Pages

Tuesday, September 3, 2024

ഒന്നാം ക്ലാസുകാരിയുടെ രചന ഒന്നാം ക്ലാസിലെ പാഠം

 പ്രിയമുള്ളവരേ... 

എൻ്റെ നന്ദിതക്കുട്ടിയുടെ ഇന്നത്തെ ഡയറിക്കുറിപ്പ് പങ്കിട്ടു കൊണ്ട് ഞാൻ തുടങ്ങട്ടെ!


കൂട്ടക്ഷരങ്ങളറിയാത്ത, ചിഹ്നങ്ങളറിയാത്ത, എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുന്ന... ജൂൺ മാസത്തിലെ ഒന്നാം ക്ളാസ് അധ്യാപികയുടെ മുന്നിലിരിക്കുന്ന പാൽ പുഞ്ചിരി മാറാത്ത നന്ദിതക്കുട്ടി, സംയുക്ത ഡയറിയെഴുത്തിലൂടെ മികച്ച വായനക്കാരിയും സ്വതന്ത്ര എഴുത്തുകാരിയും ഇപ്പോൾ ഇതാ... മുഴുവൻ ഒന്നാം ക്ളാസ് കൂട്ടുകാർക്കും മാതൃകയായ ഡയറിക്കുറിപ്പിൻ്റെ ഉടമയായി പുതിയ പാഠ പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നു.

ഏതൊരു ഒന്നാം ക്ളാസുകാരെയും പോലെത്തന്നെയാണ് നന്ദിതയും കഴിഞ്ഞ വർഷം എൻ്റെ ക്ളാസിലെത്തിയത്. അക്ഷരങ്ങളുറയ്ക്കാത്ത കുഞ്ഞ്.. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോവും. കൂട്ടക്ഷരങ്ങൾ ഒട്ടും അറിയില്ല., ചിഹ്നങ്ങളുടെ കാര്യം അതിലും കഷ്ടം.

നന്ദിതയുൾപ്പെടുന്ന ഒരു കൂട്ടം കുരുന്നുകളെ എങ്ങനെ തെറ്റില്ലാതെ വായിക്കാനും സ്വതന്ത്രമായി എഴുതാനും പഠിപ്പിച്ചെടുക്കും എന്നോർത്ത് ആധി പൂണ്ട നാളുകൾ...

ആ സമയത്താണ് സംയുക്ത ഡയറി കുഞ്ഞുങ്ങളുടെ സ്കഫോൾഡറായി കടന്നു വന്നത്.ജൂൺ അവസാന വാരത്തിൽ തന്നെ ഒന്നാം ക്ളാസിലെ രക്ഷിതാക്കളെ വിളിച്ചു ചേർക്കുകയും ക്ളാസ് പി ടി എ യിൽ സംയുക്ത ഡയറി എഴുതേണ്ടത്തിൻ്റെ പ്രാധാന്യവും എഴുതേണ്ട രീതിയും വിശദീകരിച്ച് നൽകുകയും ചെയ്തു.

ഭാഗ്യമെന്നു പറയട്ടെ, നന്ദിത ഉൾപ്പെടെ ആറു പേർ ജൂലൈ ആദ്യവാരം തൊട്ട് ഡയറിയെഴുതാൻ തുടങ്ങി. ആദ്യമാദ്യം അമ്മയെഴുത്തായിരുന്നു ഡയറികളിൽ കൂടുതലും ഉണ്ടായിരുന്നത്.എന്നാൽ ഒക്ടോബർ മാസമായപ്പോഴേക്കും അമ്മയെ എഴുതാൻ സമ്മതിക്കാതെ 3 പേർ സ്വയം എഴുതിത്തുടങ്ങി.അതിൽ ഏറ്റവും മികച്ച ഡയറിക്കുറിപ്പുകൾ നന്ദിതയുടേതായിരുന്നു.പിന്നീടവൾക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അവധി ദിവസങ്ങളിലുൾപ്പെടെ തൻ്റെ വിശേഷങ്ങൾ എഴുതി ഒരു വർഷം കൊണ്ട് 226 ഡയറിക്കുറിപ്പുകൾ അവളെഴുതി


എഴുതിയ ഡയറികൾ ക്ളാസിൽ വായിക്കാൻ കുട്ടികൾ തമ്മിൽ മത്സരമായിരുന്നു. എന്തിന് പറയുന്നു, രാവിലെ ക്ളാസിലേക്ക്‌ ചെല്ലുമ്പോൾ തന്നെ ഡയറി നോക്കിക്കൊടുത്ത്, സ്റ്റാറും നൽകി എഴുതിയ ഡയറി വായനയും കഴിയാതെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടക്കാൻ കുരുന്നുകൾ എന്നെ അനുവദിച്ചിരുന്നില്ല. നന്ദിതയുടെ അമ്മ അവൾക്കു നൽകിയ പിന്തുണ എടുത്തു പറയാതെ വയ്യ. ഞാൻ നൽകിയ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ചു കൊണ്ടാണ് ആ അമ്മ തൻ്റെ കുഞ്ഞിനെ ഡയറിയെഴുത്തിൽ സഹായിച്ചത്.

ഇന്നിപ്പോൾ... ആ ഡയറിക്കുറിപ്പുകളിലൊന്ന് ഒന്നാം ക്ളാസിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാനായി പാO പുസ്തകത്തിൽ ചേർക്കപ്പെട്ടപ്പോൾ... ആ അമ്മയ്ക്ക് അഭിമാനിക്കാം... കൂടെ അവളുടെ അധ്യാപികയായ എനിക്കും!

സംയുക്‌ത ഡയറിയെന്ന ആശയം ഒന്നാം ക്ളാസിൽ നടപ്പാക്കിയ വിദ്യാഭ്യാസ വകുപ്പിനും, എൻ്റെ നന്ദിതക്കുട്ടിയുടെ ഡയറിക്കുറിപ്പ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയ SCERTക്കും പ്രിയപ്പെട്ട അധ്യാപകർക്കും. സ്നേഹം🌹🙏

നസീമ. വി.പി

GLPS. കിഴക്കമ്പലം

കോലഞ്ചേരി

എറണാകുളം..

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി