Pages

Sunday, May 20, 2012

സര്‍ഗാത്മക വിദ്യാലയം -3 (തുടര്‍ച്ച )

സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എങ്ങനെ ഉള്ളവരായിരിക്കും? 
നല്ല നിരാശ നല്ലതാണ് 
സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എപ്പോഴും സംതൃപ്തര്‍ ആയിരിക്കില്ല. ഒരു  അസ്വസ്വസ്ഥത  അവരെ ചൂഴുന്നു നില്ല്കും.  നിരാശയുടെ നേരിയ ആവരണം . എന്താണ് കാരണം. ? ഇനിയും ഒട്ടേറെ ചെയ്യാനുണ്ടല്ലോ അതൊക്കെ പൂര്‍ത്തീകരിക്കാന്‍ വൈകിപ്പോകുമോ ? ചിന്തയില്‍ ഓരോ ദിനവും പുതിയ വെളിച്ചം വീഴുമ്പോള്‍ ഇന്നലെ ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നും.
ഇങ്ങനെ മുന്നോട്ടു പോകാനുള്ള വ്യഗ്രത നല്‍കുന്ന അസ്വസ്ഥത ഇല്ലാത്ത അദ്ധ്യാപകന്‍ സുരക്ഷിതനാണ്. അയാള്‍ ഒരു ദിവസം കഴിഞ്ഞു കിട്ടിയല്ലോ  എന്ന് എന്നും   ആശ്വസിക്കും.  
കഴിവും കഴിവിന്റെ പരമാവധിയും 
"ഞാന്‍ എന്നെ കഴിവത് ചെയ്യും "
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും "
രണ്ടു അധ്യാപകരുടെ പ്രതികരണം ആണ് ഇത്. ഇവരില്‍ ആരുടെ പ്രതികരണമാണ് നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ ?
നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു ?
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധിക്കപ്പുറം   ചെയ്യും  "
എന്ന് പറയുമോ?
...  ഹ.. ഹ.. അതെങ്ങനെ കഴിവിന്റെ പരമാവധിക്കപ്പുറം ചെയ്യുക ?എന്നാണോ ആലോചിക്കുന്നത്. നമ്മുടെ കഴിവിന്റെ പരമാവധിയോടു മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ കിട്ടുന്ന "അപ്പുറം കഴിവാണ് "അത് . സര്‍ഗാത്മക വിദ്യാലയത്തില്‍ ഒരാള്‍ ഇപ്രകാരം ചിന്തിച്ചാല്‍ കൂട്ടിചെര്‍ക്കാവുന്ന കഴിവുള്ളവര്‍ ഏറെ. കുട്ടികള്‍ . രക്ഷിതാക്കള്‍ . അയല്പക്ക സ്കൂളിലെ അധ്യാപകര്‍ . ഓ ഇതൊക്കെ പറയാം നടക്കുമോ ? എന്റെ അനുഭവം പറയാം. ഈ വര്ഷം പുതിയ ഒരു സ്ഥാപനത്തില്‍ ആണ് . അവിടെ ചെന്നപ്പോള്‍ ക്ലാസ് മുറികള്‍ വരണ്ടത്. ടി ടി സി കുട്ടികള്‍ പഠിക്കുന്ന ക്ലാസിന്റെ ഒരു ലക്ഷണവും ഇല്ല. അല്ലെങ്കില്‍ ഒരു അധ്യാപക പരിശീലന സ്ഥാപനത്തിന്റെ ഒരു അടയാളവും ഇല്ല. പൂമാല സ്കൂളിലെ ഷാജി സാറിനെ വിളിച്ചു .സഹ പ്രവര്‍ത്തകനായ രമേഷുമായി ചര്‍ച്ച നടത്തി. കുറ ആശയങ്ങള്‍ രൂപപ്പെടുത്തി. പിന്നെ വിദ്യാര്‍ഥിയായ അമലിനോട് കാര്യം പറഞ്ഞു. ഞാനും അമലും മൂന്നു ദിനം കൊണ്ട് ഒരു ക്ലാസ് മാറ്റിയെടുത്തു .മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി എടുത്തപ്പോഴാണ് എനിക്ക് ഇത് സാധിച്ചത്.( ആ ക്ലാസ് ചിത്രങ്ങള്‍ പിന്നീട് പങ്കിടാം )
ഒറ്റപ്പെടല്‍ തന്നെ ഭേദം 
ചിലര്‍ പറയും " ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കേ ഉള്ളൂ . ആരും സഹകരിക്കില്ല. വല്ലതും ചെയ്യുന്നോരെ ഒറ്റപ്പെടുത്തും. അതിനാല്‍ അവരോടൊപ്പം പൊരുത്തപ്പെട്ടു അങ്ങ് പോകാം."
ഇത് നിലവിലുള്ള വ്യവസ്ഥിതിയോട് ഇഴുകി ചേരല്‍ ആണ്. മൃഗസത്ത എന്ന് പൌലോ  ഫ്രയര്‍ പറഞ്ഞതിന് സമാനം.
പുതിയ  സ്കൂളില്‍ എത്തിയ ഒരു ടീച്ചര്‍ എന്നോട് പറഞ്ഞു "അടുത്ത വര്ഷം ..ഓര്‍ക്കുമ്പോള്‍ ഒരു വേവലാതി. ആ സ്കൂളില്‍ നേരെ ചൊവ്വേ ഒന്നും നടക്കുന്നില്ല. ആദ്യ മൂന്നു മാസം എന്തെങ്കിലും നടന്നെങ്കില്‍ ആയി . "
ഇത് കേട്ടപ്പോള്‍ ഞാന്‍ എന്റെ ഒരു അനുഭവം പറഞ്ഞു
ആദ്യമായി ഞാന്‍ ജോലിക്ക് ചേര്‍ന്ന ദിവസം. നാരായണി ടീച്ചര്‍ ആണ് പ്രഥമാധ്യാപിക . എനിക്ക് നാലാം ക്ലാസ് അനുവദിച്ചു കിട്ടി .രണ്ടാം ദിവസം ഞാന്‍ ചിത്തിര മാസം എന്ന പാ0ത്തിന്റെ ടീച്ചിംഗ് നോട്ട്  എച് എമിനെ കാണിക്കാന്‍ ചെന്നു . അവര്‍ അത് മറിച്ച് നോക്കി. 
"മാഷേ , ഒരു വര്‍ഷത്തെ മുഴുവന്‍ നോട്ടും ഒന്നിചെഴുതിയോ ?"
" അല്ല, ടീച്ചര്‍ അത് ഒരു പാഠം .."
(നാല് കോളം നോട്ടു ഇരുപത്തിയാറു പേജില്‍ ).
അപ്പോള്‍ ടീച്ചര്‍ പറഞ്ഞു" മാഷിനു വേറെ പണി ഇല്ലേ ? "
അധ്യാപന ജീവിതത്തിലെ ആദ്യ ക്ലാസിനുള്ള തയ്യാറെടുപ്പ് അപമാനിക്കപ്പെട്ടു. ഈ സ്കൂളില്‍ ഇങ്ങനെ ഒന്നും എഴുതെണ്ട ....ചടങ്ങിനു ഒരു നോട്ടു മതീന്ന് സൂചന. 
അന്ന് ഞാന്‍ ആ സ്കൂളില്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടല്‍ ആണ് എന്നെ വളര്‍ത്തിയത്. ഒറ്റയ്ക്ക് പൊരുതുകയാണ്. ആരെയും ബോധ്യപ്പെടുത്താന്‍ അല്ല . കേമത്തം നടിക്കാനുമല്ല .ഒരു കടമ നിരവേട്ടലാണ്. സ്കൂള്‍ ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. സര്ഗാത്മകാധ്യാപനത്തിന്റെ ഒരു കയ്യൊപ്പ് .
അതുകൊണ്ട് നാം ചിന്തിക്കേണ്ടത് സര്‍ഗാത്മക വിദ്യാലയത്തില്‍ ചിലപ്പോള്‍ ഒരു ക്ലാസ് മാത്രം ആയിരിക്കും വേറിട്ട്‌ നില്‍ക്കുക
സ്കൂളിനെ മൊത്തം മാറ്റാന്‍ കഴിയുന്നില്ലങ്കില്‍  ആദ്യം ഒരു ഭാഗം മാറ്റുക . അത് അവരവരുടെ ക്ലാസ് ആകട്ടെ .
ഒന്നോ രണ്ടോ വര്ഷം കഴിയുമ്പോള്‍ ഒന്ന് രണ്ടു പേര്‍ കൂടാതിരിക്കില്ല.

( തുടരും )
 .......................................................................................................


സര്‍ഗാത്മക വിദ്യാലയ ചര്‍ച്ചയില്‍ ഇടപെട്ടു ചുണ്ടെക്കാട് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
അത് രക്ഷിതാക്കളെ കുറിച്ചുള്ളതാണ് .
സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണം ? എങ്ങനെ ഉയരണം ? അദ്ദേഹം രക്ഷിതാക്കളെ ഓര്‍മിപ്പിക്കുന്നു .
 വീടിനെ ജനാധിപത്യവൽക്കരിക്കൽ
 പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
 കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
 ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സര ബുദ്ധി
 ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന് ബോധ്യമാക്കൽ
 ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ
 അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
 വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
 ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ
 ചർച്ചകളിൽ സജീവമായ പങ്കാളിത്തം
 സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ
ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ
 എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ
 അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ
 തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ
 കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ
 വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ
 കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ
 സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ …
 എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽ
ഇങ്ങനെ രക്ഷിതാക്കളോട് ഉപദേശിച്ചാല്‍ മാത്രം പോരാ അധ്യാപകരും ഇതൊക്കെ പാലിക്കണം.  അധ്യാപക പക്ഷത്ത് നിന്നും ഈ പ്രസ്താവനകളെ മാറ്റി എഴുതിയാലോ ?

7 comments:

  1. വിദ്യാലയത്തെ നന്നാക്കിയെടുക്കാൻ വേറിട്ട് നിൽക്കുന്ന ഒരാളെങ്കിലും ഉണ്ടായാൽ ആ വിദ്യാലയം രക്ഷപ്പെട്ടു. നന്നായി പ്രവർത്തിക്കുന്നവർക്ക് (ശരി ചെയ്യുന്നവർക്ക്) ശത്രുക്കൾ ധാരാളം കാണുമെങ്കിലും വളരുന്ന തലമുറയെ ഓർത്ത്, തോറ്റ് പിന്മാറരുത്. 32 വർഷത്തെ സർവ്വീസിനിടയിൽ ഉണ്ടായ അദ്ധ്യാപന അനുഭവങ്ങളിൽ ചിലത് ബ്ലോഗിൽ ഞാൻ എഴുതിയിട്ടുണ്ട്.
    താങ്കളുടെ ലേഖനം വായിച്ചപ്പോൾ ഓർമ്മ വരുന്നത് എന്റെ ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ്,
    “ടീച്ചറെ നിങ്ങൾ സ്പെഷ്യൽ ക്ലാസ്സൊക്കെ എടുത്ത് കുട്ടികളെ കൂടുതൽ പഠിപ്പിക്കുന്നുണ്ടാവും; എന്നാൽ അതുപോലെ മറ്റുള്ളവരും ചെയ്യണം എന്ന് പറയാനോ ചിന്തിക്കാനോ പാടില്ല”

    ReplyDelete
  2. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഈയിടെ നടന്ന സമ്മേളനത്തില്‍ കലാധരന്‍ മാഷ്‌ സര്‍ഗാത്മ ക വിദ്യാലയങ്ങളെ ക്കുറിച്ചുള്ള അനുഭവങ്ങളും ആശയങ്ങളും പങ്കു വയ്ക്കുമ്പോള്‍ കേള്‍വിക്കാരായ ജനക്കൂട്ടം .ഇതൊക്കെ ഇവിടെ നടക്കുന്നുണ്ടോ എന്നു പരസ്പരം ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു ..കൂട്ടക്കനിയിലെയും പൂമാലയിലെയും പ്രവര്‍ ത്തനങ്ങള്‍ ആളുകളെ അത്ഭുതപ്പെടുത്തി .അവര്‍ ജില്ലയിലെ വിദ്യാലയങ്ങളിലെ നടത്തിപ്പിനെ താരതമ്യം ചെയ്തു ..മാഷ് കത്തിക്കയറി യപ്പോള്‍ ചര്‍ച്ചയുടെ ചൂടേറി ..ചാറ്റല്‍ മഴ വക വയ്ക്കാതെ ജനങ്ങള്‍ ആ പ്രസംഗം മുഴുവന്‍ കേട്ടു. അത്രയ്ക്ക് മനസ്സില്‍ തൊടുന്ന ഒന്നായിരുന്നു അത് .ഇന്നു അതു പോസ്റ്റില്‍ ഉള്‍ പ്പെടുത്തുകയും അനേകം പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു .സര്‍ഗാത്മകം എന്ന വാക്കിനു അനേകം പുതു അര്‍ഥങ്ങള്‍ .അതു വിദ്യാലയങ്ങളില്‍ സൃഷ്ടിക്കുന്ന വലിയ മാറ്റം .ആരും ആരെയും ഭയക്കേണ്ടതില്ല സ്വന്തം ചുവടുകള്‍ മുന്നോട്ടു നീക്കാന്‍ എന്ന സന്ദേശം . പൊതു സമൂഹം എത്ര ആഹ്ലാദത്തോടെയാണ് ആ വര്‍ത്തമാനം അല്ല പ്രവൃത്തികള്‍ മനസ്സിലേ റ്റിയത് .അത് വലിയ പാഠ മായിരുന്നു .

    ReplyDelete
  3. ചൂണ്ടുവിരലിലെ ഈ അറിവുകള്‍ നല്‍കുന്ന ആവേശം വളരെ വലുതാണ്‌ . വായിച്ചെടുക്കുന്ന ഇത്തരം അറിവുകള്‍ എന്റെ മുന്നിലുള്ള അധ്യാപകര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കുന്നില്ല . പ്രഥമ അധ്യാപക ഡയറിയായും പരിശീലന തന്ത്രങ്ങളില്‍ ഉപകരണങ്ങളായും ബി ആര്‍ സി ബ്ലോഗിലെ പോസ്ട്ടുകളായും മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത് . അതിനുവേണ്ടി മെസ്സ് അലവന്‍സും റ്റി എ യും വാങ്ങാതെ അധ്യാപകരും വേനലവധിക്കാലത്ത് ഞങ്ങളോടൊപ്പം ചേരുന്നു എന്നതും പ്രതീക്ഷ നല്‍കുന്നു . സാറിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും ഒരിക്കലും നഷ്ട്ടമാകില്ല . അത് ഞങ്ങളുടെ ബി ആര്‍ സി യിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തണലാകും.....തീര്‍ച്ച

    ReplyDelete
  4. ക്ഷമിക്കണം മാഷെ ചുണ്ടേക്കാട് ഇപ്പോൾ ഒരു കർഷകനാണ് . രണ്ട് കുട്ടികളുടെ രക്ഷിതാവും.കോൺവെന്റ്(എയിഡഡ്) സ്കൂളിൽ നിന്ന് ഗവർമെന്റ് സ്കൂളിലേക്ക് ടി സി വാങ്ങിയ ഒരു സാധാരണക്കാരൻ. മണ്ടത്തരമാണ് കാണീച്ചതെന്ന് നാട്ടുകാർ വിധിച്ചവൻ. ഒരു ശരാശരി വിദ്യാർത്ഥിയായ എന്റെ മകൾ ഇത്തവണ സ്കൂൾ ഫസ്റ്റ് . ഒരു അധ്യാപിക ക്ലാസിൽ കാണിച്ച തെറ്റ് DD യുടെ മുൻപിൽ മടി കൂടാതെ ഒറ്റക്ക് പറഞ്ഞവൾ . അധ്യാപികയുടെ ശാപ വാക്കും കുട്ടികളുടെ തെറിവിളിയും കേട്ട് ക്ലാസിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി ഓടിയവൾ.
    അവൾക്ക് ഞാൻ നൽകിയത് ധൈര്യമാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയും . വിദ്വേഷമില്ലാതെ വിയോജിച്ചുകൊണ്ട് വളർത്തിയെടുത്ത ഒരു വാശിയും . അവൾ അന്ന് രക്ഷപ്പെടുത്തിയ / പിൻതുണച്ച കുട്ടിയും ഇത്തവണ മോശമല്ലാത്ത വിജയം നേടി . അതും ഒരു വാശി .(അല്ലായിരുന്നെങ്കിൽ അവനിന്ന് വഴിയിലേക്കെറിയപ്പെട്ട ഒരു ബാല്യമായി മാറുമായിരുന്നു)ഒപ്പം ഞങ്ങളൂടെ സബ്ബ് ജില്ലയിലെ 100% SSLC വിജയം കരസ്ഥമാകിയ ഏക സർക്കാർ സ്കൂളും . സർഗത്മകമായ ഒരു നിരാശയും ഇതോടൊപ്പം പങ്കു വെക്കുന്നു. നടക്കാതെ പോയ സ്ക്കൂൾ ഇയർ പ്ലാൻ .ഒരു മാതൃകയുണ്ടാക്കിയിട്ട് കടലാസ് വില കാണാതെ പോയതിന്റെ നിരാശ .(അത് ഇതോടൊപ്പം പിന്നീട് ചേർക്കാം) പക്ഷെ തോറ്റ് പിൻ മാറില്ല
    ഇല്ല .

    ReplyDelete
  5. സർഗത്മക സ്കൂൾ സ്വപ്നം കാണുന്നവരുടെ ശ്രദ്ധക്ക് ഞങ്ങളൂടെ സ്കൂൾ നിങ്ങളേ ത്തേടിയാണിരിക്കുന്നത് . എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്വാഗതം

    ReplyDelete
  6. പാമ്പും കോണിയും ഒരു കളിയാണ് ഇതുപയോഗിച്ച്
    ക്ലാസ് 8 ലെ പാഠം 6 ഇന്ത്യൻ ദേശീയ പ്രസ്ഥാനം
    പഠിപ്പിക്കുവാനാകുമൊ
    കഴിയും !!
    ക്ലാസ് മുറിയുടെ വരാന്തയിലേക്ക് തുറക്കുന്ന
    ജന്നൽ കതക് ഉപയോഗിച്ച് കോണളവ് പഠിപ്പിച്ചുകൂടെ
    എങ്ങനെ ??
    ഒരല്പം സാമാന്യ ബുദ്ധിയും അന്വേഷണ ത്വരയും മതി
    ഗൃഹപാഠം എല്ലാത്തിനും ആവശ്യവുമാണ്
    ഇതല്ലെ ഈ ടീച്ചിങ്ങ് മാന്വൽ എന്ന് പറയുന്നത്
    see www.chundekkad.blogspot.in

    ReplyDelete
  7. ചുണ്ടെക്കാട്
    താങ്കള്‍ എങ്ങനെ ഈ പോസ്റ്റിന്റെ സമ്പുഷ്ടമാക്കി. തീര്‍ച്ചയായും ആ സ്കൂളില്‍ ഞാന്‍ വരും
    ചൂണ്ടുവിരല്‍ വായനക്കാരും വരട്ടെ ? അടുത്ത മാസം ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി