Pages

Monday, June 3, 2013

തൊണ്ടിക്കുഴ യു പി സ്കൂള്‍ കൂട്ടായ്മയുടെ വിജയം


പ്രവേശനോത്സവദിനം ഞാന്‍ തൊണ്ടിക്കുഴ യു പി സ്കൂളിലായിരുന്നു.
കാലത്ത് പത്തു മണിക്കു മുമ്പു തന്നെ കുരുന്നുകള്‍ എത്തി.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി ഏതാനം വര്‍ഷം മുമ്പ് അമ്പത്തെട്ട് കുട്ടികള്‍ .

ഡി പി ഇ പി വിവാദം കൊഴുപ്പിച്ചവരുടെ ശ്രമഫലമായി കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കാന്‍ ആളുകള്‍ ഭയന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനം മനസിലാക്കി കുട്ടികള്‍ പഠിക്കുന്നു. വളരെ നന്നായി. തൊണ്ടിക്കുഴയിലെ കുട്ടികളാകട്ടെ മിന്നിത്തിളങ്ങി.
ജനം വിദ്യാലയത്തെ സ്നേഹിച്ചു. കുട്ടികള്‍ ഓരോ വര്‍ഷവും കൂടാന്‍ തുടങ്ങി. ഇന്ന് നൂറ്റിപ്പത്താമത്തെ കുട്ടി പ്രവേശനം നേടി. അമ്പത്തെട്ടില്‍ നിന്നും നൂറ്റിപ്പത്തിലേക്കുളള വളര്‍ച്ച കൂട്ടായ്മയുടെ വിജയമാണ്.
പ്രവേശനോത്സവചടങ്ങിന്റെ അധ്യാക്ഷത വഹിച്ച ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫിയബഷീറിന്റെ കുട്ടികള്‍ ഈ വിദ്യാലയത്തിലാണ് പഠിച്ചത്. പഞ്ചായത്ത് മെമ്പര്‍ ശ്രീ ജയകൃഷ്ണന്‍ ഇന്ന് കുട്ടിയെ ഈ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മെമ്പറായ ഗീതാചന്ദ്രന്റെ കുട്ടിയും ഈ സ്കൂളില്‍. പൊതു പ്രവര്‍ത്തകര്‍ മാതൃകകാട്ടിയപ്പോള്‍ ആ സൂചന മനസിലാക്കാന്‍ ജനം തയ്യാറായി.
പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കുന്നത് മികച്ച അധ്യയനം നടത്തിക്കൊണ്ടാകണമെന്ന് എച് എം ശ്രീ. സി.സി രാജനും സഹാധ്യാപകര്‍ക്കുമറിയാം.

ഞാന്‍ വിദ്യാലയത്തിലെ ക്ലാസുകള്‍ കയറിയിറങ്ങി.
മുന്‍ വര്‍ഷത്തെ പഠനത്തെളിവുകള്‍ ധാരാളം.
സ്റ്റാഫ് റൂമില്‍ അക്കാദമിക വര്‍ഷത്തെ ഒന്നാം ദിവസം എപ്രകാരമായിരിക്കും? പ്രവേശനോത്സവത്തിരക്കു കാരണംആരും പ്രത്യേക ക്രമീകരണമൊന്നും നടത്തിയിട്ടില്ല. എങ്കിലും എനിക്കു കാണാന്‍ കഴിഞ്ഞത് അടുക്കും ചിട്ടയുമുളള സ്റ്റാഫ് റൂമാണ്. അടുത്ത ഏതാനം ദിവസം കഴിയുമ്പോള്‍ ഇത് കൂടുതല്‍ സജീവമാകും. മാതൃകാപരമാകും. സംശയമില്ല.
ഞാന്‍ ഹെഡ്മാസറ്ററുടെ മുറിയുടെ മുന്നിലുളള ഭിത്തിയിലെ ചാര്‍ട്ടുകള്‍ ശ്രദ്ധിച്ചു.
അസംബ്ലി നടത്തിപ്പിന്റെ ആസൂത്രണരേഖ എന്നെ ആഹ്ലാദചിത്തനാക്കി.
വിദ്യാലയത്തിലെ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തില്‍ ചുമതലാ വിന്യാസം. ഓരോ ദിവസവും ഏതെല്ലാം കുട്ടികള്‍ വാര്‍ത്ത വായിക്കണം, പ്രഭാഷണം നടത്തണം, എക്സര്‍സൈസ് ചെയ്യിക്കണം തുടങ്ങിയ കാര്യങ്ങളുള്‍പ്പെടുത്തി ഒരു വര്‍ഷത്തെ ചുമതലാവിന്യാസ ചാര്‍ട്ട്! ( ഫോട്ടോ നോക്കുക)
പങ്കാളിത്തത്തിന്റെ മികച്ച മാതൃക. ഇങ്ങനെ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന വിധമാണ് എല്ലാ പ്രവര്‍ത്തനങ്ങളും.
ഞാന്‍ ചോദിച്ചു "എന്നാണ് നിങ്ങള്‍ ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും എഴുതാനും വായിക്കാനും കഴിവുളളവരോണെന്നു പ്രഖ്യാപിക്കുക? "
അബ്ദുള്‍ ഖാദര്‍ മാഷ് പറഞ്ഞു "സാര്‍ പുതിയതായി പ്രവേശനം നേടിയ ഇരുപതു കുട്ടികളുടെ കാര്യം പറയാനറിയില്ല. ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നവരുടെ മാത്രം കാര്യമാണെങ്കില്‍ ഇന്നു വേണമെങ്കിലും പ്രഖ്യാപിക്കാം.”
ഈ ആത്മവിശ്വാസം പ്രവേശനോത്സവം കേവലം ചടങ്ങല്ലെന്നും പ്രവേശിക്കപ്പെട്ടവര്‍ക്കെല്ലാം അറിവിന്റെ മധുരം ഉറപ്പായും ലഭിക്കുമെന്നും വിളംബരം ചെയ്യുന്നു.
ദാ..കേരളത്തിന്റെ ഭൂപടം. അതു മലയാളമൊഴിവൈവിധ്യം പ്രതിഫലിപ്പിക്കുന്നു. ഈ ചിന്ത പ്രധാനം. ഭൂപടത്തെ വേറിട്ട രീതിയില്‍ സമീപിച്ചല്ലോ.

ആശംസാ പ്രാസംഗികനായാണ് എന്നെ വിദ്യാലയം അവതരിപ്പിച്ചത്.
ഞാന്‍ കുട്ടികളോട് ഒരു കഥ പറഞ്ഞു. എന്‍ ബി ടിയുടെ റോസിപ്പശുവിന്റെ കഥ. കുട്ടികളുടെ കലാപരിപാടിക്ക് എന്റെ വക കഥയിരിക്കട്ടെ എന്നു കരുതി.
സ്കൂളിലെ സന്ദര്‍ശക ഡയറിയില്‍ ഞാനെഴുതി .
"ഇവിടെ ഇന്നെത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ‍ഞാന്‍ കരുതുന്നു.
ജനസൗഹൃദവിദ്യാലയമെന്നു ഞാന്‍ വിശേഷിപ്പിക്കട്ടെ.
വീണ്ടും ഇവിടെ വരണമെന്ന് എനിക്ക് അതിയായ ആഗ്രഹം.
സസ്നേഹം
 കലാധരന്‍. ടി. പി.”





2 comments:

  1. പൊതുവിദ്യാഭ്യാസ സംരക്ഷണം വാ തോരാതെ പ്രസംഗിക്കുകയും മക്കളെ unaided ൽ ആക്കി വിപ്ലവം നടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ജനനായകൻമാർക്ക്‌ ഇവർ മാതൃകയാവട്ടെ ...

    ReplyDelete
  2. vidhyalayangal naadintethukoodiyaanu..maadhyamangalude kottigozhangal kaanathepokunnu ee nanmakal

    ReplyDelete

പ്രതികരിച്ചതിനു നന്ദി