Pages

Sunday, March 3, 2013

സജിത -കിരണിന്റെ സ്വന്തം അമ്മ


ജീവിതവെല്ലുവിളികളും മകന്റെ ശാരീരിക വെല്ലുവിളികളും സൃഷ്ടിച്ച സങ്കീര്‍ണമായ പ്രതിസന്ധികളിലൂടെ തുഴഞ്ഞുനീങ്ങിയ ഒരമ്മ തന്റെ ജീവിതം തുറന്നു വെച്ചപ്പോള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ പ്രഥമാധ്യാപകരുടെയും ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിലെ ഫാക്കല്‍റ്റിയംഗങ്ങളുടെയും റിസോഴ്സ് അധ്യാപകരുടെയും സദസ്സ് നിശബ്ദമായി. വൈകാരികവും തീക്ഷ്ണവുമായ ആ അനുഭവങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. ശാരീരിക മാനസീക വൈകല്യങ്ങളുളള കുട്ടികളുടെ പഠനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന സംസ്ഥാന തല വിദ്യാഭ്യാസ ശില്പശാലയിലെത്തിയ ആ അമ്മ ഇങ്ങനെ തുടങ്ങി.....
"ഞാന്‍ സജിത. കിരണിന്റെ അമ്മ. കിരണ്‍-അവനിപ്പോള്‍ തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുന്നു. അവനെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍, അനുഭവിച്ച പ്രയാസങ്ങള്‍, വേദനകള്‍ നിരവധിയാണ്. കിരണ്‍ ജനിച്ച് മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവനില്‍ നിന്നും സമപ്രായക്കാരില്‍ സംഭവിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.ഏഴാം മാസം വരെ അപസ്മാരലക്ഷണങ്ങള്‍ . അഞ്ചു വയസ്സായിട്ടും അവന്‍ മറ്റു കുട്ടികളെപ്പോലെ നടക്കാന്‍ പഠിച്ചില്ല. സംസാരിക്കാന്‍ പഠിച്ചില്ല. കണ്ണിനാകട്ടെ കാഴ്ചയുമുണ്ടായിരുന്നില്ല. അറുപത്തഞ്ചു ശതമാനം വൈകല്യമുളള കുട്ടി എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്ക്കു ചെന്നപ്പോഴാണ് കണ്ണ് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്. കണ്ണാശുപത്രിയലെ പരിശോധനയുടെ റിപ്പോര്‍ട്ട് ഉളളു പൊളളിച്ചു. കിരണിനു കാഴ്ചയില്ല.!മരുന്നിനു മാസം മൂവായിരം രൂപ വേണ്ടി വരും. എല്ലാ വിധ രോഗങ്ങളുമുളള കുട്ടിയായി കിരണ്‍ .
എന്റെ കുഞ്ഞിന്റെ ഈ അവസ്ഥയില്‍ എനിക്കും അവനും ആശ്വാസം പകരേണ്ട ഭര്‍ത്താവ് വ്യത്യസ്തമായ നിലപാട് എടുത്തു. കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ ഭര്‍ത്താവും ആയാളുടെ ബന്ധുക്കളും കിരണിന്റെ അടുത്തുനിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിച്ചു. കിരണ്‍ കാരണം എന്തോ കുറച്ചില്‍ സംഭവിച്ചതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. പിന്നീട് ഭര്‍ത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി.ഞാന്‍ പതറിയില്ല. ജീവിതത്തെ ഒറ്റയ്ക്കു നേരിടാന്‍ തീരുമാനിച്ചു. ഞാന്‍ പോകുന്ന എല്ലായിടങ്ങളിലും കിരണിനെയും കൂട്ടി. അവനു ലോകവുമായി പരിചയപ്പെടാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി. ചില രക്ഷിതാക്കളെപ്പോലെ നാണക്കേടായി കരുതിയില്ല. പലരുടെയും നോട്ടവും പെരുമാറ്റവും മുളളും മുനയുമുളളതായിരുന്നു. 'ഭര്‍ത്താവുപേക്ഷിച്ചവള്‍, വികലാംഗനായ കുട്ടിയേം നോക്കി വീട്ടിലിരിക്കുന്നതിനു പകരം അതിനേം കൊണ്ടിറങ്ങിയിരിക്കുന്നവള്‍...'പരിഹാസങ്ങള്‍ എനിക്കും എന്റെ മകന്റെയും മേല്‍ വീണു. കളിയാക്കാന്‍ ശ്രമിച്ചവരാരും ഞങ്ങളുടെ പക്ഷത്തു നിന്നു കാണാന്‍ തയ്യാറായില്ല. വിദ്യാഭ്യാസമുണ്ടെന്നു പറയുന്നവര്‍ പോലും ഒരമ്മയെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. നോവിക്കുന്ന അത്തരം പ്രതികരണങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ….അപൂര്‍വം ചില സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും കൂടുതലും സഹിച്ചു.ക്ഷമിച്ചു. കേട്ടില്ലെന്നു നടിച്ചു.അതും എന്റെ കിരണിനു വേണ്ടിയായിരുന്നു.
നടക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി ഫലം ചെയ്യുമെന്നറിഞ്ഞപ്പോള്‍ കിരണിനെ അതിനു വിധേയനാക്കി. ദിവസവും ഫിസിയോ തെറാപ്പി ചെയ്തു. എന്നും എട്ടു കിലോമീറ്റര്‍ ദൂരത്തു കൊണ്ടു പോകണം. ഓട്ടോ പിടിക്കാതെ പറ്റില്ല. നടക്കാന്‍ പറ്റാത്ത കുട്ടിയേയും എടുത്തു കൊണ്ട് മുടങ്ങാതെ എല്ലാ ദിവസവും വര്‍ഷങ്ങളോളം തെറാപ്പിക്കു പോയി. അതിനു ഫലം കണ്ടു തുടങ്ങി. ഏഴു വയസ്സായപ്പോല്‍ അവന്‍ തനിയെ നടക്കാന്‍ തുടങ്ങി. അത് എനിക്ക് ആത്മവിശ്വാസം തന്നു. പത്തു വര്‍ഷത്തെ ഫിസിയോ തെറാപ്പി അവനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.

സംസാരിക്കാത്ത കുഞ്ഞിന്റെ അമ്മയുടെ സ്ഥിതി നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകില്ല. ഏതൊരമ്മയേയുംപോലെ ഞാനും മകന്റെ ഇളം കൊഞ്ചലുകള്‍ കേള്‍ക്കാന്‍ എത്രമാത്രം കൊതിച്ചിരുന്നെന്നോ? കിരണിന്റെ സംഭാഷണശേഷി വളര്‍ത്തിയെടുക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗമേ ഉണ്ടായിരുന്നുളളൂ.അതു എങ്ങനെയോ സംഭവിച്ചതാണ്. അവന്‍ രാത്രി ഉറങ്ങാറില്ലായിരുന്നു. പകലും കുറച്ചേ ഉറക്കമുളളൂ. കൂടുതല്‍ സമയവും ഉണര്‍ന്നിരിക്കുന്ന മകനോട് എപ്പോഴും ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു. കൊച്ചു കാര്യങ്ങള്‍ പോലും പങ്കു വെച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും അവനെ അറിയിച്ചു. ഓരോന്നും വിശദീകരിച്ചു കൊടുത്തു. എങ്ങനെയെന്നറിയില്ല അവനോടു വര്‍ത്തമാനം പറയാന്‍ എനിക്കു ഒത്തിരി കാര്യങ്ങള്‍ മനസ്സിലേക്കു വരും. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര. അതു അവനു വേണ്ടി എന്റെ മനസ്സാഗ്രഹിക്കുന്നതിനാല്‍ സംഭവിക്കുന്നതായിരിക്കണം.കുട്ടിക്കു മനസ്സിലാകുന്ന ഭാഷയിലും രീതിയിലും സംസാരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. എന്തായാലും അവനുമായുളള വര്‍ത്തമാനം പറച്ചിലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയതു എനിക്കു വല്ലാത്ത സന്തോഷം പകര്‍ന്നു. രാവെളുക്കോളമുളള പറച്ചില്‍ കേട്ട് അയലത്തുകാര്‍ ചോദിക്കും "സജിതേ, നീ ഇന്നലേം രാത്രി ഉറങ്ങിയില്ലേ .എന്താ ഇത്രയും സംസാരിക്കാനെ"ന്നൊക്കെ. ശരിക്കും അവനുമായുളള വര്‍ത്തമാനം പറച്ചില്‍ -അതൊരു വെല്ലുവിളി തന്നെയായിരുന്നു എനിക്ക്. മറുപടി പറയാന്‍ പറ്റാത്ത കുഞ്ഞുമായുളള സംഭാഷണമാണത്. എന്നെങ്കിലുമൊരിക്കല്‍ അവന്റെ ചുണ്ടില്‍ നിന്നും 'അമ്മേ 'എന്നൊരു വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു. അതു എന്നും പ്രതീക്ഷിച്ചു. എന്നും എന്നല്ല എപ്പോഴും പ്രതീക്ഷിച്ചു. അഞ്ചുവയസ്സായപ്പോള്‍ ആഹ്ലാദത്തിന്റെ അപൂര്‍വനിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട് അവന്‍ സംസാരിക്കാന്‍ തുടങ്ങി. അവന്റെ വര്‍ത്തമാനങ്ങള്‍ തുടക്കക്കാരന്റേതായി തോന്നിയതേയില്ല. ഉറക്കമൊഴിഞ്ഞ് കൂട്ടിരുന്നു വാതോരാതെ പറഞ്ഞതെല്ലാം ആ കുഞ്ഞുമനസ്സിലെവിടെയൊക്കെയോ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഈ അത്ഭുതം എങ്ങനെ സംഭവിക്കും?
ചെറുപ്പത്തിലേ തന്നെ കിരണിന് പാട്ടിനോട് വളരെയധികം ഇഷ്ടം. പാട്ടു കേള്‍ക്കുമ്പോള്‍ മാത്രമേ കരച്ചില്‍ നിറുത്തൂ. കൂടുതല്‍ സമയവും കരയുന്ന പ്രകൃതം. എനിക്ക് എപ്പോഴും അവനു വേണ്ടി പാടേണ്ടി വന്നു. പാടി പാടി തൊണ്ട വേദനിക്കും. അപ്പോള്‍ ഞാന്‍ റേഡിയോയിലെ പാട്ടുകള്‍ കേള്‍പ്പിക്കും .അവന്റെ ലോകം പാട്ടു മാത്രമായി.പാട്ടിനോടുളള അവന്റെ താല്പര്യത്തെ പ്രയോജനപ്പെടുത്തുവാന്‍ തീരുമാനിച്ചു. പാട്ടു പാടുന്നതിനെ പ്രോത്സാഹിപ്പിച്ചു. വര്‍ത്തമാനം പറയാന്‍ തുടങ്ങിയ അഞ്ചാം വയസ്സില്‍ത്തന്നെ പാട്ടു പഠിപ്പിക്കാന്‍ കൊണ്ടു പോയി. ഇപ്പോള്‍ പതിനാലു വര്‍ഷമായി കിരണ്‍ പാട്ടു പഠിക്കുന്നു. അവന്‍ നല്ല പാട്ടുകാരനായി. നിരന്തരമായ ചികിത്സകൊണ്ട് കിരണിനു ഭാഗികമായ കാഴ്ചശക്തിയും കിട്ടി.
കിരണിന്റെ വിദ്യാഭ്യാസം എങ്ങനെ എവിടെയാകണം എന്നത് എന്നെ വല്ലാതെയലട്ടിയ പ്രശ്നമായിരുന്നു. സാധാരണകുട്ടികള്‍ക്കൊപ്പം ഇവനെ പഠിപ്പിക്കാമോ? പറ്റുമെന്നന്നറിയില്ലായിരുന്നു. അവനെ സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ത്തു.രാവിലെ മുതല്‍ വൈകിട്ട് മൂന്നര വരെ സ്കൂളില്‍ ചെലവഴിച്ചു. അങ്ങനെ പതിനൊന്നു വര്‍ഷം അവിടെ പഠിച്ചു. ഈ കാലയളവില്‍ കാര്യമായ മാറ്റമൊന്നും അവനില്‍ സംഭവിച്ചില്ല.
എന്നെ സംബന്ധിച്ചിടത്തോളം സാമ്പത്തികബുദ്ധിമൂട്ട് കൂടുതലായിരുന്നു. ഉളള സ്വത്തും സ്വര്‍ണവുമെല്ലാം വിറ്റു കുടിച്ചു മുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏതൊരു ഭാര്യക്കും സ്വസ്ഥത നല്‍കില്ല. സാമ്പത്തികപ്രയാസം കൊണ്ടു ശ്വാസം മുട്ടും. വയ്യാത്ത കിരണും ഇളയകുഞ്ഞും ഞാനും ഉപേക്ഷിക്കപ്പെടുമ്പോള്‍ ഒരു ചില്ലിക്കാശുപോലും ബാക്കിയില്ലായിരുന്നു. കിരണിനു വേണ്ടിയുളള ജീവിതം എനിക്കു കരുത്തു പകര്‍ന്നു. അവനു ഞാനേ ഉളളൂ എന്ന തിരിച്ചറിവ് ,എനിക്കും ഞാനേയുളളൂ എന്ന തിരിച്ചറിവ് ഒരു വരുമാനമാര്‍ഗം അന്വേഷിക്കുന്നതിനു പ്രേരിപ്പിച്ചു. എല്ലാ മാസവും നല്ലൊരു തുക കിരണിനെ ചികിത്സിക്കുന്നതിനും അവന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുമാവശ്യമായി വന്നു. പരാജയപ്പെടാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ തൃശൂര്‍ വടക്കേ ബസ്സ് സ്റ്റാന്‍ഡിനു സമീപം 'പവര്‍ വേവ് എയ്റോബിക്സ് സെന്റര്‍' എന്നൊരു സ്ഥാപനം തുടങ്ങി. യോഗപരിശീലിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ആശ്വാസമായി.
സര്‍ക്കാര്‍ സ്കൂളുകളില്‍ കിരണിനെപ്പോലെയുളള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി പഠിപ്പിക്കുമെന്നറിഞ്ഞപ്പോള്‍ കിരണിനെ എട്ടാം ക്ലാസില്‍ ചേര്‍ത്തു. ഒത്തിരി ആശങ്കകളോടെയാണ് ചേര്‍ത്തത്. ഒരു വര്‍ഷം കൊണ്ടു തന്നെ കുട്ടിക്ക് വളരെയധികം മാറ്റങ്ങളുണ്ടായി. പത്താം ക്ലാസ് കഴിയുമ്പോഴേക്കും സാധാരണ കുട്ടികളെപ്പോലെ ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. ഞാന്‍ സ്കൂളിലെ പിടിഎ പ്രവര്‍ത്തനത്തില്‍ സജീവമായി. എന്നെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടപെടാനുളള അവസരം കിരണിനും പ്രയോജനം ചെയ്തു. ഇടയ്ക്കിടെ അധ്യാപകരില്‍ നിന്നും കിരണിന്റെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കും. അധ്യാപകര്‍ അവനെ നന്നായി പരിഗണിച്ചു. സ്നേഹിച്ചു. എട്ടാം ക്ലാസില്‍ വെച്ച് ചില കുട്ടികള്‍ അവനെ വേദനിപ്പിച്ചിരുന്നു.കോമ്പസസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുയും കളിയാക്കുകയും ദേഹത്തും കുപ്പായത്തിലും ഓരോന്ന് എഴുതി വെക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അറിവില്ലാത്തതു കൊണ്ടും ഇത്തരം കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനവസരം കിട്ടാത്തതു കൊണ്ടും സംഭവിക്കുന്നതാണിത്. ഞാന്‍ ആ കുട്ടികളുമായി സംസാരിച്ചു. കാര്യം ബോധ്യപ്പെട്ടപ്പോള്‍ അവര്‍ പെട്ടെന്നു തെറ്റു തിരുത്തി. കരിണിന്റെ ചങ്ങാതികളായി. മറ്റുളളവരില്‍ നിന്നും കിട്ടുന്ന നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കരിണിനെ കൂടുതല്‍ മിടുക്കനാക്കി. കുട്ടികളെ വേണ്ട രീതിയില്‍ സ്നേഹിക്കുകയും പരിശീലിപ്പിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അവര്‍ക്കു വേണ്ടതു ചെയ്തു കൊടുക്കുയുമാണെങ്കില്‍ മറ്റു കുട്ടികളെപ്പോലെ ഒരു പരിധിവരെ കിരണിനെപ്പോലെയുളള കുട്ടികളേയും സമൂഹത്തിലെ ഉത്തമപൗരന്മാരാക്കി മാറ്റിക്കൊണ്ടു വരാന്‍ കഴിയും.” സജിത പറഞ്ഞു നിറുത്തി.
സജിതയുടെ അനുഭവവിവരണം കേട്ട എനിക്ക് കിരണുമായി സംസാരിക്കണമെന്നു തോന്നി. കാല്‍മുട്ടിനു ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്ന കിരണിനെ ഫോണില്‍ വിളിച്ചു. പത്താം ക്ലാസില്‍ ഒപ്പം പഠിച്ച ഹരികൃഷ്ണനെയും പ്ലസ് വണ്‍ക്ലാസിലെ അനുവിനെയും മറ്റുളള സഹപാഠികളെയും ഉദാഹരിച്ചു കൊണ്ട് കിരണ്‍ പറഞ്ഞു "വിദ്യാലയത്തില്‍ നിന്നും എനിക്കു നല്ല അനുഭവങ്ങളാണ് കിട്ടിയിട്ടുളളത്. എന്റെ കൂട്ടുകാര്‍ എനിക്കു താങ്ങും തണലുമായിരുന്നു. എപ്പോഴും ആരെങ്കിലും ഒപ്പമുണ്ടാകും എന്നെ സഹായിക്കാന്‍. എന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവര്‍ പിന്തുണച്ചു. “
കിരണിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് മലയാളം അധ്യാപകനാണ്. മറ്റുളളവരും വളരെയേറെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു എന്നു പറയമ്പോഴും മലയാളം അധ്യാപകന്‍ തന്റെ കവിതകളും മറ്റും മാഗസിനുകളില്‍ പ്രകാശിപ്പിക്കുന്നതിലും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചിരുന്നു എന്ന കാര്യം കിരണ്‍ പ്രത്യേകം സ്മരിച്ചു. എന്നും പ്രോത്സാഹിപ്പിക്കുന്ന ആ അധ്യാപകന്‍ ആശ്വാസകിരണമായി അവനില്‍ ശക്തിപകര്‍ന്നു. തനിക്കു വേണ്ടി ഏറെ കഷ്ടപ്പെടുന്ന അമ്മയെക്കുറിച്ച് പറയാന്‍ കിരണ്‍ കൂടുതല്‍ താല്പര്യം കാട്ടി. സംസ്ഥാന കലോത്സവങ്ങളില്‍ വരെ പങ്കെടുക്കാനും ലളിതഗാനത്തിനു സമ്മാനം വാങ്ങാനും കഴിഞ്ഞത് അമ്മ ഒപ്പം ഉണ്ടായിരുന്നതു കൊണ്ടാണ് കിരണ്‍ വ്യക്തമാക്കി.അമ്മയുടെ സ്നേഹമാണ് കിരണിനെപ്പോഴും ആത്മവിശ്വാസം നല്‍കുന്നത്.
പാട്ടുകാരനായ കിരണ്‍ എന്നോടു ചോദിച്ചു "ഞാനൊരു പാട്ടു പാടട്ടെ”.
"അതെ, കിരണ്‍ ഞാന്‍ അങ്ങോട്ടതാവശ്യപ്പെടാന്‍ തുടങ്ങുകയായിരുന്നു. കിരണ്‍ എന്റെ മനസ്സു വായിച്ചല്ലോ? “ കരിണ്‍ ചിരിച്ചു . പിന്നെ ഒരു നിമഷത്തെ നിശബ്ദത. ഒരു ഗാനം എന്നിലേക്കു ഒഴുകിയെത്തി.
പവിഴം പോല്‍
പവിഴാധരം പോല്‍
പനിനീര്‍ പൊന്‍മുകുളം പോല്‍
തുടുശോഭയിലും നറുമുന്തിരി മുകുളം
നറു മുകുളം.... മുകുളം...
..................................
കിരണിനു വിദ്യാലയത്തെക്കുറിച്ചു ചില സങ്കല്പങ്ങളുണ്ട്. അത് ശിശുസൗഹൃദവിദ്യാലയസങ്കല്പങ്ങളുമായി തോളോടു തോളു ചേര്‍ന്നു നില്‍ക്കുന്നവയാണ്. കിരണ്‍ പറഞ്ഞു:-
  • നല്ല ഐക്യമുളളതാവ‌ണം വിദ്യാലയം
  • സഹപാഠികള്‍ തമ്മില്‍ നല്ല സ്നേഹം വേണം
  • പരസ്പരം അറിഞ്ഞു സഹായിക്കുന്നവരാകണം സ്കൂളിലെ എല്ലാവരും
  • കഴിവുകള്‍ ഓരോ കുട്ടിയുടെയും കണ്ടെത്തി വളര്‍ത്തണം.
  • ആത്മവിശ്വാസം പകരുന്നവരാകണം അധ്യാപകര്‍
സ്വന്തം അനുഭവത്തില്‍ നിന്നുളള കിരണിന്റെ ഈ നിരീക്ഷണങ്ങള്‍ പണ്ടേ വിദ്യാഭ്യാസ ദാര്‍ശനികര്‍ പറഞ്ഞിട്ടുളളതാണ്. വികാസത്തിന്റെ പടവുകളില്‍ വൈകിപ്പോയ ഒരു കുട്ടി മറ്റുളളവര്‍ക്കൊപ്പമെത്തി നിന്നു പ്രായോഗികാനുഭവങ്ങളുടെ പിന്തുണയോടെ പറയുമ്പോള്‍ അതിനു പൊന്‍പ്രഭ.
കിരണും സജിതയും ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നല്‍കുന്ന പാഠങ്ങള്‍ വിലപ്പെട്ടതാണ്. സ്വയം ആര്‍ജിച്ചെടുക്കുന്ന ഇശ്ചാശക്തി ജീവിതത്തിലെ തടസ്സങ്ങളതിജിവിക്കാന്‍ ആരെയും പ്രാപ്തരാക്കും. വിധിയെന്നു കരുതി ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്കാത്ത ദരിദ്രരക്ഷിതാക്കളുണ്ട്. വേലക്കാരെയും മറ്റും നോക്കാന്‍ ഏല്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുന്ന സമ്പന്ന രക്ഷിതാക്കളും ഉണ്ട്. ഇതൊന്നുമല്ലാതെ ഏതൊരു കുട്ടിയിലും എന്തെങ്കിലും കഴിവുണ്ടാകും എന്നു വിശ്വസിച്ചു പ്രതീക്ഷ കൈവിടാതെ പരമാവധി അവസരങ്ങള്‍ നല്‍കുന്ന , നിരാശ പരിഹാരമല്ല എന്നു കരുതുന്ന സജിതയെപ്പോലുളള അമ്മമാരാണ് വഴിദീപങ്ങള്‍. അതെ, ജീവിതം തോറ്റു കൊടുക്കാനുളളതല്ല.
...............................................................................................................................


4 comments:

  1. This is truly a motivating story that should be read by all parents so that they can also derive some motivation, while so many parents, leave their physically handicapped children to wither away at the backyard, Sajitha is truly a shinning star.

    ReplyDelete
  2. സര്‍
    കിരണിന്റെ വിലാസവും ഫോണ്‍ നമ്പരും കൊടുക്ക്‌. ചിലര്‍ക്ക് കിരണിനെ വിളിക്കുന്നതും ചില വിളികള്‍ കിരണിനും കരുത്ത് പകരും

    ReplyDelete
  3. മാഷെ. വല്ലാത്ത അനുഭവം തന്നെ.ഞാന്‍ സ്കൂളില്‍ എത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. എന്‍റെ വാക്കുകള്‍, പെരുമാറ്റം കുട്ടികളില്‍ എന്ത് തരം ചിന്തകളാണ് ഉണര്‍ത്തുക എന്ന ചിന്ത എല്ലായിപ്പോഴും അലട്ടുന്നുണ്ട്. മനസിലെ ആര്‍ദ്രതയുടെ നീരുറവ ന്നന്നായി ഒഴുകുന്ന നേരത്താവും നല്ല വാക്കും കര്‍മ്മവും വരികയല്ലേ!.
    ഒരു ജീവിതത്തെ പരിചയപെടുത്തിയതിന് നന്ദി.
    ഹരി
    ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചിറ്റൂര്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി