Pages

Tuesday, November 11, 2025

279. മണ്ണിലും മരത്തിലും അനുഭവക്കുറിപ്പ്

ഉമ്മുല്‍ഖൈര്‍ ടീച്ചര്‍ പാഠം വിനിമയം ചെയ്തതതിന്റെ അനുഭവം പങ്കിടുകയാണ്. പാഠത്തിലെ പ്രവര്‍ത്തനങ്ങളോടുള്ള കുട്ടികളുടെ പ്രതികരണങ്ങളും കുട്ടികളുടെ നിലവാരവുമെല്ലാം കുറിപ്പിലുണ്ട്. മണ്ണിലും മരത്തിലു പാഠം വിനിമയം ചെയ്യുമ്പോള്‍ ടീച്ചര്‍ എന്നോട് ചോദിച്ചു

"മണ്ണിൽ എന്നതിനു പകരം എല്ലാവരും പുഴയിൽ എന്നാണ് എഴുതിയത്.

ശരിക്കും ചിത്രം കണ്ടാൽ ഇവർ പറയുന്നത് ശരി തന്നെ. മക്കൾക്ക് അറിയില്ലല്ലോ

ചിത്രത്തിൽ പുഴ പോലെ തോന്നിക്കും.”

ണ്ണയാണ് പരിചയപ്പെടുത്തേണ്ട അക്ഷരം. ടീച്ചര്‍ അപ്പോള്‍ ചെയ്തത് എന്താണ്?

"ഞാൻ പുഴയിൽ നിന്നെടുത്തു

മണ്ണിൽ വീഴ്ത്തി😂"

എത്ര രസകരമാണ് ഒന്നാം ക്ലാസ്! ടീച്ചറുടെ കുറിപ്പ് വായിക്കൂ.

ബര്‍സയും ഉമ്മയും

  1. ഒന്നാം ദിവസം മരം വെട്ടി ഒട്ടിക്കുന്നതിന് പകരം ചാർട്ടിൽ മരം വരച്ചു താമസക്കാരെ കണ്ടെത്തി ഒട്ടിച്ചു ബർസയാണ് മരത്തിലെ താമസക്കാരുടെ പേരുകൾ കൂടുതൽ പറഞ്ഞത് പുറത്തിറങ്ങി നടക്കുമ്പോൾ ഉമ്മ കൂടുതൽ കൂടുകൾ കാണിച്ചു കൊടുക്കാറുണ്ടെന്ന് പറഞ്ഞു.

കളി രസിച്ചു

  1. കൂട്ടിൽ അകപ്പെട്ട കിളി എന്ന കളി ക്ലാസിന് കളിച്ചു.  കൂട്ടിൽ ആവാതെ രക്ഷപ്പെടാൻ പലരും ശ്രമിച്ചെങ്കിലും പലരും കൂട്ടിലായി .ഇത് കണ്ട് ബാക്കി പേർ കൈ കൊട്ടി ആർത്തു ചിരിച്ചു .

ചീവീട് ശല്യശബ്ദം

  1. പരിസര നിരീക്ഷണം നടന്നില്ല സ്കൂളിൽ അത്തരം ചുറ്റുപാട് ഇല്ലാത്തതിനാൽ അവ വീട്ടിൽ നിന്ന് നിരീക്ഷിക്കാനും എത്ര കളികൾ എത്ര കൂടുകൾ കണ്ടെത്തി വരാനും പറഞ്ഞു

  2. പട്ടികപെടുത്തിയ ജീവികളിൽ ചീവിട് പുതിയ പേരായി തോന്നി. അപ്പോൾ കെൻസ് പറഞ്ഞു രാത്രി ശല്യപ്പെടുത്തുന്ന ശബ്ദത്തിൽ എത്തുന്ന ആളാണ് ചീവിട്.

സംശയക്കുട്ടികള്‍

  1. അന്ന് ക്ലാസ്സിൽ ചില സംശയങ്ങൾ വന്നു 

    • വവ്വാൽ എന്തിനാ എപ്പോഴും തല കീഴായി നിൽക്കുന്നത് ? 
    • വവ്വാൽ എന്താ പകലിൽ പറക്കാത്തത് ?  
    • എൻറെ വീട്ടിലെ പഴം തിന്നാൻ രാത്രി ആണല്ലോ വവ്വാൽ എത്താറ് ?  
    • വവ്വാൽ എപ്പോഴാ നമുക്ക് പനി തരുന്നത് ?തുടങ്ങിയ ചോദ്യങ്ങളും ക്ലാസ്സിൽ ഉയർന്നു.  
    • മരത്തിൽ ആഹാരം കഴിക്കാൻ മാത്രമാണോ കിളികളും മറ്റും വരുന്നത് എന്ന ചോദ്യത്തിന് അല്ല പാർക്കാനും വരും എൻറെ വീടിൻ്റെ മുന്നിലുള്ള മരത്തിൽ പല കിളികളും കൂട് വെച്ചത് ഞാൻ കണ്ടിട്ടുണ്ട് എന്ന് ആസിം പറഞ്ഞു. കാക്ക കൂട്ടിൽ കുയിൽ മുട്ടയിട്ടത് സംയുക്ത ഡയറിയിൽ എഴുതാമെന്ന് പറഞ്ഞു.

വായനക്കാര്‍ഡ് തനിയെ വായന

  1. ഈ പാഠഭാഗത്തെ ആദ്യ വായന കാർഡിൽ അപ്പുറത്തുള്ള പപ്പായ എന്നത് അക്ഷര പുനരനുഭവം വന്നതിനാൽ ശരിയായി വായിച്ചു.

എല്ലാവരുടെയും ഡയറി ഒരുപോലെ പരിഗണിക്കല്‍

  1. ഡയറി കൈമാറി വായന ചിത്രനിരീക്ഷണം ബെഞ്ചടിസ്ഥാനത്തിലുള്ള വായന ,ചങ്ങല വായന എന്നിവ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു. പുതുമയുള്ള കാര്യം എഴുതിയാൽ ടീച്ചറെ കാണിക്കാൻ ക്ലാസിൽ തിരക്കാണ് എല്ലാവരുടെയും ഡയറി ഒരുപോലെ പരിഗണിക്കുക എന്നത് അധ്യാപകർക്ക് മാത്രമുള്ള കഴിവായി തോന്നുന്നു.

ശിഫയുടെ ഉദാഹരണം

  1. തീറ്റ തേടി പോകുന്നത് അഭിനയിച്ചു കാണിക്കാൻ തിടുക്കം കാട്ടി കുഞ്ഞിക്കിളി തനിച്ചായി എന്ന് പറഞ്ഞപ്പോൾ മുഖം സങ്കടമായി തോന്നി കുഞ്ഞിക്കളി കണ്ണ് തുറന്നു ചുറ്റും നോക്കി എന്ന് പറഞ്ഞപ്പോൾ എൻറെ കുഞ്ഞുവാവ എണീറ്റാൽ ഉമ്മയെ കണ്ടില്ല എങ്കിൽ കാണുന്നത് വരെ കരയും അതുപോലെയാണ് കുഞ്ഞിക്കിളി കരഞ്ഞത് എന്ന് ശിഫ പറഞ്ഞു 4

തനിച്ചെഴുത്തിലേക്ക് വളര്‍ന്നു

  1. പ്രവർത്തന പുസ്തകത്തിൽ എഴുത്ത് വലിയ പ്രയാസമായി തോന്നിയില്ല മുൻപാഠങ്ങളിൽ വന്ന അക്ഷരങ്ങളായതിനാൽ തനിച്ചെഴുതാൻ തുടങ്ങി.

ജിജ്ഞാസ മുറുകി

  1. ഇടിവെട്ടി കാറ്റ് വീശി കുഞ്ഞിക്കിളി കരഞ്ഞു തുടങ്ങിയവ കുട്ടികൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു കഥയുടെ ബാക്കി ഭാഗം അറിയാൻ തിടുക്കം കാണിച്ചു

  2. മറ്റൊരു മരത്തിൽ നിന്നും ഒരാൾ ചാടി വന്നു എന്ന് പറഞ്ഞപ്പോൾ ഭയം വന്നെങ്കിലും ഛിൽ ഛിൽ എന്ന് പറഞ്ഞപ്പോഴേക്ക് ആശ്വാസമായി.

തെളിവുവാക്യങ്ങള്‍

  1. ഇടിവെട്ടി എന്നതിൽ ട യും ട്ട യും വന്നതിനാൽ വ്യത്യാസം തിരിച്ചറിയാൻ ഫർസാനയെ പോലുള്ളവർക്ക് സാധിച്ചു.

  2. ങ പരിചിത അക്ഷരമല്ല ചാർട്ടിൽ കാണിച്ചു ങീ..... ങീ... തനിച്ചെഴുതി.

കൂട്ടെഴുത്ത് പത്രം പുതിയ അനുഭവം

  1. ഈ പാഠഭാഗത്തിൽ എടുത്ത് പറയേണ്ട ഒന്നായിരുന്നു കൂട്ടെഴുത്ത് പത്ര നിർമ്മാണം കുട്ടികൾ ഒരുമിച്ചിരുന്ന് എഴുതിയ ഡയറി പുതിയ അനുഭവമായി അവർക്ക് തോന്നി വീട്ടിൽനിന്ന് ഡയറി എഴുതുന്ന അവർ ക്ലാസ്സിൽ ഒരുമിച്ചിരുന്ന് ഡയറി ഒരു കൗതുകമായി തോന്നി HM ടീച്ചർ പ്രകാശനം ചെയ്തു.

സ്കൂള്‍ വിശേഷം ഡയറി

  1. അവർ തന്നെ പറയുന്നു ഞങ്ങൾ നാളെ ഭക്ഷണം കഴിച്ചശേഷം ഇതുപോലെ ഡയറി എഴുതട്ടെ? ഞാൻ സമ്മതിച്ചു.

  2. അതിനായി രക്ഷിതാക്കൾ പുസ്തകം വാങ്ങി നൽകി സ്കൂൾ വിശേഷം രണ്ടോ മൂന്നോ വരിയിൽ കൂട്ടുകാരോടൊപ്പം ഇരുന്ന് എഴുതാൻ തുടങ്ങി. ആ പുസ്തകം ക്ലാസിൽ സൂക്ഷിക്കാനും തുടങ്ങി. അവ നല്ല ആശയമായി എനിക്കും തോന്നി.

കുട്ടിക്കൂട്ടം സപ്പോര്‍ട്ട് മനോഹരം

  1. ഏതൊക്കെ അക്ഷരങ്ങൾ ഇനിയും കിട്ടാനുണ്ട് എന്നത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു.വീട്ടിൽ സപ്പോർട്ടില്ലാത്ത കുട്ടികൾക്ക് കുട്ടിക്കൂട്ടം സപ്പോർട്ട് നൽകുന്നതായും മനോഹര കാഴ്ചയായി മാറി

അരി കിട്ടുന്നത് നെല്ലില്‍ നിന്നല്ല കടയില്‍ നിന്നാണ്

  1. പാഠഭാഗത്ത് വന്ന കുരുവികൾ കൂടുണ്ടാക്കുന്നത് പുല്ലും നാരും വൈക്കോലുകളും കൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ എന്താണ് വൈക്കോൽ ? നെല്ല് കാണാത്തവരും പാടം കാണാത്തവരും സങ്കട കാഴ്ച്ചയായി. തൽകാലം ചിത്രം കാണിച്ചു വൈക്കോൽ ഒരു കൃഷിക്കാരനോട് കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. നമുക്ക് അരി കിട്ടുന്നത് നെല്ലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അല്ല കടയിൽ നിന്നാണ് എന്ന് ജന്നയുടെ മറുപടി. പാടങ്ങളും വയലുകളും അപ്രത്യക്ഷമാവുമ്പോൾ ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും പ്രതീക്ഷിക്കേണ്ടി വരും

ജി.എം എൽ പി സ്കൂൾ കൂമണ്ണ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി