Pages

Wednesday, September 10, 2025

എഴുത്തഴക് മൂന്നാം ക്ലാസില്‍


മൂന്നാം ക്ലാസില്‍ മാതൃഭാഷയില്‍ കൂടുതല്‍ പിന്തുണ വേണ്ട കുട്ടികളാരെല്ലാം എന്ന് ഒന്നാം ടേം പരീക്ഷയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
  • ഈ വിദ്യാലയത്തില്‍ മൂന്നാം ക്ലാസില്‍ ആകെ പഠിക്കുന്ന കുട്ടികള്‍……..
  • അഭിലഷണീയ നിലവാരത്തിലുള്ളവര്‍…………...
  • ശരാശരി നിലവാരത്തിലുള്ളവരുടെ എണ്ണം…………..
  • കൂടുതല്‍ പിന്തുണ വേണ്ടവരുടെ എണ്ണം………….

സെപ്തംബര്‍ രണ്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പഠനപിന്തുണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. പല കാരണങ്ങളാല്‍ പ്രത്യേക സമയം കണ്ടെത്തി പിന്തുണ നല്‍കുക എന്നത് പ്രായോഗികമല്ല എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. സാധാരണ ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമായി പിന്തുണാസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കണം. ഭിന്ന നിലവാര പരിഗണനയോടെയുള്ള പ്രക്രിയ വികസിപ്പിച്ചുകൊണ്ടു മാത്രമേ ഇത് സാധ്യമാകൂ.

മൂന്നാം ക്ലാസിലെ ഭാഷാപഠനവുമായി ബന്ധപ്പെട്ട് നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചുവടെ നല്‍കുന്നത്

ഒന്ന്. വീട്ടിലെ പിന്തുണാന്തരീക്ഷം ശക്തിപ്പെടുത്തല്‍

ഡി ജി ഇയുടെ നിര്‍ദ്ദേശപ്രകാരം സെപ്തംബര്‍ പന്ത്രണ്ടിന് ക്ലാസ് തലത്തില്‍ രക്ഷിതാക്കളുടെ യോഗം വിളിക്കും. കൂടുതല്‍ പിന്തുണ വേണ്ട കുട്ടികളുടെ രക്ഷിതാക്കളെ മാത്രമാണ് വിളിക്കുക.

യോഗത്തില്‍ സംയുക്ത ഡയറി എഴുതുന്നതിനുള്ള പരീശീലനം രക്ഷിതാക്കള്‍ക്ക് നല്‍കും. ( സംയുക്തഡയറി കേരളത്തില്‍ വികസിപ്പിച്ച സുസ്മിത ടീച്ചറുടെ രീതി പരിചയപ്പെടാം സംയുക്ത ഡയറി എന്ത്? എങ്ങനെ?)

ഇപ്പോള്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ നടപ്പിലാക്കുന്ന സംയുക്തഡയറിയെഴുത്ത് കുട്ടികളുടെ ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സഹായകമാണ്. ഒന്നാം ക്ലാസിലെ അധ്യാപികയുടെ സഹായത്തോടെ സംയുക്ത ഡയറി എഴുതുന്ന വിധം പരിചയപ്പെടുത്തും.

ബാലസാഹിത്യകൃതികളുടെ വായന.  

കുട്ടിക്ക് ഭാഷാപഠനത്തില്‍ താല്പര്യം വളര്‍ത്താനാണ് ഈ പ്രവര്‍ത്തനം. വീട്ടിലുള്ള ആരെങ്കിലും വായിച്ച് കേള്‍പ്പിക്കേണ്ടി വരും. തനിയെ വായിക്കാറാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ആഴ്ചയില്‍ രണ്ട് ബാലസാഹിത്യകൃതികളാണ് നല്‍കുക.

എല്ലാ ദിവസവും ക്ലാസില്‍ നടന്ന കാര്യങ്ങള്‍ രക്ഷിതാവ് കുട്ടിയോട് ചോദിക്കണം. കുട്ടിയുടെ ആവശ്യങ്ങള്‍ ടീച്ചറെ അറിയിക്കണം.

രണ്ട്. പഠനക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍

സഹപാഠികളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് ക്ലാസില്‍ പഠനക്കൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നത്. ക്ലാസിലുള്ള മുഴുവന്‍ കുട്ടികളെയും ആറ് അംഗ പഠനക്കൂട്ടങ്ങളിലായി വിന്യസിക്കും. ഭിന്ന നിലവാര ഗ്രൂപ്പായിരിക്കും. ഏറ്റവും സമര്‍ഥരും ശരാശരിക്കാരും കൂടുതല്‍ പിന്തുണ വേണ്ടവരും ഉണ്ടായിരിക്കും. ഓരോ പഠനക്കൂട്ടത്തിനും ഓരോ സാരഥികളുണ്ടാകും.

പഠനക്കൂട്ടത്തിന്റെ ചുമതലകള്‍

1. പഠനപ്രവര്‍ത്തനങ്ങള്‍ പഠനക്കൂട്ടത്തിലെ എല്ലാവരും പൂര്‍ത്തീകരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക

2. പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സഹായം വേണ്ടവര്‍ക്ക് ഇടവേളകളില്‍ പിന്തുണ നല്‍കുക

3 കൂട്ടെഴുത്ത് ക്ലാസ് പത്രം നടപ്പിലാക്കുക. ഒരു ദിവസം ഒരു പഠനക്കൂട്ടത്തിനാകും പത്രപ്രകാശന ചമുതല. ആഴ്ചയില്‍ അഞ്ച് പത്രങ്ങള്‍. ക്ലാസിലെയും സ്കൂളിലെയും നാട്ടിലെയും വിശേഷങ്ങളാണ് വാര്‍ത്തകളാക്കേണ്ടത്. വാര്‍ത്തയുടെ ആശയങ്ങള്‍ പഠനക്കൂട്ടത്തില്‍ തീരുമാനിക്കണം. എല്ലാവരുടെയും കൈയക്ഷരം പത്രത്തില്‍ നിര്‍ബന്ധം. ഭാഷാപരമായ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കി എഴുതിക്കണം. പത്രപ്രകാശനം ഭാഷാക്ലാസിലാണ് നടത്തേണ്ടത്. ഇടവേള സമയത്താണ് പത്രം തയ്യാറാക്കേണ്ടത്. ( കൂട്ടെഴുത്ത് പത്രം വിശദാംശങ്ങള്‍ ഇവിടെ വായിക്കാം..

കൂട്ടെഴുത്തിന്റെ ഒന്നാന്തരം മാതൃക 

ഒന്നാം ക്ലാസുകാര്‍ ഏറ്റെടുത്ത കൂട്ടെഴുത്ത് പത്രം)

4. റീഡേഴ്സ് തിയറ്റര്‍- പാഠഭാഗങ്ങളുടെ വായനാവിഷ്കാരമാണ്. പഠനക്കൂട്ടങ്ങളാണ് ഇത് ചെയ്യേണ്ടത്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വായനയില്‍ പിന്തുണ നല്‍കുന്നതിനും വായന ആസ്വാദ്യപ്രവര്‍ത്തനമാക്കി മാറ്റുന്നതിനും കഴിയും ( വിശദാംശങ്ങള്‍ ഇവിടെ വായിക്കാം

റീഡേഴ്സ് തീയറ്റര്‍ വായനശേഷി വികസനതന്ത്രംm/2022/06/blog-post_26.html )

മൂന്ന്. വ്യക്തിഗത ഉപപാഠങ്ങള്‍, വായനപാഠങ്ങള്‍

ആഴ്ചയില്‍ രണ്ട് ചെറുവായനസാമഗ്രികള്‍ ഓരോ കുട്ടിക്കും നല്‍കും. നാലോ അഞ്ചോ ചെറു വാക്യങ്ങളാകും ഉണ്ടായിരിക്കുക. അതില്‍ പൂരിപ്പിക്കാനുള്ള അവസരവും ഉണ്ടാകും.

നാല്- ക്ലാസ് ലേഖനപ്രക്രിയയില്‍ ഭിന്ന നിലവാര പരിഗണന

ടീച്ചിംഗ് മാന്വലിലെ പ്രക്രിയ സവിശേഷ പിന്തുണ ആവശ്യമുള്ളവര്‍ക്ക് ഇടം ലഭിക്കുന്ന വിധത്തിലാക്കും. തത്സമയ പിന്തുണയുടെ രീതി ഉറപ്പാക്കും. വിജയബോധത്തിലേക്ക് ക്രമേണ നയിക്കുന്ന കൈത്താങ്ങ് പ്രവര്‍ത്തനമാണ് നടത്തുക. സെപ്തംബര്‍ മുതല്‍ ഇത് ട്രൈ ഔട്ട് ചെയ്യും.

ഭിന്നതല ആസൂത്രണം നടത്തുന്ന രചനാപ്രവര്‍ത്തനങ്ങള്‍ 

പലഹാരക്കൊതിയൻമാർ 
1. എനിക്കിഷ്ടപ്പെട്ട വാക്കുകൾ
2. അക്ഷരപ്പലഹാരം - അകാരാദിക്രമത്തിലാക്കൽ
3. പലഹാരപ്പാട്ടുകൾ ശേഖരിച്ചെഴുതൽ , സ്വന്തമായി എഴുതൽ
4. ക്ലാസ്സിൽ ഒരു അപ്പാണ്യം പോസ്റ്റർ തയ്യാറാക്കൽ - പലഹാരപ്പേരുകൾ
5. ക്ഷണക്കത്ത് തയ്യാറാക്കൽ
6. പലഹാരപ്പണി - പാചകക്കുറിപ്പ്
7. പലഹാര വിവരണം
8. കണ്ട് കണ്ട്, കേട്ട് കേട്ട്
9. കഥ പൂർത്തിയാക്കാം
10. മഴത്തുള്ളിപ്പിണക്കം
11. മഴത്തുള്ളിയുടെ സങ്കടം മാറ്റാൻ ചെയ്യാവുന്ന കാര്യങ്ങൾ കുറിപ്പായി എഴുതാം
12. ഹരിതകർമ്മസേന - ഭൂമിയെ സുന്ദരമാക്കുന്നവർ
മൈനക്കൊരു കത്ത്
1. ചോദ്യോത്തരപ്പയറ്റ് - ചോദ്യങ്ങൾ തയ്യാറാക്കൽ
2. കത്തെഴുത്ത്
3. അഭിമുഖ സംഭാഷണത്തിന് ചോദ്യങ്ങൾ തയ്യാറാക്കാം
4. ശുചിത്വം ഉറപ്പാക്കാൻ വീട്ടിലും നാട്ടിലും നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ?.
5. വിമലവിദ്യാലയം നിയമാവലി തയ്യാറാക്കൽ
6. മാലിന്യമുക്ത കേരളം - പോസ്റ്റർ രചന

തയ്യാറാക്കിയത്

സൈജ എസ്

മൂന്നാം ക്ലാസ് അധ്യാപിക

ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം




No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി