Pages

Sunday, July 21, 2024

കാർത്തിക്കും മന്ദാരച്ചെടിയിലെ കിളിയും

 ഇന്നലെ പെയ്ത മഴ


മുറ്റത്ത് വിറങ്ങലിച്ച ചേതനയറ്റ കുരുവിയെ കണ്ടാണ് കാർത്തി അമ്മേ, എന്ന് വിളിച്ച് അകത്തേക്ക് ഓടിവന്നത്. അവന്റെ കണ്ണുകളിൽ നോവിന്റെ നീരുറവയുണ്ടായിരുന്നു. എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർത്തുള്ളികൾ കനത്ത മഴയിൽ ലക്ഷ്യം തെറ്റി ഒഴുകുന്ന നീർച്ചാലുകൾ പോലെയായിരുന്നു.....

. എന്റെ കവിളത്ത് മുഖം അമർത്തി  അവൻ എന്തൊക്കെയോ പിറുപിറുത്തു. അവന്റെ കരച്ചിൽ അതൊന്നും വ്യക്തമായില്ല. 

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ മഞ്ഞനിറം പരിചയപ്പെടുത്തിയതും, മഞ്ഞക്കിളിയുടെ പാട്ടുപാടി കൊടുത്തതും ഉൾപ്പെടെ ഓരോരോ കിന്നാരങ്ങൾ വന്നു പറഞ്ഞപ്പോ,നമ്മുടെ മുറ്റത്തെ മന്ദാരം പൂത്താൽ മഞ്ഞപ്പൂക്കൾ ആണ് ഉണ്ടാവുക എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.

 മഞ്ഞ മന്ദാരം പൂക്കുന്നതും കാത്ത് എന്നും രാവിലെ അവൻ അതിനടുത്ത് പോയി നോക്കാറുണ്ട്.

 അങ്ങനെ ഏതോ ഒരു ദിവസം ഒരു കുരുവി മന്ദാരച്ചില്ലയിൽ കൂടുകൂട്ടുന്നത് അവൻ കണ്ടു. ഓരോ നാരിഴകൾ കൂട്ടി വയ്ക്കുന്നതും വീണ്ടും പറന്നുപോയി എവിടെനിന്നോ നാരുകൾ കൊണ്ടുവരുന്നതും കൂട്ടിയിണക്കുന്നതും അവന്റെ കൗതുകം വർദ്ധിപ്പിച്ചു. കിളി മുട്ടയിട്ടതും കുഞ്ഞുങ്ങൾ വിരിഞ്ഞതുമെല്ലാം അവനാണ് എന്നോട് പറഞ്ഞത്....

 കിളി, കുഞ്ഞുങ്ങൾക്ക് തീറ്റ വായിൽ വച്ച്  കൊടുക്കുന്നതും നോക്കി, അവൻ വാ പൊളിച്ചു നിൽക്കുന്നത് കാണാൻ നല്ല രസമായിരുന്നു.

 ഇന്നലെ വൈകുന്നേരത്തെ കാറ്റിലും മഴയിലുമാണ് കൂട് തകർന്നുപോയത്. സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ  ശക്തമായ കാറ്റ്  അവശേഷിപ്പിച്ചു പോയ ചില കോലാഹലങ്ങൾ  ഉമ്മറത്തും മുറ്റത്തും  കാണാമായിരുന്നു.

 കിളിക്കുഞ്ഞുങ്ങൾ എവിടെനിന്നോ കരയുന്നുണ്ട്. വിശന്നിട്ടാവാം അമ്മേ....

നമുക്ക് എന്തെങ്കിലും കൊടുത്താലോ. അവൻ ഏന്റെടുത്തു വന്നു പറഞ്ഞു.

 നമ്മൾ എന്താ കൊടുക്കുക, നമ്മൾ തൊട്ടാൽ പിന്നെ തള്ളക്കിളി അവറ്റകളെ നോക്കില്ല മോനെ എന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ച് എന്റെ ജോലികളിൽ മുഴുകി.

 വിളക്ക് വച്ചു കഴിഞ്ഞശേഷം അടുക്കള ജോലിയും മറ്റുമായി സമയം പോയത് അറിഞ്ഞില്ല. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ, കിളി ഉറങ്ങിയോ അമ്മേ!കരച്ചിൽ കേൾക്കുന്നില്ലല്ലോ,എന്ന് ചോദിച്ചപ്പോഴാണ് അവരെ എനിക്ക് ഓർമ്മ വന്നത്.....

 അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി കെട്ടിപ്പിടിച്ച് അവന്റെ ചെവിയിൽ ഞാൻ പതുക്കെ പറഞ്ഞു  അവർ ഉറങ്ങിക്കാണും മുത്തേ, നമുക്കും ഉറങ്ങാം. അവനെ കെട്ടിപ്പിടിച്ച് ഞാനും ഉറങ്ങി...

 ഒരു രാത്രി പുലരുമ്പോഴേക്കും എന്തൊക്കെയാണ് സംഭവിക്കുക?

 കിളിക്കുഞ്ഞിനെ കൈക്കുമ്പിളിൽ എടുത്തുകൊണ്ടു അടുക്കളയിലേക്ക്അ വനോടി വന്നു. 

എന്റെ ചിന്തകളെ അലോസരപ്പെടുത്താതെ അവൻ ഉണർന്നതും, വന്നതും,പോയതും ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. നനഞ്ഞു കുളിച്ച ആ കിളിയെ തുണി കൊണ്ട് അവൻ പൊതിഞ്ഞു.

 "സഹജീവി സ്നേഹം" ഞാൻ തടയാൻ പോയില്ല. അതിനു ഭക്ഷണവും പാർപ്പിടവും വേണം. അവന്റെ അടുത്ത ആവശ്യം.

 കിളിയെ അച്ഛനെ കാണിക്കാൻ കൊണ്ടുപോയി, രണ്ടുപേരും റൂമിനകത്ത് അവന്റെ ബെഡിനരികെ കിളി കുഞ്ഞിന് മെത്തയൊരുക്കി.

  അവനതിന്  അമ്മയായി, അച്ഛനായി, എത്ര പെട്ടെന്നാണിതെല്ലാം......നേരം ഒരുപാട് വൈകി സ്കൂളിൽ പോകാൻ സമയമായി. എന്റെ ശകാരങ്ങളൊന്നും അച്ഛനും മകനും കേട്ടതേയില്ല. പുതിയ "കൂട്ട് "കിട്ടിയ സന്തോഷം.

 ഒടുവിൽ കള്ളച്ചിരിയോടെ എന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു. അതിലെല്ലാം ഉണ്ടായിരുന്നു. ഇന്ന് സ്കൂളിൽ പോകാൻ മടി, കിളിക്കുഞ്ഞിനെ നോക്കണം. അതിന്റെ കൗതുകങ്ങൾ ആസ്വദിക്കണം, ഒരു അഞ്ചു വയസുകാരന്റെ കിന്നാരമല്ലേ. ഞാനങ്ങു സമ്മതിച്ചു....

 ഒറ്റയ്ക്ക് ബാഗും തൂക്കി നടക്കാൻ ഒരുങ്ങവേ അതാ വീണ്ടും മഴ.....

മഴയോട് മഴ.....

: 🌈🌈 ഒന്നാം ക്ലാസ്സിലെ *പറവകൾ പാറി*  എന്ന പാഠവുമായി ബന്ധപ്പെട്ട് ഒരു കുഞ്ഞു മനസ്സിലുണ്ടായ സഹജീവിസ്നേഹം കാർത്തിക്കിൻ്റെ അമ്മ തൻ്റെ അനുഭവമായി രൂപപ്പെടുത്തിയിരിക്കുന്നു.

കാർത്തിക്

ഒന്നാം തരം

പേരാമ്പ്ര ജി.യു.പി.സ്കൂൾ

കോഴിക്കോട്



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി