1. തുടർന്ന് എനിക്ക് കഥ പറയേണ്ടി വന്നില്ല. കുട്ടികൾ തന്നെ പറഞ്ഞു പൂർത്തിയാക്കി.
ഒന്നൊരുക്കം എട്ടാം ദിവസം
🌸 കുഞ്ഞുറുമ്പ് എന്ന പ്രവർത്തനത്തോടുകൂടി ആരംഭിച്ചു. കുഞ്ഞുറുമ്പുകൾ ക്ലാസ് റൂം മുഴുവനും വരിവരിയായി നടന്നു. തുടർന്ന് കുഞ്ഞുമ്പിന്റെ പാട്ടിനോടൊപ്പം കുട്ടികൾ പാടി അഭിനയിച്ചു.. അങ്ങനെയിങ്ങനെ..പാവം കുഞ്ഞനുറുമ്പിന് വഴി വരച്ചു കൊടുത്തു.
🌸 കട്ടുറുമ്പിന്റെ കല്യാണം സമ്മാനം എന്തായിരിക്കുമെന്ന് കുട്ടികൾ പറഞ്ഞില്ല. തണുത്തതാണ് കഴിച്ചാൽ അസുഖം വരും എന്ന് പറഞ്ഞപ്പോൾ ഐസ്ക്രീം എന്നതിൽ എത്തി. തുടർന്ന് എനിക്ക് കഥ പറയേണ്ടി വന്നില്ല. കുട്ടികൾ തന്നെ പറഞ്ഞു പൂർത്തിയാക്കി.
🌸 രൂപങ്ങൾ ഉണ്ടാക്കാം കുട്ടികൾ കുപ്പിയുടെ അടപ്പ് വച്ച് ഒരെണ്ണം ചെയ്തു കഴിഞ്ഞപ്പോൾ വീണ്ടും ഉണ്ടാകണം. അടപ്പ് വച്ച് തല വരച്ചു. പിന്നെ കാർത്തിക്കിനും ആദി കേഷിനും കണ്ണില്ല എന്ന് സങ്കടം.. ചെവിയില്ല മുടിയില്ല അങ്ങനെ രൂപത്തെ ഭംഗിയാക്കി.
🌸 ഡാൻസിങ് ബോൾ എല്ലാകുട്ടികൾക്കും ഫണൽ നൽകി ചെറിയ ബോളും നൽകി. 4,5 കുട്ടികൾക്ക് മാത്രം പൂർത്തിയാക്കാൻ കഴിഞ്ഞു. ബാക്കികുട്ടികൾക്ക് വിഷമമായി. ഞങ്ങൾ വാട്ടർ ബലൂൺ കരുതിയിരുന്നു. അത് നൽകി എല്ലാവർക്കും സന്തോഷം.
🌸 music & Rhythm വീഡിയോ ഇട്ടു കൊടുത്തു. traffic light talk ചെയ്യാൻ സമയം കിട്ടിയില്ല.
ഡോളി SM
GLPS Anchal, Kollam
2. ഒരു രക്ഷിതാവ് പറഞ്ഞത് ഇപ്പോൾ ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് മകനാണ് എന്നാണ്. കാരണം...
ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിലെ കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്...
ഓരോ ദിവസത്തെ പ്രവർത്തനങ്ങളും ഏറെ രസകരവും ഹൃദ്യവുമാണ്..
ഒരു രക്ഷിതാവ് പറഞ്ഞത് ഇപ്പോൾ ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് മകനാണ് എന്നാണ്... കാരണം എത്രയും വേഗം അവന് സ്കൂളിൽ എത്തണം. അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഇപ്പോൾ സ്കൂൾ ആണ്.,ക്ലാസ് മുറിയാണ്, അവിടത്തെ കൂട്ടുകാരാണ്....
ആടിയും പാടിയും അഭിനയിച്ചും വരച്ചും നിർമ്മിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും നിരവധി വികാസ മേഖലകളിലൂടെ അവർ കടന്നു പോവുകയാണ്....
ഒന്നൊരുക്കവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ഇന്ന്ബി ആർ സി ട്രെയിനർ വിനോദ് സർ വന്നിരുന്നു. ഗാർലി ആന്റിയുടെയും ബാബ് ലു നായയുടെയും റാഗി പൂച്ചയുടെയും കഥ ജിത്തു രസകരമായി വിനോദ് സാറിന് പറഞ്ഞു കൊടുത്തു..
ഒപ്പം ഇത് ടിവിയിൽ വരുമോ എന്ന് ഒരു ചോദ്യവും...
ക്ലാസ് റൂമിൽ നിന്നും കിട്ടിയ രസകരമായ കഥ എന്താണ് എന്ന് ജിത്തു പറയും..
ഒന്നൊരുക്കം പള്ളീക്കൂടത്തിൽ മാത്രമല്ല , നാട്ടിലും വീട്ടിലും ഇന്ന് വർത്തമാനമാണ്...
ഒന്നൊരുക്കം വിശേഷങ്ങൾ വീട്ടിൽ പോയി അമ്മയുമായി പങ്കുവയ്ക്കുന്ന ആരാധ്യ ♥️♥️.
ഗവൺമെന്റ് എൽപിഎസ് തോട്ടയ്ക്കാട്.
3. വാ ടീച്ചർ ഒരുകാര്യം കാട്ടി തരാം
ഒന്നൊരുക്കം എട്ടാം ദിവസം ആയ ഇന്നു എല്ലാ പ്രവർത്തങ്ങളും ചെയ്യുവാൻ എന്റെ കുരുന്നുകൾ ഒരുക്കം ആയിരുന്നു,.. രാവിലെ തന്നെ കുഞ്ഞൻ ഉറുമ്പിന്റ വഴി തെറ്റൽ കഥ തുടങ്ങിയപ്പോൾ തന്നെ ഉറുമ്പുകൾ കടിച്ച അനുഭവങ്ങൾ അമ്മ ചൂട് വെള്ളം ഉറുമ്പിന്റ കൂട്ടിൽ ഒഴിച്ചതും വാതോരാതെ പറഞ്ഞുകൊണ്ട് ഇരുന്നു അവർ, ഇന്റർവെൽ സമയത്ത് പുറത്തു പോയിട്ടു വന്ന ഉടനെ ജെഫിൻ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പോയി വാ ടീച്ചർ ഒരുകാര്യം കാട്ടി തരാം എന്ന് പറഞ്ഞു, ചെന്നു നോക്കുമ്പോൾ ഉറുമ്പുകൾ വരിയായി പോകുന്നു,, അവ മണ്ണിൽ കൂടു ഉണ്ടാക്കി അതിൽ നിന്നും ഇറങ്ങുകയുo കയറുകയും ചെയ്യുന്നു, ടീച്ചർ വീഡിയോ എടുക്കു എന്നായി, അങ്ങനെ ഉറുമ്പുകളുടെ വീഡിയോ ഫോണിൽ പകർത്തി ക്ലാസ്സിൽ എത്തി വീണ്ടും അവർക്ക് കാണിച്ചു കൊടുത്തു, വല്ലാത്ത സന്തോഷം ആ കുഞ്ഞു മുഖങ്ങളിൽ ഞാൻ കണ്ടു,, അവർ ഓരോന്നും അത്ഭുതത്തോടെ കണ്ടെത്തുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു 🥰🥰തുടന്ന് ഉറുമ്പിനു വഴി ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനം ചെയ്തു, അവർക്ക് തനിയെ വഴി കണ്ടെത്താൻ ഉള്ള ശേഷി നേടുവാൻ കഴിഞ്ഞു 👍പന്ത് ഊതി തെറിപ്പിക്കുക എന്ന പ്രവർത്തനത്തിൽ ഊതി അവർ ചലിപ്പിക്കാൻ കഴിഞ്ഞു എന്നാൽ തെറിപ്പിക്കാൻ കഴിഞ്ഞില്ല, എന്നാൽ അതിൽ അവർക്ക് സങ്കടം ഇല്ല അവർ ആസ്വദിച്ചു സന്തോഷത്തോടെ ഊതി ചലിപ്പിച്ചുകൊണ്ടിരുന്നു അതിലും അവർ ഹാപ്പി ആണ്,,,വായ്ത്താരി ഉപയോഗിച്ച് ജീവികളുടെ പേരുകൾ ചേർത്ത് പാടുവനും ജീവികളുടെ പേരുകൾ പറയുവാനും അവർക്ക് സാധിച്ചു. തീപ്പെട്ടി കമ്പുകൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമ്മിക്കാന് ഉള്ള ശേഷി കുഞ്ഞുങ്ങൾക്ക് നേടിയെടുക്കുവാൻ സാധിച്ചു 👍🥰ഇന്നത്തെ ഒന്നൊരുക്കം കുരുന്നുകൾ അടിച്ചുപൊളിച്ചു എന്ന് തന്നെ പറയാം 🥰👍👍സുഭി സുരേന്ദ്രൻ
MDUPS വെള്ളാറമേമല , പത്തനംതിട്ട , വെണ്ണികുളം sub
4. സങ്കടപ്പനിയില് നിന്നും ഹാപ്പിയിലേക്ക്
പനി പിടിച്ച് സ്കൂളിൽ വരാൻ കഴിയാതെ 3 ദിവസം ഞാൻ വിഷമത്തോടെയാണ് തള്ളി നീക്കിയത്. ഗ്രൂപ്പിൽ എല്ലാവരുടെയും പ്രവർത്തനങ്ങൾ കാണുമ്പോൾ എൻ്റെ കുഞ്ഞുങ്ങൾ പുറകിലാകുമല്ലോ എന്ന വേവലാതി😞
ഇന്ന് സ്കൂളിലെത്തി പ്രവർത്തനങ്ങളിൽ ചിലത് ചെയ്യാൻ കഴിഞ്ഞു.
താളം കൊട്ടി പാടൽ, ടിഷ്യു പേപ്പർ മരം, കോഴിയമ്മ കഥ വിരൽ പാവ സംഭാഷണം, പക്ഷിയെ പറപ്പിക്കൽ (ഗ്ലൗസ് കിളി ) English Attendance Activity എന്നിവ ചെയ്യാൻ കഴിഞ്ഞു.
വിരൽപ്പാവ കുട്ടികൾ ഇഷ്ടത്തോടെ ചെയ്തു സംഭാഷണം അവരുടെ സ്വന്തം ഭാഷയിൽ പറഞ്ഞു. താനാരം തക താനാരം പാടി ഇന്നാണെങ്കിൽ മഴ തന്നെ മഴ. ടിഷ്യു പേപ്പർ മരത്തിൽ വെള്ളം തളിച്ചപ്പോൾ ഹായ് നിറം പരന്നു വീർത്തുവരുന്നല്ലോ എന്ന് ജിജ്ന. വളരെ ശ്രദ്ധയോടെ ഭംഗിയായി ചെയ്യാൻ നിരഞ്ജനമോൾ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് കുട്ടികളും ഹാപ്പി ഞാനും ഹാപ്പി.
ശ്രുതിദാസ്.
5. ടീച്ചറേ വരി കിട്ടി തുമ്പി പെണ്ണേ എന്ന് ചേർത്താലോ
ഇങ്ങനെയിങ്ങനെ ഇങ്ങനെയങ്ങനെ നട നടന്നു വന്നു
ഇതായിരുന്നു ഇന്ന് വൈകീട്ട് വരെ കേട്ട വരികൾ
എൻ്റെ വായിലും അതേ വരികൾ
പാട്ട് ആദ്യം കേട്ടപ്പോൾ തന്നെ സൽഹ ബെഞ്ചിൽ താളം പിടിച്ചു. ഞാനത് ശ്രദ്ധിച്ചപ്പോൾ അവൾക്ക് നാണമായി. നമുക്ക് ഒരുമിച്ച് പാടി അഭിനയിക്കാം എല്ലാവരും ബെഞ്ചിൽ നിന്നും ഇറങ്ങി ക്ലാസിൽ അഭിനയം തുടങ്ങി. വീണ്ടും വീണ്ടും പ്ലേ ചെയ്യിപ്പിച്ചു. വഴി കാണിക്കാനും ചിത്രം കളർ ചെയ്യാനും എളുപ്പമായി.
കട്ടുറുമ്പിൻ്റെ കല്ല്യാണം ഭാവം ഉൾകൊണ്ട് പാട്ടുകൾ അവതരണത്തിൽ താളം പറഞ്ഞ് തന്നത് അഷ്മികയായിരുന്നുകുഞ്ഞിക്കാക്കയ്ക്ക് പകരം പേര് ചേർത്തത് ഷിഫ തുമ്പി എന്നു ഉറക്കെ പറഞ്ഞു അവ ചേർത്ത് പാടി. പക്ഷേ അപ്പോൾ പാട്ട് രസമില്ല എന്ന് ബാക്കിപേർ അപ്പോൾ എന്ത് ചെയ്യും? എങ്കിൽ അത് വേണ്ട നമുക്ക് കുഞ്ഞിപ്രാവാക്കാം ഇത് കെൻസ് അമാനി പറഞ്ഞപ്പോൾ ഷിഫയുടെ മുഖത്ത് നിരാശ, നമുക്ക് തുമ്പിയെ ചേർത്ത് വരിയുണ്ടാക്കാമെന്ന് ഞാൻ സമാധാനിപ്പിച്ചു. പക്ഷേ ഞാൻ മറന്നു . ഇൻ്റർവെൽ കഴിഞ്ഞു ഷിഫ ഓടി വന്ന് പറയുന്നു ടീച്ചറേ വരി കിട്ടി തുമ്പി പെണ്ണേ എന്ന് ചേർത്താലോ
ആ പ്രവർത്തനം അ അവസാനിച്ചെങ്കിലും അവളുടെ സന്തോഷത്തിൽ ഞങ്ങൾ വീണ്ടും കരോക്കെ വെച്ചു പാടി
തന്താന്നിത്തോ താനിന്നേ തെയ് തെയ് തെയ് തെയ് തന്നാനേ
കല്ല്യാണത്തിനു പോകേണ്ടേ
ചെമ്പരുന്തേ പോന്നോളു
തന്താന്നിത്തോ....തെയ്.....
കല്ല്യാണത്തിനു പോകേണ്ടേ
തുമ്പി പെണ്ണേ പോന്നോളു
തന്താന്നി......തെയ് .....
കല്ല്യാണത്തിനു പോകേണ്ടേ
സിംഹ വാവേ പോന്നോളു
Signal.....
വണ്ടി ഓട്ടാൻ എല്ലാവർക്കും ഇഷ്ടം. നിർത്തുമ്പോൾ ബ്രേക്ക് ഇടണേ എന്ന് എന്നെ ഓർമ്മിപ്പിച്ചു. red, Orange ,green എന്നിവ Signal മുൻപരിചയം ഉള്ളവരും ഉണ്ടായിരുന്നു
Hello, good bye ആസ്വദിച്ചു ചെയ്തു .
Dancing ball
Ball dance ചെയ്യാൻ പ്രയാസമായി പകരം ടിഷ്യു ball ഉണ്ടാക്കി. എല്ലാവരും പ്രവർത്തനത്തിൽ പങ്കെടുത്തു. നിർമ്മാണം പരാജയമായതിനാൽ സമയം അധികം വേണ്ടി വന്നു.
Toss balloon ഇഷ്ടമായി
ഉയർന്ന് പൊങ്ങുന്ന ബലൂൺ പേര് പറഞ്ഞവർ ഓടി പോയി പിടിച്ചു ബാക്കി പേർ കൈയ്യടിച്ചു പ്രോത്സാഹനം നൽകി.
എറിയാം നേടാം -
സൂക്ഷ്മ സ്ഥൂല പേശി വികാസം നേടാൻ കഴിയുന്ന പ്രവർത്തനം തന്നെ ബോട്ടിൽ മനോഹരമാക്കി ബോൾ തട്ടി 2 ബോട്ടിൽ വീണാൽ ഞങ്ങളുടെ ഗ്രൂപ്പിന് 2 പോയിൻ്റ് തരണേ. മത്സരം ഗംഭീരം.
ഇത്തരം പ്രവർത്തനങ്ങളിലൂടെ സംസാരിക്കാൻ നാണിക്കുന്നരെ മുൻ നിരയുടെ കൂടെ എത്തിക്കാൻ കഴിയും . പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം ഉണ്ടാക്കാനും ഒന്നൊരുക്കത്തിന് കഴിയും എന്ന കാര്യത്തിൽ അഭിമാനിക്കാം.
GMLPS KOOMANNA
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി