അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഒന്നാം ക്ലാസിലേക്ക് എങ്ങനെ എത്തിക്കണം എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു.
എന്നാൽ കുട്ടികളും രക്ഷിതാക്കളും സഹർഷം ഈ പ്രവർത്തനങ്ങളെ ഏറ്റെടുത്തു.
ജൂൺ മാസത്തിൽ സചിത്ര പുസ്തകത്തിലൂടെ തുടങ്ങിയ യാത്ര ജൂലൈ മാസത്തിൽ സംയുക്ത ഡയറിയിലും പിന്നീട് രചനോത്സവത്തിലും എത്തിച്ചേർന്നിരിക്കുന്നു.
24 കുട്ടികളുള്ള എൻ്റെ ക്ലാസിൽ 10 കുട്ടികളാണ് ആദ്യം സംയുക്ത ഡയറി എഴുത്തിലേയ്ക്ക് കടന്നുവന്നത്. അവരുടെ ഡയറിക്കുറിപ്പുകളുടെ ക്ലാസുകൾ പങ്കിടുന്നതിനനുസരിച്ച് ബാക്കിയുള്ളവരും പടിപടിയായി ഡയറി എഴുത്തിലേയ്ക്ക് കടന്നു വന്നു. തുടക്കക്കാർ 115 ദിവസങ്ങൾ പൂർത്തിയായി.
- ആദ്യ ഡയറിത്താളുകൾ
വാക്യത്തിൽ ഒതുക്കി ബാക്കി സ്ഥലം ചിത്രരചനയാൽ നിറച്ചവർക്ക് ഇന്ന് എഴുതാനുള്ള വിശേഷങ്ങൾ ഒരുപാടാണ്. - ഓരോ ദിവസത്തേയും അനുഭവങ്ങൾ തങ്ങൾക്കാവുന്ന പോലെ മനോഹരമാക്കി എഴുതാൻ കുട്ടികൾ ശ്രമിക്കുന്നു.
- ഓരോ ദിവസത്തേയും ഡയറിത്താളുകളിൽ അവർ നിറയുന്ന വിശേഷങ്ങൾ, അനുഭവങ്ങൾ, കണ്ട കാഴ്ചകൾ എന്നിവയൊക്കെ അറിയാനായി ഞാനാണിന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
- അവർ നട്ട ചെടിയിൽ പൂ വിരിഞ്ഞ സന്തോഷവും, കാഴ്ചയില്ലാത്ത അപ്പൂപ്പനെ കണ്ടപ്പോൾ തോന്നിയ വിഷമവും, ജെ.സി.ബി കണ്ടപ്പോഴുള്ള അത്ഭുതവും എല്ലാം ക്ലാസ് ഒന്നടങ്കം ഏറ്റെടുക്കുന്നു.
- രക്ഷിതാക്കളുടെ പേന കൊണ്ടുള്ള എഴുത്ത് കുറഞ്ഞു വരുന്നത് വളരെയധികം സന്തോഷം നൽകുന്നു.
- കുട്ടികളുടെ സർഗാത്മക ശേഷികളെ വളർത്തിയെടുക്കാനും വായനയിലും എഴുത്തിലും മുന്നേറാനും സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ബിന്ദു.ടി.
എ.യു.പി.എസ്.കവളപ്പാറ
ഷൊർണൂർ ഉപജില്ല
പാലക്കാട് .
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി