എന്താണ് പി എം ശ്രീയിലൂടെ വിദ്യാലയങ്ങളില് നടപ്പിലാക്കണമെന്ന് പറയുന്ന പ്രവര്ത്തനങ്ങള്?
PM SHRI SCHOOLS Framework on School Transformation-Part 2
Implementation and Programmatic Guidelinesല് ആണ് അവ വിശദമാക്കുന്നത്.
പലരും അത് വായിച്ചിട്ടുണ്ടാകണമെന്നില്ല.
രണ്ടാം പേജിലാണ് ചട്ടക്കൂടിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. അത് കാവി അക്ഷരങ്ങളില് ഇങ്ങനെ കുറിക്കുന്നു
"ചട്ടക്കൂട് അനുശാസനസ്വഭാവത്തിലുള്ളതല്ല (not prescriptive) മറിച്ച് സൂചന നൽകുന്ന (suggestive) സ്വഭാവമുള്ളതാണ്. സ്കൂൾ പരിവർത്തനം ഓരോ സ്കൂളിനും വ്യത്യസ്തമായിരിക്കാം, സ്കൂൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പരിവർത്തനം പ്രാപ്തമാക്കുന്ന ഒരു വിഭവസ്രോതസ്സായി ഈ ചട്ടക്കൂട് ഉപയോഗിക്കാൻ കഴിയും. മികവിന്റെ അതുല്യതയ്കായി NEP യുടെ ഉദ്ദേശ്യം കേന്ദ്രസ്ഥാനത്ത് നിലനിർത്തിക്കൊണ്ട്, ഏതെങ്കിലും ഏകതാനമാക്കല് / ഏകീകൃതവൽക്കരണം / കർക്കശമായ ഘടന അനുവദിക്കുന്നില്ല.
ഇത് ഒരു വികസിച്ചുകൊണ്ടിരിക്കുന്ന രേഖയാണ്, ഇത് സംസ്ഥാനം / യു ടി / കെവിഎസ് / എൻവിഎസ് എന്നിവയുടെ ആവശ്യകതകൾ, പ്രാദേശിക സാഹചര്യം എന്നിവ അനുസരിച്ച് ഏത് ഘട്ടത്തിലും പരിഷ്കരിക്കാനോ മാറ്റാനോ ഏത് ഘട്ടത്തിലും കഴിയും."
( വായനക്കാര്ക്ക് വ്യാഖ്യാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്കുന്നു. ഞാന് വ്യാഖ്യാനിക്കുന്നില്ല)
പേജ് നമ്പര് ഒമ്പത് മുതലാണ് പി എം ശ്രീ സ്കൂളുകളുടെ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ വിവരിക്കുന്നത്. തുടക്കം വഴക്കത്തെക്കുറിച്ച് സൂചിപ്പിച്ചാണ്.
"പി എം ശ്രീ സ്കൂളുകളുടെ സ്കൂളുകളുടെ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ ആറ് സ്തംഭങ്ങൾക്ക് കീഴിലുള്ള ഇടപെടലുകളായിട്ടാണ് നൽകുന്നത്. ഈ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ പരിണമിച്ചുകൊണ്ടിരിക്കുന്ന രേഖയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, ഇത് സംസ്ഥാന/ യു ടി/ കെവിഎസ്/ എൻവിഎസ് എന്നിവയുടെ ആവശ്യകതകളും പ്രാദേശിക സാഹചര്യവും അനുസരിച്ച് പരിഷ്കരിക്കാനോ മാറ്റാനോ കഴിയും. പ്രോഗ്രാം അപ്രൂവൽ ബോർഡിലെത്തുന്ന (പിഎബി) ഘട്ടത്തിൽ അംഗീകൃത സാമ്പത്തിക വിഹിതത്തിനുള്ളിൽ നിന്നുകൊണ്ട് പദ്ധതിയിൽ ഏതെങ്കിലും ഇടപെടലുകൾ ( interventions) സൃഷ്ടിക്കാനോ ഏതെങ്കിലും മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ മന്ത്രാലയത്തിന്/ ഗവേണിംഗ് കൗണ്സിലിന് (GC) കഴിയുന്ന രീതിയിലുള്ള വഴക്കം ഉണ്ടായിരിക്കും."
ഒന്നാം സ്തംഭത്തിലെ ആദ്യ ഇനം Curriculum, Pedagogy and Assessment ആണ്. എന്തെല്ലാമാണ് അതില് വരിക എന്ന് നോക്കാം.
1.പ്രീപ്രൈമറി വിദ്യാഭ്യാസം.
പ്രൈമറി സ്കൂളുകളിൽ അംഗൻവാടികള്ക്ക് സഹ-സ്ഥാനം നല്കല്.
● നിലവിലുള്ള പ്രൈമറി സ്കൂളുകളിൽ ബാലവാടികയുടെ ഒന്നാം വർഷം ആരംഭിക്കുന്നതിന് (NEP ഖണ്ഡിക 1.6) മുൻഗണന നൽകല്.
● ഒന്ന് മുതല് മൂന്ന് വയസുകാര്ക്കുള്ള ബാലവാടിക/3–6 പ്രായക്കാര്ക്കുള്ള പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനായി ശക്തിപ്പെടുത്തൽ ഘടകത്തിന് കീഴിൽ അധിക ക്ലാസ് മുറികളുടെ ആവശ്യകത (ACR), ടോയ്‌ലറ്റുകൾ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ നൽകല്
ബാലവാടിക/പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് പ്രതിവർഷം ഒരു സ്കൂളിന് ₹ 2.00 ലക്ഷം വരെ ആവർത്തനസ്വഭാവമുള്ള ഗ്രാന്റായി നല്കും, കൂടാതെ 1.5 ലക്ഷം രൂപയുടെ അധിക സഹായം.
സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയലുകൾ, തദ്ദേശീയ കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, കളി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഒരു കുട്ടിക്ക് പ്രതിവർഷം ₹ 500 വരെ നൽകും.
● സർക്കാർ സ്കൂളുകളിലെയും സഹ-സ്ഥാപിത അംഗൻവാടികളിലെയും പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് കെട്ടിടത്തെ പഠനോപകരണാക്കുന്ന BaLaസവിശേഷതകള്, ശിശു സൗഹൃദ ഫർണിച്ചർ, ഔട്ട്ഡോർ കളിസ്ഥല സാമഗ്രികൾ എന്നിവയ്ക്കായി ഒരു സ്കൂളിന് ₹ 3.00 ലക്ഷം വരെ ആവര്ത്തന സ്വഭാവമില്ലാത്ത ഗ്രാന്റ്.
( അംഗനവാടികളെ വിദ്യാലയങ്ങളുമായി ബന്ധപ്പിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില് ഒന്നാം ക്ലാസിലെ പ്രവേശനനിരക്ക് ആഗ്രഹിച്ച നിലയിലെത്താത്തതിനാലാണ്. കേരളത്തില് ഒന്നാം ക്ലാസ് പ്രവേശനപ്രായത്തിലുള്ള എല്ലാ കുട്ടികളും സ്കൂളില് എത്തുന്നുണ്ട്. മാത്രമല്ല മിക്ക വിദ്യാലയങ്ങളിലും പ്രീപ്രൈമറി പ്രവര്ത്തിക്കുന്നുണ്ട്. പി ടി എ നടത്തുന്ന പ്രീപ്രൈമറികള്ക്ക് സംസ്ഥാനം അംഗീകാരം നല്കുന്നില്ല. അതിനാല് നടത്തിപ്പ് ചെലവ് പി ടി എ ഏറ്റെടുക്കുന്നു. പി എം ശ്രീ പദ്ധതി പ്രകാരം പ്രീപ്രൈമറി നടത്തിപ്പ് ചെലവ് സര്ക്കാര് വഹിക്കും. പി എം ശ്രീ 2027ല് അവസാനിച്ചാല് അത് തുടരുമോ? ഒരു ഉറപ്പുമില്ല. കേരളത്തിലെ മുഴുവന് കുട്ടികള്ക്കും പ്രീപ്രൈമറി അനുഭവം കിട്ടുന്നതിനുള്ള പദ്ധതി സര്ക്കാര് പ്രഖ്യാപിക്കുകയാണ് പി എം ശ്രീയ്കുള്ള ബദല്. സംസ്ഥാനതലത്തില് കരിക്കുലം ഉണ്ടാക്കുകയും അണ് എയ്ഡഡ് സ്വഭാവത്തോടെ കുട്ടികളില് നിന്നും ഫീസീടാക്കി തന്നിഷ്ടപ്രകാരം അശാസ്ത്രീയമായ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങള്ക്ക് സ്വാതന്ത്ര്യം നല്കുകയുമാണിപ്പോള്. അത് അവസാനിപ്പിക്കാന് പി എം ശ്രീ പദ്ധതിക്ക് കഴിയില്ല)
രണ്ടാമത്തെ ഇടപെടലായി സൂചിപ്പിക്കുന്നതാണ്
നൂതനമായ അധ്യയന രീതികൾ നടപ്പിലാക്കുന്നതിനുള്ള ബോധന-പഠന സാമഗ്രികൾ എന്നതാണ്.
പഠന നേട്ടങ്ങളുമായി ( learning outcomes) പൊരുത്തപ്പെടുന്ന പഠന സാമഗ്രികൾ -കോർ ടിഎൽഎം,
വായന, ആശയഗ്രഹണം, സംഖ്യ എന്നിവയിൽ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വർക്ക്ഷീറ്റുകൾ, വർക്ക്ബുക്കുകൾ, ക്വിസുകൾ മുതലായവയടങ്ങുന്ന സപ്ലിമെന്ററി ഗ്രേഡഡ് മെറ്റീരിയൽ,
വൈജ്ഞാനികവും മറ്റ് മേഖലകളിലുമുള്ള വിവിധ കഴിവുകളും കഴിവുകളും നേടുന്നതിന് സഹായകമായ കളിപ്പാട്ടങ്ങൾ, പസിലുകൾ, പാവകൾ, ഗെയിമുകൾ, ബോർഡ് ഗെയിമുകൾ, കഥാ പുസ്തകങ്ങൾ, ഉപകഥകൾ, തമാശകൾ, പ്രാദേശിക റൈമുകൾ, പ്രാദേശിക നാടോടി ഗാനങ്ങൾ/ഐതിഹ്യങ്ങൾ, കലയും കരകൗശലവും, ഓൺലൈൻ ആക്‌സസ് മുതലായവ ചേരുന്ന സപ്ലിമെന്ററി ടിഎൽഎം എന്നീ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചാണ് പഠനബോധന സാമഗ്രികള് വേണമെന്ന് പറയുന്നത്.
സാമ്പത്തിക മാനദണ്ഡം നോക്കാം. പ്രൈമറി തലത്തില് ഒരു കുട്ടിയൊന്നിന് പ്രതിവർഷം ₹ 500 വരെ സഹായം. ഇതിന്റെ 50% സ്കൂൾ/അധ്യാപക തല പ്രവർത്തനങ്ങൾക്കായിരിക്കാം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
( പ്രാദേശിക ഭാഷയിലാണ് ബോധനപഠനസാമഗ്രികള് ഉണ്ടാക്കേണ്ടത്. അതത് വിദ്യാലയങ്ങളില് രൂപപ്പെടണം. സംഭവിക്കുക കേന്ദ്രീകൃതമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യലാകും. ഓരോ വിദ്യാലയത്തിന്റെയും തനിമയും സര്ഗാത്മകതയും പ്രയോജനപ്പെടുത്തണം. അധ്യാപകര്ക്ക് പഠനബോധനസാമഗ്രികള്ക്ക് ഫണ്ട് നല്കുന്നതിനായി ടീച്ചര് ഗ്രാന്റ് നല്കിയിരുന്നു. അഞ്ഞൂറ് രൂപയായിരുന്നു ലഭിച്ചിരുന്നത്. അത് നിറുത്തലാക്കിയ കേന്ദ്രസര്ക്കാരാണ്. എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ അധ്യാപകരും പഠിപ്പിക്കുന്നതിന് പഠനോപകരണം ആവശ്യമാണ്. അതിന്റെ നിര്മ്മാണത്തിന് ചെലവു് വരും. സ്വന്തം കൈയില് നിന്നും പണമെടുത്ത് പഠനോപകരണം നിര്മ്മിക്കണമെന്ന് പറയാന് ഒരു സര്ക്കാരിനും കഴിയില്ല. ആവശ്യത്തിന് പഠനോപകരണങ്ങള് എല്ലാ ക്ലാസുകളിലും എല്ലാ വിഷയത്തിലും ഉറപ്പാക്കാനുള്ള പരിപാടി എന്ത്? പി എം ശ്രീ വിദ്യാലയത്തില് മാത്രം മതിയോ? ഒരു ബ്ലോക്കിലെ രണ്ട് വിദ്യാലയങ്ങളില് ഇത്തരം വലിയ സൗകര്യം അനുവദിക്കുന്നതിലൂടെ സമീപവിദ്യാലയങ്ങള് വെല്ലുവിളി നേരിടുകയില്ലേ? ക്രമേണ അവ ദുര്ബലമാവുകയില്ലേ? മുഴുവന് വിദ്യാലയങ്ങളെയും ശക്തിപ്പെടുത്തുക എന്ന പൊതുസമീപനവുമായി പി എം ശ്രീ പുറം തിരിഞ്ഞ് നില്ക്കുന്നുണ്ട്. പ്രദര്ശിപ്പിച്ച് മേനി പറയാന് കുറച്ച് വിദ്യാലയങ്ങള് സൃഷ്ടിച്ചാല് അത് ബഹുഭൂരിപക്ഷം വിദ്യാര്ഥികളെയും പരിഗണിക്കുന്നതാണ് എന്ന് പറയാനാകില്ല)
( തുടരും)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി