ഒന്നാം ക്ലാസ് തരുന്നത്. 

സചിത്ര പാഠപുസ്തകവും  സംയുക്ത ഡയറിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ  നല്ലൊരു മാറ്റം  കൊണ്ടുവന്നിട്ടുണ്ട്.

 തുടക്കത്തിൽ തന്നെ പേടിയായിരുന്നു  പാഠപുസ്തകം തീരുമോ? തീർന്നില്ലെങ്കിൽ രക്ഷിതാക്കളുടെ പ്രതികരണം എന്തായിരിക്കും? എന്നാൽ ഞെട്ടിച്ചു കൊണ്ടായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം. 11 പേരുള്ള എന്റെ ക്ലാസിൽ മൂന്ന് പേര് ഒഴികെ ബാക്കി എല്ലാവരും  നല്ല നിലവാരം പുലർത്തുന്നു. ആ മൂന്നുപേർക്കും  കൈത്താങ്ങ് നൽകി കൂടെ എത്തിക്കാൻ ശ്രമിക്കുകയാണ്. കഥ എഴുതാനും സംയുക്ത ഡയറി എഴുതാനും എല്ലാവർക്കും താൽപര്യമാണ്. 

ജൂലൈ മാസത്തിലാണ് ഡയറി എടുത്ത് തുടങ്ങിയത്. ഇപ്പോൾ കുട്ടികളുടെ ഡയറി എഴുത്തിൽ പേന കൊണ്ടുള്ള എഴുത്ത് വളരെ കുറവാണ്. ചില കുട്ടികൾ ദിനചര്യകൾ  എഴുതിയിരുന്നു. പിന്നീട് പറഞ്ഞു മനസ്സിലാക്കിയപ്പോൾ  അത് മാറ്റുകയും ചെയ്തു.  ഡയറി എഴുത്തിലൂടെ പെരുന്നാളും, ബർത്ത് ഡേ യും, കല്യാണവും, വീട്ടിലെത്തുന്ന  വിരുന്നുകാരും എല്ലാം കടന്നു വരാൻ തുടങ്ങി." രക്ഷിതാക്കൾ പറയുകയാണ്  ടീച്ചറെ അവർ പുറത്തിറങ്ങുമ്പോൾ ബസ്സിന്റെ ബോർഡ്,  കടയുടെ പേരുകൾ,  ഒരു പേപ്പർ കിട്ടുമ്പോൾ അതിലെ അക്ഷരങ്ങൾ എന്നിവയെല്ലാം വായിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് അത് കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ടെന്ന്  "

 അതുപോലെതന്നെ പറയുന്ന വാക്കുകൾ ബോർഡിൽ എഴുതാൻ എല്ലാവർക്കും താല്പര്യമാണ്. എഴുതിക്കഴിഞ്ഞ്  വായിച്ചു നോക്കുമ്പോൾ  അവരുടെ തെറ്റുകൾ അവർ തന്നെ കണ്ടുപിടിക്കുന്നുണ്ട്. ചില ചിഹ്നങ്ങൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ട്. ഒരു തവണ പറഞ്ഞു കൊടുക്കുമ്പോൾ  പിന്നീട് ആ ചിഹ്നം വരികയാണെങ്കിൽ നേരത്തെ എഴുതിയ വാക്ക് പറയുമ്പോൾ  അവർക്ക് എഴുതാൻ കിട്ടുന്നുണ്ട്. ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്ന  കഥ എഴുതാനുള്ള ചിത്രങ്ങളും വായന കാർഡുകളും  വളരെ ഉപകാരപ്രദവുമാണ്. പാഠപുസ്തകത്തിലെ എടുക്കാൻ പോകുന്ന പാഠഭാഗം ആദ്യം കുട്ടികളെ കൊണ്ട് തന്നെ വായിപ്പിക്കുമ്പോൾ  അവർ നന്നായി വായിക്കുന്നുണ്ട്. കിട്ടാത്ത വാക്കുകൾ മാത്രം പറഞ്ഞുകൊടുക്കുന്നു. പിന്നീടാണ് ഞാൻ വായിച്ചു കൊടുക്കുന്നത്. ഒന്നാം ക്ലാസിലെ കുട്ടികൾ ഒന്നാന്തരം ആയതിനാൽ നല്ലൊരു അഭിമാനവും സന്തോഷവും തോന്നുന്നു 🥰 "


 ശ്രീജ എം എസ്

ജി എൽ പി എസ് മലയാറ്റൂർ

അങ്കമാലി സബ് ജില്ല

എറണാകുളം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി