Pages

Wednesday, March 13, 2013

അനൂപ് മുരളിയുടെ കഥ



അധ്യാപകരുടെ പിന്തുണ, അധ്യാപകരുമായുളള നിരന്തര സമ്പര്‍ക്കം, പ്രതീക്ഷ കൈവിടാതെയുളള പരിശ്രമം, സഹപാഠികളുടെയുംസമൂഹത്തിന്റെയും പരിഗണന എല്ലാം കൂട്ടിയോജിപ്പിച്ച ഈ അനുഭവം എല്ലാ വിദ്യാലയങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും മതൃകയാകട്ടെ.വായിക്കൂ


പാമ്പാടും പാറ പഞ്ചായത്തില്‍ കൂട്ടാര്‍ കരയില്‍ തുണ്ടിത്തറയില്‍ വീട്ടിലണ് അനൂപ് മുരളി ജനിച്ചത്.
അമ്മ ഗിത .അച്ഛന്‍ മുരളി. ഈ ദമ്പതികളുടെ രക്തഗ്രൂപ്പ് ചേരില്ലായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഇഞ്ചക്ഷന്‍ എടുത്തിട്ടും രണ്ടാമത്തെ കുട്ടി അനൂപ് …!
അവന്റെ മൂന്നാം ദിവസം ആ കുഞ്ഞു ശരീരത്തിലെ രക്തം മുഴുവന്‍ മാറ്റി പുതിയ രക്തം പുക്കിള്‍ക്കൊടിയിലൂടെ കയറ്റി. ഒരു മാസത്തെ ചികിത്സയിലൂടെ അവനെ ജീവിതത്തിലേക്കു രക്ഷപെടുത്തിക്കൊണ്ടുവന്നു.
ഡോക്ടര്‍മാരു പറഞ്ഞു സൂക്ഷിക്കണം. അവനു മരുന്നു മാത്രം പോര.നല്ല പരിചരണം വേണം. ചിലപ്പോള്‍ എന്തെങ്കിലും വൈകല്യം സംഭവിച്ചേക്കാം.
കുട്ടി കമിഴ്ന്ന് വീഴുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്തില്ല. അവന് സംസാരശേഷിയും കുറവ്. പിടലി ഉറച്ചില്ല. ചത്ത കോഴിയുടെ തല എങ്ങനെയാണോ അതു പൊലെയാണ് അവന്റെ പിടലിയുടെ അവസ്ഥ.
അവര്‍ ജീവിതം അവനുവേണ്ടി മാറ്റി വെക്കാന്‍ തീരുമാനിച്ചു.എല്ലാം കാര്യങ്ങളും അവനക്കൊണ്ടു ചെയ്യിക്കാനുളള ശ്രമം നടത്തി. നിരന്തര ചികിത്സയുടെ വര്‍ഷങ്ങള്‍.
നാലാം വയസില്‍ അനൂപ് നടക്കാന്‍ തുടങ്ങി. അതുവരേയും മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു.
മൂന്നു ചക്രകങ്ങളുളള വണ്ടിയുണ്ടാക്കി. ആ വണ്ടിയില്‍ അവനെ പിടിപ്പിച്ചു. അവനെ പിറകോട്ടും മുന്നോട്ടും നടത്തിച്ചു. മാതാപിതാക്കളുടെ കാലില്‍ ചവിട്ടി നിറുത്തിച്ച് പിറകോട്ടും മുന്നോട്ടും നടത്തിച്ചു.അങ്ങനെ അവന്‍ നടക്കാനുളള ശേഷി ക്രമേണ നേടി.
"അവനു സംസാരിക്കാന്‍ മറ്റു കുട്ടികളെപ്പോലെ കഴിവില്ലായിരുന്നു. അവന്റെ മുഖത്തു നോക്കി ഉച്ചത്തില്‍ സംസാരിച്ചാല്‍ അവനതു മനസിലാകും. അങ്ങനെ ഓരോ കാര്യങ്ങളും അവന്റെ മുഖത്തു നോക്കി പല തവണ പറഞ്ഞ് പറഞ്ഞ് കൊച്ചു കൊച്ചു വാക്കുകള്‍ പറഞ്ഞു പറഞ്ഞ് ,തിരിച്ചു പറയിപ്പിച്ച് പരിശീലിപ്പിച്ചു. ഇപ്പോള്‍ അവന്‍ ഒരുവിധം സംസാരിക്കും. പ്രശ്നങ്ങളുണ്ടെങ്കിലും അവനോടു കൂടുതല്‍ സഹകരിക്കുന്നവര്‍ക്ക് കൃത്യം കാര്യം മനസിലാകും". ഗീത അനൂപിന് സംസാരശേഷി വളര്‍ത്തിയെടുത്ത കാര്യം വിശദീകരിച്ചു.
വീട്ടില്‍ എന്തു കാര്യം ചെയ്താലും അതു എന്താണെന്നും എന്തിനാണെന്നും അവനോട് ഗിത പറയും. ഗീതയും മുരളിയും ദിവസവും രണ്ടു മണിക്കൂര്‍ വീതം അവനുമാത്രമായി മാറ്റിവെച്ചു. അവനു ഒരുപാട് സംശയങ്ങളുണ്ടാകാറുണ്ട്. അതിനെല്ലാം വളരെ ക്ഷമയോടെ മറുപടി പറഞ്ഞവനെ തൃപ്തിപ്പെടുത്തണമായിരുന്നു. അവന്റെ മനസിനു സന്തോഷം കിട്ടുന്ന സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് കാണിച്ചും പറഞ്ഞും കാര്യങ്ങള്‍ മനസ്സിലാക്കാനവനെ സഹായിച്ചു.
"അനൂപിന് എട്ടു വയസ്സായപ്പോള്‍ അവനെ നെടുങ്കണ്ടത്തുളള സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ത്തു. മൂന്നു വര്‍ഷം ആ സ്കൂളില്‍ പഠിപ്പിച്ചു. കുറെ മാറ്റങ്ങള്‍ വന്നു.പക്ഷേ അവിടെയുളള എല്ലാ കുട്ടികളും എന്തെങ്കിലും വൈകല്യമുളളവരായിരുന്നു. കുറച്ചൊക്കെ സംസാരിച്ചിരുന്ന അനൂപ് ഈ സ്കൂളില്‍ ചെന്നതിനു ശേഷം ആംഗ്യഭാഷ കൂടുതല്‍ ഇഷ്ടപ്പെടുകയും സംസാരിക്കുന്നതു കുറയുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഗീത അപകടം മനസിലാക്കി. സംസാരത്തിന്റെ അളവുകുറഞ്ഞു കുറഞ്ഞ്....! അവനെ ആ സ്കൂളില്‍ നിന്നും മാറ്റി കൂട്ടാര്‍ എല്‍ പി സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ …"ഗീത തുടര്‍ന്നു..
"പുതിയ സ്കൂളില്‍ വെച്ച് അവന്‍ മറ്റു കുട്ടികളുമായി ഇടപഴകി. നല്ല രീതിയില്‍ സഹകരിച്ചു. സംസാരിക്കാനുളള കഴിവ് തിരിച്ചെടുത്തു.സംസാരം വളരെ മെച്ചപ്പെട്ടു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ പോത്തിന്‍കണ്ടം സ്കൂളില്‍ ചേര്‍ത്തു. ഏഴു വരെ അവിടെ പഠിച്ചു. എല്ലാ ദിവസവും ഓട്ടോയിലാണ് അവനെ സ്കൂളില്‍ വിട്ടത്. ഓട്ടോ വരുന്നറോഡിലേക്കെത്താന്‍ നാലു കിലോമീറ്റര്‍ അവനെയും തോളിലേറ്റി നടക്കുമ്പോള്‍ ആളുകള്‍ ചോദിക്കും ഗീതേ നീ ഇങ്ങനെ കഷ്ടപ്പടുന്നതിനു വല്ല ഫലവും കിട്ടുമോ? ഞാന്‍ അവരുടെ വാക്കുകളെ പരിഗണിച്ചില്ല. അവനെ എന്നും വിദ്യാലയത്തില്‍ വിടാന്‍ നല്ല ചെലവു വേണ്ടി വന്നു.ഞങ്ങളുടെ വീടും സ്കൂളുമായി ദൂരം ഒരുപാടുണ്ട്. എട്ടാം ക്ലാസിലേക്കു മുണ്ടിയെരുമ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ എനിക്കു വളരെയധികം പേടിയായിരുന്നു. കാരണം തനിച്ച് പോയി വരാന്‍ അവനു സാധിക്കില്ലായിരുന്നു. എന്നും അവനെ രാവിലെ സ്കൂളില്‍ കൊണ്ടുചെന്നാക്കി.വൈകിട്ടു കൂട്ടിക്കൊണ്ടു പോരും സ്കൂളിന്റെ പടിക്കല്‍ കൂടി പോകുന്ന ഒരു ബസുണ്ട്..ബസുകാര് അവനെ കയറ്റിക്കൊണ്ടു പോകാമെന്നു സമ്മതിച്ചു. അവര്‍ നല്ല കരുതലോടെ അവനെ കയറ്റുകയും ഇറക്കുകയും ചെയ്തു. വണ്ടിയില്‍ അവനു പ്രത്യേകപരിഗണന കിട്ടി. കൂട്ടുകാരും അവനെ ശ്രദ്ധിച്ചു. വിദ്യാലയത്തിന്റെ പടിക്കല്‍ വണ്ടി നിറുത്തുമ്പോള്‍ അധ്യാപകര്‍ അവനെ കൂട്ടിക്കൊണ്ടുപൊകും.വൈകുന്നേരം ബസില്‍ കയറ്റി വിടുന്നതും ടീച്ചര്‍മാരു തന്നെ. ഇങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ബസിന്റെ സമയം നോക്കി ബോര്‍ഡ് വായിച്ച് തനിയെ യാത്രചെയ്യാന്‍ അവന്‍ പ്രാപ്തനായി.ഇപ്പോള്‍ ബസിനും ട്രിപ്പ് ജീപ്പിനും ഓട്ടോയ്ക്കും മാറി മാറി കയറിയിറങ്ങി പോയിവരാനവനു കഴിയും. വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരും. പണം കൈകാര്യം ചെയ്യും".

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണം. അനൂപിന് കൈയ്ക് അല്പം ബാലന്‍സ് കുറവുണ്ട്. ചോറ്റു പാത്രം തുറക്കുമ്പോള്‍ അതു താഴെ വീണ് ചോറെല്ലാം നിലത്തു തൂവും. അവനത് വലിയ പ്രയാസമുണ്ടാക്കി. ഞാനിക്കാര്യം അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തി. ശ്രീജടീച്ചര്‍ അവനെ പ്രത്യേകം ശ്രദ്ധിച്ചു. സഹായിച്ചു. എല്ലാ കാര്യങ്ങളിലും .
ഇത്രയും നാള്‍ അനൂപിനെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും ഗീത അനൂപിന്റെ കുറവുകളും കഴിവുകളും സ്വഭാവങ്ങളും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവനെ പ്രത്യേകം ശ്രദ്ധിക്കാന്‍ എല്ലാ ടീച്ചേഴ്സും തയ്യാറയി. മുണ്ടിയെരുമ സ്കൂളില്‍ വൈകല്യമുളള കുട്ടികളെ ശ്രദ്ധിക്കാന്‍ പ്രത്യേകം ഒരു ടീച്ചറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടായിരുന്നു. ഷീബടീച്ചര്‍ എന്റെ കുട്ടിയെ വളരെയധികം സഹായിച്ചു. മറ്റു കുട്ടികളെപ്പോലെ എല്ലാം സ്വന്തമായി ചെയ്യാനും പഠിക്കാനും ഷീബടീച്ചര്‍ അനൂപിനെ പഠിപ്പിച്ചു. ചില കുട്ടികള്‍ അനൂപിനെ കളിയാക്കുമായിരുന്നു. സ്കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവരതില്‍ ഇടപെട്ടു. ഇങ്ങനെയുളള കുട്ടികളോടു കൂടുതല്‍ അടുക്കണമെന്നും അവരുടെ പഠനകാര്യത്തിലും സ്കൂളില്‍ വന്നു പോകുന്നതിലും സഹായിക്കണമെന്നും സമൂഹത്തില്‍ ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തരുതെന്നും നല്ലവരായ ശ്രീജടീച്ചറും ഷീബടീച്ചറും മറ്റു കുട്ടികളോടു പറഞ്ഞു.അനൂപനു വേദനയുണ്ടാകുന്ന ഒന്നും വിദ്യാലയത്തില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചു.
ഗീത എന്നും ക്ലാസ് ടീച്ചറേയും ഷീബടീച്ചറേയും ഫോണില്‍ വിളിക്കും. അന്നന്നത്തെ കാര്യങ്ങള്‍ അറിഞ്ഞ് വീട്ടില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങളില്‍ അനൂപിനെ സഹായിക്കാനാണ് ഈ ഫോണ്‍ വിളി.സ്കൂളിലെ പഠനകാര്യങ്ങള്‍ അനൂപും അമ്മയോടെന്നും പറയുന്നത് ഒരു ശീലമാക്കി. ആ അമ്മ തന്നാലാവും വിധം അവന്റെ പഠനക്കൂട്ടാളിയായി മാറി.
പത്താം ക്ലാസില്‍ അറുപതു ശതമാനം മാര്‍ക്കോടെ വിജയിച്ച അനൂപ് ഇപ്പോള്‍ പന്ത്രണ്ടാം ക്സാസ് പരീക്ഷ എഴുതുന്നു.
ചിലപ്പോഴൊക്കെ അവന്‍ ചോദിക്കും ഞാന്‍ എന്താണ് ഇങ്ങനെ? ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന്. മറ്റു കുട്ടികളെപ്പോലെ എത്താന്‍ കഴിയാത്തതില്‍ അവനു സങ്കടം ഉണ്ട്. അവന്‍ പറയും "അച്ഛയ്ക്കും അമ്മയ്ക്കും വയ്യാതാകുമ്പോള്‍ അനൂപ് ജോലിക്കു പോയി പൈസയുണ്ടാക്കിത്തരാം..”.ഇപ്പോള്‍ അവന്‍ ചോദിക്കുന്നു "ഇനി ഏതു കോളേജിലാണ് പഠിക്കേണ്ടത്, എന്താണ് പഠിക്കേണ്ടത്?” പഠിക്കാനുളള അവന്റെ ആഗ്രഹം സാധിക്കണം. അതാണ് ആ മാതാപിതാക്കളുടെ ഇപ്പോഴത്തെ ചിന്ത.
ഞാന്‍ കല്ലാര്‍ സ്കൂളില്‍ പോയി അനൂപിനെ കണ്ടു. അനൂപ് സന്തുഷ്ടനാണ്.പ്രതീക്ഷ ഏറെയുളള കുട്ടി. അവ സാക്ഷാത്കരിക്കപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു.

4 comments:

  1. BEST TEACHER CAN MAKE WONDERS........
    BEST MOTHER CAN MAKE MIRACLE......
    BEST SCHOOL CAN MAKE DYNAMIC PERSONS
    BEST SOCIETY (bus )CAN MAKE
    UNFORGETTABLE MEMORIES
    BEST FRIENDS CAN MAKE BEAUTIFUL
    MOMENTS
    BUT
    YOU CAN MAKE .........
    THANK YOU SO MUCH
    JAYACHANDRAN

    ReplyDelete
  2. അനൂപിന് എല്ലാ വിധ ആശംസകളും . . .
    ഒപ്പം ആ മാതാപിതാക്കള്‍ക്കും . . .

    ReplyDelete
  3. അനൂപിന്റെ അമ്മ അദ്യാപകർക്ക് നല്ല മാതൃകയാണ് . ആ നല്ല
    അമ്മയെ നമിക്കുന്നു

    ReplyDelete

പ്രതികരിച്ചതിനു നന്ദി