Pages

Friday, January 26, 2024

അനുഭവവിടവുള്ളവർക്ക് പിന്തുണയുമായി ബിന്നി ടീച്ചർ

വടകരയിൽ കൂടിയ ഒന്നാം ക്ലാസ് അധ്യാപകൻ ശിൽപശാലയിലെ ഒരു പ്രധാന ചർച്ച വിഷയം സ്ഥിരമായി ഹാജരാകാത്ത കുട്ടികൾക്ക് ഉണ്ടായ അനുഭവവിടവുകൾ എങ്ങനെ പരിഹരിക്കാം. കൊല്ലത്തു നിന്നുള്ള അധ്യാപകർ ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളുടെ വീട്ടിൽ പോയ അനുഭവം പങ്കിട്ടു. വ്യക്തിഗത പാഠങ്ങളാണ് അവർ വികസിപ്പിക്കാൻ ശ്രമിച്ചത്.


അനുഭവവിടവ് പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തണം എന്ന തീരുമാനത്തോടെയാണ് എല്ലാവരും പിരിഞ്ഞത്. ബേള GW LPS ലെ ബിന്നി ടീച്ചർ ഉടൻ തന്നെ ഒരു രീതി വികസിപ്പിക്കാൻ ശ്രമിച്ചു. അത് ടീച്ചറുടെ വാക്കുകളിൽ.

"ഇന്ന് എനിക്ക് വളരെ സന്തോഷം തോന്നിയ ദിവസമാണ്. കാരണം കുറേ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള വഴി തെളിഞ്ഞു. 

ഈ സന്തോഷം എനിക്ക് ഈ ഗ്രൂപ്പിലെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കണമെന്ന് തോന്നി. കാരണം എന്നെപ്പോലെ തന്നെ നിങ്ങളിൽ പലരും ഈ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ടാകുo. ചിലർ പ്രശ്നത്തിന് ഏതെങ്കിലും തരത്തിൽ പരിഹാരം കണ്ടെത്തിയിട്ടുമുണ്ടാകും. എങ്കിലും ഒരു പങ്കു വയ്ക്കൽ ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നു മാത്രം കരുതിയാണ് പങ്കിടുന്നത്.

  • ക്ലാസിലെ പകുതിയിലധികം കുട്ടികൾ തനിയെ വാക്യങ്ങൾ എഴുതാനും പുസ്തകമടക്കം വായിക്കാനും കഴിവുള്ളവരായി മാറി. 
  • രണ്ടു പേർ എൻ്റെ സഹായത്തോടെ പറഞ്ഞെഴുതി സ്വന്തമായി എഴുതാനുള്ള കഴിവിലേക്ക് അടുക്കുകയും ചെയ്തു. 
  • പിന്നെയുള്ള നാലുപേരും ഇവരുടെ അത്ര പ്രശ്‌നമില്ലെങ്കിലും വായിക്കാനും എഴുതാനും പ്രാപ്തനാകാതിരുന്ന മറ്റൊരു കുട്ടിയും പല പരിമിതികളാലും ഈ പ്രവർത്തനങ്ങളിൽ ഒന്നും ഏർപ്പെടാൻ കഴിയാതെ മുന്നോട്ടു പോവുകയായിരുന്നു. 
  • ഇവരും മറ്റുള്ളവരുടെ ഒപ്പം എത്താൻ   കഴിഞ്ഞില്ലെങ്കിലും ചെറിയ വാക്യങ്ങളെങ്കിലും വായിക്കാനും എഴുതാനും കഴിഞ്ഞാൽ മാത്രമേ ഒന്നാം ക്ലാസ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയെന്ന് എനിക്ക് പറയാൻ കഴിയൂ.
  • ഇവർക്ക് പ്രത്യേകമായി നീക്കിവയ്ക്കാൻ സാധാരണ പ്രവൃത്തി ദിനങ്ങളിൽ സമയം കുറവായിരുന്നു. 
  • ഇവർക്കു വേണ്ടി മാത്രമായി ഞാൻ ഇടപെട്ടാൽ മാത്രമേ ഇവർ എന്തെങ്കിലും ചെയ്യുമായിരുന്നുള്ളൂ. 
  • ഇന്നലെ രാത്രി ഈ കുട്ടികളുടെ രക്ഷിതാക്കളെ ഞാൻ വിളിക്കുകയും ഇവരെ നാളെ സ്കൂളിൽ എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു.
  • ഇവരിൽ നാലു പേരും ഇന്നു വരികയും ഒരു മണി വരെ ഇവർക്ക് ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.
  • ഒരു കുട്ടിക്ക് വീട്ടിലെ സാഹചര്യം നിമിത്തം വരാൻ കഴിഞ്ഞില്ല. 
  • ഇവർക്ക് ആദ്യം മുതൽ തന്നെ പരിചിതമായിരുന്ന തത്തയിൽ നിന്നാണ് തുടങ്ങിയത്.
  • തത്തയെ വരച്ചു. നിറം കൊടുത്തു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് നാലു പേരും തത്ത എന്നെഴുതി.

തത്ത

പച്ചത്തത്ത

തത്ത ഇരുന്നു.

പാവം തത്ത

ഇതായിരുന്നു പാഠം.

  • അതനുസരിച്ച് ഇതിനെ ബന്ധപ്പെടുത്തി നാലു വരികൾ വീതമുള്ള നാലു പാഠങ്ങൾ കൂടി നൽകി. തീരെ അറിഞ്ഞുകൂടാത്തതായി ആരുമില്ലെന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്.
  • എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം മറ്റു ദിവസങ്ങളിൽ ടോയ് ലറ്റിൽ പോകാനും വെള്ളം കുടിക്കാനുമെല്ലാം കൂടെക്കൂടെ ആവശ്യപ്പെടുന്ന ഈ മക്കൾ ഇന്ന് ഞാൻ പുറത്തു പൊയ്ക്കോളൂ എന്ന് പറഞ്ഞിട്ടു പോലും പോകാൻ കൂട്ടാക്കാതെയിരിക്കുകയും നിർബന്ധിച്ച് പുറത്തുവിട്ടെങ്കിലും കളിക്കാൻ പോകാതെ നേരെ ക്ലാസിലേക്ക് വരികയും ചെയ്തു. 
  • ബുക്കിൽ നിറയെ സ്റ്റാറ്റം ആയതിനേക്കാൾ സന്തോഷം നിറഞ്ഞ മുഖവുമായി യാതൊരു മടുപ്പും ക്ഷീണവും കാണിക്കാതെ ഒരു മണിയായിട്ടും വീട്ടിൽ പോകാൻ തിരക്കില്ലാതെ എഴുതാനും വരയ്ക്കാനും തയ്യാറെടുക്കുന്ന കുഞ്ഞുങ്ങൾ എന്ന പ്രതീക്ഷ നിറച്ചിരിക്കുകയാണ്. 
  • ഇവരെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കി ഒന്നാം ക്ലാസിൽ നിന്ന് രണ്ടാം ക്ലാസിലേക്ക് അയക്കാൻ എനിക്ക് കഴിയുമെന്ന് .
  • ഒരു കുട്ടിയുടെ ഉമ്മയും മറ്റൊരു മൂന്നാം ക്ലാസ്സുകാരി ചേച്ചിയും എല്ലാം







    കാണുകയും ഞങ്ങളും ഇതേ രീതിയിൽ പറഞ്ഞു കൊടുക്കുമെന്ന് പറയുകയും ചെയ്തു. 
  • ഈ ആക്കാദമിക വർഷത്തെ അവധി ദിവസങ്ങളിലും മധ്യവേനലവധി ദിനങ്ങളിലും ഇത്തരം ക്ലാസുകൾ നൽകിയാൽ അവരെയും തൃപ്തികരമായ ഒരു നിലയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോൾ. പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷത്തിലും."

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി