"നാടറിയണം നടപ്പറിയണം
തോടറിയണം പുഴയറിയണം
ചുഴിയറിയം പഠിച്ചുവന്നാൽ
വിത്തറിയണം വിളയറിയണം
കളയറിയണം പഠിച്ചുവന്നാൽ
മണ്ണറിയണം മലയറിയണം
മഴയറിയണം പഠിച്ചുവന്നാൽ
നേരറിയണം നെറിയണം
തൊഴിലറിയണം പഠിച്ചുവന്നാൽ "
-എം എം സചീന്ദ്രൻ.
നാട്ടുവിശേഷം ' കൂട്ടെഴുത്ത് എന്തിന് ?
- പുതിയ തലമുറ നടന്നു വിദ്യാലയത്തിലേക്ക് പോകുന്നില്ല. സ്കൂൾവണ്ടിക്കാഴ്ചകൾ. സ്വന്തം നാടിനെക്കുറിച്ച് അറിയാനും അന്വേഷിക്കാനും അനുഭവം പങ്കിടാനും അവസരം ഒരുക്കണ്ടേ?പാഠപുസ്തകത്തിലെ പാടവും മലയും പുഴയുമല്ല സ്വന്തം ജീവിത പ്രദേശത്തെ പ്രകൃതിയും സാമൂഹിക സാഹചര്യവും. ആ കുട്ടിയുടെ ചിന്തയിലേക്ക് വരണം. നാട്ടുവിശേഷം കൂട്ടെഴുത്തിന് അത്തരം ഒരു മാനം ഉണ്ട്.
- രചനാശേഷിയിൽ ഭിന്നനിലവാരമുണ്ട്. സഹവർത്തിത രചനയിലൂടെ കൂടുതൽ മികവിലേക്ക് എത്താൻ കഴിയും. നാട്ടുവിശേഷം കൂട്ടെഴുത്തിൻറെ രണ്ടാം തലം അതാണ്.
- ആശയാവതരണ രീതിയിലെ ഭാഷാ പഠനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾ സൃഷ്ടിക്കുന്ന പാഠങ്ങൾ ഉണ്ടാകണം. പരിചയപ്പെടുത്തിയ അക്ഷരങ്ങൾ പുതു സന്ദർഭത്തിൽ പ്രയോഗിക്കാനും ആശയ പ്രകാശന വേളയിൽ പുതിയ അക്ഷരങ്ങൾ ആവശ്യമായി വന്നാൽ അത് സ്വീകരിക്കാനും നാട്ടുവിശേഷം കൂട്ടെഴുത്ത് വഴിയൊരുക്കും.
- മറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ് രചന വ്യക്തതയോടെ എഴുതാനുള്ള ഉൾത്തള്ളൽ വരും.
- സ്വന്തം രചനകൾ, സഹപാഠികളുടെ രചനകൾ സാവധാനം വായിച്ചു നോക്കി എഡിറ്റ് ചെയ്യാനുള്ള കഴിവ് വളർത്താനും കൂട്ടെഴുത്ത് സഹായിക്കും.
രീതി
കുട്ടികളെ ഭിന്ന നിലവാരം ഗ്രൂപ്പുകളാക്കുന്നു
നാട്ടിലെ ഏതെങ്കിലും ഒരു കാര്യം രചനാ വിഷയമായി തിരഞ്ഞെടുക്കുന്നു. ഉദ: പുഴ/ ചന്ത / വയൽ/കുളം / കുന്ന്/ കൃഷിയിടം/ ബസ് കവല....
ആ കാര്യത്തെക്കുറിച്ച് ഓരോ ഗ്രൂപ്പും ചർച്ച ചെയ്യുന്നു. അറിയാവുന്ന കാര്യങ്ങൾ ഗ്രൂപ്പിൽ പങ്കിടുന്നു
ഓരോ ഗ്രൂപ്പും കണ്ടെത്തിയ കാര്യങ്ങൾ പൊതുവായി അവതരിപ്പിക്കുന്നു.
എല്ലാ ഗ്രൂപ്പുകൾക്കും A4 പേപ്പർ നൽകുന്നു
അതിൽ രചനാ വിഷയത്തിന്റെ ചിത്രം വരയ്ക്കുന്നു
ഓരോ ഗ്രൂപ്പും നാലോ അഞ്ചോ വാക്യങ്ങൾ പരസ്പരം ആലോചിച്ചും സഹായിച്ചും എഴുതണം
ഒരു ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഓരോ വാക്യങ്ങൾ വീതം എഴുതണം.
അറിയാത്ത അക്ഷരങ്ങളുടെയും വാക്കുകളുടെയും കാര്യത്തിൽ സഹപാഠികളുടെ സഹായം തേടാം ഗ്രൂപ്പിന് പൊതുവായി അറിയാതെ വന്നാൽ ടീച്ചറുടെ സഹായം തേടണം
കുട്ടികൾ എഴുതുന്ന സമയത്ത് ടീച്ചറുടെ പിന്തുണാ നടത്തം
എഴുതുമ്പോൾ തെറ്റു വന്നാൽ വെട്ടി എഴുതാം. തെറ്റിയതിന് മുകളിൽ പേപ്പർ കഷണം ഒട്ടിച്ചും എഴുതാം. എല്ലാവരും സ്വന്തം ബുക്കിൽ പകർത്തുന്നു.
എഴുതിക്കഴിഞ്ഞ് ഓരോ ഗ്രൂപ്പും എഴുതിയത് വായിച്ച് അവതരിപ്പിക്കണം. ഒരു വാക്യം വീതം. പരസ്പരം സഹായിക്കാം.
എല്ലാ ഗ്രൂപ്പുകളുടെയും രചനകൾ ശേഖരിക്കണം
അവയിൽ നിന്നെല്ലാം വാക്യങ്ങൾ സ്വീകരിച്ച് ടീച്ചർ ഒരു വായനാ സാമഗ്രി തയ്യാറാക്കണം. ടീച്ചർ വേർഷൻ. ഓരോരുത്തരും സ്വന്തം ബുക്കിലെഴുതിയതും ടീച്ചർ എഴുതിയതുമായി പൊരുത്തപ്പെടുത്തുന്നു. ടീച്ചർ സാവധാനം ഉറക്കെ വായിക്കണം. ഏതാനം കുട്ടികൾക്കും വായിക്കാം. എഴുതിക്കഴിഞ്ഞാൽ ഏതു രചനയും സാവധാനവായന നടത്തേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തണം.
അടുത്ത ദിവസം ഓരോ ഗ്രൂപ്പും കൂടുതൽ ആശയം വീട്ടിൽ അന്വേഷിച്ച് കിട്ടിയാൽ അത് ചാർട്ടിൽ കൂട്ടിച്ചേർക്കണം. വളരുന്ന രചനയായി മാറണം. കൂട്ടുവായന നടത്തണം.
ടീച്ചറും വായന നടത്തുന്നു
ആഴ്ചയിൽ ഒരു ദിവസം ഉച്ചനേരം കൂട്ടെഴുത്ത് . .ഓരോ ദിവസത്തെയും വിഷയം തീരുമാനിച്ച് നൽകിയാൽ മതി
ഈ പ്രവർത്തനം ട്രൈ ചെയ്യാൻ കുറച്ച് അധ്യാപകർ തയ്യാറായി
അതിന്റെ റിപ്പോർട്ടുകളാണ് താഴെ.
നാട്ടുവിശേഷം കൂട്ടെഴുത്ത് -
തിരഞ്ഞെടുത്ത വിഷയം : പുഴ
കുട്ടികളുടെ ഗ്രൂപ്പിൽ
വ്യത്യസ്ത നിലവാരത്തിലുള്ളവർ ഉണ്ട്.
1. ആശയമുണ്ട് എഴുതാനറിയാം
2. ആശയം കുറവ്. എഴുതാൻ കഴിയും. ചെറിയ തെറ്റുകൾ മാത്രം.
3. ആശയം നല്ലത് പോലെ ഉണ്ട്.
എഴുത്തിൽ പ്രതിഫലിക്കുന്നില്ല.
ഒരു കുട്ടി പുഴയിൽ ആളുകൾ ചൂണ്ടയിടാറുണ്ട്
എന്ന് പറഞ്ഞു. അവന് പുഴ എന്ന പദം മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ.
ഗ്രൂപ്പിലെ മറ്റു കുട്ടികൾ അവനെക്കൊണ്ട് പദങ്ങൾ പറഞ്ഞുകൊണ്ട് എഴുതുന്നു.
അവർ (സഹായികൾ )തമ്മിൽ തർക്കം ഉണ്ടായി.
ടീച്ചർ ഇടപെട്ടു.
കുട്ടികൾ സഹായിക്കുമ്പോൾ - അവർക്ക് പരിചിതമായ പദങ്ങൾ അതായത് ക്ലാസിൽ പരിചയപ്പെട്ടിട്ടുള്ള പദങ്ങൾ എഴുതാൻ കഴിയാത്തവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ വാക്കിലെ ഇന്ന അക്ഷരമാണ് എന്നൊക്കെ.
ഗവ: യു.പി.സ്കൂൾ നോർത്ത് എഴിപ്രം.
കുട്ടികൾ - 26
ഒരു ഗ്രൂപ്പിൽ 5 /4 പേർ.
വരാത്തവർ ഉണ്ട്.
രണ്ട് ഡിവിഷൻ ഉണ്ട് ഇതിപ്പോ ഒരു ഡിവിഷനിൽ ആണ് ചെയ്തത്.
2.
നാട്ടു വിശേഷം കൂട്ടെഴുത്ത് - കുളം
ട്രൈ ചെയ്ത സ്കൂൾ: എ യു പി എസ് കേരളശ്ശേരി.
ഒന്നാം ക്ലാസിൽ ആദ്യമായാണ് നാട്ടിലെ സ്ഥലങ്ങൾ രചനയുടെ ഭാഗമാകുന്നത്. ഡയറിയെഴുത്തിൽ കടന്നുവരാറുണ്ടെങ്കിലും ക്ലാസ് തലത്തിൽ ചർച്ച ചെയ്തിരുന്നില്ല ഇതുവരെ .
22 കുട്ടികളാണ് ഇന്ന് ഹാജരായിരുന്നത്. അവരോട് നാട്ടിലെ വിശേഷങ്ങൾ ചർച്ച ചെയ്തു. ഉത്സവങ്ങൾ , കളിസ്ഥലം, പാടം, കുളങ്ങൾ , തോട് അങ്ങനെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് അവരുടെ പ്രദേശത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
അതിൽ നിന്ന് കുളം എന്ന വിഷയം എടുത്തു. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി കുളത്തെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി. ചർച്ച ചെയ്ത കാര്യങ്ങൾ ഗ്രൂപ്പിൽ നിന്ന് ഒരാൾ അവതരിപ്പിച്ചു. ശേഷം ഒരാൾ ഒരു വാചകം വീതം എഴുതാൻ ആവശ്യപ്പെട്ടു. ഭിന്നനിലവാരക്കാരുൾക്കൊള്ളുന്ന ഗ്രൂപ്പായതിനാൽ കുട്ടികൾ പരസ്പരം പ്രതീക്ഷിച്ചതിലധികം സഹായിച്ചു. അങ്ങനെ എല്ലാവരും ചേർന്നുള്ള കൂട്ടെഴുത്ത് വളരെ നല്ല രീതിയിൽ നടന്നു. ഓരോ ഗ്രൂപ്പും എഴുതിയത് വായിച്ചു. ചാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം കുട്ടികൾ നല്ല രീതിയിൽ ചെയ്തു
നാട്ടുവിശേഷം കൂട്ടെഴുത്ത് - പുഴ
കുട്ടികളുടെ സ്വന്തം രചനാ ശേഷി വികസിപ്പിക്കുന്നതിനും നാടിനെ കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒരു പ്രവർത്തനമായിരുന്നു ഇന്ന് നടന്നത്.
പുഴ എന്നതാണ് രചനാ വിഷയമായി തിരഞ്ഞെടുത്തത് 10:30ന് ആരംഭിച്ചു. ക്ലാസിൽ 35 കുട്ടികളിൽ 29 കുട്ടികളായിരുന്നു പങ്കെടുത്തത് . 9 ഗ്രൂപ്പുകളിൽ ആയിട്ടാണ് പ്രവർത്തനം നടന്നത്. എല്ലാ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ വീതം അവതരണം നടത്തി. അവതരണം റിക്കാർഡ് ചെയ്തു. രചനാ വിഷയത്തിന്റെ ചിത്രരചന നടത്തി. ഓരോ ഗ്രൂപ്പും വലിയ മോശമില്ലാതെ തന്നെ വാക്യങ്ങൾ കണ്ടെത്തി. അത് ക്ലാസിൽ പ്രദർശിപ്പിച്ചു. ശേഷം ടീച്ചർ എഴുതിയ ഒരു വായന സാമഗ്രി ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.
പിന്തുണ ആവശ്യമുള്ള ചില ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. പിന്തുണയിലൂടെ അവർക്കും എഴുതാൻ സാധിച്ചു. രചനാ വിഷയമായി തിരഞ്ഞെടുത്ത കാര്യത്തെപ്പറ്റി കുട്ടിക്ക് കൂടുതൽ ചിന്തിക്കാൻ നല്ലൊരു അവസരമായിട്ട് തന്നെയാണ് തോന്നിയത്. വാക്യങ്ങൾ കണ്ടെത്താനും അതുമായി ബന്ധപ്പെട്ട രചന നടത്താനും കുട്ടികൾക്ക് ഒരു കഴിവ് ഇതിൽ നിന്നും ലഭിച്ചു
എഎംയുപിഎസ് പാറക്കൽ
വിഷയം: തോട്
ഗ്രൂപ്പിംഗ് 5 മിനുട്ട്
നിർദ്ദേശം 10 മിനുട്ട്
ചർച്ച 25 മിനുട്ട്
ചർച്ചകളിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.
കൂട്ട് എഴുത്തിൽ അറിയുന്ന കുട്ടികൾ പ്രയാസം നേരിടുന്ന കുട്ടികൾക്ക് നല്ല രീതിയിൽ സഹായിക്കുന്നു. അതുകൊണ്ട് എഴുതാൻ സാധിച്ചു.
ക്ലാസിലെ എല്ലാ കുട്ടികളുടെയും
പങ്കാളിത്തം ലേഖനത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
നാലു കുട്ടികൾ ലേഖനത്തിൽ പിന്നിലാണ്.
അവർ കൂട്ട് എഴുത്തിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ എഴുതി.
ഒരു മണിക്കൂറോളം സമയമെടുത്തു.
കുട്ടികളുടെ സ്വന്തം രചനയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
സൗമ്യമോൾ കെ.എസ്
ജിഎൽപിഎസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി