പഠനയാത്ര കഴിഞ്ഞ് അടുത്ത ദിവസം സ്‌കൂളിൽ എത്തിയ കുട്ടികൾക്ക് അന്നത്തെ ഡയറി കാണിക്കാൻ വലിയ ഉത്സാഹം .പഠനയാത്ര കഴിഞ്ഞ് വന്നതല്ലേ എഴുതാതിരിക്കില്ല എന്ന് കരുതി ഡയറി തുറന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം യാത്രയെക്കുറിച്ച് അവർ ഡയറിയിൽ വളരെ വിശദമായിത്തന്നെ യാത്രാവിവരണം എഴുതിയിട്ടുണ്ട് .
പിന്നീട് ഞങ്ങൾ നെല്ല് കൊയ്യുന്നത് കാണാൻ ഒരു ഫീൽഡ് ട്രിപ്പ് പോയി. അതും ഭംഗിയായി അവർ ഡയറിയിൽ വിവരിച്ചെഴുതി.
ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയത് കണ്ടപ്പോൾ ഞാൻ ഓർത്തത് കഴിഞ്ഞവർഷം വരെ മൂന്നിലും നാലിലും ക്ലാസ് എടുത്തിരുന്ന സമയത്ത് ഒരു പഠനയാത്ര കഴിഞ്ഞാൽ യാത്രാവിവരണം എഴുതാൻ കുട്ടികളെ നിർബന്ധിക്കണമായിരുന്നു എന്നതാണ്. ഇനിയിപ്പോ എഴുതിയാലോ ഒരു എ ഫോർ പേപ്പറിൽ ഒതുങ്ങും.
പക്ഷേ ഞങ്ങളുടെ ഒന്നാം ക്ലാസുകാർ എല്ലാവരും രണ്ടു പേജിൽ കുറയാതെ എഴുതിയിരിക്കുന്നു! ഒരു മിടുക്കൻ അഞ്ച് പേജ് എഴുതി ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.
- ഒന്നാം ക്ലാസുകാർ തയ്യാറാക്കിയ ചിത്രകഥകൾ എല്ലാം ഒരു പുസ്തകം ആക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ .
- ഒന്നാം ക്ലാസിലെ കുട്ടികൾ കഥ എഴുതുന്നു കഥകൾ പറയുന്നു.. വായിക്കുന്നു....
- ചിത്രകഥകൾ തയ്യാറാക്കുന്നു .
- ക്ലാസ് പത്രം തയ്യാറാക്കുന്നു.
- യാത്രാവിവരണം എഴുതുന്നു.
- ഡയറി എഴുതുന്നു. ഒരു അത്ഭുതം തന്നെ.കാരണം നാലാം ക്ലാസിലെ കുട്ടികൾ വരെ ഒരു യാത്രാവിവരണം എഴുതാനും കഥകൾ എഴുതാനും കഴിയാത്ത ഈ സമയത്ത് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അതിനു കഴിയുന്നു.
- ഒന്നാം ക്ലാസിൽ സചിത്ര പുസ്തകം വന്നതിനുശേഷം ഉണ്ടായ ഇത്തരം മാറ്റങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.
- എട്ട് വർഷമായി പൊതുവിദ്യാലയത്തിൽ മൂന്നിലും നാലിലും പഠിപ്പിച്ചിരുന്ന ഞാൻ ഈ വർഷമാണ് ഒന്നാം ക്ലാസിലേക്ക് എത്തിയത്. ഏറെ ഭയത്തോടെയാണ് ഒന്നാംക്ലാസിലേക്ക് വന്നതെങ്കിലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. ഒന്നാം ക്ലാസിലെ ടീച്ചർ ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഫിൽസി കെ
മക്കൂട്ടം എഎംയുപിഎസ് കുന്ദമംഗലം സബ്
കോഴിക്കോട്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി