Pages

Wednesday, August 10, 2011

വായനയും കഥയും-1

 സ്നേഹിതരെ 

  അധ്യാപക  ശാക്തീകരണത്തിനു    വിദൂര  ബോധന രീതിയുടെ ഒരു മാതൃക ഇന്ന് മുതല്‍ ചൂണ്ടു വിരല്‍ പരിചയപ്പെടുത്തുന്നു. -
സുഹൃത്തുക്കളായ എല്‍ പി സ്കൂളിലെ അധ്യാപകരെ ഇത് പരിചയപ്പെടുത്തുക .സ്വന്തം സ്കൂളില്‍ പ്രയോഗിച്ചു നോക്കുക. 
ക്ലസ്ടരില്‍ പോകാത്തവര്‍ക്കും  വായിക്കാം. ക്ലസ്ടരില്‍ പോകുന്നവര്‍ക്ക് അനുഭവം പങ്കിടാം. അക്കാദമിക കൂട്ടായ്മയുടെ പുതു വഴി വെട്ടാം
നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ അനുഭവങ്ങള്‍ എന്നിവ  ഇ മെയില്‍  ചെയ്യുക
വിലാസം tpkala@gmail.com
വായനയും കഥയും ഒന്നാം ഭാഗം  വായിക്കൂ.. .
-സസ്നേഹം
കലാധരന്‍ -ടി-പി
------------------------------------------------------------------------------

അച്ചുവിന്റെ പട്ടം എന്നാണു കഥയുടെ പേര്‌

അച്ചുവിന് ഒരു പട്ടം കിട്ടി
അച്ചുവും കൂട്ടുകാരും പുറത്തേക്കോടി
പട്ടം പറത്തി
അതു ഉയര്‍ന്നു ഉയര്‍ന്നു പോയി
നല്ല രസം
പട്ടം വിചാരിച്ചു കൂടുതല്‍ ഉയരത്തിലേക്ക് പോണം.
ഉയര്‍ന്നു ഉയര്‍ന്നു..
അപ്പോള്‍ കാറ്റ് വീശി
പട്ടം ഉലഞ്ഞു
അയ്യോ .അച്ചു നിലവിളിച്ചു.
ചരട് പൊട്ടി
ഇനി എന്ത് സംഭവിച്ചിരിക്കും.?
കഥയുടെ തുടര്‍ച്ച പറയും മുമ്പ് ഒരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ
 നാം എന്തിനാണ് കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നത്
ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകാന്‍,സര്ഗാത്മകമായി ചിന്തിക്കാന്‍,ഭാഷയുടെ മനോഹാരിത പരിചയപ്പെടാന്‍,വായനയിലേക്ക് അടുപ്പിക്കാന്‍, ആസ്വാദ്യകരമായ അനുഭവം നല്‍കാന്‍. ആശയങ്ങളും ജീവിതാനുഭവങ്ങളും സ്വാംശീകരിക്കാന്‍, സാഹിത്യലോകത്തെ രചനകള്‍ പരിചയപ്പെടാന്‍ ,ഭാഷാ ശേഷീ വികാസത്തിന്,.
 ഈ ചോദ്യം  ഞാന്‍ ഉന്നയിച്ചപ്പോള്‍ എന്ത് മനസ്സിലായി ?
കഥയുടെ നൈരന്തര്യം മുറിഞ്ഞു
ചില അധ്യാപികമാര്‍ ഇങ്ങനെ ആണ് അവര്‍ ഇടയ്ക്കിടെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും.അതു കഥയില്‍ കഴിയുന്നത്ര ഒഴിവാക്കണം.
ഇനി എന്ത് സംഭവിച്ചിരിക്കും.? എന്ന ചോദ്യത്തിനു പകരം അച്ചു നിലവിളിച്ചത് എന്തിനാ ?എന്നു ചോദിക്കുന്ന ടീച്ചര്മാരുണ്ട്/അവര്‍ കഥയില്‍ കേറി ആശയഗ്രഹണപ്പരീക്ഷ നടത്തുകയാണ്.
ഇനി എന്ത് സംഭവിച്ചിരിക്കും.? ഈ ചോദ്യം കുട്ടികളെ കഥയുടെ ഭാവി സംഭവങ്ങളെ കുറിച്ച് ആലോചിക്കാന്‍ അവസരം നല്‍കും.ചിന്ത ഉണരും .ഒര്‍മയ്ക്കപ്പുറം    ഭാവന പായും
കഥ പറയുമ്പോള്‍, വായിച്ചു കൊടുക്കുമ്പോള്‍ പ്രവചനങ്ങള്‍ക്കു അവസരം കൊടുക്കാം.

ഓ ,കഥ വിട്ടു .ഇനി ആദ്യം മുതല്‍ പറയാം പറയേണ്ടരീതിയില്‍

ഒരു ദിവസം അച്ചു നാലുമണി വിട്ടു വീട്ടിലെത്തി.
മുറിക്കുള്ളില്‍ കയറി ബാഗ് മേശപ്പുറത്തിട്ടു.
"അമ്മേ, അമ്മേ"
അച്ചു ഉറക്കെ വിളിച്ചു വിളി കേള്‍ക്കുന്നില്ലല്ലോ .അച്ചു അകത്തും പുറത്തും നോക്കി
അമ്മയെ കാണാനില്ല .അവനു വിഷമമായി.
കണ്ണു  നിറഞ്ഞു

"അച്ചൂ.."
ആരോ വിളിക്കുന്ന പോലെ
അച്ചു തരിഞ്ഞു നോക്കി
ആരെയും കാണാനില്ല

"അച്ചൂ .............അമ്മ ഇപ്പോള്‍ വരും വിഷമിക്കേണ്ട"
ശബ്ദം കേട്ടിടത്തേക്ക്  അവന്‍ നോക്കി.
ചുവപ്പും പച്ചയും  നിറം
രണ്ട് വശത്തും കെട്ടിയ നീളമുള്ള മനോഹരമായ നീല റിബണ്‍

നീണ്ട ചരട്, വെളുത്ത പുള്ളികള്‍,
അന്ന് ആകാശത്ത് കണ്ടതിനേക്കാള്‍ അഴകുള്ളത്

അതു അവനെ നോക്കി കണ്ണിറുക്കി
അച്ചു ഓടിച്ചെന്നു വാരിയെടുത്തു

"എന്‍റെ പുന്നാരപട്ടമേ " അവന്‍ അതിനെ എടുത്തു നെഞ്ചോട്‌ ചേര്‍ത്തു
അച്ചുവിന് തിടുക്കമായി

അവന്‍ മുറ്റത്തേക്ക്‌ ചാടി ഇറങ്ങി കൂട്ടുകാരെ വിളിച്ചു
അമ്മുവും കുഞ്ഞിക്കിളിയും കുറിഞ്ഞിപ്പൂച്ച്ചയും  എത്തി.
പട്ടം കണ്ടു അവര്‍ക്ക് കൊതിയായി.അവര്‍ തൊട്ടു നോക്കി

"നല്ല തിളക്കം" കുഞ്ഞിക്കിളി പറഞ്ഞു
".അച്ചൂ ഇത് എത്ര ഉയരം വരെ പോകും.?" അമ്മു ചോദിച്ചു

നമ്മള്‍ക്ക് പറത്തി നോക്കാം
എല്ലാവര്ക്കും ഉത്സാഹമായി
അവര്‍ കുന്നിന്‍ പുറത്തേക്ക് നടന്നു.
ഇളം കാറ്റ് വീശി
അച്ചു പട്ടം  മെല്ലെ മെല്ലെ ഉയര്‍ത്തി
ചരട് അയച്ചു കൊടുത്തു
പട്ടം തുള്ളി ചാഞ്ചാടി ഉയര്‍ന്നു

നല്ല രസം അവര്‍ പറഞ്ഞു
നല്ല രസം പട്ടം വിചാരിച്ചു

തെങ്ങിനും മേലെയായി
എന്തൊരു പച്ചപ്പ്‌.എത്ര ദൂരത്തിലാ മരങ്ങള്‍

പട്ടം ഉയര്‍ന്നു -അകലെ പരവതാനി വിരിച്ച പോലെ പച്ചപ്പാടം
താഴെ വീടുകള്‍ ചെറുതായി ചെറുതായി തോന്നി.

പാടത്തിനപ്പുറം വളഞ്ഞ പുളഞ്ഞു ഒഴുകുന്ന ഒരു പുഴ !
എന്തെല്ലാം കാഴ്ചകള്‍.. ഇനിയും ഉയരത്തില്‍ പോണം പട്ടം ആഗ്രഹിച്ചു.

അച്ചുവിന് ഒരു പേടി ചരട്  കയ്യില്‍ നിന്നും വിട്ടുപോകുമോ
അമ്മുവിന്‍റെ കയ്യില്‍ ചരടിന്റെ ഭാഗം കൊടുത്തു.

"അച്ചൂ എന്തിനാ എന്നെ വലിക്കുന്നത് "പട്ടം വിളിച്ചു ചോദിച്ചു
പട്ടം ചുറ്റും നോക്കി
അന്തി മേഘങ്ങള്‍ അടുത്തുകൂടി നീങ്ങുന്നു
ദൂരെ നീല കടല്‍.ഹായ്..
പെട്ടെന്ന് എവിടെനിന്നോ ഒരു കുസൃതിക്കാറ്റു വന്നു
പട്ടം ഉലഞ്ഞു മറിഞ്ഞു
കാറ്റിനു ശക്തി കൂടി
അച്ചു ചരടില്‍ ആഞ്ഞു പിടിച്ചു
കാറ്റ് പട്ടത്തെ മേലോട്ട് വീശി ഉയര്‍ത്തി
ട്ര്ര്ര്‍ര്ര്ര്‍  ട്ടോ
ചരട് പൊട്ടി
"അയ്യോ "കൂട്ടുകാര്‍ നിലവിളിച്ചു.
ഇനി എന്ത് സംഭവിച്ചിരിക്കും.?

ഒരേ കഥയാണ് രണ്ടു തവണയും പറഞ്ഞത്
ഏതാണ് നിങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന രീതി?
എസ് ആര്‍ ജിയില്‍ ചര്‍ച്ചയ്ക്കു ഉള്ള ചോദ്യങ്ങള്‍

  1. കുട്ടികളുടെ ജിജ്ഞാസ ഉണര്‍ത്തുന്ന ഭാഗങ്ങള്‍ ഏതൊക്കെ.? എങ്ങനെ ആണ് ആകാംക്ഷ ജനിപ്പിച്ചത്?
  2. കുട്ടികളുടെ മനസ്സില്‍ ചിത്രം തെളിയുന്നപോലെ അനുഭൂതി ഉണ്ടാക്കാന്‍ സ്വീകരിച്ച രീതി എന്ത്?
  3. അച്ചുവുമായി /കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ അവലംബിച്ച തന്ത്രം എന്ത്?
  4. ആരുടെയൊക്കെ  പക്ഷത്ത് നിന്നാണ് കഥ പറഞ്ഞത്/
  5. ഭാവന  വികസിപ്പിക്കാന്‍ ഏതു അവതരണം കൂടുതല്‍ ശക്തം.?എങ്ങനെ ?
  6. മഞ്ഞ നിറം കൊടുത്ത്തിട്ടുള്ളതിനു ചില സവിശേഷതകള്‍  ഉണ്ട് എന്താണെന്ന് കണ്ടെത്താമോ.അവ ഇല്ലാതിരുന്നാല്‍ മിഴിവ് നഷ്ടപ്പെടുമായിരുന്നോ?
  7. കുട്ടികള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുക്കും മുമ്പ് അതിനെ വിശകലനം  ചെയ്തു പുഷ്ടിപ്പെടുത്താറുണ്ടോ    
  8. അപ്പുവിനു ഒരു പട്ടം കിട്ടി. പട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടോ എവിടെ വെച്ച് പട്ടം എങ്ങനെയാ ഉണ്ടാക്കുന്നത്‌ ..എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ചില അധ്യാപകര്‍ ഇടയ്ക്ക് ചോദിക്കുന്ന പ്രവണത .അതിനോടുള്ള നിങ്ങളുടെ പ്രതികരണം?
  9. നമ്മള്‍ക്ക് ഒരു പട്ടത്തിന്റെ കഥ കേള്‍ക്കാം എന്നു തുടങ്ങിയാല്‍ എന്താണ് കുഴപ്പം.
  10. സ്കൂളില്‍ കഥാപുസ്തകം അനുഭവിപ്പിച്ചു വായിച്ചു കേള്പ്പിച്ചിട്ടുണ്ടോ
  • ഉത്തരം ഞാന്‍ പറയില്ല
  • കാരണം അതു നിങ്ങള്‍ കണ്ടെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്‌
  • പ്രതികരണം ആകാം .അയക്കാം.കമന്റാക്കാം..
  • അധ്യാപിക പറയുന്ന കഥ എഴുതി വായിപ്പിച്ചു പേടിപ്പിക്കരുത്. (ടീച്ചര്‍ വേര്‍ഷന്‍ വാചികം മതി ).
  • ........തുടരും.

--------തിരുവനന്തപുരം വയമ്പ് ടീമിനോട് കടപ്പാട് -------------------------------------------
അങ്ങയുടെ  സ്കൂള്‍ സുഹൃത്തുക്കള്‍ക്ക് ഇതു പ്രയോജനപ്പെടുമെങ്കില്‍ ബ്ലോഗ്‌ പരിചയപ്പെടുത്തുകയോ   കോപ്പി എടുത്തു മെയില്‍ ചെയ്യുകയോ ആവാം

9 comments:

  1. The second mode of presentation is best. But what is the need of the anxiety about mother ?

    ReplyDelete
  2. രണ്ടാമത്ത കഥയാണ് എന്തുകൊണേടും മികച്ചത്. ഇതില്‍ അച്ചു അവരിലോരാളായി മാറുന്നുണ്ട്. കൂടാതെ ഒരു വലിയ ക്യാന്‍വാസില്‍ വരച്ച ചിത്രമായി ആ കഥ മാറുന്നുണ്ട്. "എന്‍റെ പുന്നാരപട്ടമേ " തുടങ്ങിയ പ്രയോഗങ്ങ കുഞ്ഞുങ്ങള്‍തക്ക് ഒരുപാട് രസിക്കും. അതു പറയുമ്പോള്‍ കുട്ടികള്‍ കുണുങ്ങി ചിരിക്കുന്നത് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇതെല്ലാം ആ കഥയെ അവരുടെ സ്വന്തം കഥയായി കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കും.

    (പണ്ട് കുട്ടികാനം എസ്.ആര്‍.ജി(STD2) യില്‍ വച്ച് സാര്‍ പറഞ്ഞ മുയലിന്റെ കഥയും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും ഓര്‍വരുന്നുണ്ട്....)

    ReplyDelete
  3. Dr ANANDAN said-....

    പ്രിയ സുഹൃത്തെ ,
    പുതിയ ഉദ്യമം എന്തുകൊണ്ടും നന്നായി . ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ ശ്രമിച്ചതും ഇതുതന്നെയായിരുന്നു. ആഖ്യാനം എത്ര തീവ്രമായ ഭാഷാഅനുഭവമാണ് കുട്ടികളിലുണ്ടാക്കുകയെന്നത് നമ്മുടെ അധ്യാപകരില്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല . വെറുതെ സംഭവങ്ങള്‍ പറഞ്ഞു തീര്‍ത്ത് ആശയ ഗ്രഹണപ്പരീ ക്ഷ നടത്തിയാല്‍ പോരെ എന്നാണ് അവരുടെ ചോദ്യം .കുട്ടിയുടെ മനസ്സില്‍ ഇമേജസ് ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതതുകൊണ്ടാണോ അതോ മെനക്കെടാന്‍ വയ്യ എന്ന് തീരുമാനിക്കുന്നതുകൊണ്ടാണോ എന്നറിയില്ല. വൈകാരിക അനുഭവം ഉണ്ടാക്കുന്നതിനും അതുവഴി കതാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്നതിനും ശ്രമിക്കണമെന്ന് നമ്മള്‍ എത്ര കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു?
    വിദുര ബോധനത്തിന്റെ സാധ്യതകള്‍ കു‌ടി പരിക്ഷിച്ചു നോക്കാം, അല്ലെ?
    സ്നേഹപുര്‍വം,
    ആനന്ദന്‍

    ReplyDelete
  4. രാമചന്ദ്രന്‍ പാലക്കാട് ഡയറ്റ് ഇങ്ങനെ എഴുതി
    Dear sir
    വര്‍ണനാംശങ്ങള്‍
    ഇഴുകിച്ചേര്‍ന്ന കഥവായിച്ചു.കുട്ടിയുമായി സംവദിക്കുന്നഭാഷയും അവതരണവും.കുട്ടിയുടെ മനസ്സില്‍ വൈകാരികതീവ്രതയും അതുവഴി പറയാനും ചോദിക്കാനും ഇടപെടാനുമുള്ള പ്രേരണയുണ്ടാക്കും.എന്നാല്‍ നിലവില്‍ സന്ദര്‍ഭത്തിനനുസരിച്ച ഇത്തരം കഥകള്‍ കുറവല്ലേ. നരേറ്റിവ് വേണമെന്നു നിര്‍ബ്ബന്ധിക്കപ്പെട്ട് ഈ നിര്‍മ്മിതി ടീച്ചറല്ലെ നടത്തുന്നത്.അപ്പോള്‍ ടിച്ചറുടെ പറച്ചിലിനേക്കാള്‍ രചിക്കലിനല്ലേ കുഴപ്പം

    ReplyDelete
  5. പ്രിയ രാമചന്ദ്രന്‍ മാഷ്‌ ,
    ഞാന്‍ ഒരു സംഘം അധ്യാപകരെ കൊണ്ട് കഥ വായിച്ചു അവതരിപ്പിച്ചു
    അതിന്റെ ശ്വാസം മുട്ടല്‍ അമുഭാവിപ്പിച്ചു
    അതിനു ശേഷം അവരോടു കഥ വിശകലനം ചെയ്യാന്‍ പറഞ്ഞു
    അതിനു സഹായകമായി ചില ചോദ്യങ്ങള്‍
    ജിജ്ഞാസ ഉയര്‍ത്തുന്ന രംഗങ്ങള്‍ , കുട്ടിയുടെ പക്ഷത്ത് നിന്നു നോക്കിക്കാണല്‍ , മനോചിത്രം രൂപപ്പെടുമ്പോള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ , ഭാവന ഉണരുന്ന ഭാഷ, കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുള്ള രീതി.. അതിനു ശേഷം അവര്‍ ഉള്ളടക്കം സ്വാംശീകരിച്ച്
    അവതരണം നടത്തി അപ്പോഴാണ്‌ അതു മനസ്സില്‍ നിന്നും ഒഴുകി വരുന്ന അനുഭവ തീവ്രമായ അവതരണം ആയതു
    ആ അനുഭവത്തിലൂടെ ഒന്ന് കടന്നു പോകണം അധ്യാപകര്‍

    പ്രിയ നിധിന്‍
    ആ കഥയും അവതരണത്തിലെ മറ്റൊരു സാധ്യത
    ഓര്‍മയുണ്ടെങ്കില്‍ അതു കുറിക്കൂ
    ദൈര്‍ഘ്യം പ്രശ്നമല്ല

    പ്രിയ ആനന്ദന്‍ മാഷ്‌
    ഞാന്‍ വിദൂര ബോധന രീതി പരീക്ഷിക്കുന്ന സാഹചര്യം പഞ്ചായത്ത് ക്ലസ്ടരുകളില്‍ എങ്ങനെ റിസോഴ്സ് പെഴ്സന്‍ ഇല്ലാതെ റിസോഴ്സ് മെട്ടീരിയല്‍ വെച്ചു അധ്യാപകര്‍ക്ക് സ്വയം പഠനം നടത്താന്‍ കഴിയും എന്നുള്ള ആലോചനയുടെ ഭാഗം
    ഇത്തരം കുറെ റിസോഴ്സ് പേപ്പറുകള്‍ /ഇ റിസോഴ്സസ് അവര്‍ക്ക് നല്‍കുന്നു
    അവര്‍ക്കിഷ്ടമുള്ളത് എടുക്കാം ചര്‍ച്ച ചെയ്യാം,പ്രയോഗിക്കാം പിന്നീട് പങ്കിടാം.
    വാര്‍പ്പ് മാതൃകയിലുള്ള മോട്യൂലുകളില്‍ നിന്നും ഒരു മോചനം,

    കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളെ
    വീട്ടില്‍ നാല് മണിക്കെത്തുന്ന കുട്ടിയുടെ പക്ഷത്ത് നിന്നു കണ്ടതാണ്
    അമ്മയെ വിളിച്ചു കണ്ടില്ല
    അച്ചൂ വിളി അപ്പോഴാണ്‌ വരുന്നത്
    വളരെ നാടകീയമായി ഒരു ആശ്വസിപ്പിക്കല്‍
    ഭേദഗതി നിര്‍ദേശം ഉണ്ടോ.

    ReplyDelete
  6. പ്രിയ കലാധരന്‍ മാഷ്......

    ഈ ശ്രമം വളരെ നന്നായി. വരുന്ന ക്ലസ്ററര്‍ പരിശീലനങ്ങളെ ഇത് ശക്തിപ്പെടുത്തും. അവലോകനവും പ്ളാനിംഗുമായി മാറുമായിരുന്ന ഈ ക്ലസ്റററിനെ ക്ലാസ് പ്രായോഗികതയിലൂന്നി എങ്ങനെ ആഴത്തില്‍ സ്പര്‍ശിക്കാം എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. അധ്യാപക സമൂഹം ഇത് ക്ലാസില്‍ പ്രയോഗിച്ചുനോക്കുമെന്ന് പ്രത്യാശിക്കാം....

    സ്നേഹത്തോടെ,
    വിനോദ് കുമാര്‍.പി
    ട്രെയിനര്‍,ബി.ആര്‍.സി തൃത്താല

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. മാഷേ ഈ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യങ്ങള്‍ എനിക്കു മനസിലാകാത്ത കോണ്ടായിരിക്കാം, ചിലപ്പോഴൊക്കെ സംഭവങ്ങളുടെ ഒരു ഗതിയും പിടികിട്ടാതെ പോകുന്നത്. പക്ഷ അതു പോകട്ടെ,

    മാഷിന്റെ ആ ആഖ്യാനരീതി വളരെ നന്നായിരിക്കുന്നു. അതി ഗംഭീരം. കുട്ടികളില്‍ ഭാവന ഉണര്‍ന്നില്ലെങ്കില്‍ ഉണര്‍ത്തിയില്ലെങ്കില്‍ അവര്‍ക്കു ബൌദ്ധിക വികാസം ഉണ്ടാകാതെ പോകും. ആഫ്രിക്കയിലെ കുട്ടികള്‍ക്കു പൊതുവെ അവരുടെ ഭാവനകള്‍ ഇല്ലാത്തതാണ് ശാസ്ത്രവിഷയങ്ങളില്‍ പോലും അവര്‍ക്കു ഭാവനയില്ലാതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്നു തോന്നിയിട്ടുണ്ട്. ഭാവന ബുദ്ദിയുടെ ബാല്യമാണ്.

    ഓള്‍ ദ് ബെസ്റ്റ്.

    ReplyDelete
  9. രണ്ടാമത്ത കഥയാണ് എന്തുകൊണ്ടും മികച്ചത്,കുട്ടികളില്‍ കൗതുകം വളര്‍ത്തുന്നു.അവന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ട മറ്റു കഥാപാത്രങ്ങള്‍ വരുന്നു...കുട്ടിയുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ രണ്ടാമത്തെ അവതരണത്തിന് സാധിക്കും

    ReplyDelete

പ്രതികരിച്ചതിനു നന്ദി