Pages

Saturday, September 29, 2012

അവകാശനിയമവും ക്രിയാഗവേഷണവും


  1. വിദ്യാഭ്യാസ അവകാശ നിയമം
    അക്കാദമിക അഥോറിറ്റിയായ എസ് സി ഇ ആര്‍ ടി ഓരോ ക്ലാസിലേക്കുളള സിലബസ് ക്രോഡീകരിച്ചു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതില്‍ ഓരോ ക്ലാസസിലും  നേടേണ്ട നിലവാരം കൂടുതല്‍ കൃത്യതയോടെ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എല്ലാ കുട്ടികളും ഈ നിലവാരത്തിലെത്തിയിരിക്കണം. അതായത് ഈ നിലവാരം വിദ്യാഭ്യാസ അവകാശമാണ്. ഈ ഗൗരവമുള്‍ക്കൊണ്ടാണോ വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്? എസ് ആര്‍ ജി യില്‍ അക്കാദമിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?
  2. പഠനപുരോഗതി -ക്ലാസ് പിടി എ
    കുട്ടികളുടെ പഠനപുരോഗതി രണ്ടു മാസം കൂടുമ്പോള്‍ ക്ലാസ് പിടി എയില്‍ അവതരിപ്പിക്കണം എന്ന് വിദ്യാഭ്യാസ അവകാശനിയമം, എസ് എം സി മാര്‍ഗരേഖ എന്നിവയില്‍ പറയുന്നു. ഒരു ക്ലാസിലെ ജൂലൈമാസത്തെ കുട്ടികളുടെ നിലവാരം നോക്കൂ.

    അടുത്ത മാസത്തെ ക്ലാസ് പി ടി എ യില്‍ ഇക്കാര്യത്തില്‍ എന്തു പുരോഗതി നേടി എന്നല്ലേ അവതരിപ്പിക്കേണ്ടത്? അതോ പുതിയ ഏതെങ്കിലും നേട്ടങ്ങള്‍ പങ്കിട്ടാല്‍ മതിയോ? വിഷയപരമായ സൂക്ഷ്മത വേണ്ടേ?
    ഈ സാഹചര്യത്തില്‍ ഗവേഷണാത്മകമായ അധ്യാപനം പ്രസക്തമാണ്.
  3. ക്രിയാഗവേഷണവും അവകാശനിയമവും
    കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ അതു വഴി പഠനത്തിന്റെയും അധ്യാപനത്തിനറെയും നിലവാരം ഉയര്‍ത്തുന്നതിനായി അധ്യാപിക സ്വന്തം സ്ഥാപനത്തില്‍ നടത്തുന്ന ആസൂത്രിതമായ അക്കാദമികപ്രവര്‍ത്തനമാണ് ക്രിയാഗവേഷണം .പഠനപിന്നോക്കാവസ്ഥ പരിഹരിക്കണമെന്നു അവകാശനിയമം ആവശ്യപ്പെടുന്നു.
  4. ടേം മൂല്യനിര്‍ണയം
    കുട്ടികളുടെ നിലവാരം അറിയാന്‍ പല രീതികള്‍ ഉണ്ട്. ക്ലാസ് റൂം പ്രക്രിയ, അവരുടെ ഉല്പന്നങ്ങളുടെ വിശകലനം, അച്ചീവ്മെന്റ് ടെസ്റ്റ് , കുട്ടികളുമായുളള ചര്‍ച്ച. അധ്യാപികയ്ക്കു ലഭിക്കുന്ന ഫീഡ് ബാക്ക്, ടേം മൂല്യനിര്‍ണയം..
    ഇപ്പോള്‍ ഒന്നാം ടം മൂല്യനിര്‍ണയം കഴിഞ്ഞു. ഗ്രേഡുകള്‍ നല്‍കി. രക്ഷിതാക്കളെ വിളിച്ചറിയിച്ചു. ചടങ്ങു തീര്‍ന്നു.
    ഇത്രയും മാത്രം ചെയ്യാനാണോ ടേം മൂല്യനിര്‍ണയം? എങ്കില്‍ കഷ്ടം തന്നെ. (ക്വാളിറ്റി ട്രാക്കിംഗ് എന്ന പേരില്‍ പഠനം നടത്താറുണ്ട്. പക്ഷെ അതിന്റെ തുടര്‍ പ്രവര്‍ത്തനം ഉണ്ടാകാറില്ല. )നമ്മള്‍ക്കു നമ്മുടെ വിദ്യാലയത്തില്‍ ക്വാളിറ്റി ട്രാക്കിഗ് നടത്താമല്ലോ. അതിന് ആരെയും കാത്തിരിക്കേണ്ടതില്ല.
  5. നാലാം ക്ലാസിലെ മൂല്യനിര്‍ണയ വിശകലനം
    കഴിഞ്ഞ വര്‍ഷത്തെ ചോദ്യവും ഒരു വിദ്യാലയത്തിലെ ഉത്തരങ്ങളുമാണ് വിശകലനം ചെയ്യുന്നത്.
    ചോദ്യം ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍

വിലയിരുത്താനുളള സൂചകങ്ങള്‍
  1. വായനാ സാമഗ്രിയിലെ ഉളളടക്കം സംബന്ധിച്ചു പ്രസക്തമായ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്
  2. സ്വന്തം നിരീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രത്യേകതകള്‍ കണ്ടെത്തിയട്ടുണ്ട്..
  3. രചനയിലെ തനിമ (ഭാവന, പ്രയോഗങ്ങള്‍ ) .
    നാലാം ക്ലാസിലെ വിദ്യാര്‍ഥിയുടെ പക്ഷത്തു നിന്നു സൂചകങ്ങളെ പരിശാധിക്കണം. ഉളളടക്കം സംബന്ധിച്ചു പ്രസക്തമായ വിവരങ്ങള്‍എന്നതു കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മൂന്നാം സൂചകത്തിലെ തനിമ എന്നാലെന്തെന്നു വ്യാഖ്യാനിക്കാമോ?
    രണ്ടാം സൂചകവും അവ്യക്തമാണെന്നു അധ്യാപകര്‍ പറഞ്ഞു.
    വ്യക്തത വരുത്തണം.
    സിലബസില്‍ എന്തു പറയുന്നുവെന്നു നോക്കാം.
  • കവിതയിലെ ആശയം, അര്‍ഥഭംഗി, ശബ്ദഭംഗി എന്നിവ ഉള്‍പ്പെടുത്തിയാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്.
  • കവിതകളിലെ ആശയം വരികള്‍, പദങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുളള സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തിയാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്.
    ഒന്നും രണ്ടും സൂചകങ്ങള്‍ കൊണ്ട് അര്‍ഥമാക്കുന്നത് എന്തെന്നു മനസ്സിലായല്ലോ. ഈ വ്യക്തതയില്ലാതെ വിലയിരുത്തല്‍ നടത്തിയാല്‍ എങ്ങനെയിരിക്കും ? കഴിഞ്ഞ വര്‍ഷം ഇതു സംഭവിച്ചു. എസ് സി ആര്‍ ടി വിഭാവനം ചെയ്ത നിലവാരം അധ്യാപകരുടെ പരിഗണനയില്‍ വന്നില്ല എന്നു കരുതാവുന്നതാണ്.
  1. കുട്ടികളുടെ ഉത്തരങ്ങളിങ്ങനെ.
  • എന്റെ കേരളം വളരെ മനോഹരമാണ്. പച്ച വിരിച്ച പോലത്തെ വയലുകള്‍. ഇളം പുല്ലിന്‍ കുന്നുകളും പോലെ താഴെ നേരറ്റ നിരലര്‍പൊയ്കകളും .ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ടാല്‍ പൂത്തിരികത്തിച്ചതു പോലെ തോന്നും. നിലാവിന്റെ ശോഭ കാണാന്‍ നല്ല മനോഹരമാണ്.
  • എന്റെ കേരളം സുന്ദരമനോഹരമാണ്. നീളമുളള നാടും കുന്നില്‍ പച്ച പുതച്ചതു പോലെ പുല്ലുകളും കുഞ്ഞരുവികളും നക്ഷത്രങ്ങള്‍ തൂക്കിയിട്ട രാത്രിയും തിരുവാതിര കളിക്കുന്നരാത്രിയും മഞ്ഞ പെട്ടു തൊട്ട മാനവും നല്ല രസമുളള പ്രഭാതവും നിരനിരയായി മുളകുകളും തെങ്ങിന്‍ തൈകളും നല്ല രസമുളള മുറ്റം കാണാന്‍ ചന്തമുണ്ട്
  • കേരളമേ നിന്റെ ഓമനപ്പേരു കേള്‍ക്കെ എന്റെയുളളില്‍ സന്തോഷമാണ്. വയലുകളില്‍ പച്ച വിരിച്ച പോലെ നീളത്തി കിടക്കുന്ന നാടുകളും ഇലം പച്ചക്കുന്നില്‍പുറങ്ങളും താഴെ നേരറ്റ കുഞ്ഞിത്തോടുകളും ആകാശത്തി നക്ഷത്രങ്ങള്‍ മിന്നുന്നതു കാണാന്‍ പൂത്തിരി കത്തിച്ചതു പോലെ തോന്നും. നിലാവിന്റെ ശോഭ കാണാന്‍ നല്ല രസമാണ്. നെറ്റിയില്‍ ചന്ദനം തൊട്ടതു കാണാന്‍ നല്ല രസമാണ്
  • കേരളത്തെ വര്‍ണിച്ചു കൊണ്ടാണ് കവി ഈ ഗാനം എഴുതിയിട്ടുളളത്. പച്ച വിരിച്ച വയലുകള്‍, കുന്നുഖലും എന്തു രസം കാണാന്‍. ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങി നില്‍ക്കുന്നതു കണ്ടാല്‍ പൂത്തിരികത്തിച്ച പാതിരാവ്. ആകാശത്ത് നിലാവു കണ്ടാല്‍ തിരുവാതിര പോലെയാണ്. രാവിലെ മഞ്ഞു പുതച്ചു നില്‍ക്കുന്ന തൈത്തെങ്ങ് പുതിയത് വന്നതു പോലെ മുത്തങ്ങപുല്ലിനെ കാണാന്‍ എന്തു ചന്തം.
  1. അധ്യാപകരുടെ വിലയിരുത്തല്‍
    സൂചകങ്ങള്‍ വ്യാഖ്യാനിക്കാതെ വിലയിരുത്തിയ അധ്യാപകര്‍ ഇവയൊക്കെ മികച്ച രചനകള്‍ എന്നു അഭിപ്രായപ്പെട്ടു. ഭാഷാപരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും.
    സിലബസിലെ നിലവാര പ്രസ്താവനകള്‍ ഉപയോഗിച്ചു സൂചകങ്ങളെ വ്യാഖ്യാനിച്ച അധ്യാപകര്‍ ഇങ്ങനെ വിലയിരുത്തി.
  • പാഠപുസ്തകത്തിനു പുറത്തുളള കവിതയെ കുട്ടികള്‍ ധീരമായി നേരിട്ടു.
  • പ്രസക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. പൂര്‍ണമായി വിജയിച്ചിട്ടില്ല എങ്കിലും ആശയം ഉണ്ട് .വ്യക്തത കൂട്ടണം.
  • ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലരും വരികള്‍ അതേ പോലെ എഴുതിയിരിക്കുന്നു.
  • എല്ലാ വരികളും വിശകലനം ചെയ്തില്ല
  • സ്വന്തം അഭിപ്രായങ്ങള്‍ ഉള്‍ക്കൊളളിക്കണമെന്നറിയില്ല.
  • ഇഷ്ടപ്പെട്ട കാര്യങ്ങളും അതിന്റെ കാരണവും ഉള്‍പ്പെടുത്താമായിരുന്നു
  • ചിലരുടെ രചനയില്‍ നല്ല ഭാഷയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. പദങ്ങളുടെ ആവര്‍ത്തനം, വാക്യഘടന..
  • ശബ്ദഭംഗി പരിഗണിച്ചില്ല. ഇതു പരിഗണിക്കേണ്ടതാണെന്നു തരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
  • ഈ കുട്ടികള്‍ക്കു ഇതിലും മികച്ച രചന നടത്തുവാന്‍ കഴിവുണ്ട്.അവരെ പരിമിതപ്പെടുത്തിയ ഘടകങ്ങള്‍ എന്തെന്നു കണ്ടു പിടിക്കണം
  • നമ്മള്‍ പഠിച്ച കാലത്ത് ഒരു പദ്യം ക്ലാസില്‍ പലതവണ ചൊല്ലിച്ച് ചോദ്യോത്തരം എഴുതിച്ച് അതു കാണാതെ പഠിച്ച് അതില്‍ നിന്നുളള ഒരു ചോദ്യം പരീക്ഷയ്ക്കു വന്നല്‍ വള്ളി പുളളി വിടാതെ അധ്യാപകരുടെ ഭാഷയില്‍ വാര്‍ത്തെടുത്ത ഉത്തരം ഓര്‍ത്തെഴുതുകയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിലവാരം ഗംഭീരം
    വിലയിരുത്തല്‍ കൂടുതല്‍ സൂക്ഷ്മതയിലേക്കു പോയത് സിലബസ് പ്രസ്താവനകള്‍ പരിഗണിച്ചപ്പോഴാണ്. മൂല്യനിര്‍ണയത്തിനു തന്ന സൂചകങ്ങള്‍ (വ്യവഹാരരൂപങ്ങളുടെ ) കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നതാണ്.
ഇങ്ങനെ കുട്ടികളുടെ രചനയുടെ മികവും പരിമിതിയും കണ്ടെത്തിയ അധ്യാപകര്‍ പരിമിതി മറി കടക്കാന്‍ എന്തു പരിപാടി എന്ന് ആലോചിക്കണം. അതാണ് ഗവേഷണാത്മക അധ്യാപനം.
അപ്പോള്‍ അധ്യാപിക സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍
  1. ഭാഷാപരമായ പഠന പിന്നോക്കാവസ്ഥയ്ക് ഒന്നിലേറെ കാരണങ്ങള്‍ നിലനില്‍ക്കുന്നില്ലേ? അതനിനാല്‍ സ്വാധീനഘടകങ്ങള്‍ എല്ലാം പരിഗണിച്ചുളള സമീപനവും തന്ത്രങ്ങളും സ്വീകരിച്ചാല്‍ മാത്രമല്ലേ മികവിലേക്കുയരാന്‍ കഴിയൂ.?
    സ്വാധീനഘടകങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെ ഞാന്‍ പരിഗണിക്കണ്ടേ?
  • പ്രചോദകമായ അന്തരീക്ഷം
  • നിരന്തര പിന്തുണ, പരിഗണന
  • അവസരസമൃദ്ധി
  • അനുഭവ വൈവിധ്യം
  • പ്രക്രിയാപരമായ സൂക്ഷ്മത
  • നിര്‍ദ്ദേശങ്ങളിലെ നിലവാര പരിഗണന
  • സഹവര്‍ത്തിതാനുഭവങ്ങള്‍
  • കഴിവിന്റെ സാമൂഹിക പ്രകാശന സന്ദര്‍ഭങ്ങള്‍
  • എല്ലാ വിഷയങ്ങളിലും ഭാഷാപരമായ അനുഭവങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞുളള ബോധനം
  • തുടര്‍ച്ചയായ അംഗീകാരത്തിന്റെ അനുഭവങ്ങള്‍
  • ഫീഡ്ബാക്ക്.
  • ആത്മവിശ്വാസം
  • വിജയമൂഹൂര്‍ത്തങ്ങള്‍
  1. പുതിയസമീപനം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ അനുഭവം ഒരുക്കിയപ്പോള്‍ നേരിട്ട പ്രശ്നത്തിനു പഴയസമീപനമാണോ പരിഹാരം?
  2. പ്രക്രിയയുടെയും പഠനത്തിന്റെയും തെളിവുകള്‍ സ്വന്തം ക്ലാസില്‍ ഇല്ലാതെ പോകന്നതിന്റെ ഉത്തരവാദിത്വം കുട്ടികള്‍ക്കാണോ? ( കുട്ടികളുടെ വ്യക്തിഗത രചന, ഗ്രൂപ്പ് പ്രവര്‍ത്തന ചാര്‍ട്ട്, എഡിറ്റിംഗ് നടത്തിയതിന്റെ തലങ്ങള്‍ പ്രതിഫലിക്കുന്ന ചാര്‍ട്ടുകള്‍, ടീച്ചേഴ്സ് വേര്‍ഷന്‍, മെച്ചപ്പെടുത്തിയ രചനകള്‍ ഉള്‍ക്കൊളളിച്ചുളള പതിപ്പുകളും മറ്റും, കുട്ടികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച വിലയിരുത്തല്‍ സൂചകങ്ങള്‍.. ഇവയൊക്കെ ഇല്ലാത്ത ക്ലാസില്‍ പ്രക്രിയാപരമായ തെളിവുകള്‍ ഇല്ല എന്നു പറയാം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ പ്രക്രിയ ഇല്ല )
  3. കുട്ടികളെ വിലയിരുത്താനുളള ബോധനസന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടിക്കാണാത്ത എനിക്കു നിരന്തര വിലയിരുത്തലിന്റെ അനുഗ്രഹം കിട്ടുമോ?
  • വായനയുടെ ഘട്ടങ്ങളിലെ വിലയിരുത്തല്‍ -വ്യക്തിഗതവായനയില്‍ ആരെങ്കിലും പ്രയാസപ്പെടുന്നുണ്ടോ? എങ്കില്‍ ‍ാന്‍ എന്തു ചെയ്യുമെന്നു ആലോചിച്ച പോലെ നടത്താന്‍ എത്രമാത്രം കഴിഞ്ഞു?
  • ഗ്രൂപ്പ് വായനയിലെ പങ്കിടല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും വിധമാണോ? എല്ലാ സൂചകപരിഗണനകളും പാലിച്ച് ഞാന്‍ നിര്‍ദ്ദേശിച്ച ക്രമത്തിലാണോ നടക്കുന്നത്? കണ്ടെത്തലിന്റെ അടിസഥാനത്തില്‍ ഫീഡ് ബാക്ക് നല്‍കിയോ?
  • എന്റെ പിന്തുണയോടെ വായിക്കേണ്ടവരായി ആരെങ്കിലും ?
  • പൊതു പങ്കിടല്‍ എല്ലാവര്‍ക്കും കൂടുതല്‍ ഉയരാന്‍ പാകത്തിലായിരുന്നോ? എങ്ങനെ അതു സാധ്യമാക്കി? ഓരോ അംശവും കൂടുതല്‍ ചര്‍ച്ചയും വിശകലനവും ഡിമാന്റ് ചെയതോ? ജനാധിപത്യവാദിയായ സംഘനേതാവ് എന്ന റോളില്‍ ഞാന്‍ ഫലപ്രദമായി ഇടപെട്ടോ?
  • രചനാ സന്ദര്‍ഭങ്ങളിലെ വിലയിരുത്തല്‍-വ്യക്തിഗത രചനാസന്ദര്‍ഭത്തില്‍ ലേഖനത്തില്‍ പിന്നാക്കം നില്‍ക്കുവര്‍ക്കായി എന്റെ കരുതല്‍ , ഇടപെടല്‍ . ആശയപരിമിതി നേരിട്ടവരുടെ ചിന്തയ്ക്കു വഴിവെട്ടിയ രീതി ,അതുണ്ടാക്കിയ ഫലം ഇവ വിലയിരുത്തണ്ടേ?
  • എഡിറ്റിംഗ് പ്രക്രിയുടെ വിലയിരുത്തല്‍
  • ഫീഡ് ബാക്ക് നല്കേണ്ട സന്ദര്‍ഭങ്ങള്‍
(ഒരു വിരല്‍ വീതിയില്‍ വിലയിരുത്തല്‍ കോളം നീക്കി വെക്കുന്ന പിശുക്കിന്റെ അവതാരങ്ങളായ അധ്യാപകര്‍ ഇതു വായിക്കേണ്ടതില്ല. കാരണം അവര്‍ ക്ലാസില്‍ വസന്തം വരുന്ന വഴി അടയ്ക്കുന്നവരാണ്)
ഇത്രയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതില്‍ ഭാഷാധ്യാപിക എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്നു സ്വയം പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും.
എന്നാല്‍ വൈകേണ്ട
തുടങ്ങാം ഗവേഷണാത്മകാധ്യാപനം.
.............................................................................................
                                                          ( ഡയറ്റ് ശില്പശാലയില്‍ രൂപപ്പെട്ട ആശയങ്ങള്‍ )

3 comments:

  1. എ+ എല്ലാ കുട്ടിയും അര്‍ഹിക്കുന്നു. അതവരുടെ അവകാശമാണ്`. ഇതധ്യാപകനു മാത്രമേ അറിയാതുള്ളൂ. അറിയുമെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നുള്ളൂ. പ്രവര്‍ത്തിച്ചില്ലെങ്കിലും ആരും ഇടപെടാതിരിക്കുന്നുള്ളൂ. [ഭാഗ്യം ! നമ്മുടെ അദ്ധ്യാപകര്‍ ഇപ്പൊഴും പഴയ ഫ്യൂഡല്‍ കാലത്തെ ജീവികളാണല്ലോ!]

    ReplyDelete
  2. ഭാഷാപരമായി കുട്ടികള്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടുന്നു ,വ്യക്തി ഗത എഴുത്തില്‍,നല്ല ചര ച നടന്നതിനു ശേഷവും വളരെ കുറച്ചു വരികള്‍ മാത്രം എഴുതി അവസാനിപ്പിക്കുന്ന നാലാം ക്ലാസുകാരന്‍ എന്‍റെ നിരാശയായി മാറുന്നു .അവനതറിയില്ല എങ്കിലും .നിര്‍ദേശ ങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല,പ്രശ്നാപഗ്രഥനം വലിയ പ്രശ്നമാകുന്നു .ക്ലാസില്‍ പരിചയപ്പെട്ട പരീക്ഷണം എഴുതിയാല്‍ മതി എന്ന ചോദ്യ കര്‍ത്താവിന്റെ സൌജന്യം ഉണ്ടായിട്ടും അതിലും പ്രയാസം നേരിട്ടു .english പറഞ്ഞാല്‍ മനസ്സിലാകില്ല എന്ന നിലവിളി അത് കേട്ട് ശീലിക്കുകയും മറുപടി പറയാന്‍ ശ്രമിക്കുന്നതിലൂടെയും മാറിക്കിട്ടി . എങ്കിലും ഞാന്‍ തിരിച്ചറിയുന്നു .എന്‍റെ കുട്ടികള്‍ക്കല്ല കുഴപ്പം .എനിക്ക് തന്നെയാണ് .ഓരോ പ്രവര്‍ത്തനവും കഴിയുമ്പോള്‍ വിലയിരുത്തല്‍ നടത്താറുണ്ട്‌ .അവയ്ക്ക് പരിഹാരവും കാണും .പക്ഷെ അതിലും കൂടുതല്‍ സൂക്ഷ്മമായി നീങ്ങേണ്ടിയിരിക്കുന്നു വെന്നു പാഠം .എസ് .ആര്‍ ജി ഒരു പകുതി ദിനമെങ്കിലും നടക്കുന്ന പ്രക്രിയ ആവണം .വെറുതെ റെ ക്കോര്‍ഡില്‍ ഉണ്ടായിട്ടു കാര്യമില്ലല്ലോ .അതിനു സമയം കണ്ടെത്തണം .ടീച്ചിംഗ് മാന്വല്‍ വിപുലപ്പെടുത്താം .ഓരോകുട്ടിക്കും എന്‍റെ സമയം മുഴുവനും നല്‍കാം .ടി .എല്‍ എം കൂടുതല്‍ ഉപയോഗിക്കാം .രക്ഷിതാക്കളുടെ വിളറിയ മുഖങ്ങള്‍ ക്ലാസ് മുറിയില്‍ ഒത്തു കൂടുന്നത് മറി കടന്നെ പറ്റൂ ..സൂചകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകും അത് മുഴുവന്‍ നേടിയ നാലാം ക്ലാസുകാരനെ ക്കുറിച്ചു ഒന്നും ആശങ്ക പ്പെടെണ്ടതില്ല എന്ന് .ചൂണ്ടു വിരല്‍ ഇന്ന് അവതരിപ്പിച്ചത്‌
    വരുന്ന എസ് ,ആര്‍ ജി യില്‍ പ്രധാന അജണ്ടയാക്കും .

    ReplyDelete
  3. പീരുമേടുളല ഒരു വിദ്യാലയത്തില്‍ പോയി. മികച്ച സ്കൂള്‍. അവര്‍ തൃപ്തര്‍. ഞാന്‍ ചോദിച്ചു നാലാം ക്ലാസിലെ കുട്ടി എഴുതുന്ന വിവരണത്തിനെക്കുറിച്ച്. അര മുക്കാല്‍ പേജ് എഴുതും എന്നു മറുപടി. രചനയുടെ പ്രക്രിയ ചോദിച്ചു. കൃത്യമായ ഉത്തരം കിട്ടിയില്ല. സ്കൂല്‍ നില്‍ക്കുന്ന പ്രദേശത്തെക്കുറിച്ച് മൂന്നിലെയും നാലിലെയും കുട്ടികള്‍ എഴുതുന്ന വിവരണങ്ങള്‍ എങ്ങനെ വേറിട്ടു നില്‍ക്കും എന്നു ചോദിച്ചപ്പോഴാണ് വളര്‍ച്ചയുടെ അനിവാര്യ പരിഗണനകള്‍ അവരുടെ ശ്രദ്ധയില്‍ വന്നത്. ചര്‍ച്ചയ്ക്കൊടുവില്‍ അവര്‍ പറഞ്ഞു ഒന്നര പേജോളം എഴുതാന്‍ കുട്ടികള്‍ക്കാവും. ഖണ്ഡിക തിരിച്ചെഴുതാനും കഴിയും .വാക്യ വൈവിധ്യം പുലര്‍ത്തും എന്നൊക്കെ.. ഇതു ക്ലാസില്‍ സാധ്യമായിരുന്നു പക്ഷേ ഇതു വരെ..?
    ഏതായാലും നാലില്‍ തുടങ്ങി. കണക്കു പുസ്തകത്തില്‍ ഒരു പാര്‍വതി കരയുന്നു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി