Pages

Monday, January 8, 2024

പ്രതിസന്ധികൾ നേരിട്ട ഒന്നാം ക്ലാസിലെ പുതിയ ടീച്ചർ



  • പി എസ് സി നിമയനം ലഭിച്ചത് 3 മാസം മുമ്പ്
  • ചുമതല കിട്ടിയത് ഒന്നാം ക്ലാസിൽ
  • ടീച്ചർക്ക് സചിത്ര നോട്ടുപുസ്തകവും സംയുക്ത ഡയറിയും എന്താണെന്ന് അറിയില്ല
  • ക്ലാസിൽ അവ ചെയ്യിച്ചിട്ടുമില്ല
  • കുട്ടികൾ അഭിലഷണീയതലത്തിലുമല്ല.
ഈ പ്രതിസന്ധികളെ ഷാനടീച്ചർ എങ്ങനെ നേരിട്ടു?

2024 ജനുവരി 6 ന്ബേ ള ജി .ഡബ്ല്യു.എൽ പി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ 3 മാസം മാത്രം സർവീസുള്ള അധ്യാപിക  പങ്കു വച്ച അനുഭവങ്ങൾ വായിക്കൂ, വീഡിയോ കാണൂ

"ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് 3 മാസമേ ആയിട്ടുള്ളൂ. എനിക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടില്ല. ആകെയുള്ളത് രണ്ട് ക്ലസ്റ്ററുകളിൽ പങ്കെടുത്ത അനുഭവം മാത്രമാണ്. ആദ്യം ഞാൻ ക്ലാസിലെത്തിയപ്പോൾ കുട്ടികൾക്ക് കാര്യമായി വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല. പല അധ്യാപകക്കൂട്ടായ്മകളിൽ നിന്നും കിട്ടിയ അറിവുകളുടെ വെളിച്ചത്തിൽ ഞാൻ സചിത്ര പുസ്തകം ആരംഭിച്ചു. കുട്ടികൾ വളരെ താല്പര്യത്തോടെ സചിത്ര പുസ്തക പ്രവർത്തനങ്ങളെ കാത്തിരിക്കാൻ തുടങ്ങി. സംയുക്ത ഡയറി എഴുത്തും അധികം താമസിയാതെ ആരംഭിച്ചു. 

രണ്ടാമത്തെ ക്ലസ്റ്ററിനു  വന്നപ്പോൾ ആണ് സംയുക്ത ഡയറി എന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നതും കാണുന്നതും കുട്ടികൾ അത് ഇതുവരെ ചെയ്തിട്ടില്ല. എങ്ങനെ തുടങ്ങണം എന്നുള്ള പരിചയവും ഇല്ല ഭാഷോത്സവുമായി ബന്ധപ്പെട്ടു ഗ്രൂപ്പ്‌ കളിൽ വന്ന ഡയറി കൾ കണ്ട് പോസിറ്റീവ് ആയി ചിന്തിച്ചു.അവരോടു ഡയറി എഴുതുവാൻ പറഞ്ഞു. രക്ഷകർത്താക്കളെ ഫോൺ വഴി ബന്ധപ്പെട്ടു. കുട്ടികൾക്കു കഴിയുന്ന വിധം എഴുതുവാൻ നിർദേശിച്ചു. ഒരു വാക്യം  ആയാലും മതി അവർ എഴുതട്ടെ എന്ന് പറഞ്ഞു. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ കുട്ടികൾ അത് ഭംഗിയായി എഴുതുന്നു. അവരുടെ എഴുത്തും വരയും എല്ലാം എന്നെ അതിശയപെടുത്തി.

കൂട്ടെഴുത്തു എന്നാ ആശയം വന്നപ്പോൾ അത് ചെയ്യാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചു. ഈ ആശയം ഞാൻ ക്ലാസ്സിൽ പറഞ്ഞു "മക്കളെ നമുക്ക് ഒരു പത്രം നിർമിച്ചാലോ.. നമുക്ക് ചുറ്റുമുള്ള വാർത്തകൾ എഴുതിയാലോ ?" എല്ലാവരും ഒരുമിച്ച് "എഴുതാം ടീച്ചറെ " എന്നു പറഞ്ഞു. ആ  സന്തോഷം അതിൽ നിന്നും അവരുടെ ഉത്സാഹം എനിക്ക് മനസിലായി .ഒരുമിച്ച്  ഇരുന്നു ഞങ്ങൾ പത്രം നിർമിച്ചു. മഞ്ചാടി എന്നുള്ള പേര് അവർ തന്നെ പറഞ്ഞു തന്നു.

പ്രീ- സ്കൂൾ അനുഭവമോ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് കാര്യമായ പിന്തുണ ലഭിക്കാനുള്ള സാഹചര്യമോ ഇല്ലാതിരുന്നിട്ടും എന്റെ ക്ലാസിലെ 31 കുട്ടികളിൽ 20 പേർക്ക് ഇപ്പോൾ കാര്യമായ തെറ്റില്ലാതെ വായിക്കാനും എഴുതാനും അറിയാം . കുട്ടികളുടെ സംയുക്ത  ഡയറി അധികം താമസിയാതെ പുസ്തകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സചിത്ര പുസ്തകം സംയുക്ത ഡയറി, കൂട്ടെഴുത്ത് ഇവയെല്ലാം എന്റെ മക്കളുടെ എഴുത്തും വായനയും മെച്ചപ്പെടുത്താൻ ഒരു പാട് സഹായിച്ചിട്ടുണ്ട്.

എല്ലാ ദിവസവും വർത്തമാനപ്പത്രം കൂട്ടായി ഇരുന്നു വായിക്കുകയും പിന്തുണ വേണ്ടവരെക്കൂടി ഒപ്പം കൂട്ടി സഹായിക്കുകയും ചെയ്യുന്നു എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഇനിയും ഇത്തരം കൂടിച്ചേരലുകളിലൂടെ കൂടുതൽ കാര്യങ്ങൾ അറിയാൻ അവസരം ഉണ്ടാകണമെന്നാണ്

ഷാന

ജി ജെ ബി എസ്

പിലാങ്കട്ട

കുമ്പള ഉപജില്ല


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി