Pages

Tuesday, August 27, 2024

ഒന്നാം ക്ലാസിലെ ഒന്നാം യൂണിറ്റ് അധ്യാപകർ വിലയിരുത്തുന്നു


പശ്ചാത്തലം

പുതിയ പാഠപുസ്തകം ഒന്നാം ക്ലാസില്‍ നടപ്പിലാക്കിയ വര്‍ഷമാണ്. അധ്യാപകരുടെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ്. സമയബന്ധിതമായി പാഠവിനിമയം നടത്തുന്നതിന് അധ്യാപകർ പ്രയാസം നേരിടുന്നുവെന്ന് അധ്യാപക കൂട്ടായ്മയിൽ അധ്യാപകർ അഭിപ്രായം പങ്ക് വെച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു സര്‍വേ നടത്തിയത്.

പഠന ലക്ഷ്യങ്ങൾ

1.  സമയബന്ധിതമായി പാഠവിനിമയം നടത്തുന്നതിന്  അധ്യാപകർ നേരിട്ട പ്രയാസങ്ങൾ കണ്ടെത്തുക.

2. പ്രയാസങ്ങൾക്കുള്ള കാരണം കണ്ടെത്തുക

3. പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക

പഠന രീതി.

ഗൂഗിൾ ഫോം ഉപയോഗിച്ച് വിവരം ശേഖരിച്ചു. ഒന്നഴക് അധ്യാപക കൂട്ടായ്മ വാട്സാപ്പ് ഗ്രൂപ്പ് ഇതിനായി പ്രയോജനപ്പെടുത്തി.

സാമ്പിൾ.

എല്ലാ ജില്ലകളിൽ നിന്നുമായി 296 അധ്യാപകരിൽ നിന്ന് വിവരങ്ങൾ ലഭിച്ചു

കണ്ടെത്തലുകൾ

1. കുട്ടികളുടെ എണ്ണം

ഒന്നാം ക്ലാസിൽ പരമാവധി 30 കുട്ടികളെ കണ്ടാണ് പഠനപ്രക്രിയ രൂപകല്പന ചെയ്തിട്ടുള്ളത്. എന്നാൽ 15% വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുതലാണ്.

കുട്ടികളുടെ എണ്ണക്കൂടുതല്‍ പാഠവിനമയത്തെ ബാധിക്കുന്നുണ്ട്.

അധ്യാപകര്‍ പറഞ്ഞത്

  1. കുട്ടികൾ കൂടുതലുള്ളത് കൊണ്ട് കൂടുതൽ സമയം വേണം

  2. എന്റെ ക്ലാസ്സിൽ 40 കുട്ടികൾ ഉള്ളതുകൊണ്ടാവാം കൂടുതൽ സമയം വേണ്ടി വന്നത് 

  3. എഡിറ്റിംഗ് -കുട്ടികളുടെ ആധിക്യം കാരണം സമയബന്ധിതമായി തീർക്കാൻ പ്രയാസമനുഭവ പ്പെടുന്നു 

  4. കുട്ടികൾ കൂടുതൽ ഉള്ളത് കൊണ്ട് സജ്ജീകരണങ്ങൾക്ക് കൂടുതൽ സമയം വേണ്ടി വന്നു

എണ്ണം കൂടാന്‍ എന്താണ് കാരണം? ഇംഗ്ലീഷ് മാധ്യമക്ലാസുകള്‍ ഉള്ള വിദ്യാലയങ്ങളിലാണ് ഈ പ്രതിസന്ധി.


നാല്പത്തെട്ട് ശതമാനം ഒന്നാം ക്ലാസുകള്‍ ഇംഗ്ലീഷ് മാധ്യമത്തിലാണ് എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു
. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികളുടെ എണ്ണം തുല്യമല്ലാതെ വരുന്ന വിദ്യാലയങ്ങളില്‍ നാല്പതിലേറെ പേര്‍ ഇംഗ്ലീഷ്മീഡിയം ഡിവിഷനിലായിരിക്കും, അവരും മലയാളം പഠിക്കേണ്ടതുണ്ട്. വ്യക്തിഗത ശ്രദ്ധ ഏറെ ആവശ്യമുള്ള ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമാകുന്ന പുതിയ പ്രവണതയെ വിദ്യാഭ്യാസ വകുപ്പ് അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പാഠപുസ്തകബാഹ്യമാണ്.

2. സാധ്യായദിനലഭ്യത

ഒന്നാം യൂണിറ്റ് ജൂണ്‍മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. ആദ്യത്തെ രണ്ടാഴ്ച സന്നദ്ധതാ പ്രവര്‍ത്തനവും തുടര്‍ന്ന് ഒന്നാം യൂണിറ്റിന്റെ വിനിമയവും. പക്ഷേ പ്രതീക്ഷിച്ച പോലെ സാധ്യായദിനങ്ങള്‍ കിട്ടിയില്ല. കുട്ടികളുടെ സ്ഥിരഹാജരില്ലായ്മയും പ്രശ്നമായി. അധ്യാപര്‍ ഇങ്ങനെ പറഞ്ഞു

  1. അവധി വന്നത് കാരണം പാഠം സമയത്തിന് പൂര്‍ത്തീകരിക്കാനായില്ല.

  2. കുട്ടികൾ തുടർച്ചയായി ക്ലാസ്സിൽ ഹാജരാവാത്തത് വലിയ പ്രശ്നമായി. ചിലപ്പോള്‍ പകുതിക്കുട്ടികള്‍ മാത്രം വന്നു.

  3. രക്ഷിതാക്കളുടെ താത്പര്യക്കുറവ് ആണ് സ്ഥിരഹാജരില്ലായ്മക്ക് ഒരു കാരണം.

3. വര്‍ക്ക് ബുക്ക് വൈകിയത്

  1. വർക്ക് ബുക്ക് കൃത്യമായി കിട്ടിയിരുന്നില്ല അതിനാൽ ബുക്കിൽ ചെയ്യിപ്പിച്ചപ്പോൾ താമസം നേരിട്ടു.

  2. പ്രവർത്തന പുസ്തകം വൈകിയത് കാരണം പ്രവർത്തന പുസ്തകം ലഭിച്ചപ്പോൾ വീണ്ടും ചെയ്യേണ്ടി വന്നു 

പാഠപുസ്തകവും പ്രവര്‍ത്തനപുസ്തകവും സമന്വയിപ്പിച്ചുള്ള പഠനാനുഭവങ്ങളാണ് നിര്‍ദ്ദേശിച്ചത്. പാഠപുസ്തകത്തോടൊപ്പം കുഞ്ഞെഴുത്തുകളും വിദ്യാലയങ്ങളില്‍ എത്തിക്കുന്നതില്‍ വിതരണസംവിധാനത്തിന് വീഴ്ചപറ്റി എന്നു മാത്രമല്ല ജൂലൈ ആദ്യവാരമാണ് വിദ്യാലയങ്ങളില്‍ അത് എത്തിയത്. ഇനിയും ലഭിക്കാത്ത വിദ്യാലയങ്ങളുമുണ്ടത്രേ! അധ്യാപകരില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി എന്നുവേണം കരുതാന്‍. ജൂണില്‍ തീരേണ്ട പാഠം ജൂലൈ മാസം രണ്ടാം വാരത്തില്‍ ആരംഭിക്കേണ്ട അവസ്ഥയുണ്ടായി.

4. സ്ഥലംമാറ്റം

  • ജൂണ്‍ 13 നാണ് ഈ സ്ക്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്നത് എന്ന് ഒരു അധ്യാപിക പറഞ്ഞു. അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ല. പുതിയതായി നിയമനം ലഭിച്ചവര്‍, ദിനവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഒക്കെ പുതിയപുസ്തകം വിനിമയം ചെയ്യാന്‍ പ്രയാസപ്പെട്ടു. വാട്സാപ്പ് ഗ്രൂപ്പുകളും അധ്യാപകസഹായിയിലെ വിശദീകരണവും ആണ് കുറച്ചെങ്കിലും അവര്‍ക്ക് സഹായകമായത്. ഇത്തരം സാഹചര്യം മുന്‍കൂട്ടിക്കാണാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയേണ്ടതുണ്ട്.

5. പ്രീസ്കൂള്‍, അങ്കണവാടി അനുഭവം

ഒന്നാം ക്ലാസിലെ അധ്യാപിക നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. പ്രീസ്കൂള്‍ അനുഭവം ഉള്ളവര്‍, അങ്കണവാടിയില്‍ പോയവര്‍, ഇതുരണ്ടും ഇല്ലാത്തവര്‍ എന്നിങ്ങനെ മൂന്നു വിഭാഗം കുട്ടികള്‍ ക്ലാസിലിരിക്കുന്നു. അതിനും പുറമേ ഇതരസംസ്ഥാനക്കാരും വീട്ടുഭാഷ മലയാളമല്ലാത്ത ഗോത്രവിഭാഗം കുട്ടികളും കുറേ വിദ്യാലയങ്ങളില്‍ വന്നു ചേരും

  1. പ്രീ പ്രൈമറിയിൽ പോയിട്ടില്ലാത്ത, മലയാളഭാഷ  കേട്ടിട്ടുപോലുമില്ലാത്ത അന്യ സംസ്ഥാന കുട്ടികൾക്ക് ഈ  പ്രവർത്തനം ചെയ്യുമ്പോൾ  സമയം വേണ്ടി വരുന്നു.

  2. പെൻസിൽ പോലും പിടിക്കാൻ അറിയാത്ത 5 കുട്ടികൾ  ഉണ്ടായിരുന്നു

  3. വലത്, ഇടത് തിരിച്ചറിയാൻ ചില കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു  

  4. സ്കൂളിൽ പോയ അനുഭവമില്ലാത്ത 6 കുട്ടികൾ ഉണ്ട്.

  5. നാലഞ്ചു കുട്ടികൾ പേരിനു മാത്രം അംഗനവാടിയിൽ പോയവരുണ്ട്. അവർക്ക് എഴുതാനും വായന പ്രവർത്തനത്തിനുമെല്ലാം കൂടുതൽ സമയം വേണ്ടി വരുന്നു. കൈ പിടിച്ച് എഴുതിയുന്നവരുമുണ്ട് കൂട്ടത്തിൽ

  6. കുട്ടികൾ ആദ്യം ആയിട്ടാണ് സ്കൂൾ അനുഭവം. അതുകൊണ്ട് പഠനത്തിൽ എത്താൻ സമയം കൂടുതൽ വേണം 

  7.  പ്രീ പ്രൈമറിയിൽ പോകാതെ നേരിട്ട് ഒന്നാം ക്ലാസ്സിൽ വന്ന കുട്ടികൾ ഉണ്ട്. അവർക്ക് അക്ഷരങ്ങൾ അറിയാത്തതിനാൽ എഴുത്ത് പ്രവർത്തനങ്ങൾ ബുദ്ധിമുട്ട് 

  8. അക്ഷരം തീരെ അറിയാത്ത കുട്ടികൾ ക്ലാസ്സിൽ ഉണ്ട്.

6. അധ്യാപികയുടെ വൈദഗ്ധ്യം

  • വരയ്ക്കൽ, നിർമ്മാണം എന്നിവയിലുള്ള പരിചയക്കുറവ്

7. പ്രവര്‍ത്തനങ്ങളും വിനിമയസമയവും

ഒന്നാം യൂണിറ്റില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ സമയം വേണ്ടി വന്നത്?296 അധ്യാപകരുടെ പ്രതികരണങ്ങള്‍ ചുവടെ നല്‍കുന്നു. അധ്യാപകരുടെ എണ്ണവും ശതമാനവും


 കിളിയെ ഉണ്ടാക്കല്‍, മുട്ടത്തോടിലെ വരയും നിര്‍മ്മാണവും മറ്റു നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്കാണ് കൂടുതല്‍ സമയം വേണ്ടിവന്നതെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഒന്നാം യൂണിറ്റ്, പുതിയ പുസ്തകം, പുതിയ കുട്ടികള്‍ പൊരുത്തപ്പെടാനുള്ള സമയം എല്ലാം സ്വാധീനിക്കും എന്നു അനുമാനിക്കാം.

ഒന്നാം യൂണിറ്റില്‍ ഏതെല്ലാം ദിവസങ്ങളിലാണ് നിശ്ചിത സമയത്ത് നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ തീരാതെ പോയത്? 


  • ഒന്നാം യൂണിറ്റ് 25%അധ്യാപകരാണ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.

  • നാലാം ദിവസത്തെയും അഞ്ചാം ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അതേ ദിവസം പൂര്‍ത്തീകരിക്കുന്നതിന് യഥാക്രമം 30.7%, 29.4% അധ്യാപകര്‍ക്ക് കഴിഞ്ഞില്ല.

  • ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും28.7%പേര്‍ക്ക് കൂടുതല്‍ സമയം വേണ്ടി വന്നു.

  • തുടക്കത്തിലുണ്ടായ സമയം കൂടുതല്‍ വേണ്ടിവരുന്നവരുടെ എണ്ണം അവസാന ദിവസങ്ങളാകുമ്പോള്‍ കുറയുന്നതായി കാണാം. എട്ടാം ദിവസം 19.3%പേര്‍ക്കാണ് സമയം തികയാതെ വന്നത്.

  • ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം അധികമായി വേണ്ടി വന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളെയും ബാധിക്കും.

    മലയാളം, പരിസരപഠനം, കലാവിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയ്കായി ആഴ്ചയില്‍ 24പിരീഡുകളാണ് വേണ്ടത്. ആ പിരീഡുകള്‍ തന്നെ 40,35,30മിനിറ്റ് വീതം ദൈര്‍ഘ്യമുള്ളതാണ്. പല വിദ്യാലയങ്ങളിലും  ഇത്രയും പിരീഡുകള്‍ ലഭിക്കുന്നില്ല. ഐ ടി പഠനത്തിന് ( കളിപ്പെട്ടി) രണ്ട് പീരീഡ് മാറ്റി വെച്ച വിദ്യാലയങ്ങളുണ്ട്. അതുപോലെ മലയാളത്തിന് നാല്പത് മിനിറ്റ് വീതം ലഭിക്കേണ്ടതുമുണ്ട്. അതും ലഭിക്കുന്നില്ല. ദിനാചരണങ്ങളാണ് മറ്റൊരു പ്രശ്നം. സമയലഭ്യതയെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് കൃത്യമായ വിവരം ശേഖരിക്കേണ്ടതുണ്ട്. ഒന്നുകില്‍ കരിക്കുലം വിഭാവനം ചെയ്യുന്ന സാധ്യായ മണിക്കൂറുകള്‍ ഉറപ്പാക്കുക. അല്ലെങ്കില്‍ വിദ്യാലയം അനുവദിക്കുന്ന സമയത്ത് വിനിമയം ചെയ്യുക. ഈ രണ്ടു രീതികളില്‍ ഏതാണ് സ്വീകര്യമെന്ന് വകുപ്പ് ആലോചിക്കണം. പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ കാര്യങ്ങള്‍ പഠിച്ച് വിനിമയം ചെയ്യാനെടുക്കുന്ന സമയവും കാണാതിരുന്നുകൂടാ.

8. ഒന്നാം ക്ലാസ് ഒന്നാം യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വന്നെങ്കില്‍ എന്തുകൊണ്ട്?

8.1 ക്ലാസൊരുക്കം 

  1. പുസ്തകം എടുക്കൽ, തല തിരിച്ച് എഴുതൽ എല്ലാം പ്രശ്നമാണ്. എല്ലാ മക്കളും എഴുതി വരുമ്പോഴേക്കും സമയമെടുക്കും. വായനക്കും സമയമെടുക്കുന്നുണ്ട്. നിറം നൽകാനും സമയമെടുക്കുന്നുണ്ട്. എന്നാൽ ജൂൺ കഴിഞ്ഞപ്പോൾ മാറ്റം വന്നിട്ടുണ്ട്.

8.2 അവസരതുല്യത

  1. എല്ലാ കുട്ടികൾക്കും പരിശീലനം കൊടുക്കുന്നതിന് അധികസമയം വേണ്ടി വന്നു 

  2. എല്ലാ കുട്ടികളുടെ അടുത്തും എത്തി  സഹായം നൽകേണ്ടി വന്നു

  3. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതിനാൽ

  4. എല്ലാവരേയും കഥ പറയിക്കാൻ സമയമെടുത്തു

  5. കുട്ടികൾക്കെല്ലാവർക്കും പ്രവർത്തനങ്ങളിലും പാട്ടിലുംപങ്കെടുക്കണം.

  6. ഗ്രൂപ്പായി അവതരണം ആണെങ്കിലും സമയമെടുക്കുന്നു .

  7. ഓരോ ചിത്രവും കാണിച്ചു കൊടുക്കണം. വെട്ടിയൊട്ടിക്കാൻ സമയം വേണം. പാട്ടു പാടണം.

  8. കുട്ടികൾക്ക് നിറം നൽകുമ്പോൾ ഒത്തിരി സംശയവും താമസവും

  9. കിളികളെ ഉണ്ടാക്കുന്നത്

8.3 പ്രത്യേകപരിഗണന

  1. പ്രത്യേക പിന്തുണയും സഹായവും ആവശ്യമുള്ള ആറ് കുട്ടികൾ ഉണ്ട്.പ്രതീക്ഷിക്കുന്ന സമയത്ത് തീർക്കാൻ പ്രയാസം വരുന്നു എന്ന് മാത്രം. എന്നാലും എല്ലാവരും ഉൾപ്പെടുത്തി എല്ലാം ചെയ്യുന്നുണ്ട്

  2. കുട്ടികൾ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തരാണ്. ഒരാൾ ഇടതു കൈ കൊണ്ടാണ് എല്ലാം ചെയ്യുന്നത്. ഒരാൾ 4-ാം വയസ്സിലാണ് സംസാരിച്ചു തുടങ്ങിയത്. ഒരാൾക്ക് നമ്മൾ എഴുതുന്നതെല്ലാം അടിയിൽ നിന്ന് മുകളിലോട്ട് എഴുതും . അത് ശരിയായി വന്നതായിരുന്നു. പനി വന്ന് രണ്ടാഴ്ചabsant ആയ തോടെ വീണ്ടും പഴയതുപോലെ എഴുതുന്നു.

  3. ഇതര സംസ്ഥാന കുട്ടികൾ കൂടുതൽ ഉള്ളതും,IED, ഹൈപ്പർ കുട്ടികളും ഉള്ളതുകൊണ്ട് 

  4. പെൻസിൽ പിടിച്ച് എഴുതാൻ സാധിക്കാത്ത 7 കുട്ടികൾ ഉണ്ട്. അവർക്ക് പിന്തുണ നൽകി വന്നപ്പോൾ സമയം അധികം വേണ്ടി വന്നു.

8.4 അസൂത്രണം 

  1. മുഴുവൻ കുട്ടികളും ആസ്വദിച്ചില്ല. എനിക്ക് കൃത്യമായി പ്ലാനിംഗ് ചെയ്യാൻ കഴിയാതെ പോയതുകൊണ്ടാവാം

  2. ഒരുങ്ങാനാണ്  കൂടുതൽ സമയം എടുത്തത്.

  3. കുട്ടികൾക്ക് പ്രാക്ടീസ് ചെയ്ത് റെഡിയാവാൻ സമയം വേണ്ടി വന്നു (ദൃശ്യാവിഷ്കാരം)

8.5 ഭാഷണം 

  1. പറയാൻ ഉള്ള സ്പീഡ് കുറവ്  

  2. കഥ പറഞ്ഞു തരാൻ എല്ലാകുട്ടികൾക്കും കഴിയുമായിരുന്നില്ല

  3. അറിയുന്നവർ ഓർത്തെടുത്തു പറയാൻ സമയം എടുത്തു 

  4. എല്ലാവരേയും കഥ പറയിക്കാൻ സമയമെടുത്തു

8.6 എഴുത്ത്

  1. കുട്ടികൾ ആദ്യമായി അക്ഷരങ്ങൾ എഴുതാൻ പഠിക്കുകയായിരുന്നു.

  2. ലേഖനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം വേണ്ടിവന്നു. കാരണം 11 കുട്ടികളിൽ കൃത്യമായി പെൻസിൽ പിടിക്കാൻ കഴിയുന്നവർ 6 പേരായിരുന്നു. ഇപ്പോൾ 2 പേർ കൂടി മെച്ചപ്പെട്ടു.മറ്റു 3 പേർ പിന്തുണ ബുക്കിൻ്റെ സഹായത്തോടെ പോലും എഴുതാൻ പ്രയാസപ്പെടുന്നവരാണ്.

  3. ലേഖന പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് കൂടുതൽ സമയം വേണ്ടി വരുന്നു.

  4. ലേഖനത്തിന് കൂടുതൽ സമയം വന്നു.

  5. എഴുത്തനുഭവത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോഴേക്കും ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രമേ അതത് ദിവസം പൂർത്തിയാക്കാൻ സാധിച്ചുള്ളൂ

  6. എഴുത്തിൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരേയും ഒരുപോലെ എഴുതിക്കാൻ സമയം വേണം 

  7. ചില കുട്ടികൾക്ക് "" എന്ന അക്ഷരം എഴുതാൻ ബുദ്ധിമുട്ട് നേരിട്ടു.  

  8. ചിലകുട്ടികൾ വളരെ സാവധാനമാണ് എഴുതിയത്

  9. ചിഹ്നങ്ങൾ ഉറക്കാത്തതുകൊണ്ട് സമയം എടുക്കുന്നു

  10. പിന്തുണ ബുക്കിലെഴുതാൻ ്് സമയമെടുക്കുന്നു.

  11. തുടക്കത്തിൽ നോക്കി എഴുതാൻ നല്ല പ്രയാസം ഉണ്ടായിരുന്നു

  12. തൂവലു താ , ഇതിലെ ഉ, ഊ ചിഹ്നം എഴുത്ത് മനസ്സിലാക്കാൻ സമയം കൂടുതൽ വേണ്ടി വന്നു

  13. പ്രവർത്തനങ്ങളിൽ തനു തിന താനയിലെ ഉ , , ആ ചിഹ്നങ്ങൾ ഒരുമിച്ച് അവതരിപ്പിച്ചത് കുറച്ചു കുട്ടികൾക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു 

  14. പറവകൾ പാറി എന്നതിൽ റ, ,, , പാ , റി എന്നതും ഒരുമിച്ചു വന്നത് പ്ര

8.7 വായന

  1. കാണാതെ പഠിച്ച് വായിക്കുന്നു

  2. , റി , , പാ വ്യത്യാസം മനസ്സിലാക്കാൻ

  3. വായന നല്ലരീതിയിൽ ആവാൻ തുടക്കമായതിനാൽ സമയമെടുത്തു. എന്നിരുന്നാലും 18 കുട്ടികളെയും ഒരുപോലെ വായിപ്പിക്കാൻ സാധിച്ചു.

  4. വായിച്ചെടുക്കാൻ കുറച്ച് സമയം വേണ്ടിവന്നു 

8.8 എഡിറ്റിംഗ്

  1. എഡിറ്റിംഗ്. ഓരോ കുട്ടിയേയും പ്രത്യേകം നോക്കുന്നത് കൊണ്ട് 

  2. പെട്ടന്ന് ചെയ്തു പോകാൻ പറ്റുന്നില്ല. സമയം കൂടുതൽ വേണ്ടി വന്നു 

  3. ലേഖനം ,പിന്തുണ  നടത്തം വ്യക്തി ഗത എഡിറ്റിംഗ്,അംഗീകാരം എല്ലാം കഴിഞ്ഞ്  പലതരം വായന കഴിയാൻ തന്നെ താമസം നേരിടുന്നു. പിന്നെ IEDC കുട്ടിയും ക്ളാസിൽ ഒതുങ്ങിയിരിക്കാത്ത അവസ്ഥ ,കൂടാതെ വളരെ പിന്നോക്കം നേരിട്ട കുട്ടികൾ നീണ്ട അവധിക്കു ശേഷം ക്ളാസിൽ എത്തിയത് അവരെക്കൂടി കൂട്ടി പിടിക്കാൻ നിൽക്കണം ഇതെല്ലാം കഴിയുമ്പോഴേക്കും എഡിറ്റിംഗ് അന്നു തന്നെ extra സമയമെടുത്ത് ചെയ്യുന്നു

  4. അക്ഷരഘടന പിന്തുണബുക്കും കട്ടിക്കെഴുത്തും ചെയ്ത് ശെരിയായിട്ടും എഡിറ്റിംഗിൽ വീണ്ടും ഘടന അവരിൽ ഉറച്ചു നിൽക്കുന്ന രീതിയിൽ തന്നെ അവർ എഴുതുകയാണ് ചെയ്യുന്നത് സ്ഥലപരിമിതിയും പ്രശ്നം തന്നെയാണ് ,

8.9 നിര്‍മ്മാണം

  1. കിളിയുണ്ടാക്കൽ ഒട്ടിക്കലും മറ്റും പ്രയാസം 

  2. കിളികളെ ഒരുക്കാൻ സമയം വേണ്ടി വന്നു.

  3. നിർമാണ പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് കൂടുതൽ സമയം വേണം

  4. തൂവലുകൾ ഒട്ടുന്നതിന് കുറേ സമയമെടുക്കുന്നു

  5. തൂവലുകൾ കിട്ടാൻ പ്രയാസം ഉണ്ടായത് കൊണ്ട് പേപ്പറിൽ വെട്ടി എടുക്കാനും ഒട്ടിക്കാനും വ്യക്തിഗത പ്രവർത്തനത്തിന് സാധിച്ചില്ല. രണ്ട് ഗ്രൂപ്പിൽ ചെയ്യേണ്ടി വന്നു 

  6. നിർമാണ പ്രവർത്തനങ്ങളിൽ എല്ലാവർക്കും ശ്രദ്ധ നൽകി വരാൻ കൂടുതൽ സമയം വേണ്ടി വരുന്നു

  7. കുട്ടികളെ  കൊണ്ട് പക്ഷികളെ ഉണ്ടാക്കാൻ ആയിട്ട് ശ്രമിച്ചപ്പോൾ കൂടുതൽ സമയം എടുത്തു

  8. എല്ലാ കുട്ടികളും കിളിയെ ഉണ്ടാക്കുന്നതിനു ഒരേ വേഗത പാലിക്കാഞ്ഞത്, ദൃശ്യവിഷ്കാരത്തിന്റെ (ചിറകും കൊക്കും ) വേഷവിധാനത്തിനു വേണ്ടി വന്ന സമയം 

  9. ഒന്നാമത്തെ പാഠത്തിൽ തന്നെ കത്രിക ഉപയോഗിച്ചു കൊണ്ടുള്ള പ്രവർത്തനം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അനുയോജ്യമല്ല. ടീച്ചറുടെ കഴിവാണ് അവിടെ തെളിയിക്കുന്നത്

8.10 കലാവിദ്യാഭ്യാസം

  1. അഭിനയത്തിന് പെർഫെക്ഷൻ വരാൻ വേണ്ടി കുറേ പ്രാവശ്യം ചെയ്തതിനാൽ 

  2. അഭിനയം പ്രയാസം നേരിട്ടു

  3. കുട്ടികൾക്ക് വരികൾ വഴങ്ങാത്ത അവസ്ഥ

  4. പാട്ടുകൾ കേട്ടും വായിച്ചും മനസ്സിൽ ആക്കാനും സമയം വേണം

  5. കുട്ടികൾക്ക് മുട്ട തോടിൽ ചിത്രം വരയ്ക്കാൻ ഉള്ള ബുദ്ധിമുട്ട്, താമസം എന്നിവ കൊണ്ടാണ്  കൂടുതൽ സമയം വേണ്ടി വന്നത് 

  6. രംഗാവിഷ്കരണത്തിന് കൂടുതൽ റിഹേഴ്സൽ ആവശ്യമായി വന്നു 

  7. നിറം നൽകാനും മറ്റും ധാരാളം സമയം ആവശ്യമാണ്.

  8. പാട്ടരങ്ങ് രംഗവിഷ്കാരം നടത്തുമ്പോൾ സമയം കൂടുതൽ എടുത്തെങ്കിലും ആശയം ഉൾക്കൊള്ളാൻ സാധിച്ചു എന്ന് അനുഭവപ്പെട്ടു

  9. ദേശാടകരാം പ്രക്റ്റീസ് ചെയ്യാൻ സമയമെടുത്തു.തൂവൽ മയിലിനും അധികസമയം എടുത്തു

  10. താള ബോധം കുട്ടികളിൽ എത്തിക്കാൻ സമയം വേണം

  11. അവതരണം ,.റിഹേഴ്സൽ

8.11 പരീക്ഷണം 

  1. കുട്ടികൾ ചെയ്യുമ്പോൾ അത് പൊട്ടിപോകുന്നു ഒരുപാട് സമയവുംപോയി കുറേ മുറ്റത്തോടുകളും വേണ്ടി വന്നു 

  2. കുട്ടികൾ തനിയെ ചെയ്യാൻ കുറച്ച് അധികം സമയം വേണ്ടിവന്നു.17- പരിശീലനവും പിന്നീടുള്ള അവതരണത്തിലും കുറച്ചധികം സമയം വേണ്ടിവന്നു

  3. മുട്ടത്തോട് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പ്രവർത്തനം ആണ് 

8.12 പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍

  1. പഠന പ്രവർത്തന സമയ ക്രമീകരണം കൂടുതലായിരുന്നു

  2. പ്രവർത്തനങ്ങൾ അധികമാണെന്നു തോന്നി.

  3. വളരെ രസകരമായ പ്രവത്തനങ്ങളാണങ്കിലും പാഠം വളരെ സാവകാശമേ പോകാനാകുന്നുള്ളൂ പ്രവർത്തനങ്ങൾക്കൊപ്പം സചിത്ര പുസ്തകവും പൂത്തീകരിക്കേണ്ടതുണ്ട്. ഒന്നാം യൂണിറ്റിൽ ഇത്രയും പ്രവർത്തനങ്ങൾ വേണ്ടതുണ്ടോ?

  4. പ്രവർത്തനങ്ങളുടെ എണ്ണം കുറക്കാൻ പറ്റുമെങ്കിൽ കുറക്കുക

8.13 പോര്‍ട്ട്ഫോളിയോ

  • ഡിജിറ്റൽ പോർട്ട്‌ ഫോളിയോ നിർമിക്കാൻ സമയം ആവിശ്യമായി വരുന്നു 

     ഒന്നാം ക്ലാസിലെ പഠനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ ചുവടെ.

8. ആശയാവതരണരീതി

ആശയാവതരണരീതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകമാണ്. ഒന്നാം യൂണിറ്റിന്റെ വിനിമയം മാത്രം വെച്ചാണെങ്കിലും ആ രീതി ഫലപ്രദമാണോ എന്നറിയേണ്ടതുണ്ട്. അധ്യാപകര്‍ പ്രതികരിച്ചത് ഇങ്ങനെ

അക്ഷരപുനരനുഭവം ഭാഷാ പഠനത്തിന് സഹായകമാണോ?

9. അധ്യാപക സഹായിയില്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കിയരീതി

10. അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍

പാഠപുസ്തകത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടണം

  1. കുറെ പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെങ്കിലും പാഠപുസ്തകത്തിൽ വളരെ കുറച്ചു മാത്രമാണുള്ളത്. അത് രക്ഷിതാക്കൾക്ക് തൃപ്തികരമല്ല. പ്രവർത്തനങ്ങൾ നടക്കുന്ന കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെങ്കിലും പാപുസ്തകത്തിൽ കുറച്ചു കൂടി കാര്യങ്ങൾ ചേർക്കാമായിരുന്നു

പാഠപുസ്തകത്തിലെ ചിത്രങ്ങള്‍

  1. ചിത്രങ്ങൾ ഭംഗിയാക്കാമായിരുന്നു.

  2. പക്ഷികളുടെ ചിത്രം അടങ്ങുന്നേ പേജ് അതിലെ പക്ഷികൾ വ്യക്തമല്ല. ആശയക്കുഴപ്പം അനുഭവപ്പെട്ടു. ഏത് പക്ഷിയാണ് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടി.


പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ?
പ്രതിദിന വായന പാഠങ്ങൾ തുടരേണ്ടതുണ്ടോ?



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി