Pages

Friday, February 9, 2024

ഒന്നാം ക്ലാസിൽ 146 സചിത്രകഥ പതിപ്പുകളുടെ പ്രകാശനം

ലോകമാതൃഭാഷാദിനം അതിഗംഭീരമായി ആഘോഷിക്കാനാണ് നീർക്കുന്നം സ്കൂളിൻ്റെ തീരുമാനം. കുട്ടികളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടി സചിത്രനോട്ട് ബുക്ക് പ്രായോഗികമാക്കാൻ പ്രയാസമുണ്ടെന്ന് പലരും പരിഭവപ്പെട്ടപ്പോൾ ഈ സ്കൂളിലെ 5 ഡിവിഷനുകളിലെയും രക്ഷിതാക്കളും അധ്യാപകരും പ്രഥമാധ്യാപികയും ഒറ്റമനസ്സോടെ പ്രവർത്തനം ഏറ്റെടുത്തു. വിജയത്തിൻ്റെ കൊടുമുടിയിലേക്ക് അവർ നീങ്ങി. ആവേശകരമായ അനുഭവം.

''ഞങ്ങൾ ഒന്നാന്തരമാണ് "


ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് യുപി സ്കൂളാണ് നീർക്കുന്നം എസ്.ഡി. വി ഗവൺമെൻറ് യു.പി സ്കൂൾ . ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ  സാധാരണ മത്സ്യത്തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും മക്കളാണ് പഠിക്കുന്നത് .

1627 കുട്ടികൾ പഠിക്കുന്ന ഇവിടെ ഒന്നാം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയത് 146 കുട്ടികളാണ്.

വിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുന്നോട്ടുവെച്ച സചിത്രപാഠപുസ്തകം - സംയുക്ത ഡയറി എന്നീ പുതിയ ആശയം ചർച്ച ചെയ്യുന്ന അവസരത്തിൽത്തന്നെ കുട്ടികൾക്ക് പ്രവേശനോത്സവ സമ്മാനമായി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി നൽകിയത് A4 സൈസ് വരയിട്ട നോട്ട്ബുക്ക് ആയിരുന്നു. 

ആശങ്കയോടെ തുടക്കം

തുടക്കത്തിൽ അധ്യാപകരും രക്ഷിതാക്കളും ഈ ആശയത്തെ ഏറെ ആശങ്കയോടെയാണ് കണ്ടത്.

  • ചിത്രങ്ങൾ ശേഖരിക്കുക ,മുറിച്ചു കൊടുക്കുക, ഓരോ കുട്ടിയുടെയും നോട്ട്ബുക്കിൽ ഒട്ടിക്കുക , അത് സംബന്ധിച്ച് എഴുതിക്കുക, പറയിക്കുക എല്ലാം അല്പം അധ്വാനം വേണ്ടിവരുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ .
ആത്മവിശ്വാസം 
  • എന്നാൽ ആദ്യത്തെ രണ്ടുമാസം കൊണ്ട് തന്നെ തങ്ങളുടെ അധ്വാനത്തിന് ഫലം ഉണ്ടാകുന്നു എന്ന തിരിച്ചറിവ് അധ്യാപകരിൽ ആത്മവിശ്വാസം വളർത്തി. 
  • വർദ്ധിച്ച ആവേശത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ  അധ്യാപകരും തയ്യാറായി.
  • രക്ഷിതാക്കളുടെ ഗുണാത്മക പ്രതികരണങ്ങൾ അധ്യാപകർക്ക് പ്രചോദനമായി.
  • പ്രധാനമായും രണ്ടുതരത്തിലാണ് സംയുക്ത ഡയറി എന്ന ആശയം ചലനാത്മകമായത്. ഒന്ന് കുട്ടി സ്വതന്ത്രമായി ചിന്തിച്ച് ആത്മ വിശകലനം ചെയ്ത് ആശയരൂപീകരണത്തിലെത്തുകയും അതിലൂടെ എഴുത്തും വായനയും സ്വായത്തമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്നു. രണ്ട്, കുട്ടിയും രക്ഷിതാവും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ആഴത്തിൽ ആകുന്നതിലൂടെ കുട്ടിയിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.
  • രക്ഷിതാവ് തങ്ങൾക്കൊപ്പം ഉണ്ടെന്ന തിരിച്ചറിവ് കുട്ടിക്കും ഒപ്പം അധ്യാപകർക്കും പ്രചോദനമാകുന്നു.

 ടേം പരീക്ഷകളിൽ അതിശയിപ്പിച്ച കുട്ടികൾ

ഒന്നാം പാദവാർഷിക മൂല്യനിർണത്തിൽ തന്നെ പ്രകടമായ പുരോഗതി കണ്ടു തുടങ്ങി രണ്ടാം പാദവാർഷിക മൂല്യനിർണയം ആയപ്പോൾ എഴുത്തും വായനയും മാത്രമല്ല കുട്ടികളുടെ ആശയവിനിമ ശേഷിയിലും മികവുകൾ പ്രകടമായി .

  • 146 പേപ്പറുകളിലും വ്യത്യസ്തത. 
  • ഞങ്ങൾ മുതിർന്നവരെ ആശ്ചര്യപ്പെടുത്തുന്ന ചിന്തയും ഭാവനയും .

എച്ച് എം എന്ന നിലയിൽ നേരനുഭവം

എൻറെ ഒന്നാം ക്ലാസ് സന്ദർശന അനുഭവങ്ങൾ ഓരോ ദിവസവും വ്യത്യസ്തമായിരുന്നു..

  • ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും എഴുത്തും വായനയും സ്വായത്തമാക്കി 
  •  സ്വന്തം ആശയങ്ങൾ മികവോടെ പ്രകടിപ്പിക്കാൻ പാകത്തിന് പ്രാപ്തരായി എന്നത് അനുഭവസാക്ഷ്യം. 
ഒന്നാന്തരം ചലഞ്ചിലേക്ക്
  •  2024 ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൽ ഞങ്ങളുടെ കുട്ടികളുടെ അവർ തയ്യാറാക്കിയ കൈയെഴുത്ത് മാസികകൾ - സചിത്ര കഥകൾ - പ്രകാശനം നടക്കുകയാണ്.
  • ഓരോ കുട്ടിയുടെയും വശം അവരുടെ സ്വന്തം രചനകൾ ഉൾക്കൊള്ളിച്ച കൈയെഴുത്ത് മാസികകൾ ഉണ്ടാകും. 

ഒപ്പം ഞങ്ങൾ ഒരു ചലഞ്ച് ഏറ്റെടുക്കുകയാണ്, " ഞങ്ങൾ ഒന്നാന്തരമാണ് " -ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും തങ്ങളുടെ മനസ്സിൽ വിരിയുന്ന ആശയങ്ങളെ തെറ്റുകൂടാതെ എഴുതി പ്രകടിപ്പിക്കാനാകും  എന്ന ചലഞ്ചുമായി പൊതു സമൂഹത്തിൻ്റെ മുൻപിൽ നിൽക്കുകയാണ്.

 ഇത്ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. 

അധ്യാപകരും രക്ഷിതാവും ഒരുമിച്ച് നിന്ന് ആത്മാർത്ഥമായ ഇടപെടൽ നടത്തിയാൽ അത്ഭുതകരമായ മാറ്റങ്ങൾ കുട്ടിയിൽ വരുത്താം എന്നതിൻറെ തെളിവ്.

നദീറ എ 

ഹെഡ്മിസ്ട്രസ്സ്

എസ്.ഡി.വി.ഗവ.യു.പി.സ്കൂൾ 

നീർക്കുന്നം

ആലപ്പുഴ


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി